Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

Sunday, 27 June, 2010

വനാന്തം

ആര്‍ത്തിയുടെ ഘോഷയാത്രകൾ
‍കാട്ടുപാതകളില്‍ ഇല്ലില്ല.
തീരവൃക്ഷങ്ങളില്‍
കിളി ചിലക്കുന്നു
ആശ്രമമൃഗങ്ങൾ തീണ്ടുന്ന നദീതീരത്ത്
അമ്പുകളെയ്യാന്‍ ഞാനില്ല.
കാറ്റിന്‍ കഥകള്‍ കേട്ടിട്ട്,
കാനനമേറാന്‍ ഞാനുണ്ട്.
നനഞ്ഞ പുല്‍മേടുകളില്‍
തുമ്പികള്‍ ചിറകു കുടയുമ്പോള്‍
തളിര്‍ത്ത ചില്ലകളാൽ
‍മരങ്ങള്‍ നൃത്തം തുടങ്ങുന്നു.
നിനച്ചിരിക്കാതെ വനപ്പച്ചയില്‍
മഴയുടെ പഞ്ചവാദ്യം
സന്ധ്യയില്‍ പുഴയുടെ നീലാംബരി.
മഞ്ഞില്‍ നിലാവില്‍,
നിഴലുകളുടെ പാവക്കൂത്ത്.
നീണ്ടുനില്‍ക്കാത്ത മഞ്ഞുകാലത്ത്,
ഇണപക്ഷികള്‍ തപസ്സു തുടങ്ങുന്നു.
കൂട്ടില്‍ സ്വപ്നത്തിന്‍റെ മുട്ടകള്‍.
വള്ളിക്കുടിലിലെ ഊഞ്ഞാലിൽ
‍സര്‍പ്പങ്ങളുടെ പ്രണയനൃത്തം.
കരിമണ്ണിന്‍റെ മെത്തയിൽ
‍കലഹംമൂത്ത ചെറുജീവികള്‍.
മുളംകാട്ടില്‍നിന്നൊരു ഫ്ലൂട്ട്,
മരച്ചില്ലകളുടെ വയലിന്‍,
അരുവികളുടെ തംബുരു,
അകലെനിന്നും ഒറ്റയാന്‍റെ ഡ്രം ബീറ്റ്,
കിളികളുടെ കോറസ്,
മഞ്ഞിന്‍റെ തിരശീലയിൽ
‍നിലാവിന്‍റെ നിറച്ചാര്‍ത്ത്,
കാട്ടിലിപ്പോള്‍ മഹാസിംഫണി
ആര്‍ത്തിയുടെ ഘോഷയാത്രകൾ
‍കാട്ടുപാതയിലേക്കാണ്.
കാടുകളില്ലത്ത ദേശത്തേക്ക്
ദേശാടനത്തിനിറങ്ങിയ വസന്തം
വിലാപത്തിന് കൂട്ടുറങ്ങി
തിരിഞ്ഞുനോക്കാതെ പോകുന്നു.
വഴിമരങ്ങളില്ലാത്ത പാതയിൽ
‍തണലും അത്താണിയും
ആള്‍ക്കുട്ടവുമില്ല.
മാനത്തെ മഴയില്‍
ഭൂമിയുടെ കണ്ണീരും അമ്ലവും.
ഈ വഴി പ്രളയകാലത്തേക്കാണ്‌.
കാട്ടിലിപ്പോള്‍
കബന്ധങ്ങളുടെഹംസഗാനം
നിലാവറ്റുപോയ കണ്ണിൽ
‍പൂക്കള്‍ വിടരുന്നത്
ഇതളുകളില്ലാതെ.
ഓരോ കാഴ്ചയിലും
കാട്ടുതീയുടെ വിരുന്ന്‌.
ചേക്കേറാന്‍ ചില്ലയില്ലാതെ
പ്രാര്‍ത്ഥനയുടെ പക്ഷികള്‍.
മണല്‍പ്പുറത്ത്
ഉറക്കം കാത്തുകിടക്കുമ്പോൾ
‍ഞാനുമെന്‍റെ പുഴയും
ഭൂമിയുടെ ഹൃദയത്തിലേക്ക്
പതുക്കെ.. പതുക്കെ
****************************
ഒരു പഴയ പോസ്റ്റാണ്. അധികമാരും കണ്ടില്ല. വായിച്ചിട്ടുള്ളവർ വിട്ടുകളയുക.
എന്റെ ഓർമ്മകളിൽ എപ്പോഴും കാടിന്റെ നിറവും മണവും നിശബ്ദതയും ഉണ്ട്.
Sunday, 20 June, 2010

അർജ്ജുനവിഷാദയോഗം


രാവിലേതന്നെ വിചാരം തുടങ്ങി.
(എത്ര കാലമായി നോക്കി നടത്തുന്നു
ഇന്നു രണ്ടിലൊന്നറിഞ്ഞിട്ടു കാര്യം)
എന്താണു ജീവിതം?
കേട്ടപാടെ മനസ്സ് വിങ്ങിവിങ്ങി പറഞ്ഞു.
“കൂടപ്പിറപ്പേ,
എത്ര കാലമായി ഞാൻ പറയുന്നു
ഇങ്ങനെ കൊട്ടിയടച്ചിരുന്നാലോചിച്ച്
എന്നെ കഷ്ടപ്പെടുത്താതെ
ഒന്നു പുറത്തിറങ്ങി ചുറ്റും കണ്ണോടിക്കാൻ.“
നീ ഒന്നു ചുമ്മാതിരിക്കുന്നുണ്ടോ
ഭാവനയും തത്വവിചാരവും
ഇങ്ങനെയിരുന്നു ധ്യാനിക്കുമ്പഴല്ലേ വരൂ.
നാശം പിടിച്ച മനസ്സ്, മൂഡ് പോയി.
ഇനി പ്രാതൽ കഴിഞ്ഞാവാം വിചാരധാര.!
വയറുനിറഞ്ഞതും വീണ്ടുംവിചാരം വന്നു.
ലോകം നേർവഴിക്കാണോ പോകുന്നത്?
തലച്ചോറിനാകെ ഭ്രാന്തു പിടിച്ചു.
“ഞാൻ പറഞ്ഞിട്ടുള്ളതല്ലേ
ഈ വക കുഴപ്പം‌പിടിച്ച ചിന്തയൊന്നും
എന്റെ വകുപ്പിൽ പെടുന്നതല്ലന്ന്?
രണ്ടെണ്ണം വീശി നിനക്കൊന്നു
റിലാക്സ് ചെയ്തുകൂടെ ഈ നേരത്ത്?
ശരിയാ, ലോജിക്കിന്റെ ലാഘവങ്ങളിൽ
കൈയടക്കം നേടാൻ ഇവനില്ലാതെങ്ങനെ.
സെല്ലെടുത്തു ചെവിയോടു ചേർത്ത്
കൂട്ടരെ ശീതീകരിച്ച മുറിയിൽ വരുത്തി.
തലയ്ക്കുള്ളിൽ തീത്തൈലത്തിന്റെ
ആവിപൊങ്ങിയപ്പോൾ
നട്ടെല്ലിൽ ധർമ്മബോധം വന്നു കുത്തി.
മനുഷ്യൻ എന്നത് ഒരു സുന്ദരപദമോ?
ആമാശയത്തോടൊപ്പം
കൂട്ടുകാരും കോപിച്ചുവശായി.
“തൊടങ്ങി അവന്റെ ഒടുക്കത്തെ സംവാദം.
നീയിനിയും ഔചിത്യം പഠിച്ചില്ലേ
വെട്ടിവിഴുങ്ങടാ ചുമ്മാ കലിപ്പുണ്ടാക്കാതെ
ആദ്യമന്നം പിന്നല്ലേയെന്തും?”
തിന്നും കുടിച്ചും വെടിപറഞ്ഞും പുകച്ചും
ചീട്ടുനിരത്തിക്കളിച്ചു കുണുക്കണിഞ്ഞും
കണ്ടപെണ്ണുങ്ങളോടൊപ്പം രമിച്ച
കഥ പറഞ്ഞും കേട്ടുരസിച്ചും
വീട്ടിലിരിക്കുന്ന നല്ലപാതിയെ തെറിപറഞ്ഞും
ലഹരിപതഞ്ഞൊച്ച വയ്ക്കവേ
സമയത്തിനൊപ്പം ചോദ്യവും മുങ്ങിപ്പോയി.
നാടോടുമ്പോൾ നടുവേയോടി വീട്ടിലെത്തി
കുളിച്ച് സുഗന്ധം‌പൂശി,യത്താഴം കഴിച്ചു.
റിമോട്ടുഞെക്കി ചാനൽ തിരയവേ
കലിവന്നു കണ്ണു ചുവന്നു.
പട്ടിണി, പരിസ്ഥിതി, തീവ്രവാദം,
കിടപ്പാടമില്ലാത്തവന്റെ സ്വത്വചർച്ച
മനുഷ്യാവകാശം, ഹൊ തുലഞ്ഞു.
ഒടുവിൽ ചിരിച്ചുമറിയാനൊരു
കോമഡി കിട്ടി, എല്ലാം മറന്നു ചിരിച്ചു.
മക്കളോടൊത്തുല്ലസിച്ചു.
സ്വർഗ്ഗത്തിലേക്കുള്ള ഇടവഴിയിലൂടെ
പ്രിയതമയോടൊത്തു നടന്നു വിയർത്ത്
നിർമ്മമനായിക്കിടക്കവേ
ഇത്തിരിയുറക്കെ ആത്മഗതം ചൊല്ലി
ഇത്രയൊക്കെയേയുള്ളൂ,മനുഷ്യന്റെ
സുഖാന്വേഷണം എത്ര നിസ്സാരമല്ലേ?
ഓ തൊടങ്ങി, എനിക്ക് കേൾക്കേണ്ടിതൊന്നും.
‘ആഹ്, മാ ഫലേഷു കഥാചന‘
എന്നൊരു ദീർഘനിശ്വാസമുതിർത്ത്
തിരിഞ്ഞുകിടന്നു.
ഒരു ദിവസം കൂടി കഴിഞ്ഞുപോയി.
ഇനിയുമുണ്ടല്ലോ കാലം
കാട്ടിക്കൊടുക്കാം ഞാൻ നാളെ മുതൽ.
Thursday, 10 June, 2010

നീ വെറുതെ കളഞ്ഞതായിരുന്നു നിനക്ക് സ്വന്തമായിരുന്നത് *


ന്യൂസ് പേപ്പർ ബോയ് അമ്പതാം വാർഷിക വേള. വലത്ത് ഇരിക്കുന്നത് കോമളം.

ഞാൻ അതിവിടെ അവസാനിപ്പിച്ചു.
നമ്മുടേതായ ലോകം
ജനലിലൂടെ നോക്കിനിൽക്കാൻ വേണ്ടി.(പാബ്ലോ നെരൂദ)


സിനിമ വന്നു കൈനീട്ടി നിന്നപ്പോൾ ഒന്നുമോർക്കാതെയല്ല,ഒരുപാട് എതിർപ്പുകൾ നേരിട്ടാണ് ഇറങ്ങിപ്പുറപ്പെട്ടത്. പക്ഷേ കൂടുതൽ ശക്തമായ ഭീഷണിയായി ജീവിതം പിന്നിൽ നിന്നു തിരികെ വിളിച്ചപ്പോൾ മടങ്ങിപ്പോന്നു. ഒടുവിൽ എനിക്ക് രണ്ടും നഷ്ടമായി,ജീവിതവും സിനിമയും.നെയ്യാറ്റിൻ‌കര കോമളം തന്റെ ജീവിതത്തിന്റെ തെരഞ്ഞെടുപ്പുകളെ വ്യാ‍ഖ്യാനിക്കുന്നത് ഇങ്ങനെയാണ്.


നമ്മുടെ ഓർമ്മകൾ മറന്നുപോയ ഒരുകാലത്തിൽ, നമുക്ക് വേണ്ടാത്ത രൂപത്തിൽ, കിനാവുകൾ കത്തിയെരിഞ്ഞ ചാരക്കൂമ്പാരത്തിനരുകിൽ അവർ ഇപ്പോഴും ഇരിക്കുന്നുണ്ട്.
എന്റെ മിഥ്യ തെരഞ്ഞെടുത്തത്
ഞാൻ തന്നെയാണ്.
തണുത്തുറഞ്ഞ ഉപ്പിൽനിന്ന്
ഞാനതിന്റെ രൂപം നിർമ്മിച്ചു.
പെരുമഴയ്ക്കനുസരിച്ചായിരുന്നു

എന്റെ കാലങ്ങൾ.
എങ്കിലും എനിക്കിപ്പോഴും ജീവനുണ്ട്.
ജീവിക്കുകയല്ലാതെ എനിക്ക് മറ്റു തരമില്ല.
പാബ്ലോ നെരൂദയുടെ ഈ വരികൾ നെയ്യാറ്റിൻ‌കര കോമളത്തെ സംബന്ധിച്ചിടത്തോളം നൂറുശതമാനം ശരിയാണ്.

ആഘോഷങ്ങളുടെ രാപകലുകളിലൂടെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ പായുന്ന മലയാളികൾക്ക് ഏത് ലേബലിലാണ് കോമളത്തെ പരിചയപ്പെടുത്തേണ്ടത്? എന്നാശങ്കപ്പെടുമ്പോഴും മനസ്സു പറയുന്നു. അതുവേണം.

1950ൽ പുറത്തിറങ്ങിയ വനമാല എന്ന സിനിമയിലഭിനയിച്ചുകൊണ്ട് 60വർഷം മുൻ‌പ് മലയാള സിനിമയിലെത്തിയ അഭിനേത്രി.(അന്നവർ കൌമാരക്കാരി ആയിരുന്നു.) മലയാളത്തിലെ ആദ്യ നവറിയലിസ്റ്റ് സിനിമയായ ന്യൂസ്പേപ്പർ ബോയിയിലെ നായിക. നിത്യഹരിതനായകനായിരുന്ന പ്രേം നസീറിന്റെ ആദ്യനായിക. പിന്നെ മലയാളികളുടെ പാരമ്പര്യസ്വഭാവമായ യാഥാസ്ഥിതികത്വം എന്ന ദുർഗുണം വിലക്കു കല്പിച്ച കലാകാരി. നെയ്യാറ്റിൻ‌കര കോമളത്തെ കുറിച്ച് പറയുമ്പോൾ ഇതിലേതാണ് ഓർക്കാൻ താല്പര്യം? ഒന്നുമുണ്ടാവില്ല.(മലയാളത്തിലെ ആദ്യനായിക പി.കെ.റോസിയെ കല്ലെറിഞ്ഞ് നാടുകടത്തിയ മഹാപ്രതിഭകളാണ് മലയാളികൾ. ഇപ്പോഴോ പെൺ‌മക്കളെ എങ്ങനെയൊന്നു സിനിമയിൽ കയറ്റിവിടാം എന്ന് കുടുംബത്തിൽ പിറന്നവർ തലപുകയ്ക്കുന്നു.)


കോമളം ഒന്നും മറക്കുന്നില്ല. മാത്രമല്ല ജീവിതമെന്ന പുഴ തന്നെ മോഹിപ്പിച്ചുകൊണ്ട് തന്റെ മുന്നിലൂടെ ഒഴുകിയകലുന്നത് നോക്കിനോക്കിയിരുന്ന് അവർക്കേറെ വയസ്സായി.അവർ സിനിമയിലെത്തിയതിന്റെ അറുപതാം വാർഷികം ആഘോഷിക്കാൻ ‘നിങ്ങളില്ലാതെ എനിക്കെന്താഘോഷം‘ എന്ന് മയക്കുന്ന ചിരിയുമായി ചോദിച്ചുകൊണ്ട് ആരും അവരുടെ പടി കടന്നെത്തുന്നില്ല. അതെ അവർ വെറുതെ കളഞ്ഞതായിരുന്നു അവർക്ക് സ്വന്തമായിരുന്നത്.

ന്യൂസ്പേപ്പർ ബോയിയുടെ അമ്പതാം വാർഷികം ആഘോഷിച്ചപ്പോൾ പോലും കോമളം വേണ്ടവിധത്തിൽ ആദരിക്കപ്പെട്ടോ? സംശയമാണ്. ഇരുപത്തിയൊന്നാം വയസ്സിൽ അഭിനയത്തോട് വിടപറഞ്ഞ് സെല്ലുലോയ്ഡിന്റെ പ്രഭാപൂരത്തിൽനിന്നും പിൻ‌വാങ്ങിയ കോമളം എന്ന സാധാരണ സ്ത്രീയെ ആരോർക്കാൻ. “ ന്യൂസ്പേപ്പർ ബോയ് പ്രദർശിപ്പിച്ചിട്ട് 55വർഷമാകുന്നു. ആ ചിത്രത്തിലഭിനയിച്ച ഞാൻ അഭിനയജീവിതത്തോട് വിടപറഞ്ഞിട്ടും അത്രയും വർഷമാകുന്നു.” നിരാശയോടെ, ഗൃഹതുരത്വത്തോടെ കോമളം ഓർമ്മിക്കുന്നു.

നെയ്യാറ്റിൻ‌കര മരുതൂർ കോവിച്ചൻ‌വിള രവിമന്ദിരത്തിൽ പങ്കജാക്ഷൻ‌മേനോന്റെയും കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ ആളാണ് കോമളാമേനോൻ. അച്ഛൻ പൊതുമരാമത്ത് ഉദ്യോഗസ്ഥനും അമ്മ അദ്ധ്യാപികയുമായിരുന്നു. സിനിമ കോമളാ മേനോന്റെ വിദൂരസ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല . നെയ്യാറ്റിൻ‌കര സെന്റ് തെരേസാസ് ഇംഗ്ലീഷ് കോൺ‌വെന്റ് സ്കൂളിൽ നിന്ന് പത്താംതരം കഴിഞ്ഞു നിൽക്കുമ്പോൾ പതിനാറാം വയസ്സിലാണ് സിനിമയിലേക്ക് വരുന്നത്. തനിക്കിഷ്ടമുള്ള ഭൂതകാലത്തിലേക്ക് അവർ പോകുന്നു.

തീയറ്റർ മാനേജരായിരുന്നു സഹോദരിയുടെ ഭർത്താവ്. അദ്ദേഹമാണ് അഭിനയിക്കാൻ പ്രേരിപ്പിച്ചത്. പക്ഷേ ചീത്തപ്പേരിന്റെ പേരും പറഞ്ഞ് യാഥാസ്ഥിതിക ബന്ധുക്കൾ എതിർത്തു. ഒരുവശത്ത് സിനിമയെന്ന പ്രലോഭനം. മറുവശത്ത് വാളെടുത്ത് അങ്കക്കലി പൂണ്ട് നിൽക്കുന്നവർ. അച്ഛൻ കോമളത്തിന് അഞ്ചു വയസ്സായപ്പോഴേ മരിച്ചു. അമ്മാവന്മാരുടെ സംരക്ഷണയിൽ കഴിയുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം കീഴടങ്ങിപ്പോകുന്ന ഒരു സന്ദർഭമായിരുന്നു അത്.(ഇന്നും നട്ടെല്ലു നിവർത്തി ഒരു സ്ത്രീ നിന്നാൽ അന്തസ്സും ആഭിജാത്യവും കടപുഴകിവീഴും എന്നു കരുതുന്ന ആളുകളാണ് മലയാളികൾ. അപ്പോൾ 50വർഷം മുൻ‌പുള്ള അവസ്ഥ പറയണോ.)

പക്ഷേ ഒടുവിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ഇറങ്ങിപ്പുറപ്പെടാൻ കോമളം തീരുമാനിച്ചു. ബന്ധുക്കൾ ഉയർത്തിയ സന്ദിഗ്ദ്ധാവസ്ഥയിൽ നല്ലതങ്കയിൽ നായികയാവനുള്ള അവസരം അതിനിടയിൽ കോമളത്തിനു നഷ്ടമായിരുന്നു. ഉദയാ സ്റ്റുഡിയോയിൽ പോയി സ്റ്റിൽ‌സ് വരെ എടുക്കുകയുണ്ടായി.

ഒടുവിൽ കോമളാമേനോൻ നെയ്യാറ്റിൻ‌കര കോമളമായി. ആദ്യചിത്രം വനമാല. പി.എ.തോമസ് ആയിരുന്നു സംവിധായകൻ. ചിത്രം ഹിറ്റായില്ല. പക്ഷേ കോമളത്തിന്റെ കഥാപാത്രം മാല ശ്രദ്ധിക്കപ്പെട്ടു. ഒരു ജമീന്ദാരുടെ കുടുംബത്തിൽ ദു:ഖങ്ങളെ താലോലിച്ച് ജീവിതം കഴിച്ചുകൂ‍ട്ടുന്ന ഒരു പെണ്ണായിരുന്നു അതിലെ നായിക. “നിർഭാഗ്യവശാൽ എന്റെ ജീവിതവും പിന്നീട് ആ കഥാപാത്രത്തിന്റേതുപോലെയായി.” കണ്ണീരിന്റെ ഉപ്പുചേർത്ത് കോമളം പറയുന്നു.

ജോസഫ് തളിയത്ത് ജൂനിയർ സംവിധാനം ചെയ്ത ആത്മശാന്തിയാണ് പിന്നീട് കോമളം അഭിനയിച്ച സിനിമ. വഞ്ചിയൂർ മാധവൻ നായരും മിസ് നായകനും നായികയും.നായികയുടെ അനുജത്തി ശാരദയുടെ വേഷമായിരുന്നു കോമളത്തിന്. എൻ.പി.ചെല്ലപ്പൻ നായരുടെ ശശികല എന്ന കഥയെ ആസ്പദമാക്കി തമിഴിലും ത്മശാന്തി നിർമ്മിച്ചത്. ചിത്രം നന്നായി ഓടി. കോമളത്തിന് സിനിമയിൽ തിരക്കേറി. ആത്മശാന്തിയെത്തുടർന്നാണ് കോമളം നസീറിന്റെ ആദ്യനായികയാകുന്നത്.
മരുമകൾ എന്നാണ് സിനിമയുടെ പേര്. സേലത്തുവച്ചാണ് ഷൂട്ടിംഗ്. പൊടിമീശയൊക്കെ വച്ച് നിറഞ്ഞ ചിരിയുമായി സെറ്റിലെത്തിയ അബ്ദുൾ ഖാദറിനെ കോമളം ഓർക്കുന്നു.(പിന്നീടാണ് അബ്ദുൾ ഖാദർ പ്രേം നസീർ ആകുന്നത്) അന്ന് നസീർ 21വയസ്സുകാരനും ഒന്നര വയസ്സുള്ള കുട്ടിയുടെ അച്ഛനുമായിരുന്നു. അന്ന് കോമളത്തിന് 16വയസ്സ് ആയിരുന്നു.

“ആ ഷൂട്ടിംഗ് കാലം മറക്കാനാവില്ല. ജീ‍വിതത്തിലെ പ്രകാശമുള്ള ഏടുകളാണത്. നസീർ സെറ്റിൽ അധികം സംസാരിക്കില്ല. എന്തെങ്കിലും ആരെങ്കിലും ചോദിച്ചാൽ മറുപടി പറയും. പക്ഷേ എല്ലാവരോടും അളവറ്റ സ്നേഹം.”

മരുമകൾക്ക് ശേഷം എഫ്.നാഗൂർ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുക്കിയ സന്ദേഹത്തിൽ കോമളം നായികയായി. ആ ചിത്രത്തിൽ എം.ജി.ആറിന്റെ സഹോദരൻ എം.ജി.ചക്രപാണിയായിരുന്നു കോമളത്തിന്റെ നായകൻ. അതിനെ തുടർന്നാണ്
ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന ന്യൂസ് പേപ്പർ ബോയ് എന്ന ചിത്രത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. അതിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. നാഗവള്ളി അർ.എസ്.കുറുപ്പാണ് അച്ഛനായി അഭിനയിച്ചത്.പി.രാംദാസായിരുന്നു സംവിധായകൻ. സ്വന്തം ജീവിതസാഹചര്യങ്ങളുടെ ഛായ ആ കഥാപാത്രത്തിനുണ്ടായിരുന്നു

ചിത്രത്തോടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും എതിർപ്പ് സഹിക്കവയ്യാതായി.എത്ര കാലമാണ് ഒരു ചെറിയ പെൺകുട്ടി ഒരുകൂട്ടത്തോട് ചെറുത്തുനിൽക്കുക? “എന്റെ യൌവനവും നല്ലകാലവും തെളിഞ്ഞു നിന്ന സമയത്ത് എനിക്ക് സിനിമയിൽ നിന്ന് എന്നെന്നേയ്ക്കുമായി വിടപറയേണ്ടിവന്നു.എന്റെ ഇരുപത്തിയൊന്നാം വയസ്സിൽ.”ഉള്ളിലെ തേങ്ങലിന്റെ താളമുണ്ട് കോമളതിന്റെ വാക്കുകളിൽ. സമൂഹം ഒരു വേട്ടക്കാരന്റെ രൂപഭാവങ്ങളോടെ എന്നും സ്ത്രീക്കുനേരേ മാത്രം അസഹിഷ്ണുത കാണിക്കുന്നതിന്റെ എല്ലാക്കാലത്തെയും ഉദാഹരണങ്ങളിൽ ഒന്നാണിത്.(എഴുത്തുകാരി രാജലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിലും സമൂഹത്തിന്റെ ഇത്തരം വേട്ടയാടലിന്റെ ചരിത്രമുണ്ടല്ലോ) യു.പി.സ്കൂളിൽ പഠിക്കുമ്പോൾ സൂപ്പർസ്റ്റാറിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് സിനിമയിൽ നിന്നും പണവും പ്രശസ്തിയും നേടി ആചാരവെടിക്കെട്ടോടെ വിവാഹം നടത്തി ആഘോഷമായി സിനിമയിൽ നിന്ന് പിൻ‌വാങ്ങുന്ന നായികമാരുടെ കലാകേളി നാം ഇപ്പോൾ കാണുന്നുണ്ടല്ലോ.

കോമളത്തിന് പക്ഷേ സിനിമ ഒന്നും നൽകിയില്ല. മാത്രമല്ല സിനിമയിൽ നിന്നും ജീവിതത്തിലേക്ക് അവരെ വലിച്ചിറക്കിക്കൊണ്ടുവരാൻ തിരക്കുകൂട്ടിയവർ ആരും തിരിഞ്ഞുനോക്കിയുമില്ല. എ.അയ്യപ്പൻ എഴുതിയപോലെ തിരിച്ചുവന്നപ്പോൾ മാളമില്ല തലചായ്ക്കാൻ എന്ന അവസ്ഥയായി. സിനിമയെന്ന സ്വപ്നവും നഷ്ടമായി, ജീവിതത്തിൽ ഒറ്റപ്പെടുകയും ചെയ്തു.
മെരിലാന്റ് അടക്കമുള്ള സിനിമാനിർമ്മാണ കമ്പനികൾ നിരന്തരം ഓഫറുകളുമായി അവരെ സമീപിക്കുമ്പോഴാണ് കോമളം മനസ്സില്ലാമനസ്സോടെ സിനിമയിൽനിന്നും ഇറങ്ങിപ്പോന്നത്. മലയാളസിനിമയുടെ പൂമുഖത്ത് കസേര വലിച്ചിട്ടിരിക്കുന്ന പല അനർഹരെക്കാളും ആ കസേരയ്ക്ക് അർഹത കോമളത്തിനുണ്ടായേനെ, അവർ സിനിമയിൽ തുടർന്നെങ്കിൽ. ഇപ്പോൾ സിനിമയുടെ പുറമ്പോക്കിൽ പോലും ഇടമില്ലാതെ, ആരാലും ഓർമ്മിക്കപ്പെടാതെ, അവർ ചരിത്രത്തിൽ നിന്നും വെട്ടിമാറ്റപ്പെട്ടിരിക്കുന്നു.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എന്താണ് ബാക്കി? സിനിമയിൽ കത്തിനിൽക്കുമ്പോൾ സമൂഹം അവരെ അവിടെനിന്നും വലിച്ചു പുറത്തിട്ടു. കോമളമാകട്ടെ പിന്നീട് പുറം‌ലോകത്തിനു നേരേ വാതിൽ കൊട്ടിയടച്ചു. “നീണ്ട 14വർഷം ഞാനൊതുങ്ങിക്കൂടി. വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. വാശിയായിരുന്നു. ജീവിതത്തിൽ എനിക്ക് നേടിയെടുക്കാൻ കഴിയുമായിരുന്നവ പലരും ചേർന്ന് തട്ടിത്തെറിപ്പിച്ചു. ഒടുവിൽ 35-ആം വയസ്സിലാണ് വിവാഹം നടന്നത്. അച്ഛന്റെ അനന്തരവൻ ചന്ദ്രശേഖരൻ ആയിരുന്നു വരൻ.

പക്ഷേ അതും നീണ്ടു നിന്നില്ല. 9വർഷം നീണ്ട ദാമ്പത്യജീവിതം ചന്ദ്രശേഖരന്റെ മരണത്തോടെ അവസാനിച്ചു. ഒരു അമ്മയാവാനുള്ള ഭാഗ്യവും അവർക്കുണ്ടായില്ല. ജീവിതത്തിലുടനീളം അവരെ ഒറ്റപ്പെടുത്താൻ അരൊക്കെയോ നടത്തിയ ഗൂഡാലോചനയിൽ അങ്ങനെ വിധിയും പങ്കുചേർന്നു. കടൽത്തീരത്തെ നനഞ്ഞ മണൽത്തരികളെക്കാൾ ഭാരമേറിയ സ്വന്തം ദു:ഖങ്ങളുമായി ഒരു ജീവിതം മുഴുവൻ ഒറ്റയ്ക്ക് മനസ്സിന്റെ ഏകാന്തതയിൽ അവർ കഴിച്ചുകൂട്ടി. “ ഒന്നും പ്രതീക്ഷിക്കാനില്ലാതെ, നല്ല വാക്കും സ്നേഹവുമായി ആരും കടന്നുവരാനില്ലാതെ,എന്റെ മാത്രം ലോകത്ത് യുഗങ്ങൾ പോലെ നീളുന്ന ഒരു ജീവിതം ഞാൻ ജീവിച്ചുതീർക്കുന്നു.” എന്ന് കോമളം നിസ്സംഗയാവുന്നു.

തൊഴുത്തിൽകുത്തിന്റെയും ചെളിവാരിയെറിയലിന്റെയും ഊരുവിലക്കിന്റെയും പണക്കൊഴുപ്പിന്റെയും കല തൊട്ടുതേച്ചിട്ടില്ലാത്ത പെരുമാറ്റത്തിന്റെയും സർവ്വോപരി നന്ദികേടിന്റെയും പര്യായമായ മലയാള സിനിമ കോമളത്തെപ്പോലുള്ളവരെ ഓർമ്മിക്കുമോ? ഞാനും എന്റെ വാലാട്ടികളും എന്ന വിഷയത്തിലാണല്ലോ അവരെല്ലാം പി.എച്ച്.ഡി. എടുത്തിട്ടുള്ളത്.പിന്നിൽ വീണുപോയവരെ തിരിഞ്ഞുനോക്കാതെ ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ വെമ്പുന്ന (മഹാഭാരതത്തിൽ പാണ്ഡവരുടെ മഹാപ്രസ്ഥാനം) ഒരു യാത്രയിലാണല്ലോ മലയാള സിനിമ ഇന്ന്.
“ഒരേയൊരു സിനിമയിലേ ഒന്നിച്ചഭിനയിചിട്ടുള്ളൂ. പിന്നീടൊരിക്കലും കണ്ടിട്ടുമില്ല. പക്ഷേ 30വർഷത്തിന് ശേഷം എനിക്കൊരു കത്തുകിട്ടി. നെയ്യാറ്റിൻ‌കര കോമളം, സിനി ആർട്ടിസ്റ്റ്, നെയ്യാറ്റിൻ‌കര. എന്ന വിലാസത്തിൽ. ഒരു വിവാഹ ക്ഷണപ്പത്രിക. പ്രേംനസീറിന്റെ ഇളയ മകൻ ഷാനവാസിന്റെ വിവാഹം ക്ഷണിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. തീർച്ചയായും വരണം വരാതിരിക്കരുത് എന്ന് നിർബന്ധിച്ചെഴുതിയ കത്ത്. ഞാൻ ഇന്നും നിധിപോലെ ആ കത്ത് സൂക്ഷിച്ചു വച്ചിരിക്കുന്നു.
ഞാൻ ആശ്ചര്യപ്പെട്ടു. സിനിമയിൽ കത്തിനിൽക്കുന്ന അദ്ദേഹം അതിന്റെ ഓരങ്ങളിൽ പോലുമില്ലാതെ മറഞ്ഞുപോയ എന്നെ ഇത്ര വർഷങ്ങൾക്കു ശേഷവും ഓർത്തല്ലോ. വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ ചെന്നിറങ്ങുമ്പോൾ ഞാൻ അമ്പരന്നു. ആകെ തിരക്ക്. ആരാധകരുടെയും പ്രമുഖരുടെയും പ്രവാഹം. ആരാണെന്നെ തിരിച്ചറിയുക? പക്ഷേ എവിടെ നിന്നെന്നറിയില്ല, അദ്ദേഹം ഓടിയെത്തി. ഭാര്യയുടെയും മകന്റെയും അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇതെന്റെ ആദ്യ നായിക കോമളം എന്നു പരിചയപ്പെടുത്തി. വിവാഹം കഴിഞ്ഞു പോകാനിറങ്ങിയ എന്റെയൊപ്പം ഗേറ്റിൽ വരെ അദ്ദേഹം വന്നു. നല്ല വാക്കുകൾ പറഞ്ഞു യാത്രയാക്കി.” കോമളത്തിന്റെ കണ്ണുകളിൽ സ്നേഹവും നിർവൃതിയും കണ്ണീർക്കണങ്ങളായി തിളങ്ങുന്നു.

( പ്രേം നസീർ മലയാള സിനിമയ്ക്ക് നൽകിയ ധാർമ്മികഗുണങ്ങളെല്ലാം വളരെ വേഗത്തിൽ കുപ്പത്തൊട്ടിയിലെറിഞ്ഞ് അദ്ദേഹത്തെയും മറന്നുകൊണ്ടിരിക്കുന്ന പുതിയ കാലത്തിന് ഇതൊരു സെന്റിമെന്റൽ തമാശയായി മാത്രമേ തോന്നൂ.പക്ഷേ കോമളത്തിന് അത് തന്റെ ജീവിതത്തിലെ ദീപ്തമായ ഒരോർമ്മയാണ്) “അദ്ദേഹത്തിന്റെ മരണം എന്നെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹം മനുഷ്യനായിരുന്നു.മനുഷ്യനെ തിരിച്ചറിയുന്ന പച്ചമനുഷ്യൻ”

നെയ്യാറ്റിൻ‌കര കോമളത്തിന് വയസ്സ് 75 കഴിഞ്ഞിരിക്കുന്നു. പ്രായത്തിന്റെ അവശതകൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. സഹോദരിയോടൊപ്പമാണ് താമസം. അവർക്ക് ജീവിതം ഇപ്പോൾ ഒഴുകുന്ന ഒരു പുഴയല്ല. തളംകെട്ടി നിൽക്കുന്ന ഒരു ജലാശയം മാത്രം. അവിടെ ഓർമ്മകളുടെ നേർത്ത അലകൾ മാത്രം. എവിടേയ്ക്കും സഞ്ചരിക്കാനില്ലാത്ത സ്വന്തം ജീവിതത്തിന്റെ ജാലകത്തിനരുകിൽ ഒരിക്കലും തന്റെയടുത്തേക്ക് വരാത്ത പുറ‌ലോകത്തെ നോക്കി അവർ ഇരിക്കുന്നു. പേരിനൊപ്പം കൂട്ടിപ്പറയാൻ ഒരുപാട് സിനിമകൾ ഇല്ല. അവാർഡുകളില്ല. ദു:ഖപുത്രിയായി സിനിമയിലെത്തി, ആ വേഷം ജീവിതത്തിലും തുടരേണ്ടിവന്നതിന്റെ ഒരു വ്യഥ അവരെ എന്നും അലട്ടിയിരുന്നു. അഭിനയത്തിൽ ജീവിക്കാനായില്ല. ജീവിതത്തിൽ അഭിനയിക്കാനുമായില്ല.

10വർഷം മുൻ‌പ് ഒരു സീരിയലിൽ അവർ അഭിനയിച്ചിരുന്നു.പിതൃവനത്തിൽ. എം.ആർ.ഗോപകുമാറിന്റെ അമ്മവേഷത്തിൽ. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം സീരിയൽ‌ഫീൽഡിൽ തുടർന്നില്ല.സീരിയലിൽ അഭിനയിക്കാൻ അടുത്തിടെ വരെ ക്ഷണമുണ്ടായിരുന്നു. പക്ഷേ വയ്യ. “ മരിക്കുന്നതിനു മുൻപ് ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ. ഒരിക്കൽ കൂടി ഒരു സിനിമയിൽ അഭിനയിക്കണം. പക്ഷെ ആരാ കിഴവിയായ എന്നെ വിളിക്കുക.....” നിരാശ വന്ന് അവരുടെ അവസാന സ്വപ്നത്തെ മൂടിക്കളയുന്നു.

ജീവിതത്തിലും സിനിമയിലും വലിയ ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന കോമളാമേനോൻ ദാ ഇവിടെ തീരെ ചെറുതാക്കപ്പെട്ട് നിറം മങ്ങി വരയും പൊട്ടലും വീണ ഒരു ബ്ലാക്&വൈറ്റ് ഓർമ്മ പോലുമല്ലാതെ ആയിത്തീർന്നിരിക്കുന്നു. സെല്ലുലോയ്ഡിന്റെ വർണ്ണലോകത്തിൽ തന്റെ നിറമാർന്ന രൂപം കാണാൻ അവർക്ക് കഴിഞ്ഞതേയില്ല. തന്റേതല്ലാത്ത കുറ്റങ്ങളാൽ അവർ അവർക്ക് അവകാശപ്പെട്ട തറവാട്ടിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു. നെരൂദയുടെ ഈ വരികൾ കൂടി അവരുടെ ജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയോട് ചേർത്ത് വയ്ക്കാം.
ഞാൻ എന്തായിരുന്നു എന്നതിലേയ്ക്കും
എന്താണ് എന്നതിലേയ്ക്കും
മടങ്ങിവരാനല്ല
ഞാൻ തിരിച്ചുപോകുന്നത്.
ഇതിലധികം സ്വയം വഞ്ചിക്കാൻ
ഞാനിഷ്ടപ്പെടുന്നില്ല
പിന്നോട്ട് അലയുന്നത് അപകടമാണ്.
പെട്ടന്നതാ ഭൂതകാലം
തടവറയായി മാറിയിരിക്കുന്നു
* ശീർഷകം( ഷോത റസ്താവേലി എന്ന ജോർജ്ജിയൻ കവിയുടെ വരികൾ)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അനുബന്ധം. :- വർഷങ്ങൾക്ക് മുൻപ് നെയ്യാറ്റിൻ‌കരയിൽ ജോലി നോക്കുമ്പോൾ കോമളത്തിനെ കണ്ട് തയ്യാറാക്കിയ കുറിപ്പാണിത്. അന്ന് എടുത്ത ഫോട്ടോകൾ മറ്റൊരാളുടെ കയ്യിൽ ആയി.നെയ്യാറ്റിൻ‌കര കോമളം എന്ന പഴയ സിനിമാതാരത്തിന്റെ ചിത്രങ്ങൾ നോക്കി ഇന്റർനെറ്റിൽ പോയപ്പോൾ അവരുടെ പഴയതും പുതിയതുമായ ഒരു ചിത്രം പോലും കണ്ടെത്താനായില്ല. ചലച്ചിത്ര അക്കാദമിയുടെ ഫോട്ടോഗ്യാലറിയിലുമില്ല. എന്തൊരു ദയാരാഹിത്യമാണ് നാം പഴയ മനുഷ്യരോട് കാട്ടുന്നത്? മറവിക്കെതിരെ ഓർമ്മയുടെ സമരം നാം എന്നാണ് തുടങ്ങുന്നത്.?

00000000000000000
Thursday, 3 June, 2010

കഥയുടെ നെഞ്ചിലെ നിലവിളികൾ
ഇരുപതുകളിലേക്ക് കാലൂന്നിയ ഒരു എഴുത്തുകാരന്റെ ആദ്യ കഥാപുസ്തകം വായിക്കാന്‍ കൈയിലെടുക്കുമ്പോള്‍ എന്തൊക്കെയാണ് വായനക്കാരന്‍ പ്രതീക്ഷിക്കുക?. പ്രണയത്തിന്റെ നട്ടുച്ചയും മഴകാലവും അതിശൈത്യവും. ഞാന്‍ എന്ന ഭാവത്തില്‍ കേന്ദ്രീകരിച്ചുള്ള ആഖ്യാനം. യൌവനത്തിന്റെ രതി പതഞ്ഞുപൊന്തുന്ന ആഘോഷങ്ങള്‍.ഒറ്റപ്പെട്ടവന്റെ തേങ്ങലുകള്‍. ഏറ്റവും പുതിയ ജീവിതത്തിന്റെ ഭാഷയും സംസ്കാരവും. നഗരത്തിന്റെ രാത്രിയും പകലുകളും. ഒരു മൂല്യവും കാത്തുസൂക്ഷിക്കേണ്ടതില്ല എന്ന പുതിയ ലോകക്രമത്തിന്റെ ഫിലോസഫിയെ ന്യായീകരിക്കുന്ന പ്രമേയങ്ങള്‍.ഇലക്ട്രോണിക് മീഡിയാ തന്ത്രങ്ങള്‍ പയറ്റുന്ന കഥപറച്ചില്‍. ഇതും ഇതിനപ്പുറവുമുള്ള, കാലം കഥയോട് നിരന്തരം ആവശ്യപ്പെടുന്നു എന്നു നാം വാദിക്കുന്നതെല്ലാം നാം തേടും.
സാഹിതി അക്കാദമിയുടെ ഗീതാഹിരണ്യന്‍ സ്മാരക പുരസ്കാരം നേടിയ ‘ജനം(കാഞ്ഞങ്ങാട് ഒഡേസ ഫിലിം സൊസൈറ്റി നിര്‍മ്മിതി)“ എന്ന കഥാസമാഹാരത്തില്‍ പി.വി.ഷാജികുമാര്‍ നമുക്കായി ഇതൊന്നുമല്ല കരുതി വച്ചിരിക്കുന്നത്. ഏറ്റവും പുതിയ തലമുറയിലെ ഈ എഴുത്തുകാരന്‍ “എന്നുടെ ഒച്ച കേട്ടുവോ വേറിട്ട്” എന്ന് തന്റെ കഥകളിലൂടെ നിശബ്ദമായി, നിരന്തരം ചോദിക്കുന്നു.
തീര്‍ത്തും അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലം. വികേന്ദ്രീകരിക്കപ്പെടുന്ന മനുഷ്യജീവിതം. നഗരജീവിതം അതിന്റെ എല്ലാ കരുത്തും ഉപയോഗിച്ച് നമ്മില്‍ ഭൂതാവേശം നടത്തുന്ന കാലം.ഗ്രാമീണവും നിഷ്കളങ്കവുമായ ജൈവവ്യവസ്ഥയും സംസാരവും ഭാഷയും ജീവിതവീക്ഷണവും കുഴികുത്തിമൂടി ആകാശക്കോട്ടകള്‍ പടുത്തുയര്‍ത്തുന്ന കാലം. മനുഷ്യന്‍ സാറ്റലൈറ്റ് ജീവിതം ജ്വലിപ്പിക്കുന്ന കാലം. മണ്ണും മരങ്ങളും ജീവജാലങ്ങളും ആകാശമേല്‍ക്കൂരയും അധിനിവേശങ്ങളില്‍ പിളര്‍ന്നൊടുങ്ങുന്ന കാലം. പണവും ആയുധവും കൈക്കരുത്തും ഡിസൈനര്‍സ്വപ്നങ്ങളുമായി കയ്യൂക്കുള്ള കാര്യക്കാര്‍ വേട്ടയാടാന്‍ ഇരകളെ തേടിപ്പിടിക്കുന്ന കാലം. അതിജീവിക്കാന്‍ ശേഷിയില്ലാതെ നേര്‍ത്ത ജീവിതങ്ങളെല്ലാം കീഴടങ്ങുന്ന കാലം. പ്രതിരോധിക്കാന്‍ കഴിയാത്തതിനാല്‍ പീഡകനും ചൂഷകനും കീഴില്‍ എല്ലാ ദേശ്യജീവിതങ്ങളും കിടന്നു കൊടുത്തു സുഖിക്കുന്ന കാലം.
“ഞാന്‍ ബലിയാടായി തുടരുകതന്നെ ചെയ്യും ആരെങ്കിലും അതാകേണ്ടിയിരിക്ക“ എന്ന മനസ്സോടെ കഥയില്‍, ജീവിതത്തില്‍, ഭാഷയില്‍, സംസ്കാരത്തില്‍,പ്രതിരോധത്തില്‍, മനുഷ്യമനസ്സുകളില്‍, ജീവജാലങ്ങളില്‍, സ്നേഹത്തില്‍, കാരുണ്യത്തില്‍, കരച്ചിലില്‍, മരണവൃത്തങ്ങളില്‍, വ്യാപരിക്കുകയാണ്ഷാജിയുടെ എഴുത്തകം. നഷ്ടപ്പെട്ടതും നഷ്ടപ്പെട്ടുപോകുന്നതുമായ ചെറുജീവിതങ്ങളെ പുനരധിവസിപ്പിക്കുന്ന ഒരു ശരണാലയമാണ് ഈ പുസ്തകത്തിലെ കഥകള്‍. അതുകൊണ്ടുതന്നെ അത് അസാധാരണമായ ജീവിതചിത്രങ്ങളാണ് നമുക്കു തരുന്നത്. പുസ്തകത്തിന്റെ അവതാരികയില്‍ തുടങ്ങുന്നു ഈ അസാധാരണത്വം.
ഉത്തരാധുനിക നിരൂപകരുടെയോ ഏതെങ്കിലും ഗോഡ്ഫാദറായ എഴുത്തുകാരന്റെയോ വാക്കുകളുടെ വ്യാഖ്യാനദാനങ്ങള്‍ തേടിപ്പോയില്ല ഈ ചെറുപ്പക്കാരന്‍. പകരം അക്ഷരമറിയാത്ത, അക്കാദമിക് ജാഡകളില്ലാത്ത എന്നാല്‍ താന്‍ പറയാന്‍ പോകുന്ന ദേശത്തിന്റെ ജീവിതത്തെ രക്തത്തിലും ഭാഷയിലും ചേര്‍ത്തുവച്ച കുട്ട്യന്‍ എന്ന തെങ്ങുകയറ്റക്കാരന്റെ വാക്കുകള്‍ തന്റെ കഥകളുടെ ഹൃദയവാതിലായി ചേര്‍ത്തു വച്ചു.
പതിനൊന്നു കഥകളാണ് ജനത്തിലുള്ളത്. എല്ലാ അര്‍ത്ഥത്തിലും കാസര്‍ഗോഡന്‍ ഗ്രാമജീവിതങ്ങള്‍ പകര്‍ത്തുന്നത്. എല്ലാ കഥകളിലും ഇരകള്‍ ഉണ്ട്, അതിനാല്‍ അധിനിവേശകനായ വേട്ടക്കാരനുമുണ്ട്. സഹനവും വിഷാദവും ദുരന്തവും മരണവും കണ്ണീരും നിസ്സഹായമായ ദൈന്യവും ഉണ്ട്. അതേസമയം മാറുന്ന കേരളീയജീവിതങ്ങളുടെ അതിസൂക്ഷ്മമായ പോര്‍ട്രെയ്റ്റുകളുമുണ്ട്. കമ്പോളവല്‍ക്കരണത്തിന്റെ വൈറസ് ബാധ,ഉപഭോഗികളുടെ സ്വാര്‍ത്ഥവഴികള്‍, നാലുകാലില്‍ വീഴുന്ന പൂച്ചയായി എവിടെയും നിലനില്‍ക്കുന്നത്, നോക്കിയിരിക്കെ രൂപമാറ്റം വരുത്തി എന്തിലും കയറിക്കൂടി കാര്യലാഭമുണ്ടാക്കുന്നത്, എല്ലാമെല്ലാം. അത് കഥകളില്‍ ദ്വന്ദ്വങ്ങളെ സൃഷ്ടിക്കുന്നു.
ഒരു പഞ്ചതന്ത്രം കഥ, ചൂട്ട്, രാജാവിന്റെ മക്കള്‍, കുട ചൂടുന്നവര്‍, ബൂര്‍ഷ്വാസിയുടെ സ്പെല്ലിംങ്, ചൂണ്ടയും കാത്ത് ഒരു മഞ്ഞളാട്ട, ഒറ്റ, കണ്ണു കീറല്‍, ജനം, അണങ്ങ്, ഈശ്വരന്റെ തുപ്പല്‍ എന്നിവയാണ് കഥകള്‍.
പതിനൊന്ന് കഥകളിലും ഏറിയോ കുറഞ്ഞോ കടന്നുവരുന്ന ആശയങ്ങളോ അവസ്ഥകളോ ഉണ്ട്. അതിലൂടെ കടന്നുപോകുന്നത് ഒരു അനുഭവമാണ്. “ പലിശ, പറ്റുപടി, വൈദ്യനും വാടകയും പങ്കിട്ടെടുത്ത പല കള്ളികള്‍, ഋണധനഗണിതത്തിന്റെ രസഹീനമാം ദുര്‍ന്നാടം”(ചുള്ളിക്കാട്-ഗസല്‍) എന്നു കണ്ടെത്താവുന്ന ഗ്രാമീണ ദൈന്യജീവിതം എല്ലാ കഥകളിലുമുണ്ട്.ആഗോളവല്‍ക്കരിക്കപ്പെടുന്ന ഈ ലോകക്രമത്തില്‍ ജീവിക്കാന്‍ ഒട്ടും അറിയാത്ത മനുഷ്യര്‍. അങ്ങനെ ജീവിതം വഴിവക്കിലുപേക്ഷിക്കുകയോ അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്ത ഒട്ടേറെ മനുഷ്യര്‍.
പട്ടിയാണെന്നു കരുതി കുറുക്കന്‍ കുഞ്ഞിനെ വളര്‍ത്തുന്ന പരാജയപ്പെട്ട മായാജാലക്കാരന്‍ എളേപ്പന്റെ കഥയാണ് ഒരു പഞ്ചതന്ത്രം കഥ. സ്വന്തം ജീവിതം എന്താണെന്നു തിരിഞ്ഞുകിട്ടാത്ത മനുഷ്യന്‍ തന്നെയാണതിലെ നായകന്‍. ഭാര്യയുടെ രാത്രിസഞ്ചാരത്തിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ ജീവിക്കേണ്ടി വരുന്നു അയാള്‍ക്ക്. പക്ഷെ ഒരു തവണ മൂവളാംകുഴി ചാമുണ്ഡിയെ സ്റ്റേജില്‍ അപ്രത്യക്ഷമാക്കുന്ന വിദ്യ പ്രയോഗിച്ച് വിജയിക്കുന്ന അന്ന് അയാള്‍ കശുമാവിന്‍‌തോപ്പില്‍ തൂങ്ങിയാടുന്നു. “വിജയത്തെക്കാള്‍, തോല്‍‌വിയിലെ ലഹരി തോറ്റവനേ അറിയൂ“ എന്ന് അയാള്‍ മുന്‍പ് കഥ ആഖ്യാനം ചെയ്യുന്ന കുട്ടിയോടു പറയുന്നുണ്ട്. അയാള്‍ തൂങ്ങിയാടുന്നതിന്റെ തൊട്ടടുത്ത് കുറുക്കനും മരിച്ചുകിടക്കുന്നു.
ചൂട്ട് എന്ന കഥയില്‍ രാജന്‍ എന്ന ചെറുപ്പക്കാരന്‍ പോലീസില്‍ ചേരുന്നതോടെ വരുന്ന മാറ്റമാണ്. കമ്മ്യൂണിസ്റ്റുകാരനായ ബോള്‍ഷെവിക് ഗോവിന്ദന്റെ മകന്‍ ഏറ്റവും ക്രൂരനായ പീഡകനും മര്‍ദ്ദകനുമായി മാറുന്നുണ്ട്. അടിയന്തരാവസ്ഥയിലെ രാജനെ ഓര്‍ത്താണു ഗോവിന്ദന്‍ മകന്‍ ആ പേരു നല്‍കിയത്. പക്ഷെ അവന്റേത് നെരെ വിപരീത ജീവിതമായി. ഒടുവില്‍ ഗതികെട്ട് ഗോവിന്ദനു തന്നെ അയാളെ തീര്‍ക്കേണ്ടി വരുന്നു. അധികാരം കിട്ടിയാല്‍ ചവുട്ടിയരയ്ക്കപ്പെടുന്നവനും പീഡകനാവുമല്ലോ.
രാജാവിന്റെ മക്കള്‍ എന്ന കഥ മലയാളിയുടെ നടപ്പുശീലത്തെപറ്റി ഉണ്ടായ നല്ല കഥകളില്‍ ഒന്നാണ്. ഒന്നുമല്ലാതിരിക്കെത്തന്നെ എല്ലാമാവുന്ന, ഓരോ ഇടങ്ങളിലും കാര്യം കാണാന്‍ ഓന്തിനെപോലെ ഓരോ രൂപമാകുന്ന മലയാളിയുടെ ഹിപ്പോക്രസി കഥയില്‍ വരുന്നു. മകന് ദിനേശ് ബീഡി സ്കോളര്‍ഷിപ്പിന് വല്യമ്മയുടെ മരണ സര്‍ട്ടിഫിക്കറ്റ് തേടിയിറങ്ങുന്ന ഒരാള്‍ പലയിടങ്ങളില്‍ പലരൂപത്തില്‍ പല പേരുകളില്‍ പ്രത്യക്ഷപ്പെടുന്ന ‍അവസ്ഥ.അയാൾ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഇക്കണോമിക് ടൈംസ് വായിക്കുന്ന,ആഗോളവൽക്കരണത്തെ പൂകഴ്ത്തുന്നവൻ. ബസ്സിൽനിന്നിറങ്ങവെ സ്ത്രീകളുടെ മാറിലും പിൻ‌ഭാഗത്തും തലോടുന്ന അയാൾ പുറത്തിറങ്ങി ആദ്യം കാണുന്ന ഫെമിനിസ്റ്റിനോട് സ്ത്രീപ്രശ്നങ്ങളെപ്പറ്റി പറയൂകയും അവരുടെ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുകയും ചെയ്യുന്നു. നേരെ അയാൾ ജീവനകലയുടെ പൂതിയ ബാച്ചിലേക്ക് അഡ്മിഷൻ എടുക്കുന്നു. നേരേ നടക്കുന്ന അയാൾ ഇടതുപക്ഷസംഘടനയുടെ ജാഥയിൽ കയറി നേതാവിനോട് വിപ്ലവത്തെപ്പറ്റി സംസാരിക്കുന്നു. നേരെ സെക്രട്ടേറിയറ്റിൽ കയറി ഒപ്പിട്ട് അമൃതാനന്ദമയിയുടെ അനുഗ്രഹം വാങ്ങാൻ പോകുന്നു. തെരുവിലൂടെ നടക്കെ ജീവനുവേണ്ടി പായുന്നവനെ അടിച്ചിട്ട് കലാപകാരികൾക്കൊപ്പം ചേരുന്നു. ഒടുവിൽ വീട്ടിലെത്തുമ്പോൾ ജീവിക്കാൻ വകയില്ല്ലാത്ത പട്ടിണിപ്പാവം. നിലപാടില്ലാതെ കുഴങ്ങുന്ന അല്ലെങ്കിൽ വിജയിക്കുന്ന മലയാളിയൂടെ നേർചിത്രമാണീ കഥ.
മരിച്ച സ്വന്തം കുഞ്ഞിനെയും തോളിലിട്ട് കുടചൂടി മഴയത്ത് പുഴ കടന്ന് വീട്ടിലേക്ക് പോകുന്ന ഗംഗൻ. കുട്ടി മരിച്ചതറിയാതെ അവൻ ഉണരുമ്പോൾ നൽകാൻ ഉള്ളീവട സമ്മാനിക്കുന്ന വൃദ്ധൻ. മരിച്ച കുട്ടിക്ക് മഴ കൊള്ളിക്കാതെ നടക്കുന്ന ഗംഗന്റെ ചിത്രം ഒരു വേദനയാണ്.
ബൂർഷ്വാസിയുടെ സ്പെല്ലിംങ് കാണാതെപോയി പത്രത്തിലെ ചിത്രമാവുന്ന ശിവരാമൻ വാഴക്കോട് എന്ന ബാർബർ തന്റെ കാലത്തെയും ജീവിതാവസ്ഥയെയും നോക്കിക്കാണുന്ന രംഗമാണ്. അവിടെ തന്നോടൊപ്പം ചിത്രത്തിലായവരുമായും സംവാദം നടക്കുന്നു. വ്യക്തിബോധവും സമൂഹബോധവും തമ്മിൽ ആശയവും ആവിഷ്കാരവും തമ്മിൽ നിലനിൽക്കുന്ന ‍അന്തരം പ്രത്യേകിച്ചും വിപ്ലവാ‍ശയങ്ങൾ ഈ കഥയിൽ സൂക്ഷ്മദർശിൻനയിലൂടെ കടന്നുപോകുന്നു.
ചൂണ്ടയും കാത്ത് ഒരു മഞ്ഞളാട്ട ഗതിപിടിക്കാത്ത ഗ്രാമീണന്റെ ജീവിതവും അവനിൽ നിന്നും എത്രയോ ദൂരേയ്ക്ക് കുതറിപ്പോയ ഒരു ലോകത്തിന്റെയും കഥയാണ്. രാമന്റെ മക്കൾ കണ്ടത്തിൽ നിന്നും കഷ്ടപ്പെട്ട് പെറുക്കിയെടുക്കുന്ന കക്ക വിദേശത്തുനിന്നെത്തുന്ന രാമന്റെ പഴയ സഹപാഠി ബാലന്റെ വീട്ടിലെ മീനുകൾക്ക് ഭക്ഷണമാകുന്ന കാഴ്ച. പകരം ബാലൻ കൊടുക്കുന്നത് ഒരു മസ്സാജർ.ഇത്തരം ദ്വന്ദ്വങ്ങളും സറ്റയറും കഥകളിൽ തുടരെ വരുന്നു.
ഒറ്റ ഒരു റഷ്യൻ നാടോടിക്കഥയുടെ കേരളീയ പരിസരത്തുള്ള ആഖ്യാനം ആണ്. അതിനപ്പുറം നമ്മുടെ ഭരണകൂടങ്ങളും കപടരാഷ്ട്രീയക്കാരും ചേർന്ന് എങ്ങനെ ഒരു ജനതയെ മോഹവലയത്തിലാക്കി മയക്കിക്കിടത്തി ഇല്ലായ്മ ചെയ്യുന്നു എന്നാണ് പറയുന്നത്. മനസ്സിൽ നന്മ സൂ‍ക്ഷിക്കുന്നവൻ കൂട്ടത്തിൽ ഒറ്റയായിരിക്കുമെന്നും അവനെ ആരും കണക്കിലെടുക്കില്ലെന്നും അവന്റെ വാക്കുകൾ ആരും വിശ്വസിക്കുകയില്ലെന്നും ഇവാന്റെ അനുഭവങ്ങൾ പഠിപ്പിക്കുന്നു. സ്ത്രീയുടെ നേരേ ഒരു പൊതുസമൂഹം ഒന്നാകെ മാരകമായ കുറ്റകൃത്യം നടത്തുന്നതിന്റ തെളിവും കഥയിലുണ്ട്.
ഈശ്വരന്റെ തുപ്പൽ നന്മനിറഞ്ഞവൻ പരാജയപ്പെട്ടുപോകുന്നതിന്റെ വേറൊരു ദൃശ്യമാണ്. കതിർ എന്ന ഫോട്ടോഗ്രാഫർ കുത്തകകമ്പനികൾക്ക് പരസ്യം ചെയ്തുകൊടുക്കുന്നു.ബോൺ‌വിറ്റയ്ക്ക് വേണ്ടി എല്ലും തോലുമായ സ്വന്തം മക്കളെ ആണയാൾ ക്യാമറയ്ക്ക് മുൻ‌പിൽ നിരത്തുന്നത്. തന്റെ പട്ടിണിയിലും കൂട്ടുകാരനെ തുണയ്ക്കുന്നു. ഒടുവിൽ നന്മയുടെ ഭാരം കയറി അയാൾ ക്ഷയിക്കുന്നു. എല്ലാ നന്മകളെയും പിന്നിലുപേക്ഷിച്ചു, വ്യവസ്ഥയോട് സമരസപ്പെട്ട സുഹൃത്ത് ജീവിതത്തിൽ മുന്നേറുന്നു. അതും കതിർ തന്നെ.
ജനം ഒരു ദുരന്തത്തിന്റെ ഡോക്യുമെന്ററി ആണ്. മാ‍ലിങ്കൻ തന്റെ ചായക്കട പറിച്ചെടുത്ത് പുതുതായി സ്ഥാപിച്ച ടൂറിസം കോട്ടയുടെ മുന്നിൽ സ്ഥാപിക്കുന്നു. അത് ചിലരുടെ തന്ത്രമായിരുന്നു. ആദിവാസിയെ ഫ്ലാറ്റിൽ ത്‍ാമസിപ്പിക്കുന്ന പോലെ. അധിൻനവേശകന്മാർക്കുള്ള കാഴ്ചദ്രവ്യമായിരുന്നു മാലിങ്കൻ.ഒടുവിൽ ഭാര്യയുടെ ആത്മഹത്യ. മാലിങ്കൻ പുതിയ വ്യവസ്ഥയെ വിവരിക്കുന്ന ഗൈഡ് ആകുന്ന ദാരുണ ദൃശ്യം. ആരൊക്കെയൊ മനുഷ്യന്റെ തനിമയാർന്ന ജീവിതത്തിനു മുകളിൽ ഗൂഡാലോചന നടത്തുന്നതിന്റെ വിഷ്വലൈസേഷൻ ആണ് ഈ കഥ.
അണങ്ങും അത്തരത്തിലൊരു കടന്നുകയറ്റത്തിന്റെ കഥയാണ്. ഭൂമിക്കുമുകളിലും മനുഷ്യന്റെ പൈതൃകങ്ങൾക്ക് മുകളിലും മാഫിയകൾ പണവും യന്ത്രവും കയ്യൂക്കുമായി ഇരച്ചുകയറുമ്പോൾ സുഗതന് പിതൃക്കളുടെ കിടപ്പാടം പോലും നഷ്ടമാവുന്നു. അയാളെപ്പോലെയുള്ള ഒരു ഗ്രാമീണനും ഈ പിശാചുബാധയെ പ്രതിരോധിക്കാനാവുമോ?
ജീവിതത്തിൽ നിന്നും എല്ലാ വൈകാരികതകളെയും മാറ്റിനിർത്തി ഒരു പ്രതിമയുടെ ജീവിതം ജീവിക്കേണ്ടി വരുന്ന സ്നേഹയുടെ കഥയാണ് കണ്ണുകീറൽ. തന്റെ മുൻപിൽ നെഞ്ചുപിളർക്കുന്ന ജീവിതം പറഞ്ഞു കരയാനെത്തുന്നവർക്ക് മുന്നിൽ ചാനലിനുവേണ്ടി നിർവികാരിതയോടെ ഇരുന്നു ചരിത്രം സൃഷ്ടിക്കുന്നു സ്നേഹ. ഓർവെല്ലിന്റെ 1984ലെ മനുഷ്യരെപ്പോലെ. തെരുവിൽ ഒരു പെൺകുരുന്ന് ചീന്തിയെറിയപ്പെടുമ്പോഴും അവൾക്ക് അതേ പ്രതിമാഭാവത്തൊടെ നിൽക്കാനാ‍കുന്നു. നമ്മുടെ കാലത്തെ മനുഷ്യർ ഇതല്ലാതെ മറ്റെന്ത്?
പ്രണയത്തിന്റെ അസാന്നിധ്യമാണ് ഈ കഥകളിലെ ഒരു വ്യതിരിക്തത . പക്ഷെ രതി ഉണ്ടുതാനും. രതി എന്നത് സ്ത്രീകള്‍ക്ക് നേരേ നടത്തുന്ന കടന്നുകയറ്റത്തിന്റെ
രൂപത്തിലാണ് അധികവും പ്രത്യക്ഷമാവുന്നത്. രാജാവിന്റെ മക്കളില്‍ ബസ്സില്‍ സ്ത്രീയുടെ
നെഞ്ചിനു നേരേ പോകുന്ന ആണ്‍കൈയുണ്. ഒറ്റയില്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് അമൃതേത്ത് നടത്തി മരണപ്പെടുന്ന കൌമാരപ്പെണ്‍കുട്ടിയുണ്ട്. ജനത്തില്‍ സ്കൂള്‍കുട്ടിയുമായി
രതിയിലേര്‍പ്പെറ്റുന്ന സതീശനുണ്ട്.തൊട്ടപ്പൂറത്തപ്പോള്‍ ഗതികെട്ട ഒരു സ്ത്രീ കഴുത്തില്‍ കയറു കുരുക്കുന്നുണ്ട്. കണ്ണുകീറലില്‍ പെണ്‍കുരുന്നിനെ ആല്‍ത്തറയില്‍ പരസ്യമായി ചീന്തിയെറിയുന്ന പുരുഷത്വം ഉണ്ട്.ബൂര്‍ഷ്വാസിയുടെ സ്പെല്ലിംഗില്‍ ശിവരാമന്‍ ബലാ‍ത്സംഗത്തില്‍ ആകൃഷ്ടനാകുന്നുണ്ട്. ദുരിതമനുഭവിക്കുകയൊ കീഴടങ്ങുകയോ കുടുംബത്തിനു വേണ്ടി ബലിയാടാവുകയോ അതിജീവിക്കുകയോ പൊട്ടിത്തെറിക്കുകയോ നിര്‍വികാരയാവുകയോ
ചെയ്യുന്ന സ്ത്രീകള്‍ കഥയില്‍ എമ്പാടുമുണ്ട്.
കഥയിലെല്ലാം ഇടതുപക്ഷരാഷ്ട്രീയത്തോടുള്ള ചായ്‌വും അതിന്റെ പരിണാമത്തിലുള്ള ആശങ്കയുമുണ്ട്. ബൂര്‍സ്വാസിയുടെ സ്പെല്ലിങില്‍ പത്രത്തിലെ കാണ്മാനില്ല എന്ന പരസ്യത്തില്‍ പെട്ടുപോയ ശിവരാമന്‍ അടുത്ത പേജിലുള്ള സെറീന വില്യംസ് എന്ന റ്റെന്നീസ് കളിക്കാരിയോട് സാങ്കല്പിക സംഭാഷണത്തിലേര്‍പ്പെടുന്നു.
സെറീന പറയുന്നു.“ ഐ ലവ് മീ, ഐ ലവ് എവരിതിംഗ് എബൌട്ട് മീ, ഐ ലവ് മൈ ലെഗ്സ്, മൈ ഇയേഴ്സ്, മൈ ലിപ്സ്, ആന്റ് മൈ എയ്സ്, ഐ തിങ്ക് ഇറ്റ് ഈസ് ഇമ്പോര്‍ട്ടന്റ് ഫോര്‍ എവരിവണ്‍ ടൊ ലവ് ദെംസെല്വ്സ്” ശിവരാമന്‍ എന്ന ഫോട്ടോ റിയാക്റ്റ് ചെയ്യുന്നു. എടീ കുരുപ്പേ, സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത അമേരിക്ക എന്ന വൃത്തികെട്ട രാഷ്ട്രത്തിന്റെ ഉടപ്പിറന്നവളെ, നീ ഇപ്പം പറഞ്ഞ വ്യക്തിയുടെ രാഷ്ട്രീയമുണ്ടല്ലോ, അത് നീയും നിന്റെ ചേച്ചിയും നിന്റെ വല്യച്ഛനും പിന്നെ നിറ്റെ അമേരിക്കയും കൊണ്ടുനടന്നാല്‍ മതി. ഞങ്ങള്‍ക്കതിനാവില്ലടീ, എനിക്ക് ഞാന്‍ മാത്രമായി ഒന്നുമില്ലാന്നും ഞാന്‍ ഞങ്ങളാവുമ്പം മാത്രേ ജീവിതത്തിന്റെ നേരായ ചക്കക്കുരു പുഴുങ്ങി വയ്ക്കപ്പെടുന്നുള്ളൂ എന്ന് വിശ്വസിക്കുകയും അങ്ങനെ ജീവിക്കുകയും ചെയ്യുന്നവരാണ്ട്രീ ഞങ്ങള്‍. എന്റെ ചുണ്ടത്ത് ലിപ്സ്റ്റിക് നേരാംവണ്ണം ഇട്ടിട്ടുണ്ടോന്നല്ല, വേറൊരുത്തന്റെ ലിപ്സ് വെള്ളം കിട്ടാതെ, ചോറ് കിട്ടാതെ വരണ്ടിട്ടുണ്ടോ എന്നാണ്ടീ ഞങ്ങള്‍ നോക്കുന്നത്.ഈ ജീവിതംന്ന് പറേന്നത് അതു തന്നെയാണ്”
എവിടെയാണ് നിൽക്കുന്നതെന്ന് എഴുത്തുകാരൻ വെളിപ്പെടുത്തുകയാണ്. താൻ ചേർന്നുനിൽക്കുന്ന പ്രത്യശാസ്ത്രം മനുഷ്യസ്നേഹം മാത്രമല്ല ജൈവപ്രകൃതിയോടുള്ള കൂറായിട്ടാണ് കഥകളിൽ പ്രത്യക്ഷപ്പെടുന്നത്. അതിനാൽ തന്നെ പല കഥകളിലും തത്വചിന്താപരമായ മറിച്ച് മാര്‍ഗിച്ച്ച് പങ്കുവയ്ക്കുന്നുണ്ട്.”ബൂർഷ്വാസിയുടെ സ്പെല്ലിങ് എഴുതിനോക്കുന്ന കഥാനായകൻ അമ്പരക്കുന്ന ഒരു അവസ്ഥ ഉണ്ട്. ഓരോ എഴുത്തിലും അത് ഇങ്ക്വിലാബിന്റെ അടുത്ത് വന്നു നിൽക്കുന്നു എന്നതാണ്.ജനം അടക്കം മിക്ക കഥകളും ഈ സന്ദേഹം പേറുന്നുണ്ട്. ദുരിതവും പട്ടിണിയും യാതനയും വിഷാദവും മരണവും കീഴടങ്ങലും ഇരയാക്കലും നിസ്സഹായതയുമെല്ലാം കഥകളിൽ നിറഞ്ഞു നിൽക്കുന്നു. അതിന്റേതായ ഒരു അസ്തിത്വപ്രതിസന്ധി ഏവരും അനുഭവിക്കുന്നുണ്ട്. വളരെ ചെറിയ മനുഷ്യർ വരെ കഥകളിൽ പലപ്പോഴും
ഫിലോസഫിക്കലായി മാറുന്നുമുണ്ട്.
എല്ലാ കഥകളിലും മഴയുണ്ട്. അത് ഒരു സൌന്ദര്യചിത്രീകരണമല്ല. അകത്ത് കണ്ണീരിന്റെ തീമഴ പെയ്യുന്ന മനുഷ്യരുടെ കൂടെ എപ്പൊഴും മഴ നടക്കുന്നു. കഥകളിലെല്ലാം സ്ത്രീകളും കുട്ടികളും സവിശേഷമായ പരിഗണനയോടെ പരിചരിക്കപ്പെടുന്നു. കരുണയുടെ കണ്ണുകൾ സദാ അവരെ പിൻ‌തുടരുന്നു. എല്ലാ കഥകളിലും മനുഷ്യന്റെ ചുറ്റിലും ജീവിതപൂർത്തീകരണത്തിനായി ജീവജാലങ്ങൾ കടന്നു വരുന്നു. മഴപ്പാറ്റയും മഞ്ഞളാട്ടയും തെയ്യം തവളയും എല്ലാമെല്ലാം. പുഴയും തോടും ഗ്രാമവും മണ്ണും മരവും കൃഷിജീവിതവുമെല്ലാം ചേർന്ന ഒരു ജൈവപ്രപഞ്ചമാണ് കഥകളുടെ പശ്ചാത്തലം. അതുകൊണ്ടുതന്നെ ഇവയുടെയെല്ലാം തകർച്ചകൾ സൃഷ്ടിക്കുന്ന ഭീഷണതകളും കഥയുടെ ആന്തരികതയിലുണ്ട്.
ഉപഭോഗതാല്പര്യങ്ങളും അധിനിവേശശക്തികളുടെ കടന്നുകയറ്റങ്ങളും തനിമയാർന്ന ജീവിതപരിസ്ഥിതികളിൽ വരുത്തുന്ന കേടുപാടുകൾ കഥകളുടെ ഉള്ളിൽ വല്ലാതെ നീറിപ്പിടിച്ചു കിടക്കുന്നുണ്ട്. ജനം, ഈശ്വരന്റെ തുപ്പൽ, രാജാവിന്റെ മക്കൾ,അങ്ങനെ മിക്ക കഥകളിലും ആഗോളീകരണമടക്കമുള്ള പുതിയ ക്രമങ്ങൾ കടന്നുകയറുന്നതിന്റെ മുന്നറിയിപ്പുകളുണ്ട്. മലയാളത്തിൽ ഏറ്റവുമധികം അടിക്കുറിപ്പുകൾ ചേർക്കുന്ന കഥാകാരൻ ഷാജി ആയിരിക്കും. അത്രയേറെ നാട്ടുപദങ്ങളും പ്രയോഗങ്ങളും കഥയിൽ കലരുന്നു. കഥകളുടെ പേരുകൾ തന്നെ ഉദാഹരണം.തികച്ചും അസംസ്കൃതം എന്നു നാം വിവക്ഷിക്കാൻ സാധ്യതയുള്ള ഒരു ലോകത്തോട് ചേർന്നു നിൽക്കാൻ എഴുത്തുകാരൻ കാരുണ്യം സൂക്ഷിക്കുന്നു.
കഥ പറയാനല്ല ജീവിതത്തെ സംബന്ധിച്ച ചില തീർപ്പുകൾ ആശയങ്ങൾ കഥയിൽ കലർത്താനാണ് ഷാജിക്ക് താല്പര്യം. അതുകൊണ്ടുതന്നെ കഥാസന്ദർഭങ്ങളെ വല്ലാതെ സംഗ്രഹിക്കുന്ന രീതികൾ കഥയിലെല്ലാമുണ്ട്. കഥകളിലെല്ലാം ഫാന്റസിയുടെ ഒരു ലോകം തെളിയുന്നു. അതാകട്ടെ യാഥാർത്ഥ്യത്തെ വെല്ലുന്ന ജീവിതചിത്രങ്ങൾ സമ്മാനിക്കുന്നതും. ബിംബങ്ങളിലൂടെ, രൂപകങ്ങളിലൂടെ ചിന്തിക്കാനുള്ള ഒരു പ്രവണത സമകാലികരായ മറ്റു കഥാകാരന്മാരിൽ നിന്നും ഷാജിയെ മാറ്റിനിർത്തുന്നു. ഈ രീതി കഥയിലെ ഭാഷയെ അല്പം ഭാരമുള്ളതും ആഴമുള്ളതും കവിതയോടു ചേർന്നു നിൽക്കുന്നതുമാക്കുന്നു.
നാം വിചാരിക്കുന്നത്ര സന്തോഷിക്കാനുള്ളതല്ല ഈ ലോകജീവിതം എന്ന ഒരു താക്കീത് മുന്നോട്ടു വയ്ക്കാൻ ഈ കഥകൾ ശ്രമിക്കുന്നുണ്ട്.ജീവിതമെന്നാൽ ഒരാൾ ജീവിക്കുന്നതല്ലെന്നും മറിച്ച് ഒരാൾ ഓർത്തെടുക്കുന്നതാണെന്ന് മാർക്കേസിന്റെ ഒരു വാക്യം പുസ്തകത്തിന്റെ മുഖവാക്യമായി ഷാജി ഉപയോഗിക്കുന്നുണ്ട്. മറവിക്കെതിരെയുള്ള ഓർമ്മയുടെ സമരം അധികാരത്തിനെതിരെയുള്ള ജനങ്ങളുടെ സമരമാണെന്ന മിലാൻ കുന്ദേരയുടെ വാക്യം കൂടി ചേർത്തുവച്ചാൽ കഥകളുടെ ഉള്ളകമാകും.
കുട്ട്യൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. .........“ഇതിനൊക്കെ ഇടയിൽ നിന്നെപ്പോഴോ മലവെള്ളം പോലെ സമയമില്ലാസമയത്ത് കേറിവരുന്ന ഒരു വലിയ നെലവിളിയുണ്ട്. നെഞ്ചില് ഐസ്കട്ടപോലെ കട്ടപിടിച്ച് പുറത്ത് കാട്ടാനാവാതെ ചൂണ്ടേല് കെണിഞ്ഞ മീനിനെപ്പോലെ നമ്മളെ ഇങ്ങനെ വലിച്ചുകൊണ്ടുപോകുന്ന ഒരു വലിയ കരച്ചിൽ. അതെഴുതി വെക്കാൻ ഏത് കഥയ്ക്കാകും? ഏത് കഥയ്ക്കാകും?“ ഈ ചോദ്യത്തിനുള്ള മറുകുറി പോലെ ചെറിയ മനുഷ്യരുടെ വലിയ നിലവിളികൾ പകർത്തിയെഴുതാനുള്ള ധീരമായ ശ്രമങ്ങളാണ് ജനത്തിൽ സമാഹരിച്ചിരിക്കുന്നത്.
******************************
ജനം(കാഞ്ഞങ്ങാട് ഒഡേസ ഫിലിം സൊസൈറ്റി നിർമ്മിതി)
പി.വി. ഷാജികുമാർ.
ഡി.സി.ബുക്സ്.
വില : 40 രൂപ