Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

Saturday, 14 May, 2011

നിർവ്വാണം

നിലവിളികളില്‍ കുരുങ്ങിപ്പിടഞ്ഞൊരാൾ
ജീവിതവഴിയിലിടറി നില്‍ക്കവേ
ആരൊരാള്‍ വന്നു തോളില്‍പ്പിടിച്ചു
നല്ലവാക്കോതി തണുപ്പിച്ചു നടത്തുവാന്‍?

എത്രമേല്‍ കാംക്ഷിക്കുമെങ്കിലും, വഴി-
നീളെ കണ്ണില്‍ തിരി തെളിച്ചീടിലും
കാണുമോ കഷ്ടകാലത്തിന്‍റെ കാലനെ,
സ്നേഹദൂതനെ, ദയാപരനൊരന്യനെ?

ഓര്‍ത്തുനോക്കീടുകില്‍ വിഷാദിക്കുവാനില്ല-
യൊന്നും, വാഴ്വുതന്നെയസംബന്ധമാകവേ;
പ്രാണന്‍ പൊതിഞ്ഞും, കിതച്ചും പായവേ
നേടിയെത്ര, നേടുവാനെത്ര,യായുസ്സെത്ര ബാക്കി?

സ്നേഹിച്ചുവോ തമ്മില്‍ നോവിച്ചതിനൊപ്പമെങ്കിലും?
പ്രണയിച്ചുവോ പിരിയുന്ന നേരമെങ്കിലും?
കലഹിക്കുവാനിരുട്ടു നിരന്തരം തേടവേ
തെല്ലു കാണാതെപോയോ നന്മതന്‍ സൂര്യനെ?

കാത്തുസൂക്ഷിച്ചതെന്തിത്രമേല്‍ കാര്യമായ്.
ആരാണവകാശി, യന്യനോ അരുമയോ?
അല്ലെങ്കിലെന്തു നാം നല്‍കി,യാര്‍ക്ക്?
വെറുതെ കൂട്ടിവച്ചതാം പാഴ്വാക്കല്ലാതെ.

ഓര്‍ത്തീടുമോ, വഴിമാറി നടന്നീടുമോ
മടുത്തുവിങ്ങുമ്പോള്‍ പകര്‍ന്നീടുമോ?
ഇത്രമേല്‍ അകന്നിട്ടെന്താണ് ലാഭം,?
ജീവിതമൊരുത്തന്‍റെ ശരിതെറ്റുമാത്രമോ.

ഒടുവിലാരും വരാമീവഴി ശൂന്യനായ്‌
നിരലംകൃതനായ്, നിരാലംബനായ്.
കൊതിക്കുന്നതെത്ര, വിധിക്കുന്നതെത്ര,
ദാഹിക്കുന്നതെത്ര, ശമിക്കുന്നതെത്ര.

പ്രിയമുള്ളതില്‍നിന്നകലാന്‍ കഴിയുമോ?
മടുപ്പുള്ളതിനോടടുക്കാന്‍ കഴിയുമോ?
കുടിച്ചുതീര്‍ക്കാന്‍ ഒരു കടല്‍കിടക്കെ
നിര്‍വ്വാണമെന്നെ പൊതിയുവതെങ്ങനെ?

(റീപോസ്റ്റ്)

28 comments:

priyag said...

സ്നേഹിച്ചുവോ തമ്മില്‍ നോവിച്ചതിനൊപ്പമെങ്കിലും?
പ്രണയിച്ചുവോ പിരിയുന്ന നേരമെങ്കിലും?
കലഹിക്കുവാനിരുട്ടു നിരന്തരം തേടവേ
തെല്ലു കാണാതെപോയോ നന്മതന്‍ സൂര്യനെ?


എനിക്ക് ഇഷ്ട്ടപെട്ട വരികള്‍

yousufpa said...

ആധുനീക കവിതകളിൽ നിന്നും വ്യത്യസ്തമായ​‍ രീതി.
ഇഷ്ടപ്പെട്ടു.

jayanEvoor said...

"കുടിച്ചുതീര്‍ക്കാന്‍ ഒരു കടല്‍കിടക്കെ
നിര്‍വ്വാണമെന്നെ പൊതിയുവതെങ്ങനെ?"

അതെ.
എങ്ങനെ കൊതിയടക്കും!

നല്ല കവിത.

കുസുമം ആര്‍ പുന്നപ്ര said...

ഓര്‍ത്തീടുമോ, വഴിമാറി നടന്നീടുമോ
മടുത്തുവിങ്ങുമ്പോള്‍ പകര്‍ന്നീടുമോ?
ഇത്രമേല്‍ അകന്നിട്ടെന്താണ് ലാഭം,?
ജീവിതമൊരുത്തന്‍റെ ശരിതെറ്റുമാത്രമോ.

അതെ ..ജീവിതമൊരുത്തന്‍റെ ശരിതെറ്റുമാത്രമോ.

സീത* said...

കലഹിക്കുന്നതിനിടയിൽ കാണാതെ പോകുന്ന നന്മയുടെ സൂര്യൻ...സ്നേഹിക്കാൻ മറന്നു പോകുന്ന നിമിഷങ്ങൾ..തിരികെ വരില്യാല്ലോ

ജീവിതം ഒരുത്തന്റെ ശരി തെറ്റു മാത്രമോ..

ഒരു യാത്രികന്‍ said...

കുറേ കാലത്തിനു ശേഷം, തിരക്കിലായിരുന്നു എന്നറിയാം. പതിവില്‍ നിന്നും വ്യത്യസ്ഥമായ ശൈലി. ആസ്വദിച്ചു......സസ്നേഹം

junaith said...

ഇഷ്ടപ്പെട്ടു. നല്ല കവിത.

റാണിപ്രിയ said...

മാഷേ .... നന്നായിട്ടുണ്ട് വരികള്‍

രാജേഷ്‌ ചിത്തിര said...

കാത്തുസൂക്ഷിച്ചതെന്തിത്രമേല്‍ കാര്യമായ്.
ആരാണവകാശി, യന്യനോ അരുമയോ?
അല്ലെങ്കിലെന്തു നാം നല്‍കി,യാര്‍ക്ക്?
വെറുതെ കൂട്ടിവച്ചതാം പാഴ്വാക്കല്ലാതെ.

ഓര്‍ത്തീടുമോ, വഴിമാറി നടന്നീടുമോ
മടുത്തുവിങ്ങുമ്പോള്‍ പകര്‍ന്നീടുമോ?
ഇത്രമേല്‍ അകന്നിട്ടെന്താണ് ലാഭം,?
ജീവിതമൊരുത്തന്‍റെ ശരിതെറ്റുമാത്രമോ...

ethra vazhikaliloode, ethra thalangaliloode parannu padarunnu ee kavitha.....

രാജേഷ്‌ ചിത്തിര said...
This comment has been removed by the author.
~ex-pravasini* said...
This comment has been removed by the author.
~ex-pravasini* said...

നല്ല വരികള്‍

ajith said...

കുടിച്ചതൊരു കുമ്പിളോളം,
ഇനി കുടിക്കാനൊരു കടല്‍ കിടക്കെ ഞാനും നിര്‍വാണം അടവതെങ്ങിനെ?

സ്വലാഹ് said...

വ്യത്യസ്തം, ദീര്ഘം

ശ്രീനാഥന്‍ said...

കുടിച്ചു തീർക്കാൻ ഒരു കടൽ തന്നെ ബാക്കി. നന്നായിട്ടുണ്ട്, തിരക്കുകൾ ഒഴിഞ്ഞോ?

khader patteppadam said...

ഒടുവിലാരും വരാമീവഴി ശൂന്യനായ്‌
നിരലംകൃതനായ്, നിരാലംബനായ്.
കൊതിക്കുന്നതെത്ര, വിധിക്കുന്നതെത്ര,
ദാഹിക്കുന്നതെത്ര, ശമിക്കുന്നതെത്ര.

Ranjith Chemmad / ചെമ്മാടന്‍ said...

"വഴിമാറി നടന്നീടുമോ
മടുത്തുവിങ്ങുമ്പോള്‍ പകര്‍ന്നീടുമോ?"

വേറിട്ട വഴി... ഇഷ്ടായി...

മുല്ല said...

എന്റെ മനസ്സില്‍ തോന്നിയതൊക്കെ വരികളായ് മുന്നില്‍.ഒരു പാട് നന്ദി.

കാണാറെയില്ല ഈയിടെയായ്,തിരക്കാവും അല്ലേ?ആശംസകളോടെ

Rare Rose said...

നല്ല വരികള്‍..
കര്‍മ്മബന്ധങ്ങളുടെ കടല്‍ തൊട്ടു വിളിക്കുമ്പോള്‍ എങ്ങനെ തിരിഞ്ഞു നടക്കും..എന്തില്‍ നിന്നോടിയൊളിക്കും..വിരക്തിയിലേക്ക് ചുരുങ്ങിക്കൂടും അല്ലേ?

Echmukutty said...

ശരിയാണ്. കടൽ ബാക്കിയിൽ നിർവാണം വയ്യ തന്നെ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

കുടിച്ചുതീര്‍ക്കാന്‍ ഒരു കടല്‍കിടക്കെ നാമെന്തിനു വ്യാകുലപ്പെടുന്നു അല്ലെ?

ആത്മാര്‍ത്ഥതയുള്ള വരികള്‍!

പദസ്വനം said...

നേരുള്ള വരികള്‍..
"ഇത്രമേല്‍ അകന്നിട്ടെന്താണ് ലാഭം,?
ജീവിതമൊരുത്തന്‍റെ ശരിതെറ്റുമാത്രമോ."

തികച്ചും ന്യായം.. സത്യം..

jayarajmurukkumpuzha said...

valare nannayittundu......

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

ഓര്‍ത്തുനോക്കീടുകില്‍ വിഷാദിക്കുവാനില്ല-
യൊന്നും, വാഴ്വുതന്നെയസംബന്ധമാകവേ;
പ്രാണന്‍ പൊതിഞ്ഞും, കിതച്ചും പായവേ
നേടിയെത്ര, നേടുവാനെത്ര,യായുസ്സെത്ര ബാക്കി?

നല്ല വരികള്‍ !!

Kalavallabhan said...

കലഹിക്കുവാനിരുട്ടു നിരന്തരം തേടവേ
തെല്ലു കാണാതെപോയോ നന്മതന്‍ സൂര്യനെ?

മുകിൽ said...

nalla varikal.

Anonymous said...

പ്രിയമുള്ളതില്‍നിന്നകലാന്‍ കഴിയുമോ?
മടുപ്പുള്ളതിനോടടുക്കാന്‍ കഴിയുമോ?
കുടിച്ചുതീര്‍ക്കാന്‍ ഒരു കടല്‍കിടക്കെ
നിര്‍വ്വാണമെന്നെ പൊതിയുവതെങ്ങനെ?

നല്ല കവിത....ആശംസകള്‍....

Pranavam Ravikumar a.k.a. Kochuravi said...

മനോഹരമായ വരികള്‍.. ആശംസകള്‍