Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Saturday 14 May, 2011

നിർവ്വാണം

നിലവിളികളില്‍ കുരുങ്ങിപ്പിടഞ്ഞൊരാൾ
ജീവിതവഴിയിലിടറി നില്‍ക്കവേ
ആരൊരാള്‍ വന്നു തോളില്‍പ്പിടിച്ചു
നല്ലവാക്കോതി തണുപ്പിച്ചു നടത്തുവാന്‍?

എത്രമേല്‍ കാംക്ഷിക്കുമെങ്കിലും, വഴി-
നീളെ കണ്ണില്‍ തിരി തെളിച്ചീടിലും
കാണുമോ കഷ്ടകാലത്തിന്‍റെ കാലനെ,
സ്നേഹദൂതനെ, ദയാപരനൊരന്യനെ?

ഓര്‍ത്തുനോക്കീടുകില്‍ വിഷാദിക്കുവാനില്ല-
യൊന്നും, വാഴ്വുതന്നെയസംബന്ധമാകവേ;
പ്രാണന്‍ പൊതിഞ്ഞും, കിതച്ചും പായവേ
നേടിയെത്ര, നേടുവാനെത്ര,യായുസ്സെത്ര ബാക്കി?

സ്നേഹിച്ചുവോ തമ്മില്‍ നോവിച്ചതിനൊപ്പമെങ്കിലും?
പ്രണയിച്ചുവോ പിരിയുന്ന നേരമെങ്കിലും?
കലഹിക്കുവാനിരുട്ടു നിരന്തരം തേടവേ
തെല്ലു കാണാതെപോയോ നന്മതന്‍ സൂര്യനെ?

കാത്തുസൂക്ഷിച്ചതെന്തിത്രമേല്‍ കാര്യമായ്.
ആരാണവകാശി, യന്യനോ അരുമയോ?
അല്ലെങ്കിലെന്തു നാം നല്‍കി,യാര്‍ക്ക്?
വെറുതെ കൂട്ടിവച്ചതാം പാഴ്വാക്കല്ലാതെ.

ഓര്‍ത്തീടുമോ, വഴിമാറി നടന്നീടുമോ
മടുത്തുവിങ്ങുമ്പോള്‍ പകര്‍ന്നീടുമോ?
ഇത്രമേല്‍ അകന്നിട്ടെന്താണ് ലാഭം,?
ജീവിതമൊരുത്തന്‍റെ ശരിതെറ്റുമാത്രമോ.

ഒടുവിലാരും വരാമീവഴി ശൂന്യനായ്‌
നിരലംകൃതനായ്, നിരാലംബനായ്.
കൊതിക്കുന്നതെത്ര, വിധിക്കുന്നതെത്ര,
ദാഹിക്കുന്നതെത്ര, ശമിക്കുന്നതെത്ര.

പ്രിയമുള്ളതില്‍നിന്നകലാന്‍ കഴിയുമോ?
മടുപ്പുള്ളതിനോടടുക്കാന്‍ കഴിയുമോ?
കുടിച്ചുതീര്‍ക്കാന്‍ ഒരു കടല്‍കിടക്കെ
നിര്‍വ്വാണമെന്നെ പൊതിയുവതെങ്ങനെ?

(റീപോസ്റ്റ്)