- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
സങ്കരയിനം
സങ്കരയിനം.
ഫ്രാൻസ് കാഫ്ക
എനിക്കൊരു വിചിത്രജീവിയുണ്ട്. പകുതി പൂച്ചക്കുട്ടിയും പകുതി ആടും ആയിട്ടുള്ള ഒന്ന്. വളരെക്കാലമായി എന്റെ കുടുംബത്തിലെ വിലപിടിപ്പുള്ള ഒന്നാണിത്. പക്ഷെ എന്റെ കാലത്താണ് അതിന് അല്പം പുഷ്ടിയൊക്കെ വന്നുതുടങ്ങിയത്.
മുൻപൊക്കെ ഇതിനെ കണ്ടാൽ പൂച്ചക്കുട്ടിയെക്കാൾ ഒരു ആടായിട്ടാണ് തോന്നുക. ഇപ്പോൾ പൂച്ചയുടെയും ആടിന്റെയും അളവ് തുല്യമായി കാണുന്നു. പൂച്ചയിൽ നിന്നും നഖങ്ങളും തലയും കിട്ടിയപ്പോൾ ആടിന്റേതായി ഇതിനു കിട്ടിയത് രൂപവും വലുപ്പവുമാണ്.
മാന്യവും ജ്വലിക്കുന്നതുമായ അതിന്റെ രണ്ടു കണ്ണുകളിലും എന്തോ ഒന്ന് മൃദുവായി കിടക്കുന്നുണ്ട്. അതിന്റെ ചലനങ്ങൾ വളരെ നിശബ്ദവും നാണത്തോടെ ഒഴിഞ്ഞുമാറുന്ന തരത്തിലുമാണ്.
സൂര്യപ്രകാശമേൽക്കുമ്പോൾ ജനാലയ്ക്ക് താഴെയുള്ള ചെറിയ അലമാരയുടെ മുകളിൽ അത് ചുരുണ്ടുകൂടുകയും സന്തോഷംകൊണ്ട് ശബ്ദമുണ്ടാക്കുകയും ചെയ്യും. ഭ്രാന്തുപിടിച്ച ഒരു ജീവിയെപ്പോലെ പുൽമൈതാനങ്ങളിൽ പിടിതരാതെ പാഞ്ഞുനടക്കും. അപ്പോൾ അതിനെ പിടിക്കുക ഏറെ ശ്രമകരമാണ്. പൂച്ചകളെ കാണുമ്പോൾ അത് ഓടിമറയും. പക്ഷെ ആടുകളെ കണ്ടാൽ ആക്രമിക്കാനുള്ള വ്യഗ്രത കാട്ടും.
നിലാവുള്ള രാത്രികളിൽ ഓടിന് പുറത്തുകൂടി നടക്കാനാണ് അതിന് ഇഷ്ടം. ‘മ്യാവൂ’ എന്ന ശബ്ദം ഉണ്ടാക്കുക അതിന് അസാധ്യം. മാത്രമല്ല എലിയെ ഭയവുമാണ്. കോഴിക്കൂടിനടുത്ത് മണിക്കൂറുകളോളം അത് പതിയിരിക്കും.പക്ഷെ, ഇതുവരേയ്ക്കും കൊലപാതകം നടത്താനുള്ള ഒരു അവസരംകൈവന്നിട്ടില്ല.
ഞാൻ അതിന് ഏറ്റവും പ്രിയപ്പെട്ട മധുരമുള്ള പാലൂട്ടുമായിരുന്നു. ഇരപിടിയ്ക്കാനുള്ള തേറ്റപ്പല്ല്ലുകളുപയോഗിച്ച് അതെല്ലാം ഒറ്റയടിക്ക് നക്കിയെടുക്കുമായിരുന്നു.
സ്വാഭാവികമായും ഈ ജീവി കുട്ടികൾക്ക് കൌതുകകരമായ ഒരു കാഴ്ചവസ്തുവായി. ഞായറാഴ്ച രാവിലെയാണ് സന്ദർശനസമയം. ഞാൻ ഈ ചെറുജീവിയെയും മടിയിൽ വച്ചങ്ങനെ ഇരിക്കും. അയൽപക്കത്തുള്ള കുട്ടികളെല്ലാം എന്റെ ചുറ്റും കൂടി നിൽക്കും. ഇനി കേട്ടിട്ടില്ലാത്ത കുറേ ചോദ്യങ്ങളാണ് വരുന്നത്. ആർക്കും ഉത്തരം നൽകാൻ കഴിയാത്ത ആ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഞാൻ ശ്രമവും നടത്താറില്ല.മറ്റു വിശദീകരണങ്ങളൊന്നും നൽകാതെ, എന്റെ കൈയിലിരിക്കുന്നതിനെപ്പറ്റി എല്ലാമറിയാമെന്ന ഭാവത്തിൽ ഗൌരവത്തോടെ ഞാനിരിക്കും.
ചില സമയത്ത് കുട്ടികൾ പൂച്ചകളെക്കൂടി ഒപ്പം കൊണ്ടുവരും. ഒരിക്കൽ രണ്ട് ആടുകളെയും കൊണ്ട് വന്നുനോക്കി. പക്ഷെ അവരുടെ പ്രതീക്ഷ അസ്ഥാനത്തായി. പരസ്പരം തിരിച്ചറിയുന്നതിന്റെ യാതൊരു രംഗവും അരങ്ങേറുകയുണ്ടായില്ല. ആ മൃഗങ്ങൾ ശാന്തതയോടെ മൃഗനേത്രങ്ങൾ കൊണ്ട് പരസ്പരം നോക്കുകയും തങ്ങളുടെ നിലനില്പ് ദൈവം നൽകിയ ഒരു സത്യമാണെന്ന് തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു.
എന്റെ മടിയിലിരിക്കുന്നത് അതിനിഷ്ടമാണ്. അപ്പോൾ അതിനു ഭയം തോന്നുകയോ വേട്ടയാടണമെന്ന ചിന്ത ഉണ്ടാവുകയോ ചെയ്യില്ല. ഞാൻ അതിനെ എന്നിലേക്ക് ചേർത്ത് അമർത്തുമ്പോൾ അത് അതീവ സന്തുഷ്ടനാകുന്നു. വളർത്തിക്കൊണ്ടുവന്ന ഞങ്ങളുടെ കുടുംബത്തോട് അതിനു വളരെ അടുത്ത ബന്ധമാണുള്ളത്. ഒരുപക്ഷെ അത് അപൂർവ്വമായ ആത്മാർത്ഥതയുടെ സൂചന മാത്രമാവില്ല.ലോകത്തിൽ ഒരേയൊരു രക്തബന്ധം മാത്രമല്ലാതെ എണ്ണമറ്റ ഇതരബന്ധങ്ങൾ ആഗ്രഹിക്കുന്ന ഒരു ജന്തുവിന്റെ സഹജവാസന കൂടിയാകാം. അതുകൊണ്ടുതന്നെ ഞങ്ങൾ നൽകുന്ന സംരക്ഷണം അത് പവിത്രമായിട്ടാണ് കാണുന്നതെന്ന് തോന്നുന്നു.
എന്നെ പിരിയാതെ, എപ്പോഴും എന്റെ കാലിനുചുറ്റും കറങ്ങിതിരിഞ്ഞ്, എന്നെ മണത്തുകൊണ്ടത് നടക്കുമ്പോൾ, ചില നേരങ്ങളിൽ എനിക്ക് ചിരിയടക്കാതിരിക്കാൻ കഴിയില്ല. അവനിലെ ആടിലോ പൂച്ചയിലോ മാത്രം സന്തുഷ്ടനാവാതെ ചിലപ്പോൾ ഒരു പട്ടിയായി പെരുമാറാനും ശ്രമിക്കാറുണ്ട്. സത്യത്തിൽ അത് അത്തരത്തിലൊന്നാണന്ന് ഞാൻ കരുതുന്നു. അതിന്റെയുള്ളിൽ ഈ രണ്ടു ജീവികളുടെയും അസ്വസ്ഥത അനുഭവപ്പെടുന്നതായി എനിക്ക് തോന്നാറുണ്ട്. അതായത് ആടിന്റെയും പൂച്ചയുടെയും വാസനകൾ മാറ്റിയെടുക്കാനുള്ള ഒരു ശ്രമം. അതുകൊണ്ടാവണം സ്വന്തം പുറന്തൊലിക്കുള്ളിൽ അത് ഈ അസന്തുഷ്ടികളെല്ലാം അനുഭവിക്കുന്നത്.
ഒരുപക്ഷെ ഒരു ഇറച്ചിവെട്ടുകാരന്റെ കത്തി ഈ ജീവിയെ സ്വതന്ത്രനാക്കിയേക്കും. പക്ഷെ എനിക്കത് ഒഴിവാക്കിയേ പറ്റൂ. എന്തെന്നാൽ അത് കുടുംബപരമായുള്ള വിലപിടിപ്പുള്ള സ്വത്താണ്.
ഒരിക്കൽ ഒരു കൊച്ചുകുട്ടി അവന്റെ അച്ഛന്റെ കൈയിലുണ്ടായിരുന്ന ഒരേയൊരു പാരമ്പര്യ സ്വത്തായ പൂച്ചയെ സ്വീകരിച്ചു. അതുവഴി അവൻ ലണ്ടൻ നഗരത്തിന്റെ മേയറായി. എന്റെയീ ‘മൃഗ‘ ത്തെക്കൊണ്ട് ഞാൻ എന്തായിത്തീരും? എവിടെ പരന്നുകിടക്കുകയാണ് ആ ബൃഹത്തായ നഗരം?
(സിഗ്നേച്ചർ ഓഫ് കേരള-ഡിസംബർ2005)
പരിഭാഷ: എൻ.ബി.സുരേഷ്.
ഓണനിലവിളി
ഇതുവരെ മടങ്ങിവന്നില്ല.
മഞ്ഞുകണങ്ങൾക്ക് പകരം
പുകപടർന്ന ആകാശത്തിനു ചുവട്ടിലേയ്ക്ക്
അവൾ ഇറങ്ങിപ്പോയിട്ട്
നാഴികകൾ എത്രയോ ആയി.
പോകുന്നതിനുമുൻപ്
തുമ്പപ്പൂവിനോളം നേർത്ത ഒരുമ്മ
അവളെന്റെ നെറുകയിൽ വച്ചു.
പോകുന്ന വഴിയിൽ
അയൽഫ്ലാറ്റുകളുടെ വാതിലുകളിൽ
അവൾ മുട്ടിവിളിക്കുന്ന നേർത്ത ഒച്ച
എന്റെ ബ്ലാങ്കറ്റിനുള്ളിലേയ്ക്ക്
ഒളിച്ചു കടക്കുന്നുണ്ടായിരുന്നു.
ആരും അവളോടൊപ്പം
പോയിരിക്കാനിടയില്ല.
അത്തം പിറന്നിട്ടും അവൾ വന്നില്ല.
ഏതു വേലിപ്പടർപ്പിൽ കുരുങ്ങിയാവോ?
പുഴയോരത്തൊന്നും അവളുടെ കാല്പാടില്ല.
കാടിന്റെ ഹൃദയത്തിൽ കയറിയൊളിച്ചോ?
കറുകനാമ്പ് തപസ്സ് ചെയ്യുന്ന
വയൽവരമ്പ് വഴിപറഞ്ഞു തന്നില്ല
ആഴക്ക് മൂഴക്ക് പൂവിറുക്കാൻ
അവൾ എത്ര കാതം നടന്നിരിക്കണം.
ഫ്ലാറ്റായ ഫ്ലാറ്റുകളിലൊക്കെ
ഓണം വന്ന ഒച്ച ചാനലുകളിൽ
പൂവിളിയുമായെത്തി.
മകൾ അപ്പോഴും വന്നിട്ടില്ല.
ഒരുമയുടെ ഏതെങ്കിലും ദേശം
ഒരു പൂക്കളമാക്കിതീർത്തിരിക്കുമോ?
അവൾ
ഒരു തകർന്ന പൂക്കളമായ് മാറുമോ?
ആരോട് ചോദിക്കാൻ.
കുട്ടികൾ പ്രകൃതിയുടെ ഹരിതകം
നിറഞ്ഞ ജീവിതത്തിലേക്ക് പോകുന്ന
വഴിയേതാണ്?
ദയവായ് ഒന്നു പറഞ്ഞുതരൂ.
ഇറങ്ങിപ്പോയ കുട്ടികൾ
മടങ്ങിവന്ന ചരിത്രം പറയുന്ന
ഗ്രന്ഥമേതാണ്?
കുട്ടികൾക്ക് കണ്ണുതെളിയുമ്പോൾ
മനസ്സ് കുരുടിയവർ അന്ധരാവും
എന്ന ചൊല്ല് നേരോ മാലോകരേ?
ആരാണ് ഉത്തരം ചൊല്ലുന്നത്....
പറയൂ
ഓരോ വീടും ഉച്ചത്തിൽ
കരഞ്ഞാർക്കുന്നത് കേൾക്കുന്നില്ലേ?
(ഓണപ്പതിപ്പ് 2010ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്)
രണ്ടു കഥകൾ
രണ്ട് കഥകൾ- ഖലിൽ ജിബ്രാൻ
പ്രഹേളിക.
പച്ചപിടിച്ചുനിൽക്കുന്ന കുന്നിന്റെ മുകളിൽ വിജനമായി കാണുന്ന ഒരു വെളുത്ത ഭവനമുണ്ട്. ഒരിക്കൽ മൂന്നുപേർ അതിലേക്ക് നോക്കിനില്പായി.
അതിലൊരുവൻ അഭിപ്രായപ്പെട്ടു.
“ അത് റൂത്ത് എന്ന പ്രഭ്വിയുടെ പാർപ്പിടമാണ്. പ്രായം വളരെയായ ഒരു മന്ത്രവാദിനിയാണവർ.”
രണ്ടാമൻ അതിനെ എതിർത്തു.
“വിഡ്ഡിത്തം പറയരുത്. റൂത്ത് സുന്ദരിയായ ഒരു യുവതിയാണ്. അവൾ ദിവ്യമായ സ്വപ്നങ്ങളിൽ മുഴുകി അവിടെ പാർക്കുകയാണ്.”
“നിങ്ങൾ രണ്ടുപേരും തെറ്റിദ്ധരിച്ചിരിക്കുന്നു.” മൂന്നാമൻ പറഞ്ഞു. “റൂത്ത് വിശാലമായ ഈ ഭൂമി ആകെയും കയ്യടക്കി വച്ചിരിക്കുന്നു. അവിടെ അവൾ സ്വന്തം അടിമകളുടെ ചോരയൊഴുക്കുന്നു.”
അങ്ങനെ റൂത്ത് എന്ന പ്രഭ്വിയെക്കുറിച്ച് തർക്കത്തിലേർപ്പെട്ടുകൊണ്ട് അവർ നടന്നു പോയി.
ഒരു നാൽക്കവലയിലെത്തിയപ്പോൾ അവർ വൃദ്ധനായ ഒരു മനുഷ്യനെ കണ്ടു. അവരിലൊരുവൻ അദ്ദേഹത്തോട് ചോദിച്ചു.“അവിടെ ആ കുന്നിൻമുകളിലുള്ള വെളുത്ത ഭവനത്തിൽ പാർക്കുന്ന റൂത്ത് എന്ന പ്രഭ്വിയെക്കുറിച്ച് ദയവായി ഞങ്ങൾക്ക് പറഞ്ഞുതരുമോ?”
വൃദ്ധനാകട്ടെ തലയൊന്നുയർത്തി അവരെ നോക്കി ചിരിച്ചു. പിന്നീടദ്ദേഹം പറഞ്ഞു.
“എനിക്ക് തൊണ്ണൂറ് വയസ്സുണ്ട്. ഞാൻ കൊച്ചുകുട്ടിയായിരിക്കുമ്പോഴുള്ള ഓർമ്മകളേ എനിക്ക് റൂത്തിനെക്കുറിച്ചുള്ളൂ. എൺപത് വർഷങ്ങൾക്ക് മുൻപ് റൂത്ത് മരണമടഞ്ഞു. ഇപ്പോൾ ആ വീട് ശൂന്യമാണ്.അവിടെ മൂങ്ങകൾ കൂട് കെട്ടിയിരിക്കുന്നു. അതൊരു പ്രേതഭവനമാണെന്ന് ആളുകൾ ചിലപ്പോഴൊക്കെ പറയാറുണ്ട്.”
(സിഗ്നേച്ചർ ഓഫ് കേരള.2005സെപ്റ്റംബർ)
**********************
രണ്ടു നായാടികൾ.
മെയ് മാസത്തിലെ ഒരു ദിനം സന്തോഷവും സങ്കടവും ഒരു തടാകക്കരയിൽ കണ്ടുമുട്ടി. അവർ പരസ്പരം അഭിവാദ്യം ചെയ്തു. ശാന്തമായ ജലാശയത്തിനരുകിൽ ഇരുന്ന് അവർ സംഭാഷണത്തിലേർപ്പെട്ടു.
സന്തോഷം ഭൂമിയിലുള്ള സൌന്ദര്യത്തെക്കുറിച്ച് വാചാലനായി. പർവ്വതങ്ങൾക്കിടയിലും വനതടങ്ങളിലും സംഭവിക്കുന്ന ജീവിതത്തിലെ നിത്യാത്ഭുതങ്ങളെക്കുറിച്ച് സംസാരിച്ചു.പുലരിയിലും അന്തിയിലും താൻ കേട്ട പാട്ടുകളെപ്പറ്റി പറഞ്ഞു.
സന്തോഷം പറഞ്ഞതിനെ അംഗീകരിച്ചുകൊണ്ടുതന്നെ സങ്കടം തന്റെ അനുഭവങ്ങൾ പങ്കുവച്ചു. സമയത്തിന്റെ മാന്ത്രികതയും സൌന്ദര്യവും സങ്കടവും അറിഞ്ഞിരുന്നു. കതിരുപാടങ്ങളിലും താഴ്വാരങ്ങളിലും വീണുകിടക്കുന്ന മെയ്മാസത്തെക്കുറിച്ച് പറഞ്ഞപ്പോൾ സങ്കടം ഏറ്റവും വശ്യമായി കാണപ്പെട്ടു.
ഏറെനേരം അവർ അങ്ങനെ വർത്തമാനത്തിൽ മുഴുകി. അവർ തിരിച്ചറിഞ്ഞ കാര്യങ്ങളിൽ പരസ്പരം യോജിപ്പിലെത്തി.
ആ നേരം തടാകത്തിന്റെ മറുകരയിൽ കൂടി രണ്ടു നായാടികൾ കടന്നുപോയി. അവർ തടാകത്തിലെ ജലത്തിലേക്ക് സൂക്ഷിച്ചുനോക്കി.
അതിലൊരുവൻ പറഞ്ഞു. “ അവിടെയിരിക്കുന്ന രണ്ടു വ്യക്തികളെയോർത്ത് എനിക്ക് അത്ഭുതം തോന്നുന്നു.”
അപരൻ “നീയെന്താ രണ്ടുപേരെക്കുറിച്ച് പറയുന്നത്.? ഞാൻ ഒരാളെ മാത്രമേ കാണുന്നുള്ളൂ.”
“അല്ല അവിടെ രണ്ടുപേർ ഉണ്ട്.” ഒന്നാമൻ പറഞ്ഞു.
“എനിക്ക് ഒരാളെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. തടാകത്തിൽ ഒരാളുടെ പ്രതിബിംബമേ കാണുന്നുമുള്ളൂ.” രണ്ടാമൻ ആവർത്തിച്ചു പറഞ്ഞു.
“തെറ്റ്. അവിടെ അവർ രണ്ടുപേരുണ്ട്. തടാകത്തിൽ വീഴുന്ന പ്രതിബിംബം രണ്ടുപേരുടേത് തന്നെയാണ്.” ഒന്നാമൻ ഉറപ്പിച്ചു പറഞ്ഞു.
“പക്ഷേ ഞാൻ ഒരാളെ മാത്രമേ കാണുന്നുള്ളൂ.” രണ്ടാമൻ വീണ്ടും വാദിച്ചു.
“എന്നാൽ എനിക്ക് വളരെ എളുപ്പത്തിൽ രണ്ടുപേരേയും കാണാൻ സധിക്കുന്നുണ്ട്.” ഒന്നാമൻ തറപ്പിച്ചു പറഞ്ഞു.
ഇപ്പോഴും ഒരു നായാടി ഒരു രൂപത്തെ മാത്രമേ കാണുന്നുള്ളൂ. മറ്റേയാൾ രണ്ടുപേർ. അപ്പോൾ അപരൻ പറയുന്നു.
“ എന്റെ കൂട്ടാളി മിക്കവാറും അന്ധനായിരിക്കുന്നു.”
(കുങ്കുമം ആഴ്ചപ്പതിപ്പ് 1999ഒക്ടോബർ)
പരിഭാഷ: എൻ.ബി.സുരേഷ്
***********************