Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Thursday, 28 July 2011

ജന്മത്തിന്‍റെ ഉപമകള്‍.



ഒറ്റയടിപ്പാതകളിലൂടെ
യാത്രകളെല്ലാം അസ്തമിക്കുന്നു.
വരണ്ടുണങ്ങാത്ത ഒറ്റക്കാറ്റും ഇനി വീശാനില്ല.
മഴ പെയ്യുന്ന ഒരുച്ചയില്‍ നിഴലില്ലാതെ വന്ന്
വെയിലുപൊള്ളുന്ന ഒരുച്ചയില്‍
നിഴലുമാത്രം കൂട്ടിനായ്
തിരിച്ചുപോകുന്നു ഞാന്‍.
ജന്മത്തിന്‍റെ കപ്പല്‍ച്ഛെദത്തിലെ
ഏകാന്തനാവികന്‍.
ഈ ഇടത്താവളത്തില്‍ എനിക്ക്
ഋതുക്കളുടെ ഉടയാടകള്‍ കിട്ടി.
കാണാത്ത ഭൂഖണ്ഡങ്ങള്‍ പോലെ
സ്വന്തം നെഞ്ചില്‍ നാം ഒളിച്ചിരിക്കുന്നു.
ഒരു തോണിപ്പാട്ടില്ലാതെ പുഴയും
തുഴയില്ലാതെ തോണിയും ഒഴുകിതീരുന്നു.
അനാഥജന്മത്തിന്‍റെ ഉപമകള്‍ എന്തെല്ലാം?
പൊക്കിള്‍കൊടികൊഴിഞ്ഞ ഒരു കുട്ടി.
കൂടില്ലാത്ത ഒരു പറവ.
ഒഴുക്കില്ലാത്ത ഒരു പുഴ.
പച്ചയൊഴിഞ്ഞ ഒരു വനം.
തടവുകാരന്‍ അകത്തും പുറത്തും
ഓര്‍മ്മകളുടെ ഇരയാണ്.
കാടെരിയുന്നതും കനവുരുകുന്നതും
ഒരേ ഗന്ധത്തിലാണ്.
കാറ്റും മഴയും കടലിലെന്നപോലെ
കരുണയും കലാപവും ഒരേ മനസ്സില്‍.
രാപ്പകലുകള്‍ പോലെ
പ്രണയവും പ്രളയവും.
സായംസന്ധ്യപോലെ
ജനിമൃതികള്‍ക്കിടയില്‍ ഹൃദയസ്പന്ദനം.
പച്ചിലയും പഴുത്തിലയും പോലെ
ചിരിയും കരച്ചിലും പിറന്നൊടുങ്ങുന്നു.
എനിക്കും നിങ്ങള്‍ക്കുമിടയില്‍
ഒരു പച്ചപ്പുണ്ട്‌.
നരകത്തിനും സ്വര്‍ഗത്തിനുമിടയില്‍
ഭൂമിയെന്നപോലെ.
കൂട്ടരേ,
നിലാവെരിയുന്ന ഒരു പകലും
സൂര്യന്‍ തണുക്കുന്ന ഒരു രാത്രിയും
കിനാവുകണ്ട്‌ ഞാന്‍ പോകുന്നു.
മഴപൊഴിയുന്ന ഒരു മനസ്സും
കനലെരിയുന്ന ഒരു കണ്ണും
തോരാതെ തീരാതെ പോകുന്നു.
ജന്മത്തിന്‍റെ ഉപമകള്‍.
എങ്കിലും അവസാനിക്കുന്നില്ല.

(റീപോസ്റ്റ്)

32 comments:

കുസുമം ആര്‍ പുന്നപ്ര said...

നിലാവെരിയുന്ന ഒരു പകലും
സൂര്യന്‍ തണുക്കുന്ന ഒരു രാത്രിയും
കിനാവുകണ്ട്‌ ഞാന്‍ പോകുന്നു.
മഴപൊഴിയുന്ന ഒരു മനസ്സും
കനലെരിയുന്ന ഒരു കണ്ണും
തോരാതെ തീരാതെ പോകുന്നു.
ജന്മത്തിന്‍റെ ഉപമകള്‍.
എങ്കിലും അവസാനിക്കുന്നില്ല.

മാഷേ കവിത വായിച്ചു. മനസ്സിലൊരു നീറ്റല്‍

ദൃശ്യ- INTIMATE STRANGER said...

വായിച്ചു ...ആശംസകള്‍

Kalavallabhan said...

ആ പച്ചപ്പ് എന്നും നിലനിർത്താൻ ഇവിടെയൊക്കെ ഉണ്ടാവണം.
വളരെക്കാലം കൂടിയാണല്ലോ ഒരു പോസ്റ്റ് കണ്ടത്.
തിരക്കൊക്കെ ഒഴിഞ്ഞെന്ന് തോന്നുന്നു.
പഴയ പാച്ചിൽ തുടരുക.
ആശംസകൾ

Yasmin NK said...

കവിത വായിച്ചു. എന്റെ ജ്ഞാനത്തിനപ്പുറത്തെ ആഴം.

മാഷിനെ കണ്ടിട്ട് ഒരുപാട് നാളായ്.ഇപ്പൊ ഇവിടെ കണ്ടപ്പോള്‍ ഒരു സന്തോഷം.അത് പങ്ക് വെക്കാമെന്ന് തോന്നി. ആശംസകള്‍...

Unknown said...

കഥയാണെന്നാ കരുതിയത്.
കവിത അത്രക്കങ്ങട്ടു പോകൂല.
എന്നാലും വായിച്ചു.
ആശംസകള്‍...

ajith said...

ജനിമൃതികള്‍ക്കിടയിലെ യാത്രയില്‍ സ്വര്‍ഗത്തിനും നരകത്തിനുമിടയില്‍ ഭൂമിയെന്ന പോലെ എനിക്കും നിനക്കുമിടയില്‍ ഒരു പച്ചപ്പുണ്ട്...

ശ്രീനാഥന്‍ said...

ആ കിനാവു കാണൽ മറക്കില്ല. ഏകാന്ത നാവികാ, കവിതയിൽ നങ്കൂരമിടുന്ന പോലെ.

മുകിൽ said...

ജന്മത്തിന്‍റെ കപ്പല്‍ച്ഛെദത്തിലെ
ഏകാന്തനാവികന്‍..
ഈ വരികളിലുണ്ട് എല്ലാം. നല്ല കവിത.

Sukanya said...

"പച്ചിലയും പഴുത്തിലയും പോലെ
ചിരിയും കരച്ചിലും പിറന്നൊടുങ്ങുന്നു.
എനിക്കും നിങ്ങള്‍ക്കുമിടയില്‍
ഒരു പച്ചപ്പുണ്ട്‌.
നരകത്തിനും സ്വര്‍ഗത്തിനുമിടയില്‍
ഭൂമിയെന്നപോലെ."

ഈ വരികള്‍ ഏറെ ഇഷ്ടമായി. നല്ല കവിത.

Unknown said...

നല്ല കവിത

perooran said...

മാഷിനെ വീണ്ടും കണ്ടതില്‍ വളരെ സന്തോഷമുണ്ട് .കവിത വായിച്ചു.
പിന്നെ എന്റെ കവിത ഞാന്‍ കണ്ടില്ല .എന്റെ കവിത ഉള്‍പ്പെടുത്തിയതിന് മാഷിനും കൂട്ടര്‍ക്കും പ്രത്യേകം നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു

sreee said...

“നിലാവെരിയുന്ന ഒരു പകലും
സൂര്യന്‍ തണുക്കുന്ന ഒരു രാത്രിയും
കിനാവുകണ്ട്‌ ഞാന്‍ പോകുന്നു.“ കവിത എനിക്കും മനസ്സിലായി :).വരികളെല്ലാം ഇഷ്ടമായി.

(വല്യ തിരക്കാണോ? റീപോസ്റ്റ് എന്നു കണ്ടതുകൊണ്ടു ചോദിച്ചു പോയതാണെ.)

സീത* said...

ജന്മങ്ങളുടെ ഉപമകൾ നന്നായി മാഷേ...അനാഥ ജന്മങ്ങളെ പറയാൻ എത്ര ബിംബങ്ങൾ...
നിലാവെരിയുന്നൊരു പകലും...സൂര്യൻ തണുക്കുന്നൊരു രാത്രിയും...സ്വപ്നം കണ്ട് ഞാൻ പോകുന്നു....

കോമൺ സെൻസ് said...

വായിച്ചു.നല്ല കവിത
ആശംസകള്‍

Raveena Raveendran said...

മഴ പെയ്യുന്ന ഒരുച്ചയില്‍ നിഴലില്ലാതെ വന്ന്
വെയിലുപൊള്ളുന്ന ഒരുച്ചയില്‍
നിഴലുമാത്രം കൂട്ടിനായ്
തിരിച്ചുപോകുന്നു ഞാന്‍.
....
ഓരോ ഉപമകളും ഒന്നിനൊന്ന് നന്നായിരിക്കുന്നു ....

റശീദ് പുന്നശ്ശേരി said...

ഒരു തോണിപ്പാട്ടില്ലാതെ പുഴയും
തുഴയില്ലാതെ തോണിയും ഒഴുകിതീരുന്നു.
അനാഥജന്മത്തിന്‍റെ ഉപമകള്‍ എന്തെല്ലാം

ഒരു തരത്തില്‍ പറഞ്ഞാല്‍ പെറ്റ് വീഴുന്ന ഒരു ജന്മവും അനാഥമാകുന്നില്ല

അനാഥമെന്നു നമുക്ക് തോന്നുന്ന പലതും ചിലര്‍ക്കെങ്കിലും പ്രിയപ്പെട്ടതാനല്ലോ ?

നല്ല കവിത. റീ പോസ്റ്റിനു നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

മുമ്പ് വായ്ച്ചിട്ടുള്ളതാ കേട്ടൊ .. മാഷെ

Rare Rose said...

നന്നായെഴുതി മാഷേ..

വര്‍ഷിണി* വിനോദിനി said...

എങ്ങും അവസാനിയ്ക്കാത്ത ജന്മത്തിന്‍റെ ഉപമകള്‍..മനോഹരം, ആശംസകള്‍.

priyag said...

മുറിവേറ്റ ചിറകുമായി ഒരു ഒറ്റ പക്ഷി!

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

നിലാവെരിയുന്ന ഒരു പകലും
സൂര്യന്‍ തണുക്കുന്ന ഒരു രാത്രിയും
കിനാവുകണ്ട്‌ ഞാന്‍ പോകുന്നു.
മഴപൊഴിയുന്ന ഒരു മനസ്സും
കനലെരിയുന്ന ഒരു കണ്ണും
തോരാതെ തീരാതെ പോകുന്നു.
ജന്മത്തിന്‍റെ ഉപമകള്‍.
എങ്കിലും അവസാനിക്കുന്നില്ല.
....

കവിതകളൊന്നും എനിക്കത്ര വഴങ്ങില്ല. പക്ഷെ ഈ വരികള്‍ ഇഷ്ടപ്പെട്ടു. :-)

കുഞ്ഞൂസ് (Kunjuss) said...

വീണ്ടും വായിച്ചു ട്ടോ....

സ്മിത മീനാക്ഷി said...

ഉപമകളില്ലാത്ത ജീവിതത്തിനുന്‍ ഉപമകള്‍ കൊണ്ടൊരു കവിതപെയ്ത്ത്..
( മാഷ് നല്ല തിരക്കിലാണല്ലേ?)

Echmukutty said...

അനാഥ ജന്മത്തിന്റെ ഉപമകൾ ......

നല്ല തിരക്കിലാ അല്ലേ?

grkaviyoor said...

വേദാന്ത ചിന്തകള്‍ കൊള്ളാം സുഹുര്‍ത്തെ

Unknown said...

തികച്ചും ഒറ്റയാന്‍.

Unknown said...
This comment has been removed by the author.
Anonymous said...

good!!!!!!!!
welcome to my blog
blosomdreams.blogspot.com
if u like it follow and support me!

dilshad raihan said...

varikal eduthezhudunilla ellathum manasil tharachirikkunnu

maashe kavitha nannayittund

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ബ്ലോഗുകളിലും കവിതയുടെ ചിലങ്ക കിലുങ്ങുന്നുണ്ട്‌ (ചിലങ്കയുടെ ധ്വനി എഴുതാന്‍ ഗൂഗിള്‍ മാഷ്‌ സമ്മതിക്കുന്നില്ല .ത്ധ എന്നൊക്കെ വരെയേ മൂപ്പര്‍ ചയുടെ ഘോഷം ഉച്ചരിക്കുന്നുള്ളൂ,ക്ഷമിക്കുക )അച്ചടിച്ച്‌ വന്നിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ,ഓരോ ജന്മതിനിടക്കും വനങ്ങള്‍ വസന്തത്തെ സ്വപ്നം കാണുമായിരിക്കും ,അല്ലെ ..

സിയാഫ് അബ്ദുള്‍ഖാദര്‍ said...
This comment has been removed by the author.
ഭാനു കളരിക്കല്‍ said...

എനിക്കും നിങ്ങള്‍ക്കുമിടയില്‍
ഒരു പച്ചപ്പുണ്ട്‌.
നരകത്തിനും സ്വര്‍ഗത്തിനുമിടയില്‍
ഭൂമിയെന്നപോലെ.