Followers
About Me
My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
സന്ദര്‍ശകര്‍
ജാലകം
Friday, 17 April 2020

തിടുക്കം

തിടുക്കം
========
എൻ ബി സുരേഷ്
---------------------------
ചാണകം മെഴുകിയ തറയിൽ
തനിയെ വിരിച്ച തഴപ്പായിൽ
എന്നെ പെറ്റിടുമ്പോൾ
അമ്മ തനിച്ചായിരുന്നു
നേരം ഉച്ചയായിരുന്നു
തൊഴുത്തിൽ നിറവയറുമായ്
കൊമ്പിപ്പശു കരയുന്നുണ്ട്
അരിമണി തേടി വാതിലിൽ
കോഴികൾ കൊക്കുന്നുണ്ട്
അടുപ്പിൽ അരിക്കലം
തിളച്ചുതൂവുന്നുണ്ട്
പച്ച വിറക് കത്തുന്ന പുക
മുറിയിൽ നിറയുന്നുണ്ട്
പാടത്തുനിന്ന് അച്ഛനും
പള്ളിക്കൂടത്തിൽനിന്ന് ചേച്ചിമാരും
വയറുകാളി പാഞ്ഞുവരുന്നുണ്ട്
എന്റെ നെറ്റിയിൽ
തിടുക്കപ്പെട്ട് ഒരുമ്മ തന്ന്
എഴുന്നേറ്റ് ഓടിയതാണമ്മ
ഇന്നിപ്പോഴാണ് പിന്നെ
നീണ്ടു നിവർന്നൊന്ന് കിടന്നത്
തലക്കൽ തിരി കത്തുന്നുണ്ട്
തൊടിയിലെ മാവ് മുറിക്കുന്നുണ്ട്
മണ്ണിൽ തുമ്പ പതിക്കുന്നുണ്ട്
പെറ്റെണീറ്റ പയ്യ് അമറുന്നുണ്ട്
അയലത്ത് അരി തിളയ്ക്കുന്നുണ്ട്
തിടുക്കപ്പെട്ട് ഞാനമ്മയുടെ
നെറ്റിയിൽ ഉമ്മവെച്ചു
വേവലാതിയോടെണീറ്റ്
അമ്മ അങ്ങോട്ട് ഓടിയാലോ!
*********
മാധ്യമം ആഴ്ചപ്പതിപ്പ് 2019

7 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

എന്നുമെപ്പോഴും തിടുക്കത്തിൽ
ഓടിത്തളർന്ന അമ്മക്ക് ഒടുക്കം ഒരു പൊന്നുമ്മ ..

മാധവൻ said...

കൊറേ കാലത്തിന് ശേഷം വീണ്ടും ഇവിടെ എഴുതികാണുന്നതിൽ സന്തോഷിക്കുന്നു.മരിപ്പിലും നിലക്കാത്ത തുടർച്ചയായ് 'അമ്മ മനസ് പൊള്ളിക്കുന്നു.കാലം തെറ്റിയ തിരിച്ചറിവുകൾ നെറ്റിമേൽ അടയാളമിട്ട് ആശ്വാസം കൊള്ളുന്നുണ്ട് ഇന്നും ഇപ്പോഴും

pravaahiny said...

ദു:ഖം നൽകുന്ന വരികൾ

Bipin said...

ഓടിയിട്ടും തളരാത്ത അമ്മയ്ക്ക്
നിത്യ വിശ്രമം.
നന്നായി എഴുതി

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അമ്മയുടെ ജീവിതഭാരം മുഴുവൻ ആവാഹിച്ച വരികൾ. കാലം ഈ നിമിഷം നിശ്ചലമായി ഒരു കാഴ്ചക്കാരനാവുന്നു. 'വേവലാതിയോടെണീറ്റ്
അമ്മ അങ്ങോട്ട് ഓടിയാലോ' എന്ന അവസാനവരിയിൽ മകന്റെയടുത്തു തന്നെ എത്തിപ്പെട്ട അമ്മ ജീവിതത്തിലേക്ക് തിരിച്ചുപോയാലോ എന്ന ഭയം.... മരണത്തെ
ജന്മസുകൃതമാക്കിയ വരികൾ.. ഇഷ്ടപ്പെട്ടു.

Cv Thankappan said...

ഹൃദയസ്പർശിയായ വരികൾ.
ആശംസകൾ

Unknown said...

ഇഷ്ടം