Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

Thursday, 10 June, 2010

നീ വെറുതെ കളഞ്ഞതായിരുന്നു നിനക്ക് സ്വന്തമായിരുന്നത് *


ന്യൂസ് പേപ്പർ ബോയ് അമ്പതാം വാർഷിക വേള. വലത്ത് ഇരിക്കുന്നത് കോമളം.

ഞാൻ അതിവിടെ അവസാനിപ്പിച്ചു.
നമ്മുടേതായ ലോകം
ജനലിലൂടെ നോക്കിനിൽക്കാൻ വേണ്ടി.(പാബ്ലോ നെരൂദ)


സിനിമ വന്നു കൈനീട്ടി നിന്നപ്പോൾ ഒന്നുമോർക്കാതെയല്ല,ഒരുപാട് എതിർപ്പുകൾ നേരിട്ടാണ് ഇറങ്ങിപ്പുറപ്പെട്ടത്. പക്ഷേ കൂടുതൽ ശക്തമായ ഭീഷണിയായി ജീവിതം പിന്നിൽ നിന്നു തിരികെ വിളിച്ചപ്പോൾ മടങ്ങിപ്പോന്നു. ഒടുവിൽ എനിക്ക് രണ്ടും നഷ്ടമായി,ജീവിതവും സിനിമയും.നെയ്യാറ്റിൻ‌കര കോമളം തന്റെ ജീവിതത്തിന്റെ തെരഞ്ഞെടുപ്പുകളെ വ്യാ‍ഖ്യാനിക്കുന്നത് ഇങ്ങനെയാണ്.


നമ്മുടെ ഓർമ്മകൾ മറന്നുപോയ ഒരുകാലത്തിൽ, നമുക്ക് വേണ്ടാത്ത രൂപത്തിൽ, കിനാവുകൾ കത്തിയെരിഞ്ഞ ചാരക്കൂമ്പാരത്തിനരുകിൽ അവർ ഇപ്പോഴും ഇരിക്കുന്നുണ്ട്.
എന്റെ മിഥ്യ തെരഞ്ഞെടുത്തത്
ഞാൻ തന്നെയാണ്.
തണുത്തുറഞ്ഞ ഉപ്പിൽനിന്ന്
ഞാനതിന്റെ രൂപം നിർമ്മിച്ചു.
പെരുമഴയ്ക്കനുസരിച്ചായിരുന്നു

എന്റെ കാലങ്ങൾ.
എങ്കിലും എനിക്കിപ്പോഴും ജീവനുണ്ട്.
ജീവിക്കുകയല്ലാതെ എനിക്ക് മറ്റു തരമില്ല.
പാബ്ലോ നെരൂദയുടെ ഈ വരികൾ നെയ്യാറ്റിൻ‌കര കോമളത്തെ സംബന്ധിച്ചിടത്തോളം നൂറുശതമാനം ശരിയാണ്.

ആഘോഷങ്ങളുടെ രാപകലുകളിലൂടെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ പായുന്ന മലയാളികൾക്ക് ഏത് ലേബലിലാണ് കോമളത്തെ പരിചയപ്പെടുത്തേണ്ടത്? എന്നാശങ്കപ്പെടുമ്പോഴും മനസ്സു പറയുന്നു. അതുവേണം.

1950ൽ പുറത്തിറങ്ങിയ വനമാല എന്ന സിനിമയിലഭിനയിച്ചുകൊണ്ട് 60വർഷം മുൻ‌പ് മലയാള സിനിമയിലെത്തിയ അഭിനേത്രി.(അന്നവർ കൌമാരക്കാരി ആയിരുന്നു.) മലയാളത്തിലെ ആദ്യ നവറിയലിസ്റ്റ് സിനിമയായ ന്യൂസ്പേപ്പർ ബോയിയിലെ നായിക. നിത്യഹരിതനായകനായിരുന്ന പ്രേം നസീറിന്റെ ആദ്യനായിക. പിന്നെ മലയാളികളുടെ പാരമ്പര്യസ്വഭാവമായ യാഥാസ്ഥിതികത്വം എന്ന ദുർഗുണം വിലക്കു കല്പിച്ച കലാകാരി. നെയ്യാറ്റിൻ‌കര കോമളത്തെ കുറിച്ച് പറയുമ്പോൾ ഇതിലേതാണ് ഓർക്കാൻ താല്പര്യം? ഒന്നുമുണ്ടാവില്ല.(മലയാളത്തിലെ ആദ്യനായിക പി.കെ.റോസിയെ കല്ലെറിഞ്ഞ് നാടുകടത്തിയ മഹാപ്രതിഭകളാണ് മലയാളികൾ. ഇപ്പോഴോ പെൺ‌മക്കളെ എങ്ങനെയൊന്നു സിനിമയിൽ കയറ്റിവിടാം എന്ന് കുടുംബത്തിൽ പിറന്നവർ തലപുകയ്ക്കുന്നു.)


കോമളം ഒന്നും മറക്കുന്നില്ല. മാത്രമല്ല ജീവിതമെന്ന പുഴ തന്നെ മോഹിപ്പിച്ചുകൊണ്ട് തന്റെ മുന്നിലൂടെ ഒഴുകിയകലുന്നത് നോക്കിനോക്കിയിരുന്ന് അവർക്കേറെ വയസ്സായി.അവർ സിനിമയിലെത്തിയതിന്റെ അറുപതാം വാർഷികം ആഘോഷിക്കാൻ ‘നിങ്ങളില്ലാതെ എനിക്കെന്താഘോഷം‘ എന്ന് മയക്കുന്ന ചിരിയുമായി ചോദിച്ചുകൊണ്ട് ആരും അവരുടെ പടി കടന്നെത്തുന്നില്ല. അതെ അവർ വെറുതെ കളഞ്ഞതായിരുന്നു അവർക്ക് സ്വന്തമായിരുന്നത്.

ന്യൂസ്പേപ്പർ ബോയിയുടെ അമ്പതാം വാർഷികം ആഘോഷിച്ചപ്പോൾ പോലും കോമളം വേണ്ടവിധത്തിൽ ആദരിക്കപ്പെട്ടോ? സംശയമാണ്. ഇരുപത്തിയൊന്നാം വയസ്സിൽ അഭിനയത്തോട് വിടപറഞ്ഞ് സെല്ലുലോയ്ഡിന്റെ പ്രഭാപൂരത്തിൽനിന്നും പിൻ‌വാങ്ങിയ കോമളം എന്ന സാധാരണ സ്ത്രീയെ ആരോർക്കാൻ. “ ന്യൂസ്പേപ്പർ ബോയ് പ്രദർശിപ്പിച്ചിട്ട് 55വർഷമാകുന്നു. ആ ചിത്രത്തിലഭിനയിച്ച ഞാൻ അഭിനയജീവിതത്തോട് വിടപറഞ്ഞിട്ടും അത്രയും വർഷമാകുന്നു.” നിരാശയോടെ, ഗൃഹതുരത്വത്തോടെ കോമളം ഓർമ്മിക്കുന്നു.

നെയ്യാറ്റിൻ‌കര മരുതൂർ കോവിച്ചൻ‌വിള രവിമന്ദിരത്തിൽ പങ്കജാക്ഷൻ‌മേനോന്റെയും കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ ആളാണ് കോമളാമേനോൻ. അച്ഛൻ പൊതുമരാമത്ത് ഉദ്യോഗസ്ഥനും അമ്മ അദ്ധ്യാപികയുമായിരുന്നു. സിനിമ കോമളാ മേനോന്റെ വിദൂരസ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല . നെയ്യാറ്റിൻ‌കര സെന്റ് തെരേസാസ് ഇംഗ്ലീഷ് കോൺ‌വെന്റ് സ്കൂളിൽ നിന്ന് പത്താംതരം കഴിഞ്ഞു നിൽക്കുമ്പോൾ പതിനാറാം വയസ്സിലാണ് സിനിമയിലേക്ക് വരുന്നത്. തനിക്കിഷ്ടമുള്ള ഭൂതകാലത്തിലേക്ക് അവർ പോകുന്നു.

തീയറ്റർ മാനേജരായിരുന്നു സഹോദരിയുടെ ഭർത്താവ്. അദ്ദേഹമാണ് അഭിനയിക്കാൻ പ്രേരിപ്പിച്ചത്. പക്ഷേ ചീത്തപ്പേരിന്റെ പേരും പറഞ്ഞ് യാഥാസ്ഥിതിക ബന്ധുക്കൾ എതിർത്തു. ഒരുവശത്ത് സിനിമയെന്ന പ്രലോഭനം. മറുവശത്ത് വാളെടുത്ത് അങ്കക്കലി പൂണ്ട് നിൽക്കുന്നവർ. അച്ഛൻ കോമളത്തിന് അഞ്ചു വയസ്സായപ്പോഴേ മരിച്ചു. അമ്മാവന്മാരുടെ സംരക്ഷണയിൽ കഴിയുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം കീഴടങ്ങിപ്പോകുന്ന ഒരു സന്ദർഭമായിരുന്നു അത്.(ഇന്നും നട്ടെല്ലു നിവർത്തി ഒരു സ്ത്രീ നിന്നാൽ അന്തസ്സും ആഭിജാത്യവും കടപുഴകിവീഴും എന്നു കരുതുന്ന ആളുകളാണ് മലയാളികൾ. അപ്പോൾ 50വർഷം മുൻ‌പുള്ള അവസ്ഥ പറയണോ.)

പക്ഷേ ഒടുവിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ഇറങ്ങിപ്പുറപ്പെടാൻ കോമളം തീരുമാനിച്ചു. ബന്ധുക്കൾ ഉയർത്തിയ സന്ദിഗ്ദ്ധാവസ്ഥയിൽ നല്ലതങ്കയിൽ നായികയാവനുള്ള അവസരം അതിനിടയിൽ കോമളത്തിനു നഷ്ടമായിരുന്നു. ഉദയാ സ്റ്റുഡിയോയിൽ പോയി സ്റ്റിൽ‌സ് വരെ എടുക്കുകയുണ്ടായി.

ഒടുവിൽ കോമളാമേനോൻ നെയ്യാറ്റിൻ‌കര കോമളമായി. ആദ്യചിത്രം വനമാല. പി.എ.തോമസ് ആയിരുന്നു സംവിധായകൻ. ചിത്രം ഹിറ്റായില്ല. പക്ഷേ കോമളത്തിന്റെ കഥാപാത്രം മാല ശ്രദ്ധിക്കപ്പെട്ടു. ഒരു ജമീന്ദാരുടെ കുടുംബത്തിൽ ദു:ഖങ്ങളെ താലോലിച്ച് ജീവിതം കഴിച്ചുകൂ‍ട്ടുന്ന ഒരു പെണ്ണായിരുന്നു അതിലെ നായിക. “നിർഭാഗ്യവശാൽ എന്റെ ജീവിതവും പിന്നീട് ആ കഥാപാത്രത്തിന്റേതുപോലെയായി.” കണ്ണീരിന്റെ ഉപ്പുചേർത്ത് കോമളം പറയുന്നു.

ജോസഫ് തളിയത്ത് ജൂനിയർ സംവിധാനം ചെയ്ത ആത്മശാന്തിയാണ് പിന്നീട് കോമളം അഭിനയിച്ച സിനിമ. വഞ്ചിയൂർ മാധവൻ നായരും മിസ് നായകനും നായികയും.നായികയുടെ അനുജത്തി ശാരദയുടെ വേഷമായിരുന്നു കോമളത്തിന്. എൻ.പി.ചെല്ലപ്പൻ നായരുടെ ശശികല എന്ന കഥയെ ആസ്പദമാക്കി തമിഴിലും ത്മശാന്തി നിർമ്മിച്ചത്. ചിത്രം നന്നായി ഓടി. കോമളത്തിന് സിനിമയിൽ തിരക്കേറി. ആത്മശാന്തിയെത്തുടർന്നാണ് കോമളം നസീറിന്റെ ആദ്യനായികയാകുന്നത്.
മരുമകൾ എന്നാണ് സിനിമയുടെ പേര്. സേലത്തുവച്ചാണ് ഷൂട്ടിംഗ്. പൊടിമീശയൊക്കെ വച്ച് നിറഞ്ഞ ചിരിയുമായി സെറ്റിലെത്തിയ അബ്ദുൾ ഖാദറിനെ കോമളം ഓർക്കുന്നു.(പിന്നീടാണ് അബ്ദുൾ ഖാദർ പ്രേം നസീർ ആകുന്നത്) അന്ന് നസീർ 21വയസ്സുകാരനും ഒന്നര വയസ്സുള്ള കുട്ടിയുടെ അച്ഛനുമായിരുന്നു. അന്ന് കോമളത്തിന് 16വയസ്സ് ആയിരുന്നു.

“ആ ഷൂട്ടിംഗ് കാലം മറക്കാനാവില്ല. ജീ‍വിതത്തിലെ പ്രകാശമുള്ള ഏടുകളാണത്. നസീർ സെറ്റിൽ അധികം സംസാരിക്കില്ല. എന്തെങ്കിലും ആരെങ്കിലും ചോദിച്ചാൽ മറുപടി പറയും. പക്ഷേ എല്ലാവരോടും അളവറ്റ സ്നേഹം.”

മരുമകൾക്ക് ശേഷം എഫ്.നാഗൂർ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുക്കിയ സന്ദേഹത്തിൽ കോമളം നായികയായി. ആ ചിത്രത്തിൽ എം.ജി.ആറിന്റെ സഹോദരൻ എം.ജി.ചക്രപാണിയായിരുന്നു കോമളത്തിന്റെ നായകൻ. അതിനെ തുടർന്നാണ്
ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന ന്യൂസ് പേപ്പർ ബോയ് എന്ന ചിത്രത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. അതിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. നാഗവള്ളി അർ.എസ്.കുറുപ്പാണ് അച്ഛനായി അഭിനയിച്ചത്.പി.രാംദാസായിരുന്നു സംവിധായകൻ. സ്വന്തം ജീവിതസാഹചര്യങ്ങളുടെ ഛായ ആ കഥാപാത്രത്തിനുണ്ടായിരുന്നു

ചിത്രത്തോടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും എതിർപ്പ് സഹിക്കവയ്യാതായി.എത്ര കാലമാണ് ഒരു ചെറിയ പെൺകുട്ടി ഒരുകൂട്ടത്തോട് ചെറുത്തുനിൽക്കുക? “എന്റെ യൌവനവും നല്ലകാലവും തെളിഞ്ഞു നിന്ന സമയത്ത് എനിക്ക് സിനിമയിൽ നിന്ന് എന്നെന്നേയ്ക്കുമായി വിടപറയേണ്ടിവന്നു.എന്റെ ഇരുപത്തിയൊന്നാം വയസ്സിൽ.”ഉള്ളിലെ തേങ്ങലിന്റെ താളമുണ്ട് കോമളതിന്റെ വാക്കുകളിൽ. സമൂഹം ഒരു വേട്ടക്കാരന്റെ രൂപഭാവങ്ങളോടെ എന്നും സ്ത്രീക്കുനേരേ മാത്രം അസഹിഷ്ണുത കാണിക്കുന്നതിന്റെ എല്ലാക്കാലത്തെയും ഉദാഹരണങ്ങളിൽ ഒന്നാണിത്.(എഴുത്തുകാരി രാജലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിലും സമൂഹത്തിന്റെ ഇത്തരം വേട്ടയാടലിന്റെ ചരിത്രമുണ്ടല്ലോ) യു.പി.സ്കൂളിൽ പഠിക്കുമ്പോൾ സൂപ്പർസ്റ്റാറിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് സിനിമയിൽ നിന്നും പണവും പ്രശസ്തിയും നേടി ആചാരവെടിക്കെട്ടോടെ വിവാഹം നടത്തി ആഘോഷമായി സിനിമയിൽ നിന്ന് പിൻ‌വാങ്ങുന്ന നായികമാരുടെ കലാകേളി നാം ഇപ്പോൾ കാണുന്നുണ്ടല്ലോ.

കോമളത്തിന് പക്ഷേ സിനിമ ഒന്നും നൽകിയില്ല. മാത്രമല്ല സിനിമയിൽ നിന്നും ജീവിതത്തിലേക്ക് അവരെ വലിച്ചിറക്കിക്കൊണ്ടുവരാൻ തിരക്കുകൂട്ടിയവർ ആരും തിരിഞ്ഞുനോക്കിയുമില്ല. എ.അയ്യപ്പൻ എഴുതിയപോലെ തിരിച്ചുവന്നപ്പോൾ മാളമില്ല തലചായ്ക്കാൻ എന്ന അവസ്ഥയായി. സിനിമയെന്ന സ്വപ്നവും നഷ്ടമായി, ജീവിതത്തിൽ ഒറ്റപ്പെടുകയും ചെയ്തു.
മെരിലാന്റ് അടക്കമുള്ള സിനിമാനിർമ്മാണ കമ്പനികൾ നിരന്തരം ഓഫറുകളുമായി അവരെ സമീപിക്കുമ്പോഴാണ് കോമളം മനസ്സില്ലാമനസ്സോടെ സിനിമയിൽനിന്നും ഇറങ്ങിപ്പോന്നത്. മലയാളസിനിമയുടെ പൂമുഖത്ത് കസേര വലിച്ചിട്ടിരിക്കുന്ന പല അനർഹരെക്കാളും ആ കസേരയ്ക്ക് അർഹത കോമളത്തിനുണ്ടായേനെ, അവർ സിനിമയിൽ തുടർന്നെങ്കിൽ. ഇപ്പോൾ സിനിമയുടെ പുറമ്പോക്കിൽ പോലും ഇടമില്ലാതെ, ആരാലും ഓർമ്മിക്കപ്പെടാതെ, അവർ ചരിത്രത്തിൽ നിന്നും വെട്ടിമാറ്റപ്പെട്ടിരിക്കുന്നു.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എന്താണ് ബാക്കി? സിനിമയിൽ കത്തിനിൽക്കുമ്പോൾ സമൂഹം അവരെ അവിടെനിന്നും വലിച്ചു പുറത്തിട്ടു. കോമളമാകട്ടെ പിന്നീട് പുറം‌ലോകത്തിനു നേരേ വാതിൽ കൊട്ടിയടച്ചു. “നീണ്ട 14വർഷം ഞാനൊതുങ്ങിക്കൂടി. വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. വാശിയായിരുന്നു. ജീവിതത്തിൽ എനിക്ക് നേടിയെടുക്കാൻ കഴിയുമായിരുന്നവ പലരും ചേർന്ന് തട്ടിത്തെറിപ്പിച്ചു. ഒടുവിൽ 35-ആം വയസ്സിലാണ് വിവാഹം നടന്നത്. അച്ഛന്റെ അനന്തരവൻ ചന്ദ്രശേഖരൻ ആയിരുന്നു വരൻ.

പക്ഷേ അതും നീണ്ടു നിന്നില്ല. 9വർഷം നീണ്ട ദാമ്പത്യജീവിതം ചന്ദ്രശേഖരന്റെ മരണത്തോടെ അവസാനിച്ചു. ഒരു അമ്മയാവാനുള്ള ഭാഗ്യവും അവർക്കുണ്ടായില്ല. ജീവിതത്തിലുടനീളം അവരെ ഒറ്റപ്പെടുത്താൻ അരൊക്കെയോ നടത്തിയ ഗൂഡാലോചനയിൽ അങ്ങനെ വിധിയും പങ്കുചേർന്നു. കടൽത്തീരത്തെ നനഞ്ഞ മണൽത്തരികളെക്കാൾ ഭാരമേറിയ സ്വന്തം ദു:ഖങ്ങളുമായി ഒരു ജീവിതം മുഴുവൻ ഒറ്റയ്ക്ക് മനസ്സിന്റെ ഏകാന്തതയിൽ അവർ കഴിച്ചുകൂട്ടി. “ ഒന്നും പ്രതീക്ഷിക്കാനില്ലാതെ, നല്ല വാക്കും സ്നേഹവുമായി ആരും കടന്നുവരാനില്ലാതെ,എന്റെ മാത്രം ലോകത്ത് യുഗങ്ങൾ പോലെ നീളുന്ന ഒരു ജീവിതം ഞാൻ ജീവിച്ചുതീർക്കുന്നു.” എന്ന് കോമളം നിസ്സംഗയാവുന്നു.

തൊഴുത്തിൽകുത്തിന്റെയും ചെളിവാരിയെറിയലിന്റെയും ഊരുവിലക്കിന്റെയും പണക്കൊഴുപ്പിന്റെയും കല തൊട്ടുതേച്ചിട്ടില്ലാത്ത പെരുമാറ്റത്തിന്റെയും സർവ്വോപരി നന്ദികേടിന്റെയും പര്യായമായ മലയാള സിനിമ കോമളത്തെപ്പോലുള്ളവരെ ഓർമ്മിക്കുമോ? ഞാനും എന്റെ വാലാട്ടികളും എന്ന വിഷയത്തിലാണല്ലോ അവരെല്ലാം പി.എച്ച്.ഡി. എടുത്തിട്ടുള്ളത്.പിന്നിൽ വീണുപോയവരെ തിരിഞ്ഞുനോക്കാതെ ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ വെമ്പുന്ന (മഹാഭാരതത്തിൽ പാണ്ഡവരുടെ മഹാപ്രസ്ഥാനം) ഒരു യാത്രയിലാണല്ലോ മലയാള സിനിമ ഇന്ന്.
“ഒരേയൊരു സിനിമയിലേ ഒന്നിച്ചഭിനയിചിട്ടുള്ളൂ. പിന്നീടൊരിക്കലും കണ്ടിട്ടുമില്ല. പക്ഷേ 30വർഷത്തിന് ശേഷം എനിക്കൊരു കത്തുകിട്ടി. നെയ്യാറ്റിൻ‌കര കോമളം, സിനി ആർട്ടിസ്റ്റ്, നെയ്യാറ്റിൻ‌കര. എന്ന വിലാസത്തിൽ. ഒരു വിവാഹ ക്ഷണപ്പത്രിക. പ്രേംനസീറിന്റെ ഇളയ മകൻ ഷാനവാസിന്റെ വിവാഹം ക്ഷണിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. തീർച്ചയായും വരണം വരാതിരിക്കരുത് എന്ന് നിർബന്ധിച്ചെഴുതിയ കത്ത്. ഞാൻ ഇന്നും നിധിപോലെ ആ കത്ത് സൂക്ഷിച്ചു വച്ചിരിക്കുന്നു.
ഞാൻ ആശ്ചര്യപ്പെട്ടു. സിനിമയിൽ കത്തിനിൽക്കുന്ന അദ്ദേഹം അതിന്റെ ഓരങ്ങളിൽ പോലുമില്ലാതെ മറഞ്ഞുപോയ എന്നെ ഇത്ര വർഷങ്ങൾക്കു ശേഷവും ഓർത്തല്ലോ. വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ ചെന്നിറങ്ങുമ്പോൾ ഞാൻ അമ്പരന്നു. ആകെ തിരക്ക്. ആരാധകരുടെയും പ്രമുഖരുടെയും പ്രവാഹം. ആരാണെന്നെ തിരിച്ചറിയുക? പക്ഷേ എവിടെ നിന്നെന്നറിയില്ല, അദ്ദേഹം ഓടിയെത്തി. ഭാര്യയുടെയും മകന്റെയും അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇതെന്റെ ആദ്യ നായിക കോമളം എന്നു പരിചയപ്പെടുത്തി. വിവാഹം കഴിഞ്ഞു പോകാനിറങ്ങിയ എന്റെയൊപ്പം ഗേറ്റിൽ വരെ അദ്ദേഹം വന്നു. നല്ല വാക്കുകൾ പറഞ്ഞു യാത്രയാക്കി.” കോമളത്തിന്റെ കണ്ണുകളിൽ സ്നേഹവും നിർവൃതിയും കണ്ണീർക്കണങ്ങളായി തിളങ്ങുന്നു.

( പ്രേം നസീർ മലയാള സിനിമയ്ക്ക് നൽകിയ ധാർമ്മികഗുണങ്ങളെല്ലാം വളരെ വേഗത്തിൽ കുപ്പത്തൊട്ടിയിലെറിഞ്ഞ് അദ്ദേഹത്തെയും മറന്നുകൊണ്ടിരിക്കുന്ന പുതിയ കാലത്തിന് ഇതൊരു സെന്റിമെന്റൽ തമാശയായി മാത്രമേ തോന്നൂ.പക്ഷേ കോമളത്തിന് അത് തന്റെ ജീവിതത്തിലെ ദീപ്തമായ ഒരോർമ്മയാണ്) “അദ്ദേഹത്തിന്റെ മരണം എന്നെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹം മനുഷ്യനായിരുന്നു.മനുഷ്യനെ തിരിച്ചറിയുന്ന പച്ചമനുഷ്യൻ”

നെയ്യാറ്റിൻ‌കര കോമളത്തിന് വയസ്സ് 75 കഴിഞ്ഞിരിക്കുന്നു. പ്രായത്തിന്റെ അവശതകൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. സഹോദരിയോടൊപ്പമാണ് താമസം. അവർക്ക് ജീവിതം ഇപ്പോൾ ഒഴുകുന്ന ഒരു പുഴയല്ല. തളംകെട്ടി നിൽക്കുന്ന ഒരു ജലാശയം മാത്രം. അവിടെ ഓർമ്മകളുടെ നേർത്ത അലകൾ മാത്രം. എവിടേയ്ക്കും സഞ്ചരിക്കാനില്ലാത്ത സ്വന്തം ജീവിതത്തിന്റെ ജാലകത്തിനരുകിൽ ഒരിക്കലും തന്റെയടുത്തേക്ക് വരാത്ത പുറ‌ലോകത്തെ നോക്കി അവർ ഇരിക്കുന്നു. പേരിനൊപ്പം കൂട്ടിപ്പറയാൻ ഒരുപാട് സിനിമകൾ ഇല്ല. അവാർഡുകളില്ല. ദു:ഖപുത്രിയായി സിനിമയിലെത്തി, ആ വേഷം ജീവിതത്തിലും തുടരേണ്ടിവന്നതിന്റെ ഒരു വ്യഥ അവരെ എന്നും അലട്ടിയിരുന്നു. അഭിനയത്തിൽ ജീവിക്കാനായില്ല. ജീവിതത്തിൽ അഭിനയിക്കാനുമായില്ല.

10വർഷം മുൻ‌പ് ഒരു സീരിയലിൽ അവർ അഭിനയിച്ചിരുന്നു.പിതൃവനത്തിൽ. എം.ആർ.ഗോപകുമാറിന്റെ അമ്മവേഷത്തിൽ. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം സീരിയൽ‌ഫീൽഡിൽ തുടർന്നില്ല.സീരിയലിൽ അഭിനയിക്കാൻ അടുത്തിടെ വരെ ക്ഷണമുണ്ടായിരുന്നു. പക്ഷേ വയ്യ. “ മരിക്കുന്നതിനു മുൻപ് ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ. ഒരിക്കൽ കൂടി ഒരു സിനിമയിൽ അഭിനയിക്കണം. പക്ഷെ ആരാ കിഴവിയായ എന്നെ വിളിക്കുക.....” നിരാശ വന്ന് അവരുടെ അവസാന സ്വപ്നത്തെ മൂടിക്കളയുന്നു.

ജീവിതത്തിലും സിനിമയിലും വലിയ ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന കോമളാമേനോൻ ദാ ഇവിടെ തീരെ ചെറുതാക്കപ്പെട്ട് നിറം മങ്ങി വരയും പൊട്ടലും വീണ ഒരു ബ്ലാക്&വൈറ്റ് ഓർമ്മ പോലുമല്ലാതെ ആയിത്തീർന്നിരിക്കുന്നു. സെല്ലുലോയ്ഡിന്റെ വർണ്ണലോകത്തിൽ തന്റെ നിറമാർന്ന രൂപം കാണാൻ അവർക്ക് കഴിഞ്ഞതേയില്ല. തന്റേതല്ലാത്ത കുറ്റങ്ങളാൽ അവർ അവർക്ക് അവകാശപ്പെട്ട തറവാട്ടിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു. നെരൂദയുടെ ഈ വരികൾ കൂടി അവരുടെ ജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയോട് ചേർത്ത് വയ്ക്കാം.
ഞാൻ എന്തായിരുന്നു എന്നതിലേയ്ക്കും
എന്താണ് എന്നതിലേയ്ക്കും
മടങ്ങിവരാനല്ല
ഞാൻ തിരിച്ചുപോകുന്നത്.
ഇതിലധികം സ്വയം വഞ്ചിക്കാൻ
ഞാനിഷ്ടപ്പെടുന്നില്ല
പിന്നോട്ട് അലയുന്നത് അപകടമാണ്.
പെട്ടന്നതാ ഭൂതകാലം
തടവറയായി മാറിയിരിക്കുന്നു
* ശീർഷകം( ഷോത റസ്താവേലി എന്ന ജോർജ്ജിയൻ കവിയുടെ വരികൾ)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അനുബന്ധം. :- വർഷങ്ങൾക്ക് മുൻപ് നെയ്യാറ്റിൻ‌കരയിൽ ജോലി നോക്കുമ്പോൾ കോമളത്തിനെ കണ്ട് തയ്യാറാക്കിയ കുറിപ്പാണിത്. അന്ന് എടുത്ത ഫോട്ടോകൾ മറ്റൊരാളുടെ കയ്യിൽ ആയി.നെയ്യാറ്റിൻ‌കര കോമളം എന്ന പഴയ സിനിമാതാരത്തിന്റെ ചിത്രങ്ങൾ നോക്കി ഇന്റർനെറ്റിൽ പോയപ്പോൾ അവരുടെ പഴയതും പുതിയതുമായ ഒരു ചിത്രം പോലും കണ്ടെത്താനായില്ല. ചലച്ചിത്ര അക്കാദമിയുടെ ഫോട്ടോഗ്യാലറിയിലുമില്ല. എന്തൊരു ദയാരാഹിത്യമാണ് നാം പഴയ മനുഷ്യരോട് കാട്ടുന്നത്? മറവിക്കെതിരെ ഓർമ്മയുടെ സമരം നാം എന്നാണ് തുടങ്ങുന്നത്.?

00000000000000000

41 comments:

ഹംസ said...

നെയ്യാറ്റിൻ‌കര കോമളം എന്നൊരു സിനിമാ നടിയെ പറ്റി കെട്ടിരുന്നു. അവരുടെ ചിത്രമോ അവരെ കുറിച്ച് ഒരു ലേഖനമോ ഇതുവരെ കണ്ടിരുന്നില്ല.
അവരെ ശരിക്കും പരിചയപ്പെടുത്തി തന്നിരിക്കുന്നു സുരേഷ്മാഷ്. പ്രേംനസീറിന്‍റെ ആദ്യ നായിക ഇവരായിരുന്നു അല്ലെ. അത് തന്നെ അവര്‍ക്കുള്ള ഒരു പ്രശസ്തിയാവുമായിരുന്നു. എന്നിട്ടും ആരും ശ്രദ്ധിക്കാതെ പോയി.

രാമൊഴി said...

മറവിക്കെതിരെ ഓർമ്മയുടെ സമരം ഇവിടെ തുടങ്ങുന്നു..

Vayady said...

നെയ്യാറ്റിൻ‌കര കോമളം എന്ന നടി എനിക്ക് അപരിചിതയായിരുന്നു. ഈ ലേഖനത്തിലൂടെ അവരെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം. മറവിക്കെതിരെയുള്ള ഓർമ്മയുടെ സമരത്തില്‍ ഞാനും പങ്കുചേരുന്നു.

ഉപാസന || Upasana said...

നെഞ്ചിലൊരു കനം വീണു
:-(

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

തീരെ കോമളമല്ലാത്ത ഈ പഴയകാല കോമളവല്ലിയായ നെയ്യാറ്റിങ്കര കോമളത്തിന്റെ ചരിതം, കോമളമായിതന്നെ ചിത്രീകരിച്ചിരിക്കുന്നൂ കേട്ടൊ..മാഷെ
അഭിനന്ദനങ്ങൾ..

സ്മിത മീനാക്ഷി said...

സുരേഷിന്റെ തൂലിക പുതിയ വഴികളിലൂടെ നീങ്ങുമ്പോള്‍ , ഓര്‍മ്മിക്കാനേറെ തരുന്നു. നന്ദി...

perooran said...

"amma" ithariyunnundentho?

രാജേഷ്‌ ചിത്തിര said...

സമകാലീന മലയാള സിനിമയുടെ ജീര്‍ണതകളിലൂടെ കണ്ണോടിച്ചു കൊണ്ടുള്ള മാപ്പര്‍ഹിക്കാത്ത
മറവിയുടെ ഈ ഓര്‍മപ്പെടുത്തല്‍ വളരെ നന്നായി .
എന്തൊക്കെയാണ് കേവലം വ്യക്തിഗത നേട്ടങ്ങള്‍ക്കായി വര്‍ത്തമാനം നഷ്ടപെടുത്തുന്നത് ?
നേരത്തെ എപ്പോഴോ സംസാരിക്കുമ്പോള്‍ പറഞ്ഞത് പോലെ ആ അമ്മയുടെ ചിത്രങ്ങള്‍
നഷടമായത് വേദനാജനകം തന്നെ .
വളരെ നന്നായിരിക്കുന്നു ഈ ശ്രമം.
വ്യത്യസ്തമായ വിഷയങ്ങളെ തനതായ രീതിയില്‍ എഴുതാനുള്ള ഈ ശ്രമത്തിനു അഭിനന്ദനങ്ങള്‍

kathayillaaththaval said...

ജീവിതമെന്ന പുഴ മോഹിപ്പിച്ചുകൊണ്ടു തന്‍റെ മുന്നിലൂടെ
ഒഴുകിയകലുന്നതും നോക്കി വേദനയോടെ ഇരുന്ന
ശ്രീമതി . കോമളത്തിന്റെ ചിത്രം നന്നായി വരച്ചിരിക്കുന്നു ,
വാക്കുകളിലൂടെ .....വികാരങ്ങളിലൂടെ .....
മറവിക്കെതിരെ ഓര്‍മയുടെ സമരം ...ആ സമരം
കാലഹരണപ്പെട്ടിരിക്കുന്നു ..

ഒഴാക്കന്‍. said...

"മറവിക്കെതിരെ ഓർമ്മയുടെ സമരം നാം എന്നാണ് തുടങ്ങുന്നത്.? "

ഇനിയുമെന്തിനു വയ്കണം! ദാ ഈ നിമിഷം മുതല്‍

സലാഹ് said...

ഓര്മച്ചിത്രം നന്നായി, അവതരണവും

siya said...

ഇതെല്ലാം ഇവിടെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം...മറവിക്ക് എതിരെ ഓര്‍മയുടെ സമരം ആയി ആണല്ലോ ഇതൊക്കെ എഴുതുവാനും സുരേഷ് നു തോന്നിയതും ..ഇനിയും ഇതുപോലെ ഉള്ള സമരം മുന്‍പോട്ടു പോകട്ടെ .എല്ലാവരും കൂടെ ഉണ്ടാവും ..ആശംസകള്‍ ......

വഷളന്‍ | Vashalan said...

സുരേഷ്, ഓര്‍മ്മപ്പെടുത്തലിനു നന്ദി. ഒരിക്കല്‍ ഏഷ്യാനെറ്റിന്റെ കണ്ണാടി പ്രോഗ്രാമില്‍ കണ്ടിരുന്നു. അന്നാണ് ഇവരെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്.
ഗ്ലാമറിന്റെ ലോകത്ത് കരിഞ്ഞ പുഷ്പങ്ങള്‍ക്ക് എന്ത് കാര്യം?

എന്തിനും ഏതിനും സംഘടനകള്‍ ഉണ്ടാക്കി ഘോരഘോരം പ്രസംഗിക്കാന്‍ എത്രയോ പേരുണ്ട്? ആരെങ്കിലും അവരെ സഹായായിച്ചെങ്കില്‍ ...
ഞാനും രണ്ടു തുള്ളി കണ്ണീര്‍ പൊഴിക്കാം... പിന്നെ വിസ്മൃതിയിൽ‍...

Anonymous said...

ജീവിതത്തില്‍ തീരുമാനങ്ങള്‍ തെറ്റിയാല്‍ ചിലത് ഒരിക്കലും തിരുത്തപ്പെടാനാവില്ല. അനന്തരഫലങ്ങള്‍ അനുഭവിച്ചു തന്നെ ആകണം. പക്ഷേ അവര്‍ സ്വയം ഹോമിച്ച 14 വര്‍ഷങ്ങളായിരിക്കണം അവര്‍ക്കു പറ്റിയ വീഴ്ച്ച. വലിയ വീഴ്ച്ചകളില്‍ നിന്ന് ഊരി ജീവിച്ചവര്‍ എത്രയോ പേര്‍ പാവം അവര്‍ക്കതിനു കഴിഞ്ഞില്ലല്ലോ....
നന്നായി എഴുതിയിരിക്കുന്നു..... ഗദ്യവും പദ്യവും ഹൃദ്യം.

jyo said...

ജീവിതത്തിലുടനീളം ഒറ്റപ്പെട്ട ഒരു നിര്‍ഭാഗ്യ-
പ്രേംനസീറിന്റെ നന്മയെ സ്തുതിക്കുക തന്നെ വേണം.
നന്നായി എഴുതി

Jishad Cronic™ said...

ഓര്‍മ്മപ്പെടുത്തലിനു നന്ദി.

»¦മുഖ്‌താര്‍¦udarampoyil¦« said...

ചോദിക്കാനിരുന്നതാ
ഫോട്ടോ എവിടെയെന്ന്..

അതെ,
മറവിക്കെതിരെ ഓർമ്മയുടെ സമരം നാം എന്നാണ് തുടങ്ങുന്നത്.?


എഴുത്ത്
നന്നായി..

Anonymous said...

നന്നായി ഈ ഓര്‍മ്മപ്പെടുതലിനു ...താങ്കള്‍ക്ക് എങ്കിലും കഴിഞ്ഞല്ലോ അതിനു .
-----
" പിന്നെ മലയാളികളുടെ പാരമ്പര്യസ്വഭാവമായ യാഥാസ്ഥിതികത്വം എന്ന ദുർഗുണം വിലക്കു കല്പിച്ച കലാകാരി. നെയ്യാറ്റിൻ‌കര കോമളത്തെ കുറിച്ച് പറയുമ്പോൾ ഇതിലേതാണ് ഓർക്കാൻ താല്പര്യം? ഒന്നുമുണ്ടാവില്ല.(മലയാളത്തിലെ ആദ്യനായിക പി.കെ.റോസിയെ കല്ലെറിഞ്ഞ് നാടുകടത്തിയ മഹാപ്രതിഭകളാണ് മലയാളികൾ."..അല്ലെങ്കിലും മലയാളികള്‍ക്ക് കല്ലെടുത്തെറിയാന്‍ മാത്രമേ അറിയൂ..മിക്കപ്പോഴും ...സ്വയം പൂര്‍ണര്‍ എന്ന് സ്വയം വിശ്വസിക്കുമ്പോള്‍ മാത്രമേ മറ്റുള്ളവരെ കല്ലെറിയാന്‍ ആര്‍ക്കും കഴിയൂ എന്നാണ് എന്‍റെ വിശ്വാസം.
------
" ഇപ്പോഴോ പെൺ‌മക്കളെ എങ്ങനെയൊന്നു സിനിമയിൽ കയറ്റിവിടാം എന്ന് കുടുംബത്തിൽ പിറന്നവർ തലപുകയ്ക്കുന്നു."സ്വയം ഒരു നിയമവും വിമര്‍ശനം മറ്റുള്ളവര്‍ക്കും ...എന്നാല്‍ സ്വയം ആ അവസ്ഥയില്‍ നിന്നു വന്നതാണ് എന്ന് പലരും മറക്കുന്നു ..ഒന്നുമിലായിമയില്‍ നിന്നു വന്നവര്‍ പലരും ...പിന്നീടു വല്ലതും ആവുമ്പോള്‍ വന്നവഴി മറക്കുക മാത്രമല്ല വേച്ചു വേച്ചു നടത്തം പഠിക്കുന്നവരെ കല്ലെടുത്ത്‌ എറിയുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുന്നവര്‍ നമ്മള്‍ ...
-----
" ഇന്നും നട്ടെല്ലു നിവർത്തി ഒരു സ്ത്രീ നിന്നാൽ അന്തസ്സും ആഭിജാത്യവും കടപുഴകിവീഴും എന്നു കരുതുന്ന ആളുകളാണ് മലയാളികൾ. അപ്പോൾ 50വർഷം മുൻ‌പുള്ള അവസ്ഥ പറയണോ."...സത്യമാണ് മാഷ്‌ പറഞ്ഞത് ...സത്യം മാത്രം ..പക്ഷെ അറിഞ്ഞിട്ടും അറിയിപ്പിച്ചിട്ടും എന്ത് പ്രയോജനം കിട്ടി "ഇവര്‍ക്ക്" ..ഒരു സഹതാപം ...അങ്ങിനയാ പല നട്ടെലുള്ള പെണ്ണിനും സമുഹം കുട്ടു നിന്നത് ...അവസരോചിതമായി പലരും കാലുമാറും ..കാലുവാരും ..ഒരു പക്ഷെ സ്വന്തം എന്ന് കരുതി സ്നേഹിച്ചവര്‍ പോലും ...അവരും കൂട്ടതില്‍ വന്നു കല്ലെറിയും ...എനിട്ട്‌ മാറി വന്നു സഹതാപം പറയും .ഞങ്ങള്‍ എന്ത് ചെയ്യാന്‍ ..അപ്പൊ അങ്ങിനെ പറ്റുമായിരുന്നോല്ല്...നട്ടെല്ല് നീര്‍ത്തിയവള്‍ സ്വയം നട്ടെല്ല് ഒടിക്കും വരെ ഈ ഒളിപ്പോരു തുടരും ...അതാണ് മലയാളീ സമൂഹം ..കോമളത്തിന്റെ ജീവിതം തന്നെ പറയുന്നു " “നിർഭാഗ്യവശാൽ എന്റെ ജീവിതവും പിന്നീട് ആ കഥാപാത്രത്തിന്റേതുപോലെയായി.” കണ്ണീരിന്റെ ഉപ്പുചേർത്ത് കോമളം പറയുന്നു.."
എത്ര കാലമാണ് ഒരു ചെറിയ പെൺകുട്ടി ഒരുകൂട്ടത്തോട് ചെറുത്തുനിൽക്കുക? “"എന്റെ യൌവനവും നല്ലകാലവും തെളിഞ്ഞു നിന്ന സമയത്ത് എനിക്ക് സിനിമയിൽ നിന്ന് എന്നെന്നേയ്ക്കുമായി വിടപറയേണ്ടിവന്നു.എന്റെ ഇരുപത്തിയൊന്നാം വയസ്സിൽ.”ഉള്ളിലെ തേങ്ങലിന്റെ താളമുണ്ട് കോമളതിന്റെ വാക്കുകളിൽ."
---------
[continuing....]

Anonymous said...

"സമൂഹം ഒരു വേട്ടക്കാരന്റെ രൂപഭാവങ്ങളോടെ എന്നും സ്ത്രീക്കുനേരേ മാത്രം അസഹിഷ്ണുത കാണിക്കുന്നതിന്റെ എല്ലാക്കാലത്തെയും ഉദാഹരണങ്ങളിൽ ഒന്നാണിത്.(എഴുത്തുകാരി രാജലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിലും സമൂഹത്തിന്റെ ഇത്തരം വേട്ടയാടലിന്റെ ചരിത്രമുണ്ടല്ലോ)"..ഞാന്‍ MA Literature ന് പഠിക്കുമ്പോള്‍ എന്‍റെ ഒരു മാഷും പറയും ഇങ്ങിനെ തീപ്പൊരി വാക്കുകള്‍ ..ഏത് പെണ്ണും ഒന്ന് നട്ടെല്ല് നിവര്‍ത്താന്‍ ശ്രമിക്കും ആ വാക്കുകള്‍ കേട്ട് ...ആ മാഷോട് തോന്നിയ ബഹുമാനം വാകുകളില്‍ ഒതുങ്ങില്ല ...അത്ര കണ്ട് ഉണ്ടായിരുന്നു ...എത്രകാലം ആട്ടിന്‍ തോലണിയും...ഇല്ല അവരുടെ ഉള്ളിലെ യഥാര്‍ത്ഥ ആണത്തം ഉണര്‍ന്നു ...department ഇല്‍ ഒരു പ്രശ്നം വന്നോപ്പോള്‍ സ്വന്തം എന്ന് കരുതിയ സുഹൃത്തുക്കള്‍ ഒറ്റയടിക്ക് മറുകണ്ടം ചാടിയപ്പോള്‍ ...[അവര്‍ക്ക് അങ്ങാടിയില്‍ കണ്ട പരിചയം പോലും ഇല്ലാതായി ]..ഈ സാറ് ഒപ്പം ഉണ്ടാകും എന്ന് മാത്രം വിശ്വസിച്ചു ...ആ തീപ്പൊരി വാകുകളും ..പക്ഷെ പ്രതീക്ഷ തെറ്റി ...തീത്തുപ്പിയില്ല എന്ന് മാത്രം അല്ല,മുഖം തിരിച്ച് പുറത്തേക്കു നോക്കിയിരുന്നു..കണ്ണില്‍ കണ്ണുനീര്‍ ഉണ്ടായിരുന്നു ..പക്ഷെ ആ അധ്യപകനോട് പുച്ഛം തോന്നിപോയ നിമിഷം...ഇല്ലാകഥകള്‍ ഉണ്ടാക്കി എല്ലാരും കല്ലെറിഞ്ഞു ...എന്‍റെ പ്രിയപ്പെട്ട മാഷ് അതൊന്നും കേട്ടു പ്രതികരിക്കാതെ പുറത്തേക്ക് നോക്കി ഇരിക്കുമ്പോള്‍ ഞാന്‍ ആ കല്ലേറുകള്‍ കൊണ്ടുകൊണ്ടിരുന്നു ...തടുത്തില്ല ...മനസ്സില്‍ ചോര വാര്‍ന്നു ഒലിക്കുന്നുണ്ടായിരുന്നു ...ആശ്വസിപ്പിക്കാന്‍ ദൈവം സഹായിച്ചു എന്‍റെ ഉമ്മയും എന്‍റെ ഭര്‍ത്താവും ഉണ്ടായിരുന്നു ...അവര്‍ക്കും ഏറ്റു കല്ലേറുകള്‍ ...
---------
"എ.അയ്യപ്പൻ എഴുതിയപോലെ തിരിച്ചുവന്നപ്പോൾ മാളമില്ല തലചായ്ക്കാൻ എന്ന അവസ്ഥയായി. " " കടൽത്തീരത്തെ നനഞ്ഞ മണൽത്തരികളെക്കാൾ ഭാരമേറിയ സ്വന്തം ദു:ഖങ്ങളുമായി ഒരു ജീവിതം മുഴുവൻ ഒറ്റയ്ക്ക് മനസ്സിന്റെ ഏകാന്തതയിൽ അവർ കഴിച്ചുകൂട്ടി. “ ഒന്നും പ്രതീക്ഷിക്കാനില്ലാതെ, നല്ല വാക്കും സ്നേഹവുമായി ആരും കടന്നുവരാനില്ലാതെ,എന്റെ മാത്രം ലോകത്ത് യുഗങ്ങൾ പോലെ നീളുന്ന ഒരു ജീവിതം ഞാൻ ജീവിച്ചുതീർക്കുന്നു.” ഈ വാക്കുകള്‍ തന്നെയാണ് പലപ്പോഴും ഒരു നട്ടെല്ലുള്ള പെണ്ണിന്റെ ഭാവിയിലെ സത്യം , ശരി
------
"മനുഷ്യനെ തിരിച്ചറിയുന്ന പച്ചമനുഷ്യൻ” ഇന്നില്ല ..ആണ് എന്ന് വരുത്തി തീര്‍ക്കുന്നവര്‍ ഏറെ ... നല്ല കഴമ്പുള്ള അവതരണം ...മനോഹരമായ ഹൃദയസ്പര്‍ശിയായ ഭാഷ ..വീണ്ടും നന്ദി പറയുന്നു " മറവിക്കെതിരെ ഓർമ്മയുടെ സമരം" തുടങ്ങിവച്ചതില്‍ ...അഭിവാദ്യങ്ങള്‍ !!!

MyDreams said...

മരിക്കുന്നതിനു മുൻപ് ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ. ഒരിക്കൽ കൂടി ഒരു സിനിമയിൽ അഭിനയിക്കണം. പക്ഷെ ആരാ കിഴവിയായ എന്നെ വിളിക്കുക.....” നിരാശ വന്ന് അവരുടെ അവസാന സ്വപ്നത്തെ മൂടിക്കളയുന്നു.
ചിലര്‍ക്ക് അങ്ങയെ ആണ് മരിക്കുനത് പോലും ചായം തേച്ചു മരിക്കണം എന്ന് ആഗ്രഹം ......എല്ലാ ജീവിതവും ഗൂഗിളില്‍ കിട്ടും
ബട്ട്‌
കോമളത്തിന്റെ ജീവിതം മാത്രം ഗൂഗളിനു പോലും അന്യമാണ് അല്ലെ ....

ഉമേഷ്‌ പിലിക്കൊട് said...

എഴുത്ത്
നന്നായി..

വീ കെ said...

കോമളത്തിന്റെ ചിത്രങ്ങൾ അധികം കണ്ടിട്ടില്ല...
എങ്കിലും ഈ പരിചയപ്പെടുത്തലിനു നന്ദി.

ആശംസകൾ.....

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

ഇതുവരെ അറിയാത്ത ഒരു ചിത്രം...
ഒപ്പം അവരുടെ ഒരു നല്ല ചിത്രം കാണാന്‍ കഴിയാത്തതില്‍ വിഷമവും..

Manoraj said...

മറവിക്കെതിരെയുള്ള ഓർമ്മയുടെ സമരമാവട്ടെ മാഷെ നമ്മുടെയൊക്കെ ബ്ലോഗുകൾ. പരസ്പരം ചെളിവാരിയെറിയാതെ, നേരിന്റെ നേർക്കുള്ള കണ്ണാടികളാവട്ടെ ബ്ലോഗുകൾ. കാരണം ഇവിടെ നമ്മെ എഡിറ്റ് ചെയ്യാൻ നമ്മളേ ഉള്ളൂ. പത്രാധിപരോ, മാനേജ്മെന്റിന്റെ ധാർഷ്ട്യമോ ഇല്ല. അവരുടെ പൊളിറ്റിക്സ് ഇല്ല. നമുക്ക് പറയണമെന്ന സത്യങ്ങൾ വിളിച്ച് പറയാം. പ്രതികരിക്കണമെന്ന് തോന്നുന്നിടത്ത് പ്രതികരിക്കാം. ഇതാവട്ടെ നാളെയുടെ ജാലകം.
അഭിനന്ദനങ്ങൾ ഈ നല്ല ഒരു പോസ്റ്റിന്. എല്ലാവരും പറയുന്നു. മാഷ് ചെയ്യുന്നു.. ഹാറ്റ്സ് ഓഫ്.

ആയിരത്തിയൊന്നാംരാവ് said...

എങ്ങനെയാണ് നമുക്കിതൊക്കെ മറക്കാനവുന്നത്.......എഴുത്തിന്റെ ഈ ഊടുവഴി എനിക്കു ഇഷ്ടമായി

കുഞ്ഞൂസ് (Kunjuss) said...

നെയ്യാറ്റിന്‍കര കോമളം, ന്യൂസ്‌ പേപ്പര്‍ ബോയ്‌ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല, അറിയാനും സാധിച്ചിട്ടില്ല.താങ്കളുടെ ഈ പരിചയപ്പെടുത്തലിനു വളരെ നന്ദി സുരേഷ്ജീ...
മറവിക്കെതിരെയുള്ള ഓര്‍മയുടെ ഈ സമരത്തില്‍ എന്റെ എല്ലാ പിന്തുണയും !

Mukil said...

ഈ ഉദ്യമത്തിനു ഒരു സല്യൂട്ട്..

കണ്ണൂരാന്‍ / Kannooraan said...

എത്ര അഭിനയിച്ചാലാണ് ഒരാള്‍ക്ക്‌ ഒരു നല്ല മനുഷ്യനാകാന്‍ കഴിയുക! അതുകൊണ്ട്:
അഭിനയം കല്ലിവല്ലി. നാടകവും സിനിമയും കല്ലിവല്ലി.

lekshmi. lachu said...

ജീവിതം ഏറെ വിചിത്ര മാണ്.
ഒരിക്കലും പ്രതീക്ഷിക്കാത്ത
പലതും നമ്മെ തേടി വരുന്നു.
സമൂഹം ഒരു വേട്ടക്കാരന്റെ രൂപഭാവങ്ങളോടെ
എന്നും സ്ത്രീക്കുനേരേ മാത്രം അസഹിഷ്ണുത കാണിക്കുന്നതിന്റെ
എല്ലാക്കാലത്തെയും ഉദാഹരണങ്ങളിൽ ഒന്നാണിത്.
(എഴുത്തുകാരി രാജലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിലും സമൂഹത്തിന്റെ
ഇത്തരം വേട്ടയാടലിന്റെ ചരിത്രമുണ്ടല്ലോ)"..
ഇതു തന്നെ ആണല്ലോ പ്രശസ്ഥ എഴുത്തുകാരി
മാധവികുട്ടിക്ക്‌ ഉണ്ടായതും.
"മനുഷ്യനെ തിരിച്ചറിയുന്ന പച്ചമനുഷ്യൻ” ഇന്നില്ല
ശെരിയാണ്.ആരും ആരെയും മനസ്സിലാകുന്നില്ല ,
എല്ലാവരും സ്വാര്‍തഥര്‍ .പലതും കാണാതെ പോകുന്നു.
ചിലര്‍ കണ്ടിട്ടും കണ്ടില്ലാന്നു നടിക്കുന്നു.
ഇതാണ് ജീവിതം.
നല്ല കഴമ്പുള്ള അവതരണം ...
മനോഹരമായ ഹൃദയസ്പര്‍ശിയായ ഭാഷ ..
നന്ദി മാഷെ..ജീവിതത്തിന്റെ ഏതോ ഒരുകോനില്‍
ഒതുങ്ങി കൂടിയ അവരെ കുറിച്ചു ഇങ്ങനെ ഈ ബൂലോകത്തിനു
കാണിച്ചു നല്‍കിയതിനു നന്ദി.ഇതു വായിക്കുമ്പോ
അവരുടെ മനസ്സും,അവരുടെ ജീവിതവും മുന്‍പില്‍
വരച്ചു കാണിച്ച മാഷിനു നന്ദി.

നൗഷാദ് അകമ്പാടം said...

വര്‍ഷങ്ങള്‍ക്കുമുന്‍പ് കോഴിക്കോട് ഒരു സിനിമാ പ്രസിദ്ധീകരണത്തില്‍
ആര്‍ട്ടിസ്റ്റ്/റിപ്പോര്‍ട്ടര്‍ ആയി വര്‍ക്ക് ചെയ്യുമ്പോള്‍ പഴയ കാല നടിമാരുടെ
ഒരു പരമ്പരക്കായി നടത്തിയ റിസേര്‍ച്ചില്‍ നെയ്യാറ്റിന്‍ കര കോമളവും ഉള്‍പ്പെട്ടിരുന്നു.
അല്പ്പമൊക്കെ മലയാള സിനിമാ ഫീല്‍ഡിനെക്കുറിച്ച് വ്യക്തമായ അറിവും കാഴ്ച്ചപ്പാടുമുണ്ടായിരുന്നതിനാല്‍
പക്ഷേ അവരുടെ ദയനീയ കഥ നൊംബരപ്പെടുത്തിയെങ്കിലും അല്‍ഭുതപ്പെടുത്തിയില്ല.

(പരമ്പരക്ക് റീഡര്‍ഷിപ്പ് കുറയുമെന്നതിനാല്‍ സംഭവം നടന്നില്ല എന്നത് മറ്റൊരു കാര്യം..
ആകെയുള്ള അല്പ്പം പ്രിവ്യൂ / റിവ്യൂ കഴിഞ്ഞാല്‍ പിന്നെ നടിമാരുടെ ഉടല്‍ച്ചിത്രങ്ങള്‍ക്കാണല്ലോ
മുഴുവന്‍ പേജും ! സെന്റര്‍ സ്പ്രെഡില്‍ അര്‍ദ്ധ നഗ്നതയുടെ അംഗലാവണ്യം കുളിരു കോരി നിറച്ചില്ലങ്കില്‍
കോപ്പി കെട്ടിക്കിടക്കും അന്നും!( ഇന്നും ?)

സിനിമാ ലോകത്തിന്റെ കണ്ണഞ്ജിപ്പിക്കുന്ന മായക്കാഴ്ച്ചക്കപ്പുറം ( സാദാ) പ്രേക്ഷകനന്യമായ
ചതിയുടേയും നന്ദികേടിന്റേയും ഇരയായതില്‍ ആദ്യത്തേയോ അവസാനത്തേയോ നാമമല്ല കോമളത്തിന്റേതു.
മലയാള സിനിമയില്‍ ഇന്ന് തിലകനും അന്തരിച്ച നടന്‍ ശ്രീനാഥും വരേ ഇത്തരം ബലിയാടുകളാണു സമീപകാലചരിത്രം .

രണ്ട് രണ്ടര മണീക്കൂറിന്റെ ആദിമധ്യാന്തമുള്ള ഒരു സിനിമയുടെ പിന്നില്‍
മിക്കപ്പോഴും ആ സിനിമ പറയുന്നതിനേക്കാള്‍ ഒരു പക്ഷേ സംഭവബഹുലമായ
കഥയാവും നടന്നിട്ടുണ്ടാവുക...
തിരക്കഥയിലില്ലാത്ത അത്തരം ചീഞ്ഞു നാറുന്ന കഥകള്‍ പുറം ലോകത്തെയറിയിക്കാന്‍ ഒരു പ്രസിധീകരണക്കാരനും മുതിരാറില്ല എന്നതാണൂ സത്യം.വിളിച്ചു പറഞ്ഞാല്‍ നഷ്ടമാവുന്ന പരസ്യവരുമാനം,പി.ആര്‍. ന്യൂസുകള്‍,താരപ്രഭുക്കന്മാരുടെ കോപം,നഷ്ടമാവുന്ന ലൊക്കേഷന്‍ കവറേജ്....തുടങ്ങിയവ ഓര്‍ത്തിട്ടാണു..

കഷ്ടത അനുഭവിക്കുന്ന പഴയ നാടക സിനിമാ കലാകാരന്മാര്‍ പത്രക്കരുടെ
ഇഷ്ട വിഭവമല്ല ഒരിക്കലും.മിക്കവരും മരണറിപ്പോര്‍ട്ടിനു വേണ്ടി മാത്രമാണു
ലേ-ഔട്ടില്‍ സ്പേസ് കണ്ടെത്തുക..

"അമ്മ" പോലുള്ള സംഘടനകളും അതിന്റെ തനിനിറം വ്യക്തമാക്കുമ്പോള്‍
ഇനിയും ഇത്തരം കോമളമാരുടെ കണ്ണുനീര്‍ വീണു മലയാള സിനിമ കുതിര്‍ന്നു കൊണ്ടേയിരിക്കും.

പാവപ്പെട്ടവന്‍ said...

ഇന്നുകളിലെ മനുഷ്യന്‍ എന്നും നന്ദികേടിന്റെ പ്രതീകമാണ്.അത് നമ്മുടെ സമൂഹത്തില്‍ പല തരത്തില്‍ തെളിയിച്ചിട്ടുണ്ട് ...പഴയതിനെ പഴഞ്ചന്‍ എന്ന് കയര്‍പ്പോടെ വലിച്ചെറിയും ആ എറിയില്‍ പോകും സ്വന്തം വയസായ അച്ഛനും അമ്മയും ഒക്കെ അതുകൊണ്ടാണല്ലോ ഇവിടെ വൃദ്ധ സദനങ്ങള്‍ കൂടിയതും .സര്‍ക്കാര്‍ ചെലവില്‍ ഒരു ഫിലീം അക്കാദമി ,പിന്നെ ഫിലീം ചേംബര്‍ ,പിന്നെ അമ്മ മാക്ട്ട ,ഇപ്പോള്‍ ദാ .. പുതിയത് കലാമൂല്യമുള്ള സിനിമകള്‍ നിലനിര്‍ത്താന്‍ വേണ്ടി ...കല വേണം പക്ഷെ കാലക്കാരനെ വേണ്ടാത്ത സമൂഹം ...ഈ നെറിക്കേടിന്റെ കഥ ഒരു കോമളത്തില്‍ തീരുന്നതല്ല ...അടൂര്‍ പങ്കജം ,മുതുകുളം ,തുടങ്ങി നിരവധിപേര്‍ നമുക്ക് നല്‍കാന്‍ കഴിയുന്ന കരുണ തേടി കിടന്നവരാന് ...ജാടകളിലും പൊങ്ങച്ചത്തിലും മുഖമര്ത്തിയ നമ്മളടങ്ങുന്ന സമൂഹം അതിനെയൊന്നും തിരിഞ്ഞു നോക്കിയില്ല .

ശ്രീ said...

നല്ല ലേഖനം മാഷേ... നെയ്യാറ്റിന്‍കര കോമളമെന്ന പേര് മാത്രമേ അറിയാമായിരുന്നുള്ളൂ... കുറേക്കൂടെ വിശദമായി പരിചയപ്പെടുത്തിയിരിയ്ക്കുന്നു.

മലയാള സിനിമ ചവച്ചു തുപ്പിയ അഭിനേതാക്കള്‍ ഇതു പോലെ എത്രയെത്ര?

(അടുത്ത കാലത്ത് വേണ്ടത്ര ചികിത്സ പോലും കിട്ടാതെ മരിച്ച അടൂര്‍ ഭവാനിയെ ഓര്‍ത്തു പോയി)

ഭാനു കളരിക്കല്‍ said...

(മലയാളത്തിലെ ആദ്യനായിക പി.കെ.റോസിയെ കല്ലെറിഞ്ഞ് നാടുകടത്തിയ മഹാപ്രതിഭകളാണ് മലയാളികൾ.)

charithraththe postmortem cheyyunna ee kurippunu thazhe njanum oppu vakkunnu. charithraththil veenupoyavar neettiyeriyunna kallukal nammute kannukale thurakkuvanullathanu.

വഴിപോക്കന്‍ said...

ചിന്തിപ്പിക്കുന്ന ലേഖനം.
മലയാളിയുടെ നന്ദികേടിന് ഒരുദാഹരണം കൂടി

Kalavallabhan said...

ഒരു സിനിമയിലഭിനയിച്ച ശ്രീമതി കോമളത്തിന്റെ അവസ്ഥ പോട്ടെ, അനേകം നല്ല സിനിമകളഭിനയിച്ച തിലകന്റെ അവസ്ഥയോ ?
നസീറിന്റെ മാനസികാവസ്ഥ പോലെയുള്ള സിനിമാപ്രവർത്തകരിന്നില്ല. ഉണ്ടായിരുന്നെങ്കിൽ മലയാള സിനിമയുടെ ഇന്നത്തെ “മരണാസന്നമായ അവസ്ഥ” ഉണ്ടകുമായിരുന്നില്ല.
കോമളത്തെ മലയാളിക്കു പരിചയപ്പെടുത്താൻ നെരൂദയെയും ഷോത രസ്തവേലിയേയും കൊണ്ടുവരേണ്ടി വന്നു.
നല്ല ലേഖനം

rafeeQ said...

കലക്കു വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ ആഗ്രഹിച്ച ഒരു സ്ത്രീ ജന്‍മത്തെ കാലം അതിന്‍റെ പുറം കാലു കൊണ്ട് ചവിട്ടിത്തേച്ച വിവരണം വ്യത്യസ്തമായി.
സാമൂഹ്യപരവും സാംസ്കാരികവുമായ മലിനീകരണങ്ങളെ എന്നും പ്രതിരോധിക്കാന്‍ കാവല്‍ നിന്ന വൈവിധ്യ വ്യവസ്ഥിതികളെ പഴിച്ചതിനു പകരം ഇറക്കുമതി ചെയ്യപ്പെടുന്ന 'പ്രതിഭാധനത്വ'ങ്ങളെ കുറിച്ചായിരുന്നു ലേഖകന്‍ അധികം വാചാലനാകേണ്ടിയിരുന്നത്.

ഉല്ലാസ് said...

താങ്കള്‍ ഹൃദയസ്പര്ശിയായി എഴുതിയിരിക്കുന്നു,നന്നായിരിക്കുന്നു.

അലി said...

വേണ്ടതിലധികം പ്രതിഭയുണ്ടായിട്ടും ഓർമ്മകളുടെ വഴിയോരത്തുനിന്ന് പോലും മാറ്റിനിറുത്തപ്പെടുന്ന കലാ‍കാരന്മാർക്കിടയിലേക്കുള്ള എത്തിനോട്ടം നന്നായി. മലയാളത്തിലെ ആദ്യകാല നായികയായ നെയ്യറ്റിൻ‌കര കോമളത്തെ ഹൃദയസ്പർശിയായി പരിചയപ്പെടുത്തിയതിനു നന്ദി.

vasanthalathika said...

''കൊല്ലുന്ന ടീച്ചര''ക്ക് നല്‍കിയ കമന്റാണ് എന്നെ ഈ ബ്ലോഗിലെത്തിച്ചത്.നല്ല നിരീക്ഷണവും അവലോകനവും.
സിനിമാലോകം നല്ലതും മോശവുമായ രീതിയില്‍ പരിണമി്ച്ചിട്ടുന്ടു.കലയുടെ പേരില്‍ സ്വയം മറന്നുള്ള സംഭാവനയൊന്നും ആരും ഇന്നത്തെ കാലത്ത് നല്‍കുന്നില്ല.പ്രായോഗികതക്ക് പ്രാധാന്യം നല്‍കാനുള്ള ബുദ്ധിയുണ്ട് എല്ലാര്‍ക്കും.ഈയിടെ കേള്‍ക്കുന്ന മലയാളസിനിമാലോകത്തെ വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല.കല യല്ല,വ്യവസായം ആണിന്നു .ഈ ലേഖനം അവസരോചിതമായി.

പള്ളിക്കരയില്‍ said...

പ്രേംനസീർ അന്തരിച്ചപ്പോൾ ഭൌതികശരീരം കാണാനെത്തി അദ്ദേഹത്തെ ആദരരപൂർവ്വം അനുസ്മരിച്ച് ടെലിവിഷൻ കാമറകൾക്ക് മുന്നിൽനിന്നു വാവിട്ടുകരയുന്ന കോമളത്തിന്റെ ചിത്രം‌ ഇപ്പോഴും എന്റെ മനസ്സിൽ മിഴിവോടെയുണ്ട്.
അവരെക്കുറിച്ചുള്ള ഈ കുറിപ്പ് ഉചിതമായി.
നന്ദി.

thalayambalath said...

നെയ്യാറ്റിന്‍കര കോമളത്തെപ്പറ്റി ഇത്രയും നല്ല ഒരു ലേഖനം ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല.... നഷ്ടപ്പെട്ട ചിത്രങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍.. അഭിനന്ദനങ്ങള്‍ സുഹൃത്തേ...