- എന്.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
ആ ജനുവരി സന്ധ്യ മറക്കുവതെങ്ങനെ ?
സമയം കടന്നുപോകുന്നു. സന്ധ്യാപ്രാർത്ഥനയ്ക്കുള്ള നേരമാണിപ്പോൾ. ബാപ്പുവിന്റെ ഊന്നുവടികളായ മനുവിനും ആഭയ്ക്കും പരിഭ്രമമായി. അദ്ദേഹം എപ്പോഴും വെറുക്കുന്ന ഒരേയൊരു കാര്യം ഇതാണ്. ഈ സമയംതെറ്റൽ.
അന്നേരം ഗാന്ധിജി അകത്ത് വല്ലഭായി പട്ടേലുമായി സംവാദത്തിലായിരുന്നു. തന്റെ ജീവിതത്തിലെ അവസാനത്തെ കൂടിക്കാഴ്ച. നെഹ്രുവിന് പട്ടേൽ എഴുതിയ രാജിക്കത്തിന്റെ കോപ്പി ഗാന്ധിജിയുടെ എഴുത്തുമേശയുടെ മുകളിൽ ഇരിക്കുന്നുണ്ട്. യോജിച്ചുപോകാൻ കഴിയാത്ത തരത്തിൽ നെഹ്രുവും പട്ടേലും അകന്നിരുന്നു. രണ്ടുപേരും ഗാന്ധിജിക്ക് പ്രിയപ്പെട്ടവർ.(മരണത്തിനു തൊട്ടുമുൻപുള്ള നിമിഷത്തിലും ഗാന്ധിജി കോൺഗ്രസ്സിലെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കുകയായിരുന്നു. ആ മഹാത്മാവിന്റെ വാക്കുകൾക്ക് സ്വാതന്ത്ര്യത്തിനു ശേഷം അധികാരത്തിലേറിയ ശിഷ്യന്മാർ വില കല്പിച്ചില്ല എന്നത് ഒരു ദു:ഖസത്യം.)
സമയം അഞ്ചുമണി കഴിഞ്ഞ് പത്തുമിനുട്ട് കൂടിയായപ്പോൾ മനു വാച്ചിനുനേർക്ക് മുദ്രകാണിച്ച് നേരം വൈഅകിയതിനെക്കുറിച്ച് ഗാന്ധിജിയെ ഓർമ്മിപ്പിച്ചു. അദ്ദേഹം വല്ലഭായിയോട് പറഞ്ഞു. “ ഓഹ്, നിങ്ങൾ എന്നെ സ്വതന്ത്രനാക്കണം. ദൈവയോഗത്തിനു ഞാൻ പോകേണ്ട സമയമായി.”(ഹൊ, എത്ര അറം പറ്റിയ വാക്കുകൾ)
നേരം വൈകിയതിനാൽ ബിർലാമന്ദിരത്തിന്റെ പുൽത്തകിടിക്ക് കുറുകേ അദ്ദേഹം പ്രാർത്ഥനാമൈതാനത്തേക്ക് നടന്നു. പ്രാർത്ഥനയ്ക്ക് ഒരു നിമിഷം പോലും വൈകുന്നത് ഗാന്ധിജിക്ക് ഇഷ്ടമല്ല. അദ്ദേഹം പറഞ്ഞു( തന്റെ അവസാന വാക്കുകൾ?) Those who are late should be punished ( ആരാണോ വൈകുന്നത് അവർ ശിക്ഷിക്കപ്പെടും) പ്രവചനസ്വഭാവമുള്ള വാക്കുകൾ.
മറ്റുള്ളവരുടെ സഹായമില്ലാതെ പടികൾ കയറി അദ്ദേഹം മുകളിലെത്തി. ‘ബാപ്പുജി, ബാപ്പുജി’ എന്ന് ആളുകൾ മൃദുവായി ഉരുവിടുന്നുണ്ടായിരുന്നു. ജനങ്ങൾക്കിടയിൽ നാഥുറാം തയ്യാറായി ഇരുന്നു. ജനങ്ങൾ ഇരുവശത്തേക്ക് ഒഴിഞ്ഞുനിന്നു. ആ വഴിയിലൂടെ അടുത്തേക്ക് നടന്നുവരുന്ന ഗാന്ധിജിയെ നാഥുറാം കണ്ടു. അയാളുടെ ഒരു കൈ കീശയിലായിരുന്നു. പെട്ടന്നയാൾ മാറിച്ചിന്തിച്ചു. ‘ കൊല്ലാൻ ദൈവം തന്ന അവസരമാണിത്.’ (പ്രാർത്ഥനാവേദിയിൽ ഗാന്ധിജി ഇരുന്നതിനുശേഷം 35വാര അകലെനിന്നും നിറയൊഴിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.) ഇതാവുമ്പോൾ ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന ഗാന്ധിജിക്ക് നേരേമുന്നിലെത്തി പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ ആ നെഞ്ചിലേക്ക്...’ അയാൾ ചിന്തിച്ചു.
കാക്കിവേഷമണിഞ്ഞ തടിച്ച ചെറുപ്പക്കാരൻ ബാപ്പുവിനുനേരേ ചുവടുവയ്ക്കുന്നത് മനു കണ്ടു. നാഥുറാം കൈത്തോക്കെടുത്ത് രണ്ടു കൈത്തലങ്ങൾക്കിടയി ഒളിപ്പിച്ചു. ഗാന്ധിജിയുടെ അനുയായി ആയി പൊതുജീവിതം തുടങ്ങിയ നാഥുറാം, അദ്ദേഹം രാജ്യത്തിനുവേണ്ടി എന്തെങ്കിലും സേവനം ചെയ്തിട്ടുണ്ടെങ്കിൽ അതിനുവേണ്ടി വന്ദിക്കാൻ തീരുമാനിച്ചു. അയാൾ ഗാന്ധിജിയുടെ മുൻപിൽ അരയോളം കുനിഞ്ഞു. ‘നമോവാകം‘
ബാപ്പുവിന്റെ പാദം ചുംബിക്കാൻ തുടങ്ങുകയാണെന്ന് കരുതി മനു അയാളെ തടയാൻ ശ്രമിച്ചു. “ ബാപ്പു ഇപ്പോൾത്തന്നെ വൈകി”. പക്ഷെ പെട്ടന്ന് ഇടത്തേക്കൈ കൊണ്ട് നാഥുറാം ശക്തിയായി അവളെ തള്ളി. പോയിന്റെ ബ്ലാങ്ക് റേഞ്ചിൽ നിന്ന് അയാളുടെ വലതുകൈയിലിരുന്ന തോക്ക് മൂന്നു തവണ തീതുപ്പി. 79വർഷം പഴക്കമുള്ള ആ ദുർബ്ബലമായ നെഞ്ചിലേക്ക് വെടിയുണ്ടകൾ തുളഞ്ഞുകയറി. വെടിയൊച്ചകൾ പ്രാർത്ഥനാമൈതാനത്തെ നിശ്ചലമാക്കി.
തറയിൽ വീണുകിടക്കുന്ന ബാപ്പുജിയുടെ നോട്ടുബുക്കും കോളാമ്പിയുമൊക്കെ തേടുകയായിരുന്ന മനു അത് കേട്ടു. കൈ തൊഴുതുപിടിച്ച് പ്രാർത്ഥനാവേദിയിലേക്ക് ഒരു ചുവടുകൂടി വയ്ക്കുന്ന ബാപ്പുവിനെ കണ്ടു അവൾ. തൂവെള്ള ഖാദിവസ്ത്രത്തിൽ പരക്കുന്ന രക്തപുഷ്പങ്ങൾ കണ്ടു. പിന്നെ ‘ഹേ റാം’ എന്നുച്ചരിച്ച് നിലത്തേക്ക് വീഴുന്ന തന്റെ ബാപ്പുവിനെ കണ്ടു. തന്റെ നേരേ നിറയൊഴിച്ചവനോടെന്ന പോലെ അദ്ദേഹത്തിന്റെ കൈകൾ അപ്പോഴും കൂപ്പിയ മട്ടിലായിരുന്നു.
അദ്ദേഹത്തിന്റെ രക്തത്തിൽ കുതിർന്ന ഉടുവസ്ത്രത്തിന്റെ മടക്കുകളിൽനിന്നു പുറത്തുകണ്ട ഇംഗർസോൾ വാച്ചിൽ അപ്പോൾ സമയം അഞ്ചുമണി കഴിഞ്ഞ് പതിനേഴ് മിനിറ്റായിരുന്നു.
ലോകത്തിന്റെ കണ്ണുകൾ പെയ്തപ്പോൾ
ഹിന്ദുസ്ഥാൻ സ്റ്റാൻഡേർഡിന്റെ എഡിറ്റോറിയൽ പേജിൽ മഹാത്മാവിന്റെ വധം നടന്നതിന്റെ പിറ്റേദിവസം ഇങ്ങനെ വായിക്കാം.
‘ആരുടെ പാപമോചനത്തിനുവേണ്ടിയാണോ ഗാന്ധിജി ജീവിച്ചത്, അവർതന്നെ അദ്ദേഹത്തിന്റെ കഥ കഴിച്ചു. ലോകചരിത്രത്തിലെ ഈ രണ്ടാം ക്രൂശിക്കൽ നടന്നതും ഒരു വെള്ളിയാഴ്ചയാണ്. 1915വർഷം മുൻപ് ക്രിസ്തുവിന്റെ കുരിശേറ്റം നടന്ന അതേദിവസം. പിതാവേ ഞങ്ങളോട് പൊറുക്കേണമേ’

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകായിരങ്ങൾ അനുശോചന സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. 1931ൽ ലണ്ടനിൽ വച്ചാണ് ബർണാഡ് ഷായെ ഗാന്ധിജി പരിചയപ്പെടുന്നത്. ഷാ പറഞ്ഞു. “ നല്ലവനായിരിക്കുന്നത് എത്ര ആപൽക്കരമാണെന്ന് അദ്ദേഹത്തിന്റെ വധം പറഞ്ഞുതരുന്നു.”
നോബൽ സമ്മാന ജേതാവ് പേൾ.എസ്.ബക്ക് വിഷാദപ്പെട്ടു. “ രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറയ്ക്കപ്പെട്ടു.”
“ഇങ്ങനെ ഒരു മനുഷ്യൻ രക്തമാംസങ്ങളാൽ ഈ ലോകത്ത് ജീവിച്ചിരുന്നുവെന്ന് ഭാവിതലമുറ വിശ്വസിച്ചെന്നുവരില്ല” എന്നാണ് ഐൻസ്റ്റീൻ ഖേദിച്ചത്.(അതെത്ര സത്യമെന്ന് 60വർഷം കഴിഞ്ഞപ്പോഴേ നമ്മൾ തെളിയിച്ച് തുടങ്ങി)
ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് മൌണ്ട് ബാറ്റൺ ഭീതിയോടെ പറഞ്ഞതിങ്ങനെ: “ ഗാന്ധിജിയെ കൊന്നത് യഥാർത്ഥത്തിൽ ഒരു മുസ്ലീം ആണെങ്കിൽ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ കൂട്ടക്കൊല ഇന്ത്യയിൽ നടക്കാൻ പോവുകയാണ്.” അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. “ ചരിത്രത്തിൽ ബുദ്ധനും ക്രിസ്തുവിനും തുല്യമായ ഒരു സ്ഥാനം മഹാത്മാഗാന്ധിക്കും ഉണ്ടായിരിക്കും.”
(മൌണ്ട് ബാറ്റൺ വളരെ കൃത്യമായി ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിലാക്കി. 1984ലെ ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്നുള്ള സിക്കുവിരുദ്ധ കലാപവും ഗുജറാത്ത് കലാപവുമൊക്കെ അദ്ദേഹം നിരീക്ഷിച്ച കൂട്ടക്കൊലകൾക്ക് ഉദാഹരണമാണ്. ഒരു ചെറിയ പ്രകോപനം മതി ഇന്ത്യയിൽ ലഹള പൊട്ടിപ്പുറപ്പെടാൻ)

നെഹ്രു പറഞ്ഞു. “ നമ്മുടെ ജീവിതങ്ങളിൽ നിന്നും പ്രകാശം പൊലിഞ്ഞു. എവിടെയും ഇരുട്ട് നിറഞ്ഞിരിക്കുന്നു”
ഗാന്ധിജിയുടെ രാഷ്ട്രീയ പ്രതിയോഗിയായിരുന്ന മുഹമ്മദാലി ജിന്ന പ്രതിവചിച്ചു. “ ഹിന്ദുമതം ജന്മം നൽകിയ ഏറ്റവും മഹാന്മാരായ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. അതെ മഹാനായ ഹിന്ദു.”
വത്തിക്കാനിൽ നിന്നും പീയുസ് മാർപ്പാപ്പയടക്കമുള്ള സകല ലോക നേതാക്കളും ബാപ്പുജിയുടെ മരണത്തിൽ അനുശോചനമറിയിച്ചു. പക്ഷേ ജോസഫ് സ്റ്റാലിന്റെ വിദേശകാര്യാലയത്തിലെ ഒരാളും പ്രതികരിച്ചില്ല. ജവഹർലാൽ നെഹ്രുവിന്റെ സഹോദരി മിസ്സിസ്സ് വി.എൽ.പണ്ഡിറ്റ് പുതുതായി തുറന്ന സ്ഥാനപതികാര്യാലയത്തിൽ തയ്യാറാക്കിവച്ച രജിസ്റ്റർ ശൂന്യമായിത്തന്നെയിരുന്നു.
ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മരണ വിലാപയാത്ര യമുനാനദിക്കരയിലേക്കുണ്ടായി. പാകിസ്താനിൽ ലക്ഷക്കണക്കിന് സ്ത്രീകൾ ആഭരണങ്ങളും അലങ്കാരങ്ങളുമുപേക്ഷിച്ച് പരമ്പരാഗത ദു:ഖപ്രകടനം നടത്തി. വാർത്തകളറിയാൻ ലാഹോറിൽ ജനങ്ങൾ തിങ്ങിക്കൂടി. ബോംബേയിൽ സവർക്കർ സദനത്തെയും ഹിന്ദുരാഷ്ട്രയുടെയും ഹിന്ദുമഹാസഭയുടെയും കാര്യാലയങ്ങൾ ജനങ്ങൾ ആക്രമിച്ചു.
എന്റെ ചാരം ഹൈന്ദവസിന്ധുവിലൊഴുകട്ടെ
ഗാന്ധിജിക്കുനേരേ നിറയൊഴിച്ച ഗോഡ്സേയെ പോലീസ് പിടികൂടി. അയാൾക്ക് രക്ഷപെടാനുള്ള പഴുതുകൾ വേണ്ടുവോളമുണ്ടായിരുന്നിട്ടും ശ്രമിച്ചില്ല. തുടർന്ന് ബാക്കിയുള്ളവരെയും പിടികൂടി. നാരായണൻ ആപ്തേ, നാഥുറാം ഗോഡ്സേ, ഗോപാൽ ഗോഡ്സേ, മദൻലാൽ പഹ്‌വ, വിഷ്ണു കാർക്കറേ, സവർക്കർ, ദത്താത്രേയ ചർച്ചുറേ, ശങ്കർ കിസ്തിയ(ദിഗംബർ ബാഡ്ജെയുടെ സേവകൻ) എന്നിവരെ ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട് 1948മെയ് 27ന് വിചാരണയ്ക്കയച്ചു. യഥാർത്ഥത്തിൽ ഒരു രാഷ്ട്രീയ കൊലപാതകമായ സംഭവത്തെ താൻ മാത്രമാണിതിനുത്തരവാദി എന്ന് പറഞ്ഞ് വഴിമാറ്റിവിടാൻ ഗോഡ്സേ ശ്രമിച്ചിരുന്നു. സ്വയമൊരു ബലിയാടാവുകയായിരുന്നു ലക്ഷ്യം.
കപട സന്യാസിയുടെ വേഷത്തിൽ നടക്കുകയും ആയുധങ്ങളുണ്ടാക്കുകയും വിൽക്കുകയും ഛെയ്തിരുന്ന ദിഗംബർ ബാഡ്ജേയ്ക്ക് വിചാരണ നേരിടേണ്ടി വന്നില്ല. ഗാന്ധിജിയുടെ വധത്തിൽ ഒരു പ്രധാന പങ്കുവഹിച്ച ബാഡ്ജേയ്ക്കെതിരെ തെളിവുകൾ ശേഖരിക്കാൻ പോലീസിന് കഴിഞ്ഞില്ല. പലവിധ കുറ്റകൃത്യങ്ങളിൽ 37തവണ അയാൾ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഒരിക്കൽ മാത്രമാണയാൾ ശിക്ഷിക്കപ്പെട്ടത്. അയാൾ മാപ്പുസാക്ഷിയായി. വീർ സവർക്കർ തെളിവില്ലാത്തതിന്റെ പേരിൽ വിട്ടയയ്ക്കപ്പെട്ടു. ബാക്കി ഏഴുപേരേയും ശിക്ഷിച്ചു.
ആപ്തെ, ഗോഡ്സേ എന്നിവരെ 1949നവംബർ 15ന് അംബാലാ ജയിലിൽ തൂക്കിക്കൊന്നു. ഗാന്ധിയുടെ രണ്ടു പുത്രന്മാരടക്കം പലരും നെഹ്രുവിന് ദയാഹർജി കൊടുത്തെങ്കിലും ശിക്ഷ ഒഴിവായില്ല. ബാക്കി അഞ്ചുപേർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. ദത്തത്രേയ ചർച്ചുറേയും ശങ്കർ കിസ്തിയയും വിധി അസ്ഥിരപ്പെടുത്തി. വിഷ്ണു കാർക്കടെ ഗോപാൽ ഗോഡ്സേ, മദൻലാൽ പഹ്‌വ എന്നിവരെ അറുപതുകളുറ്റെ അവസാനം ജയിലിൽ നിന്നു മോചിപ്പിച്ചു.
തന്റെ ചാരം ഹൈന്ദവ ഭരണത്തിൽ ഏകീകരിക്കപ്പെട്ട ഒരിന്ത്യയിലൂടെ ഒഴുകുന്ന സിന്ധു നദിയിലൊഴുക്കണമെന്നും അതിന് കഴിയുന്നതുവരെ തലമുറ തലമുറകളായി കൈമാറി സൂക്ഷിക്കണമെന്നും ഗോഡ്സേ മരണപത്രത്തിൽ ആവശ്യപ്പെട്ടു.
പിന്നീട എല്ലാ നവംബർ 15നും ഗോപാൾ ഗോഡ്സേ ജ്യേഷ്ഠനെ തൂക്കിക്കൊന്നതിന്റെ വാർഷികമാചരിച്ചിരുന്നു. പൂനയിലെ തന്റെ താമസസ്ഥലത്ത് സ്ഥാപിച്ചിരുന്ന സമ്പൂർണ്ണമായ ഒരൂ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ചുവട്ടിൽ നാഥുറാമിന്റെ ചിതാഭസ്മം വയ്ക്കും. വെള്ളിക്കുടത്തിന്റെ മുകളിൾ വൈദ്യുതി ദീപങ്ങൾ ചാർത്തും. വീർസവർക്കറുടെ പഴ്യ ശിഷ്യന്മാർ ചേർന്ന് പ്രതിജ്ഞയെടുക്കും. ഹൈന്ദവ ഇന്ത്യയുടെ ഏകീകരണത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രതിജ്ഞ.
ഇന്നും ഇന്ത്യ ശാന്താമാവാതെ തുടരുന്നു. കലാപങ്ങൾക്ക് അറുതിയില്ല. പ്ലേഗിന്റെ അണുക്കൾ കാലങ്ങളോളം നാശം കൂടാതെ തണുത്തിരുന്നിട്ട് ഒരുനാൾ പൊട്ടിപ്പുറപ്പെടുന്ന പോലെ ഇന്ത്യയിൽ ഏതു നേരത്തും എവിടെയും ജനങ്ങൾ പരസ്പരം കൂട്ടക്കുരുതി നടത്താം എന്ന ഭീതി നിലനിൽക്കുന്നു. അങ്ങനെയിരിക്കെ ആ ജനുവരി സന്ധ്യ നാം എങ്ങനെ മറക്കും കൂട്ടരെ...
നിങ്ങളോർക്കുക നിങ്ങളെ ഞങ്ങളെ




















ഡിസംബർ മാസത്തിലെ സുഖകരമായ ഒരു പകലിൽ ഞങ്ങൾ കുറച്ചുപേർ തെന്മല ഇക്കോ ടൂറിസം പദ്ധതി പടർന്നുകിടക്കുന്ന വനമേഖലയിലേക്ക് ഒരു യാത്ര പോയി. ജോലിനോക്കിയിരുന്ന സ്കൂളിൽ നിന്നും സ്ഥലം മാറ്റമായി. എനിക്ക് മാത്രമല്ല മറ്റുപലർക്കും. അത് ഞങ്ങളുടെ വല്ലാത്ത ഇഴയടുപ്പമൂണ്ടായിരുന്ന സൌഹൃദത്തെ ഉലച്ചുകളഞ്ഞു.
സ്ഥലം മാറ്റമായിട്ട് രണ്ട് ദിവസം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും കൂടി വീട്ടിൽ വന്നു. ഭക്ഷണം കഴിച്ചു. ഞങ്ങൾ വെറുതെ സമയം ചിലവഴിക്കാൻ വേണ്ടി ഇക്കോടൂറിസത്തിലേക്ക് പോയി. അവിടെ അഡ്വഞ്ചർ സോണിൽ മലകയറ്റമൊക്കെ കഴിഞ്ഞ് ലഘുഭക്ഷണം കഴിച്ച് ഉല്ലസിച്ചിരിക്കുമ്പോഴാണ് ദാ താഴെക്കാണുന്ന വാനരൻ വന്നത് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന കുട്ടികൾ അപ്പുവും ആമിയും അവനോടൊപ്പം കൂടി.
അവരുടെ കൈയിൽ ഉണ്ടായിരുന്ന ലോലിപോപ്പ് കൊടുത്തപ്പോൾ വാങ്ങി സ്റ്റൈലായി തിന്നു. പിന്നെയും മറ്റെന്തിനോ വേണ്ടി പ്രതീക്ഷയോടെ കാത്തിരുന്നു.
അവന്റെ മുഖത്ത്, ചലനങ്ങളിൽ ദൈന്യതയായിരുന്നോ? തങ്ങളുടെ ഏകാന്തമായ വന്യതയിൽ മനുഷ്യർ കടന്നുകയറി അധികാരം സ്ഥാപിക്കുന്നതിന്റെ രോഷമായിരുന്നോ.? കാടിന്റെ രുചികൾ മറന്ന് നാടിന്റെ പാക്കറ്റ് ഭക്ഷണങ്ങൾക്കായി നാവിനെ മാറ്റിയെടുത്തവന്റെ ആർത്തി? എത്ര കൊടുത്താലും മനുഷ്യനിൽ നിന്ന് അകലം പാലിക്കുന്ന ജ്ഞാനിയാണവൻ.
അവനെപ്പോലെ എത്രപേർ നൂറുകണക്കിനു കുരങ്ങന്മാർ അവിടെ ചുറ്റിയടിച്ചു നടക്കുന്നു. ഒരുകാലത്ത് അവരുടെ ലോകമായിരുന്നത് ഇന്ന് അവർക്ക് അന്യം. അവർക്കെന്നല്ല എല്ലാ കാട്ടുമൃഗങ്ങൾക്കും.
എല്ലാം നാം കടന്നുകയറി സ്വന്തമാക്കിയിരിക്കുന്നു. കാട്ടുമനുഷ്യരും കാട്ടിലെ ജന്തുജാലപ്രാണിവർഗ്ഗങ്ങളും പക്ഷികളും മരങ്ങളും എല്ലാമെല്ലാം സ്വന്തം ആവാസഭൂമിയിൽ അന്യവൽക്കരിക്കപ്പെട്ടിരിക്കുന്നു.
എവിടെയും മനുഷ്യർ, മനുഷ്യർ, മനുഷ്യർ.
ആർത്തിയുടെ തേറ്റകളുമായി സദാ റോന്തുചുറ്റുന്ന അജ്ഞാനികൾ. പ്രപഞ്ചത്തിന്റെ ഭ്രമണപഥത്തിൽ നിന്നും തെന്നിമാറി എല്ലാം നശിപ്പിക്കുന്ന മുടിയനായ പുത്രൻ.
ഇതാ മനുഷ്യന്റെ പൂർവ്വികൻ പുതുമനുഷ്യന്റെ ആടിക്കളിയടാ കുഞ്ഞിരാമാ എന്ന കളിനിയമത്തിനുള്ളിൽ ഗതികേടിന്റെ വേഷമണിഞ്ഞ് കൈനീട്ടി നിൽക്കുന്നു.
കാടിറങ്ങിപ്പോന്ന മനുഷ്യൻ നാട്ടുമനുഷ്യരായി നാഗരികമനുഷ്യരായി കാടുകയറുന്നു. അപ്പോൾ കാട്ടുജീവികൾ അവന്റെ മുന്നിൽ ദയാദാക്ഷണ്യങ്ങൾക്കായി കേണുനിൽക്കുന്നു.
‘ദ ലാസ്റ്റ് എമ്പറർ’ എന്ന ബർട്ടലൂച്ചി സിനിമയിൽ ചൈനീസ് വംശത്തിലെ അവസാനത്തെ രാജകുമാരൻ താൻ ബാല്യകാലം ചെലവിട്ട തന്റെ കൊട്ടാരം സർക്കാർ ഏറ്റെടുത്ത് സ്മാരകമാക്കിയപ്പോൾ, അതുകാണാൻ ടിക്കറ്റെടുത്ത് ക്യ്യൂ നിൽക്കുന്ന ഒരു ദയനീയ ദൃശ്യമുണ്ട്. അതുപോലെയാണ് ഈ കാഴ്ചയും.
കൈയിലുണ്ടായിരുന്ന സാധാരണ ഡിജിറ്റൽ ക്യാമറയിൽ പകർത്തിയതാണ് ചിത്രങ്ങൾ.ഒട്ടും നല്ല ചിത്രങ്ങൾ അല്ല. പക്ഷേ ഒരു ആശയം പങ്കുവയ്ക്കണമെന്ന് തോന്നി, അത്രമാത്രം.
പ്രതിരൂപം
ചുവന്നുവിങ്ങിയ ഒരു മുഖം
സുഗന്ധതൈലങ്ങളാലും
നനുനനുത്തോരു പുഞ്ചിരിയാലും
ഭേദപ്പെട്ടുകിട്ടിയ
ഒരു മുഖാവരണമതിനുണ്ട്.
ചത്ത കണ്ണുകളുടെ സ്മാരകങ്ങളെ
ഞാൻ പൊതിഞ്ഞു സൂക്ഷിക്കും.
അഗാധവേദനകളെ
നിങ്ങൾക്കായി ഒരദൃശ്യ ശസ്ത്രക്രിയ.
പിന്നെ
ഉടഞ്ഞ കണ്ണാടിയിൽ നിന്നും
ഒരജ്ഞാത രൂപം ചിതറിവീഴുന്നു.
കൈത്തണ്ടയിൽ കൃത്യമായ ഋതുചക്രം.
എങ്കിലും അതിൽ എന്റെ വിലാപമില്ല.
ഭൂമിയുടെ കാല്പെരുമാറ്റം,
കടൽത്തിരയുടെ ചിലമ്പൊച്ച,
തെങ്ങിന്റെ നെറുകയിൽ നിന്നൊരു കാറ്റ്,
മലയിറങ്ങുന്ന നദിയും
കുയിലിന്റെ പാട്ടും
ഒന്നുമില്ലൊന്നുമില്ല.
പിന്നെന്റെ മുറിഞ്ഞ കൈത്തണ്ടയിൽ
വാർന്നൊലിക്കുന്ന രക്തവും
ഊർന്നുപോയ സമയവും.
ഭൂമിയുടെ ചൂടും ചൂരും
ആപൽക്കരമെന്ന് ഒരുവൻ.
മണ്ണിനെ തൊടുക,
മഴയേൽക്കുക
വെയിൽ കായുക
അങ്ങനെയൊന്നും പാടില്ല പാടില്ല.
വേടന്റെയമ്പിനു പെരുവിരൽ കാട്ടരുത്.
ഉയരത്തിൽ പാറണം.
ഭൂമിയുടെ പൊക്കിൾക്കൊടി മുറിക്കണം.
പിന്നെ
പാമ്പു കടിച്ചവന്റെ വിരലിലേക്ക്
നീലാകാശത്തിന്റെ വിരുന്ന്.
(കേരളകവിത തൊണ്ണൂറ്റിയെട്ട്)