Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Sunday 28 March, 2010

സുന്ദരലോകം.

എത്രമേല്‍ സുന്ദരമീ ലോകം!
എത്രമേല്‍ വൈവിധ്യമീ കാലം!

വിലാപങ്ങളോളം ഇരുണ്ടത്
കണ്ണീരിനോളം നനഞ്ഞത്‌.

അയല്‍പോലെ അകന്നത്..
പകയോളം മുര്‍ച്ചയുള്ളത്.
കുടിലതയോളം സ്വന്തമായത്.
സ്നേഹത്തോളം ദരിദ്രമായത്.
ആത്മാവിനോളം പൊള്ളയായത്‌.
പുഴയെപ്പോലെ മെലിഞ്ഞത്.
കാടിനെപ്പോലെ കരിഞ്ഞത്.
കിനാവിനോളം നിറംചോര്‍ന്നത്‌.
ഓര്‍മ്മകളോളം ചിതറിയത്.
ചിന്തകളോളം ദുഷിച്ചത്‌.
വാക്കിനോളം വിലകുറഞ്ഞത്‌.
മനസ്സിനോളം ചോര വാര്‍ന്നത്‌.
ഭയത്തോളം വിറക്കുന്നത്‌.
വീടുപോലെ അനാഥമായത്.
മക്കളോളം അന്യമായത്.
വാര്‍ധക്യംപോലെ വലിച്ചെറിഞ്ഞത്.
ബാല്യത്തോളം ദയനീയമായത്.
ബലിയോളം നിഷ്കരുണമായത്.
പ്രണയംപോലെ കാപട്യമായത്.
തൂവലിനോളം ഭാരമില്ലാത്തത്.
നിരാശയോളം പടര്‍ന്നത്.
മൌനത്തോളം മരിച്ചത്.
ഒച്ചയോളം പെരുകിയത്.
ഭൂമിയോളം കുഴിക്കപ്പെട്ടത്‌.
ജലംപോലെ മലിനമായത്.
ആകാശത്തോളം കറുത്തത്.
സമാധാനംപോലെ തുളവീണത്‌.
വിശ്വാസംപോലെ നേര്‍ത്തത്
വില്പനപോലെ തിരക്കുള്ളത്.
വിപ്ലവംപോലെ അസംബന്ധമായത്.
സുഖത്തോളം വിഷമയമായത്.
ജീവിതംപോലെ അടര്‍ന്നുവീഴുന്നത്.
മോഹത്തോളം ഉയരമുള്ളത്.
ഉടലോളം രോഗാതുരമായത്.
ആശ്വാസത്തോളം ഇല്ലാതായത്.
പ്രതീക്ഷപോലെ മൃതപ്പെട്ടത്‌.
പലായനംപോലെ ദൂരമുള്ളത്.
ആനന്ദലബ്ധിക്കിനിയെന്തുവേണം.?
പരമാനന്ദ സുഷുപ്തിക്കിനിയെന്തുവേണം!
Saturday 27 March, 2010

നിര്‍വ്വാണം

നിലവിളികളില്‍ കുരുങ്ങിപ്പിടഞൊരാള്‍
ജീവിതവഴിയിലിടറി നില്‍ക്കവേ
ആരൊരാള്‍ വന്നു തോളില്‍പ്പിടിച്ചു
നല്ലവാക്കോതി തണുപ്പിച്ചു നടത്തുവാന്‍?

എത്രമേല്‍ കാംക്ഷിക്കുമെങ്കിലും, വഴി-
നീളെ കണ്ണില്‍ തിരി തെളിച്ചീടിലും
കാണുമോ കഷ്ടകാലത്തിന്‍റെ കാലനെ,
സ്നേഹദൂതനെ, ദയാപരനൊരന്യനെ?

ഓര്‍ത്തുനോക്കീടുകില്‍ വിഷാദിക്കുവാനില്ല-
യൊന്നും, വാഴ്വുതന്നെയസംബന്ധമായീടവേ;
പ്രാണന്‍ പൊതിഞ്ഞും, കിതച്ചും പായവേ
നേടിയതെത്ര, നേടുവാനെത്ര,യായുസ്സെത്ര ബാക്കി?

സ്നേഹിച്ചുവോ തമ്മില്‍ നോവിച്ചതിനൊപ്പമെങ്കിലും?
പ്രണയിച്ചുവോ പിരിയുന്ന നേരമെങ്കിലും?
കലഹിക്കുവാനിരുട്ടു നിരന്തരം തേടവേ
തെല്ലു കാണാതെപോയോ നന്മതന്‍ സൂര്യനെ?

കാത്തുസൂക്ഷിച്ചതെന്തിത്രമേല്‍ കാര്യമായ്.
ആരാണവകാശി, യന്യനോ അരുമയോ?
അല്ലെങ്കിലെന്തു നാം നല്‍കി,യാര്‍ക്ക്?
വെറുതെ കൂട്ടിവച്ചതാം പാഴ്വാക്കല്ലാതെ.

ഓര്‍ത്തീടുമോ, വഴിമാറി നടന്നീടുമോ
മടുത്തുവിങ്ങുമ്പോള്‍ പകര്‍ന്നീടുമോ?
ഇത്രമേല്‍ അകന്നിട്ടെന്താണ് ലാഭം,?
ജീവിതമൊരുത്തന്‍റെ ശരിതെറ്റുമാത്രമോ.

ഒടുവിലാരും വരാമീവഴി ശൂന്യനായ്‌
നിരലംകൃതനായ്, നിരാലംബനായ്.
കൊതിക്കുന്നതെത്ര, വിധിക്കുന്നതെത്ര,
ദാഹിക്കുന്നതെത്ര, ശമിക്കുന്നതെത്ര.

പ്രിയമുള്ളതില്‍നിന്നകലാന്‍ കഴിയുമോ?
മടുപ്പുള്ളതിനോടടുക്കാന്‍ കഴിയുമോ?
കുടിച്ചുതീര്‍ക്കാന്‍ ഒരു കടല്‍കിടക്കെ
നിര്‍വാണമെന്നെ പൊതിയുവതെങ്ങനെ?


Tuesday 23 March, 2010

സംവാദം.

പറയുവാനേറയില്ല
പറയുന്നിതധികവും.
കേള്‍ക്കനുണ്ടെത്രയോ
കാത് ഞാന്‍ നല്കയില്ല.
തൊട്ടറിയുവാനെത്രയേറെ,
മരവിച്ച തൊലിയില്‍ അതേശുകില്ല.
ചുട്ടിലുമെന്തെന്തു മണങ്ങളെന്നോ,
പൊത്തിയ മൂക്കിനോടോ നിന്‍റെ കേളി?
കണ്ടാലും കണ്ടാലും മതിവരില്ല,
കണ്ണുപൊത്തി കളിക്കയാണെന്‍റെ ഹോബി .
നടവഴി വിളിക്കുന്നു നിന്നെ വീണ്ടും,
കസേര വിട്ടു ഞാന്‍ പോരുകില്ല.
ചിന്തകള്‍ വന്നു പടിക്കല്‍ നില്പൂ.
ആട്ടിയോടിക്കാനാളുണ്ടേ.

ചോര തിളയ്ക്കുമ്പോഴെന്തു ചെയ്യും?
ഉണ്ട് ഞരമ്പിലൊരു വാട്ടര്‍കൂളര്‍.
ദയ വന്നു മുട്ടുംപോഴെന്തു ചെയ്യും?
ഉള്ളിലോരല്സേഷ്യന്‍ കാവലുണ്ട്.
ആജ്ഞകളുയരുമ്പോള്‍ എന്തുചെയ്യും?
വാക്കയ്യു പൊത്തുവാനഭ്യസിക്കും.
സ്നേഹം പൊതിയുമ്പോള്‍ എന്തുചെയ്യും?
ഏറെ നടിക്കുവാനെനിക്കറിയാം.
മരണത്തിന്‍മുന്നില്‍ നീയെന്തുചെയ്യും?
മറുമരുന്നപ്പോഴെയ്ക്കാവുകില്ലേ!

Monday 22 March, 2010

നീക്കിബാക്കി

ജന്മത്തിന്‍റെ കണക്കെടുക്കാനുള്ള
സമയമേതാണ്?
സ്വപ്നങ്ങളുടെ യാത്രാപഥം
ഒടുങ്ങുംപോഴോ
ചതിയുടെ കാണാചതുപ്പില്‍
കാലുറയുമ്പോഴോ,
കണ്ണീരും പ്രാക്കും
മുനകൂട്ടിയ കൊള്ളിവാക്കുകള്‍

നെഞ്ചു കലക്കുംപോഴോ
സ്നേഹത്തിന്‍റെ നീള്‍നഖങ്ങള്‍
കഴുത്തില്‍ ആഴുമ്പോഴോ

വിശ്വാസങ്ങളുടെ വേലിപ്പടര്‍പ്പ്
തകര്‍ന്നു വീഴുമ്പോഴോ
ആസക്തിയുടെ കുതിരപ്പാച്ചിലിനു പിന്നില്‍
ഒരു മുടന്തനാടാവുംപോഴോ,
നന്മയുടെ കുഴിമാടത്തിനു മുന്നില്‍
നിര്‍വാണം പൂകി നില്‍ക്കുംപോഴോ,
ഭൂമി കത്തിയെരിയുന്ന നേരം
വീണ വായിക്കുമ്പോഴോ,
പൊള്ളയായ ഉള്ളിനെ
പട്ടില്‍ പൊതിഞ്ഞു മറയ്ക്കുമ്പോഴോ
വിജയിക്കുന്ന നേരത്തും
പരാജിതാനാകുമ്പോഴോ?
ഓരോ ജന്മവും
ഒരു ബാക്കിപത്രമോ?
ഓരോ ജീവിതവും
ഒരു കണക്കെടുപ്പോ?


Friday 19 March, 2010

ഇരുളും വെളിച്ചവും


നിലാവിന്‍റെ

ഒരു കീറിലയിലാണ്

പെറ്റിട്ടത്.

അമ്മ പക്ഷെ,

നിഴലിന്‍റെ വിരിപ്പില്‍

ചോരപുതച്ചു കിടന്നുറങ്ങി.

കാവലിരുന്നു മടുത്ത

തെരുവുനായ

അമ്മയില്‍നിന്ന് ഉറവെടുത്ത

ചോരച്ചാല് നക്കിയെടുത്ത്

ചിറി നക്കിത്തോര്‍ത്തി.

എന്‍റെ ഒച്ചകുറഞ്ഞ കരച്ചില്‍കേട്ട്

ഉറുമ്പുകള്‍ക്ക് ദയ തോന്നിയോ?

അപ്പോഴേക്കും

ഒരു മേഘം ഓടിവന്ന്

നിലാവിനെ ഇരുട്ടാക്കി ,

മാന്ത്രികനായി.

ഞാനൊരു നേര്‍ത്ത

ഒച്ച മാത്രമായി.

"വെളിച്ചം ദുഖമാണ് ഉണ്ണീ

തമസ്സല്ലോ സുഖപ്രദം. "

എന്നെന്‍റെ ഫിലോസഫി.

ഇരുട്ടില്‍ ജനിച്ചുവളര്‍ന്നു

കരുവാളിച്ച്‌,

ഇരുണ്ട ജന്മമായി

ഇരുട്ടത്ത് തന്നെ

മരിച്ചുജീവിക്കുന്നു.

(ജീവിച്ചു മരിക്കുന്നു.)

വെള്ളിവെളിച്ചത്തിന്‍റെ പുത്രന്മാര്‍

തേടിവരുമ്പോള്‍

ഇരുട്ടിന്‍റെ ഇടനാഴിയില്‍

എല്ലുപൊന്തിയ ഉടലിന്‍റെ

കിടക്ക ഞാന്‍ വിരിക്കുന്നു.

ഉറങ്ങാതെ, ഉയിരോടെ.

എന്നും പുലര്‍ച്ചയ്ക്ക്

കരുതിവച്ചിട്ടുണ്ട്‌

ഞാനൊരു വാക്യം, ഈര്‍ഷ്യയോടെ.

"ഈ വെളിച്ചത്തിനെന്തു വെളിച്ചം."

Friday 12 March, 2010

ചോദ്യങ്ങള്‍


വഴിമരങ്ങള്‍ ചോദിച്ചു, തണല്‍ വേണ്ടേ?

പുള്‍ക്കൊടികള്‍ ചോദിച്ചു, പാദുകമാവണോ?

പുഴ വിളിച്ചു, എന്നില്‍ മുങ്ങിനിവരൂ.

കിളികള്‍ കൂടെ വന്നു , ഒരു താരാട്ടു കേള്‍ക്കുമോ?

നീലാകാശം നിറമുള്ള കുട നിവര്‍ത്തി.

മണല്‍തിട്ടു ചോദിച്ചു പട്ടുമെത്ത വേണ്ടേ?

രാത്രിസത്രങ്ങള്‍ വിളക്കുതെളിച്ചു, വിശ്രമം വേണ്ടേ?

ഉടയാടകള്‍ കാതിലോതി, പുതുക്കേണ്ടേ നിന്നേ?

പോകാന്‍ വിധിച്ചവന്‍ ഞാന്‍ ,യാത്ര തുടര്‍ന്നു.

തിരികെ വരും ഞാന്‍, വാക്കു പറഞ്ഞു.

കാതങ്ങള്‍ താണ്ടി മടങ്ങുമ്പോള്‍ കണ്ടു ഞാന്‍

കവര്‍ന്നെടുത്ത പാതയും, ഇരുണ്ടുപോയ സ്വപ്നവും.