Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

Saturday, 27 March, 2010

നിര്‍വ്വാണം

നിലവിളികളില്‍ കുരുങ്ങിപ്പിടഞൊരാള്‍
ജീവിതവഴിയിലിടറി നില്‍ക്കവേ
ആരൊരാള്‍ വന്നു തോളില്‍പ്പിടിച്ചു
നല്ലവാക്കോതി തണുപ്പിച്ചു നടത്തുവാന്‍?

എത്രമേല്‍ കാംക്ഷിക്കുമെങ്കിലും, വഴി-
നീളെ കണ്ണില്‍ തിരി തെളിച്ചീടിലും
കാണുമോ കഷ്ടകാലത്തിന്‍റെ കാലനെ,
സ്നേഹദൂതനെ, ദയാപരനൊരന്യനെ?

ഓര്‍ത്തുനോക്കീടുകില്‍ വിഷാദിക്കുവാനില്ല-
യൊന്നും, വാഴ്വുതന്നെയസംബന്ധമായീടവേ;
പ്രാണന്‍ പൊതിഞ്ഞും, കിതച്ചും പായവേ
നേടിയതെത്ര, നേടുവാനെത്ര,യായുസ്സെത്ര ബാക്കി?

സ്നേഹിച്ചുവോ തമ്മില്‍ നോവിച്ചതിനൊപ്പമെങ്കിലും?
പ്രണയിച്ചുവോ പിരിയുന്ന നേരമെങ്കിലും?
കലഹിക്കുവാനിരുട്ടു നിരന്തരം തേടവേ
തെല്ലു കാണാതെപോയോ നന്മതന്‍ സൂര്യനെ?

കാത്തുസൂക്ഷിച്ചതെന്തിത്രമേല്‍ കാര്യമായ്.
ആരാണവകാശി, യന്യനോ അരുമയോ?
അല്ലെങ്കിലെന്തു നാം നല്‍കി,യാര്‍ക്ക്?
വെറുതെ കൂട്ടിവച്ചതാം പാഴ്വാക്കല്ലാതെ.

ഓര്‍ത്തീടുമോ, വഴിമാറി നടന്നീടുമോ
മടുത്തുവിങ്ങുമ്പോള്‍ പകര്‍ന്നീടുമോ?
ഇത്രമേല്‍ അകന്നിട്ടെന്താണ് ലാഭം,?
ജീവിതമൊരുത്തന്‍റെ ശരിതെറ്റുമാത്രമോ.

ഒടുവിലാരും വരാമീവഴി ശൂന്യനായ്‌
നിരലംകൃതനായ്, നിരാലംബനായ്.
കൊതിക്കുന്നതെത്ര, വിധിക്കുന്നതെത്ര,
ദാഹിക്കുന്നതെത്ര, ശമിക്കുന്നതെത്ര.

പ്രിയമുള്ളതില്‍നിന്നകലാന്‍ കഴിയുമോ?
മടുപ്പുള്ളതിനോടടുക്കാന്‍ കഴിയുമോ?
കുടിച്ചുതീര്‍ക്കാന്‍ ഒരു കടല്‍കിടക്കെ
നിര്‍വാണമെന്നെ പൊതിയുവതെങ്ങനെ?


13 comments:

Neena Sabarish said...

സ്നേഹിച്ചുവോ തമ്മില്‍ നോവിച്ചതിനൊപ്പമെങ്കിലും? പ്രസക്തമായൊരുചോദ്യം.
ജീവിതമെന്നാലൊരുത്തന്‍റെ ശരിതെറ്റുമാത്രമോ. ഉത്തരം തേടേണ്ടതിവിടെ...
പ്രിയമുള്ളതില്‍നിന്നകലാന്‍ കഴിയുമോ?
മടുപ്പുള്ളതിനോടടുക്കാന്‍ കഴിയുമോ?...ഒടുവില്‍ ബാക്കിയാകുന്ന അനിവാര്യത.
സുന്ദരം...ഈ തിളങ്ങുന്ന തൂവലും!!!!!!!!!!!!

jayarajmurukkumpuzha said...

oru ponthooval ente vaka.......... aashamsakal..............

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

തെല്ലു കാണാതെപോയോ നന്മതന്‍ സൂര്യനെ?

കാതലുള്ള ചോദ്യം

lekshmi said...

പ്രിയമുള്ളതില്‍നിന്നകലാന്‍ കഴിയുമോ?
മടുപ്പുള്ളതിനോടടുക്കാന്‍ കഴിയുമോ?
കുടിച്ചുതീര്‍ക്കാന്‍ ഒരു കടല്‍കിടക്കെ
നിര്‍വാണമെന്നെ പൊതിയുവതെങ്ങനെ?
മനോഹരമായ വരികള്‍..
ഓരോ വരികളിലും നിറഞ്ഞു നില്‍പൂ
ജീവിതം എന്ന സത്യം ..
ആശംസകള്‍..

kathayillaaththaval said...

"കലഹിക്കുവാനിരുട്ടു നിരന്തരം തേടവേ
തെല്ലു കാണാതെ പോയോ നന്മതന് സൂര്യനെ ?"
ഓരോരുത്തരും മനസ്സിനോട് ചോദിക്കേണ്ട ചോദ്യം ..
വഴി കാണാതെ ഉഴലുന്ന നേരം
എന്തിനും കഴിയുന്നവരാകും നമ്മള് ,
അത് ലോക നിയമം ...
നന്നായിട്ടുണ്ട് ...ആശംസകളും ...
( ആദ്യ വരിയില് ഒരക്ഷരം കുറവുണ്ടോ ? )

ശ്രീ said...

"ഇത്രമേല്‍ അകന്നിട്ടെന്താണ് ലാഭം?
ജീവിതമെന്നാലൊരുത്തന്‍റെ ശരിതെറ്റുമാത്രമോ?"

എല്ലാവരും സ്വയം ചോദിച്ചു നോക്കേണ്ട ചോദ്യം. നന്നായി മാഷേ.

മഴക്കിളി said...

ഓര്‍ത്തുനോക്കീടുകില്‍ വിഷാദിക്കുവാനില്ല-
യൊന്നും, വാഴ്വുതന്നെയസംബന്ധമായീടവേ...


ആശംസകളോടെ.....

n.b.suresh said...

neena,sree, vazhipokkan,mazhakkili,kadha,lachu,jayaraaj ellavarkkum thanks. kavitha manassileduthallo.

Manoraj said...

ശ്രീ പറഞ്ഞപോലെ സ്വയം ചോദിക്കേണ്ട ചോദ്യം.. ഇഷ്ടമായി.. ഈ വരികൾ

ബിലാത്തിപട്ടണം / Bilatthipattanam said...

എത്രമേല്‍ കാംക്ഷിക്കുമെങ്കിലും, വഴി-
നീളെ കണ്ണില്‍ തിരി തെളിച്ചീടിലും
കാണുമോ കഷ്ടകാലത്തിന്‍റെ കാലനെ,
സ്നേഹദൂതനെ, ദയാപരനൊരന്യനെ?

enthu nalla varikal..!

അന്ന്യൻ said...
This comment has been removed by the author.
അന്ന്യൻ said...
This comment has been removed by the author.
അന്ന്യൻ said...

കവിതകളെ കുറിച്ചു ഒന്നും പറയാനുള്ള അറിവൊന്നുമില്ല, എന്നാലും
“സ്നേഹിച്ചുവോ തമ്മിൽ നോവിച്ചതിനൊപ്പമെങ്കിലും?
പ്രണയിച്ചുവോ പിരിയുന്ന നേരമെങ്കിലും?”
ഈ വരികൾ ഹൃദയത്തിൽ കൊണ്ടു മാഷേ…