Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Sunday, 15 August 2010

ഓണനിലവിളി

പൂവുനുള്ളാൻ പോയ മകൾ
ഇതുവരെ മടങ്ങിവന്നില്ല.
മഞ്ഞുകണങ്ങൾക്ക് പകരം
പുകപടർന്ന ആകാശത്തിനു ചുവട്ടിലേയ്ക്ക്
അവൾ ഇറങ്ങിപ്പോയിട്ട്
നാഴികകൾ എത്രയോ ആയി.
പോകുന്നതിനുമുൻപ്
തുമ്പപ്പൂവിനോളം നേർത്ത ഒരുമ്മ
അവളെന്റെ നെറുകയിൽ വച്ചു.
പോകുന്ന വഴിയിൽ
അയൽഫ്ലാറ്റുകളുടെ വാതിലുകളിൽ
അവൾ മുട്ടിവിളിക്കുന്ന നേർത്ത ഒച്ച
എന്റെ ബ്ലാങ്കറ്റിനുള്ളിലേയ്ക്ക്
ഒളിച്ചു കടക്കുന്നുണ്ടായിരുന്നു.
ആരും അവളോടൊപ്പം
പോയിരിക്കാനിടയില്ല.
അത്തം പിറന്നിട്ടും അവൾ വന്നില്ല.
ഏതു വേലിപ്പടർപ്പിൽ കുരുങ്ങിയാവോ?
പുഴയോരത്തൊന്നും അവളുടെ കാല്പാടില്ല.
കാടിന്റെ ഹൃദയത്തിൽ കയറിയൊളിച്ചോ?
കറുകനാമ്പ് തപസ്സ് ചെയ്യുന്ന
വയൽ‌വരമ്പ് വഴിപറഞ്ഞു തന്നില്ല
ആഴക്ക് മൂഴക്ക് പൂവിറുക്കാൻ
അവൾ എത്ര കാതം നടന്നിരിക്കണം.
ഫ്ലാറ്റായ ഫ്ലാറ്റുകളിലൊക്കെ
ഓണം വന്ന ഒച്ച ചാനലുകളിൽ
പൂവിളിയുമായെത്തി.
മകൾ അപ്പോഴും വന്നിട്ടില്ല.
ഒരുമയുടെ ഏതെങ്കിലും ദേശം
ഒരു പൂക്കളമാക്കിതീർത്തിരിക്കുമോ?
അവൾ
ഒരു തകർന്ന പൂക്കളമായ് മാറുമോ?
ആരോട് ചോദിക്കാൻ.
കുട്ടികൾ പ്രകൃതിയുടെ ഹരിതകം
നിറഞ്ഞ ജീവിതത്തിലേക്ക് പോകുന്ന
വഴിയേതാണ്?
ദയവായ് ഒന്നു പറഞ്ഞുതരൂ.
ഇറങ്ങിപ്പോയ കുട്ടികൾ
മടങ്ങിവന്ന ചരിത്രം പറയുന്ന
ഗ്രന്ഥമേതാണ്?
കുട്ടികൾക്ക് കണ്ണുതെളിയുമ്പോൾ
മനസ്സ് കുരുടിയവർ അന്ധരാവും
എന്ന ചൊല്ല് നേരോ മാലോകരേ?
ആരാണ് ഉത്തരം ചൊല്ലുന്നത്....
പറയൂ
ഓരോ വീടും ഉച്ചത്തിൽ
കരഞ്ഞാർക്കുന്നത് കേൾക്കുന്നില്ലേ?

(ഓണപ്പതിപ്പ് 2010ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്)

61 comments:

എന്‍.ബി.സുരേഷ് said...

ഓണപ്പതിപ്പ് 2010ലേക്ക് എഴുതണമെന്ന് വിഷ്ണുപ്രസാദ് പറഞ്ഞപ്പോൾ പെട്ടന്ന് എഴുതിയതാണ്.ഓണത്തിന് വേണ്ടി ആദ്യമായാണ് എഴുതുന്നത്. കവിത എങ്ങനെയൊക്കെയോ ആയി.

jayanEvoor said...

"ഒരുമയുടെ ഏതെങ്കിലും ദേശം
ഒരു പൂക്കളമാക്കിതീർത്തിരിക്കുമോ?
അവൾ
ഒരു തകർന്ന പൂക്കളമായ് മാറുമോ?
ആരോട് ചോദിക്കാൻ...."

വർത്തമാനത്തിന്റെ പ്രഹേളികകൾ....വേവലാതികൾ....

നന്നായിരിക്കുന്നു!

കുഞ്ഞൂസ് (Kunjuss) said...

'ഓണ നിലവിളി' വര്‍ത്തമാന കാലത്തിന്റെ നേര്‍ക്കാഴ്ച.... ഓരോ മാതാപിതാക്കളുടെയും മനസ്സിലെ നെരിപ്പോട്....

Unknown said...

ഓണനിലവിളി കൊള്ളാം.നന്നായിരിക്കുന്നു
ടി.വിക്കാര്‍ക്കിത് നല്ല കാലം.
നമ്മുടെ കഷ്ട കാലവും

ഒഴാക്കന്‍. said...

കവിത ഒളിച്ചിരിപ്പുണ്ട്

വിമൽ said...

കുട്ടികൾ പ്രകൃതിയുടെ ഹരിതകം
നിറഞ്ഞ ജീവിതത്തിലേക്ക് പോകുന്ന
വഴിയേതാണ്?
ദയവായ് ഒന്നു പറഞ്ഞുതരൂ.
ഇറങ്ങിപ്പോയ കുട്ടികൾ
മടങ്ങിവന്ന ചരിത്രം പറയുന്ന
ഗ്രന്ഥമേതാണ്?

പ്രിയ സുരേഷ്…ഇതു വായിച്ചപ്പോൾ..കഴിഞ്ഞുപോയ ഏതോ ഒരു സായന്തനത്തിൽ എന്റെ അരുകിലിരുന്ന് താങ്കൾ ചൊല്ലിത്തന്ന അനുഭവമാണ്….ഹരിതകം നഷ്ടപ്പെട്ട വർത്തമാനകാല ബാല്യങ്ങളുടെ അകന്നകന്ന് നേർത്ത് പോകുന്ന നിലവിളി ഓണത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചത് ഉജ്ജ്വലമായിട്ടുണ്ട്….തുടർന്നുമെഴുതുക…ഭാവുകങ്ങൾ നേരുന്നു..ഒപ്പം ഹൃദയം നിറഞ്ഞ ഓണാശംസകളും….

ആളവന്‍താന്‍ said...

ഇറങ്ങിപ്പോയ കുട്ടികൾ
മടങ്ങിവന്ന ചരിത്രം പറയുന്ന
ഗ്രന്ഥമേതാണ്?

വരയും വരിയും : സിബു നൂറനാട് said...

രണ്ടാഴ്ച മുന്‍പ് Pune Mirrorല്‍ ഒരു വാര്‍ത്ത വായിച്ചു. ടി. വി യില്‍ ചാനല്‍ മാറ്റാന്‍ ആങ്ങളയുമായി വഴക്കുണ്ടാക്കി ഒരു 12കാരി വീട്ടില്‍ നിന്നിറങ്ങി കുറച്ചു ദൂരെയുള്ള ഒരു ബസ്‌ സ്റ്റോപ്പില്‍ പോയിരുന്നു. നേരം സന്ധ്യയായപ്പോള്‍, തന്‍റെ വീട്ടില് വന്നാല്‍ ഏതു ചാനലും കാണാമെന്നു പറഞ്ഞു പ്രലോഭിപിച്ചു ഒരുവന്‍ കൂട്ടി കൊണ്ട് പോയി. രാത്രി വൈകി വീട്ടുകാര് തിരക്കി ഇറങ്ങുമ്പോഴേക്കും ആ പെണ്‍കുട്ടി ക്രൂരമായി rape ചെയ്യപ്പെട്ടിരുന്നു..!!!

Wash'Allan JK | വഷളന്‍ ജേക്കെ said...

ഈ വര്‍ഷവും കൂടാന്‍ പറ്റിയില്ല. അങ്ങ് ദൂരെ എന്റെ അച്ഛനും അമ്മയും കാണാത്ത എന്നെയോര്‍ത്ത് ഓണ നിലവിളിക്കുന്നുണ്ടാവും... :(
ഇന്നെല്ലാ മാതാപിതാക്കളും ഇതല്ലേ ചെയ്യുന്നത്? കണ്ടിട്ടും കാണാതെപോയത്?

ശ്രീനാഥന്‍ said...

പിടയുന്ന മനസ്സാണീ കവിത, ആശങ്കാകുലം, വിഭ്രാന്തം. പൂവിളി നിലവിളിക്ക് വഴി മാറുന്ന ഒരു കാലത്ത്! വളരെ ഇഷ്ടമായി സുരേഷ്!

mayflowers said...

ഉള്ളിന്റെ ഉള്ളില്‍ എല്ലാ അമ്മമാരും, അച്ഛന്മാരും കൊണ്ട് നടക്കുന്നൊരു പേടിസ്വപ്നം..

സ്മിത മീനാക്ഷി said...

വേവലാതികളുടെ പൂക്കാലം, ആകുലതകളുടെ ഓണപ്പാട്ട്...
നന്നായി..
പിന്നെ, സുരേഷ് മാഷ്, ശുഭാപ്തി വിശ്വാസം തീരെ ഇല്ലാതാകുന്നുണ്ടൊ?

Jishad Cronic said...

നന്നായിരിക്കുന്നു...വളരെ ഇഷ്ടമായി.

ഒരു യാത്രികന്‍ said...

കാലത്തിന്റെ വ്യാകുലത....എങ്കിലും എനുക്കു പ്രതീക്ഷയുണ്ട്..സ്നേഹത്തിന്റെ കരുണയുടെ നേര്‍ത്ത തണുത്ത കാറ്റ് എല്ലാ ഹൃദയങ്ങളെയും തഴുകാതിരിക്കില്ല തൊട്ടുണര്‍ത്താതിരിക്കില്ല......സസ്നേഹം

കുസുമം ആര്‍ പുന്നപ്ര said...

കാടിന്റെ ഹൃദയത്തിൽ കയറിയൊളിച്ചോ?
കറുകനാമ്പ് തപസ്സ് ചെയ്യുന്ന
വയൽ‌വരമ്പ് വഴിപറഞ്ഞു തന്നില്ല
ശരിയാണ് കറുകനാമ്പ് തപസ്സുചെയ്യുന്ന വയല്‍
വരമ്പ്..............
മനസ്സില്‍ ഓടിയെത്തുന്നു.

തുമ്പപ്പൂവിനോളം നേർത്ത ഒരുമ്മ
അവളെന്റെ നെറുകയിൽ വച്ചു.

അവള്‍ എവിടേ............

Faisal Alimuth said...

കുട്ടികൾ പ്രകൃതിയുടെ ഹരിതകം
നിറഞ്ഞ ജീവിതത്തിലേക്ക് പോകുന്ന
വഴിയേതാണ്?
വഴിയേതാണ്?
വഴിയേതാണ്?

മുകിൽ said...

ആധിയുടെ ഒരു ഈർപ്പം ആദ്യ രണ്ടു വരികൾ മുതലേ അരിച്ചു കയറുന്നുണ്ട്. അതു കരഞ്ഞാർക്കലിൽ അവസാനിക്കുന്നു. നന്നായിരിക്കുന്നു.

Sukanya said...

മകളെ കുറിച്ചുള്ള ആധി,
മടങ്ങിവരാത്ത കുട്ടികളെ കുറിച്ചുള്ള
ആധി ഓണനിലവിളിയില്‍ കേട്ടു

siya said...

നന്നായി എഴുതി !!!.ഒന്ന്‌ കൂടി വായിക്കുമ്പോള്‍ പേടി തന്നെ തോന്നും

Mohamed Salahudheen said...

കാതില് മുഴങ്ങുന്നു

Unknown said...

നന്നായിരിക്കുന്നു!
ഓണം ആശംസകള്‍ !!!

പട്ടേപ്പാടം റാംജി said...

പൂവിളിക്ക് പകരം നിലവിളികള്‍ കുന്നുകൂടുന്ന കാലം..
ഇഷ്ടായി മാഷെ.

ചിത്ര said...

മാഷെ...touching!ഇതെവിടെ പ്രസിദ്ധീകരിച്ചതാണ്?

Vayady said...

"ഒരുമയുടെ ഏതെങ്കിലും ദേശം
ഒരു പൂക്കളമാക്കിതീർത്തിരിക്കുമോ?
അവൾ
ഒരു തകർന്ന പൂക്കളമായ് മാറുമോ?
ആരോട് ചോദിക്കാൻ...."

ഈ വരികള്‍ എന്നെ അസ്വസ്ഥയാക്കുന്നു.

നല്ല കവിത. ആശംസകള്‍.

Abdulkader kodungallur said...

ഈ നിലവിളി ആര്‍ദ്ര ഹൃദയത്തിന്റെ ആഴങ്ങളില്‍ പ്രത്ധ്വനിക്കുന്നു. ഈ നിലവിളിയുടെ മാറ്റൊലികളില്‍ പൂവിളികള്‍ നിഷ്പ്രഭാമാകുന്നു. ഈ നിലവിളി മനസ്സു കുരുടിയവര്‍ അന്ധരാകുന്നതിന്റെ ആര്‍ത്ത നാദങ്ങളാകുന്നു. ഇത് കാലത്തിന്റെ നിലവിളിയാകുന്നു. ഇനി വരാനിരിക്കുന്ന ഓണ നാളുകളുടെ ദീന രോദനങ്ങളാകുന്നു . കവിതയുടെ ആഴങ്ങളിലെക്കിറങ്ങുമ്പോള്‍ കിട്ടുന്ന വളപ്പൊട്ടുകളില്‍ നൊമ്പരത്തിന്റെ ചോരപ്പാടുകള്‍. കവിയുടെ തീവ്ര ഭാവനയെ അഭിനന്ദിക്കുന്നു.

ഭാനു കളരിക്കല്‍ said...

മഷേ, ഈ ഓണം വേദനകൊന്ടും വ്യാധി കൊണ്ടും നിറച്ചല്ലോ?!?
വളരെ നല്ല കവിത.

Kalavallabhan said...

കുട്ടിത്തമ്മാറാത്തെൻ കുട്ടിയെയെന്തിനു
പട്ടുചുറ്റാൻപാകമാക്കിത്തീർത്തിടുന്നു
കൂട്ടത്തിലൊന്നിനേം വിശ്വസിച്ചീടോലാ
കാട്ടുന്നതെന്തെന്നിവറിവീലയീശാ

"കവിത എങ്ങനെയൊക്കെയോ ആയി"
എന്തേ ഈ ആശങ്ക ?

(പുതിയ കമന്റിനു ഒരു മറുപടി കവിത ഇട്ടിട്ടുണ്ട്.
വായിക്കുമല്ലോ.)

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ ശ്രീ എന്‍.ബി.സുരേഷ്‌,
രസകരം.അദ്‌ഭുതവും.ഈ വിദ്യയൊക്കെ കൈയിലുണ്ടല്ലേ.നമ്മളങ്ങനെ വിശദമായി പരിചയപ്പെട്ടിട്ടില്ലാത്തതിനാല്‍ മനസ്സിലായിട്ടുണ്ടായിരുന്നില്ല.ഹൃദ്യമായ അനുമോദനങ്ങള്‍.
'കൊത്തിമുറിച്ച ശില്‌പങ്ങളെ'പ്പറ്റി-പുസ്‌തകത്തിലെ കഥകളുടെ കേന്ദ്രപ്രമേയത്തെപ്പറ്റി-പലരും പലപ്പോഴായി അഭിനന്ദനങ്ങള്‍ പറഞ്ഞിട്ടുണ്ട്‌.പീഡിപ്പിക്കപ്പെടുന്ന സ്‌ത്രീ കഥാപാത്രമായി വരുന്ന കഥകളുടെ ആ സമാഹാരം സമകാലിക സമാഹൃത കഥകളുടെ പൊതുധാരയില്‍ നിന്നും വേറിട്ടുനില്‍ക്കുന്നുണ്ട്‌.

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ തകർന്ന ഓണപൂക്കളങ്ങൾ....

ഇപ്പോൾ റെഡിമേയ്ഡ് / ചാനൽ ഓണങ്ങളിൽ മുഴുകിയിരിക്കുന്ന ഓരൊരുത്തരും ഈ നിലവിളി കേൾക്കുന്നുണ്ടാവും ..മാഷെ

ഈ നല്ലവരികൾക്ക് അഭിനന്ദനങ്ങൾ കേട്ടൊ..,ഒപ്പം ഓണാംശകളും ...കേട്ടോ

അനില്‍കുമാര്‍ . സി. പി. said...

പൂവിളികള്‍ എത്ര വേഗമാണ് നിലവിളികളായി മാറുന്നത്! മാറിയ കാലത്തിന്റെ ആകുലതകള്‍.

Anees Hassan said...

ഓണപ്പതിപ്പിനായുള്ള സ്ഥിരം എഴുത്തല്ല...വികാരതീവ്രം...

ശ്രീ said...

ഓണാശംസകള്‍, മാഷേ

Sreelal said...

മാഷേ, നന്നായിട്ടുണ്ട്. വീണ്ടും നല്ല സൃഷ്ടികള് പ്രതീക്ഷിക്കുന്നു.

ഭാവുകങ്ങള്

ശ്രീലാല് പാരിപ്പള്ളി

ബിനീഷ്‌തവനൂര്‍ said...

oru poothapatinte paschathalathil theerthapole thonni. enkilum ishtapdayka theereyillato.

Manoraj said...

ഓണ നിലവിളി കൊള്ളാം.

രാജേഷ്‌ ചിത്തിര said...

ഇറങ്ങിപ്പോയ പെണ്‍കുട്ടികളുടെ ഓര്‍മ്മയില്‍
ഓര്‍ത്തൊര്‍ത്തു കരയുന്ന വീടുകളുടെ
വാതില്‍ക്കലോളം കൊണ്ടെത്തിച്ചു മനസ്സിനെ...

നന്നായി ചങ്ങാതി...

Anonymous said...

ഉല്കണ്ഠപ്പെട്ട് ഉല്കണ്ഠപ്പെട്ട് നമ്മുടെയൊക്കെ ജീവിതം ഇങ്ങനെ തീരുമെന്നു തോന്നുന്നു.

Pranavam Ravikumar said...

നനായിട്ടുണ്ട്!
ആശംസകള്‍....

ഇഗ്ഗോയ് /iggooy said...

കവിത ഇഷ്ടായി. പക്ഷേ ഏട്ടന്റെ മുന്നെഴുത്തുകളോടൊത്ത് നില്‍ക്കുന്നില്ല.
ആവശ്യമില്ലാതെ നീണ്ടപോലെ..
"ഇറങ്ങിപ്പോയ കുട്ടികൾ
മടങ്ങിവന്ന ചരിത്രം പറയുന്ന
ഗ്രന്ഥമേതാണ്?"
ഈ വരികള്‍ ഞാന്‍ എടുക്കുന്നു. എന്റെ പരിചയത്തില്‍ ഒരു പുസ്തകമുണ്ട്-ബൈബിള്‍. അതില്‍ ആ ചരിത്രം പറയുന്നുണ്ട്- വേറൊരു രീതിയില്‍

jyo.mds said...

വളരെ നന്നായിരിക്കുന്നു.
ഓണാശംസകള്‍

ജസ്റ്റിന്‍ said...

ഓണം ഫ്ലാറ്റുകളില്‍ പൂക്കുമ്പോള്‍ അല്ലെങ്കില്‍ മകളുടെ ഒച്ച പുതപ്പിനുള്ളില്‍ നിന്നും മാത്രം കേല്‍ക്കുമ്പോള്‍ ഇത്തരം ഒരു അവസാനം അതിശയിപ്പിക്കുന്നതല്ല.

ഇനി പുസ്തകം തേടിയിട്ട് എന്ത് കാര്യം. ഇന്ന് പലരും പുസ്തകം വായിക്കാന്‍ മറക്കുന്നതാണ് ഈ കവിത ഉണ്ടാകാന്‍ കാരണം തന്നെ.

പെട്ടെന്നെഴുത്തിന്റെ ഒരു കുറവും ഈ എളിയ വായനക്കാരനു തോന്നിയില്ല. നന്ദി

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഓണനിലവിളി നന്നായിരിക്കുന്നു!!
ആശംസകള്‍!!

കൂടാതെ ഓണാശംസകളും..

K@nn(())raan*خلي ولي said...

ഹൃദയം പിടച്ചു!

@@

(എല്ലാവര്ക്കും കണ്ണൂരാന്‍ കുടുംബത്തിന്റെ ഓണാശംസകള്‍)
****

Rare Rose said...

മനസ്സൊന്നു പിടഞ്ഞു പോയി..
ഇറങ്ങിപ്പോയ കുട്ടികളും,വഴി തെറ്റരുതേയെന്നു പറഞ്ഞ് കാത്തിരിക്കുന്ന അച്ഛനമ്മമാരും.. എപ്പോള്‍ വായിച്ചാലും അവരുടെ വേദന മനസ്സിലിരുന്നു വിങ്ങും..

ഓണാശംസകള്‍‍..

naakila said...

വരാന്‍ വൈകി സുരേഷ് മാഷേ
നല്ല എഴുത്ത്

jamal|ജമാൽ said...

കുട്ടികള്‍ക്ക് കണ്ണുതെളിയുമ്പോള്‍
മനസ്സ് കുരുടിയവര്‍ അന്ധരാവും
എന്ന ചൊല്ല് നേരോ മാലോകരേ?
ആരാണ് ഉത്തരം ചൊല്ലുന്നത്....

അരാണ്...

ഉല്ലാസ് said...
This comment has been removed by the author.
ഉല്ലാസ് said...
This comment has been removed by the author.
ഉല്ലാസ് said...
This comment has been removed by the author.
ഉല്ലാസ് said...
This comment has been removed by the author.
Echmukutty said...

വൈകിപ്പോയി.
വായിച്ചപ്പോൾ നിലവിളി ബാക്കിയും....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കാണാപ്പുറങ്ങളിൽ അവർക്ക് വ്രണബാധിതമായ ഓണം....!!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഒരുമയുടെ ഏതെങ്കിലും ദേശം
ഒരു പൂക്കളമാക്കിതീർത്തിരിക്കുമോ?ഇങ്ങനെ ആവുന്നതാ എനിക്കിഷ്ടം.അങ്ങനെ ആയാല്‍ മതി.

ഓണക്കാലം. ബൂലോകം കറങ്ങി ഇങ്ങെത്താന്‍ തെല്ലു വൈകി.ഓണാശംസകള്‍

ജയകൃഷ്ണന്‍ കാവാലം said...

സമകാലികതയോട്‌ ശക്തമായി പ്രതികരിക്കുന്ന കവിത. വായിക്കാന്‍ ചെല്ലുന്നവരെ കോവര്‍കഴുതകളാക്കുന്ന ഉത്തരാധുനിക കവിതകളുടെ ഇടയില്‍ സൂര്യനെപ്പോലെ ശോഭിക്കുന്ന, ആ സങ്കേതത്തിന്‍റെ യഥാര്‍ഥ സൃഷ്ടി.

ഇറങ്ങിപ്പോയ കുട്ടികള്‍
മടങ്ങിവന്ന ചരിത്രം പറയുന്ന
ഗ്രന്ഥമേതാണ്?

വ്യവസ്ഥിതിയെ നോക്കി ചോദ്യം ചോദിക്കാനുള്ള കവനകാരന്‍റെ അവകാശബോധവും, വികാരതീക്ഷ്ണതയും, ക്രാന്തദര്‍ശിത്വവും നന്നായി പ്രകടമായിട്ടുണ്ട് ഈ വരികളില്‍.

കവിത എങ്ങനെയൊക്കെയോ ആയി എന്ന മാഷിന്‍റെ അഭിപ്രായത്തോട്‌ യോജിപ്പില്ല.

ഓണാശംസകള്‍ മാഷേ...

Jithin Raaj said...

നന്നായിരിക്കുന്നു

അഭിനന്ദനങ്ങള്‍

എന്റെ ബ്ലൊഗ്ഗ് ഇവിടെ : http://tkjithinraj.blogspot.com

ഏകാന്തതയുടെ കാമുകി said...

nalla kavitha

Unknown said...

ചിന്തിപ്പിക്കുന്ന നല്ല വരികള്‍
ആശംസകള്‍

അരുണ്‍ കരിമുട്ടം said...

:)

Gopakumar V S (ഗോപന്‍ ) said...

വളരെ നല്ല വരികൾ... ചിന്തിപ്പിക്കുന്നു... ആശംസകൾ...

എന്‍.ബി.സുരേഷ് said...

കവിത വായിച്ച് ഹൃദയം കൊണ്ട് അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാർക്കും നന്ദി.

Sureshkumar Punjhayil said...

Valiyavayile Nilavilikal..!

manoharam, Ashamsakal..!!!