- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
ആത്മാവിന്റെ മുറിവുകൾ
പുറത്തേക്കിറങ്ങുമ്പോൾ ആഴത്തിലെവിടെ നിന്നോ ഒരു തുമ്മൽ പുറത്തേക്ക് വന്നു. അല്ലങ്കിലും മകരമാസത്തിൽ പടരുന്ന മഞ്ഞിന്റെ പാളികൾ എല്ലാ പുലർച്ചകളിലും കുളിർത്ത ഒരു സുഖവും അസ്വസ്ഥതയും ഒരുമിച്ച് എനിക്ക് സമ്മാനിച്ചിരുന്നു. സഹ്യന്റെ മലഞ്ചെരുവിൽ നിൽക്കുന്ന ഈ സ്കൂളന്തരീക്ഷത്തിൽ പ്രത്യേകിച്ചും.
എന്റെ വരവും കാത്തുനിന്നപോലെ വരാന്തയുടെ അങ്ങേയറ്റത്തുനിന്ന് ആഭ ഓടി എന്റെ അടുത്തേക്ക് വന്നു. വളരെ ദൂരം ഓടിവന്നപോലെ അവൾ കിതയ്ക്കുന്നുണ്ടായിരുന്നു.
“മാഷേ”. വിളി തീരെ ഒച്ചയില്ലാതെയായിരുന്നു.
അവൾ ഒന്നു നിർത്തി ചുറ്റിലും നോക്കി.അവളുടെ കണ്ണുകൾ നനഞ്ഞു തിളങ്ങുന്നുണ്ടായിരുന്നു.
എപ്പോഴും പ്ലസന്റായ ആഭയ്ക്കിതെന്തുപറ്റി? എന്തോ ഒരു പന്തികേട് എനിക്ക് മണത്തു.
“എന്താ മക്കളെ”? (ഈ വിളി എന്റെ ജീവിതത്തിൽ എനിക്ക് എറ്റവും പ്രിയപ്പെട്ട അദ്ധ്യാപകനായ ദിനേശ് ബാബു സാറിൽ നിന്നും കിട്ടിയതാണ്. ഞങ്ങൾ ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതിർന്ന് കല്യാണപ്രായമായ ആൺകുട്ടികളെയും കല്യാണം കഴിഞ്ഞ പെൺകുട്ടികളെയും അദ്ദേഹം മക്കളെ എന്നേ വിളിക്കുമായിരുന്നുള്ളൂ. കുട്ടികൾ വലിയവരോ ചെറിയവരോ ആരുമാകട്ടെ അവരെ ഇങ്ങനെ തന്നെ വിളിക്കണമെന്ന് ഞാൻ അന്നേ മനസ്സിലുറപ്പിച്ചിരുന്നു)
“മാഷേ മീര ആശുപത്രിയിലാണ് ”
എനിക്ക് വല്ലാതെ വിറയാർന്നു വന്നു.
“സീരിയസ്സ് ആണെന്നാ കേട്ടത് ”
കുറച്ചിടെ ഞാൻ ഒന്നും മിണ്ടിയില്ല.ഒന്നു രണ്ടു തവണ തുമ്മുകയും ചെയ്തു.
“എന്താ അവൾക്ക് പറ്റീത്?”
“അവൾ ഞരമ്പ് മുറിച്ച് മാഷേ..”
തൊട്ടടുത്തുകണ്ട തൂണിലേക്ക് ഞാൻ ചാരി. അറിയാതെ കണ്ണടച്ചു. അപ്പോൾ മീരയുടെ നേർത്ത് വെളുത്ത കൈകൾ വെള്ള വിരിച്ച് ഒരു കിടക്കയ്ക്കു പുറത്തേക്ക് തൂങ്ങിക്കിടക്കുന്നതും അതിൽ ആഴത്തിലുള്ള മുറിവിൽ നിന്നും ചുവപ്പും നീലയും കലർന്ന രക്തം താഴേക്ക് ഒലിച്ചിറങ്ങി നിലത്ത് പടരുന്നതുമായ ഒരു സൈക്കഡലിക് കാഴ്ച എന്റെ മനസ്സിലേക്ക് അപകടകരമായി പാഞ്ഞുവന്നു.
“ഹൊ” തല ഒന്നു കുടഞ്ഞു. പെട്ടന്ന് ഞാൻ നിയന്ത്രിച്ചു. ആഭ അടുത്ത് തന്നെയുണ്ട്. അവൾ എന്നെ ഉറ്റുനോക്കുന്നുണ്ട്.
“നിന്നോട് ആരാണിത് പറഞ്ഞത്?”
“എട്ടാം ക്ലാസ്സിൽ പഠിക്കുന്ന രമ്യയാ പറഞ്ഞത്. അവളുടെ വീട് മീരേടെ വീടിനടുത്താ”
“നീ ഇതാരോടും പറയണ്ട. ആരെങ്കിലും ചോദിച്ചാൽ അവൾക്ക് പനിയായിട്ട് ആശുപത്രിയിൽ കിടക്കുകയാണെന്ന് പറഞ്ഞാൽ മതി”
“ഉം.” അവൾ തലയാട്ടി. ഞാൻ മനസ്സിൽ കരുതിയത് അവൾക്ക് മനസ്സിലായെന്നു തോന്നുന്നു. ആഭയ്ക്ക് അതിനു കഴിയും. അവൾ മീരയുടെ ജീവിതവും ഹൃദയവുമറിഞ്ഞ കൂട്ടുകാരിയാണല്ലോ.
ആഭ പതിയെ തലകുനിച്ച് ക്ലാസ്സിലേക്ക് നടന്നുപോയി.ഞാൻ ഉറയ്ക്കാത്ത കാലുമായി തിരികെ സ്റ്റാഫ്‌റൂമിലേക്ക് കയറി മേശമേൽ മുഖം പൂഴ്ത്തി കിടന്നു. കയറി വരുന്ന ആരും എന്റെ മുഖം കാണാൻ ഞാൻ ഇഷ്ടപ്പെട്ടില്ല.
പതിയെ സ്ക്സൂൾ സജീവമായി. സ്റ്റാഫ്‌റൂം ചിരിയിലും തർക്കത്തിലും ഉലഞ്ഞു.
‘രാത്രിയിൽ ഉറങ്ങാതെ മറ്റെന്തോ പണിയാ. ഉറങ്ങാൻ സ്കൂളിൽ വരും. സ്വീറ്റ്സ് ഡ്രീംസ് ആശംസിച്ചാ ഭാര്യ ഇങ്ങേരേ രാവിലെ യാത്രയാക്കുന്നത്.’ ആരാണാ കമന്റ് പറഞ്ഞതെന്ന് ഞാൻ ശ്രദ്ധിച്ചില്ല. എല്ലാവരും ഒപ്പിടാൻ ഓഫീസിലേക്ക് പോയി. പിന്നീട് പ്രാർത്ഥനയ്ക്കുള്ള മണി മുഴങ്ങി.
ഇംഗ്ലീഷ് പഠിപ്പിക്കുന്ന താൽക്കാലികാദ്ധ്യാപകൻ ഷിജു ചോദിച്ചു. “സാർ ക്ലാസ്സിൽ പോകുന്നില്ലെ?”
ഞാൻ അവനോട് ഒരു കള്ളം പറഞ്ഞു. “നല്ല തലവേദന, നിനക്കിപ്പോൾ ഫ്രീ അല്ലേ, എന്റെ ക്ലാസ്സിൽ ഒന്നു പോകുമോ?”
ഷിജു എന്നോട് രജിസ്റ്ററും വാങ്ങി ക്ലാസ്സിലേക്ക് പോയി. ഞാൻ തനിച്ചായി. എല്ലാ അർത്ഥത്തിലും തനിച്ച്.കുറ്റബോധത്തോടെ, നീറ്റലോടെ, ഞാൻ ആറു മാസങ്ങൾക്ക് പിന്നിലേക്ക് പോയി.
2006ജൂണിലാണ് ഞാൻ ആദിവാസിമേഖലയിലുള്ള ഈ സ്കൂളിലേക്ക് സ്ഥലംമാറ്റം വാങ്ങി വരുന്നത്. അതിനുമുൻപ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിന്റെ തമിഴ്നാട് ബോർഡറിലുള്ള ഒരു സ്കൂളിലായിരുന്നു ജോലി. മൂന്നു വർഷം. ഇതുപോലെ തന്നെ ഗ്രാമപ്രദേശം. എല്ലായ്പ്പോഴും ജോലി ചെയ്യാൻ ഗ്രാമങ്ങൾ തന്നെ ഞാൻ തെരഞ്ഞെടുത്തിരുന്നു. കാടിന്റെ നടുവിൽ ജനിച്ച് വളർന്നതുകൊണ്ടാവാം വെള്ളവും വായുവും മനുഷ്യരും എപ്പോഴും ശുദ്ധമാവണേ എന്ന് ആഗ്രഹിക്കാറുണ്ട്.
അതുകൊണ്ടു തന്നെയാണ് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചപ്പോൾ കാടിന്റെ അരികു ചേർന്നുള്ള സ്കൂളിൽ തന്നെ കൊടുത്തത്. കിട്ടുകയും ചെയ്തു.
എന്റേത് ഒച്ചിന്റെ ജന്മമാണെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. എത്രയോ കാലമായി വിവിധ ജോലികളിലായി സ്ഥലംമാറ്റമാവുമ്പോഴൊക്കെ കുടുംബത്തെയും കൂട്ടി പുസ്തകങ്ങളും പെറുക്കിക്കൂട്ടി വീടും ചുമന്ന് അടുത്തിടത്തേക്ക് നടക്കുകയാണ് പതിവ്.
ഇത്തവണയും പതിവു തെറ്റിച്ചില്ല.
ഒമ്പത് ബി യിലെ എന്റെ ആദ്യ ക്ലാസ്സിൽ മീര ഉണ്ടായിരുന്നില്ല. തുടർന്നുള്ള നാലഞ്ചു ദിവസങ്ങളിലും. അവധി കഴിഞ്ഞുള്ള തിങ്കളാഴ്ച ക്ലാസ്സിലെത്തുമ്പോൾ പുതിയ ഒരു കുട്ടി ഇരിക്കുന്നു.
മലയാളം ക്ലാസ്സ് എന്നു പറയുന്നത് അറബി പഠിക്കാൻ പോയതിനു ശേഷം ബാക്കി വരുന്ന കുട്ടികളുടെ കൂട്ടായ്മ ആണ്. ഈ പുതിയ കുട്ടി അറബിന് പോകാതെ ഇന്നത്തേയ്ക്ക് മാത്രം ക്ലാസ്സിൽ കൂടിയ ആൾ ആണെന്ന് ഞാൻ കരുതി.
ആൺകുട്ടികൾ ഇടുന്ന മാതിരി കോളറുള്ള ഷർട്ടൊക്കെ ഇട്ടു വലിയ കമ്മൽ കാതിൽ ചാർത്തി ഒരുപാട് മുടിയും നല്ല ചിരിയുമായ് അവൾ.
പക്ഷേ അവൾക്കെന്തോ ഒതുങ്ങിക്കൂടുന്ന മട്ടാണ്. എന്താണ് ഇത്രകാലം ആബ്സന്റ് ആയതെന്ന ചോദ്യത്തിന് അപ്പൂപ്പന് സുഖമില്ലാതെ ആശുപത്രിയിലായിരുന്നു എന്ന കാരണമാണവൾ പറഞ്ഞത്.
എനിക്കെന്തോ അതത്ര വിശ്വാസമായില്ലങ്കിലും കൂടുതൽ ചോദ്യം ചെയ്യാൻ പോയില്ല.
ജീവിതത്തിന്റെ അടിത്തട്ടിലുള്ളവരുടെ കുട്ടികളാണ് സ്കൂളിൽ അധികവും. അതിനിടയിൽ മീരയുടെ മട്ടും ഭാവവും ഒന്നു വേറിട്ടു നിന്നതിനാൽ എനിക്കെന്തോ അവളോട് ഒരു അകൽച്ച മനസ്സിൽ തോന്നി.
പക്ഷെ അതെന്റെ തോന്നൽ മാത്രമായിരൂന്നു. മീര കാണുന്നതൊന്നുമായിരുന്നില്ല്ല, ആരും കരുതുന്ന മാതിരിയായിരുന്നില്ല അവളുടെ ജീവിതം.
ചിലപ്പോൾ നന്നായി അണിഞ്ഞൊരുങ്ങി ക്ലാസ്സിലെത്തിയിരുന്ന അവൾ ചിലപ്പോൾ തീരെ അശ്രദ്ധയായി. കൈയിൽ കിട്ടിയ ഉടുപ്പുകൾ അണിഞ്ഞ് തലമുടിപോലും ശരിക്ക് വകുന്ന് വയ്ക്കാതെ,എത്രയോ കാലം ഉപയോഗിച്ച് നിറം പോയ പൊട്ടൊക്കെ തോന്നിയപോലെ നെറ്റിയീലൊട്ടിച്ച് വന്നു.
അപ്പോൾ തോന്നിയിട്ടുണ്ട് ഈ ജീവിതം തീരെ മുഷിഞ്ഞു എന്നവൾ മനസ്സിൽ കരുതുന്നുണ്ടാവും എന്ന്.
ചില ദിവസങ്ങളിൽ അവൾ കൂട്ടുകാരോടൊത്ത് വല്ലാതെ ആഹ്ലാദിച്ചു. ചിലപ്പോൾ തീരെ മൌനിയായി. ചിലപ്പോൾ തൊട്ടതിനും പിടിച്ചതിനുമൊക്കെ കൂട്ടുകാരോട് കലമ്പി.ചിലപ്പോൾ ക്ലാസ്സിൽ ടീച്ചേർസ് പഠിപ്പിക്കുമ്പോൾ എങ്ങോ മിഴിനട്ട് എന്തോ ആലോചിച്ച് ഇപ്പോൾ കരഞ്ഞുപോകും എന്ന മട്ടിൽ ഇരുന്നുകളയും.
മിക്ക അദ്ധ്യാപകരും അവളുടെ അശ്രദ്ധയെ കുറ്റപ്പെടുത്തി പരദൂഷണം പോലെ പറയുന്നത് കേട്ടിട്ടുണ്ട്. ആ കുട്ടി ഏതോ വലയിൽ കുരുങ്ങിയിട്ടുണ്ട് എന്ന് അടക്കം പറഞ്ഞു പലരും.
ചിലപ്പോൾ ദിവസങ്ങളോളം ക്ലാസ്സിൽ വരില്ല. വരുമ്പോൾ ചിലപ്പോൾ ഉച്ചഭക്ഷണം കൊണ്ടുവരില്ല. സ്കൂളിൽ നിന്നുള്ള ഭക്ഷണവും കഴിക്കില്ല. ക്ലാസ്സിൽ എല്ലാ കുട്ടികളുമായും നല്ല കൂട്ടാണെങ്കിലും ആരുമായും ആഴത്തിലുള്ള ബന്ധം അവൾക്കുള്ളതായി എനിക്ക് തോന്നിയില്ല.
മുതിർന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ ഉള്ളറകൾ തേടിപ്പോകുന്നത് അത്ര പന്തിയല്ല എന്ന് പല അനുഭവങ്ങളിൽ നിന്ന് തിരിഞ്ഞുകിട്ടിയിട്ടുള്ളതിനാൽ ഞാനും അവളുടെ ജീവിതത്തിൽ നിന്ന് അകലം പാലിച്ചു.
ചിലപ്പോൾ ചില പുസ്തകങ്ങൾ അവളുടെ കൈയിൽ ഇരിക്കുന്നത് കണ്ട് എനിക്ക് സ്നേഹവും കൌതുകവും തോന്നിയിട്ടുണ്ട്. വല്ലാതെ അടുപ്പം കാണിക്കില്ലെങ്കിലും ചില നേരങ്ങളിൽ അവൾ വാചാലയായിട്ടുണ്ട്.
ഫസ്റ്റ് ടേം പരീക്ഷ കഴിഞ്ഞ് പേപ്പറും നോക്കിക്കൊടുത്ത് ബാക്കിയെല്ലാ കുട്ടികളും രക്ഷകർത്താക്കളെ വിളിച്ചു കൊണ്ടു വന്ന് പ്രൊഫൈലിൽ ഒപ്പിടുവിച്ചെങ്കിലും മീരയുടെ വീട്ടിൽ നിന്നുമാത്രം ആരൂം വന്നില്ല. ക്ലാസ്സ് ടീച്ചർ അതിന് അവളെ പലപാട് ശകാരിച്ചു.
പിറ്റേന്ന് മുതൽ അവൾ സ്കൂളിൽ വരാതായി. ഞാൻ ആഭയോട് അന്വേഷിച്ചു. അവൾ ട്യൂഷൻ ക്ലാസ്സിലും വരുന്നില്ല മാഷേ എന്നായിരുന്നൂ ആഭയുടെ മറുപടി.
അവളുടെ വീടിനടുത്തുള്ള ഒന്നുരണ്ടു കുട്ടികളോട് ചോദിച്ചപ്പോൾ ‘ ആ , ഞങ്ങൾക്കറിയില്ല’ എന്ന് വല്ലാത്ത ഇഷ്ടക്കേട് പൊതിഞ്ഞുവച്ച ഉത്തരം കിട്ടി.
അടുത്ത ദിവസം അവളുടെ അപ്പൂപ്പൻ സ്കൂളിൽ വന്നു. സ്വയം പരിചയപ്പെടുത്തി. ഷർട്ട് ധരിക്കാതെ തോളിൽ ഒരു മഞ്ഞ തോർത്ത് ചുറ്റി നരച്ച താടിയും മുടിയുമായി ഒരാൾ. ‘ന്റെ കുട്ടി പഠിക്കാൻ മിടുക്കിയാണ്, എഴുതാനും വായിക്കാനുമൊക്കെ ഉത്സാഹമുണ്ട്. പക്ഷേ ആരു ശ്രദ്ധിക്കാൻ?’ എന്ന് ആത്മഗതം പോലെ പറഞ്ഞു.
അവൾക്ക് അച്ഛനില്ലെന്നും അമ്മ മറ്റൊരിടത്താണെന്നും പിന്നെ അമ്മാവന്മാരുടെ കാരുണ്യത്തിലാണ് പഠിപ്പൊക്കെ എന്നും പറഞ്ഞുകേട്ടപ്പോൾ അവളുടെ ജീവിതത്തിൽ ചില വല്ലായ്മകൾ എനിക്ക് മണത്തു.
പിറ്റേന്ന് മീര ക്ലാസ്സിലെത്തി.ഞാൻ അവളോട് ചോദിച്ചു. ‘നീ കവിതയൊക്കെ എഴുതുമെന്ന് കേട്ടു?’ അവൾ വല്ലാതെ ചൂളി. അപ്പൂപ്പൻ വെറുതെ പറഞ്ഞതാ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു. ‘നാളെ വരുമ്പോൾ നീ എഴുതിയ കവിതകൾ എന്നെ കാണിക്കണം എന്ന് പറഞ്ഞപ്പോൾ അയ്യോ എന്നായിരുന്നു പ്രതികരണം.
പക്ഷേ അവൾ കവിതകൾ കൊണ്ടു വന്നു. സാധാരണ ഒരു ഒമ്പതാം ക്ലാസ്സുകാരി കവിതയിലും ജീവിതത്തിലും കാണിക്കാത്ത പക്വതയുള്ള കവിതകൾ. എല്ലാറ്റിലും ജീവിതം വല്ലാതെ ഭാരം പേറി നിന്നു.
വീട്ടിൽ നിന്നു കിട്ടേണ്ട സ്നേഹവും പരിഗണനയും ഒന്നും കിട്ടുന്നില്ലന്നും അച്ഛൻ, അമ്മ എന്നൊക്കെ പറയുന്നത് അവൾക്ക് ഏതോ അകന്ന ഗ്രഹങ്ങൾ പോലെയാണെന്നും എനിക്ക് തോന്നി. കവിതകൾക്ക് ചില തിരുത്തലുകൾ പറഞ്ഞ് ഞാൻ മടക്കിക്കൊടുത്തു.
സ്കൂൾ കലോത്സവത്തിൽ കവിതാരചനയിൽ അവൾക്കായിരുന്നു ഒന്നാം സമ്മാനം. ഞാൻ നിർബന്ധിച്ചതുകൊണ്ടാണ് അവൾ കവിത എഴുതാൻ തയാറായത്. പക്ഷേ സബ്ജില്ലാമത്സരത്തിന് പോകാൻ എത്ര നിർബന്ധിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. മാമന്മാരറിഞ്ഞാൽ തല്ലും എന്ന് അവൾ പേടീയോടെ പറഞ്ഞു.
എന്നെക്കാൾ ഒന്നുരണ്ടു വർഷം കൂടുതൽ സർവ്വീസ് ആ സ്കൂളിലുള്ള മോഹൻദാസ് സാറിനോട് ഞാൻ മീരയുടെ കാര്യം പറഞ്ഞു. പറയുന്ന കാര്യം പരദൂഷണമായ് പടരില്ല എന്ന് അറിയാവുന്നത് കൊണ്ട്.
സാറ് അവളുടെ ചില വീട്ടുകാര്യങ്ങൾ പറഞ്ഞു. ‘ചെറുതിലെ അച്ഛൻ ഉപേക്ഷിച്ചുപോയി. പിന്നെ അമ്മ അവളെയും കൊണ്ട് സ്വന്തം വീട്ടിൽ താമസിച്ചു. അമ്മയ്ക്ക് ചില നടപടിദൂഷ്യങ്ങൾ ഒക്കെയുണ്ടെന്ന് ആളുകൾ പറയുന്നുണ്ട്. വെറുതെ പറഞ്ഞുണ്ടാക്കുന്നതാവാനും മതി. ഇപ്പോൾ അവർ വീട്ടിലില്ല. ദൂരെ എവിടോ പണിക്ക് പോയിരിക്കുകയാണത്രേ. ആരോ അവരെ വച്ചുകൊണ്ടിരിക്കുകയാണെന്നാ നാട്ടിൽ സംസാരം.. അസൂയാലുക്കൾ പറയുന്നതാവാം. ഭർത്താവുപേക്ഷിച്ച എല്ലാ സ്ത്രീകളും നാട്ടുകരുടെ കണ്ണിൽ പോക്കുകേസുകളാണല്ലോ. തരം കിട്ടാത്തതുകൊണ്ട് മാന്യന്മാരും മാന്യകളുമാവുന്നവരുടെ ഭാവനയാവാനും മതി.’
എനിക്ക് വല്ലാതെ തോന്നി. കുട്ടികൾ അവളോട് കാണിക്കുന്ന അകൽചയ്ക്ക് കാരണം ഇതാണ്, നാട്ടിലെ കഥകൾ. അവളുടെ നിരാശ പടർന്ന നിത്യഭാവത്തിനും കാരണം കഥകൾ തന്നെ.
ഒരു ദിവസം ആഭ വന്ന് പറഞ്ഞു.‘ മാഷേ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ?
സാധാരണ ഓടിവന്ന് സ്വാതന്ത്ര്യത്തോടെ വെട്ടിത്തുറന്ന് കാര്യങ്ങൾ പറയുന്ന ഇവൾക്ക് ഇന്നെന്താണ് പതിവില്ലാത്ത ഒരു മുഖവുര എന്ന് ഞാൻ കൌതുകപ്പെട്ടു.
“ഇല്ല നീ കാര്യം പറയ്”
“ അതേയ് ആ ഷഹനാസും കൂട്ടുകാരും മീരയുടെ പിന്നാലെ നടന്ന് കളിയാക്ക്വേം ശല്യപ്പെടുത്ത്വേം ചെയ്യുന്നു. അവൾക്കാണേൽ അതൊന്നും ഇഷ്ടമല്ല.”
“നിങ്ങളുടെ ക്ലാസ് ടീച്ചറോട് പറഞ്ഞോ?“
“ഇല്ല, പറഞ്ഞാൽ ഞങ്ങളെ വഴക്ക് പറയും.”
സുമ ടീച്ചർ അങ്ങനെയാ. ദൂരെ നിന്നു വന്ന് സ്കൂളിനടുത്ത് വാടകവീടെടൂത്ത് താമസിക്കുകയാണ് അവർ. ഭർത്താവ് നാട്ടിൽ. ചെറിയ കുട്ടിയുള്ളതിനെ നോക്കാൻ അമ്മ കൂടെയുണ്ട്. കുട്ടിക്ക് മിക്കപ്പോഴും അസുഖവും. തന്റെ കുട്ടിയുടെ കാര്യവും എപ്പോഴും ഭർത്താവിനോടൊപ്പം നാട്ടിൽ നിൽക്കണമെന്ന ചിന്തയുമല്ലാതെ സ്കൂളിന്റെ കാര്യത്തിൽ അവർക്ക് ഒരു താല്പര്യ്യവുമില്ല.
സർവ്വീസിൽ കയറിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. കുട്ടികൾ പരാതി പറയൂന്നത് ടീച്ചർക്ക് വല്ലാതെ അലർജിയുണ്ടാക്കും.
" ഇനിയെന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ വന്ന് പറയ്, ഞാൻ ടീച്ചറോട് പറഞ്ഞ് പരിഹാരമുണ്ടാക്കാം.”
ആഭ പോയി.
ഷഹനാസും സംഘവും അത് ചെയ്തില്ലങ്കിലേ അത്ഭുതമുള്ളൂ. ഒരു വകതിരിവുമില്ലാതെ ക്ലാസ്സിലും പുറത്തും നാട്ടിലും പ്രശ്നമുണ്ടാക്കലാണ് അവന്മാർക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ഷഹനാസിനാണ് നേതൃത്വം. വീട്ടിൽ അത്യാവശ്യത്തിനു പണമുണ്ട്. അമ്മ പഞ്ചായത്ത് മെമ്പർ, പോരാത്തതിന് സ്കൂളിന് പുറത്ത് ഒരു കമ്പ്യൂട്ടർ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുതിർന്നവരുടെ സംഘത്തിലെ ഒരു അംഗം. മാത്രവുമല്ല സ്കൂളിൽ ഹെഡ്മാസ്റ്ററുടെ ചാർജ്ജ് വഹിക്കുന്ന ടീച്ചർ തൊട്ടയൽ വാസിയും.
സ്കൂളിലെ ഹീറോ ആവാനുള്ള കഠിന ശ്രമത്തിലാണവൻ. അവൻ ചിലവാക്കുന്ന പണത്തിന്റെ തോതനുസരിച്ച് വാലാട്ടി എന്തിനും കൂടെ നിൽക്കുന്നവരാണ് കൂടെയുള്ള വാനരസംഘം.പത്താം തർത്തിലെത്തിയപ്പോൾ അഹങ്കാരം തലയിൽ കയറി മുറ്റി റ്റീച്ചേഴ്സിനെ വക വയ്ക്കാതെ ക്ലാസ്സിനകത്തും പുറത്തും പ്രശ്നങ്ങൾ ഉണ്ടാക്കുക ഷഹനാസിന്റെയും സംഘത്തിന്റെയും പതിവായി.
ക്ലാസ്സ് ടീച്ചറായ മോഹൻദാസ് സാറുമായി പലപ്പോഴും അവന്മാർ ഉരസി.ചെറുപ്പക്കാരികളായ ടീച്ചേഴ്സ് ക്ലാസ്സിലെത്തുമ്പോൾ അവരുടെ ശല്യം അതിരുവിടുന്നതായും പരാതികിട്ടി.
പക്ഷേ, സുമടീച്ചറും പ്രായം കുറവും തടി കൂടുതലുമായ മാലിനിടീച്ചറും മറ്റും ഇതിന് ഒരു പോംവഴി കണ്ടെത്തി. ഇവരുടെ താളത്തിനൊത്ത് തുള്ളുക. അവരെ മാനസ പുത്രന്മാരായി കൂടെ കൊണ്ടു നടക്കുക, എന്തെങ്കിലും പ്രശ്നമുണ്ടാക്കി ക്ലാസ്സ് ടീച്ചർ ചോദ്യം ചെയ്യുമ്പോൾ അവന്മാരുടെ വക്കാലത്ത് പിടിക്കുക, തുടങ്ങിയ കലാപരിപാടികളീലൂടെ അവർ തങ്ങളുടെ പ്രശ്നങ്ങളെ മറി കടന്നു.
അവധി ദിവസങ്ങളിൽ ഹീറോ സംഘത്തിന് വിരുന്നൊരുക്കുന്നത് വരെ മാലിനി ടീച്ചർ കടന്നു ചെന്നു. സ്കൂൾ ലീഡർ റോണിയുടെ പ്രണയം തകർന്നപ്പോൾ അതിന് മദ്ധ്യസ്ഥം പറയാൻ അവർ ശ്രമിച്ചു എന്ന പച്ചയായ സത്യത്തിന് വരെ സ്കൂൾ സാക്ഷിയായി.
വീഗാലാന്റിലേക്ക് ടൂർ പോയപ്പോൾ കിത്തിമറിഞ്ഞ് വീണ് കൈയൊടിഞ്ഞ് പകുതിക്ക് വച്ച് ടൂർ സംഘത്തെ ആശുപത്രിയിലേക്ക് വഴിതിരിച്ച് വിട്ട പാരമ്പര്യം ഷഹനാസിനുണ്ട്.
സ്കൂളിൽ നിന്ന് മുങ്ങി ബൈക്കെടുത്ത് മൂന്നുപേർ കയറി പാഞ്ഞുനടന്ന് വഴിയാത്രക്കാരനെ തട്ടി പോലീസ് ലോക്കപ്പിലായ വീരചരിതവും അവർ കുറിച്ചിട്ടുണ്ട്.
ക്ലാസ്സിൽ പോയി തന്റെ വിഷയം പഠിപ്പിക്കുന്നതിന് പകരം കുട്ടികളെ പാട്ടു പഠിപ്പിക്കുകയും പെൺകുട്ടികൾക്ക് സൌജന്യമായി സൌന്ദര്യം വർദ്ധിപ്പിക്കാനുള്ള കുറുക്കുവഴികൾ പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന മാലിനി ടീച്ചർ തന്നെയാണ് ഇവരുടെ ഗോഡ് മദർ.
ഹെഡ്മാസ്റ്റർ ഇൻചാർജ്ജ് എല്ലാത്തിനും ഒത്താശയും.
ആ സംഘമാണ് മീരയെ നോട്ടമിട്ടിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ കൊട്ടിഘോഷിക്കുന്നതിന് പകരം കണ്ടില്ലന്ന് നടിക്കുകയയാണ് ആദ്യം വേണ്ടതെന്ന് തോന്നി.
പക്ഷേ അവൻ വിടാൻ ഭാവമുണ്ടായിരുന്നില്ല. വീണ്ടും വീണ്ടും മീരയുടെ പിന്നാലെ കൂടി. ക്ലാസ്സിന്റെ വാതിൽക്കൽ, ഗേറ്റിൽ, ട്യൂഷൻ സെന്ററിൽ, അങ്ങനെ അവൾ ഉള്ള എല്ലായിടവും.
ആഭ പരാതിയുമായി എത്തി. ഇത്തവണ കൂടെ മീരയുമുണ്ടായിരുന്നു. വഴിയുണ്ടാക്കാമെന്ന് ഞാൻ അവരെ സമാധാനിപ്പിച്ചു.
സുമ ടീച്ചറിനോട് കാര്യം പറഞ്ഞു. പൊതുവെ എന്നെ ലേഡീ ടീച്ചേഴ്സിന് അത്ര പന്തിയല്ല. സ്റ്റാഫ് മീറ്റിങ്ങിൽ കാര്യങ്ങൾ തുറന്നു പറയുന്നതിലുള്ള ഈർഷ്യ തന്നെ മുഖ്യ കാരണം.
“ ആ കൊച്ച് ശരിയല്ല സാറെ, അതെങ്ങനാ കുടുംബം അങ്ങനുള്ളതല്യോ” അവരോട് പറയാൻ പോയ എന്റെ മുഖത്ത് ആട്ടുന്നതിനു തുല്യമായി അത്.
അടുത്ത ദിവസം ഷഹനാസ് മീരയ്ക്ക് കത്തുകൊടുത്തു. അവൾ വാങ്ങിയില്ല. അവൻ അത് അവളുടെ ബുക്കിനകത്ത് വച്ചു. മീരയുടെ ക്ലാസ്സിലെ അവന്റെ ഒരു കിങ്കരൻ വഴി.മീര അത് സുമ ടീച്ചറിനെ കാട്ടി. അവർ അത് വാങ്ങി. ഞാൻ ചോദിക്കാം എന്ന് പറഞ്ഞു. ഇനി അവൻ മേലാൽ ആവർത്തിക്കാതിരിക്കാൻ നോക്കാം എന്ന് പറഞ്ഞു.
പക്ഷേ അവൻ ആവർത്തിച്ചു, അല്ല തുടർന്നുകൊണ്ടേയിരുന്നു. ജെന്റ്സ് സ്റ്റാഫ്‌റൂമിൽ ഇത് ചർച്ചയ്ക്ക് വന്നപ്പോഴും മീരയുടെ സ്വഭാവദൂഷ്യമെന്ന് വരുത്താം ചിലർ ശ്രമിച്ചു.
അടുത്ത തിങ്കളാഴ്ച മൂത്രപ്പുരയുടെ ചുവരുകളിൽ ചുവരെഴുത്ത് പ്രത്യക്ഷമായി.
ഷഹനാസ് + മീര.
ഒരിടത്തല്ല ഒരുപാട് ചുവരുകളിൽ. വേട്ടയാടിപ്പിടിക്കുന്നതിന്റെ രസം അവന്മാർ അനുഭവിക്കുകയാണ്.
ഞാൻ അവന്മാരുടെ ക്ലാസ്സിൽ പഠിപ്പിക്കാത്തതിനാൽ പറയുന്നതിന് പരിധിയുണ്ട്. മോഹൻദാസ് സാർ ഇടപെട്ട് ഓഫീസിൽ വിളിപ്പിച്ചപ്പോൾ പ്രശ്നം ഒത്തുതീർക്കാനാണ് ഇൻചാർജ്ജിന്റെ ഭാഗത്തുനിന്നും നിർദ്ദേശമുണ്ടായത്.
പക്ഷേ ഒത്തുതീർന്നില്ല. നാൾ ചെല്ലുംതോറും വഷളായി. അടുത്ത ദിവസം ക്ലാസ്സിൽ വരുമ്പോൾ ഒമ്പത് ബിയുടെ ബോർഡിലും ഡ്സ്കിലും ചുവരിലുമെല്ലാം ചുവരെഴുത്തുകൾ.
ഷഹനാസ് + മീര.
കളർച്ചോക്കിൽ എഴുതിയത്. ട്യൂഷൻ കഴിഞ്ഞ് കുട്ടികൾ ക്ലാസ്സിലേക്ക് വന്നപ്പോൾ ഇതാണ് കാണുന്നത്. മീര അതിനു നടുവിൽ. കുട്ടികൾ അവളെ കുറ്റവാളിയെപ്പോലെ അടക്കം പിടിച്ച് നോക്കുന്നു. ആൺകുട്ടികൾ ഗൂഡമായി ചിരിക്കുന്നു. ഇതിന്റെ സൂത്രധാരന്മാർ ആ ക്ലാസ്സിൽ തന്നെയുള്ള ഷഹനാസിന്റെ ആരാധകന്മാരാണെന്ന് നിശ്ചയം.
പ്രശ്നം വീണ്ടും ഇൻചാർജ്ജിന്റെ മുന്നിലെത്തി. അവർ ആദ്യം ചെയ്തത് ബക്കറ്റിൽ വെള്ളം എടുത്ത് അത് തുടച്ച് കളയാൻ ഏർപ്പാടുണ്ടാക്കുകയാണ്. ലക്ഷ്യം ഷഹനാസിനെ രക്ഷിക്കുക എന്നതായിരുന്നു.
മോഹൻദാസ് സാറും ഞങ്ങൾ ആണുങ്ങളിൽ ചിലരും അവന്മാരെ ക്ലാസ്സിൽ നിന്നും പുറത്താക്കണമെന്ന് വാശി പിടിച്ചു. രാക്ഷകർത്താക്കളെ വിളിച്ച് ഉപദേശിക്കാമെന്ന ‘ശാസ്ത്രീയ നിർദ്ദേശമാണ്” നടപ്പിലായത്.
നിരന്തരം ഗുരുതരമായ കുറ്റങ്ങൾ ചെയ്യുന്നവർ യാതൊരു പരുക്കുമില്ലാതെ തുടർച്ചയായി ഹീറോകളായി ഞെളിഞ്ഞ് നടക്കാൻ അവസരമുണ്ടാക്കുന്നത് മറ്റുകുട്ടികൾക്ക് കൂടി തെറ്റായ മാതൃകവാവുമെന്ന അഭിപ്രായം പറഞ്ഞപ്പോൾ ഒരു സ്ത്രീ കൂടിയായ ഇൻചാർജ്ജ് പ്രതികരിച്ചത് ഇങ്ങനെ.
‘ആ പയ്യന്മാരൊക്കെ നല്ല വീടുകളിൽ നിന്നെത്തുന്നവരാ സാർ. നമ്മളെന്തിനാ ‘അവൾക്ക് വേണ്ടി വാദിച്ച് ആ പിള്ളേരുടെ ഭാവി കളയുന്നത്’
ഛെ, ഞാൻ വല്ലാതെ ചൂളിപ്പോയി. ആടിനെ പട്ടിയാക്കുന്ന പഴയ സൂത്രം പുറത്തെടുത്ത് ഒരൂ പാവം പെൺകുട്ടിയെ പാപത്തിന്റെ കുരിശിൽ കിടത്തി ആണിയടിക്കുകയാണ്.
“അല്ല സ്ത്രീകൾ തന്നെ ഇങ്ങനെയൊക്കെ ചിന്തിക്കണം.“
ഇത്രയും പറഞ്ഞ് രോഷം ഒരു പല്ലിറുമ്മലിൽ അവസാനിപ്പിച്ച് ഞാൻ ആ രംഗം വിട്ടു.പിറ്റേദിവസം മീരയുടെ അമ്മാവൻ വന്നു. വല്ലാത്ത ചൂടിലാണ്. അയാളും മീരയുടെ മുകളിൽ പഴിചാരുകയാണ്.
ഇന്നലത്തെ പ്രശ്നം വീട്ടിലറിഞ്ഞപ്പോൾ അവളെ വീട്ടുകാർ നന്നായി തല്ലിയതായി ആഭ രാവിലെ എന്നെ അറിയിച്ചു. എവിടെ, ഏത് കോടതിയിലാണ് അവൾ സത്യം ബോധിപ്പിക്കേണ്ടത്. ചുറ്റും നിൽക്കുന്ന മുഴുവൻ ആളുകളും പിഴച്ചവളുടെ മേലങ്കി അവൾക്ക് ചേതമില്ലാതെ ചാർത്തിക്കൊടുക്കുകയാണ്.മറ്റാരൊക്കെയോ ചെയ്യുന്നതായി സംശയിക്കപ്പെടുന്ന തെറ്റുകളുടെ ചെളി മുഴുവൻ അവളുടെ മേലേക്ക് ഊക്കോടെ തെറിപ്പിച്ച് അവളെ ജീവിതത്തിന്റെ നാറുന്ന പെരുവഴിയിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുകയാണ്.
പത്ത് സിയിൽ പഠിപ്പിച്ചുകൊണ്ട് നിൽക്കവെ ഷഹനാസിനെ ന്യായീകരിച്ചുകൊണ്ട് ലതീഷ് പറഞ്ഞു.
“ അവള് ശരിയല്ല സാറെ ഇന്നല്ലെങ്കിൽ നാളെ അവള് വഴിതെറ്റും.“
“ നീയൊക്കെ നാളെ നേരായ വഴിയിൽ പോകുമെന്നതിന് എന്താ ഉറപ്പ്. “ എന്ന് തിരിച്ച് ചോദിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ.
പ്രശ്നത്തിൽ ഇടപെട്ടതോടെ മോഹൻ സാർ അവരുടെ ശത്രുവായി. അവന്മാരും അവരുടെ രക്ഷകരും ചേർന്ന് ചെയ്തത്, ഹീനമായ മറ്റൊരു കാര്യമാണ്.
കമ്പ്യൂട്ടർ ലാബിൽ വച്ച് സാർ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുന്നു എന്ന് മേലോട്ട് പരാതി അയച്ചു.അന്വേഷണത്തിന് നിർദ്ദേശം വന്നു. ക്ലാസ്സിലെ കുട്ടികളെ വിളിച്ച് ഒറ്റയ്ക്ക് നിർത്തി ചോദിച്ചപ്പോൾ അങ്ങനെ ഒരു സംഭവമില്ല.
സ്കൂൾ കലോത്സവത്തിന് അവർ വീണ്ടും വേട്ടയ്ക്കിറങ്ങി. സ്റ്റേജിന്റെ സമീപം നിന്നിരുന്ന മീര കരഞ്ഞുകൊണ്ട് ക്ലാസ്സിലേക്കോടുന്നത് കണ്ട് പിന്നാലെ ചെന്ന ആഭ കണ്ടത് ഡെസ്കിൽ തലചായ്ച്ച് അവൾ വിങ്ങിക്കരയുന്നതാണ്.കത്തുകൊടുത്തും കമന്റടിച്ചും പ്രേമാഭ്യർത്ഥനയുമായി നടന്ന ഷഹനാസ് ഒരുപടി കൂടി കടന്ന് അവളെ കൈ വയ്ക്കാൻ ശ്രമിച്ചിരിക്കുന്നു. വേറേ ഒന്നു രണ്ടു കുട്ടികൾ കൂടി ഇതറിഞ്ഞു. എന്തോ വീരകൃത്യം ചെയ്തപോലെ അവൻ കലോത്സവവേദിയിൽ അപ്പോഴും ഞെളിഞ്ഞു നടക്കുന്നുണ്ടായിരുന്നു.
പിറ്റേന്ന് ചുവരെഴുത്ത് വീണ്ടും വന്നു. ‘ഷഹനാസ് മീരയെ ഉമ്മവച്ചു.’
ഒറ്റവായനയിൽ അവനോട് ശത്രുതയുള്ള ആരോ കരുതിക്കൂട്ടി സംഭവം ഒളിഞ്ഞുനിന്ന് കണ്ടിട്ട് സ്കൂൾ ചുവരുകളിൽ സാഹിത്യം വിളമ്പിയതെന്നേ തോന്നൂ. പക്ഷേ ഇത് വെടക്കാക്കി തനിക്കാക്കുന്ന പഴയ തന്ത്രമാണെന്ന് പലർക്കും അറിയാമായിരുന്നു. പുറത്തെ മുതിർന്ന കൂട്ടുകാരുടെ വിദഗ്ദ്ധോപദേശം അവന് വേണ്ടുവോളം കിട്ടുന്നുണ്ടായിരുന്നു.
ഇതങ്ങനെ വിട്ടാൽ പറ്റില്ല എന്ന് ഞങ്ങൾ പലരും തീരുമാനിച്ചു. ഷഹനാസിനെയും സംഘത്തെയും കൈകാര്യം ചെയ്തേ മതിയാകൂ എന്ന് ഞങ്ങൾ ഇൻചാർജ്ജിനോട് ആവശ്യപ്പെട്ടു. മനസ്സില്ലാ മനസ്സോടെ അവർ സമ്മതിച്ചു.
ഷഹനാസിന്റെ അമ്മ സ്കൂളിൽ വന്നു. കാര്യങ്ങൾ അറിഞ്ഞപ്പോൾ ‘ഇത്രേയുള്ളൂ‘ എന്ന് ഒരു ആശ്ചര്യചിഹ്നമാണവരുടെ മുഖത്ത് ആദ്യം വന്നത്.
“ഓരോ അവളുമാര് രണ്ടും തുനിഞ്ഞ് ഇറങ്ങിയാൽ കുടുംബത്തീപ്പെറന്ന ആൺകുട്ടികൾക്ക് വഴിനടക്കാൻ കഴിയില്ലല്ലോ. അവള് നോക്കിയപ്പോ പുളിങ്കൊമ്പാ കേറിപ്പിടിക്കാമെന്നങ്ങ് കരുതിക്കാണും. കൊച്ചിലേ കണ്ടുപഠിക്കാനാണെങ്കി വേറെങ്ങും പോകണ്ട താനും.”
മകൻ താന്തോന്നിത്തരം കാണിച്ചതിന് നാട്ടിലെ പെൺകുട്ടികളുടെ മാനത്തിന് വില പറയുകയാണവർ. അവളുടെ മാത്രമല്ല അവളുടെ കുടുംബത്തിന്റെയും.
“ ഞാൻ എന്റെ മകനെ പറഞ്ഞു വിലക്കിക്കൊള്ളാം. പക്ഷേ ഇനിയെന്തെങ്കിലും കൊള്ളരുതായ്മ അവളുടെ ഭാഗത്ത് നിന്നുണ്ടായാൽ...?”
ഇതും പറഞ്ഞ് ഒരു ഭീഷണി മുഴക്കിയിട്ടാണവർ പോയത്.
കുറച്ചു ദിവസത്തേക്ക് പിന്നീട് പുതിയ പ്രശ്നങ്ങൾ ഒന്നും പൊന്തി വന്നില്ല. എന്നാലും ഗോഡ് മദേഴ്സിന്റെ സ്വാധീനത്താലാകണം ലേഡീ ടീച്ചേഴ്സിൽ അധികമാളും വേട്ടക്കാരുടെ ഭാഗം പറയുന്നതിന് നാവിന് നീളം കൂട്ടുന്നുണ്ടായിരുന്നു.
ക്ലാസ്സിൽ മീര കൂടുതൽ കൂടുതൽ മുടങ്ങി. പഠനത്തിൽ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല. അതും അവളുടെ നിഷേധത്തരമായി പലരും കണ്ടു.
ഈ താൽക്കാലികമായ വിടവാങ്ങൽ അവന്മാരുടെ പുതിയ തന്ത്രമായിരിക്കുമെന്ന് ഞാൻ ക്ലാസ്സ് ടീച്ചറായ മോഹൻസാറിനോട് പറഞ്ഞു.
ഇതിനെത്തുടർന്നാണ് പഠനവിനോദയാത്ര എന്ന പേരിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും നടക്കുന്ന പ്രഹസനം ഞങ്ങളുടെ സ്കൂളിലും അരങ്ങേറിയത്. ഷഹനാസിനെയും സംഘത്തെയും കൊണ്ടുപോകേണ്ടതില്ല എന്ന ഒരു അഭിപ്രായം മോഹൻസാർ പറഞ്ഞു. കഴിഞ്ഞതവണ അവർ ഉണ്ടാക്കിയ പ്രശ്നങ്ങളും ഇത്തവണ സ്കൂളിൽ ഉണ്ടാക്കിയ പ്രശ്നങ്ങളും ആയിരുന്നു കാരണം. കഴിഞ്ഞ വർഷം അവർ പോയിരുന്നു എന്നതും ഒഴിവാക്കാൻ കാരണമായി പറഞ്ഞു. പക്ഷേ ഒട്ടേറെ ആളുകൾ അവന്മാർക്ക് വേണ്ടി വക്കാലത്തുമായി രംഗത്തെത്തി. ഒടുവിൽ അവർ തന്നെ വിജയിച്ചു.
പണ്ടേ ആൾക്കൂട്ടത്തോടൊപ്പം യാത്ര ചെയ്യുന്നതിൽ താല്പര്യമില്ലാത്തതിനാൽ ഞാൻ ഒഴിഞ്ഞു.
മടങ്ങി വന്നപ്പോൾ ഷിജുവാണ് പറഞ്ഞത്, അവന്മാരുടെ ചില നീക്കങ്ങൾ. യാത്രയിൽ മീരയും പങ്കെടുത്തിരുന്നു. അവളെ ചുറ്റിപ്പറ്റിയായിരുന്നു അവരുടെ നീക്കങ്ങൾ. അവൾ ഒറ്റയ്ക്കാകുന്ന സന്ദർഭങ്ങളിൾ ഷഹനാസ് അടുത്തുകൂടാൻ നടത്തിയ ശ്രമങ്ങൾ. അത്തരം സന്ദർഭങ്ങൾ ഒരുക്കിക്കൊടുക്കാൻ ഗോഡ് മദേഴ്സ് കാട്ടിയ വിരുത്. ഫോട്ടോ എടുക്കാൻ, മീരയുടെ മാത്രമായും കൂട്ടായും. ഷഹനാസിനുവേണ്ടി പോസ് ചെയ്യുമ്പോൾ മീരയെയും ഒപ്പം കൂട്ടാൻ അവർ നടത്തിയ തിടുക്കങ്ങൾ. മീര ഒറ്റയ്ക്കാവുന്ന നേരങ്ങളിൽ പിന്നാലെ എത്തി അവളെ ക്യാമറയിലാക്കാൻ തക്കം പാർത്തു നടന്നത്....
മടങ്ങിവരുമ്പോൾ ഫിലിം റോൾ ഷിജു വാങ്ങിവച്ചു. വാഷ് ചെയ്തുനോക്കിയപ്പോൾ സംശയിച്ചപോലെ തന്നെ. മീരയുടെ ഫോട്ടോസ് ആണ് കൂടുതൽ. അവൾ ഒറ്റയ്ക്കുള്ളതും അവളെ വ്യക്തമായി തിരിച്ചറിയാൻ പറ്റുന്നതുമായ സ്നാപ്പുകൾ വെട്ടിമാറ്റി ബാക്കി ഫിലിം മാത്രമേ തിരികെ കൊടുത്തുള്ളൂ. അതോടെ ഷിജുവും അവരുടെ ശത്രുക്കളായി. മുറിച്ചുമാറ്റിയ ഫിലിം അവർക്ക് കൊടുക്കണമെന്ന് ഒരു ശുപാർശ മാലിനി ടീച്ചർ ഷിജുവിനോട് നടത്തി. അവൻ അതെന്നോട് പറഞ്ഞപ്പോൾ എന്തൊരു പതനമാണിത് എന്ന് മനസ്സിൽ വിചാരിച്ചതേയുള്ളൂ ഞാൻ.
പിന്നീടുള്ള കുറേ ദിവസങ്ങൾ ശാന്തമായിരുന്നു. മീര പതിയെ കരകയറി എന്ന് തോന്നി. ഷഹനാസും സംഘവും ഒന്ന് അടങ്ങിയെന്ന് എല്ലാവരും ധരിച്ചു.
തൊട്ടടുത്താഴ്ച എനിക്ക് കോഴിക്കോട്ടേക്ക് പോകണമായിരുന്നു. വടകര കോളജിൽ ചെറുകഥയെ സംബന്ധിച്ച് നടക്കുന്ന ഒരു ദേശീയസെമിനാറിൽ പങ്കെടുക്കാനായിരുന്നു യാത്ര. പോകുന്നതിന് തലേന്ന് ഞാൻ ആഭയെ വിളിച്ച് ചോദിച്ചു, മീരയെ ഷഹനാസ് ഇപ്പോഴും ശല്യം ചെയ്യുന്നുണ്ടോ എന്ന്. അവൾ ഇപ്പോൾ അങ്ങനെയൊന്നും പറഞ്ഞുകേൾക്കുന്നില്ലന്ന് അവൾ മറുപടി പറഞ്ഞു.
ഒരാഴ്ച നീണ്ട യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഒരു വോൾക്കാനോ പുകഞ്ഞുനീറിപൊട്ടിയ അവസ്ഥയായിരുന്നു സ്കൂളിൽ. ഷഹനാസിനെയും മീരയെയും അന്നുരാവിലെ പഴയ കമ്പ്യൂട്ടർ ലാബിന് പിന്നിൽ നിന്ന് പിടികൂടി. അവർ പ്രണയം കൈമാറുകയായിരുന്ന് എന്നതാണ് കേസ്. ട്യൂഷനുപോകുന്നു എന്ന് വീട്ടിൽ പറഞ്ഞ് രണ്ടുപേരും പലദിവസങ്ങളിലും സ്കൂളിലെത്തുകയാണ് പതിവ് എന്നാണറിയാൻ കഴിഞ്ഞത്. രാവിലെ എട്ടുമണിക്കൊന്നും ഒരു ഈച്ചപോലും സ്കൂളിലുണ്ടാവില്ലല്ലോ.
വന്നു കയറിയ ഉടനെ പലരും എന്റെ മെക്കിട്ടുകയറി. ഇങ്ങനെ എല്ലാവരെയും സൂത്രത്തിൽ പറ്റിച്ചവൾക്ക് വേണ്ടിയാണ് നിരന്തരം മറ്റുള്ളവരെ ഞാൻ കുറ്റപ്പെടുത്തിയത് എന്നുള്ളതാണ് എന്റെ പേരിലുള്ള കുറ്റം. എനിക്ക് അവരോട് തിരിച്ച് ഒന്നും പറയാനുള്ള അർഹത ഇല്ലല്ലോ.
രാവിലെ നേരത്തെ എത്തിയ കുട്ടികൾ ഷഹനാസിനെയും മീരയെയും കാണുകയായിരുന്നത്രേ. അവർ ആദ്യമായി കാണുകയാണോ അതോ പലനാൾ കള്ളൻ പിടിക്കപ്പെട്ടതാണോ?
എന്നും കാണാറുണ്ടന്ന് മൊഴി നൽകിയത് ഷഹനാസാണ്. അവൻ അവളെ കുടുക്കിയതാണോ.? ഇതിൽ ഒരു ബ്ലാക്ക്മെയിലിങ്ങിന്റെ ചതി ഒളിഞ്ഞിരിക്കുന്നില്ലേ? ഈ ചോദ്യങ്ങളൊക്കെ ഉള്ളിലൊതുക്കാനേ നിവൃത്തിയുള്ളൂ. സംഭവത്തിൽ മീരയെ മുഖ്യപ്രതിയാക്കാൻ പലർക്കും വെമ്പലുണ്ട്.
അവൾ ക്ലാസ്സിലുണ്ട്. വേണമെങ്കിൽ വിളിച്ച് ചോദിക്കാം. നാളെ രക്ഷകർത്താവിനെ വിളിച്ചുകൊണ്ടുവരണം എന്ന താക്കീതിൽ ക്ലാസ്സിൽ കയറ്റിയിരുത്താനുള്ള ദയ കാണിച്ചു ആരോ.
കുട്ടികൾ ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ പോലും വീട്ടിലുള്ളവരെ വിളിച്ചുവരുത്തി ക്രിമിനൽകുറ്റം ചെയ്യുന്നത് കുടുംബപാരമ്പര്യമാണ് എന്ന മട്ടിൽ വിചാരണ ചെയ്യുന്ന പ്രാകൃതമെത്തേഡിന് ഇപ്പോഴും മാറ്റമൊന്നുമില്ലല്ലോ.
ഞാൻ അവളെ കാണാൻ കൂട്ടാക്കിയില്ല. അവളുടെ ഉത്തരം അവരുടെ പ്രണയത്തെ ശരിവയ്ക്കുന്നതാണെങ്കിലോ?
കഥകൾ മെനയാൻ ഒരു പുതിയ ഇരയെ കിട്ടിയതിന്റെ ആഹ്ലാദം സ്കൂളിൽ മുഴുവൻ നുരഞ്ഞുപതയുന്നുണ്ടായിരുന്നു. ഇത്തരം കാര്യങ്ങളിൽ വിചാരണ നടത്തുന്നത് സ്റ്റാഫ്‌റൂം എന്ന പൊതുസ്ഥലത്താവരുത്, ആൾക്കൂട്ടത്തിനു നടുവിലാവരുത് എന്ന മിനിമം മര്യാദ ഇപ്പോഴും എങ്ങും പാലിക്കപ്പെടുന്നില്ലല്ലോ...
എല്ലാ കുട്ടികളും സകൂൾ വിട്ടും ട്യൂഷൻ സെന്ററിൽ നിന്നും പോയിട്ടും മീര സ്കൂൾ ഗേറ്റിന്റെ സമീപത്ത് നില്പുണ്ടായിരുന്നു ഇന്നലെ എന്ന് പിറ്റേന്ന് ആഭ പറഞ്ഞു. വിളിച്ചപ്പോൾ ‘വീട്ടിലിപ്പോൾ അറിഞ്ഞുകാണും.. അവരെന്നെ കൊല്ലും’ എന്ന് അവൾ വിറയ്ക്കുന്നുണ്ടായിരുന്നു എന്ന് ആഭ കൂട്ടിച്ചേർത്തു. നിർബന്ധിച്ചാണവൾ കൂടെ കൂട്ടിയത്.
തുടർന്നുള്ള ദിവസങ്ങളിൽ മീര സ്കൂളിൽ വന്നില്ല. ആരുമറിഞ്ഞില്ല അവൾക്കെന്താണ് പറ്റിയതെന്ന്. ആരുമന്വേഷിച്ചില്ല അവൾ എവിടെയെന്ന്. അന്നു രാത്രിയിൽ അവൾ അസഹനീയമായ പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവണം. അവൾക്കെന്താണ് പറയാനുള്ളതെന്ന് ആരും അന്വേഷിച്ചുട്ടുണ്ടാവില്ല. മാനാഭിമാനങ്ങൾക്ക് മുകളിൽ വീണ ചോരപ്പാടുകൾ കണ്ട്, തന്റെ വിശ്വാസ്യതയ്ക്ക് മേൽ പതിച്ച തെറിവാക്കുകൾ സഹിയാതെ അവൾ ഇതാ ......
ദുഷിച്ചതെന്ന് ലോകം ആർത്തുവിളിക്കുന്ന തന്റെ ജീവിതത്തിന്റെ നിലനില്പിനെ അവൾ ഇതാ തന്റെ നീലഞരമ്പുകളിലൂടെ പുറത്തേക്ക് ഒഴുക്കിക്കളഞ്ഞിരിക്കുന്നു. പ്രാർത്ഥിക്കുമ്പോൾ ഭൂമി പിളർന്ന് അകത്തേക്കെടുക്കാൻ അവൾക്ക് ആരിരിക്കുന്നു.?
ആശുപത്രിമുറിയിൽ സ്വന്തം ജീവിതത്തിന്റെ മുകളിൽ ഒരു അധികാരവുമില്ലാതെ നിരാലംബയായി, ഗതികെട്ട മരണത്തിന്റെയും മലിനീകരിക്കപ്പെട്ട ജീവിതത്തിന്റെയും ഒത്തനടുവിൽ അവൾ....
അപ്പോഴും ഞാനും ഈ സമൂഹവും ആർത്തലച്ച് ജീവിതത്തിന്റെ നിമിഷങ്ങൾ എത്ര ഉദാരം എന്ന് സന്തോഷിച്ച് നിൽക്കുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് ഒരു റബ്ബർ ദണ്ഡ് പരിക്കില്ലാതെ ഇരിക്കുന്നതിനാൽ.. ഒട്ടകപ്പക്ഷിയെപ്പോലെ കാര്യലാഭത്തിനായി എന്തിൽ നിന്നും തലവലിക്കാൻ മിടുക്കുള്ളതിനാൽ. ... ഇങ്ങനെ നാണംകെട്ട് ജീവിച്ചിരിക്കാൻ ഒരു ലജ്ജയുമില്ലാത്ത ഒരു മദ്ധ്യവർഗ്ഗമനസ്സ് സ്വന്തമായുള്ളത് കൊണ്ട്... ഇനിയും എത്രയോ കാലം സുഖം നടിച്ചും സന്തോഷം അഭിനയിച്ചും ഇങ്ങനെ കടന്നുപോകും.
മീര പിന്നെ സ്കൂളിൽ വന്നത് പരീക്ഷയെഴുതാൻ വേണ്ടിയാണ്. അമ്മയോടൊപ്പം. നടന്നതൊന്നും അവളോട് ചോദിക്കാൻ എനിക്ക് ധൈര്യമുണ്ടായില്ല. അവളുടെ ആത്മാവിന്റെ മുറിവുകൾക്ക് മുകളിൽ കൂർത്ത മുന കുത്തിയിറക്കാൻ എനിക്ക് തീരെ പറ്റില്ലായിരുന്നു. ഒരിക്കൽ മുന്നിൽ വന്നുപെട്ടപ്പോൾ ‘പരീക്ഷ നന്നായി എഴുതുന്നില്ലേ നീ’ എന്ന് ഒരു അസംബന്ധചോദ്യം മാത്രം ഞാൻ അവളോട് ചോദിച്ചു. അവൾ തലകുലുക്കി.
അവസാന പരീക്ഷയും കഴിഞ്ഞ് ഞാൻ ഒറ്റയ്ക്ക് നിൽക്കുന്ന നേരം നോക്കി അവളും അമ്മയും എന്റടുത്ത് വന്നു. “ സാർ ഞാൻ ഇവളുടെ ടിസി വാങ്ങിക്കുകയാണ്.”
“ അതെ അതാണ് നല്ലത്. അവൾ മറ്റൊരു അന്തരീക്ഷത്തിൽ പഠിക്കട്ടെ. ഒരപേക്ഷ, പഴയകാലം അവളെ ഓർമ്മിപ്പിക്കരുത്, അവളെ കുറ്റപ്പെടുത്തരുത്. അവളുടെ നന്മകളെയും കഴിവുകളെയും കാണൂ”
“ ഞാൻ അവളോട് പറഞ്ഞു. “ ഇത്രയൊക്കെ സഹിച്ച നിനക്ക് ഇതിനെയൊക്കെ മറികടക്കാനും കഴിയും. കഴിയട്ടെ.”
അവളും അമ്മയും പോയി. ഗേറ്റിൽ നിന്ന് അവൾ ഒന്നു തിരിഞ്ഞു നോക്കി. ഞാൻ നെടുവീർപ്പിറ്റുന്നത് അവൾ കണ്ടുകാണുമോ? അല്ലങ്കിൽ ചേതമില്ലാത്ത അത്തരം പ്രതികരണങ്ങൾ കൊണ്ട് അവൾക്ക് എന്തുകാര്യം. സ്വന്തം കാര്യം സുരക്ഷിതമാക്കി, അപകടമൊന്നുമില്ലങ്കിൽ ധാർമ്മികരോഷം പൊതുവിൽ പ്രകടിപ്പിക്കുന്ന എന്റെ ‘വലിപ്പം’ നിറഞ്ഞ വാക്കുകൾ ജീവിതത്തിന്റെ പെരുവഴിയിൽ അവൾക്ക് ഒരു കാക്കക്കാലിന്റെ തണൽ പോലും നൽകില്ലല്ലോ.
അടുത്തവർഷം സ്ഥലംമാറ്റം വാങ്ങി ഞാൻ അകലെ ഒരു സ്കൂളിലേക്ക് പോയി. യാത്രയ്ക്കിടയിൽ എവിടെയെങ്കിലും വച്ച് നിനച്ചിരിക്കാതെ മീരയെ കണ്ടുകീട്ടുമെന്ന് കുറേക്കാലം ഞാൻ കരുതി.
പക്ഷേ,പിന്നീടിതുവരെ ഞാനവളെ കണ്ടില്ല.
***********************
( ഇവിടെ എഴുതിയ പേരുകൾ ഒന്നും യഥാർത്ഥമല്ല. മലയാളത്തിലെ സ്ത്രീപീഡനം പ്രമേയമായ് വരുന്ന ചെറുകഥകൾ എഡിറ്റ് ചെയ്തപ്പോൾ എഡിറ്റർ എന്ന നിലയിൽ ഞാനും ഒരു കഥയെഴുതി. ജീവിതത്തിനു നേരേ ഒരു ചൂണ്ടുവിരൽ. കൊത്തിമുറിച്ച ശില്പങ്ങൾ എന്ന പുസ്തകത്തിൽ ആ കഥയുണ്ട്. മീരയെ ഓർത്താണ് ഞാൻ അത് എഴുതിയത്. ബ്ലോഗിൽ മുൻപ് ആ കഥ പോസ്റ്റ് ചെയ്തിരുന്നു.)
പുറപ്പാട്
ഞാന്‍ പിന്‍വലിഞ്ഞ രാത്രിയില്‍
അവന്‍ അഭയം തേടിയെത്തി.
എനിക്ക് ആള്‍ക്കൂട്ടവും
അവന് ഏകാന്തതയും
ഭയമായിരുന്നു.
അവന്‍റെ കണ്ണുകളില്‍
സ്വപ്നത്തിന്‍റെ നക്ഷത്രങ്ങള്‍
എരിഞ്ഞടങ്ങിയ ഇരുട്ട്.
നടന്ന പാതകളത്രയും
പാദങ്ങളില്‍.
കിട്ടാതെ പോയ ഭിക്ഷകളത്രയും
കൈകളില്‍.
പിളര്‍ന്ന നാവില്‍
ഫലിക്കാതെ പോയ പ്രാര്‍ത്ഥനകള്‍.
ഓര്‍മ്മകള്‍ക്ക് തീ പിടിച്ച ഗന്ധം.
കണ്ണീരിനു പച്ചില കത്തുന്ന നീറ്റല്‍.
നിശ്വാസങ്ങള്‍ക്ക് ഉപ്പുകാറ്റുപിടിച്ച
മുറിവുകളുടെ നിലവിളി.
പൊള്ളുന്ന വാക്കിനാല്‍
അവന്‍ കിടക്കാനിടം ചോദിച്ചു.
ഞാനോ ജന്മം ധൂര്‍ത്തടിച്ച്
സത്രത്തില്‍ പാര്‍ക്കുന്നവന്‍
കിനാവുകള്‍ക്ക് വിഷം കൊടുത്ത നാട്ടിലെ
മനുഷ്യരെക്കുറിച്ചവന്‍
പറഞ്ഞുകൊണ്ടേയിരുന്നു.
അറിവുകളുടെ ഭാരമില്ലാത്ത
സ്നേഹമെന്തെന്നവന്‍ ചോദിച്ചു.
ഭൂമിയിലെ മാലാഖമാരെ തേടിയിറങ്ങി
സാത്താന് സുവിശേഷം പാടുന്ന
കുഞ്ഞാടുകളെ കണ്ട നിരാശകളായിരുന്നു
അവന്‍റെ ഡയറി മുഴുവന്‍.
ദൂരേക്ക് പോകുന്ന പാതകളൊന്നും
ഇനി ബാക്കിയില്ലെന്നും
ഹിംസയുടെ പാനപാത്രങ്ങളില്‍
ഭൂമിയുടെ രക്തം തിളക്കുന്നുണ്ടെന്നും
അടിക്കുറിപ്പായി പറഞ്ഞു
സ്വന്തം കൈപ്പത്തി തലയ്ക്കു കീഴില്‍വച്ച്
അവനുറങ്ങാന്‍ കിടന്നു.
പിറ്റേന്ന് ഞാനുണര്‍ന്നു നോക്കുമ്പോൾ
അവന്‍ കിടന്നിടത്ത്
ഒരുപിടി ചാരം മാത്രം.
അവന്‍ നടന്ന വഴികളിലത്രയും
അത് വിതറാനായ്
ഒരു മണ്‍കുടം മാത്രം
കൈകളില്‍ താങ്ങി
ഞാനിതാ പോകുന്നു.
(സമയമില്ലാത്തതിനാൽ ഒരു പഴയ കവിത റീപോസ്റ്റ് ചെയ്യുന്നു)
ആരു നീ(അല്ല ഞാനാരാ..?)
പൂവിതളാണ് നീ
കൊതിപ്പിക്കുന്ന നിമിഷം
അറ്റ് വീഴുന്നത്.
മേഘസഞ്ചാരമാണ് നീ
കണ്ടുകണ്ടങ്ങിരിക്കെ
കാറ്റ് കൊണ്ടുപോകുന്നത്.
കടല്‍ത്തിരയാണ് നീ
കാല്‍ നനയ്ക്കും മുൻപേ
പിന്‍മടങ്ങുന്നത്.
വേനല്‍മഴയാണ് നീ
നനയാന്‍ തുടങ്ങവേ
പെയ്തുതീരുന്നത്.
കാലടികളാണ് നീ.
പിൻതുടരുന്നതിൻ മുൻപ്
കാറ്റിൽ മായുന്നത്.
കിനാവാണ് നീ
തുടങ്ങുന്നതിന്‍മുന്‍പ്
പൊലിയുന്നത്.
വാക്കാണ് നീ
പറഞ്ഞു തുടങ്ങവേ
തെറ്റുന്നത്.
മരീചികയാണ് നീ
സദാ മുന്നിലെത്തി
വലയ്ക്കുന്നത്.
ദാഹമാണ് നീ
എത്ര മോന്തിയാലും
അടങ്ങാത്തത്.
എങ്കിലും,
തടവറയാണ് നീ
കുതറിയാലും
ഭേടിക്കനാവാത്തത്.
കൊടും യാതനയാണ് നീ
ഒടുവിലത്തെ മിടിപ്പിലും
പതറാതെ,
ചിരിതൂകി
പ്രലോഭിപ്പിക്കുന്നത്,
പിന്‍വിളി വിളിക്കുന്നത്.
നിന്റെ വിളികേട്ട് ഞാൻ
ഒരു നീലത്തടാകത്തെ
സ്വപ്നം കാണുന്നു.
അറ്റമില്ലാത്ത ആ നീലിമയിൽ
ഒരു തൂവൽക്കൊതുമ്പിനാൽ
നിർമ്മിച്ച തോണിയിൽ
മയിൽപ്പീലിത്തണ്ടിന്റെ തുഴയാൽ
മഴവില്ലിന്റെ കൊട്ടാരത്തിലേക്ക്
നാമങ്ങനെ തുഴഞ്ഞ് തുഴഞ്ഞ്..
പക്ഷേ,.
പ്രിയപ്പെട്ടവളെ
ഞാനെപ്പോഴും പാതിയിൽ
ഞെട്ടിയുണരുന്നു..
എപ്പോഴും.
(പഴയ ഒരു കവിതയിൽ ചിലത്
കൂട്ടിച്ചേർത്തു.)
സ്മാൾ ടോക്ക് ഓൺ ലൈഫ്.(ബാർ അറ്റാച്ച്ഡ്)
“ഹ ഹ ഹ .”
“എന്താ നീ ചിരിച്ചുകളഞ്ഞത്?”
“ഫലിതം കേൾക്കുമ്പോൾ ഞാൻ ഒരിക്കലും ചിരിക്കാതിരുന്നിട്ടില്ല.പ്രത്യേകിച്ചും തിരിച്ചറിവിൽ നിന്നുണ്ടാകുന്നതാവുമ്പോൾ.”
“നിനക്കെന്നോട് അനുതാപമോ, പുച്ഛമോ ഖേദമോ ദേഷ്യമോ മമതയോ ഒക്കെ തോന്നുമെന്നാണ് ഞാൻ കരുതിയത്!“
“എന്തിന്? അതുകൊണ്ടെന്തു കാര്യം? ഞാനങ്ങനെയൊക്കെ കരുതിയെന്ന് വിചാരിക്ക്യാ, നിന്റെ തോന്നലിന് എന്തെങ്കിലും ഇളക്കം സംഭവിക്കുമോ?”
“എങ്കിലും എന്റെ ഒരു ആശ്വാസത്തിന്.....”
“അതിന്റെ ആവശ്യമുണ്ടന്ന് തോന്നുന്നില്ല. ആട്ടെ, നാനാവഴിക്കും ആലോചിച്ചിട്ട് എല്ലാ മാർഗ്ഗങ്ങളും അടഞ്ഞെന്നു തോന്നിയപ്പോഴാണോ നീയിങ്ങനെ ഒരു പ്രസ്താവനയിൽ എത്തിച്ചേർന്നത്?”
“ഇനിയെന്തു വഴി, എവിടേയ്ക്ക് പോകാൻ?. ലങ്കാലക്ഷ്മിയിൽ രാവണൻ ചോദിക്കുന്ന ചോദ്യം ഞാനും ചോദിക്കട്ടെ, നിന്നോട്. പറയൂ എന്റെ ജീവിതം ഒരു പാഴ്ചിലവായിരുന്നോ?”
“കൂട്ടുകാരാ, ഈ ചോദ്യം തന്നെ തെറ്റാണ്. ഒരാൾക്ക് മറ്റൊരാളെ വിലയിരുത്തി ഉത്തരം കണ്ടുപിടിച്ച്
നിർദ്ദേശിക്കാൻ കഴിയുമെന്ന മിഥ്യ പണ്ടേ പ്രചരിക്കുന്നുണ്ട്. വെറുതെയാ, എത്ര തൊട്ടുതൊട്ടു നടന്നാലും ഒരാൾ മറ്റൊരാളുടെ അകത്തല്ല പുറത്താണ്. ഒരോരുത്തരുടെയും ജീവിതവഴികൾ വിഭിന്നമല്ലേ?”
“എങ്കിലും എന്റെ ജീവിതം ഏറക്കുറെ നിനക്ക് സുപരിചിതമല്ലേ?”
“എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട എന്ന പ്രയോഗത്തിലൊക്കെ ശരി കുറച്ചേയുള്ളൂ.കടലിൽ പൊന്തിക്കിടക്കുന്ന മഞ്ഞുമലപോലെ നമ്മൾ ഭൂരിഭാഗവും നമ്മുടെ തന്നെ ഉള്ളിലായിരിക്കുമ്പോൾ പിന്നെങ്ങനെ? ഒരോ മനുഷ്യനും കണ്ടുപിടിക്കപ്പെടാത്ത നിരവധി ഭൂഖണ്ഡങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്. അങ്ങനെയിരിക്കെ നമ്മുടെ വിശ്വാസങ്ങളൊക്കെ വിശ്വാസങ്ങളുടെ അപ്പുറം കടക്കാറില്ല.”
“ഞാൻ നിന്നെ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ടല്ലോ...”
“ഹ ഹ ഹ... നീ വീണ്ടും ഫലിതം പറയുന്നു. നീ ഒന്നുകൂടി അടിക്ക്. പോരട്ടെ ചിരിക്കാനുള്ള ഓരോരോ വകകൾ...”
“നീ എന്റെ നോവിനെയും നിരാശയെയും അപഹസിക്കാൻ ശ്രമിക്കുകയാണോ?”
“എന്ന് നിനക്ക് തോന്നിയെങ്കിൽ ഞാൻ ഇത്തിരി മുൻപ് പറഞ്ഞത് ശരിയായി വരുന്നു എന്നാണർത്ഥം. ഇതുവരെ നമ്മൾ പരസ്പരം മനസ്സിലാക്കിയില്ല.”
“എനിക്ക് ഇതൊക്കെ പറയാൻ നീ മാത്രമേയുള്ളൂ...”
“ഇങ്ങനെ വെള്ളമൊഴിക്കാതെ വലിച്ചുകേറ്റല്ലേ. ദാ ഈ ഇറച്ചിത്തുണ്ടൊരണ്ണം ചവയ്ക്ക്. ഞാൻ പുറം തലോടിത്തരണോ? “
“വേണ്ട, സാരമില്ല. എനിക്കാരുമില്ല എന്നൊരു തോന്നൽ ഈയിടെയായി ഉള്ളിലിങ്ങനെ കലങ്ങിമറിയുന്നു.”
“അതൊരു നല്ല തോന്നല് തന്ന്യാ. ചെയ്യേണ്ട കാര്യങ്ങൾ തനിയെ ചെയ്യാൻ അത് ഒരു നിമിത്തമാവും.”
“ഒരു മനുഷ്യന് ഒറ്റപ്പെട്ട് ഒരു ലോകത്തിൽ എത്രകാലം കഴിഞ്ഞുകൂടും.? അതും നിറയെ മനുഷ്യർ കുമിഞ്ഞുകൂടിയ ഈ കാലത്ത്>“
“മനുഷ്യർ മാത്രമല്ലല്ലോ, ലോകത്ത് വേറെയുമുണ്ടല്ലോ ജീവജാലങ്ങൾ. പിന്നെ എപ്പോഴും നമ്മുടെ ചുറ്റിലും നമ്മെ ശ്രദ്ധിച്ച്, നമ്മെ ശ്രവിച്ച്, നമ്മെ സ്നേഹിച്ച്, നമ്മെ പരിചരിച്ച്, മനുഷ്യരുടെ ഒരു കൂട്ടം വേണമെന്ന ആഗ്രഹം ഒരു അത്യാഗ്രഹമാണ്. സ്വാർത്ഥതയിൽ നിന്നു വരുന്ന മണ്ടത്തരം നിറഞ്ഞ ഒരു ആലോചനയാണത്. എല്ലാവരും ഇങ്ങനെ തന്നെയല്ലേ ചിന്തിക്കുന്നത്. അപ്പോൾ കാര്യങ്ങൾ കൂടുതം സങ്കീർണ്ണമാവില്ലേ ചങ്ങാതീ...?”
“അതൊരു ആഗ്രഹമായിട്ടു പോലും കൊണ്ടു നടക്കാൻ പാടില്ലന്നാണോ?”
“മറ്റുള്ളവരെ ആശ്രയിച്ച് ആഗ്രഹങ്ങളും കിനാവുകളും കൊണ്ടുനടക്കുന്നത് നമ്മെ കുഴപ്പത്തിൽ കൊണ്ടെത്തിക്കും. അധൈര്യവും അപൂർണ്ണതയും നമ്മെ വലയം ചെയ്യും.”
“ഒന്നു മിണ്ടാനും പറയാനുമ്പോലും ആരുമില്ലാതെ മൌനത്തിലും ഏകാന്തതയിലും പെട്ട് നടുക്കടലിൽ തകർന്ന കപ്പൽ പോലെ......!“
“ നടുക്കടലിൽ തകരുന്ന കപ്പലിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്. മാർക്കേസിന്റെ കപ്പൽച്ഛേദം വന്ന നാവികന്റെ കഥ എന്ന നോവൽ നീയല്ലേ എനിക്ക് വായിക്കാൻ തന്നത്.? നടുക്കടലിൽ പെട്ടുപോയ ആ നാവികൻ തന്റെ ശരീരവും ജീവനും കരയിൽ കൊണ്ടെത്തിച്ച ആ അപാര ധൈര്യം നീയെത്ര വാഴ്ത്തിയിരിക്കുന്നു.ഹെമിംങ്‌വേയുടെ കിഴവൻ സാന്റിയാഗോയെ നീയെത്ര ആരാധിച്ചിരിക്കുന്നു. അൽക്കെമിസ്റ്റിൽ കൊയ്‌ലോ രൂപപ്പെടുത്തിയ സാന്റ്റിയാഗോയൂടെ ആത്മവിശ്വാസത്തെ നീ എത്ര പിന്തുടർന്നിരുന്നു. ആ നീ ഇപ്പോൾ ജീവിതം കൈയിൽ നിന്നു വഴുതി മണ്ണിൽ പതിച്ച ജലം പോലെ വറ്റിപ്പോവുന്നു എന്ന് ഓർത്തോർത്ത് കരഞ്ഞാലോ..?”
“ മരുഭൂമിയിൽ പെട്ടുപോയ ഒറ്റമരം പോലെ ഞാൻ....!“
“നീ ഇതുവരെ മറ്റുള്ളവരോടെ സംസാരിക്കുകയായിരുന്നില്ലേ. ആ തിരക്കിനിടയിൽ നീ ഒരാളെ ഓർത്തതേയില്ല.”
“ആര്? ആരാണത്. ഞാനറിയാത്ത ഒരു അജ്ഞാതൻ?”
“അതെ, നീയറിഞ്ഞില്ല. നിന്നെ തന്നെ ആശ്രയിച്ച്, നീ പുറപ്പെട്ടു പുറത്തേക്ക് പോകുമ്പോഴൊക്കെയും, നീ എത്രവൈകിയാലും വെളിച്ചം കെടുത്താതെ കാത്ത് കാത്ത ഉറങ്ങാതെ ഉള്ളിൽ ഇരിക്കുന്ന ഒരാളെ.”
“നീ എന്താ ഭ്രാന്തു പറയുന്നോ? ഞാൻ അത്ര ഫിറ്റായിട്ടില്ല...”
“ ഹ ഹ.. ചുമ്മാ നീ എല്ലാ കാലത്തും ഫിറ്റായിരുന്നു. സന്തോഷം ഉണ്ടാക്കാൻ സ്വന്തം ശരീരത്തെ നിരന്തരം പീഡിപ്പിക്കുന്നവരാണല്ലോ നാം മനുഷ്യർ. അതിനിടയിൽ ജീവിതം ശരിയായി ജീവിച്ച് അതിന്റെ ലഹരി അനുഭവിക്കാൻ നമുക്ക് കഴിയാറില്ല.”
“എനിക്ക് കേൾക്കണ്ട നിന്റെ ഫിലോസഫി...”
“അതെ നമുക്കെപ്പോഴും ലളിതമായ ഉത്തരങ്ങൾ മാത്രം മതിയല്ലോ. പോട്ടെ, ഞാൻ നിന്റെ ഉള്ളിലിരിക്കുന്ന അപരനെ കുറിച്ചാണ് പറഞ്ഞു വന്നത്. അകത്ത് നീ പൂട്ടിയിട്ടിരിക്കുന്ന അവൻ നിന്റെ ജീവിതത്തെ ഒരു തരി പോലും വേദനിപ്പിക്കാതെ നേർത്ത ഒച്ചയിൽ മുട്ടിവിളിക്കുന്നത് പുറത്ത് നീ ചെന്നു പെട്ട ആരവങ്ങൾക്കിടയിൽ നീ കേട്ടതേയില്ല.?”
“നിർത്ത് എന്റെ തല പെരുക്കുന്നു. നിന്നോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ലന്ന് കരുതൂ.. ഹേയ് ബയറർ വാ ഇവിടെ.. ഒരു റിപ്പീറ്റ്.”
“ഇതാ നിന്റെ പ്രശ്നം എന്നും നീ ഇങ്ങനെ ഒളിച്ചോടുകയായിരുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക്. ആ പോക്ക് പോകെ ഒരു ഭാര്യപ്പോലെ നിന്റെ വരവും കാത്ത് ഇരുന്ന് മടുത്ത നിന്റെ അപരൻ യുഗങ്ങളായി പുറത്തുനിന്നും വാതിലിൽ ഒരു ചെറു തട്ട് പോലും കേൾക്കാതെ മയക്കത്തിലായി. നിന്നിൽ നിന്ന് എന്നെങ്കിലും ചില ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന് കരുതിയ അവൻ വന്ന് വന്ന് തീരെ നിരാശനായി, ഒട്ടും ഊർജ്ജസ്വലനല്ലാതെ ആയിത്തീർന്ന് ഗള്ളിവറെ പോലെ നീണ്ട ഉറക്കത്തിൽ വീണു. നിരന്തരം എണ്ണ പകർന്ന് തെളിക്കുവയ്ക്കാൻ ആളില്ലാത്ത കാരണം ഉള്ളിൽ വെളിച്ചം പകർന്ന വിളക്ക് കരിന്തിരിയെരിഞ്ഞു കെട്ടു..”
“ഹൊ അവനവനെ അറിയുന്ന ഈ വരണ്ട തത്വവിചാരം കേട്ട് മടുത്തു. ഇനി ഫിറ്റാവാൻ ആദ്യം മുതൽ തുടങ്ങണം.”
“അതെ, സത്യങ്ങളെ നേരിടുമ്പോൾ ഒളിച്ചോടാൻ നാം നമ്മുടെ ശരീരത്തിൽ കുത്തിനിറച്ചതൊന്നും തുണയായി വരില്ല. ആത്മാവിനു വിശക്കുമ്പോൾ ശരീരം പുഷ്ടിപ്പെടുത്തിയിട്ടെന്തു കാര്യം എന്ന് പണ്ടുള്ളവർ പറയും..”
“എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ട്.”
“ഹ ഹ ഹ ... ഞാൻ എഴുത്തച്ഛന്റെ രാമായണത്തിലെ ലക്ഷ്മണോപദേശം ഒന്നു നീട്ടിച്ചൊല്ലാം. നിന്റെ പെഗ്ഗിനൊപ്പം ഒരു വെറൈറ്റി കോമ്പിനേഷൻ ആവും. എന്താ തുടങ്ങട്ടോ?”
“നീയും ഉപകരിക്കില്ല അല്ലേ?’
“ ഹ ചൂടായി ഇറങ്ങിപ്പോകാതെ അവിടെ കുത്തിരിക്കിൻന്ന് എന്റെ മാഷേ. ദേഹമനങ്ങാതെ, ദഹനേന്ദ്രിയങ്ങൾ വേണ്ടത്ര പ്രവർത്തിക്കാത്തപ്പോൾ നീ ഏത് ഭക്ഷണം കഴിച്ചാലും രുചിയുണ്ടാവില്ല. നീ അത് നീക്കിയെറിയും. വിളമ്പുന്നവനെ അവഗണിച്ച് ഇറങ്ങിപ്പോകും. നീ അദ്ധ്വാനിക്കുകയും ക്ഷീണിക്കുകയും ചെയ്യുമ്പോൾ കുറച്ചുമുൻപ് നീക്കിയെറിഞ്ഞ അതേ ഭക്ഷണം വീണ്ടും തന്നാൽ അളവ് കുറഞ്ഞുപോയതിനാവും നീ പരിഭവം പറയുന്നത്, രുചിയെപ്രതിയാവില്ല.”
“നീ കാട് കയറുന്നു.”
“കാട് കയറുന്നത് അത്ര വലിയ കുറ്റമല്ല. മാത്രമല്ല മനസ്സിനും ശരീരത്തിനും വളരെ നല്ലതാണ് താനും. നഗരജീവിതം വെടിഞ്ഞ് മലമുകളിൽ പോയി ഒറ്റയ്ക്ക് പാർത്ത തോറോയുടെ വാൾഡൻ(കാനനജീവിതം) വായിച്ചിട്ട് നീ പണ്ട് പറഞ്ഞത് എനിക്ക് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. എല്ലാം വിട്ടെറിഞ്ഞ് ഒരിക്കൽ അങ്ങനെ ഒരു ജീവിതം നയിക്കണമെന്ന്. ആ നീയാണോ ഇപ്പോൾ ഏകാന്തതയെയും മടുപ്പിനെയും ഒറ്റപ്പെടലിനെയുമൊക്കെ ഓർത്ത് തകർന്നടിഞ്ഞ് എന്റെ മുൻപിൽ ഇരിക്കുന്നത്. മഞ്ഞുമലകളിലൂടെ അലഞ്ഞ് ആത്മാന്വേഷണം നടത്തി ഗാവോ സിങ് ജിയാന് ആത്മശൈലം എന്ന നോവലിന് നോബൽ സമ്മാനം കിട്ടിയപ്പോഴും നീ ആവേശഭരിതനായിരുന്നു. എന്നിട്ടിപ്പോൾ നഗരത്തിന്റെ അലവലാതിത്തരങ്ങൾ കൊഴിഞ്ഞുപോകുന്നതിന്റെ വേവലാതി പരാതിയായി പറയുന്നു. കഷ്ടം..!“
“നീ എന്നെ കുത്തിനോവിക്കല്ലേ, ഞാൻ ഒരു ആഴക്കിണറിലേക്ക് വീണു പോകുംപോലെ...”
“പോകൂ, ആഴങ്ങളിലേക്ക് പോകൂ, ഇനി നിന്നെ രക്ഷിക്കാൻ നിനക്ക് മാത്രമേ കഴിയൂ. നീ നിന്നോടും തിരിച്ച് മനുഷ്യന്റെ ഭാഷയിൽ വർത്തമാനം പറയാത്ത ജീവജാലങ്ങളോടും സംവദിക്കൂ.നിന്റെ ഉള്ളിൽ വെളിച്ചമണച്ച് കിടന്നുറങ്ങിയവനെ പോയി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചുണർത്ത്. അവൻ ഉണരുമ്പോൾ നീ അത്ഭുതപ്പെട്ടുപോകും. കാരണം നീ നിന്നെ കണ്ണാടിയിൽ ശരിക്ക് കാണാൻ തുടങ്ങുന്നത് അന്നേരം മുതൽ ആവും. പോകൂ.... “
“നീ....”
“ഞാൻ പിന്നാലെ ഉണ്ട്. പതൂക്കെ. നീ ഇപ്പോൾ കാറ്റിൽ ആടിയുലയുന്ന ഒരു മരം പോലെയാണ്. നിന്റെ ജീവിതബോധം പോലെ. ഞാൻ തുണ വരാം ഇന്നും കൂടി.. എന്നും അങ്ങനെ കരുതരുത്.”
“വേണ്ട, ഞാൻ തനിയെ നടക്കാം... ഇപ്പോൾ മുതൽ....”
“ദാ നീ പെൻടോർച്ച് മറന്നു. വീടിനടുത്തുള്ള ഇടവഴി നീ എങ്ങനെ കടക്കും...”
“ ഇല്ല വെളിച്ചം ഉള്ളിൽ നിന്ന് പതിയെ പുറത്തേക്കു പടരുന്നുണ്ട്......”
(ഇതൊരു കഥയല്ല, വെറുതെ ഒരു സംഭാഷണം. തന്നോട് തന്നെ. പിന്നെ ഒരു ലേബലിനായി കഥ എന്ന് വിളിക്കാം.)
സങ്കരയിനം
സങ്കരയിനം.
ഫ്രാൻസ് കാഫ്ക
എനിക്കൊരു വിചിത്രജീവിയുണ്ട്. പകുതി പൂച്ചക്കുട്ടിയും പകുതി ആടും ആയിട്ടുള്ള ഒന്ന്. വളരെക്കാലമായി എന്റെ കുടുംബത്തിലെ വിലപിടിപ്പുള്ള ഒന്നാണിത്. പക്ഷെ എന്റെ കാലത്താണ് അതിന് അല്പം പുഷ്ടിയൊക്കെ വന്നുതുടങ്ങിയത്.
മുൻപൊക്കെ ഇതിനെ കണ്ടാൽ പൂച്ചക്കുട്ടിയെക്കാൾ ഒരു ആടായിട്ടാണ് തോന്നുക. ഇപ്പോൾ പൂച്ചയുടെയും ആടിന്റെയും അളവ് തുല്യമായി കാണുന്നു. പൂച്ചയിൽ നിന്നും നഖങ്ങളും തലയും കിട്ടിയപ്പോൾ ആടിന്റേതായി ഇതിനു കിട്ടിയത് രൂപവും വലുപ്പവുമാണ്.
മാന്യവും ജ്വലിക്കുന്നതുമായ അതിന്റെ രണ്ടു കണ്ണുകളിലും എന്തോ ഒന്ന് മൃദുവായി കിടക്കുന്നുണ്ട്. അതിന്റെ ചലനങ്ങൾ വളരെ നിശബ്ദവും നാണത്തോടെ ഒഴിഞ്ഞുമാറുന്ന തരത്തിലുമാണ്.
സൂര്യപ്രകാശമേൽക്കുമ്പോൾ ജനാലയ്ക്ക് താഴെയുള്ള ചെറിയ അലമാരയുടെ മുകളിൽ അത് ചുരുണ്ടുകൂടുകയും സന്തോഷംകൊണ്ട് ശബ്ദമുണ്ടാക്കുകയും ചെയ്യും. ഭ്രാന്തുപിടിച്ച ഒരു ജീവിയെപ്പോലെ പുൽമൈതാനങ്ങളിൽ പിടിതരാതെ പാഞ്ഞുനടക്കും. അപ്പോൾ അതിനെ പിടിക്കുക ഏറെ ശ്രമകരമാണ്. പൂച്ചകളെ കാണുമ്പോൾ അത് ഓടിമറയും. പക്ഷെ ആടുകളെ കണ്ടാൽ ആക്രമിക്കാനുള്ള വ്യഗ്രത കാട്ടും.
നിലാവുള്ള രാത്രികളിൽ ഓടിന് പുറത്തുകൂടി നടക്കാനാണ് അതിന് ഇഷ്ടം. ‘മ്യാവൂ’ എന്ന ശബ്ദം ഉണ്ടാക്കുക അതിന് അസാധ്യം. മാത്രമല്ല എലിയെ ഭയവുമാണ്. കോഴിക്കൂടിനടുത്ത് മണിക്കൂറുകളോളം അത് പതിയിരിക്കും.പക്ഷെ, ഇതുവരേയ്ക്കും കൊലപാതകം നടത്താനുള്ള ഒരു അവസരംകൈവന്നിട്ടില്ല.
ഞാൻ അതിന് ഏറ്റവും പ്രിയപ്പെട്ട മധുരമുള്ള പാലൂട്ടുമായിരുന്നു. ഇരപിടിയ്ക്കാനുള്ള തേറ്റപ്പല്ല്ലുകളുപയോഗിച്ച് അതെല്ലാം ഒറ്റയടിക്ക് നക്കിയെടുക്കുമായിരുന്നു.
സ്വാഭാവികമായും ഈ ജീവി കുട്ടികൾക്ക് കൌതുകകരമായ ഒരു കാഴ്ചവസ്തുവായി. ഞായറാഴ്ച രാവിലെയാണ് സന്ദർശനസമയം. ഞാൻ ഈ ചെറുജീവിയെയും മടിയിൽ വച്ചങ്ങനെ ഇരിക്കും. അയൽപക്കത്തുള്ള കുട്ടികളെല്ലാം എന്റെ ചുറ്റും കൂടി നിൽക്കും. ഇനി കേട്ടിട്ടില്ലാത്ത കുറേ ചോദ്യങ്ങളാണ് വരുന്നത്. ആർക്കും ഉത്തരം നൽകാൻ കഴിയാത്ത ആ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഞാൻ ശ്രമവും നടത്താറില്ല.മറ്റു വിശദീകരണങ്ങളൊന്നും നൽകാതെ, എന്റെ കൈയിലിരിക്കുന്നതിനെപ്പറ്റി എല്ലാമറിയാമെന്ന ഭാവത്തിൽ ഗൌരവത്തോടെ ഞാനിരിക്കും.
ചില സമയത്ത് കുട്ടികൾ പൂച്ചകളെക്കൂടി ഒപ്പം കൊണ്ടുവരും. ഒരിക്കൽ രണ്ട് ആടുകളെയും കൊണ്ട് വന്നുനോക്കി. പക്ഷെ അവരുടെ പ്രതീക്ഷ അസ്ഥാനത്തായി. പരസ്പരം തിരിച്ചറിയുന്നതിന്റെ യാതൊരു രംഗവും അരങ്ങേറുകയുണ്ടായില്ല. ആ മൃഗങ്ങൾ ശാന്തതയോടെ മൃഗനേത്രങ്ങൾ കൊണ്ട് പരസ്പരം നോക്കുകയും തങ്ങളുടെ നിലനില്പ് ദൈവം നൽകിയ ഒരു സത്യമാണെന്ന് തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു.
എന്റെ മടിയിലിരിക്കുന്നത് അതിനിഷ്ടമാണ്. അപ്പോൾ അതിനു ഭയം തോന്നുകയോ വേട്ടയാടണമെന്ന ചിന്ത ഉണ്ടാവുകയോ ചെയ്യില്ല. ഞാൻ അതിനെ എന്നിലേക്ക് ചേർത്ത് അമർത്തുമ്പോൾ അത് അതീവ സന്തുഷ്ടനാകുന്നു. വളർത്തിക്കൊണ്ടുവന്ന ഞങ്ങളുടെ കുടുംബത്തോട് അതിനു വളരെ അടുത്ത ബന്ധമാണുള്ളത്. ഒരുപക്ഷെ അത് അപൂർവ്വമായ ആത്മാർത്ഥതയുടെ സൂചന മാത്രമാവില്ല.ലോകത്തിൽ ഒരേയൊരു രക്തബന്ധം മാത്രമല്ലാതെ എണ്ണമറ്റ ഇതരബന്ധങ്ങൾ ആഗ്രഹിക്കുന്ന ഒരു ജന്തുവിന്റെ സഹജവാസന കൂടിയാകാം. അതുകൊണ്ടുതന്നെ ഞങ്ങൾ നൽകുന്ന സംരക്ഷണം അത് പവിത്രമായിട്ടാണ് കാണുന്നതെന്ന് തോന്നുന്നു.
എന്നെ പിരിയാതെ, എപ്പോഴും എന്റെ കാലിനുചുറ്റും കറങ്ങിതിരിഞ്ഞ്, എന്നെ മണത്തുകൊണ്ടത് നടക്കുമ്പോൾ, ചില നേരങ്ങളിൽ എനിക്ക് ചിരിയടക്കാതിരിക്കാൻ കഴിയില്ല. അവനിലെ ആടിലോ പൂച്ചയിലോ മാത്രം സന്തുഷ്ടനാവാതെ ചിലപ്പോൾ ഒരു പട്ടിയായി പെരുമാറാനും ശ്രമിക്കാറുണ്ട്. സത്യത്തിൽ അത് അത്തരത്തിലൊന്നാണന്ന് ഞാൻ കരുതുന്നു. അതിന്റെയുള്ളിൽ ഈ രണ്ടു ജീവികളുടെയും അസ്വസ്ഥത അനുഭവപ്പെടുന്നതായി എനിക്ക് തോന്നാറുണ്ട്. അതായത് ആടിന്റെയും പൂച്ചയുടെയും വാസനകൾ മാറ്റിയെടുക്കാനുള്ള ഒരു ശ്രമം. അതുകൊണ്ടാവണം സ്വന്തം പുറന്തൊലിക്കുള്ളിൽ അത് ഈ അസന്തുഷ്ടികളെല്ലാം അനുഭവിക്കുന്നത്.
ഒരുപക്ഷെ ഒരു ഇറച്ചിവെട്ടുകാരന്റെ കത്തി ഈ ജീവിയെ സ്വതന്ത്രനാക്കിയേക്കും. പക്ഷെ എനിക്കത് ഒഴിവാക്കിയേ പറ്റൂ. എന്തെന്നാൽ അത് കുടുംബപരമായുള്ള വിലപിടിപ്പുള്ള സ്വത്താണ്.
ഒരിക്കൽ ഒരു കൊച്ചുകുട്ടി അവന്റെ അച്ഛന്റെ കൈയിലുണ്ടായിരുന്ന ഒരേയൊരു പാരമ്പര്യ സ്വത്തായ പൂച്ചയെ സ്വീകരിച്ചു. അതുവഴി അവൻ ലണ്ടൻ നഗരത്തിന്റെ മേയറായി. എന്റെയീ ‘മൃഗ‘ ത്തെക്കൊണ്ട് ഞാൻ എന്തായിത്തീരും? എവിടെ പരന്നുകിടക്കുകയാണ് ആ ബൃഹത്തായ നഗരം?
(സിഗ്നേച്ചർ ഓഫ് കേരള-ഡിസംബർ2005)
പരിഭാഷ: എൻ.ബി.സുരേഷ്.
ഓണനിലവിളി
ഇതുവരെ മടങ്ങിവന്നില്ല.
മഞ്ഞുകണങ്ങൾക്ക് പകരം
പുകപടർന്ന ആകാശത്തിനു ചുവട്ടിലേയ്ക്ക്
അവൾ ഇറങ്ങിപ്പോയിട്ട്
നാഴികകൾ എത്രയോ ആയി.
പോകുന്നതിനുമുൻപ്
തുമ്പപ്പൂവിനോളം നേർത്ത ഒരുമ്മ
അവളെന്റെ നെറുകയിൽ വച്ചു.
പോകുന്ന വഴിയിൽ
അയൽഫ്ലാറ്റുകളുടെ വാതിലുകളിൽ
അവൾ മുട്ടിവിളിക്കുന്ന നേർത്ത ഒച്ച
എന്റെ ബ്ലാങ്കറ്റിനുള്ളിലേയ്ക്ക്
ഒളിച്ചു കടക്കുന്നുണ്ടായിരുന്നു.
ആരും അവളോടൊപ്പം
പോയിരിക്കാനിടയില്ല.
അത്തം പിറന്നിട്ടും അവൾ വന്നില്ല.
ഏതു വേലിപ്പടർപ്പിൽ കുരുങ്ങിയാവോ?
പുഴയോരത്തൊന്നും അവളുടെ കാല്പാടില്ല.
കാടിന്റെ ഹൃദയത്തിൽ കയറിയൊളിച്ചോ?
കറുകനാമ്പ് തപസ്സ് ചെയ്യുന്ന
വയൽവരമ്പ് വഴിപറഞ്ഞു തന്നില്ല
ആഴക്ക് മൂഴക്ക് പൂവിറുക്കാൻ
അവൾ എത്ര കാതം നടന്നിരിക്കണം.
ഫ്ലാറ്റായ ഫ്ലാറ്റുകളിലൊക്കെ
ഓണം വന്ന ഒച്ച ചാനലുകളിൽ
പൂവിളിയുമായെത്തി.
മകൾ അപ്പോഴും വന്നിട്ടില്ല.
ഒരുമയുടെ ഏതെങ്കിലും ദേശം
ഒരു പൂക്കളമാക്കിതീർത്തിരിക്കുമോ?
അവൾ
ഒരു തകർന്ന പൂക്കളമായ് മാറുമോ?
ആരോട് ചോദിക്കാൻ.
കുട്ടികൾ പ്രകൃതിയുടെ ഹരിതകം
നിറഞ്ഞ ജീവിതത്തിലേക്ക് പോകുന്ന
വഴിയേതാണ്?
ദയവായ് ഒന്നു പറഞ്ഞുതരൂ.
ഇറങ്ങിപ്പോയ കുട്ടികൾ
മടങ്ങിവന്ന ചരിത്രം പറയുന്ന
ഗ്രന്ഥമേതാണ്?
കുട്ടികൾക്ക് കണ്ണുതെളിയുമ്പോൾ
മനസ്സ് കുരുടിയവർ അന്ധരാവും
എന്ന ചൊല്ല് നേരോ മാലോകരേ?
ആരാണ് ഉത്തരം ചൊല്ലുന്നത്....
പറയൂ
ഓരോ വീടും ഉച്ചത്തിൽ
കരഞ്ഞാർക്കുന്നത് കേൾക്കുന്നില്ലേ?
(ഓണപ്പതിപ്പ് 2010ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്)
രണ്ടു കഥകൾ
രണ്ട് കഥകൾ- ഖലിൽ ജിബ്രാൻ
പ്രഹേളിക.
പച്ചപിടിച്ചുനിൽക്കുന്ന കുന്നിന്റെ മുകളിൽ വിജനമായി കാണുന്ന ഒരു വെളുത്ത ഭവനമുണ്ട്. ഒരിക്കൽ മൂന്നുപേർ അതിലേക്ക് നോക്കിനില്പായി.
അതിലൊരുവൻ അഭിപ്രായപ്പെട്ടു.
“ അത് റൂത്ത് എന്ന പ്രഭ്വിയുടെ പാർപ്പിടമാണ്. പ്രായം വളരെയായ ഒരു മന്ത്രവാദിനിയാണവർ.”
രണ്ടാമൻ അതിനെ എതിർത്തു.
“വിഡ്ഡിത്തം പറയരുത്. റൂത്ത് സുന്ദരിയായ ഒരു യുവതിയാണ്. അവൾ ദിവ്യമായ സ്വപ്നങ്ങളിൽ മുഴുകി അവിടെ പാർക്കുകയാണ്.”
“നിങ്ങൾ രണ്ടുപേരും തെറ്റിദ്ധരിച്ചിരിക്കുന്നു.” മൂന്നാമൻ പറഞ്ഞു. “റൂത്ത് വിശാലമായ ഈ ഭൂമി ആകെയും കയ്യടക്കി വച്ചിരിക്കുന്നു. അവിടെ അവൾ സ്വന്തം അടിമകളുടെ ചോരയൊഴുക്കുന്നു.”
അങ്ങനെ റൂത്ത് എന്ന പ്രഭ്വിയെക്കുറിച്ച് തർക്കത്തിലേർപ്പെട്ടുകൊണ്ട് അവർ നടന്നു പോയി.
ഒരു നാൽക്കവലയിലെത്തിയപ്പോൾ അവർ വൃദ്ധനായ ഒരു മനുഷ്യനെ കണ്ടു. അവരിലൊരുവൻ അദ്ദേഹത്തോട് ചോദിച്ചു.“അവിടെ ആ കുന്നിൻമുകളിലുള്ള വെളുത്ത ഭവനത്തിൽ പാർക്കുന്ന റൂത്ത് എന്ന പ്രഭ്വിയെക്കുറിച്ച് ദയവായി ഞങ്ങൾക്ക് പറഞ്ഞുതരുമോ?”
വൃദ്ധനാകട്ടെ തലയൊന്നുയർത്തി അവരെ നോക്കി ചിരിച്ചു. പിന്നീടദ്ദേഹം പറഞ്ഞു.
“എനിക്ക് തൊണ്ണൂറ് വയസ്സുണ്ട്. ഞാൻ കൊച്ചുകുട്ടിയായിരിക്കുമ്പോഴുള്ള ഓർമ്മകളേ എനിക്ക് റൂത്തിനെക്കുറിച്ചുള്ളൂ. എൺപത് വർഷങ്ങൾക്ക് മുൻപ് റൂത്ത് മരണമടഞ്ഞു. ഇപ്പോൾ ആ വീട് ശൂന്യമാണ്.അവിടെ മൂങ്ങകൾ കൂട് കെട്ടിയിരിക്കുന്നു. അതൊരു പ്രേതഭവനമാണെന്ന് ആളുകൾ ചിലപ്പോഴൊക്കെ പറയാറുണ്ട്.”
(സിഗ്നേച്ചർ ഓഫ് കേരള.2005സെപ്റ്റംബർ)
**********************
രണ്ടു നായാടികൾ.
മെയ് മാസത്തിലെ ഒരു ദിനം സന്തോഷവും സങ്കടവും ഒരു തടാകക്കരയിൽ കണ്ടുമുട്ടി. അവർ പരസ്പരം അഭിവാദ്യം ചെയ്തു. ശാന്തമായ ജലാശയത്തിനരുകിൽ ഇരുന്ന് അവർ സംഭാഷണത്തിലേർപ്പെട്ടു.
സന്തോഷം ഭൂമിയിലുള്ള സൌന്ദര്യത്തെക്കുറിച്ച് വാചാലനായി. പർവ്വതങ്ങൾക്കിടയിലും വനതടങ്ങളിലും സംഭവിക്കുന്ന ജീവിതത്തിലെ നിത്യാത്ഭുതങ്ങളെക്കുറിച്ച് സംസാരിച്ചു.പുലരിയിലും അന്തിയിലും താൻ കേട്ട പാട്ടുകളെപ്പറ്റി പറഞ്ഞു.
സന്തോഷം പറഞ്ഞതിനെ അംഗീകരിച്ചുകൊണ്ടുതന്നെ സങ്കടം തന്റെ അനുഭവങ്ങൾ പങ്കുവച്ചു. സമയത്തിന്റെ മാന്ത്രികതയും സൌന്ദര്യവും സങ്കടവും അറിഞ്ഞിരുന്നു. കതിരുപാടങ്ങളിലും താഴ്വാരങ്ങളിലും വീണുകിടക്കുന്ന മെയ്മാസത്തെക്കുറിച്ച് പറഞ്ഞപ്പോൾ സങ്കടം ഏറ്റവും വശ്യമായി കാണപ്പെട്ടു.
ഏറെനേരം അവർ അങ്ങനെ വർത്തമാനത്തിൽ മുഴുകി. അവർ തിരിച്ചറിഞ്ഞ കാര്യങ്ങളിൽ പരസ്പരം യോജിപ്പിലെത്തി.
ആ നേരം തടാകത്തിന്റെ മറുകരയിൽ കൂടി രണ്ടു നായാടികൾ കടന്നുപോയി. അവർ തടാകത്തിലെ ജലത്തിലേക്ക് സൂക്ഷിച്ചുനോക്കി.
അതിലൊരുവൻ പറഞ്ഞു. “ അവിടെയിരിക്കുന്ന രണ്ടു വ്യക്തികളെയോർത്ത് എനിക്ക് അത്ഭുതം തോന്നുന്നു.”
അപരൻ “നീയെന്താ രണ്ടുപേരെക്കുറിച്ച് പറയുന്നത്.? ഞാൻ ഒരാളെ മാത്രമേ കാണുന്നുള്ളൂ.”
“അല്ല അവിടെ രണ്ടുപേർ ഉണ്ട്.” ഒന്നാമൻ പറഞ്ഞു.
“എനിക്ക് ഒരാളെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. തടാകത്തിൽ ഒരാളുടെ പ്രതിബിംബമേ കാണുന്നുമുള്ളൂ.” രണ്ടാമൻ ആവർത്തിച്ചു പറഞ്ഞു.
“തെറ്റ്. അവിടെ അവർ രണ്ടുപേരുണ്ട്. തടാകത്തിൽ വീഴുന്ന പ്രതിബിംബം രണ്ടുപേരുടേത് തന്നെയാണ്.” ഒന്നാമൻ ഉറപ്പിച്ചു പറഞ്ഞു.
“പക്ഷേ ഞാൻ ഒരാളെ മാത്രമേ കാണുന്നുള്ളൂ.” രണ്ടാമൻ വീണ്ടും വാദിച്ചു.
“എന്നാൽ എനിക്ക് വളരെ എളുപ്പത്തിൽ രണ്ടുപേരേയും കാണാൻ സധിക്കുന്നുണ്ട്.” ഒന്നാമൻ തറപ്പിച്ചു പറഞ്ഞു.
ഇപ്പോഴും ഒരു നായാടി ഒരു രൂപത്തെ മാത്രമേ കാണുന്നുള്ളൂ. മറ്റേയാൾ രണ്ടുപേർ. അപ്പോൾ അപരൻ പറയുന്നു.
“ എന്റെ കൂട്ടാളി മിക്കവാറും അന്ധനായിരിക്കുന്നു.”
(കുങ്കുമം ആഴ്ചപ്പതിപ്പ് 1999ഒക്ടോബർ)
പരിഭാഷ: എൻ.ബി.സുരേഷ്
***********************
എങ്കിൽമാത്രം
വിഷാദത്തിന്‍റെ നിഴല്‍ചുവട്ടില്‍
നിശബ്ദതയുടെ രാഗവിസ്താരം കേട്ട്,
ഏകാന്തമാം ജന്മത്തെ തലോടി,
പ്രണയത്തിന്‍റെ ഉന്മാദകാലത്ത് പാടിയ
ജുഗല്‍ബന്ദിയോര്‍ത്തു തരളിതനായി
അങ്ങനെയിരുന്നുപോകുമ്പോള്‍ ,
പകലിരമ്പുന്നു,
രാത്രി പടരുന്നു,
മഴ നനയ്ക്കുന്നു,
വെയിലുരുകുന്നു
പുഴ മെലിയുന്നു,
ഇലയടരുന്നു.
ഋതുക്കള്‍ പടം പൊഴിക്കുന്നു.
ജരാനരകള്‍ കണ്ടു ഭയമാണ്ട
ചിത്തം കിതപ്പോടെ പായുന്നു.
മോഹത്തിന്‍റെ പക്ഷിപാറിയ ആകാശം,
പൊട്ടിമുളയ്ക്കാന്‍ നിനവുകള്‍ നട്ട വയലുകള്‍,
ദേശങ്ങളിലേക്ക് നടന്ന ഒറ്റയടിപ്പാത,
എവിടെയാണെവിടെയാണെല്ലാം?
ചിന്തയുടെ നരച്ച ആകാശത്തിനു കീഴെ
ഭ്രമണപഥത്തില്‍നിന്ന് വേര്‍പെട്ടു ഞാന്‍ .
എല്ലാ മരങ്ങളും പൂക്കുന്ന ഋതുക്കളും,
പൂത്ത മരങ്ങള്‍ കായ്ക്കുന്ന ദേശവും,
കായ്കളില്‍ കിനിയുന്ന കാരുണ്യവും
തേടിത്തേടി മുറിവേറ്റ പാദങ്ങളും പോയി.
പാതയെല്ലാം മുള്‍ക്കാട് മൂടി.
ഒരുവട്ടംകൂടി കാണുവാന്‍ തോന്നി
കണ്ടുഭയന്ന് പിന്തിരിയുമ്പോള്‍,
എല്ലാ മനുഷ്യരും ദൈവമാകുമ്പോൾ
ചൊല്ലാന്‍ കരുതിയ സംഘഗാനം,
താളം നിലച്ചും ഈണം മുറിഞ്ഞും
ചെകുത്താന്‍റെ പാട്ടിനു കൂട്ടാകുമ്പോള്‍
എല്ലാ മനുഷ്യരും ഒറ്റയാകുമ്പോള്‍,
ഒറ്റയ്ക്കിരുന്നവര്‍ സ്വാര്‍ത്ഥരാകുമ്പോള്‍,
സ്വാര്‍ത്ഥരെല്ലാരും പൂജ്യരാകുമ്പോള്‍;
ഹൃദയകൈലാസത്തില്‍ നിന്നൊരു നദി
ഒരിക്കലും വറ്റാതൊഴുകിയൊഴുകി
ജീവിതം വിതയേറ്റിയ താഴ്വരകളെ
പച്ചകുത്തുമെങ്കില്‍,
നദിയായ നദിയെല്ലാം പുണ്യമായൊഴുകി
അതിരറ്റ സ്നേഹത്തിന്‍റെ കടലില്‍
പതിക്കുമെങ്കില്‍,
തീരത്തു കലരുന്ന സര്‍വ്വജാലങ്ങള്‍ക്കും
സംഗീതമായ് മുളംകുഴല്‍ പാടുമെങ്കില്‍,
എങ്കില്‍മാത്രം
എങ്കില്‍മാത്രം,
പ്രാണവായുവായ്
എന്നിലും നിന്നിലും
അകത്തും പുറത്തും
നിരന്തരം വന്നുപോകുന്ന
ദൈവത്തിനായ്
ഞാനൊന്നുകൂടി പാടും...
(ഒരു പഴയ കവിത. സമയക്കുറവുമൂലം റീപോസ്റ്റുന്നു.)
പൂവിന്റെ ഗീതം
ഖലീൽ ജിബ്രാൻ.
പ്രപഞ്ചത്തിന്റെ നാദത്താൽ
ആവർത്തിച്ചുച്ചരിക്കപ്പെട്ട
ദയാർദ്രമായ ഒരു വാക്കാണ് ഞാൻ.
നീലിമയാർന്ന കൂടാരത്തിൽനിന്നും
പച്ചത്തടങ്ങളിലേക്കു പാറിവീണ
ഒരു നക്ഷത്രമാണ് ഞാൻ.
ശിശിരം ഗർഭം ധരിച്ച്
വസന്തം പിറവികൊടുക്കുന്ന
പ്രപഞ്ചതത്വത്തിന്റെ മകളാണ് ഞാൻ.
ഗ്രീഷ്മത്തിന്റെ മടിത്തട്ടിൽ വളർന്ന്
ഹേമന്തത്തിന്റെ ശയ്യയിൽ
ഞാനുറങ്ങുന്നു.
പ്രഭാതത്തിൽ
വെളിച്ചത്തിന്റെ വരവറിയിക്കാൻ
ഇളംകാറ്റിനോടൊത്തു ഞാനിറങ്ങുന്നു.
സായാഹ്നങ്ങളിൽ പ്രകാശത്തിന്റെ
വിടവാങ്ങൽപ്രാർത്ഥനയ്ക്കായി
ഞാൻ പറവകളോടൊത്തു ചേരുന്നു.
സമതലങ്ങൾ
എന്റെ നിറങ്ങളാൽ അലങ്കരിക്കപ്പെട്ടു.
അന്തരീക്ഷത്തിലാകെ
എന്റെ സുഗന്ധത്തിന്റെ സൌരഭ്യം.
ഉറക്കത്തിലേക്ക് ഞാൻ ചായുമ്പോൾ
രാത്രിയുടെ കണ്ണുകൾ
എനിക്കു മീതെ നിന്നു.
ഉണർന്നെത്തി
പകലിന്റെ ഒറ്റനേത്രമായ സൂര്യനിലേക്ക്
ഞാൻ മിഴിച്ചു നിന്നു.
ഹിമകണത്തെ ഞാൻ വീഞ്ഞാക്കി രുചിച്ചു.
കിളികളുടെ പാട്ടിനെ ഹൃദയത്തിൽ കേട്ടു.
ചാഞ്ഞ പുൽനാമ്പുകൾക്കൊത്തു നൃത്തം ചെയ്തു.
പ്രണയിയുടെ പാരിതോഷികമാണു ഞാൻ
വിവാഹവേളയിലൊരു പുഷ്പഹാരം.
ഒരാഹ്ലാദനിമിഷത്തിന്റെ സ്മൃതി.
മരിച്ചവർക്ക്
അവശേഷിച്ചവർ നൽകുന്ന ശ്രദ്ധാജ്ഞലി.
ആഹ്ലാദത്തിന്റെയും ദു:ഖത്തിന്റെയും
അനിവാര്യഭാഗമാണു ഞാൻ.
പക്ഷേ, ഞാൻ
വെളിച്ചം കാണാൻ
മുഖമുയർത്തി നിൽക്കുന്നു.
ഒരിക്കലും
സ്വന്തം നിഴലിനെ തിരയുന്നില്ല
മനുഷ്യർ പഠിക്കേണ്ട വിവേകമാണിത്.
(പച്ചമലയാളം ജൂലൈ ൨൦൦6ൽ പബ്ലിഷ് ചെയ്ത കവിത)
......................................................................
പരിഭാഷ: എൻ.ബി.സുരേഷ്.
ജീവിതത്തിനു നേരേ ഒരു ചൂണ്ടുവിരൽ
ബാഗും മാറത്തടക്കിപ്പിടിച്ച് സ്കൂൾമുറ്റത്തെ മാഞ്ചുവട്ടിൽ നിൽക്കുകയായിരുന്നു മീര. മുറ്റത്താകെ പഴുത്ത മാവിലകളും കണ്ണിമാങ്ങകളും ചിതറിവീണു കിടക്കുന്നുണ്ട്.ചുറ്റുവട്ടത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. സാധാരണഗതിയിൽ കുട്ടികൾ പൊയ്ക്കഴിഞ്ഞാൽ തുറന്നുകിടക്കുന്ന ക്ലാസ്മുറികളും മുറ്റവുമെല്ലാം തെരുവുനായ്ക്കൾ കയ്യടക്കും. ഇന്നവറ്റയെയും കാണാനില്ല.
അവൾ, മീരമാത്രം, ഒറ്റയ്ക്ക് മാഞ്ചുവട്ടിൽ.
ഒരു കാറ്റുവീശിയാൽ മഴ താഴെ വീഴും എന്നു തോന്നി. ഇരുട്ടുവീണുതുടങ്ങിയിരുന്നു. ഇടിയും മിന്നലുമുണ്ട്.വിജനമായ സ്കൂൾകെട്ടിടങ്ങൾ ഏതോ രഹസ്യങ്ങൾ കരുതിവച്ചിരിക്കുന്ന പുരാതനമായ കോട്ടകൾ പോലെ. ദൂരെ കോടമഞ്ഞിറങ്ങി വരുന്ന പേടിപ്പിക്കുന്ന മലനിരകൾ.
സ്കൂളിൽ നിന്നും വൈകിപ്പോകുന്നവരുടെയും പ്യൂൺ ശങ്കരേട്ടനെക്കാൾ നേരത്തെ എത്തുന്നവരുടെയും സൌകര്യം നോക്കി പൂട്ടാതെയിട്ടിരിക്കുന്ന രണ്ടാമത്തെ ഗേറ്റിലൂടെ ബൈക്കോടിച്ചാണ് ഞാൻ അകത്ത് കടന്നത്.എന്നെ കണ്ടതും മീരയുടെ മുഖത്തെ സ്ഥായിഭാവമായ വേവലാതി പെരുകി. അവൾ ഈ സമയത്ത് എന്നെ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇനി മറ്റാരെയെങ്കിലും? ഹേയ്. പെട്ടന്ന് വന്ന മഴയല്ലേ, കുടയെടുത്തിട്ടുണ്ടാവില്ല.
അവളുടെ അടുത്തേയ്ക്ക് ചെന്നു. അവൾ ബാഗ് ഒന്നുകൂടി ചേർത്തുപിടിച്ച് അങ്കലാപ്പോടെ തലകുനിച്ച് നിന്നു. എന്റെ ചോദ്യത്തിന് ഒരു പക്ഷേ അവളുടെ കയിൽ ശരിയായ ഒരു ഉത്തരമുണ്ടാവില്ല.
‘എന്താ മീരാ, ഈ നേരത്ത്? വീട്ടിൽ പോണില്ലേ?‘
‘അത് പിന്നെ മാഷേ, ട്യൂഷൻ കഴിഞ്ഞപ്പോൾ നേരം വൈകി. അപ്പോഴേയ്ക്കും മഴേം വന്നു.‘
‘എന്നിട്ട് കൂട്ടുകാരെവിടെ?‘
‘ഗ്രീഷ്മേം റജീനേം ഇന്നു വന്നില്ല.’
രണ്ടു കിലോമീറ്ററിലധികം നടന്നിട്ടു വേണം മീരയ്ക്ക് വീട്ടിലെത്താൻ. മഴവീണുകഴിഞ്ഞ ഈ സന്ധ്യയിൽ അവളൊറ്റയ്ക്ക്...
മീര മറുചോദ്യം ചോദിച്ചു. “മാഷെന്താ മടങ്ങിപ്പോന്നത്?”
അവളുടെ ചോദ്യം കേട്ടപ്പോഴാണ് വന്നകാര്യത്തെക്കുറിച്ച് ഞാൻ ഓർമ്മിച്ചത്.
“സെൽഫോൺ മറന്നുവച്ചു. അതെടുക്കണം.”
സ്റ്റാഫ്‌റൂം പൂട്ടി താക്കോൽ വാതിൽപടിയിൽ തന്നെ വയ്ക്കലാണ് പതിവ്. അതും മുൻപ് പറഞ്ഞ സൌകര്യങ്ങളുടെ കൂട്ടത്തിൽ പെടും. വാതിൽ തുറന്ന് അകത്തുകയറി മേശയ്ക്കുള്ളിൽനിന്നും ഫോൺ എടുത്ത് തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് മൂലയ്ക്ക് ചാരി വച്ചിരിക്കുന്ന കുട കണ്ടത്. അതും കൈയിൽ എടുത്തു. വാതിൽ പൂട്ടി താക്കോൽ വാതിൽപടിയിൽ വച്ച് മീരയ്ക്കടുത്തേയ്ക്ക് നടന്നു. കുട അവളെ ഏൽപ്പിച്ചു.
“വേഗം വിട്ടോ, വൈകിക്കണ്ട. മഴയെക്കരുതി നീ ഇവിടെ കയറി നിന്നത് വലിയ മണ്ടത്തരമായി.”
ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. അവൾ വഴിയിലിറങ്ങുന്നതുവരെ കാക്കണോ? വേണ്ട. രാത്രി പതിനൊന്നിനാണ് ട്രയിൻ. വീട്ടിൽ ചെന്നിട്ട് കുറച്ച് ജോലിയുണ്ട്. അത് മാത്രമല്ല. മീര മുതിർന്ന കുട്ടിയാണ്. ഈ നേരത്ത്, ഈ മഴയത്ത് അവൾ സ്കൂളിൽനിന്നിറങ്ങി പോകുന്നതിന്റെ പിന്നാലെ ഞാൻ ഇറങ്ങുന്നതുകണ്ടാൽ, അതുമതി നാളെ മതിലിൽ പോസ്റ്റർ പതിയാൻ. ഉദ്ദേശ്യശുദ്ധിക്കോ സ്നേഹത്തിനോ നന്മക്കോ തീരെ മൂല്യമില്ലാത്ത കാലത്ത് അതൊരു ബാദ്ധ്യത മാത്രമല്ല ചിലപ്പോഴൊക്കെ അപകടവുമാണ്.
“മാഷ് അടുത്താഴ്ച മുഴോനും ലീവാന്നല്ലേ പറഞ്ഞത്.?”
“ഉം. ഒരു ദൂരയാത്രയുണ്ട്.”
ഗേറ്റിനു പുറത്തെത്തിയപ്പോഴേയ്ക്കും ശക്തമായ ഒരു മിന്നലിനൊപ്പം മഴ പതിച്ചു.നനയാൻ തന്നെ തീരുമാനിച്ചു. മനസ്സിൽ യാത്ര മാത്രമായിരുന്നു. കുറേക്കാലം ചെലവഴിച്ച നഗരത്തിൽ പഴയ സുഹൃത്തുക്കളോടൊപ്പം കുറച്ചുദിവസങ്ങൾ.
വേണമെങ്കിൽ മീരയെ വീട്ടിൽ ആക്കാമായിരുന്നു. സമയം ഒരു പ്രശ്നമല്ലായിരുന്നു. അവളെ ഒറ്റയ്ക്ക് അവിടെ വിട്ടുപോന്നത് ശരിയായോ? ഒരു അരുതായ്മ ചെളിവെള്ളം പോലെ ഉള്ളിൽ നിറഞ്ഞുപൊന്തി. സത്യത്തിൽ നാട്ടുകാരെയാണോ പേടി. അതോ തന്നെതന്നെയോ? ഘോരമായ ആ വിജനതയിൽ അവളെ ഒറ്റയ്ക്ക് വിട്ടുപോരുമ്പോൾ ലോകത്തിലെ ഏറ്റവും കൊള്ളരുതാത്തവനായില്ലേ താൻ.? അതും മീരയുടെ ജീവിതത്തെ സ്നേഹത്തോടും അനുതാപത്തോടും തിരിച്ചറിഞ്ഞവൻ എന്ന് അഹങ്കരിക്കുന്ന ഞാൻ. മുനകൂർത്ത സൂചികൾപോലെ മഴത്തുള്ളികൾ മുഖത്ത് പതിക്കവെ മനസ്സ് കുറ്റബോധത്തിന്റെ വേനലിൽ നെൽവയലുകൾ പോലെ വിണ്ടുകീറിക്കൊണ്ടിരുന്നു.
പിറ്റേന്ന് രാത്രിയിലാണ് സേവ്യർസാറിന്റെ ഫോൺ വരുന്നത്.
അപ്പോൾ ഞങ്ങൾ നാലഞ്ച് കൂട്ടുകാർ വയനാട്ടിലെ പുതൂർവയലിലെ ഗിരിജന്റെ വീട്ടിലായിരുന്നു. ടെറസ്സിൽ പുല്ലും ഓലയും ഈറയും മുളയുമൊക്കെ ഉപയോഗിച്ച് ഒരു ഹട്ട് അവൻ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങളെപ്പോലെ വല്ലപ്പോഴും വന്ന് ‘അഴിഞ്ഞാടുന്ന’ സുഹൃത്തുക്കൾക്ക് വേണ്ടിയുള്ള സങ്കേതം. ഈ പ്രപഞ്ചത്തിൽനിന്നുതന്നെ കുറേനേരം വിട്ടുനിൽക്കാനുള്ള കൂടാരത്തിന് ഞങ്ങൾ ‘ഫ്രഞ്ചു ഗയാന’ എന്നാണ് പേരിട്ടിരിക്കുന്നത്. ഞങ്ങളെയൊക്കെ ഭൂമിയുമായി ബന്ധമില്ലാത്ത ഭ്രമണപഥത്തിലെത്തിക്കുന്നത് ഇവിടെ നിന്നാണല്ലോ.
ഫോൺ വരുമ്പോൾ ഞങ്ങൾ കൌണ്ട് ഡൌൺ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. സേവ്യറിന്റെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ട് .ആ വിറയൽ ചെവിയിൽ ചേർത്തുപിടിച്ച എന്റെ ഫോണിലേക്കും പടർന്നു.
“മാഷേ, നിങ്ങളുടെ ക്ലാസ്സിലെ മീര ആത്മഹത്യ ചെയ്തു.”
വെടിമരുന്നു നിറച്ചുപൊട്ടിച്ച പാറ ചിതറും പോലെ ഒരു സ്ഫോടനം തലച്ചോറിലുണ്ടായി. ചോരയെ തള്ളിമാറ്റി രക്തക്കുഴലുകളിലൂടെ നാനാഭാഗത്തുനിന്നും കൊടുങ്കാറ്റ് പാഞ്ഞുവന്ന് ഹൃദയത്തെ ഒരു ബലൂൺ കണക്കെ വീർപ്പിച്ചുപൊട്ടിക്കുമെന്ന് ഞാൻ ഭയന്നു.
“സേവ്യർ സാർ?”
“കൂടെ ആ തലതെറിച്ചവനുമുണ്ടായിരുന്നു, ഷഹനാസ്. വല്ലാത്ത മരണമായിപ്പോയി മാഷേ. അവൻ കഴുത്തിൽ കോമ്പസ് കുത്തിയിറക്കി. അവൾ രണ്ടു കൈയിലെയും ഞരമ്പറുത്തു.”
ചെളിയിൽ പുതഞ്ഞുപോയ കാല് വലിച്ചൂരിയെടുക്കുമ്പോലെ വരണ്ടുപോയ നാവിനെ ബദ്ധപ്പെട്ടുയർത്തി.
“എവിടെ, എവിടെവച്ച്?”
“ഒൻപത് എയുടെ ക്ലാസ്മുറിയിൽ. ഇന്നലെ വൈകിട്ടെപ്പോഴോ ആണ് സംഭവം. തകർത്തുപെയ്യുന്ന മഴയല്ലായിരുന്നോ. ഇന്ന് രണ്ടാം ശനിയായതിനാൽ സ്കൂൾ തുറന്നുമില്ലല്ലോ . വൈകിട്ടാണ് കണ്ടത്. ഒക്കെ ഒരുജാതിയാ മാഷേ. നമ്മളെ കബളിപ്പിച്ചിട്ട് അവനും അവളും കടുത്ത പ്രണയത്തിലായിരുന്നു. വീട്ടുകാരും നാട്ടുകാരുമറിഞ്ഞപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ ചെയ്തതാണെന്നാ നാട്ടിലൊക്കെ സംസാരം. കഷ്ടം സ്കൂളിനും ചീത്തപ്പേരായി.”
സേവ്യർസാർ പിന്നീട് പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. ടെലിലെൻസു പിടിപ്പിച്ച ഗണ്ണിൽ നിന്നും അനേകം ബുള്ളറ്റുകൾ വന്ന് ശരീരത്തിലാകെ തറച്ചുകയറും പോലെ തോന്നി. എന്തോ പന്തികേടു തോന്നിയ ഗിരിജൻ ഓടിവന്നു.
“എന്താടാ, എന്തുപറ്റി.?”
“പോണം”
“ഈ നട്ടപ്പാതിരയ്ക്കോ?”
“ഉം..”
സുഹൃത്തുക്കളെ വിട്ട് ഓഫീസ് ജീപ്പെടുത്ത് എന്നെയും കയറ്റി അവൻ ചുരമിറങ്ങി. എല്ലുമരവിപ്പിക്കുന്ന മഞ്ഞുവീഴുന്ന ആ നേരത്തും തീക്കുണ്ഡത്തിനരുകിൽ ഇരിക്കുന്ന മെഴുകുപ്രതിമ പോലെ ഞാൻ വിയർത്തൊഴുകി.
മീരയുടേത് ഒരു ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ എനിക്കാവില്ല.കഴിഞ്ഞ കുറേ മാസങ്ങളിൽ അവളെ ചുറ്റിപ്പറ്റി അരങ്ങേറിയ കാര്യങ്ങളാണ് എന്റെ വിശ്വാസങ്ങൾക്ക് സാക്ഷ്യം.
മഴവീണ ആ സന്ധ്യയിൽ അവൾ മരണത്തെ കാത്തുനിൽക്കുകയായിരുന്നെന്നോ? എങ്കിൽ തനിക്ക് അവളെ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ? ഓഹ്,. അവൾക്ക് മരിക്കാൻ വേണ്ടുന്നതിലധികം കാരണങ്ങൾ ഉണ്ടെന്നിരിക്കെ ആർക്കെങ്കിലും തടയാൻ കഴിയുമോ?
ആരോ കഴുത്തിൽ കുരുക്കിട്ടു മുറുക്കുന്നപോലെ എനിക്ക് ശ്വാസം മുട്ടി.
‘എങ്കിലും മീരാ, ഓരോ നിമിഷത്തിലും നിന്നെ വേട്ടപ്പട്ടിയെപ്പോലെ പിൻതുടർന്ന് ആക്രമിച്ചവന്റെ കൂട്ടുവേണമായിരുന്നോ നിനക്ക് മരിക്കാൻ. കൊഞ്ഞനം കുത്തിയ ജീവിതത്തിനു നേരേ കാർക്കിച്ചു തുപ്പിയ നിന്റെ ധൈര്യം ഇത്ര ബലമില്ലാത്തതായിരുന്നോ?‘
മീര എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ ആ വെള്ളിയാഴ്ചദിവസം പൊടുന്നനെ ഓർമ്മയിലേക്ക് വന്നു.
ഉച്ചയൂണും കഴിഞ്ഞ് ടീച്ചേഴ്സെല്ലാം അവനവന്റെ സീറ്റിൽ മയക്കത്തിലാണ്. ഞാൻ ഒരു വാരികയിലെ കഥയിലൂടെ എങ്ങോട്ടോ പോവുകയായിരുന്നു.അപ്പോഴാണ് ജനലോരത്ത് മീര വന്നുനിന്നത്. ഞാൻ വരാന്തയിലേക്കിറങ്ങിച്ചെന്നു. നാലായി മടക്കിയ ഒരു കടലാസ് അവൾ എന്റെ നേരെ നീട്ടി.
“എനിക്ക് കിട്ടിയ പ്രേമലേഖനമാണ് മാഷേ.പത്ത് ബിയിലെ ഷഹനാസാണ് എഴുത്തുകാരൻ. എനിക്കിഷ്ടപ്പെട്ടില്ല മാഷേ. അപ്പടി അക്ഷരത്തെറ്റും സ്ഥിരം വാഗ്ദാനങ്ങളും.അവന് സാഹിത്യോം അറീല്ല, ജീവിതോം അറീല്ല.”
എനിക്ക് അത്ഭുതവും ചിരിയും ഒന്നിച്ചുവന്നു.
“എനിക്ക് കിട്ടിയ ആദ്യത്തെ പ്രണയലേഖനം തന്നെ നിരാശപ്പെടുത്തി മാഷേ. ഈ ആൺകുട്ടികളൊക്കെ കാലത്തിനനുസരിച്ച് എന്നാ മാഷേ മാറുന്നത്? എനിക്കവനെ ഒരുപാട് കാലമായി അറിയാം. എന്റെ വീടിന്റെ തൊട്ടടുത്താ അവന്റെ വീട്. ഒത്തിരിയായി അവൻ എന്റെ പിന്നാലെ നടക്കുന്നു. എനിക്കിഷ്ടമില്ല. അവനെയല്ല, ഈ പ്രേമത്തെ.”
കാര്യങ്ങളിങ്ങനെ ചങ്കൂറ്റത്തോടെ പറയുമ്പോഴും അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
“എന്നെ ആരും സ്നേഹിക്കുന്നത് എനിക്കിഷ്ടമല്ല മാഷേ, ആരും.”
“മീരാ...?”
“എന്റച്ഛൻ അമ്മയെ സ്നേഹിച്ചാ കല്യാണം കഴിച്ചത്. എനിക്കൊരുപിടി ചോറു വാരിത്തരുന്നതിനു മുൻപ് മറ്റൊരു സ്ത്രീയോട് ഇഷ്ടം തോന്നി അച്ഛൻ എന്നെയും അമ്മയെയും ഉപേക്ഷിച്ചു.കണ്ണീർ വറ്റിയപ്പോൾ സ്ഥിരമായി തേടിവരാറുള്ള ഒരാളോടൊപ്പം അമ്മയും പോയി. അല്ല എത്ര നാൾ അവർ പിടിച്ചുനിൽക്കും ?.അമ്മ പോവുമ്പോൾ ഞാൻ സ്ക്കൂളിൽ പോയിത്തുടങ്ങിയിരുന്നില്ല മാഷേ.”
അവൾ എന്നെ അറിയിക്കാത്ത വിധത്തിൽ കണ്ണീർ തുടച്ചു. ഒരു ഏങ്ങൽ തൊണ്ടയിൽ കുരുങ്ങിപ്പിടഞ്ഞതിനെ അവൾ വിഴുങ്ങി.
“അമ്മ പക്ഷേ എന്നോട് കരുണ കാണിച്ചു. ഓടയിലോ കുപ്പത്തൊട്ടിയിലോ എറിഞ്ഞില്ല. മുത്തശ്ശനെ ഏല്പിച്ചു. ഇടയ്ക്കൊക്കെ കാണാനും വരും.” അവൾ ഒന്നു നിർത്തി. “കാരുണ്യം ചിലർക്കൊക്കെ ഭാരമാണ് മാഷേ. അത് ബുദ്ധന്റെ വകയായാലും പെറ്റമ്മയുടെ വകയായാലും.”
അതും പറഞ്ഞ് അവൾ എന്റ്റെ മുഖത്തേയ്ക്ക് നോക്കി. അന്തംവിട്ടുള്ള എന്റെ നില്പ് കണ്ട് അവൾക്ക് ചിരി വന്നു. എന്റെ കൈയിൽ പിടിച്ചുകൊണ്ടവൾ പറഞ്ഞു. “ എന്നെ ശല്യപ്പെടുത്തരുതെന്ന് ഒന്ന് പറയണേ മാഷേ.” അതും പറഞ്ഞ് പടിക്കെട്ടുകളിറങ്ങി തിരിഞ്ഞുനോക്കാതെ അവൾ പോയി.
‘ദൈവമേ പതിനാല് വയസ്സ് മാത്രം പ്രായമുള്ള ഇവളെ എനിക്ക് മനസ്സിലാകുന്നില്ലല്ലോ. തീ കത്തുന്ന ജീവിതത്തിന്റെ പെരുവഴിയിലൂടെ കാക്കക്കാലിന്റെ തണലുപോലുമില്ലാതെ നടന്നുവരുന്നവരുടെ മുൻപിൽ നാം ചിലപ്പോൾ തീരെ ചെറുതായിപ്പോവും. അവരെത്ര ചെറുതായാലും.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി ടിക്കറ്റെടുത്തതും കമ്പാർട്ട്മെന്റ് തേടിപ്പിടിച്ചതുമെല്ലാം ഗിരിജനാണ്. വണ്ടിയിലേക്ക് കയറുന്നതിനുമുൻപ് ബാഗിന്റെ സൈഡുറയിലേക്ക് അവൻ ഒരു കുപ്പി നിക്ഷേപിച്ചു.
“ഈ രാത്രിയിൽ നിനക്കിതാവശ്യമായി വരും.”
കാലുകുത്താൻ ഇടമില്ലാതിരുന്ന കമ്പാർട്ട്മെന്റിന്റെ പടിവാതിൽക്കൽ കാലു പുറത്തേയ്ക്ക് നീട്ടി ഇരുന്നു. ചുറ്റിലും ഭാണ്ഡങ്ങളിൽ തലചായ്ച്ച് ഏതോ നാടോടിക്കൂട്ടം.ഇടയ്ക്ക് അവരിലൊരു കുട്ടി ഉണർന്ന് വയറിൽ പൊത്തിപ്പിടിച്ച് നിലവിളിച്ചു. ആ കരച്ചിലിന്റെ ഭാഷ വിശപ്പിന്റേതാണെന്നു തോന്നി.
മാനാഭിമാനങ്ങൾക്കും ആർത്തികൾക്കും പകിട്ടുകൾക്കും പിന്നാലെ പായുന്ന ഒരു മദ്ധ്യവർഗ്ഗ മൂരാച്ചി ഉള്ളിൽ കിടന്ന് മുരളുമ്പോഴും എവിടെയോ തെറ്റുപറ്റിയെന്ന ഖേദത്തിന്റെ മുറിവിൽ നിന്നും ചോര ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു. ‘ആരുമറിയാതെ സങ്കടങ്ങളുടെ അഗ്നിപർവ്വതം എന്റെയുള്ളിൽ പുകയുന്നതു കണ്ടിട്ടും കാണാത്തഭാവത്തിൽ ഒരു ഒട്ടകപക്ഷിയെപ്പോലെ മാഷ്......’
മീരയുടെ നിറഞ്ഞ കണ്ണുകൾ മുന്നിൽ വന്നു നിന്നു തേങ്ങുന്ന പോലെ.
അനുതപിക്കുന്നതിനു പകരം പരിഹസിക്കുകയും അഭയം നൽകുന്നതിനു പകരം ആട്ടിയോടിക്കുകയും ചെയ്തവരോടുള്ള പ്രതികാരമാണോ ഈ ആത്മഹത്യ?
അതൊരു കൊലപാതകമാണെങ്കിലോ?
എങ്കിൽ ഞാൻ?
മഴ നനഞ്ഞുകൊണ്ട് ആദ്യമായി എന്റെ ക്ലാസ്സിലേക്ക് അവൾ കയറി വന്നത് ഓർമ്മവരുന്നു.
“കുട്ടിയുടെ കുടയെവിടെ?”
“എനിക്ക് കുടയില്ല മാഷേ.” തലകുനിച്ചുകൊണ്ട് അവൾ പതിയെ പറഞ്ഞു.
മീര സുന്ദരിയായിരുന്നു. അതാണോ അവൾക്ക് ശാപമായത്? അതോ അവളുടെ ജന്മം തന്നെയോ? മറ്റു കുട്ടികളെ പോലെ തന്റെ ഭംഗിയെ താലോലിക്കാനോ ആകർഷകമാക്കാനോ അവൾ ശ്രമിച്ചില്ല. ചോദിച്ചാൽ പോലും വർത്തമാനം തീരെ കുറവ്. കൂട്ടുകാർ അധികമില്ല. മറ്റു കുട്ടികൾ അവളെ ഒഴിവാക്കൂകയായിരുന്നോ.? എപ്പോഴും എന്തിനോടും ഒരുതരം നിർമ്മമത. അകാലത്തിൽ പക്വമതിയായപോലെ. ആ ഭാവം അവളുടെ ഒരു പ്രതിരോധമായിരുന്നില്ലേ?
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി ക്ലാസ്സിൽ ചർച്ചചെയ്യവേ മീര ജീവിതത്തിലെ ഒറ്റപ്പെടലിനെക്കുറിച്ച് വാചാലയായി.
“ശരിയാ മാഷേ, ചിലരെ ജീവിതം കരുതിക്കൂട്ടി ഒറ്റപ്പെടുത്തിക്കളയും.യാതൊരു പഴുതും നൽകാതെ. തീരെ ആഗ്രഹിക്കുന്നില്ലങ്കിൽ കൂടി. ചിലർക്കത് നഷ്ടം മൂലം ഉണ്ടാകുന്നതാണെങ്കിൽ ഗതികെട്ട ചിലരെ ആരെല്ലാമോ ചേർന്ന് വെറുത്ത് പുറന്തള്ളുകയാണ്.”
“എന്താ നിനക്ക് അങ്ങനെ തോന്നാൻ കാരണം.?”
“അങ്ങനെ തോന്നിപ്പോവാ മാഷേ. സ്വാർത്ഥത മൂലം അവനവനുവേണ്ടി ജീവിക്കുന്നവരല്ലേ അധികവും. അവരുടെ എല്ലാ തെരഞ്ഞെടുപ്പും സ്വന്തം സുഖത്തിനുവേണ്ടി മാത്രം. ഭാര്യയും ഭർത്താവും മക്കളും കൂട്ടുകാരും എല്ലാം. പക്ഷേ മറ്റുള്ളവർക്ക് ആവശ്യമില്ലാത്തതിനാൽ അവനവനുവേണ്ടി ജീവിക്കേണ്ടി വരുന്നത് വല്ലാത്ത ഒരു ട്രാജഡിയാ, ഇല്ലേ മാഷേ?”
ഞാൻ ഒന്നും പറഞ്ഞില്ല. ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
ഒന്നാം ടേം പരീക്ഷ കഴിഞ്ഞ് പ്രൊഫൈൽ ഒപ്പിടാൻ മീരയുടെ രക്ഷകർത്താവ് മാത്രം വന്നില്ല. എനിക്ക് വല്ലാതെ ദേഷ്യം തോന്നി. അന്നൊന്നും എനിക്ക് മീരയെ മനസ്സിലായിരുന്നില്ല. ഒടുവിൽ അവളുടെ മുത്തശ്ശൻ വന്നു. കാവിമുണ്ടുടുത്ത് രണ്ടാംമൂണ്ട് തോളത്തിട്ട് ആകെ നരച്ച ഒരു വൃദ്ധൻ.
“ അവൾ പാവമാ സാറെ, ഇന്റെ കുട്ടിക്ക് ആരുമില്ല. അമ്മാവന്മാരുടെ തണലിലാ അവൾ. ആട്ടും തുപ്പും കേട്ട് അവൾ മടുത്തു. അവൾക്ക് എഴുതണമെന്നോ വായിക്കണമെന്നോ ഒക്കെയുണ്ട്. പക്ഷേ ആ വീട്ടിൽ....“ അദ്ദേഹം രണ്ടാം മുണ്ടുകൊണ്ട് കണ്ണുതുടച്ചു.
സ്കൂൾ കലോത്സവത്തിൽ രചനാമത്സരങ്ങളിൽ എല്ലാം മീരയ്ക്കായിരുന്നു ഒന്നാം സ്ഥാനം. പക്ഷേ സബ്ജില്ലാതലത്തിൽ മത്സരിക്കാൻ അവൾ വിസമ്മതിച്ചു.
“അതൊന്നും നടക്കില്ല മാഷേ. എനിക്കതിലൊന്നും താല്പര്യമില്ല. വിശക്കുന്നവന്റെ മുന്നിൽ ദൈവം അപ്പത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടട്ടെ. അല്ല മാഷല്ലേ ഇതൊക്കെ പറഞ്ഞിട്ടുള്ളത്? “തെല്ലിട അവൾ നിർത്തി.“ഞാനതിനൊക്കെ പോയാൽ വീട്ടീന്ന് പുറത്താക്കും മാഷേ. എന്തിനാ വെറുതെ...”
എനിക്ക് വീണ്ടും മീരയുടെ മുൻപിൽ ഉത്തരം മുട്ടി.
പി.റ്റി. മാഷായ ജേക്കബ് ചെറിയാനാണ് പറഞ്ഞത്.
“ആ കുട്ടീടെ കാര്യം വല്യ കഷ്ടാ. വീട്ടിൽ തല്ലും കുത്തുവാക്കുകളും മാത്രമല്ല പലപ്പോഴും പട്ടിണിയുമാ.അതൊക്കെ ആ തള്ളേടേം തന്തേടേം തരവഴികൊണ്ടാ. തള്ളേടെ നടപടിദോഷം കൊണ്ടാ അയാൽ ഇട്ടെറിഞ്ഞുപോയതെന്ന് നാട്ടിൽ ഒരു പറച്ചിലുണ്ട്. ഇപ്പോഴും അവരുടെ പോക്കത്ര ശരിയല്ല, തള്ളേടെ കൊണവതിയാരം കൊണ്ട് ഈ പാവം കുട്ടിയ്ക്ക് വഴിനടക്കാൻ പറ്റില്ല. ഇടയ്ക്ക് തള്ള അവളെ കൂട്ടിക്കൊണ്ടുപോയിരുന്നു. രാത്രിയിൽ വന്ന ആരോ ഇവളെ കയറിപ്പിടിച്ചെന്നും പറയുന്നുണ്ട്.”
‘ജീവിതമെന്ന ഭാരം’ എന്ന പേരിൽ അവൾ മത്സരത്തിനെഴുതിയ കഥയുടെ തുടക്കം ഞാനോർത്തു.
“വയസ്സറിയിച്ച പെൺമക്കൾക്ക് ഭർത്താവു വാഴാത്ത ഒരമ്മയുള്ളതും ഭാര്യയെ കൂട്ടിക്കൊടുക്കുന്ന ഒരു രണ്ടാനച്ഛനുള്ളതും ഒട്ടും നന്നല്ല.”
വണ്ടി പൊടുന്നനെ നിന്നു. സ്റ്റേഷനല്ല. വല്ല ക്രോസിംഗും ആകും. ആരോ പറയുന്നത് കേട്ടു. “പട്ടാമ്പിക്കടുത്ത് ട്രാക്കിലെന്തോ പ്രശ്നം. ഇപ്പോഴൊന്നും പോക്കു നടക്കുമെന്നു തോന്നുന്നില്ല.”
ട്രാക്കിനോട് ചേർന്ന് നീണ്ടുപരന്നു കിടക്കുന്ന നെൽവയൽ. അതിനു താഴെ മെലിഞ്ഞൊഴുകുന്ന നിള. നോക്കെത്താത്ത ദൂരത്തോളം നിലാവുവീണു കിടക്കുന്ന മണൽപരപ്പ്.എനിക്കൊന്നു കിടക്കണമെന്നു തോന്നി. ബാഗെടുത്തു തോളിൽ തൂക്കി കമ്പാർട്ട്മെന്റിൽ നിന്നിറങ്ങി. വയലും കടന്ന് മൺതിട്ടിൽ നിന്നും മണൽപരപ്പിലേക്ക് ചാടി.
ഗിരിജൻ ബാഗിലിട്ട കുപ്പി ഭദ്രമായുണ്ട്. അത് പുറത്തെടുത്തു. പകുതി ഒഴിഞ്ഞതാണ്. പുഴയിൽ മുക്കി മദ്യം ഡയല്യൂട്ട് ചെയ്തു. വല്ലാത്ത ദാഹവും മരവിപ്പും. ഒറ്റയടിക്ക് കുടിച്ചുതീർത്ത് കുപ്പി പുഴയുടെ ഒഴുക്കിലേക്കെറിഞ്ഞു. ബാഗ് തലയണയാക്കി വെള്ളത്തിലേക്ക് കാലുകൾ നീട്ടിൽ മണലിൽ മലർന്നുകിടന്നു. പുഴയുടെ കുളിർമ്മ തലച്ചോറിലേക്ക് പ്രവഹിച്ചു.
അകലെ തീവണ്ടി നെടുനീളത്തിൽ കിടക്കുന്നു. ഒറ്റമുറിവീടുകളുടെ ഒരു നിര പോലെ.
കണ്ണടച്ചപ്പോൾ മനസ്സ് കൂടുവിട്ട് ഓർമ്മകളിലേക്ക് പറന്നുപോയി.
ഷഹനാസ് പ്രണയലേഖനം കൊടുത്ത അന്നുമുതലാണ് മീരയുടെ ജീവിതം കൂടുതൽ സങ്കീർണ്ണമായത്. ഞാനാദ്യം അവനെക്കുറിച്ച് തിരക്കി. അവന്റെ വീടിനടുത്തുള്ള അശോകൻ സാർ പറഞ്ഞു.
“അതൊരു പുലിവാല് കേസാ മാഷേ. അവന്റെ അമ്മ ജില്ലാ പഞ്ചായത്തംഗം. അവന്റെ വീട് ഒരു പെണ്ണരശ്ശു നാടാ. അവൻ മാത്രമല്ല വേറേ മൂന്നെണ്ണം കൂടി ഒപ്പമുണ്ട്. ‘ഫോർ ദ പീപ്പിൾ’ എന്നാ അവന്മാരുടെ വിളിപ്പേര്. അവൻ എന്തു ചെയ്താലും അവന്റെ വീട്ടുകാർ ന്യായീകരിക്കും. അവന്റെ പേരിൽ പോലീസ് കേസ് വരെയുണ്ട്. കാമദേവനാണെന്നാ അവന്റെ വിചാരം. നാട്ടിലെ സി.ഡി.പാലസ് കേന്ദ്രീകരിച്ചാ അവന്മാരുടെ വിളയാട്ടം.” ഇത്തിരി രഹസ്യമായി സാർ ഇത്ര കൂടി കൂട്ടിച്ചേർത്തു. “ ക്ലാസ്സിൽ പിടിച്ചുനിൽക്കണമെങ്കിൽ അവന്മാരുടെ പ്രീതി വേണമെന്നുള്ളതുകൊണ്ട് നമ്മുടെ ചില ടീച്ചേഴ്സ് എന്തിനും സപ്പോർട്ടുമായുണ്ട്.”
വൈകാതെ അത് മനസ്സിലായി. ഒരു തിങ്കളാഴ്ച ക്ലാസ്സിൽ ചെല്ലുമ്പോൾ കുട്ടികൾ ക്ലാസ്സിനു പുറത്ത് കൂട്ടം കൂടി നിൽക്കുന്നു. ക്ലാസ്സിൽ മീര ഒറ്റയ്ക്ക്. ഡെസ്കിൽ തലകുനിച്ച് കിടന്നു തേങ്ങുകയാണവൾ. ഏതോ പുരാതനദേവതയ്ക്ക് ബലിനൽകാൻ വിധിക്കപ്പെട്ട ബലിമൃഗത്തെപ്പോലെ അവൾ. ജനലോരത്ത് ആൺകുട്ടികൾ അടക്കം പറഞ്ഞു ചിരിക്കുന്നു.
ഭിത്തികളിലും ബോർഡിലും ഡെസ്കിലുമെല്ലാം പലനിറത്തിലുള്ള ചോക്കു കൊണ്ട് എഴുതിവച്ചിരിക്കുന്നു.
‘ഷഹനാസ് വിത് മീര’
ഞാൻ നേരേ ഓഫീസിലെത്തി. കേട്ടപാടെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള സീനിയർ ടീച്ചർ എഴുതിയതെല്ലാം മായ്ച്ചുകളയാൻ ഏർപ്പാടു ചെയ്തു. മീരയെയല്ല ഷഹനാസിനെ രക്ഷിക്കാൻ. ടീച്ചറുടെ തൊട്ടയലത്താണ് അവൻ. എന്നിട്ട് ഒരു ഉപദേശവും. “ സാറിതിലിടപെടണ്ട. അവളൊരു നാറ്റക്കേസാ. ആ ചെറുക്കന്റെ പിന്നാലെ അവൾ കൂടിയിരിക്കുകയാ. നല്ല വീട്ടിലെ പയ്യനല്ലേ. വല വീശിപ്പിടിച്ചാൽ കയ്ക്ക്വോ?. അതെങ്ങനാ തള്ള വേലി ചാട്യാ മോള് മതില് ചാടില്ലേ.”
“ടീച്ചർ ഒരു സ്ത്രീയല്ലേ, ഒരു പെൺകുട്ടിയോട് കുറച്ചുകൂടിയൊക്കെ അനുതാപം കാണിക്കാം.” ഉള്ളിലുണ്ടായ കലക്കം ആ വാകുകളിലൊതുക്കി ഇറങ്ങി നടന്നു.
അവൾക്ക് അവളുടെ വീട്ടിൽ നിന്നും അതിനു കിട്ടിയ സമ്മാനം വയറു നിറച്ചു പട്ടിണിയും ശരീരം അടിച്ചു തിണർപ്പിച്ച സ്നേഹവുമായിരുന്നു.
കൃസ്തുമസ്സ് ആഘോഷത്തിന്റെ മറവിലാണ് അടുത്ത വേട്ട നടന്നത്. സാന്താക്ലോസ്സിന്റെ വേഷം സ്വന്തം നിലയിൽ കെട്ടിവന്ന ഷഹനാസ് സ്റ്റേജിന്റെ പിന്നിൽ വച്ച് മീരയെ ബലമായി ചുംബിച്ചു. ആ ചെറ്റത്തരത്തെ തമാശയെന്ന് എല്ലാവരും മുദ്രകുത്തി അവനെ വെറുതെവിട്ടു. പക്ഷേ ഫോർ ദ പീപ്പിൾ അതിലും മുൻപോട്ട് പോയി. കഞ്ഞിപ്പുരയിൽ നിന്നെടുത്ത കരിക്കട്ടകൾ കൊണ്ട് അവർ സ്കൂളിന്റെ മഞ്ഞഭിത്തികളിൽ വീരഗാഥകൾ എഴുതി.
‘ഷഹനാസ് മീരയെ ചുംബിച്ചു. അവളുടെ ചുണ്ടുകൾക്ക് മുന്തിരിച്ചാറിന്റെ മധുരം.’
വഴങ്ങാത്ത മൃഗത്തെ ഓടിച്ചിട്ട് വേട്ടയാടി പിടിക്കുന്ന രീതിയായിരുന്നു അവരുടേത്. ഒടുവിൽ സഹികെട്ട് അവനെ സ്റ്റാഫ്‌റൂമിൽ വരുത്തി. ചൂരൽ പ്രയോഗം നടത്തുന്നതിനു പകരം അവന്റെ കഴുത്തിനു കുത്തിപ്പിടിക്കാനാണ് അപ്പോൾ തോന്നിയത്.
“ചെറ്റത്തരം കാണിച്ചാൽ കൊന്നുകളയും നായിന്റെ മോനെ..”
ബാക്കിയുള്ളവരെല്ലാം ചേർന്ന് ഇടപെട്ടു. അവനൊരു കൂസലുമില്ല. ഷർട്ടിന്റെ ചുളിവുകൾ നേരെയാക്കി വരാന്തയിലേക്കിറങ്ങി നിന്നവൻ വിളിച്ചു ചോദിച്ചു.
“ സാറിനെന്താ ഇത്ര ദണ്ഡം? അവളെ നോട്ടമുണ്ടേൽ അതു പറ സാറേ, എന്റെ മെക്കിട്ട് കയറാതെ.”
വല്ലാണ്ട് ചെറുതായിപ്പോയി. അവൻ ഒരു ഹീറോയെപ്പോലെ നടന്നുനീങ്ങി.
അശോകൻ സാർ അടുത്തുവന്ന് ചോദിച്ചു.
“ സാറിനിതെന്തിന്റെ കേടാ. എന്തിനാ ഈ പൊല്ലാപ്പിലൊക്കെ തലയിടുന്നത്?കഴിഞ്ഞ വർഷം അവന്മാരെ ക്ലാസ്സിൽ നിന്നും ഇറക്കിവിട്ട മോഹൻദാസ് സാറിനോട് അവന്മാരും ചില ടീച്ചേഴ്സും കൂടി ചെയ്തത് സാറിനറിയില്ലല്ലോ. മോഹൻദാസ് കമ്പ്യൂട്ടർ ലാബിൽ വച്ച് പെൺകുട്ടികളോട് മോശമായി പെരുമാറുന്നതായി കള്ളപ്പരാതി അയച്ചു. അന്വേഷണമായി. ഒടുവിൽ സാറ് ട്രാൻസ്ഫർ വാങ്ങിപ്പോയി.
വല്ലാത്ത ഒരു ഞെട്ടലുണ്ടാക്കിക്കൊണ്ട് ട്രയിന്റെ ചൂളംവിളി മുഴങ്ങി. വണ്ടി നീങ്ങാൻ തുടങ്ങുന്നു. എത്ര ഞെരിച്ചോടിയാലും അതിലിനി കയറിപ്പറ്റാൻ കഴിയില്ല. ഇന്ന് ഈ രാത്രിയിൽ ഈ പുഴയുടെ നടൂവിൽ ഒറ്റയ്ക്ക്....
വണ്ടി നീങ്ങിക്കഴിഞ്ഞപ്പോൾ പുഴയ്ക്ക് കുറുകെ വെള്ളത്തിലൂടെ ഒരാൾ എന്റെ നേരേ നടന്നടുക്കുന്നു. റം തലയ്ക്ക് പിടിച്ചിട്ട് തോന്നുന്നതാവും.
കണ്ണുതിരുമ്മി നോക്കി. അല്ല ആരോ വരുന്നുണ്ട്.
ഒരു പെൺകുട്ടി വന്ന് മണലിൽ എനിക്കടുത്തിരുന്നു.
മീര..
ഞാൻ മിഴിച്ചിരുന്നുപോയി.
“എന്താ മാഷേ അന്തം വിട്ടു നോക്കുന്നത്.?”
മീരാ... നീ...?
അവൾ എന്റെ മുഖത്തുനിന്നും കണ്ണുകളെടുത്ത് അകലേയ്ക്ക് നോക്കി. നേർത്ത ഒരു നിശ്വാസത്തോടെ, ഒട്ടും തിടുക്കമില്ലാതെ അവൾ പറഞ്ഞു.
“ എനിക്ക് മാഷോട് പറയണമെന്ന് തോന്നി. എന്നിട്ട് നരകത്തിലോ സ്വർഗ്ഗത്തിലോ പോകാം. ഞാൻ കൊന്നു മാഷേ. അവനെ, ദേ ഈ കൈകൾ കൊണ്ട്. പിന്നെ എന്നെയും. എല്ലാവരും കരുതുന്ന പോലെ ഞാൻ അവനോടൊപ്പം ആത്മഹത്യ ചെയ്തതൊന്നുമല്ല, മാഷ്ടെ മീര അങ്ങനെ ചെയ്യുമെന്ന് മാഷ്ക്ക് തോന്നുന്നുണ്ടോ?”
അവനെന്നെ ചതിച്ചതാ. പലരും അതിനു കൂട്ടും നിന്നു. അന്ന് മാഷ് എന്നെ സ്കൂളിൽ വച്ച് കണ്ടില്ല്ലേ. ഞാൻ അവനെ കാത്തുനിന്നതാ. എന്റെ ഒരുപാട് മോശം ഫോട്ടോസ് അവന്റെ കൈയിൽ ഉണ്ടെന്നും സന്ധ്യക്ക് കാത്തുനിന്നാൽ തരാമെന്നും പറഞ്ഞു. അങ്ങനെ ചെയ്തില്ലങ്കിൽ എല്ലാം പരസ്യമാക്കുമെന്നും പറഞ്ഞു. അതാ ഞാൻ കാത്തുനിന്നത്. ഒരുപക്ഷേ മാഷോട് എല്ലാം പറഞ്ഞിരുന്നെങ്കിൽ. .? അതൊക്കെ പോട്ടെ , ഇനി ഓർത്തിട്ടു കാര്യമില്ലല്ലോ.
അന്ന് മാഷ് പൊയ്ക്കിഴിഞ്ഞപ്പോൾ അവനെത്തി. കൂടെ കൂട്ടുകാരും. എന്നെ ആരും കാണാതിരിക്കാൻ വേണ്ടി ഞാൻ നമ്മുടെ ക്ലാസ്സിൽ കയറി ഇരിക്കുകയായിരുന്നു. അവൻ വന്നയുടനെ മൊബൈൽ എടൂത്തു ചിത്രങ്ങൾ കാട്ടിത്തന്നു. ഒക്കെ തട്ടിപ്പു ചിത്രങ്ങൾ ആയിരുന്നു മാഷെ. എന്റെ തലവെട്ടി ഏതോ ശരീരങ്ങളിൽ ചേർത്ത് വച്ചത്.
അവൻ മൊബൈൽ എന്റെ മുന്നിൽ വച്ചു. എന്നിട്ട് ഒരു അഭാസച്ചിരി ചിരിച്ചു. ആർത്തുചിരിക്കാൻ കൂടെ കൂട്ടുകാരും. “ ഞാൻ പറയുന്നപോലെ അനുസരിച്ചാൽ ചിത്രങ്ങൾ മാത്രമല്ല മൊബൈൽ തന്നെ നീ എടുത്തോ”
ഞാൻ പോകാനായി എണീറ്റു മാഷേ. അവൻ എന്റെ കൈയിൽ കയറിപ്പിടിച്ചു. ഞാൻ കുതറി. ഞാൻ തറയിൽ മറിഞ്ഞുവീണു. ബാഗിൽ നിന്നും പുസ്തകങ്ങളും ഇൻസ്ട്രമെന്റ് ബോക്സും ചിതറിത്തെറിച്ചു. അവനെന്നെ ബലമായി ഉമ്മവച്ചു. എന്റെ യൂണിഫോം വലിച്ചുകീറാൻ നോക്കി. ഇൻസ്ട്രമെന്റ് ബോക്സിൽ നിന്നും തെറിച്ചു വീണ കോമ്പസ്സ് എന്റെ കൈയിൽ കിട്ടി. പിന്നൊന്നുമാലോചിച്ചില്ല മാഷേ. അവന്റെ കഴുത്തിൽ ഞാനത് കുത്തിയിറക്കി. അവന്റെയും കൂട്ടൂകാരുടെയൂം നിലവിളി ഇടിമിന്നലിന്റെ നടുവിലും ഞാൻ വ്യക്തമായി കേട്ടു മാഷേ.
‘ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ പായുന്നതാണ് ജീവിതം’ എന്ന് മാഷ് എപ്പോഴും പറയാറില്ലേ? ഞാൻ രണ്ടിന്റെയും ഇടയിലൂടല്ല രണ്ടിലൂടെയും കടന്നുപോയി മാഷേ. പെൻസിൽ കൂർപ്പിക്കാൻ ബോക്സിൽ കരുതിയ പഴയ ബ്ലേഡ് എടുത്ത് ഒരുപാട് പണിപ്പെട്ട് ഞാൻ എന്റെ ഞരമ്പ് ഒരു ദാക്ഷിണ്യവുമില്ലാതെ അറുത്തുകളഞ്ഞു .”
മുഖത്ത് ചോര ചീറ്റിത്തെറിച്ചപോലെ ഞാൻ തലകുടഞ്ഞുകൊണ്ട് കണ്ണുകൾ അടച്ചു.
“ഇത്രനാളും കൊണ്ടുനടന്ന ജീവിതത്തിന്റെ ഭാരം ഞരമ്പുകളിലൂടെ ഒഴുകി ഇല്ലാതാവുന്നത് ഞാനറിഞ്ഞു. എന്റെ ജീവിതത്തിൽ പേടിയില്ലാതെ ആസ്വദിച്ച ഒരേയൊരൂ മുഹൂർത്തം അതായിരുന്നു മഷേ. ജീവൻ പോകുന്നതിനു മുൻപ് ഞാൻ അവന്റെ മുഖത്തേയ്ക്ക് കാറിത്തുപ്പി.എന്റെ മരണത്തെപ്പോലും ലോകം അവഹേളിക്കും. അതിനുള്ള പരിഹാരമായിരുന്നു മാഷേ അത്.”
അവൾ ഒട്ടും ഭാരമില്ലാതെ ഒരു ചിരി എനിക്ക് സമ്മാനിച്ചു. ഞാനോ ശ്വാസമെടുക്കാൻ കഴിയാതെ വീർപ്പുമുട്ടി.....
“ മാഷ് എന്നോട് മാപ്പാക്കണം. എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് പറയണം, അവരുടെ ക്ലാസ്സ് പാപപങ്കിലമാക്കിയതിന് അവരുടെ ആരുമല്ലാതിരുന്ന ഈ കൂട്ടുകാരി മാപ്പുചോദിച്ചെന്ന്. അവരെന്നെ സ്നേഹിച്ചില്ലങ്കിലും ഞാൻ അവരെ സ്നേഹിച്ചിരുന്നൂന്ന് മാഷ് പറയണം.”
ഞാൻ പറയാൻ തുടങ്ങുന്നത് കേൾക്കാൻ നിൽക്കാതെ മീര എഴുന്നേറ്റു നടന്നു. എപ്പോഴത്തെയും പോലെ തിരിഞ്ഞുനോക്കാതെ.
എന്റെയുള്ളിൽ നിന്നും ചോരയും പിത്തജലവും പറ്റിപ്പിടിച്ച ഒരു നിലവിളി പുഴയിലേക്ക് തെറിച്ചുവീണു.
അത് പതിയെ അവൾ നടന്നുപോയ ദിക്കിലേക്ക് ഒഴുകാൻ തുടങ്ങി.
***************************************
(സ്ത്രീ പീഡനം പ്രമേയമായി എഴുതപ്പെട്ട മലയാളത്തിലെ ചെറുകഥകൾ എഡിറ്റ് ചെയ്തപ്പോൾ അതിൽ ഞാൻ എഴുതിച്ചേർത്ത കഥയാണിത്. പുസ്തകം. കൊത്തിമുറിച്ച ശില്പങ്ങൾ.(55കഥകൾ)അമ്പലപ്പുഴ സംഭവം നടക്കുന്നതിനും മുൻപ് എഴുതിയ കഥയാണിത്)
വനാന്തം
കാട്ടുപാതകളില്‍ ഇല്ലില്ല.
തീരവൃക്ഷങ്ങളില്‍
കിളി ചിലക്കുന്നു
ആശ്രമമൃഗങ്ങൾ തീണ്ടുന്ന നദീതീരത്ത്
അമ്പുകളെയ്യാന്‍ ഞാനില്ല.
കാറ്റിന്‍ കഥകള്‍ കേട്ടിട്ട്,
കാനനമേറാന്‍ ഞാനുണ്ട്.
നനഞ്ഞ പുല്‍മേടുകളില്‍
തുമ്പികള്‍ ചിറകു കുടയുമ്പോള്‍
തളിര്‍ത്ത ചില്ലകളാൽ
മരങ്ങള്‍ നൃത്തം തുടങ്ങുന്നു.
നിനച്ചിരിക്കാതെ വനപ്പച്ചയില്‍
മഴയുടെ പഞ്ചവാദ്യം
സന്ധ്യയില്‍ പുഴയുടെ നീലാംബരി.
മഞ്ഞില്‍ നിലാവില്‍,
നിഴലുകളുടെ പാവക്കൂത്ത്.
നീണ്ടുനില്‍ക്കാത്ത മഞ്ഞുകാലത്ത്,
ഇണപക്ഷികള്‍ തപസ്സു തുടങ്ങുന്നു.
കൂട്ടില്‍ സ്വപ്നത്തിന്‍റെ മുട്ടകള്‍.
വള്ളിക്കുടിലിലെ ഊഞ്ഞാലിൽ
സര്‍പ്പങ്ങളുടെ പ്രണയനൃത്തം.
കരിമണ്ണിന്‍റെ മെത്തയിൽ
കലഹംമൂത്ത ചെറുജീവികള്‍.
മുളംകാട്ടില്‍നിന്നൊരു ഫ്ലൂട്ട്,
മരച്ചില്ലകളുടെ വയലിന്‍,
അരുവികളുടെ തംബുരു,
അകലെനിന്നും ഒറ്റയാന്‍റെ ഡ്രം ബീറ്റ്,
കിളികളുടെ കോറസ്,
മഞ്ഞിന്‍റെ തിരശീലയിൽ
നിലാവിന്‍റെ നിറച്ചാര്‍ത്ത്,
കാട്ടിലിപ്പോള്‍ മഹാസിംഫണി
ആര്‍ത്തിയുടെ ഘോഷയാത്രകൾ
കാട്ടുപാതയിലേക്കാണ്.
കാടുകളില്ലത്ത ദേശത്തേക്ക്
ദേശാടനത്തിനിറങ്ങിയ വസന്തം
വിലാപത്തിന് കൂട്ടുറങ്ങി
തിരിഞ്ഞുനോക്കാതെ പോകുന്നു.
വഴിമരങ്ങളില്ലാത്ത പാതയിൽ
തണലും അത്താണിയും
ആള്‍ക്കുട്ടവുമില്ല.
മാനത്തെ മഴയില്‍
ഭൂമിയുടെ കണ്ണീരും അമ്ലവും.
ഈ വഴി പ്രളയകാലത്തേക്കാണ്.
കാട്ടിലിപ്പോള്‍
കബന്ധങ്ങളുടെഹംസഗാനം
നിലാവറ്റുപോയ കണ്ണിൽ
പൂക്കള്‍ വിടരുന്നത്
ഇതളുകളില്ലാതെ.
ഓരോ കാഴ്ചയിലും
കാട്ടുതീയുടെ വിരുന്ന്.
ചേക്കേറാന്‍ ചില്ലയില്ലാതെ
പ്രാര്‍ത്ഥനയുടെ പക്ഷികള്‍.
മണല്‍പ്പുറത്ത്
ഉറക്കം കാത്തുകിടക്കുമ്പോൾ
ഞാനുമെന്‍റെ പുഴയും
ഭൂമിയുടെ ഹൃദയത്തിലേക്ക്
പതുക്കെ.. പതുക്കെ
****************************
ഒരു പഴയ പോസ്റ്റാണ്. അധികമാരും കണ്ടില്ല. വായിച്ചിട്ടുള്ളവർ വിട്ടുകളയുക.
എന്റെ ഓർമ്മകളിൽ എപ്പോഴും കാടിന്റെ നിറവും മണവും നിശബ്ദതയും ഉണ്ട്.
അർജ്ജുനവിഷാദയോഗം
നീ വെറുതെ കളഞ്ഞതായിരുന്നു നിനക്ക് സ്വന്തമായിരുന്നത് *

ന്യൂസ് പേപ്പർ ബോയ് അമ്പതാം വാർഷിക വേള. വലത്ത് ഇരിക്കുന്നത് കോമളം.
ഞാൻ അതിവിടെ അവസാനിപ്പിച്ചു.
നമ്മുടേതായ ലോകം
ജനലിലൂടെ നോക്കിനിൽക്കാൻ വേണ്ടി.(പാബ്ലോ നെരൂദ)
സിനിമ വന്നു കൈനീട്ടി നിന്നപ്പോൾ ഒന്നുമോർക്കാതെയല്ല,ഒരുപാട് എതിർപ്പുകൾ നേരിട്ടാണ് ഇറങ്ങിപ്പുറപ്പെട്ടത്. പക്ഷേ കൂടുതൽ ശക്തമായ ഭീഷണിയായി ജീവിതം പിന്നിൽ നിന്നു തിരികെ വിളിച്ചപ്പോൾ മടങ്ങിപ്പോന്നു. ഒടുവിൽ എനിക്ക് രണ്ടും നഷ്ടമായി,ജീവിതവും സിനിമയും.നെയ്യാറ്റിൻകര കോമളം തന്റെ ജീവിതത്തിന്റെ തെരഞ്ഞെടുപ്പുകളെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്.
നമ്മുടെ ഓർമ്മകൾ മറന്നുപോയ ഒരുകാലത്തിൽ, നമുക്ക് വേണ്ടാത്ത രൂപത്തിൽ, കിനാവുകൾ കത്തിയെരിഞ്ഞ ചാരക്കൂമ്പാരത്തിനരുകിൽ അവർ ഇപ്പോഴും ഇരിക്കുന്നുണ്ട്.
എന്റെ മിഥ്യ തെരഞ്ഞെടുത്തത്
ഞാൻ തന്നെയാണ്.
തണുത്തുറഞ്ഞ ഉപ്പിൽനിന്ന്
ഞാനതിന്റെ രൂപം നിർമ്മിച്ചു.
പെരുമഴയ്ക്കനുസരിച്ചായിരുന്നു
എന്റെ കാലങ്ങൾ.
എങ്കിലും എനിക്കിപ്പോഴും ജീവനുണ്ട്.
ജീവിക്കുകയല്ലാതെ എനിക്ക് മറ്റു തരമില്ല.

ആ ചിത്രത്തോടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും എതിർപ്പ് സഹിക്കവയ്യാതായി.എത്ര കാലമാണ് ഒരു ചെറിയ പെൺകുട്ടി ഒരുകൂട്ടത്തോട് ചെറുത്തുനിൽക്കുക? “എന്റെ യൌവനവും നല്ലകാലവും തെളിഞ്ഞു നിന്ന സമയത്ത് എനിക്ക് സിനിമയിൽ നിന്ന് എന്നെന്നേയ്ക്കുമായി വിടപറയേണ്ടിവന്നു.എന്റെ ഇരുപത്തിയൊന്നാം വയസ്സിൽ.”ഉള്ളിലെ തേങ്ങലിന്റെ താളമുണ്ട് കോമളതിന്റെ വാക്കുകളിൽ. സമൂഹം ഒരു വേട്ടക്കാരന്റെ രൂപഭാവങ്ങളോടെ എന്നും സ്ത്രീക്കുനേരേ മാത്രം അസഹിഷ്ണുത കാണിക്കുന്നതിന്റെ എല്ലാക്കാലത്തെയും ഉദാഹരണങ്ങളിൽ ഒന്നാണിത്.(എഴുത്തുകാരി രാജലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിലും സമൂഹത്തിന്റെ ഇത്തരം വേട്ടയാടലിന്റെ ചരിത്രമുണ്ടല്ലോ) യു.പി.സ്കൂളിൽ പഠിക്കുമ്പോൾ സൂപ്പർസ്റ്റാറിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് സിനിമയിൽ നിന്നും പണവും പ്രശസ്തിയും നേടി ആചാരവെടിക്കെട്ടോടെ വിവാഹം നടത്തി ആഘോഷമായി സിനിമയിൽ നിന്ന് പിൻവാങ്ങുന്ന നായികമാരുടെ കലാകേളി നാം ഇപ്പോൾ കാണുന്നുണ്ടല്ലോ.
കോമളത്തിന് പക്ഷേ സിനിമ ഒന്നും നൽകിയില്ല. മാത്രമല്ല സിനിമയിൽ നിന്നും ജീവിതത്തിലേക്ക് അവരെ വലിച്ചിറക്കിക്കൊണ്ടുവരാൻ തിരക്കുകൂട്ടിയവർ ആരും തിരിഞ്ഞുനോക്കിയുമില്ല. എ.അയ്യപ്പൻ എഴുതിയപോലെ തിരിച്ചുവന്നപ്പോൾ മാളമില്ല തലചായ്ക്കാൻ എന്ന അവസ്ഥയായി. സിനിമയെന്ന സ്വപ്നവും നഷ്ടമായി, ജീവിതത്തിൽ ഒറ്റപ്പെടുകയും ചെയ്തു.
മെരിലാന്റ് അടക്കമുള്ള സിനിമാനിർമ്മാണ കമ്പനികൾ നിരന്തരം ഓഫറുകളുമായി അവരെ സമീപിക്കുമ്പോഴാണ് കോമളം മനസ്സില്ലാമനസ്സോടെ സിനിമയിൽനിന്നും ഇറങ്ങിപ്പോന്നത്. മലയാളസിനിമയുടെ പൂമുഖത്ത് കസേര വലിച്ചിട്ടിരിക്കുന്ന പല അനർഹരെക്കാളും ആ കസേരയ്ക്ക് അർഹത കോമളത്തിനുണ്ടായേനെ, അവർ സിനിമയിൽ തുടർന്നെങ്കിൽ. ഇപ്പോൾ സിനിമയുടെ പുറമ്പോക്കിൽ പോലും ഇടമില്ലാതെ, ആരാലും ഓർമ്മിക്കപ്പെടാതെ, അവർ ചരിത്രത്തിൽ നിന്നും വെട്ടിമാറ്റപ്പെട്ടിരിക്കുന്നു.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എന്താണ് ബാക്കി? സിനിമയിൽ കത്തിനിൽക്കുമ്പോൾ സമൂഹം അവരെ അവിടെനിന്നും വലിച്ചു പുറത്തിട്ടു. കോമളമാകട്ടെ പിന്നീട് പുറംലോകത്തിനു നേരേ വാതിൽ കൊട്ടിയടച്ചു. “നീണ്ട 14വർഷം ഞാനൊതുങ്ങിക്കൂടി. വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. വാശിയായിരുന്നു. ജീവിതത്തിൽ എനിക്ക് നേടിയെടുക്കാൻ കഴിയുമായിരുന്നവ പലരും ചേർന്ന് തട്ടിത്തെറിപ്പിച്ചു. ഒടുവിൽ 35-ആം വയസ്സിലാണ് വിവാഹം നടന്നത്. അച്ഛന്റെ അനന്തരവൻ ചന്ദ്രശേഖരൻ ആയിരുന്നു വരൻ.
തൊഴുത്തിൽകുത്തിന്റെയും ചെളിവാരിയെറിയലിന്റെയും ഊരുവിലക്കിന്റെയും പണക്കൊഴുപ്പിന്റെയും കല തൊട്ടുതേച്ചിട്ടില്ലാത്ത പെരുമാറ്റത്തിന്റെയും സർവ്വോപരി നന്ദികേടിന്റെയും പര്യായമായ മലയാള സിനിമ കോമളത്തെപ്പോലുള്ളവരെ ഓർമ്മിക്കുമോ? ഞാനും എന്റെ വാലാട്ടികളും എന്ന വിഷയത്തിലാണല്ലോ അവരെല്ലാം പി.എച്ച്.ഡി. എടുത്തിട്ടുള്ളത്.പിന്നിൽ വീണുപോയവരെ തിരിഞ്ഞുനോക്കാതെ ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ വെമ്പുന്ന (മഹാഭാരതത്തിൽ പാണ്ഡവരുടെ മഹാപ്രസ്ഥാനം) ഒരു യാത്രയിലാണല്ലോ മലയാള സിനിമ ഇന്ന്.
“ഒരേയൊരു സിനിമയിലേ ഒന്നിച്ചഭിനയിചിട്ടുള്ളൂ. പിന്നീടൊരിക്കലും കണ്ടിട്ടുമില്ല. പക്ഷേ 30വർഷത്തിന് ശേഷം എനിക്കൊരു കത്തുകിട്ടി. നെയ്യാറ്റിൻകര കോമളം, സിനി ആർട്ടിസ്റ്റ്, നെയ്യാറ്റിൻകര. എന്ന വിലാസത്തിൽ. ഒരു വിവാഹ ക്ഷണപ്പത്രിക. പ്രേംനസീറിന്റെ ഇളയ മകൻ ഷാനവാസിന്റെ വിവാഹം ക്ഷണിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. തീർച്ചയായും വരണം വരാതിരിക്കരുത് എന്ന് നിർബന്ധിച്ചെഴുതിയ കത്ത്. ഞാൻ ഇന്നും നിധിപോലെ ആ കത്ത് സൂക്ഷിച്ചു വച്ചിരിക്കുന്നു.
( പ്രേം നസീർ മലയാള സിനിമയ്ക്ക് നൽകിയ ധാർമ്മികഗുണങ്ങളെല്ലാം വളരെ വേഗത്തിൽ കുപ്പത്തൊട്ടിയിലെറിഞ്ഞ് അദ്ദേഹത്തെയും മറന്നുകൊണ്ടിരിക്കുന്ന പുതിയ കാലത്തിന് ഇതൊരു സെന്റിമെന്റൽ തമാശയായി മാത്രമേ തോന്നൂ.പക്ഷേ കോമളത്തിന് അത് തന്റെ ജീവിതത്തിലെ ദീപ്തമായ ഒരോർമ്മയാണ്) “അദ്ദേഹത്തിന്റെ മരണം എന്നെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹം മനുഷ്യനായിരുന്നു.മനുഷ്യനെ തിരിച്ചറിയുന്ന പച്ചമനുഷ്യൻ”
നെയ്യാറ്റിൻകര കോമളത്തിന് വയസ്സ് 75 കഴിഞ്ഞിരിക്കുന്നു. പ്രായത്തിന്റെ അവശതകൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. സഹോദരിയോടൊപ്പമാണ് താമസം. അവർക്ക് ജീവിതം ഇപ്പോൾ ഒഴുകുന്ന ഒരു പുഴയല്ല. തളംകെട്ടി നിൽക്കുന്ന ഒരു ജലാശയം മാത്രം. അവിടെ ഓർമ്മകളുടെ നേർത്ത അലകൾ മാത്രം. എവിടേയ്ക്കും സഞ്ചരിക്കാനില്ലാത്ത സ്വന്തം ജീവിതത്തിന്റെ ജാലകത്തിനരുകിൽ ഒരിക്കലും തന്റെയടുത്തേക്ക് വരാത്ത പുറലോകത്തെ നോക്കി അവർ ഇരിക്കുന്നു. പേരിനൊപ്പം കൂട്ടിപ്പറയാൻ ഒരുപാട് സിനിമകൾ ഇല്ല. അവാർഡുകളില്ല. ദു:ഖപുത്രിയായി സിനിമയിലെത്തി, ആ വേഷം ജീവിതത്തിലും തുടരേണ്ടിവന്നതിന്റെ ഒരു വ്യഥ അവരെ എന്നും അലട്ടിയിരുന്നു. അഭിനയത്തിൽ ജീവിക്കാനായില്ല. ജീവിതത്തിൽ അഭിനയിക്കാനുമായില്ല.
10വർഷം മുൻപ് ഒരു സീരിയലിൽ അവർ അഭിനയിച്ചിരുന്നു.പിതൃവനത്തിൽ. എം.ആർ.ഗോപകുമാറിന്റെ അമ്മവേഷത്തിൽ. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം സീരിയൽഫീൽഡിൽ തുടർന്നില്ല.സീരിയലിൽ അഭിനയിക്കാൻ അടുത്തിടെ വരെ ക്ഷണമുണ്ടായിരുന്നു. പക്ഷേ വയ്യ. “ മരിക്കുന്നതിനു മുൻപ് ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ. ഒരിക്കൽ കൂടി ഒരു സിനിമയിൽ അഭിനയിക്കണം. പക്ഷെ ആരാ കിഴവിയായ എന്നെ വിളിക്കുക.....” നിരാശ വന്ന് അവരുടെ അവസാന സ്വപ്നത്തെ മൂടിക്കളയുന്നു.
ജീവിതത്തിലും സിനിമയിലും വലിയ ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന കോമളാമേനോൻ ദാ ഇവിടെ തീരെ ചെറുതാക്കപ്പെട്ട് നിറം മങ്ങി വരയും പൊട്ടലും വീണ ഒരു ബ്ലാക്&വൈറ്റ് ഓർമ്മ പോലുമല്ലാതെ ആയിത്തീർന്നിരിക്കുന്നു. സെല്ലുലോയ്ഡിന്റെ വർണ്ണലോകത്തിൽ തന്റെ നിറമാർന്ന രൂപം കാണാൻ അവർക്ക് കഴിഞ്ഞതേയില്ല. തന്റേതല്ലാത്ത കുറ്റങ്ങളാൽ അവർ അവർക്ക് അവകാശപ്പെട്ട തറവാട്ടിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു. നെരൂദയുടെ ഈ വരികൾ കൂടി അവരുടെ ജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയോട് ചേർത്ത് വയ്ക്കാം.
ഞാൻ എന്തായിരുന്നു എന്നതിലേയ്ക്കും
അനുബന്ധം. :- വർഷങ്ങൾക്ക് മുൻപ് നെയ്യാറ്റിൻകരയിൽ ജോലി നോക്കുമ്പോൾ കോമളത്തിനെ കണ്ട് തയ്യാറാക്കിയ കുറിപ്പാണിത്. അന്ന് എടുത്ത ഫോട്ടോകൾ മറ്റൊരാളുടെ കയ്യിൽ ആയി.നെയ്യാറ്റിൻകര കോമളം എന്ന പഴയ സിനിമാതാരത്തിന്റെ ചിത്രങ്ങൾ നോക്കി ഇന്റർനെറ്റിൽ പോയപ്പോൾ അവരുടെ പഴയതും പുതിയതുമായ ഒരു ചിത്രം പോലും കണ്ടെത്താനായില്ല. ചലച്ചിത്ര അക്കാദമിയുടെ ഫോട്ടോഗ്യാലറിയിലുമില്ല. എന്തൊരു ദയാരാഹിത്യമാണ് നാം പഴയ മനുഷ്യരോട് കാട്ടുന്നത്? മറവിക്കെതിരെ ഓർമ്മയുടെ സമരം നാം എന്നാണ് തുടങ്ങുന്നത്.?
00000000000000000