Followers
Blog Archive
About Me
- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
സന്ദര്‍ശകര്‍
Thursday, 28 July 2011
ജന്മത്തിന്‍റെ ഉപമകള്‍.
ഒറ്റയടിപ്പാതകളിലൂടെ
യാത്രകളെല്ലാം അസ്തമിക്കുന്നു.
വരണ്ടുണങ്ങാത്ത ഒറ്റക്കാറ്റും ഇനി വീശാനില്ല.
മഴ പെയ്യുന്ന ഒരുച്ചയില്‍ നിഴലില്ലാതെ വന്ന്
വെയിലുപൊള്ളുന്ന ഒരുച്ചയില്‍
നിഴലുമാത്രം കൂട്ടിനായ്
തിരിച്ചുപോകുന്നു ഞാന്‍.
ജന്മത്തിന്‍റെ കപ്പല്‍ച്ഛെദത്തിലെ
ഏകാന്തനാവികന്‍.
ഈ ഇടത്താവളത്തില്‍ എനിക്ക്
ഋതുക്കളുടെ ഉടയാടകള്‍ കിട്ടി.
കാണാത്ത ഭൂഖണ്ഡങ്ങള്‍ പോലെ
സ്വന്തം നെഞ്ചില്‍ നാം ഒളിച്ചിരിക്കുന്നു.
ഒരു തോണിപ്പാട്ടില്ലാതെ പുഴയും
തുഴയില്ലാതെ തോണിയും ഒഴുകിതീരുന്നു.
അനാഥജന്മത്തിന്‍റെ ഉപമകള്‍ എന്തെല്ലാം?
പൊക്കിള്‍കൊടികൊഴിഞ്ഞ ഒരു കുട്ടി.
കൂടില്ലാത്ത ഒരു പറവ.
ഒഴുക്കില്ലാത്ത ഒരു പുഴ.
പച്ചയൊഴിഞ്ഞ ഒരു വനം.
തടവുകാരന്‍ അകത്തും പുറത്തും
ഓര്‍മ്മകളുടെ ഇരയാണ്.
കാടെരിയുന്നതും കനവുരുകുന്നതും
ഒരേ ഗന്ധത്തിലാണ്.
കാറ്റും മഴയും കടലിലെന്നപോലെ
കരുണയും കലാപവും ഒരേ മനസ്സില്‍.
രാപ്പകലുകള്‍ പോലെ
പ്രണയവും പ്രളയവും.
സായംസന്ധ്യപോലെ
ജനിമൃതികള്‍ക്കിടയില്‍ ഹൃദയസ്പന്ദനം.
പച്ചിലയും പഴുത്തിലയും പോലെ
ചിരിയും കരച്ചിലും പിറന്നൊടുങ്ങുന്നു.
എനിക്കും നിങ്ങള്‍ക്കുമിടയില്‍
ഒരു പച്ചപ്പുണ്ട്.
നരകത്തിനും സ്വര്‍ഗത്തിനുമിടയില്‍
ഭൂമിയെന്നപോലെ.
കൂട്ടരേ,
നിലാവെരിയുന്ന ഒരു പകലും
സൂര്യന്‍ തണുക്കുന്ന ഒരു രാത്രിയും
കിനാവുകണ്ട് ഞാന്‍ പോകുന്നു.
മഴപൊഴിയുന്ന ഒരു മനസ്സും
കനലെരിയുന്ന ഒരു കണ്ണും
തോരാതെ തീരാതെ പോകുന്നു.
ജന്മത്തിന്‍റെ ഉപമകള്‍.
എങ്കിലും അവസാനിക്കുന്നില്ല.
(റീപോസ്റ്റ്)
Subscribe to:
Posts (Atom)