Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

Monday, 28 November, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍
ശശിധരന്‍ മങ്കത്തില്‍മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം.

1. 2011-ല്‍ പഴക്കം 115 വര്‍ഷം
2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്
3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്
4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും)
5. കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത)
6. വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്പില്‍വേകള്‍ ആവശ്യത്തിനില്ല.
7. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍
8. തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു
9. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി
10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല
11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ്
12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍ (അടിയിലൂടെ ചോര്‍ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല.
13. അടുത്തകാലത്ത് ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു
14. പെരിയാര്‍ നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെ
15. അണക്കെട്ടിനെ നിരീക്ഷക്കുന്നില്ല. സ്ഥാപിച്ച ഉപകരണങ്ങള്‍ നശിച്ചു
16. സമ്മര്‍ദം കുറക്കാന്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്പില്‍വേകള്‍ കൂട്ടാനും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം
17. സമ്മര്‍ദം കുറക്കാന്‍ അണക്കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല.
18. ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് ആവരണം പണിത് ഇന്‍സ്‌പെക്ഷന്‍ ഗാലറി നിര്‍മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്‍ ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്‍ ചോര്‍ച്ച)
19. കേബിള്‍ കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല്‍ മാത്രം)

കരിങ്കല്ലും സര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്‍ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ടാണിത്.

ഭൂകമ്പ മേഖലയില്‍ പണിത അണക്കെട്ടായതിനാല്‍ ഭൂചലനമുണ്ടായാല്‍ അണക്കെട്ടില്‍ പൊട്ടലുകളും വിള്ളലുകളും ഉണ്ടാകും. വിള്ളലുകള്‍ ചിലപ്പോള്‍ അകത്താകാം. ഇത് പുറത്ത് കാണണമെന്നില്ല. കാലവര്‍ഷത്തില്‍ അണക്കെട്ട് നിറഞ്ഞ സമയത്ത് ഇത്തരം വിള്ളലുകള്‍ വലുതായി അണക്കെട്ട് തകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭൂവിള്ളലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ബേബി ഡാമിനെ ഭയക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇതിന്നടിയിലൂടെ വെള്ളം ചോരുന്നുണ്ട്. ഇതിന് വെറും മണ്‍കയ്യാലയുടെ ബലമേയുള്ളുവെന്ന് അന്നത്തെ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം 2006 നവംബര്‍ 13 ന് ബേബി ഡാം പരിശോധിച്ച അന്തര്‍സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ. ദിവാകരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി സമ്മര്‍ദ്ദം കുറച്ചില്ലെങ്കില്‍ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തകാഴ്ചകള്‍ എന്തൊക്കെയായിരിക്കുമെന്ന് നോക്കാം.
അണക്കെട്ട് തകരുന്നതോടെ നാലുപാടും വെള്ളവും ചെളിയും മണ്ണും കുത്തിയൊഴുകി തൊട്ടടുത്തഗ്രാമങ്ങളെല്ലാം മണ്ണിനടിയിലാകും. മുല്ലപ്പെരിയാറിന് താഴെയുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍, ഇരട്ടയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിമിഷങ്ങള്‍ക്കകം വെള്ളപ്പൊക്കമുണ്ടാകും.

ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു ദുരന്തമായിരിക്കും ഇടുക്കി അണക്കെട്ടിലുണ്ടാവുക. കാലവര്‍ഷം കനക്കുന്ന സമയത്ത് ജലനിരപ്പ് കൂടുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില്‍ മുല്ലപ്പെരിയാറിലെ 443 ദശലക്ഷം ക്യൂബിക്ക് മീറ്റര്‍ വെള്ളം 50 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഇടുക്കി അണക്കെട്ടിലേക്ക് മിനിട്ടുകള്‍ക്കകം കുതിച്ചെത്തും. 1996.30 ദശലക്ഷം ക്യൂബിക് മീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി. മുല്ലപ്പെരിയാര്‍ പൊട്ടിയാലും താങ്ങാനുള്ള ശേഷി കണക്കാക്കിയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയും വെള്ളം ചെളിയും മണ്ണുമായി കുത്തിയൊഴുകിയെത്തുമ്പോള്‍ ഈ മര്‍ദ്ദം ഇടുക്കിക്ക് താങ്ങാനായെന്നു വരില്ല. ഇതുമൂലം ഇടുക്കിയില്‍ 15 അടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങാം. ഒറ്റയടിക്കുള്ള വെള്ളത്തിന്റെ തള്ളലില്‍ ഇടുക്കി അണക്കെട്ട് തകര്‍ന്നേക്കും. ഇതിന് താഴെയായി കുളമാവ്, ചെറുതോണി, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് എന്നീ അണക്കെട്ടുകളുണ്ട്. വെള്ളത്തിന്റെ തള്ളല്‍ ഈ അണക്കെട്ടുകളെയും തകര്‍ത്തേക്കാം.

രണ്ട് അണക്കെട്ടിലും കൂടിയുള്ള 2440 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം തള്ളുമ്പോള്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം ഇരച്ചുകയറും. പെരുമ്പാവൂര്‍ ആലുവ നഗരങ്ങള്‍ വെള്ളത്തിനടിയിലാകും. ചാലക്കുടിപ്പുഴ പെരിയാറില്‍ ചേരുന്നതിനാല്‍ ചാലക്കുടി ഭാഗത്തും വെള്ളം പൊങ്ങും. കുത്തിയൊഴുകുന്ന വെള്ളം വേമ്പനാട് കായലിലിലേക്കും മുനമ്പം ഭാഗത്തേക്കും തള്ളിക്കയറും.

ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടാകും. അഞ്ച് ജില്ലകളിലെ 35 ലക്ഷം വരുന്ന ജനങ്ങളെ ഇത് ബാധിക്കും. പത്തനംതിട്ട ജില്ലയുടെ ഒരു ഭാഗത്തും വെള്ളം കയറാന്‍ സാധ്യതയുണ്ട്. ലക്ഷക്കണക്കിന് വീടുകള്‍, വ്യാപാരസ്ഥലങ്ങള്‍ ഫാക്ടറികള്‍ എന്നിവ വെള്ളത്തിനടിയിലാകുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ച വ്യാധികളും പൊട്ടിപുറപ്പെടും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് ഇന്ത്യയിലെ തന്നെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് (Periyar tiger reserve) ഭീഷണിയാണ്. 777 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കേന്ദ്രത്തിലെ 350 ചതുരശ്രകിലോമീറ്റര്‍ പ്രദേശം ദേശീയ ഉദ്യാനമാണ്. പശ്ചിമഘട്ടത്തിലെ ഈ പ്രദേശം ലോകത്തിലെ ജൈവ വൈവിദ്ധ്യ ഉഷ്ണ വനതലമാണ്. (Biodiversity hot spot) വംശനാശത്തിന്റെ വക്കിലെത്തിയ അപൂര്‍വ്വ സസ്യങ്ങളും ജന്തുക്കളുമുള്ള മേഖലയാണിത്. ലോകത്ത് 18 ഉഷ്ണ വനതലങ്ങള്‍ ഉള്ളതില്‍ ഒന്നാണിത്. ജലനിരപ്പ് 152 അടിയാക്കിയാല്‍ വന്യജീവിസംരക്ഷണ കേന്ദ്രത്തിലെ 11.219 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മുങ്ങും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ വെള്ളത്തിലാകുന്ന ജൈവസമ്പത്തിനെക്കുറിച്ചും പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും തൃശ്ശൂര്‍ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം ശ്രദ്ധേയമാണ്. വന്യജീവി സംരക്ഷണ കേന്ദ്ര പ്രദേശത്ത് 1965 തരം പുഷ്പിക്കുന്ന സസ്യങ്ങളും 1440 തരം ബഹുപത്ര സസ്യങ്ങളും 525 തരം ഏകപത്രസസ്യങ്ങളുമുണ്ട്. മാത്രമല്ല, പുല്ല്, മുള എന്നിവ ഉള്‍പ്പെടുന്ന 168 ഇനം പോപ്പിയെസിയെയും. 155 ഇനം ഫാബിയെസിയെയും ഉണ്ട്. 168 ഇനം പുല്ലുകളും ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. നെല്ലിപ്പാറകണ്ടം, ആനക്കുത്തിവയല്‍, കൊക്കരക്കണ്ടം എന്നീ പ്രദേശങ്ങളിലാണിത്.

കടുവ, ആന, പുള്ളിപ്പുലി, കലമാന്‍, സിംഹവാലന്‍ കുരങ്ങ്, നീര്‍നായ, നീലഗിരിലാന്‍ഗര്‍ എന്നിങ്ങനെ നിരവധി വന്യജീവികളും ഇവിടെയുണ്ട്.

115 വര്‍ഷം മുമ്പ് അണക്കെട്ട് പണിതപ്പോള്‍ രൂപംകൊണ്ട തേക്കടി തടാകത്തിലെയും പരിസരങ്ങളിലെയും ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. 1979ല്‍ ജലനിരപ്പ് 136 അടിയാക്കി തടാകത്തിലെ വെള്ളം താഴ്ന്നപ്പോള്‍ ഇവിടെ കരപ്രദേശം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് ആദിവാസികളുടെയും മറ്റും ജനവാസകേന്ദ്രമാണ്. കുളത്തുപാലം, മണ്ണാന്‍കുടി, പെരിയാര്‍കോളനി, ലബ്ബക്കണ്ടം, തേക്കടി, റോസാപ്പൂക്കണ്ടം, ആനവാച്ചാല്‍ എന്നിങ്ങനെ ഏഴ് തുരുത്തുകളിലായി ആയിരത്തിലധികം വീടുകളുണ്ട്. നാലായിരത്തോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്.

ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാണ് പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം ഉള്‍പ്പെടുന്ന തേക്കടി. ജലനിരപ്പ് ഉയര്‍ത്തിയാല്‍ വന്യജീവി സംരക്ഷണകേന്ദ്രം തന്നെ ഇല്ലാതായി തേക്കടിയുടെ പ്രസക്തി നഷ്ടപ്പെടും. തേക്കടിക്ക് തൊട്ടടുത്തുള്ള കുമളി ടൗണ്‍ഷിപ്പായി മാറിയിരിക്കുകയാണ്. ഇവിടെയാണ് വിനോദസഞ്ചാരികള്‍ തമ്പടിക്കുന്നത്. ജലനിരപ്പ് ഉയരുന്നതോടെ തടാകത്തിന്റെ കരയില്‍ നിന്ന് ആനകളും വന്യജീവികളും പിന്‍വാങ്ങും. തേക്കടിയിലെ ബോട്ട് യാത്രയ്ക്ക് പിന്നെ അര്‍ത്ഥമില്ലാതാകും. അങ്ങിനെ ഇന്ത്യയിലെ ഒരു വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെയും വിനോദസഞ്ചാര കേന്ദ്രത്തിന്റെയും നാശമായിരിക്കും ജലനിരപ്പ് ഉയര്‍ത്തിയാലുള്ള ഫലം.

ജലനരപ്പ് 136 അടിക്കു മുകളിലാക്കി അണക്കെട്ടു തകര്‍ന്നാലുള്ള പരിസ്ഥിതി ആഘാതം ഗുരുതരമായിരിക്കുമെന്ന് ഡോ. ധ്രുപജ്യോതിഘോഷ് ചെയര്‍മാനായുള്ള ദേശീയ വിദഗ്്ദ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തുകയാണ്. ഇതില്‍ നിന്ന് രക്ഷ നേടാനുള്ള പോംവഴിയെന്ന് കമ്മിറ്റി എടുത്തുപറഞ്ഞിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ത്തിയാല്‍ പെരിയാര്‍ ഇക്കോവ്യൂഹത്തിന്റെ ഭാഗമായ പുല്‍മേടുകള്‍ മുങ്ങും. ഇത് കടുവകളുടെ ആഹാരശൃംഖലയെ പ്രതികൂലമായി ബാധിക്കും. പുല്‍മേടുകളെ ആശ്രയിച്ച് ജീവിക്കുന്ന മാനുകളാണ് കടുവകളുടെ പ്രധാന ആഹാരമെന്നതിനാലാണിത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടനുസരിച്ചുള്ള കടുവ സംരക്ഷണ കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. മാത്രമല്ല പുല്‍മേടുകളുടെ നാശം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ മറ്റ് ജീവികളെയും ഇത് ഈ പ്രദേശത്തുനിന്ന് അകറ്റും. ടൂറിസം പദ്ധതിക്ക് ഇത് തിരിച്ചടിയാകും.

1979-ന് ശേഷം ആദിവാസികളടക്കമുള്ള ജനവിഭാഗം പലതുരുത്തുകളിലായി ഇവിടെ താമസമുറപ്പിച്ചിട്ടുണ്ട്. വെള്ളം ഉയര്‍ന്ന് ഈ പ്രദേശങ്ങള്‍ മുങ്ങിയാല്‍ ഇവര്‍ വീണ്ടും കാടുകളിലേക്ക് താമസം മാറ്റുന്നത് പരിസ്ഥിതിയെ ബാധിക്കും. ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ പരിസ്ഥിതി ആഘാത പഠനം (Environmental impact
assessment) അത്യവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആറ് ഗ്രാമങ്ങളിലായി താമസിക്കുന്ന ആദിവാസികള്‍ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് ഭയന്നാണ് ഇവിടങ്ങളില്‍ കഴിയുന്നത്. ഇവരുടെ ജീവിതത്തെയും ഇപ്പോഴത്തെ സാഹചര്യത്തെയും കുറിച്ചുള്ള പഠനവും അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുമ്പോള്‍ പദ്ധതിപ്രദേശത്ത് ജനസംഖ്യ കുറവായിരുന്നു. മാത്രമല്ല മിക്കവാറും പ്രദേശം വനവുമായിരുന്നു. അതിനാല്‍ അണക്കെട്ട് പൊട്ടിയാല്‍ തന്നെ ജീവഹാനി അധികം വരില്ല. പക്ഷെ ഇന്ന് സ്ഥിതി അതല്ല. പദ്ധതി പ്രദേശത്ത് ജനവാസം കൂടുതലാണ്. വെള്ളം ഒഴുകിയെത്താന്‍ സാദ്ധ്യതയുള്ള പെരിയാര്‍ നദിയുടെ കരപ്രദേശങ്ങളിലും ജനവാസം കൂടുതലാണ്.

അണക്കെട്ട് പണിയുമ്പോള്‍തന്നെ അത് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത നിവാരണത്തിനായി പദ്ധതി തയ്യാറാക്കാറുണ്ട്. ഇതിനായി അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അവസ്ഥ വിശകലനം (Dam break analysis) ചെയ്യും. ഇതിന്റെ വെളിച്ചത്തില്‍ പദ്ധതി പ്രദേശത്തിന്റെയും വെള്ളം പൊങ്ങാന്‍ ഇടയുള്ള സ്ഥലത്തിന്റെയും പ്രത്യേക ഭൂപടം തയ്യാറാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കും. ഓരോ മിനിട്ടിലും വെള്ളം ഒഴുകിയെത്തി, ഉയര്‍ന്നു പൊങ്ങുന്ന സ്ഥലങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെനിന്ന് ആളുകളെ രക്ഷിക്കാനുള്ള മാര്‍ഗ്ഗരേഖകളും ഇതോടപ്പമുണ്ടാകും. ഇതിനായി രക്ഷാ ടവറുകളും പുനരധിവാസകേന്ദ്രങ്ങളും സജ്ജമായിരിക്കും. പ്രാദേശിക സേനയുടെയും പട്ടാളത്തിന്റെയും സഹായം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും ദുരന്തനിവാരണ പദ്ധതി രൂപരേഖയില്‍ കാണും. പ്രത്യേക വാര്‍ത്താവിനിമയ സംവിധാനവും സജ്ജമാകും.

ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (GIS) സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഇന്ന് ഡാം ബ്രേക്ക് അനാലിസിസ് നടത്തുന്നത്. ഇതിലൂടെ ദുരന്ത ബാധിത പ്രദേശത്തിന്റെ ത്രിമാന ഭൂപടങ്ങളും ഉണ്ടാക്കാന്‍ കഴിയും. ഇതൊക്കെയാണെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ദുരന്തനിവാരണത്തിനുള്ള പദ്ധതി നിലവില്‍ വന്നിട്ടില്ല. ദുരന്തനിവരാണത്തിന് പദ്ധതി തയ്യാറാക്കുമെന്നും സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും മന്ത്രിമാര്‍ പറയുന്നതല്ലാതെ അതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്തിട്ടില്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ദുരന്തനിവാരണപദ്ധതി നടപ്പാക്കി മുന്‍കരുതലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

ഏതു പദ്ധതിക്കും ചെലവാക്കിയ പണം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ മുന്‍പന്തിയിലായിരുന്നു. വിജയകരമാവുന്ന പദ്ധതികള്‍ മാത്രമെ അവര്‍ ഏറ്റെടുത്തിരുന്നുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ട് പദ്ധതിയില്‍ നിന്ന് തുടക്കത്തില്‍ തന്നെ, ചെലവായതിന്റെ ഏഴ് ശതമാനം തുക വരുമാനമായി കിട്ടിയിരുന്നു. അണക്കെട്ടില്‍ നിന്ന് പിന്നീടിങ്ങോട്ട് 115 വര്‍ഷം കൊണ്ട് എത്ര കോടികള്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടിയാല്‍ ഞെട്ടലുണ്ടാകും.

60 വര്‍ഷം കഴിഞ്ഞാല്‍ അണക്കെട്ട് ഉപേക്ഷിക്കണമെന്നാണ് ചട്ടം. അപ്പോഴേക്കും നിര്‍മാണത്തിന് ചെലവായ തുകയ്ക്ക് പുറമെ വന്‍ലാഭം ഇതില്‍ നിന്ന് കൊയ്യാന്‍ കഴിയും. പക്ഷേ ആയുസ്സിന്റെ ഇരട്ടി കഴിഞ്ഞിട്ടും അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യാതെ തമിഴ്‌നാട് സിമന്റ് പൂശി 'ബലപ്പെടുത്തി'ക്കൊണ്ടിരിക്കുകയാണ്.

ഒരുകാര്യം വ്യക്തമാണ്. അണക്കെട്ട് ഇപ്പോഴും തകരാതെ നില്‍ക്കുന്നത് ഒന്നുകില്‍ ബ്രിട്ടീഷുകാരുടെ നിര്‍മ്മാണ വൈദഗ്ദ്ധ്യംകൊണ്ട്, അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം കൊണ്ട്.


(മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രതിരോധത്തിന് ഞാനുമുണ്ട് . ശശിധരന്‍ മങ്കത്തിലിന്റെ ഒരു ആധികാരിക ലേഖനം ഞാന്‍ പോസ്റ്റ്‌ ആക്കുന്നു. പോസ്റ്റ്‌ ഇടുകയല്ല ലക്‌ഷ്യം, മറിച്ച് പ്രശ്നത്തില്‍ ഇടപെടുക മാത്രമാണ്. )

34 comments:

സ്മിത മീനാക്ഷി said...

ഞാനും ഈ സമരത്തില്‍ പങ്കു ചേരുന്നു.

Ajitha SK said...

വല്ലാത്ത ആശങ്ക തോന്നുന്നു.എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാകട്ടെ.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ശശിധരന്‍ മങ്കത്തിലിന്റെ ഈ ആധികാരിക ലേഖനം മുല്ലപ്പെരിയാറുയർത്തുന്ന ഭീക്ഷണികൾ മുഴുവൻ മനസ്സിലാക്കിട്ടരുന്നൂ..
ഇതിന്റെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ചേ മതിയാകൂ
ഞങ്ങൾ ബിലാത്തി മലയാളികളെല്ലാവരും ഈ സമരത്തിൽ പങ്കു ചേരുന്നൂ

Manoraj said...

ഇത് അദ്ദേഹത്തിന്റെ മുല്ലപ്പെരിയാര്‍ അണക്കെട്ടും കേരളത്തിന്റെ ഭാവിയും എന്ന പുസ്തകത്തില്‍ നിന്നും ഉള്ളതല്ലേ.. മാതൃഭൂമിയിലെ പുസ്തകപരിചയത്തില്‍ വായിച്ചിരുന്നു.

മുകിൽ said...

ഡാം തകരാത്തത് 'ജനങ്ങളുടെ ഭാഗ്യം കൊണ്ട്' എന്നാണു ഞാന്‍ കരുതുന്നത്. ഇത്രയും ജനങ്ങളുടെ ജീവനു ഭീഷണിയായ ഒരു കാര്യത്തെ, ആപത്തിങ്ങനെ പിടിച്ചു കുലുക്കിയിട്ടും അനങ്ങാതെ നിന്നു കാണുന്നവര്‍ മനുഷ്യരാണോ?? കേന്ദ്രത്തിന്റെ രാഷ്ട്രീയക്കളിയും തമിഴ്നാടിന്റെ കടുമ്പിടുത്തവും ഒരുപോലെ ക്രിമിനല്‍ അന്യായമാണു. എല്ലാവരും ഒറ്റക്കെട്ടായി സാധിക്കാവുന്ന എല്ലാ രീതികളിലും പ്രതികരിക്കുക തന്നെ വേണം.

ശ്രീ said...

ഈ ലേഖനം റീ പോസ്റ്റ് ചെയ്തത് നന്നായി മാഷേ...

പ്രതിഷേധത്തില്‍ പങ്കുചേരുന്നു.

.. said...

sir ee post onnu englishil postaamo kure tamil friendsinu share cheyyana...

സീത* said...

നല്ല പോസ്റ്റ് മാഷേ...പ്രശ്നത്തിന്റെ രൂക്ഷത വളരെ വ്യക്തമായി പറഞ്ഞൂല്ലോ...പ്രതിഷേധത്തിൽ പങ്കു ചേരുന്നു..

John said...

Well written B.N.Suresh.

John

ഓർമ്മകൾ said...

Nalla post mashe..., pakshe ini thamizhanmare paranju manasilakan samayam ill.., njangal maranathinte munnil samaram cheyunu..!

പ്രതികരണൻ said...

ആധുനികലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ദുരന്തത്തിനു മുന്നിലാണു നാം.വള്ളക്കടവു മുതല്‍ എറണാകുളം ജില്ല വരെയുള്ളവര്‍ വെള്ളത്തിനടിയിലാകുമെന്നത് പൂര്‍ണ്ണമായി ശരിയല്ല. അവിടെ ആരും മുങ്ങി മരിക്കില്ല. അണപൊട്ടിയ വെള്ളം മല തകര്‍ത്തു കൊണ്ടുവരുന്ന മണ്ണിനും പാറകള്‍ക്കും ചെളിക്കുമടിയില്‍, ഉറക്കെക്കരയാന്‍ പോലുമാകുന്നതിനു മുന്നേ അവര്‍ എന്നെന്നേയ്ക്കുമായി അടക്കപ്പെടും.

ഷിബു തോവാള said...

വളരെ ഉപകാരപ്പെടുന്ന ലേഖനം..ഈയടുത്ത ദിവസങ്ങൾവരെ മുല്ലപ്പെരിയാർ പ്രശ്നം എന്താണെന്ന് അറിയാത്തവരായിരുന്നു കേരളീയരിൽ ഏറിയപങ്കും...പ്രശ്നത്തിന്റെ യഥാർത്ഥ വസ്തുത മനസ്സിലാക്കുവാൻ സഹായിക്കുന്ന ഈ ലേഖനം ഇവിടെയും പ്രസിദ്ധീകരിച്ചതിന് ഏറെ നന്ദി...

സേവ് മുല്ലപ്പെരിയാർ..സേവ് കേരള..

നാട്ടുവഴി said...

ഒരു സിനിമാനടനു വേണ്ടി പോലും ആത്മഹത്യ ചെയ്യാന്‍ മടിയില്ലാത്ത തമിഴ് നാട്ടുകാരന്‌ 30 ലക്ഷം പേരുടെ മരണ ഭീതി ഹൃദയത്തില്‍ തൊടില്ല.അവന്‌ മുല്ലപെരിയാര്‍ രാഷ്ടിയം കളിക്കാനുള്ള വെറും ഉപകരണം മാത്രം.
അഭിനന്ദനങ്ങള്‍............

രമേശ്‌ അരൂര്‍ said...

എല്ലാവരും അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ,,ഈ സമരത്തില്‍ നമ്മള്‍ക്ക് വിജയിക്കാന്‍ കഴിയട്ടെ ,,ദുരന്തമുഖത്തു നിന്ന് ഒരു ജീവരാശി രക്ഷ നേടട്ടെ ..

കുഞ്ഞൂസ്(Kunjuss) said...

പ്രതിഷേധത്തില്‍ പങ്കുചേരുന്നു....

കുസുമം ആര്‍ പുന്നപ്ര said...

ഞാനും ഈ പ്രശ്നത്തില്‍ പങ്കുചേരുന്നു

ലീല എം ചന്ദ്രന്‍.. said...

ആശങ്ക തോന്നുന്നു.
പ്രതിഷേധത്തില്‍ പങ്കുചേരുന്നു

KUTTAN GOPURATHINKAL said...

ഒന്നുരണ്ടു കാര്യങ്ങള്‍ ..
1.) ലോകത്ത് ഒരു സ്റ്റ്രക്ച്ചറിനും 999 വര്‍ഷത്ത ലീസും ആയുസ്സും ഇല്ല. ഇതിലെന്തോ കള്ളക്കളി നടന്നിട്ടുണ്ട്. 99, ആരോ ഒരൊമ്പതുംകൂടി ചേര്‍ത്ത് 999 ആക്കിയതാവാന്‍ സാധ്യതയുണ്ട്..
2.) ജലത്തിന്റെ ഉപഭോഗത്തിനു മുടക്കുന്ന തുക തമിഴ്നാട്ടില്‍ ‘അണ്‍‌ഓഡിറ്റഡ്’ ആണ്. വിവിധ ഉദ്യോഗസ്ഥന്മാര്‍ക്ക് കൈക്കൂലി കൊടുക്കാനും അതുമൂലം കഴിയുന്നു. അത്, അന്വേഷണക്കാരായാലും, കോടതി, ജഡ്ജി എന്നിവരായാലും...

പട്ടേപ്പാടം റാംജി said...

അമ്പത്‌ കൊല്ലത്തെ ഗ്യാരണ്ടി പറഞ്ഞ ഡാമില്‍ നിന്നുള്ള വെള്ളം കൊടുക്കുന്നതിന് 999 കൊല്ലത്തെ കരാര്‍!!!

ഇഗ്ഗോയ് /iggooy said...

അണക്കെട്ടിനു ബലക്ഷയം ഉണ്ടെന്നും കേറളാത്തിലെ ജനങ്ങള്‍ക്കും ഭാഗ്യം ഉണ്ടെന്നും
ഇനി വേറെ തെളിവുകള്‍ ഒന്നും വേണ്ട. മുല്ലപ്പെരിയാറ് എന്ന പേരുമാത്രം മതി.
പുതിയൊരു ഡാം നല്ല പരിഹാരം ആകാന്‍ ഇടയില്ല.
കാരണം വമ്പന്‍ ഡാമുകള്‍ ഇക്കാലത്തിനു പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പരസ്പരം പറയുന്ന പഴിയല്ലാതെ ഈ കെട്ടിനിര്‍ത്തിയ അപകടത്തിനു എന്താണ്‌ കൊള്ളാവുന്ന പോം‌വഴി.

നാമൂസ് said...

പോരാട്ടാത്തിലുള്ള സകല ജനങ്ങള്‍ക്കും അഭിവാദ്യങ്ങള്‍..!

ശ്രീനാഥന്‍ said...

ആശങ്കകളിൽ പങ്കു ചേരുന്നു. എങ്കിലും എതിരഭിപ്രായവും അറിയണമല്ലോ! ഇതാ ഒന്ന്:Mullaperiyar is basically a Gravity Dam. In a gravity dam, the force that holds the dam in place against the push from the water is Earths gravity pulling down on the weight of the dam itself. In a gravity dam, stability is secured by making it of such a size and shape that it will resist overturning, sliding and crushing at the toe. The dam will not overturn provided that the moment around the turning point, caused by the water pressure, is smaller than the moment caused by the weight of the dam.

Therefore weight of the dam is the main factor concerning the water holding capacity. Mullaperiyar proved this capacity for the last 116 years and as such there will not any danger provided the whole mass of dam stays in one piece.

Now regarding the dam's stability during small earth-quake (< 6 in Richter Scale):

First of all the dams are vulnerable to earth quake. Mullaperiyar is a COMPOSITE DAM having 4-different layers. The stability of the dam during a quake depends fully on the unity of the dam structure. Here as Mullaperiyar is made of different layers of construction materials, there is no unity of deflection during vibration.

The chance of any earth quake measuring above 6 RS in Indukki region is totally unwarranted. If the quake above 6 hits iddukki, cheruthoni dam (Spillway dam of Idukki project) will also collapse, as cheruthoni dam is also a Composite dam, half masonry and half concrete.

However, to rectify all these apprehensions, modern engineering methods to strengthen the existing mullaperiyar dam is to be implemented at the earliest. Constructing a new dam is unnecessary. Also constructing a new dam will take another 4 to 5 years.

ഭാനു കളരിക്കല്‍ said...

ആശങ്കകള്‍ വാനോളം ഉയര്‍ന്നു കഴിഞ്ഞു. ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീകരമായ അവസ്ഥയിലാണ്. പ്രശ്നം തമിഴ്നാടിനെ ബോധിപ്പിക്കുകയാണ് വേണ്ടത്. കേന്ദ്ര ഗവണ്മെന്റിനെ സമ്മര്‍ദ്ദത്തില്‍ ആക്കുവാന്‍ നമുക്കെന്തുചെയ്യുവാന്‍ കഴിയും. പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ ഉയരട്ടെ.

പ്രയാണ്‍ said...

പണ്ട് പഠിച്ച ചുള്ളിക്കമ്പുകളുടെ കഥയോര്‍ത്തെങ്കിലുംകക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഒന്നിക്കുമെന്ന് പ്രതീക്ഷിക്കാം.

ChethuVasu said...

ചില കാര്യങ്ങള്‍ :

1 . ഈ ഡാമിന് ശേഷം മറ്റൊരു ഡാം (തടയയണ കൂടി എത്രയും വേഗം നിര്‍മ്മിക്കണം (ഈ ഡാം നിലനിര്‍ത്തിക്കൊണ്ട് തന്നെ ) .അതിനു ആരോടും ചോദിക്കേണ്ട കാര്യമില്ല.
2 . ഈ ഡാം കാലപ്പഴക്കം എത്തിയത് കൊണ്ട് എത്രയും വേഗം പൊളിച്ചു കളയണം .. കാലപ്പഴക്കം വന്ന ബസുകള്‍ കുറെ ക്കാലം കൂടി ഓടും എന്നത് കൊണ്ട് മാതരം അവ റോഡില്‍ ഇറക്കാന്‍ പാടില്ലല്ലോ അത് പോലെ
3 . ഈ ഡാമിനെ പറ്റി പ്രചരിപ്പിക്കുന്ന അതിശയോക്തിപരമായ പ്രചാരങ്ങള്‍ അവസാനിപ്പിക്കണം . ഡാം പൊടിയാല്‍ തന്നെ പുട്ടുന്ന ഭാഗത്തിന് മേലെ ഉള്ള ഹ്ഗന അടി വെള്ളമാണ് താഴോട്ടോഴുക , ബാക്കിയുള്ള വെള്ളം അവിടെ തന്നെ നില്‍ക്കും . മുല്ല പ്പെരിയന്‍ ഡാമിന്റെ ഏറ്റവും താഴെ ഉള്ള വീതി 43 ആണ് എന്ന് ഓര്‍ക്കുക .. അതൊന്നും പൂര്‍ണമായി പൊളിഞ്ഞു പോകാന്‍ പൌകുന്നില്ല . സാധാരണ ഗതിയില്‍ തകരുന്നത് ഏറ്റവും മേലെ ഉള്ള വീതി കുറഞ്ഞ ഭാഗം ആയിരിക്കും അതിനു മേലെ ഉള്ള വെള്ളം എത്ര ഖന അടി ഉണ്ടോ അത്ര മാത്രമേ പുറത്തേക്കൊഴുകി ഇടുക്കി ഡാമില്‍ വന്നു ചേരൂ .

മാത്രവുമല്ല , ഡാം പൊട്ടിക്കഴിഞ്ഞാല്‍ ഈ വെള്ളം ( പൊട്ടുന്നതിനു മേലെ നിരപ്പില്‍ ഉള്ളത് ) ഒറ്റയടിക്ക് ഒഴുകി ഇടുക്കി ഡാമില്‍ ഇതും എന്നത് ശരിയല്ല . അത് കൊണ്ട് ഒറ്റയടിക്ക് ഇടുക്കി ഡാമിന് ഇത്ര കണ്ടു വെള്ളത്തിന്റെ തള്ളല്‍ അനുഭവപ്പെടുകയും ഇല്ല .

ഇങ്ങനെ ഒക്കെ ആണെങ്കിലും , കാലപ്പപഴക്കം വന്ന ഒരു ഡാം നില നിര്‍ത്തുന്നത് , ശാസ്ത്രതോടും സമൂഹത്തോടും ഉള്ള നന്ദികേടാണ് . അത് എത്രയും പെട്ടെന്ന് പുതുക്കി പണിയുക .ഒരാള്‍ പോലും അത് മൂലം മരണപ്പെട്ടു കൂടാ .ശാസ്ത്രവും സാങ്കേതിക വിദ്യയുഉം വേണ്ടിടത്ത് വേണ്ട രീതിയില്‍ ഉപയോഗിക്കതിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ് .

K S SHAIJU said...

ഈ സമരത്തില്‍ ഞാനും പങ്കു ചേരുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ ആദ്യം അപകടത്തില്‍ പെടുന്നവരില്‍ ഒരാള്‍ ഞാന്‍ ആയിരിക്കും. കാരണം ഞാന്‍ തോടുപുഴയിലാണ് താമസിക്കുന്നത്. ഇനിയും താമസമാരുതെ. മുപ്പതു ലക്ഷം ജനങ്ങളുടെ ജീവന്‍ വെച്ചുള്ള കളിയാണിത്. നമ്മുടെ സാമുഹ്യ വ്യവസ്ഥയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഇത് മൂലമുണ്ടായേക്കാവുന്ന ദുരന്തം വഴിയൊരുക്കുമെന്ന് ഒരു നിമിഷം ചിന്തിക്കുക. ലത്തൂര്‍ ഭൂകമ്പത്തിന്റെ ഓര്‍മ്മകള്‍ നമ്മുടെ മുന്നിലുണ്ട്. അന്ന് വഴിയാധാരം ആക്കപ്പെട്ട കുരുന്നുകളുടെ മുഖങ്ങള്‍ നമ്മുടെ മുന്നില്‍ നീറുന്ന ഓര്‍മകളാണ് ഇന്നും. അതുപോലെ...രക്ഷപ്പെട്ടാല്‍ തന്നെ എത്ര കുടുംബങ്ങള്‍ ദുരന്തത്തിന്റെ ആഴങ്ങളില്‍ അമരും എന്നു കേന്ദ്ര സര്‍കാര്‍ ചിന്തിക്കുക. നമുക്ക് അപേക്ഷിക്കണേ കഴിയൂ. പ്രവര്തികമാക്കേണ്ടത് ഭരണതികാരികള്‍ ആണ്. അതില്‍ എ കെ ആന്റണി, ഇ അഹമ്മദ്‌, മുല്ലപ്പള്ളി, വേണുഗോപാല്‍, കെ വി തോമസ്‌, വയലാര്‍ രവി എന്നിവര്‍ക്ക് നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയും. ഇവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഏറ്റവും പ്രധാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട് പ്രധാനമന്ത്രിയുടെ മുന്‍പില്‍ വ്യക്തമാക്കണം. അത് കേരളീയരുടെ....ഇടുക്കിയില്‍...കൊച്ചിയില്‍....കോട്ടയത്ത്‌....എന്നു വേണ്ട..ലോകത്തിന്റെ പല കോണുകളില്‍ ഉയരുന്ന പ്രധിശേധതിന്റെ അലയൊലികള്‍ പ്രധാനമത്രിയുടെ നെജില്‍ ചാട്ടുളി പോലെ കയറ്റാന്‍ പോന്നതാകണം. എന്നിട്ട് മടങ്ങി വരൂ..മുഖ്യമന്ത്രിയെ ഞങ്ങള്‍ ഹര്ദമായി സ്വാഗതം ചെയ്യാം.

എന്‍.ബി.സുരേഷ് said...

എണീക്കാന്‍ ധൃതിപ്പെടെണ്ട സമയമുണ്ടല്ലോ വേണ്ടുവോളം എന്ന് കെ.ജി.ശങ്കരപ്പിള്ള പറഞ്ഞ പോലെയാണ് നമ്മുടെ ഭരണ കര്‍ത്താക്കളുടെ മനോനില. ഭീരുത്വം മൂലം ഒരു പട്ടിയും കുരയ്ക്കാതിരിക്കുന്നില്ല എന്ന സത്യം അവരോടു ആര് പറഞ്ഞുകൊടുക്കും ?

എന്‍.ബി.സുരേഷ് said...

പുല്ലുവിലയാണ്
മുല്ലപെരിയാറിന്റെ കാര്യത്തിൽ പുല്ലുവിലയാണ് കേന്ദ്രത്തിനും,സുപ്രിംകോടതിക്കും. രാജ്യമൊരു വലിയ ദുരന്തമുഖത്താണന്നു പലയാവർത്തി വാമൊഴിയാൽ മൊഴിഞ്ഞിട്ടും അച്ചുനിരത്തി പറഞ്ഞിട്ടും തെല്ലും കുലുക്കമില്ലാതെ കേരളത്തെ കൊഞ്ഞനംകുത്തി കാണിക്കുകയാണ് കേന്ദ്രവും,കോടതിയും.സുപ്രിംകോടതിയുടെ അന്യായ മൌനത്തിനും .കേന്ദ്രസർക്കാരിന്റെ പൊട്ടൻ സമീപനത്തിനും കേരളം നൽകണ്ടവരുന്നവില 40ലക്ഷം ജനങ്ങളുടെ ജീവനും ജീവിതവുമാണന്നു ഈ വിഷയമറിയാവുന്ന ആർക്കുമറിയാം.

വൈക്കൊയെപോലുള്ള കുറേ തമിഴർക്ക് സാമന്യബോധവും,വിശേഷബുദ്ധിയില്ലായ്മയും ഉണ്ടാകുന്നത് ആ സംസ്ഥാനത്തിൽ പണ്ടേകണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. അവർ മുല്ലപെരിയാറിന്റെ കാര്യത്തിൽ അവിടെത്തെ തെരുവുകളീൽ കാണീക്കുന്ന ആഭാസങ്ങളെ അത്തരത്തിൽ കണ്ടാൽമതിയാകും.അവർ പച്ചക്കറിയോ,മറ്റുവിഭവങ്ങളോ തന്നില്ലങ്കിൽ വേണ്ടാന്നുവെക്കാം അതിന്റെ പേരിൽ ആരും പട്ടിണികിടന്നു മരിക്കില്ല .വിലഅല്പംകൂടുതൽ നൽകിയാൽ മറ്റുസംസ്ഥാനങ്ങളിൽ നിന്നത് ഇറക്കുമതിചെയ്യാം.

ഡാമിൽ വിള്ളൽ കണ്ടകാലംമുതൽ നടത്തിയിട്ടുള്ള നൂറുകണക്കിനു പഠനങ്ങളും,അത്രയേറെ നിരീക്ഷണങ്ങളും,സന്ദർശനങ്ങളും കോടതിയുടെയും കേന്ദ്രത്തിന്റെയും മുന്നിലുണ്ടു.എന്നിട്ടും ഉചിതമായ നിലപാടെടുക്കാൻ കഴിയാതെ പോകുന്നത് എന്തിന്റെ പേരിലാണ്. തമിഴനു പുതിയ ഡാം വന്നാലും വെള്ളാം നൽകാം എന്നു പറഞ്ഞിട്ടും അവർ കേൾക്കുന്നില്ല.തമിഴനു വെള്ളനൽകണ്ടത് കേരളത്തിന്റെകൂടി ആവിശ്യമാണ്.എന്നാലെ കേരളത്തിനു സുലഭമായി പച്ചക്കറി ലഭിക്കുകയുള്ളു. അത് മറ്റൊരുയാഥാർത്ഥ്യം.

ഒരു കൊളോണിയൽ ഭരണകാലത്തുണ്ടായ കൊട്ടയിലും കോണാത്തിലും കൊള്ളാത്ത ഒരു കരാറിന്റെ പേരിലാണ് കോടതി ഇക്കാര്യത്തിൽ തീർപ്പ് പറയാത്തത് എന്നോർക്കുമ്പോളാണ് ഭയനകമായ ആ ഭീതിനമ്മേ വരിഞ്ഞുമുറുക്കുന്നുന്നത്. ഈ കോടതിയാണോ 125 കോടിജനങ്ങളുടെ സ്വൈര്യജീവിതം,സ്വത്തും സരക്ഷിക്കുന്നത്? കേട്ടുകേൾവിപോലുമില്ലാത്ത ഒരു കാലയളവ് പറയുന്ന ഒരു കാരാറും ഭൂമിയിൽ ഒരു പക്ഷേ ഇവിടെ മാത്രമെ കാണൂകയുള്ളു.പത്തും,അൻപതും,നൂറും വർഷത്തേക്കുള്ള കരാറുകൾ കണ്ടേക്കാം ഇതു 999 വർഷം.
എത്ര അപ്രയോഗികമാണീകരാർ.കരാർ ഉണ്ടാക്കിയകാലഘട്ടത്തിലെ ഭരണക്രമങ്ങളെ അപ്പാടെ തച്ചുടച്ച് പുതിയ ഭരണഘടനയും ജനാധിപത്യനിയമങ്ങളും നിയമനിർമാണസംവിധാനങ്ങളും നിലവിൽവന്നു. കോടതി ഇപ്പോളും ആയിരംവർഷങ്ങൾക്ക് മുൻപുള്ള ചിതലരിച്ച കരാറിന്റെ പേരിൽ അവാങ്മുഖിയായി നിൽക്കുകയാണു.

സ്വഭാവികമായ മാറ്റങ്ങൾക്ക് എല്ലാവികസനങ്ങളും.നിർമാണപ്രവർത്തനങ്ങളും വിധേയമാകണം. കാലപഴക്കം വരുമ്പോൾ ഇന്നു നമ്മൾ കെട്ടിപടുക്കുന്നതിനും.പടുത്തതിനും മാറ്റങ്ങൾ വരുന്നത് അനിവാര്യതയാണ്.നൂറുവർഷം കാരാറുള്ള ഒരു കെട്ടിടത്തിൽ താമസിച്ചുവരികെ അതിന്റെ മേൽകൂര തകരുവാൻ പാകത്തിൽ നിൽക്കുകയാണങ്കിൽ പുനർനിർമാണം പാടില്ല അതിൽ
(പാവപ്പെട്ടവന്‍ മെയില്‍ വഴി അയച്ച അഭിപ്രായം )

എന്‍.ബി.സുരേഷ് said...

വൈകി കിട്ടുന്ന നീതി, നീതിനിഷേധനത്തിന് തുല്യമാണ്."

ഒരു കൂട്ടം ജനങ്ങളുടെ.. {പ്രകൃതിയിലെ മറ്റനേകങ്ങളുടെ} ന്യായ{നീതി}മായ ആവശ്യങ്ങള്‍ക്കുള്ള എല്ലാ തെളിവുകളും നേരത്തെ തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അവ കോടതിയുടെ പരിഗണനയിലുമാണ്. ഇത്രയും കാര്യങ്ങള്‍ മാത്രമേ ഇനി എല്ലാവരും തലകുത്തി നിന്നാലും കോടതിക്ക് മുന്നിലും പ്രധാനമന്ത്രിയുടെ മുന്നിലും, ജനതയുടെ മുന്നിലും വെക്കാന്‍ കഴിയൂ...എന്നിട്ടും, പ്രധാനമന്ത്രിയും... തമിഴ്നാടും ഇവ അംഗീകരിച്ചിട്ടില്ല. ഇനി അംഗീകരിക്കുകയും ഇല്ല..!!!!

ആരെയാണ് നാമിനി പ്രതീക്ഷിക്കേണ്ടത്. ഇത്ര നാളും ഒരു പരിഗണനയും തരാത്ത പ്രധാനമാന്ത്രിയെയോ.. അതോ, ഇതെല്ലാം ശരിയായിരിക്കാം പക്ഷെ ഞങ്ങള്‍ അംഗീകരിക്കില്ലെന്നു പറയുന്ന തമിഴ്നാടിനെയോ.. അതോ, ഇപ്പോള്‍ പന്ത് കയ്യാളുന്ന കോടതിയെയോ..????

രാജ്യത്തിനകത്തെ ഒരു സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ യാതൊന്നും നാളിതുവരെ ചെയ്യാനാവാത്ത ഒരു പ്രധാനമന്ത്രിക്ക് എങ്ങനെയാ അയല്പക്ക രാജ്യങ്ങളുമായി കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുക. കറന്‍സിയിലെ അക്കങ്ങളുടെ പെരുപ്പത്തെ വരക്കുന്നതിലെ മിടുക്കല്ല ഞങ്ങള്‍ ജനങ്ങള്‍ക്കാവശ്യം. പൌരന്റെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു ഭരണാധികാരിയെയാണ്. അല്ലാതെ കണ്ടു യാങ്കിയേമാന്മാര്‍ തന്നു വിടുന്ന പാചക കുറിപ്പുമായി രാജ്യത്തെ വിഭവങ്ങള്‍ ഉപയോഗിച്ച് സദ്യ'വട്ടമൊരുക്കുന്ന ഒരു ദേഹണ്ണക്കാരനെയല്ല. മഹിത ജനാധിപത്യ രാജ്യത്തെ ഒരു കുക്കറി ഷോ' കണക്കുപയോഗിക്കുന്ന വാചക റാണിമാരെയുമല്ല. ഈ അനാസ്ഥ ഈ നിസ്സംഗത ഇത് കുറ്റകരമാണ് സര്‍ദാര്‍ജി..!!

രാജ്യത്തെ മറ്റൊരിടത്തും കാണാത്ത'കണ്ട് ഏറെ സഹോദര്യത്തില്‍ കഴിയുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളെ അനാവശ്യമായ പ്രാദേശിക വാദങ്ങള്‍ ഉപയോഗിച്ച് ശത്രുവിനോടെന്ന കണക്ക് പെരുമാറാന്‍ പ്രേരിപ്പിക്കുന്ന തമിഴ്നാടിന്റെ ശുദ്ധ തെമ്മാടിത്തരത്തെ അവസാനിപ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ യൂണിയനില്‍.. അതിനകത്ത് തന്നെ മറ്റൊരു രാജ്യമോ..? ഇതിനുവദിച്ചു നല്കിക്കൂടാ..
എന്തേ.. രാജ്യത്തെ ദേശീയ പ്രസ്ഥാനങ്ങളുടെ മിണ്ടാനുപയോഗിക്കുന്ന 'സാമാനം' കാശിക്കു പോയോ..? നിലപാട് അറിയിക്കണം ഹേ..!!!

ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടുന്ന ഉത്തരവാദിത്തം രാജ്യത്തിനുണ്ട്. അത് യഥാവിധി ഉറപ്പാക്കാത്ത പക്ഷം, രാജ്യത്തെ കോടതികള്‍ ഇടപെട്ടേ തീരൂ..
അല്ലാതെകണ്ടു 'കുറ്റ വിചാരണ'ക്ക് മാത്രമായി പരിമിതപ്പെടരുത്. ദീര്‍ഘ ദൃഷ്ടിയോടുകൂടി ഇടപെടുകയാണ് വേണ്ടത്. ഒരു കൂട്ടം ആളുകള്‍ ചത്തൊടുങ്ങിയിട്ടു തുടങ്ങുന്ന നീതിന്യായ പാരായണം ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടാ.. അതിനും മുമ്പ് ഒരൊറ്റ താളൊന്നു തുറന്നു നേരാം വണ്ണം ആ ഒരു വരി മാത്രം മനസ്സിരുത്തി വായിച്ചാല്‍ മതി. "വൈകി കിട്ടുന്ന നീതി, നീതിനിഷേധനത്തിനു തുല്യമാണ്." എന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ മുദ്രാവാക്യങ്ങളില്‍ പ്രധാനപ്പെട്ടത്.

അതെ, നമ്മുടെ പ്രതിഷേധവും വികാരവും കാണിക്കേണ്ടത് സുപ്രീം കോടതിയോടാണ്. ഈ "ബഹുമാന്യ ഘാതകര്‍ക്ക്" നേരെയാണ്.

നാമൂസ് മെയില്‍ വഴി പ്രതികരിച്ചത്

ഇ.എ.സജിം തട്ടത്തുമല said...

വിജ്ഞാനപ്രദം!

kochumol(കുങ്കുമം) said...

പ്രതിഷേധത്തിൽ ഞാനും പങ്കു ചേരുന്നു..

എം പി.ഹാഷിം said...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭീകരതെയെ
തുറന്നു കാട്ടുന്നു ഈയെഴുത്തു

Abdulkader kodungallur said...

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഗഹനമായ പഠനം നടത്തി തയാറാക്കിയ ഈ ലേഖനം ഏതൊരു ദേശ സ്നേഹിയെയും വ്യാകുലപ്പെടുത്തുന്നതാണ് . വിധിവൈപരീത്യമെന്നു പറയട്ടെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ നിഷ്ക്കാമ കര്‍മ്മികളായി ഇരുട്ടില്‍ തപ്പുന്നു . ഈ ലേഖനം പുന:പ്രസിദ്ധീകരിച്ചു ബ്ലോഗില്‍ വിശദമായ ചര്‍ച്ചയ്ക്കു വിധേയമാക്കിയ എന്‍.ബി.സുരേഷ് മാഷുടെ
സാമൂഹ്യ പ്രതിബദ്ധതയെ നമിച്ചുകൊണ്ട് ഈ സമരയാത്രയില്‍ ഈയുള്ളവനും അണിചേരുന്നു. ഭാവുകങ്ങള്‍.

അനശ്വര said...

മുല്ലപ്പെരിയാര്‍ പോസ്റ്റുകള്‍ പലയിടത്തും വായിച്ചു..പക്ഷെ ഇത് വരെ എനിക്കറിയാതിരുന്നതാണ് 999 വര്‍ഷത്തെ കരാറ്, ചോര്‍ച്ച വരാന്‍ ഉണ്ടായ കാരണം എന്നതൊക്കെ...
എല്ലാരുടെ പ്രതികരണവും വായിച്ചു.. വല്ലാത്ത ആശങ്ക തന്നെ...ഭയപ്പാടോടെ കഴിയുന്ന മലയാളികള്‍ക്ക് തമിഴരുടെ അടി വേറെയും...!!
[അല്പം കൂടി വലിയ അക്ഷരങ്ങള്‍ ആക്കിക്കൂടെ? ഇത്രയും വായിച്ചപ്പഴെ തല വേദനിക്കുന്നു...]