Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Friday, 17 April 2020

തിടുക്കം

തിടുക്കം
========
എൻ ബി സുരേഷ്
---------------------------
ചാണകം മെഴുകിയ തറയിൽ
തനിയെ വിരിച്ച തഴപ്പായിൽ
എന്നെ പെറ്റിടുമ്പോൾ
അമ്മ തനിച്ചായിരുന്നു
നേരം ഉച്ചയായിരുന്നു
തൊഴുത്തിൽ നിറവയറുമായ്
കൊമ്പിപ്പശു കരയുന്നുണ്ട്
അരിമണി തേടി വാതിലിൽ
കോഴികൾ കൊക്കുന്നുണ്ട്
അടുപ്പിൽ അരിക്കലം
തിളച്ചുതൂവുന്നുണ്ട്
പച്ച വിറക് കത്തുന്ന പുക
മുറിയിൽ നിറയുന്നുണ്ട്
പാടത്തുനിന്ന് അച്ഛനും
പള്ളിക്കൂടത്തിൽനിന്ന് ചേച്ചിമാരും
വയറുകാളി പാഞ്ഞുവരുന്നുണ്ട്
എന്റെ നെറ്റിയിൽ
തിടുക്കപ്പെട്ട് ഒരുമ്മ തന്ന്
എഴുന്നേറ്റ് ഓടിയതാണമ്മ
ഇന്നിപ്പോഴാണ് പിന്നെ
നീണ്ടു നിവർന്നൊന്ന് കിടന്നത്
തലക്കൽ തിരി കത്തുന്നുണ്ട്
തൊടിയിലെ മാവ് മുറിക്കുന്നുണ്ട്
മണ്ണിൽ തുമ്പ പതിക്കുന്നുണ്ട്
പെറ്റെണീറ്റ പയ്യ് അമറുന്നുണ്ട്
അയലത്ത് അരി തിളയ്ക്കുന്നുണ്ട്
തിടുക്കപ്പെട്ട് ഞാനമ്മയുടെ
നെറ്റിയിൽ ഉമ്മവെച്ചു
വേവലാതിയോടെണീറ്റ്
അമ്മ അങ്ങോട്ട് ഓടിയാലോ!
*********
മാധ്യമം ആഴ്ചപ്പതിപ്പ് 2019

Friday, 28 February 2014

ബുദ്ധനും ആട്ടിൻ കുട്ടിയും ചെന്നായും


പുഴയോരത്തു കൂടി നടക്കുകയായിരുന്ന
 ആട്ടിൻ കുട്ടിയുടെ മുൻപിൽ
 അവിചാരിതമായ ചെന്നുപെട്ട                                                                                                                        ചെന്നായ ഒന്നു പകച്ചു.                                                                                                                                  തലമുറകളായി പേറി നടക്കുന്ന
 കുറ്റബോധം അവന്റെ തലയ്ക്ക് തട്ടി.
 ചതിയുടെ വംശത്തിനായി
 മാപ്പു പറയാൻ തുടങ്ങവേ 
ആട്ടിൻ കുട്ടി പറഞ്ഞു. 
ബുദ്ധന്റെ സവിധത്തിലേക്കുള്ള 
വഴിയിലൂടെയാണ് എന്റെ യാത്ര. 
വേണമെങ്കിൽ
 നീയിട്ടിരിക്കുന്ന കുപ്പായം
 നിന്റേതു തന്നെയെങ്കിൽ 
എന്റെ കൂടെ വരാം 
തന്റെ വെളുത്ത ശരീരം
 ഒരു തിടുക്കവുമില്ലാതെ
 ചലിപ്പിച്ച് അവൾ മുന്നോട്ടു നടന്നു. 
ചെന്നായുടെ കാലുകൾ പതിയെ തരിക്കാൻ തുടങ്ങി