Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

Saturday, 18 December, 2010

ആത്മാവിന്റെ മുറിവുകൾ

ഞാനെത്തുമ്പോൾ സ്റ്റാഫ്‌റൂം തുറക്കുന്നേയുണ്ടായിരുന്നുള്ളൂ. ഒഴിഞ്ഞ മൂലയിലുള്ള മേശമേൽ ബാഗ് വച്ചിട്ട് ഞാൻ ജനാലകളെല്ലാം തുറന്നിട്ടു. രണ്ടു ദിവസം സ്കൂൾ അടവായിരുന്നതിനാൽ ആകെ ഒരു മുഷിഞ്ഞ മണവും പൊടിയും മരപ്പട്ടിയുടെ മൂത്രത്തിന്റെ ചൂരും മുറിയിലാകെ നിറഞ്ഞു നിന്നിരുന്നു.


പുറത്തേക്കിറങ്ങുമ്പോൾ ആഴത്തിലെവിടെ നിന്നോ ഒരു തുമ്മൽ പുറത്തേക്ക് വന്നു. അല്ലങ്കിലും മകരമാസത്തിൽ പടരുന്ന മഞ്ഞിന്റെ പാളികൾ എല്ലാ പുലർച്ചകളിലും കുളിർത്ത ഒരു സുഖവും അസ്വസ്ഥതയും ഒരുമിച്ച് എനിക്ക് സമ്മാനിച്ചിരുന്നു. സഹ്യന്റെ മലഞ്ചെരുവിൽ നിൽക്കുന്ന ഈ സ്കൂളന്തരീക്ഷത്തിൽ പ്രത്യേകിച്ചും.

എന്റെ വരവും കാത്തുനിന്നപോലെ വരാന്തയുടെ അങ്ങേയറ്റത്തുനിന്ന് ആഭ ഓടി എന്റെ അടുത്തേക്ക് വന്നു. വളരെ ദൂരം ഓടിവന്നപോലെ അവൾ കിതയ്ക്കുന്നുണ്ടായിരുന്നു.

“മാഷേ”. വിളി തീരെ ഒച്ചയില്ലാതെയായിരുന്നു.

അവൾ ഒന്നു നിർത്തി ചുറ്റിലും നോക്കി.അവളുടെ കണ്ണുകൾ നനഞ്ഞു തിളങ്ങുന്നുണ്ടായിരുന്നു.

എപ്പോഴും പ്ലസന്റായ ആഭയ്ക്കിതെന്തുപറ്റി? എന്തോ ഒരു പന്തികേട് എനിക്ക് മണത്തു.

“എന്താ മക്കളെ”? (ഈ വിളി എന്റെ ജീവിതത്തിൽ എനിക്ക് എറ്റവും പ്രിയപ്പെട്ട അദ്ധ്യാപകനായ ദിനേശ് ബാബു സാറിൽ നിന്നും കിട്ടിയതാണ്. ഞങ്ങൾ ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതിർന്ന് കല്യാണപ്രായമായ ആൺ‌കുട്ടികളെയും കല്യാണം കഴിഞ്ഞ പെൺ‌കുട്ടികളെയും അദ്ദേഹം മക്കളെ എന്നേ വിളിക്കുമായിരുന്നുള്ളൂ. കുട്ടികൾ വലിയവരോ ചെറിയവരോ ആരുമാകട്ടെ അവരെ ഇങ്ങനെ തന്നെ വിളിക്കണമെന്ന് ഞാൻ അന്നേ മനസ്സിലുറപ്പിച്ചിരുന്നു)

“മാഷേ മീര ആശുപത്രിയിലാണ് ”

എനിക്ക് വല്ലാതെ വിറയാർന്നു വന്നു.

“സീരിയസ്സ് ആണെന്നാ കേട്ടത് ”

കുറച്ചിടെ ഞാൻ ഒന്നും മിണ്ടിയില്ല.ഒന്നു രണ്ടു തവണ തുമ്മുകയും ചെയ്തു.

“എന്താ അവൾക്ക് പറ്റീത്?”

“അവൾ ഞരമ്പ് മുറിച്ച് മാഷേ..”

തൊട്ടടുത്തുകണ്ട തൂണിലേക്ക് ഞാൻ ചാരി. അറിയാതെ കണ്ണടച്ചു. അപ്പോൾ മീരയുടെ നേർത്ത് വെളുത്ത കൈകൾ വെള്ള വിരിച്ച് ഒരു കിടക്കയ്ക്കു പുറത്തേക്ക് തൂങ്ങിക്കിടക്കുന്നതും അതിൽ ആഴത്തിലുള്ള മുറിവിൽ നിന്നും ചുവപ്പും നീലയും കലർന്ന രക്തം താഴേക്ക് ഒലിച്ചിറങ്ങി നിലത്ത് പടരുന്നതുമായ ഒരു സൈക്കഡലിക് കാഴ്ച എന്റെ മനസ്സിലേക്ക് അപകടകരമായി പാഞ്ഞുവന്നു.

“ഹൊ” തല ഒന്നു കുടഞ്ഞു. പെട്ടന്ന് ഞാൻ നിയന്ത്രിച്ചു. ആഭ അടുത്ത് തന്നെയുണ്ട്. അവൾ എന്നെ ഉറ്റുനോക്കുന്നുണ്ട്.

“നിന്നോട് ആരാണിത് പറഞ്ഞത്?”

“എട്ടാം ക്ലാസ്സിൽ പഠിക്കുന്ന രമ്യയാ പറഞ്ഞത്. അവളുടെ വീട് മീരേടെ വീടിനടുത്താ”

“നീ ഇതാരോടും പറയണ്ട. ആരെങ്കിലും ചോദിച്ചാൽ അവൾക്ക് പനിയായിട്ട് ആശുപത്രിയിൽ കിടക്കുകയാണെന്ന് പറഞ്ഞാൽ മതി”

“ഉം.” അവൾ തലയാട്ടി. ഞാൻ മനസ്സിൽ കരുതിയത് അവൾക്ക് മനസ്സിലായെന്നു തോന്നുന്നു. ആഭയ്ക്ക് അതിനു കഴിയും. അവൾ മീരയുടെ ജീവിതവും ഹൃദയവുമറിഞ്ഞ കൂട്ടുകാരിയാണല്ലോ.

ആഭ പതിയെ തലകുനിച്ച് ക്ലാസ്സിലേക്ക് നടന്നുപോയി.ഞാൻ ഉറയ്ക്കാത്ത കാലുമായി തിരികെ സ്റ്റാഫ്‌റൂമിലേക്ക് കയറി മേശമേൽ മുഖം പൂഴ്ത്തി കിടന്നു. കയറി വരുന്ന ആരും എന്റെ മുഖം കാണാൻ ഞാൻ ഇഷ്ടപ്പെട്ടില്ല.

പതിയെ സ്ക്സൂൾ സജീവമായി. സ്റ്റാഫ്‌റൂം ചിരിയിലും തർക്കത്തിലും ഉലഞ്ഞു.

‘രാത്രിയിൽ ഉറങ്ങാതെ മറ്റെന്തോ പണിയാ. ഉറങ്ങാൻ സ്കൂളിൽ വരും. സ്വീറ്റ്സ് ഡ്രീംസ് ആശംസിച്ചാ ഭാര്യ ഇങ്ങേരേ രാവിലെ യാത്രയാക്കുന്നത്.’ ആരാണാ കമന്റ് പറഞ്ഞതെന്ന് ഞാൻ ശ്രദ്ധിച്ചില്ല. എല്ലാവരും ഒപ്പിടാൻ ഓഫീസിലേക്ക് പോയി. പിന്നീട് പ്രാർത്ഥനയ്ക്കുള്ള മണി മുഴങ്ങി.

ഇംഗ്ലീഷ് പഠിപ്പിക്കുന്ന താൽക്കാലികാദ്ധ്യാപകൻ ഷിജു ചോദിച്ചു. “സാർ ക്ലാസ്സിൽ പോകുന്നില്ലെ?”

ഞാൻ അവനോട് ഒരു കള്ളം പറഞ്ഞു. “നല്ല തലവേദന, നിനക്കിപ്പോൾ ഫ്രീ അല്ലേ, എന്റെ ക്ലാസ്സിൽ ഒന്നു പോകുമോ?”

ഷിജു എന്നോട് രജിസ്റ്ററും വാങ്ങി ക്ലാസ്സിലേക്ക് പോയി. ഞാൻ തനിച്ചായി. എല്ലാ അർത്ഥത്തിലും തനിച്ച്.കുറ്റബോധത്തോടെ, നീറ്റലോടെ, ഞാൻ ആറു മാസങ്ങൾക്ക് പിന്നിലേക്ക് പോയി.2006ജൂണിലാണ് ഞാൻ ആദിവാസിമേഖലയിലുള്ള ഈ സ്കൂളിലേക്ക് സ്ഥലം‌മാറ്റം വാങ്ങി വരുന്നത്. അതിനുമുൻപ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കര താലൂക്കിന്റെ തമിഴ്നാട് ബോർഡറിലുള്ള ഒരു സ്കൂളിലായിരുന്നു ജോലി. മൂന്നു വർഷം. ഇതുപോലെ തന്നെ ഗ്രാമപ്രദേശം. എല്ലായ്പ്പോഴും ജോലി ചെയ്യാൻ ഗ്രാമങ്ങൾ തന്നെ ഞാൻ തെരഞ്ഞെടുത്തിരുന്നു. കാടിന്റെ നടുവിൽ ജനിച്ച് വളർന്നതുകൊണ്ടാവാം വെള്ളവും വായുവും മനുഷ്യരും എപ്പോഴും ശുദ്ധമാവണേ എന്ന് ആഗ്രഹിക്കാറുണ്ട്.

അതുകൊണ്ടു തന്നെയാണ് സ്ഥലം‌മാറ്റത്തിന് അപേക്ഷിച്ചപ്പോൾ കാടിന്റെ അരികു ചേർന്നുള്ള സ്കൂളിൽ തന്നെ കൊടുത്തത്. കിട്ടുകയും ചെയ്തു.

എന്റേത് ഒച്ചിന്റെ ജന്മമാണെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. എത്രയോ കാലമായി വിവിധ ജോലികളിലായി സ്ഥലം‌മാറ്റമാവുമ്പോഴൊക്കെ കുടുംബത്തെയും കൂട്ടി പുസ്തകങ്ങളും പെറുക്കിക്കൂട്ടി വീടും ചുമന്ന് അടുത്തിടത്തേക്ക് നടക്കുകയാണ് പതിവ്.

ഇത്തവണയും പതിവു തെറ്റിച്ചില്ല.

ഒമ്പത് ബി യിലെ എന്റെ ആദ്യ ക്ലാസ്സിൽ മീര ഉണ്ടായിരുന്നില്ല. തുടർന്നുള്ള നാലഞ്ചു ദിവസങ്ങളിലും. അവധി കഴിഞ്ഞുള്ള തിങ്കളാഴ്ച ക്ലാസ്സിലെത്തുമ്പോൾ പുതിയ ഒരു കുട്ടി ഇരിക്കുന്നു.

മലയാളം ക്ലാസ്സ് എന്നു പറയുന്നത് അറബി പഠിക്കാൻ പോയതിനു ശേഷം ബാക്കി വരുന്ന കുട്ടികളുടെ കൂട്ടായ്മ ആണ്. ഈ പുതിയ കുട്ടി അറബിന് പോകാതെ ഇന്നത്തേയ്ക്ക് മാത്രം ക്ലാസ്സിൽ കൂടിയ ആൾ ആണെന്ന് ഞാൻ കരുതി.

ആൺകുട്ടികൾ ഇടുന്ന മാതിരി കോളറുള്ള ഷർട്ടൊക്കെ ഇട്ടു വലിയ കമ്മൽ കാതിൽ ചാർത്തി ഒരുപാട് മുടിയും നല്ല ചിരിയുമായ് അവൾ.

പക്ഷേ അവൾക്കെന്തോ ഒതുങ്ങിക്കൂടുന്ന മട്ടാണ്. എന്താണ് ഇത്രകാലം ആബ്സന്റ് ആയതെന്ന ചോദ്യത്തിന് അപ്പൂപ്പന് സുഖമില്ലാതെ ആശുപത്രിയിലായിരുന്നു എന്ന കാരണമാണവൾ പറഞ്ഞത്.

എനിക്കെന്തോ അതത്ര വിശ്വാസമായില്ലങ്കിലും കൂടുതൽ ചോദ്യം ചെയ്യാൻ പോയില്ല.

ജീവിതത്തിന്റെ അടിത്തട്ടിലുള്ളവരുടെ കുട്ടികളാണ് സ്കൂളിൽ അധികവും. അതിനിടയിൽ മീരയുടെ മട്ടും ഭാവവും ഒന്നു വേറിട്ടു നിന്നതിനാൽ എനിക്കെന്തോ അവളോട് ഒരു അകൽച്ച മനസ്സിൽ തോന്നി.

പക്ഷെ അതെന്റെ തോന്നൽ മാത്രമായിരൂന്നു. മീര കാണുന്നതൊന്നുമായിരുന്നില്ല്ല, ആരും കരുതുന്ന മാതിരിയായിരുന്നില്ല അവളുടെ ജീവിതം.

ചിലപ്പോൾ നന്നായി അണിഞ്ഞൊരുങ്ങി ക്ലാസ്സിലെത്തിയിരുന്ന അവൾ ചിലപ്പോൾ തീരെ അശ്രദ്ധയായി. കൈയിൽ കിട്ടിയ ഉടുപ്പുകൾ അണിഞ്ഞ് തലമുടിപോലും ശരിക്ക് വകുന്ന് വയ്ക്കാതെ,എത്രയോ കാലം ഉപയോഗിച്ച് നിറം പോയ പൊട്ടൊക്കെ തോന്നിയപോലെ നെറ്റിയീലൊട്ടിച്ച് വന്നു.

അപ്പോൾ തോന്നിയിട്ടുണ്ട് ഈ ജീവിതം തീരെ മുഷിഞ്ഞു എന്നവൾ മനസ്സിൽ കരുതുന്നുണ്ടാവും എന്ന്.

ചില ദിവസങ്ങളിൽ അവൾ കൂട്ടുകാരോടൊത്ത് വല്ലാതെ ആഹ്ലാദിച്ചു. ചിലപ്പോൾ തീരെ മൌനിയായി. ചിലപ്പോൾ തൊട്ടതിനും പിടിച്ചതിനുമൊക്കെ കൂട്ടുകാരോട് കലമ്പി.ചിലപ്പോൾ ക്ലാസ്സിൽ ടീച്ചേർസ് പഠിപ്പിക്കുമ്പോൾ എങ്ങോ മിഴിനട്ട് എന്തോ ആലോചിച്ച് ഇപ്പോൾ കരഞ്ഞുപോകും എന്ന മട്ടിൽ ഇരുന്നുകളയും.

മിക്ക അദ്ധ്യാപകരും അവളുടെ അശ്രദ്ധയെ കുറ്റപ്പെടുത്തി പരദൂഷണം പോലെ പറയുന്നത് കേട്ടിട്ടുണ്ട്. ആ കുട്ടി ഏതോ വലയിൽ കുരുങ്ങിയിട്ടുണ്ട് എന്ന് അടക്കം പറഞ്ഞു പലരും.

ചിലപ്പോൾ ദിവസങ്ങളോളം ക്ലാസ്സിൽ വരില്ല. വരുമ്പോൾ ചിലപ്പോൾ ഉച്ചഭക്ഷണം കൊണ്ടുവരില്ല. സ്കൂളിൽ നിന്നുള്ള ഭക്ഷണവും കഴിക്കില്ല. ക്ലാ‍സ്സിൽ എല്ലാ കുട്ടികളുമായും നല്ല കൂട്ടാണെങ്കിലും ആരുമായും ആഴത്തിലുള്ള ബന്ധം അവൾക്കുള്ളതായി എനിക്ക് തോന്നിയില്ല.

മുതിർന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ ഉള്ളറകൾ തേടിപ്പോകുന്നത് അത്ര പന്തിയല്ല എന്ന് പല അനുഭവങ്ങളിൽ നിന്ന് തിരിഞ്ഞുകിട്ടിയിട്ടുള്ളതിനാൽ ഞാനും അവളുടെ ജീവിതത്തിൽ നിന്ന് അകലം പാലിച്ചു.

ചിലപ്പോൾ ചില പുസ്തകങ്ങൾ അവളുടെ കൈയിൽ ഇരിക്കുന്നത് കണ്ട് എനിക്ക് സ്നേഹവും കൌതുകവും തോന്നിയിട്ടുണ്ട്. വല്ലാതെ അടുപ്പം കാണിക്കില്ലെങ്കിലും ചില നേരങ്ങളിൽ അവൾ വാചാലയായിട്ടുണ്ട്.

ഫസ്റ്റ് ടേം പരീക്ഷ കഴിഞ്ഞ് പേപ്പറും നോക്കിക്കൊടുത്ത് ബാക്കിയെല്ലാ കുട്ടികളും രക്ഷകർത്താക്കളെ വിളിച്ചു കൊണ്ടു വന്ന് പ്രൊഫൈലിൽ ഒപ്പിടുവിച്ചെങ്കിലും മീരയുടെ വീട്ടിൽ നിന്നുമാത്രം ആരൂം വന്നില്ല. ക്ലാസ്സ് ടീച്ചർ അതിന് അവളെ പലപാട് ശകാരിച്ചു.

പിറ്റേന്ന് മുതൽ അവൾ സ്കൂളിൽ വരാതായി. ഞാൻ ആഭയോട് അന്വേഷിച്ചു. അവൾ ട്യൂഷൻ ക്ലാസ്സിലും വരുന്നില്ല മാഷേ എന്നായിരുന്നൂ ആഭയുടെ മറുപടി.

അവളുടെ വീടിനടുത്തുള്ള ഒന്നുരണ്ടു കുട്ടികളോട് ചോദിച്ചപ്പോൾ ‘ ആ , ഞങ്ങൾക്കറിയില്ല’ എന്ന് വല്ലാത്ത ഇഷ്ടക്കേട് പൊതിഞ്ഞുവച്ച ഉത്തരം കിട്ടി.

അടുത്ത ദിവസം അവളുടെ അപ്പൂപ്പൻ സ്കൂളിൽ വന്നു. സ്വയം പരിചയപ്പെടുത്തി. ഷർട്ട് ധരിക്കാതെ തോളിൽ ഒരു മഞ്ഞ തോർത്ത് ചുറ്റി നരച്ച താടിയും മുടിയുമായി ഒരാൾ. ‘ന്റെ കുട്ടി പഠിക്കാൻ മിടുക്കിയാണ്, എഴുതാനും വായിക്കാനുമൊക്കെ ഉത്സാഹമുണ്ട്. പക്ഷേ ആരു ശ്രദ്ധിക്കാൻ?’ എന്ന് ആത്മഗതം പോലെ പറഞ്ഞു.

അവൾക്ക് അച്ഛനില്ലെന്നും അമ്മ മറ്റൊരിടത്താണെന്നും പിന്നെ അമ്മാവന്മാരുടെ കാരുണ്യത്തിലാണ് പഠിപ്പൊക്കെ എന്നും പറഞ്ഞുകേട്ടപ്പോൾ അവളുടെ ജീവിതത്തിൽ ചില വല്ലായ്മകൾ എനിക്ക് മണത്തു.

പിറ്റേന്ന് മീര ക്ലാസ്സിലെത്തി.ഞാൻ അവളോട് ചോദിച്ചു. ‘നീ കവിതയൊക്കെ എഴുതുമെന്ന് കേട്ടു?’ അവൾ വല്ലാതെ ചൂളി. അപ്പൂപ്പൻ വെറുതെ പറഞ്ഞതാ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു. ‘നാളെ വരുമ്പോൾ നീ എഴുതിയ കവിതകൾ എന്നെ കാണിക്കണം എന്ന് പറഞ്ഞപ്പോൾ അയ്യോ എന്നായിരുന്നു പ്രതികരണം.

പക്ഷേ അവൾ കവിതകൾ കൊണ്ടു വന്നു. സാധാരണ ഒരു ഒമ്പതാം ക്ലാസ്സുകാരി കവിതയിലും ജീവിതത്തിലും കാണിക്കാത്ത പക്വതയുള്ള കവിതകൾ. എല്ലാറ്റിലും ജീവിതം വല്ലാ‍തെ ഭാരം പേറി നിന്നു.

വീട്ടിൽ നിന്നു കിട്ടേണ്ട സ്നേഹവും പരിഗണനയും ഒന്നും കിട്ടുന്നില്ലന്നും അച്ഛൻ, അമ്മ എന്നൊക്കെ പറയുന്നത് അവൾക്ക് ഏതോ അകന്ന ഗ്രഹങ്ങൾ പോലെയാണെന്നും എനിക്ക് തോന്നി. കവിതകൾക്ക് ചില തിരുത്തലുകൾ പറഞ്ഞ് ഞാൻ മടക്കിക്കൊടുത്തു.

സ്കൂൾ കലോത്സവത്തിൽ കവിതാരചനയിൽ അവൾക്കായിരുന്നു ഒന്നാം സമ്മാനം. ഞാൻ നിർബന്ധിച്ചതുകൊണ്ടാണ് അവൾ കവിത എഴുതാൻ തയാറായത്. പക്ഷേ സബ്ജില്ലാമത്സരത്തിന് പോകാൻ എത്ര നിർബന്ധിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. മാമന്മാരറിഞ്ഞാൽ തല്ലും എന്ന് അവൾ പേടീയോടെ പറഞ്ഞു.

എന്നെക്കാൾ ഒന്നുരണ്ടു വർഷം കൂടുതൽ സർവ്വീസ് ആ സ്കൂളിലുള്ള മോഹൻ‌ദാസ് സാറിനോട് ഞാൻ മീരയുടെ കാര്യം പറഞ്ഞു. പറയുന്ന കാര്യം പരദൂഷണമാ‍യ് പടരില്ല എന്ന് അറിയാവുന്നത് കൊണ്ട്.

സാറ് അവളുടെ ചില വീട്ടുകാര്യങ്ങൾ പറഞ്ഞു. ‘ചെറുതിലെ അച്ഛൻ ഉപേക്ഷിച്ചുപോയി. പിന്നെ അമ്മ അവളെയും കൊണ്ട് സ്വന്തം വീട്ടിൽ താമസിച്ചു. അമ്മയ്ക്ക് ചില നടപടിദൂഷ്യങ്ങൾ ഒക്കെയുണ്ടെന്ന് ആളുകൾ പറയുന്നുണ്ട്. വെറുതെ പറഞ്ഞുണ്ടാക്കുന്നതാവാനും മതി. ഇപ്പോൾ അവർ വീട്ടിലില്ല. ദൂരെ എവിടോ പണിക്ക് പോയിരിക്കുകയാണത്രേ. ആരോ അവരെ വച്ചുകൊണ്ടിരിക്കുകയാണെന്നാ നാട്ടിൽ സംസാരം.. അസൂയാലുക്കൾ പറയുന്നതാവാം. ഭർത്താവുപേക്ഷിച്ച എല്ലാ സ്ത്രീകളും നാട്ടുകരുടെ കണ്ണിൽ പോക്കുകേസുകളാണല്ലോ. തരം കിട്ടാത്തതുകൊണ്ട് മാന്യന്മാരും മാന്യകളുമാവുന്നവരുടെ ഭാവനയാവാനും മതി.’

എനിക്ക് വല്ലാതെ തോന്നി. കുട്ടികൾ അവളോട് കാണിക്കുന്ന അകൽചയ്ക്ക് കാരണം ഇതാണ്, നാട്ടിലെ കഥകൾ. അവളുടെ നിരാശ പടർന്ന നിത്യഭാവത്തിനും കാരണം കഥകൾ തന്നെ.

ഒരു ദിവസം ആഭ വന്ന് പറഞ്ഞു.‘ മാഷേ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ?

സാ‍ധാരണ ഓടിവന്ന് സ്വാതന്ത്ര്യത്തോടെ വെട്ടിത്തുറന്ന് കാര്യങ്ങൾ പറയുന്ന ഇവൾക്ക് ഇന്നെന്താണ് പതിവില്ലാത്ത ഒരു മുഖവുര എന്ന് ഞാൻ കൌതുകപ്പെട്ടു.

“ഇല്ല നീ കാര്യം പറയ്”

“ അതേയ് ആ ഷഹനാസും കൂട്ടുകാരും മീരയുടെ പിന്നാലെ നടന്ന് കളിയാക്ക്വേം ശല്യപ്പെടുത്ത്വേം ചെയ്യുന്നു. അവൾക്കാണേൽ അതൊന്നും ഇഷ്ടമല്ല.”

“നിങ്ങളുടെ ക്ലാസ് ടീച്ചറോട് പറഞ്ഞോ?“

“ഇല്ല, പറഞ്ഞാൽ ഞങ്ങളെ വഴക്ക് പറയും.”

സുമ ടീച്ചർ അങ്ങനെയാ. ദൂരെ നിന്നു വന്ന് സ്കൂളിനടുത്ത് വാടകവീടെടൂത്ത് താമസിക്കുകയാണ് അവർ. ഭർത്താവ് നാട്ടിൽ. ചെറിയ കുട്ടിയുള്ളതിനെ നോക്കാൻ അമ്മ കൂടെയുണ്ട്. കുട്ടിക്ക് മിക്കപ്പോഴും അസുഖവും. തന്റെ കുട്ടിയുടെ കാര്യവും എപ്പോഴും ഭർത്താവിനോടൊപ്പം നാട്ടിൽ നിൽക്കണമെന്ന ചിന്തയുമല്ലാതെ സ്കൂ‍ളിന്റെ കാര്യത്തിൽ അവർക്ക് ഒരു താല്പര്യ്യവുമില്ല.

സർവ്വീസിൽ കയറിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. കുട്ടികൾ പരാതി പറയൂന്നത് ടീച്ചർക്ക് വല്ലാതെ അലർജിയുണ്ടാക്കും.

" ഇനിയെന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ വന്ന് പറയ്, ഞാൻ ടീച്ചറോട് പറഞ്ഞ് പരിഹാരമുണ്ടാക്കാം.”

ആഭ പോയി.

ഷഹനാസും സംഘവും അത് ചെയ്തില്ലങ്കിലേ അത്ഭുതമുള്ളൂ. ഒരു വകതിരിവുമില്ലാതെ ക്ലാസ്സിലും പുറത്തും നാട്ടിലും പ്രശ്നമുണ്ടാക്കലാണ് അവന്മാർക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ഷഹനാസിനാണ് നേതൃത്വം. വീട്ടിൽ അത്യാവശ്യത്തിനു പണമുണ്ട്. അമ്മ പഞ്ചായത്ത് മെമ്പർ, പോരാത്തതിന് സ്കൂളിന് പുറത്ത് ഒരു കമ്പ്യൂട്ടർ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുതിർന്നവരുടെ സംഘത്തിലെ ഒരു അംഗം. മാത്രവുമല്ല സ്കൂളിൽ ഹെഡ്മാസ്റ്ററുടെ ചാർജ്ജ് വഹിക്കുന്ന ടീച്ചർ തൊട്ടയൽ വാസിയും.

സ്കൂളിലെ ഹീറോ ആവാനുള്ള കഠിന ശ്രമത്തിലാണവൻ. അവൻ ചിലവാക്കുന്ന പണത്തിന്റെ തോതനുസരിച്ച് വാലാട്ടി എന്തിനും കൂടെ നിൽക്കുന്നവരാണ് കൂടെയുള്ള വാനരസംഘം.പത്താം തർത്തിലെത്തിയപ്പോൾ അഹങ്കാരം തലയിൽ കയറി മുറ്റി റ്റീച്ചേഴ്സിനെ വക വയ്ക്കാതെ ക്ലാസ്സിനകത്തും പുറത്തും പ്രശ്നങ്ങൾ ഉണ്ടാക്കുക ഷഹനാസിന്റെയും സംഘത്തിന്റെയും പതിവായി.

ക്ലാസ്സ് ടീച്ചറായ മോഹൻ‌ദാസ് സാറുമായി പലപ്പോഴും അവന്മാർ ഉരസി.ചെറുപ്പക്കാരികളായ ടീച്ചേഴ്സ് ക്ലാസ്സിലെത്തുമ്പോൾ അവരുടെ ശല്യം അതിരുവിടുന്നതായും പരാതികിട്ടി.

പക്ഷേ, സുമടീച്ചറും പ്രായം കുറവും തടി കൂടുതലുമായ മാലിനിടീച്ചറും മറ്റും ഇതിന് ഒരു പോംവഴി കണ്ടെത്തി. ഇവരുടെ താളത്തിനൊത്ത് തുള്ളുക. അവരെ മാനസ പുത്രന്മാരായി കൂടെ കൊണ്ടു നടക്കുക, എന്തെങ്കിലും പ്രശ്നമുണ്ടാക്കി ക്ലാസ്സ് ടീച്ചർ ചോദ്യം ചെയ്യുമ്പോൾ അവന്മാരുടെ വക്കാലത്ത് പിടിക്കുക, തുടങ്ങിയ കലാപരിപാടികളീലൂടെ അവർ തങ്ങളുടെ പ്രശ്നങ്ങളെ മറി കടന്നു.

അവധി ദിവസങ്ങളിൽ ഹീറോ സംഘത്തിന് വിരുന്നൊരുക്കുന്നത് വരെ മാലിനി ടീച്ചർ കടന്നു ചെന്നു. സ്കൂൾ ലീഡർ റോണിയുടെ പ്രണയം തകർന്നപ്പോൾ അതിന് മദ്ധ്യസ്ഥം പറയാൻ അവർ ശ്രമിച്ചു എന്ന പച്ചയായ സത്യത്തിന് വരെ സ്കൂൾ സാക്ഷിയായി.

വീഗാലാന്റിലേക്ക് ടൂർ പോയപ്പോൾ കിത്തിമറിഞ്ഞ് വീണ് കൈയൊടിഞ്ഞ് പകുതിക്ക് വച്ച് ടൂർ സംഘത്തെ ആശുപത്രിയിലേക്ക് വഴിതിരിച്ച് വിട്ട പാരമ്പര്യം ഷഹനാസിനുണ്ട്.

സ്കൂളിൽ നിന്ന് മുങ്ങി ബൈക്കെടുത്ത് മൂന്നുപേർ കയറി പാഞ്ഞുനടന്ന് വഴിയാത്രക്കാരനെ തട്ടി പോലീസ് ലോക്കപ്പിലായ വീരചരിതവും അവർ കുറിച്ചിട്ടുണ്ട്.

ക്ലാസ്സിൽ പോയി തന്റെ വിഷയം പഠിപ്പിക്കുന്നതിന് പകരം കുട്ടികളെ പാട്ടു പഠിപ്പിക്കുകയും പെൺകുട്ടികൾക്ക് സൌജന്യമായി സൌന്ദര്യം വർദ്ധിപ്പിക്കാനുള്ള കുറുക്കുവഴികൾ പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന മാലിനി ടീച്ചർ തന്നെയാണ് ഇവരുടെ ഗോഡ് മദർ.

ഹെഡ്മാസ്റ്റർ ഇൻ‌ചാർജ്ജ് എല്ലാത്തിനും ഒത്താശയും.

ആ സംഘമാണ് മീരയെ നോട്ടമിട്ടിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ കൊട്ടിഘോഷിക്കുന്നതിന് പകരം കണ്ടില്ലന്ന് നടിക്കുകയയാണ് ആദ്യം വേണ്ടതെന്ന് തോന്നി.

പക്ഷേ അവൻ വിടാൻ ഭാവമുണ്ടായിരുന്നില്ല. വീണ്ടും വീണ്ടും മീരയുടെ പിന്നാലെ കൂടി. ക്ലാസ്സിന്റെ വാതിൽക്കൽ, ഗേറ്റിൽ, ട്യൂഷൻ സെന്ററിൽ, അങ്ങനെ അവൾ ഉള്ള എല്ലായിടവും.

ആഭ പരാതിയുമായി എത്തി. ഇത്തവണ കൂടെ മീരയുമുണ്ടായിരുന്നു. വഴിയുണ്ടാക്കാമെന്ന് ഞാൻ അവരെ സമാധാനിപ്പിച്ചു.

സുമ ടീച്ചറിനോട് കാര്യം പറഞ്ഞു. പൊതുവെ എന്നെ ലേഡീ ടീച്ചേഴ്സിന് അത്ര പന്തിയല്ല. സ്റ്റാഫ് മീറ്റിങ്ങിൽ കാര്യങ്ങൾ തുറന്നു പറയുന്നതിലുള്ള ഈർഷ്യ തന്നെ മുഖ്യ കാരണം.

“ ആ കൊച്ച് ശരിയല്ല സാറെ, അതെങ്ങനാ കുടുംബം അങ്ങനുള്ളതല്യോ” അവരോട് പറയാൻ പോയ എന്റെ മുഖത്ത് ആട്ടുന്നതിനു തുല്യമായി അത്.

അടുത്ത ദിവസം ഷഹനാസ് മീരയ്ക്ക് കത്തുകൊടുത്തു. അവൾ വാങ്ങിയില്ല. അവൻ അത് അവളുടെ ബുക്കിനകത്ത് വച്ചു. മീരയുടെ ക്ലാസ്സിലെ അവന്റെ ഒരു കിങ്കരൻ വഴി.മീര അത് സുമ ടീച്ചറിനെ കാട്ടി. അവർ അത് വാങ്ങി. ഞാൻ ചോദിക്കാം എന്ന് പറഞ്ഞു. ഇനി അവൻ മേലാൽ ആവർത്തിക്കാതിരിക്കാൻ നോക്കാം എന്ന് പറഞ്ഞു.

പക്ഷേ അവൻ ആവർത്തിച്ചു, അല്ല തുടർന്നുകൊണ്ടേയിരുന്നു. ജെന്റ്സ് സ്റ്റാഫ്‌റൂമിൽ ഇത് ചർച്ചയ്ക്ക് വന്നപ്പോഴും മീരയുടെ സ്വഭാവദൂഷ്യമെന്ന് വരുത്താം ചിലർ ശ്രമിച്ചു.

അടുത്ത തിങ്കളാഴ്ച മൂത്രപ്പുരയുടെ ചുവരുകളിൽ ചുവരെഴുത്ത് പ്രത്യക്ഷമായി.

ഷഹനാസ് + മീര.

ഒരിടത്തല്ല ഒരുപാട് ചുവരുകളിൽ. വേട്ടയാടിപ്പിടിക്കുന്നതിന്റെ രസം അവന്മാർ അനുഭവിക്കുകയാണ്.

ഞാൻ അവന്മാരുടെ ക്ലാസ്സിൽ പഠിപ്പിക്കാത്തതിനാൽ പറയുന്നതിന് പരിധിയുണ്ട്. മോഹൻ‌ദാസ് സാർ ഇടപെട്ട് ഓഫീസിൽ വിളിപ്പിച്ചപ്പോൾ പ്രശ്നം ഒത്തുതീർക്കാനാണ് ഇൻ‌ചാർജ്ജിന്റെ ഭാഗത്തുനിന്നും നിർദ്ദേശമുണ്ടായത്.

പക്ഷേ ഒത്തുതീർന്നില്ല. നാൾ ചെല്ലും‌തോറും വഷളായി. അടുത്ത ദിവസം ക്ലാസ്സിൽ വരുമ്പോൾ ഒമ്പത് ബിയുടെ ബോർഡിലും ഡ്സ്കിലും ചുവരിലുമെല്ലാം ചുവരെഴുത്തുകൾ.

ഷഹനാസ് + മീര.

കളർച്ചോക്കിൽ എഴുതിയത്. ട്യൂഷൻ കഴിഞ്ഞ് കുട്ടികൾ ക്ലാസ്സിലേക്ക് വന്നപ്പോൾ ഇതാണ് കാണുന്നത്. മീര അതിനു നടുവിൽ. കുട്ടികൾ അവളെ കുറ്റവാളിയെപ്പോലെ അടക്കം പിടിച്ച് നോക്കുന്നു. ആൺകുട്ടികൾ ഗൂഡമായി ചിരിക്കുന്നു. ഇതിന്റെ സൂത്രധാരന്മാർ ആ ക്ലാസ്സിൽ തന്നെയുള്ള ഷഹനാസിന്റെ ആരാധകന്മാരാണെന്ന് നിശ്ചയം.

പ്രശ്നം വീണ്ടും ഇൻ‌ചാർജ്ജിന്റെ മുന്നിലെത്തി. അവർ ആദ്യം ചെയ്തത് ബക്കറ്റിൽ വെള്ളം എടുത്ത് അത് തുടച്ച് കളയാൻ ഏർപ്പാടുണ്ടാക്കുകയാണ്. ലക്ഷ്യം ഷഹനാസിനെ രക്ഷിക്കുക എന്നതായിരുന്നു.

മോഹൻ‌ദാസ് സാറും ഞങ്ങൾ ആണുങ്ങളിൽ ചിലരും അവന്മാരെ ക്ലാസ്സിൽ നിന്നും പുറത്താക്കണമെന്ന് വാശി പിടിച്ചു. രാക്ഷകർത്താക്കളെ വിളിച്ച് ഉപദേശിക്കാമെന്ന ‘ശാസ്ത്രീയ നിർദ്ദേശമാണ്” നടപ്പിലായത്.

നിരന്തരം ഗുരുതരമായ കുറ്റങ്ങൾ ചെയ്യുന്നവർ യാതൊരു പരുക്കുമില്ലാതെ തുടർച്ചയായി ഹീറോകളായി ഞെളിഞ്ഞ് നടക്കാൻ അവസരമുണ്ടാക്കുന്നത് മറ്റുകുട്ടികൾക്ക് കൂടി തെറ്റായ മാതൃകവാവുമെന്ന അഭിപ്രായം പറഞ്ഞപ്പോൾ ഒരു സ്ത്രീ കൂടിയായ ഇൻ‌ചാർജ്ജ് പ്രതികരിച്ചത് ഇങ്ങനെ.

‘ആ പയ്യന്മാരൊക്കെ നല്ല വീടുകളിൽ നിന്നെത്തുന്നവരാ സാർ. നമ്മളെന്തിനാ ‘അവൾക്ക് വേണ്ടി വാദിച്ച് ആ പിള്ളേരുടെ ഭാവി കളയുന്നത്’

ഛെ, ഞാൻ വല്ലാതെ ചൂളിപ്പോയി. ആടിനെ പട്ടിയാക്കുന്ന പഴയ സൂത്രം പുറത്തെടുത്ത് ഒരൂ പാവം പെൺകുട്ടിയെ പാപത്തിന്റെ കുരിശിൽ കിടത്തി ആണിയടിക്കുകയാണ്.

“അല്ല സ്ത്രീകൾ തന്നെ ഇങ്ങനെയൊക്കെ ചിന്തിക്കണം.“

ഇത്രയും പറഞ്ഞ് രോഷം ഒരു പല്ലിറുമ്മലിൽ അവസാനിപ്പിച്ച് ഞാൻ ആ രംഗം വിട്ടു.പിറ്റേദിവസം മീരയുടെ അമ്മാവൻ വന്നു. വല്ലാത്ത ചൂടിലാണ്. അയാളും മീരയുടെ മുകളിൽ പഴിചാരുകയാണ്.

ഇന്നലത്തെ പ്രശ്നം വീട്ടിലറിഞ്ഞപ്പോൾ അവളെ വീട്ടുകാർ നന്നായി തല്ലിയതായി ആഭ രാവിലെ എന്നെ അറിയിച്ചു. എവിടെ, ഏത് കോടതിയിലാണ് അവൾ സത്യം ബോധിപ്പിക്കേണ്ടത്. ചുറ്റും നിൽക്കുന്ന മുഴുവൻ ആളുകളും പിഴച്ചവളുടെ മേലങ്കി അവൾക്ക് ചേതമില്ലാതെ ചാർത്തിക്കൊടുക്കുകയാണ്.മറ്റാരൊക്കെയോ ചെയ്യുന്നതായി സംശയിക്കപ്പെടുന്ന തെറ്റുകളുടെ ചെളി മുഴുവൻ അവളുടെ മേലേക്ക് ഊക്കോടെ തെറിപ്പിച്ച് അവളെ ജീവിതത്തിന്റെ നാറുന്ന പെരുവഴിയിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുകയാണ്.

പത്ത് സിയിൽ പഠിപ്പിച്ചുകൊണ്ട് നിൽക്കവെ ഷഹനാസിനെ ന്യായീകരിച്ചുകൊണ്ട് ലതീഷ് പറഞ്ഞു.

“ അവള് ശരിയല്ല സാറെ ഇന്നല്ലെങ്കിൽ നാളെ അവള് വഴിതെറ്റും.“

“ നീയൊക്കെ നാളെ നേരായ വഴിയിൽ പോകുമെന്നതിന് എന്താ ഉറപ്പ്. “ എന്ന് തിരിച്ച് ചോദിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ.

പ്രശ്നത്തിൽ ഇടപെട്ടതോടെ മോഹൻ സാർ അവരുടെ ശത്രുവായി. അവന്മാരും അവരുടെ രക്ഷകരും ചേർന്ന് ചെയ്തത്, ഹീനമായ മറ്റൊരു കാര്യമാണ്.

കമ്പ്യൂട്ടർ ലാബിൽ വച്ച് സാർ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുന്നു എന്ന് മേലോട്ട് പരാതി അയച്ചു.അന്വേഷണത്തിന് നിർദ്ദേശം വന്നു. ക്ലാസ്സിലെ കുട്ടികളെ വിളിച്ച് ഒറ്റയ്ക്ക് നിർത്തി ചോദിച്ചപ്പോൾ അങ്ങനെ ഒരു സംഭവമില്ല.സ്കൂൾ കലോത്സവത്തിന് അവർ വീണ്ടും വേട്ടയ്ക്കിറങ്ങി. സ്റ്റേജിന്റെ സമീപം നിന്നിരുന്ന മീര കരഞ്ഞുകൊണ്ട് ക്ലാസ്സിലേക്കോടുന്നത് കണ്ട് പിന്നാലെ ചെന്ന ആഭ കണ്ടത് ഡെസ്കിൽ തലചായ്ച്ച് അവൾ വിങ്ങിക്കരയുന്നതാണ്.കത്തുകൊടുത്തും കമന്റടിച്ചും പ്രേമാഭ്യർത്ഥനയുമായി നടന്ന ഷഹനാസ് ഒരുപടി കൂടി കടന്ന് അവളെ കൈ വയ്ക്കാൻ ശ്രമിച്ചിരിക്കുന്നു. വേറേ ഒന്നു രണ്ടു കുട്ടികൾ കൂടി ഇതറിഞ്ഞു. എന്തോ വീരകൃത്യം ചെയ്തപോലെ അവൻ കലോത്സവവേദിയിൽ അപ്പോഴും ഞെളിഞ്ഞു നടക്കുന്നുണ്ടായിരുന്നു.പിറ്റേന്ന് ചുവരെഴുത്ത് വീണ്ടും വന്നു. ‘ഷഹനാസ് മീരയെ ഉമ്മവച്ചു.’ഒറ്റവായനയിൽ അവനോട് ശത്രുതയുള്ള ആരോ കരുതിക്കൂട്ടി സംഭവം ഒളിഞ്ഞുനിന്ന് കണ്ടിട്ട് സ്കൂൾ ചുവരുകളിൽ സാഹിത്യം വിളമ്പിയതെന്നേ തോന്നൂ. പക്ഷേ ഇത് വെടക്കാക്കി തനിക്കാക്കുന്ന പഴയ തന്ത്രമാണെന്ന് പലർക്കും അറിയാമായിരുന്നു. പുറത്തെ മുതിർന്ന കൂട്ടുകാരുടെ വിദഗ്ദ്ധോപദേശം അവന് വേണ്ടുവോളം കിട്ടുന്നുണ്ടായിരുന്നു.ഇതങ്ങനെ വിട്ടാൽ പറ്റില്ല എന്ന് ഞങ്ങൾ പലരും തീരുമാനിച്ചു. ഷഹനാസിനെയും സംഘത്തെയും കൈകാര്യം ചെയ്തേ മതിയാകൂ എന്ന് ഞങ്ങൾ ഇൻ‌ചാർജ്ജിനോട് ആവശ്യപ്പെട്ടു. മനസ്സില്ലാ മനസ്സോടെ അവർ സമ്മതിച്ചു.ഷഹനാസിന്റെ അമ്മ സ്കൂളിൽ വന്നു. കാര്യങ്ങൾ അറിഞ്ഞപ്പോൾ ‘ഇത്രേയുള്ളൂ‘ എന്ന് ഒരു ആശ്ചര്യചിഹ്നമാണവരുടെ മുഖത്ത് ആദ്യം വന്നത്.“ഓരോ അവളുമാര് രണ്ടും തുനിഞ്ഞ് ഇറങ്ങിയാൽ കുടുംബത്തീപ്പെറന്ന ആൺകുട്ടികൾക്ക് വഴിനടക്കാൻ കഴിയില്ലല്ലോ. അവള് നോക്കിയപ്പോ പുളിങ്കൊമ്പാ കേറിപ്പിടിക്കാമെന്നങ്ങ് കരുതിക്കാണും. കൊച്ചിലേ കണ്ടുപഠിക്കാനാണെങ്കി വേറെങ്ങും പോകണ്ട താനും.”മകൻ താന്തോന്നിത്തരം കാണിച്ചതിന് നാട്ടിലെ പെൺകുട്ടികളുടെ മാനത്തിന് വില പറയുകയാണവർ. അവളുടെ മാത്രമല്ല അവളുടെ കുടുംബത്തിന്റെയും.“ ഞാൻ എന്റെ മകനെ പറഞ്ഞു വിലക്കിക്കൊള്ളാം. പക്ഷേ ഇനിയെന്തെങ്കിലും കൊള്ളരുതായ്മ അവളുടെ ഭാഗത്ത് നിന്നുണ്ടായാൽ...?”ഇതും പറഞ്ഞ് ഒരു ഭീഷണി മുഴക്കിയിട്ടാണവർ പോയത്.കുറച്ചു ദിവസത്തേക്ക് പിന്നീട് പുതിയ പ്രശ്നങ്ങൾ ഒന്നും പൊന്തി വന്നില്ല. എന്നാലും ഗോഡ് മദേഴ്സിന്റെ സ്വാധീനത്താലാകണം ലേഡീ ടീച്ചേഴ്സിൽ അധികമാളും വേട്ടക്കാരുടെ ഭാഗം പറയുന്നതിന് നാവിന് നീളം കൂട്ടുന്നുണ്ടായിരുന്നു.ക്ലാസ്സിൽ മീര കൂടുതൽ കൂടുതൽ മുടങ്ങി. പഠനത്തിൽ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല. അതും അവളുടെ നിഷേധത്തരമായി പലരും കണ്ടു.ഈ താൽക്കാലികമായ വിടവാങ്ങൽ അവന്മാരുടെ പുതിയ തന്ത്രമായിരിക്കുമെന്ന് ഞാൻ ക്ലാസ്സ് ടീച്ചറാ‍യ മോഹൻസാറിനോട് പറഞ്ഞു.ഇതിനെത്തുടർന്നാണ് പഠനവിനോദയാത്ര എന്ന പേരിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും നടക്കുന്ന പ്രഹസനം ഞങ്ങളുടെ സ്കൂളിലും അരങ്ങേറിയത്. ഷഹനാസിനെയും സംഘത്തെയും കൊണ്ടുപോകേണ്ടതില്ല എന്ന ഒരു അഭിപ്രായം മോഹൻസാർ പറഞ്ഞു. കഴിഞ്ഞതവണ അവർ ഉണ്ടാക്കിയ പ്രശ്നങ്ങളും ഇത്തവണ സ്കൂളിൽ ഉണ്ടാക്കിയ പ്രശ്നങ്ങളും ആയിരുന്നു കാരണം. കഴിഞ്ഞ വർഷം അവർ പോയിരുന്നു എന്നതും ഒഴിവാക്കാൻ കാരണമായി പറഞ്ഞു. പക്ഷേ ഒട്ടേറെ ആളുകൾ അവന്മാർക്ക് വേണ്ടി വക്കാലത്തുമായി രംഗത്തെത്തി. ഒടുവിൽ അവർ തന്നെ വിജയിച്ചു.പണ്ടേ ആൾക്കൂട്ടത്തോടൊപ്പം യാത്ര ചെയ്യുന്നതിൽ താല്പര്യമില്ലാത്തതിനാൽ ഞാൻ ഒഴിഞ്ഞു.മടങ്ങി വന്നപ്പോൾ ഷിജുവാണ് പറഞ്ഞത്, അവന്മാരുടെ ചില നീക്കങ്ങൾ. യാത്രയിൽ മീരയും പങ്കെടുത്തിരുന്നു. അവളെ ചുറ്റിപ്പറ്റിയായിരുന്നു അവരുടെ നീക്കങ്ങൾ. അവൾ ഒറ്റയ്ക്കാകുന്ന സന്ദർഭങ്ങളിൾ ഷഹനാസ് അടുത്തുകൂടാൻ നടത്തിയ ശ്രമങ്ങൾ. അത്തരം സന്ദർഭങ്ങൾ ഒരുക്കിക്കൊടുക്കാൻ ഗോഡ് മദേഴ്സ് കാട്ടിയ വിരുത്. ഫോട്ടോ എടുക്കാൻ, മീരയുടെ മാത്രമായും കൂട്ടായും. ഷഹനാസിനുവേണ്ടി പോസ് ചെയ്യുമ്പോൾ മീരയെയും ഒപ്പം കൂട്ടാൻ അവർ നടത്തിയ തിടുക്കങ്ങൾ. മീര ഒറ്റയ്ക്കാവുന്ന നേരങ്ങളിൽ പിന്നാലെ എത്തി അവളെ ക്യാമറയിലാക്കാൻ തക്കം പാർത്തു നടന്നത്....

മടങ്ങിവരുമ്പോൾ ഫിലിം റോൾ ഷിജു വാങ്ങിവച്ചു. വാഷ് ചെയ്തുനോക്കിയപ്പോൾ സംശയിച്ചപോലെ തന്നെ. മീരയുടെ ഫോട്ടോസ് ആണ് കൂടുതൽ. അവൾ ഒറ്റയ്ക്കുള്ളതും അവളെ വ്യക്തമായി തിരിച്ചറിയാൻ പറ്റുന്നതുമായ സ്നാപ്പുകൾ വെട്ടിമാറ്റി ബാക്കി ഫിലിം മാത്രമേ തിരികെ കൊടുത്തുള്ളൂ. അതോടെ ഷിജുവും അവരുടെ ശത്രുക്കളായി. മുറിച്ചുമാറ്റിയ ഫിലിം അവർക്ക് കൊടുക്കണമെന്ന് ഒരു ശുപാർശ മാലിനി ടീച്ചർ ഷിജുവിനോട് നടത്തി. അവൻ അതെന്നോട് പറഞ്ഞപ്പോൾ എന്തൊരു പതനമാണിത് എന്ന് മനസ്സിൽ വിചാരിച്ചതേയുള്ളൂ ഞാൻ.

പിന്നീടുള്ള കുറേ ദിവസങ്ങൾ ശാന്തമായിരുന്നു. മീര പതിയെ കരകയറി എന്ന് തോന്നി. ഷഹനാസും സംഘവും ഒന്ന് അടങ്ങിയെന്ന് എല്ലാവരും ധരിച്ചു.

തൊട്ടടുത്താഴ്ച എനിക്ക് കോഴിക്കോട്ടേക്ക് പോകണമായിരുന്നു. വടകര കോളജിൽ ചെറുകഥയെ സംബന്ധിച്ച് നടക്കുന്ന ഒരു ദേശീയസെമിനാറിൽ പങ്കെടുക്കാനായിരുന്നു യാത്ര. പോകുന്നതിന് തലേന്ന് ഞാൻ ആഭയെ വിളിച്ച് ചോദിച്ചു, മീരയെ ഷഹനാസ് ഇപ്പോഴും ശല്യം ചെയ്യുന്നുണ്ടോ എന്ന്. അവൾ ഇപ്പോൾ അങ്ങനെയൊന്നും പറഞ്ഞുകേൾക്കുന്നില്ലന്ന് അവൾ മറുപടി പറഞ്ഞു.

ഒരാഴ്ച നീണ്ട യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഒരു വോൾക്കാനോ പുകഞ്ഞുനീറിപൊട്ടിയ അവസ്ഥയായിരുന്നു സ്കൂളിൽ. ഷഹനാസിനെയും മീരയെയും അന്നുരാവിലെ പഴയ കമ്പ്യൂട്ടർ ലാബിന് പിന്നിൽ നിന്ന് പിടികൂടി. അവർ പ്രണയം കൈമാറുകയായിരുന്ന് എന്നതാണ് കേസ്. ട്യൂഷനുപോകുന്നു എന്ന് വീട്ടിൽ പറഞ്ഞ് രണ്ടുപേരും പലദിവസങ്ങളിലും സ്കൂളിലെത്തുകയാണ് പതിവ് എന്നാണറിയാൻ കഴിഞ്ഞത്. രാവിലെ എട്ടുമണിക്കൊന്നും ഒരു ഈച്ചപോലും സ്കൂളിലുണ്ടാവില്ലല്ലോ.

വന്നു കയറിയ ഉടനെ പലരും എന്റെ മെക്കിട്ടുകയറി. ഇങ്ങനെ എല്ലാവരെയും സൂത്രത്തിൽ പറ്റിച്ചവൾക്ക് വേണ്ടിയാണ് നിരന്തരം മറ്റുള്ളവരെ ഞാൻ കുറ്റപ്പെടുത്തിയത് എന്നുള്ളതാണ് എന്റെ പേരിലുള്ള കുറ്റം. എനിക്ക് അവരോട് തിരിച്ച് ഒന്നും പറയാനുള്ള അർഹത ഇല്ലല്ലോ.

രാവിലെ നേരത്തെ എത്തിയ കുട്ടികൾ ഷഹനാസിനെയും മീരയെയും കാണുകയായിരുന്നത്രേ. അവർ ആദ്യമായി കാണുകയാണോ ‍അതോ പലനാൾ കള്ളൻ പിടിക്കപ്പെട്ടതാണോ?

എന്നും കാണാറുണ്ടന്ന് മൊഴി നൽകിയത് ഷഹനാസാണ്. അവൻ അവളെ കുടുക്കിയതാണോ.? ഇതിൽ ഒരു ബ്ലാക്ക്മെയിലിങ്ങിന്റെ ചതി ഒളിഞ്ഞിരിക്കുന്നില്ലേ? ഈ ചോദ്യങ്ങളൊക്കെ ഉള്ളിലൊതുക്കാനേ നിവൃത്തിയുള്ളൂ. സംഭവത്തിൽ മീരയെ മുഖ്യപ്രതിയാക്കാൻ പലർക്കും വെമ്പലുണ്ട്.

അവൾ ക്ലാസ്സിലുണ്ട്. വേണമെങ്കിൽ വിളിച്ച് ചോദിക്കാം. നാളെ രക്ഷകർത്താവിനെ വിളിച്ചുകൊണ്ടുവരണം എന്ന താക്കീതിൽ ക്ലാസ്സിൽ കയറ്റിയിരുത്താനുള്ള ദയ കാണിച്ചു ആരോ.


കുട്ടികൾ ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ പോലും വീട്ടിലുള്ളവരെ വിളിച്ചുവരുത്തി ക്രിമിനൽകുറ്റം ചെയ്യുന്നത് കുടുംബപാരമ്പര്യമാണ് എന്ന മട്ടിൽ വിചാരണ ചെയ്യുന്ന പ്രാകൃതമെത്തേഡിന് ഇപ്പോഴും മാറ്റമൊന്നുമില്ലല്ലോ.

ഞാൻ അവളെ കാണാൻ കൂട്ടാക്കിയില്ല. അവളുടെ ഉത്തരം അവരുടെ പ്രണയത്തെ ശരിവയ്ക്കുന്നതാണെങ്കിലോ?

കഥകൾ മെനയാൻ ഒരു പുതിയ ഇരയെ കിട്ടിയതിന്റെ ആഹ്ലാദം സ്കൂളിൽ മുഴുവൻ നുരഞ്ഞുപതയുന്നുണ്ടായിരുന്നു. ഇത്തരം കാര്യങ്ങളിൽ വിചാരണ നടത്തുന്നത് സ്റ്റാഫ്‌റൂം എന്ന പൊതുസ്ഥലത്താവരുത്, ആൾക്കൂട്ടത്തിനു നടുവിലാവരുത് എന്ന മിനിമം മര്യാദ ഇപ്പോഴും എങ്ങും പാലിക്കപ്പെടുന്നില്ലല്ലോ...

എല്ലാ കുട്ടികളും സകൂൾ വിട്ടും ട്യൂഷൻ സെന്ററിൽ നിന്നും പോയിട്ടും മീര സ്കൂൾ ഗേറ്റിന്റെ സമീപത്ത് നില്പുണ്ടായിരുന്നു ഇന്നലെ എന്ന് പിറ്റേന്ന് ആഭ പറഞ്ഞു. വിളിച്ചപ്പോൾ ‘വീട്ടിലിപ്പോൾ അറിഞ്ഞുകാണും.. അവരെന്നെ കൊല്ലും’ എന്ന് അവൾ വിറയ്ക്കുന്നുണ്ടായിരുന്നു എന്ന് ആഭ കൂട്ടിച്ചേർത്തു. നിർബന്ധിച്ചാണവൾ കൂടെ കൂട്ടിയത്.

തുടർന്നുള്ള ദിവസങ്ങളിൽ മീര സ്കൂളിൽ വന്നില്ല. ആരുമറിഞ്ഞില്ല അവൾക്കെന്താണ് പറ്റിയതെന്ന്. ആരുമന്വേഷിച്ചില്ല അവൾ എവിടെയെന്ന്. അന്നു രാത്രിയിൽ അവൾ അസഹനീയമായ പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവണം. അവൾക്കെന്താണ് പറയാനുള്ളതെന്ന് ആരും അന്വേഷിച്ചുട്ടുണ്ടാവില്ല. മാ‍നാഭിമാനങ്ങൾക്ക് മുകളിൽ വീണ ചോരപ്പാടുകൾ കണ്ട്, തന്റെ വിശ്വാസ്യതയ്ക്ക് മേൽ പതിച്ച തെറിവാക്കുകൾ സഹിയാതെ അവൾ ഇതാ ......

ദുഷിച്ചതെന്ന് ലോകം ആർത്തുവിളിക്കുന്ന തന്റെ ജീവിതത്തിന്റെ നിലനില്പിനെ അവൾ ഇതാ തന്റെ നീലഞരമ്പുകളിലൂടെ പുറത്തേക്ക് ഒഴുക്കിക്കളഞ്ഞിരിക്കുന്നു. പ്രാർത്ഥിക്കുമ്പോൾ ഭൂമി പിളർന്ന് അകത്തേക്കെടുക്കാൻ അവൾക്ക് ആരിരിക്കുന്നു.?

ആശുപത്രിമുറിയിൽ സ്വന്തം ജീവിതത്തിന്റെ മുകളിൽ ഒരു അധികാരവുമില്ലാതെ നിരാലംബയായി, ഗതികെട്ട മരണത്തിന്റെയും മലിനീകരിക്കപ്പെട്ട ജീവിതത്തിന്റെയും ഒത്തനടുവിൽ അവൾ....

അപ്പോഴും ഞാനും ഈ സമൂഹവും ആർത്തലച്ച് ജീവിതത്തിന്റെ നിമിഷങ്ങൾ എത്ര ഉദാരം എന്ന് സന്തോഷിച്ച് നിൽക്കുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് ഒരു റബ്ബർ ദണ്ഡ് പരിക്കില്ലാതെ ഇരിക്കുന്നതിനാൽ.. ഒട്ടകപ്പക്ഷിയെപ്പോലെ കാര്യലാഭത്തിനായി എന്തിൽ നിന്നും തലവലിക്കാൻ മിടുക്കുള്ളതിനാൽ. ... ഇങ്ങനെ നാണംകെട്ട് ജീവിച്ചിരിക്കാൻ ഒരു ലജ്ജയുമില്ലാത്ത ഒരു മദ്ധ്യവർഗ്ഗമനസ്സ് സ്വന്തമായുള്ളത് കൊണ്ട്... ഇനിയും എത്രയോ കാലം സുഖം നടിച്ചും സന്തോഷം അഭിനയിച്ചും ഇങ്ങനെ കടന്നുപോകും.

മീര പിന്നെ സ്കൂളിൽ വന്നത് പരീക്ഷയെഴുതാൻ വേണ്ടിയാണ്. അമ്മയോടൊപ്പം. നടന്നതൊന്നും അവളോട് ചോദിക്കാൻ എനിക്ക് ധൈര്യമുണ്ടായില്ല. അവളുടെ ആത്മാവിന്റെ മുറിവുകൾക്ക് മുകളിൽ കൂർത്ത മുന കുത്തിയിറക്കാൻ എനിക്ക് തീരെ പറ്റില്ലായിരുന്നു. ഒരിക്കൽ മുന്നിൽ വന്നുപെട്ടപ്പോൾ ‘പരീക്ഷ നന്നായി എഴുതുന്നില്ലേ നീ’ എന്ന് ഒരു അസംബന്ധചോദ്യം മാത്രം ഞാൻ അവളോട് ചോദിച്ചു. അവൾ തലകുലുക്കി.

അവസാന പരീക്ഷയും കഴിഞ്ഞ് ഞാൻ ഒറ്റയ്ക്ക് നിൽക്കുന്ന നേരം നോക്കി അവളും അമ്മയും എന്റടുത്ത് വന്നു. “ സാർ ഞാൻ ഇവളുടെ ടിസി വാങ്ങിക്കുകയാണ്.”

“ അതെ അതാണ് നല്ലത്. അവൾ മറ്റൊരു അന്തരീക്ഷത്തിൽ പഠിക്കട്ടെ. ഒരപേക്ഷ, പഴയകാലം അവളെ ഓർമ്മിപ്പിക്കരുത്, അവളെ കുറ്റപ്പെടുത്തരുത്. അവളുടെ നന്മകളെയും കഴിവുകളെയും കാണൂ”

“ ഞാൻ അവളോട് പറഞ്ഞു. “ ഇത്രയൊക്കെ സഹിച്ച നിനക്ക് ഇതിനെയൊക്കെ മറികടക്കാനും കഴിയും. കഴിയട്ടെ.”

അവളും അമ്മയും പോയി. ഗേറ്റിൽ നിന്ന് അവൾ ഒന്നു തിരിഞ്ഞു നോക്കി. ഞാൻ നെടുവീർപ്പിറ്റുന്നത് അവൾ കണ്ടുകാണുമോ? അല്ലങ്കിൽ ചേതമില്ലാത്ത അത്തരം പ്രതികരണങ്ങൾ കൊണ്ട് അവൾക്ക് എന്തുകാര്യം. സ്വന്തം കാര്യം സുരക്ഷിതമാക്കി, അപകടമൊന്നുമില്ലങ്കിൽ ധാർമ്മികരോഷം പൊതുവിൽ പ്രകടിപ്പിക്കുന്ന എന്റെ ‘വലിപ്പം’ നിറഞ്ഞ വാക്കുകൾ ജീവിതത്തിന്റെ പെരുവഴിയിൽ അവൾക്ക് ഒരു കാക്കക്കാലിന്റെ തണൽ പോലും നൽകില്ലല്ലോ.

അടുത്തവർഷം സ്ഥലം‌മാറ്റം വാങ്ങി ഞാൻ അകലെ ഒരു സ്കൂളിലേക്ക് പോയി. യാത്രയ്ക്കിടയിൽ എവിടെയെങ്കിലും വച്ച് നിനച്ചിരിക്കാതെ മീരയെ കണ്ടുകീട്ടുമെന്ന് കുറേക്കാലം ഞാൻ കരുതി.
പക്ഷേ,പിന്നീടിതുവരെ ഞാനവളെ കണ്ടില്ല.

***********************

( ഇവിടെ എഴുതിയ പേരുകൾ ഒന്നും യഥാർത്ഥമല്ല. മലയാളത്തിലെ സ്ത്രീപീഡനം പ്രമേയമായ് വരുന്ന ചെറുകഥകൾ എഡിറ്റ് ചെയ്തപ്പോൾ എഡിറ്റർ എന്ന നിലയിൽ ഞാനും ഒരു കഥയെഴുതി. ജീവിതത്തിനു നേരേ ഒരു ചൂണ്ടുവിരൽ. കൊത്തിമുറിച്ച ശില്പങ്ങൾ എന്ന പുസ്തകത്തിൽ ആ കഥയുണ്ട്. മീരയെ ഓർത്താണ് ഞാൻ അത് എഴുതിയത്. ബ്ലോഗിൽ മുൻപ് ആ കഥ പോസ്റ്റ് ചെയ്തിരുന്നു.)
Thursday, 2 December, 2010

പുറപ്പാട്

ലോക വ്യവഹാരങ്ങളില്‍നിന്നും
ഞാന്‍ പിന്‍വലിഞ്ഞ രാത്രിയില്‍
അവന്‍ അഭയം തേടിയെത്തി.
എനിക്ക് ആള്‍ക്കൂട്ടവും
അവന്‌ ഏകാന്തതയും
ഭയമായിരുന്നു.
അവന്‍റെ കണ്ണുകളില്‍
സ്വപ്നത്തിന്‍റെ നക്ഷത്രങ്ങള്‍
എരിഞ്ഞടങ്ങിയ ഇരുട്ട്.
നടന്ന പാതകളത്രയും
പാദങ്ങളില്‍.
കിട്ടാതെ പോയ ഭിക്ഷകളത്രയും
കൈകളില്‍.
പിളര്‍ന്ന നാവില്‍
‍ഫലിക്കാതെ പോയ പ്രാര്‍ത്ഥനകള്‍.
ഓര്‍മ്മകള്‍ക്ക് തീ പിടിച്ച ഗന്ധം.
കണ്ണീരിനു പച്ചില കത്തുന്ന നീറ്റല്‍.
നിശ്വാസങ്ങള്‍ക്ക് ഉപ്പുകാറ്റുപിടിച്ച
മുറിവുകളുടെ നിലവിളി.
പൊള്ളുന്ന വാക്കിനാല്‍
അവന്‍ കിടക്കാനിടം ചോദിച്ചു.
ഞാനോ ജന്മം ധൂര്‍ത്തടിച്ച്
സത്രത്തില്‍ പാര്‍ക്കുന്നവന്‍
കിനാവുകള്‍ക്ക് വിഷം കൊടുത്ത നാട്ടിലെ
മനുഷ്യരെക്കുറിച്ചവന്‍
പറഞ്ഞുകൊണ്ടേയിരുന്നു.
അറിവുകളുടെ ഭാരമില്ലാത്ത
സ്നേഹമെന്തെന്നവന്‍ ചോദിച്ചു.
ഭൂമിയിലെ മാലാഖമാരെ തേടിയിറങ്ങി
സാത്താന് സുവിശേഷം പാടുന്ന
കുഞ്ഞാടുകളെ കണ്ട നിരാശകളായിരുന്നു
അവന്‍റെ ഡയറി മുഴുവന്‍.
ദൂരേക്ക്‌ പോകുന്ന പാതകളൊന്നും
ഇനി ബാക്കിയില്ലെന്നും
ഹിംസയുടെ പാനപാത്രങ്ങളില്‍
ഭൂമിയുടെ രക്തം തിളക്കുന്നുണ്ടെന്നും
അടിക്കുറിപ്പായി പറഞ്ഞു
സ്വന്തം കൈപ്പത്തി തലയ്ക്കു കീഴില്‍വച്ച്
അവനുറങ്ങാന്‍ കിടന്നു.
പിറ്റേന്ന് ഞാനുണര്‍ന്നു നോക്കുമ്പോൾ
‍അവന്‍ കിടന്നിടത്ത്
ഒരുപിടി ചാരം മാത്രം.
അവന്‍ നടന്ന വഴികളിലത്രയും
അത്‌ വിതറാനായ്
ഒരു മണ്‍കുടം മാത്രം
കൈകളില്‍ താങ്ങി
ഞാനിതാ പോകുന്നു.
(സമയമില്ലാത്തതിനാൽ ഒരു പഴയ കവിത റീപോസ്റ്റ് ചെയ്യുന്നു)