- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
പ്രണയം ഒരു തീസിസ്.
അലഞ്ഞന്വേഷിക്കുന്ന കാലത്താണ്
അവള്‍ എന്നോട്
ആകസ്മികമായി
പ്രണയത്തിനൊരു നിര്‍വചനം ചോദിച്ചത്.
അന്വേഷണം പിന്നാവഴിക്കായി.
നിര്‍വചനത്തിനു പകരം
എനിക്ക് കുറെ ഉപമകള്‍ കിട്ടി
ഒബ്ജക്ടീവ് കോറിലേഷന്‍,
സാധാരണീകരണം തുടങ്ങിയ
കിഴക്കുപടിഞ്ഞാറന്‍ തിയറികള്‍
ഉപയോഗിച്ച് പതം വരുത്തി
നിര്‍മ്മമനായി
(നമ്മള്‍ തോറ്റുകൊടുക്കാന്‍ പാടില്ലല്ലോ)
ഞാന്‍ അവളോട് സംവദിച്ചു.
“പ്രണയം ഒരു റോസാപുഷ്പമാണ്
നീണ്ടുനില്‍ക്കാത്ത പൂക്കാലത്ത്
വിടര്‍ന്ന് കൊഴിയുന്നത്’
ആവര്‍ത്തനത്തിലൂടെ പൂക്കാലം
അതിജീവിക്കുമെന്നവള്‍
(അവള്‍ക്ക് തര്‍ക്കശാസ്ത്രത്തിലാണല്ലോ
മാസ്റ്റര്‍ ഡിഗ്രി)
ഓ, എന്റെ റോസാലക്സംബര്‍ഗ്ഗേ!
‘പ്രണയം ഒരു പുസ്തകമാണ്
പഴകി നിറം മങ്ങുന്ന നിര്‍മ്മിതി’
തുന്നല്‍ ഇളകി ഔട്ട് ഓഫ് പ്രിന്റ് ആയാലും
പുന:പ്രസിദ്ധീകരിക്കാമെന്ന് മറുയുക്തി.
കെ.പി.നിര്‍മ്മല്‍ കുമാറിന് അവളുടെ വക സ്തുതി*
‘പ്രണയം ഒരു കിനാവാണ്
ഞെട്ടിയുണരുമ്പോള്‍ പൊലിഞ്ഞു പോകുന്നത്’
കിനാവുകാണാന്‍ പിന്നെയും
ജീവിതം ബാക്കി എന്നവള്‍
ഓ.എന്‍.വിയെ കൂട്ടുപിടിച്ചു.
ആ കാല്പനികനെക്കൊണ്ടു ഞാന്‍ തോറ്റു.**
‘പ്രണയം ഒരു മഞ്ഞുകാലമാണ്
വേനലില്‍ നീരാവിയാവുന്നത്’
ഉരുകുന്നതെല്ലാം മഞ്ഞായും മഴയായും
മടങ്ങി വരുമെന്നവള്‍ ഭൂമിശാസ്ത്രം പറഞ്ഞു.
ഓ യാസുനാരി കവാബത്തയെ
അവളും വായിച്ചു.***
തപ്പിത്തടഞ്ഞ് ഒന്നുരണ്ടുപമകള്‍ കൂടി
എടുത്തുപയറ്റി.
‘പ്രണയം ഒരിടവഴി, വേഗം കാടുമൂടും‘’
കാടുവെട്ടാമല്ലെങ്കില്‍ പുതുവഴി തേടാമെന്നവള്‍.
ഈ കുടുംബശ്രീ കണ്ടുപിടിച്ചവനെ ഞാന്‍........
‘പ്രണയം ഒരിടിമിന്നല്‍,
ഒരു നിമിഷത്തെ പ്രകാശവര്‍ഷം’
മഴയുടെ വന്യത എനിക്കേറെ പ്രിയമെന്നവള്‍
മിന്നല്‍ രക്ഷാചാലകം തുലയട്ടെ.
ഒടുവില്‍ ഉപമയില്‍ കീഴടങ്ങി
ഞാന്‍ തത്വത്തില്‍ കയറിപ്പറ്റി.
പ്രണയിക്കുന്നതിനേക്കാള്‍ നല്ലത്
ഈച്ചയടിക്കുന്നതാണെന്ന്
പണ്ടാരാണ്ടെങ്ങോ പറഞ്ഞി....
അവളെന്റെ വാപൊത്തി,
രോഷാകുലയായി,‘ നിര്‍ത്തൂ
പ്രണയമില്ലെങ്കിലും വേണ്ടില്ല
ചെടിക്കുന്ന ഉപമകളും വരണ്ട തത്വങ്ങളും
നിരത്തരുതേ....
കുറച്ചുകൂടി കാലികമായവ
ജീവിതഗന്ധമുള്ള
അനുഭവതീക്ഷ്ണമായത്
ഒന്നുമില്ലേ കീശയില്‍?’
ആ ചോദ്യമാണെന്നെ
(ഒരു പോസ്റ്റുമോഡേണാക്കിയത്
ജീവിതം പറയുന്ന കവിയാക്കിയത്)
ഒരു പോസ്റ്റുഡോക്ടറല്‍ ഫെലോ ആക്കിയത്
അന്വേഷണത്തില്‍ കിട്ടിയ പൂക്കള്‍
അവള്‍ക്ക് സമ്മാനിച്ചു.
അവളത് മുടിയില്‍ചൂടി.
ജീവിതപുസ്തകങ്ങള്‍ അടിവരയിട്ട്
അവള്‍ എനിക്ക് നല്‍കി
ഞാനതെന്റെ തീസിസില്‍ അടിക്കുറിപ്പാക്കി.
പിന്നെപ്പിന്നെ
മഞ്ഞിലും മഴയിലും വേനലിലും
കാറ്റിലും കടല്‍ക്കരയിലും
ഇടവഴിയിലും പുസ്തകപ്പുരയിലും
ഞങ്ങള്‍ കണ്ണില്‍ക്കണ്ണില്‍ നോക്കിയിരുന്നു.
മഞ്ഞുകാലത്ത് ഞങ്ങള്‍ ദേശാടനത്തിലായിരുന്നു.
വേനലില്‍ ഞങ്ങള്‍ പുഴയില്‍ മുങ്ങിക്കിടന്നു.
ലോകത്തിലെ ഉപമകളെല്ലാം കൊഴിഞ്ഞാലും ****
ജീവിതത്തിന്റെ വിത്തുകള്‍ മുളപ്പിക്കാന്‍
ഞങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന്
ഉപസംഹാരം.
********************
* കെ.പി.നിര്‍മ്മല്‍കുമാര്‍ ജലം എന്ന കഥാസമാഹാരം
തിരുത്തിയെഴുതിയിട്ടുണ്ട്.
** സ്വപ്നങ്ങള്‍ കാണാനുള്ള നമ്മുടെ കണ്ണുകള്‍
കാലം കവര്‍ന്നില്ലിതേവരെ എന്നു ഒ.എന്‍.വി
***കവാബത്തയുടെ ഹിമഭൂമി എന്ന നോവല്‍
എം.ടി.യുടെ മഞ്ഞ് ഇതിന്റെ അനുകരണമാണെന്ന്
ഒരു ആരോപണമുണ്ടായിരുന്നു.
**** മേതില്‍ രാധാകൃഷ്ണന്റെ എന്റെ രാഷ്ട്രീയം എന്ന
കവിത(ഭൂമിയെയും മരണത്തെയും കുറിച്ച്)
പ്രണയം ഒരു തീസിസ്
ഖലില്‍ ജിബ്രാന്റെ മൂന്നു കഥകള്‍.
ചുവന്ന ഭൂമി.
ഒരിക്കല്‍ ഒരു വൃക്ഷം ഒരു മനുഷ്യനോട് പറഞ്ഞു.
“എന്റെ വേരുകള്‍ വളരെ ആഴത്തിലുള്ള ചുവന്ന ഭൂമിയിലാണുള്ളത്. അതിനാലാണ് എന്റെ
കനികള്‍ താങ്കള്‍ക്ക് നല്‍കാന്‍ എനിക്ക് കഴിയുന്നത്.”
ആ മനുഷ്യന്‍ വൃക്ഷത്തോട് പറഞ്ഞു.
“നാം എത്ര സാദൃശ്യമുള്ളവരാണ്. എന്റെ വേരുകളും ഭൂമിയുടെ ചുവന്ന ആഴങ്ങളില്‍ തന്നെ.
എനിക്കുവേണ്ടി കനികള്‍ നിറച്ചുവയ്ക്കാന്‍ ഭൂമി നിനക്ക് ശക്തി പകരുന്നു. നന്ദിയോടെ, കാരുണ്യത്തോടെ അത് നിന്നില്‍ നിന്ന് സ്വീകരിക്കാന്‍ അതേ ഭൂമി എന്നോട് പറയുന്നു.
പൌര്‍ണ്ണമി
നിറനിലാവ് കാന്തികമായ ഭംഗിയോടെ നഗരത്തിനു മുകളില്‍ ഉദിച്ചുയര്‍ന്നു. പെട്ടന്ന് നഗരത്തിലുള്ള നായ്ക്കളെല്ലാം ആകാശത്തിലേക്ക് നോക്കി കുരയ്ക്കുവാന്‍ തുടങ്ങി.
പക്ഷെ ഒരു നായ മാത്രം നിശബ്ദനായി നിന്നു. അത് ഗൌരവഭാവത്തില്‍ മറ്റുള്ളവയോടു പറഞ്ഞു.
“നിങ്ങള്‍ ഒച്ചയുണ്ടാക്കിയതുകൊണ്ടു നിശബ്ദത അവളുടെ ഉറക്കത്തില്‍ നിന്നുണരില്ല. നിങ്ങളുടെ ശബ്ദത്തിന് ആകാശത്തുനിന്നും ചന്ദ്രനെ ഭൂമിയിലെത്തിക്കാനും കഴിയില്ല.”
അതുകേട്ട് പെട്ടന്ന് നായ്ക്കളെല്ലാം കുരനിര്‍ത്തി. ഭീഷണമായ ഒരു മൌനത്തില്‍ അവ ചെന്നുപെട്ടു.
പക്ഷെ അവരെ വിലക്കിയ നായ നിശബ്ദതയ്ക്കു വേണ്ടി അവശേഷിച്ച ആ രാത്രി മുഴുവന്‍ ഉച്ചത്തില്‍ കുരച്ചുകൊണ്ടിരുന്നു.
നിഴല്‍.
ജൂണ്‍ മാസത്തിലെ ഒരുദിവസം ഒരു പുല്‍ച്ചെടി തന്റെ മുകളില്‍ പടര്‍ന്നുനില്‍ക്കുന്ന എല്‍മു മരത്തിന്റെ നിഴലിനോടു പരിഭവപ്പെട്ടു.
“ താങ്കള്‍ ഇടയ്ക്കിടെ ഇങ്ങനെ ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാടി എന്റെ സമാധാനത്തെ കെടുത്തിക്കളയുന്നു.”
നിഴല്‍ അതിനു മറുപടി പറഞ്ഞു.
“ ഞാനല്ല, ഞാനല്ല. നീ ആകാശത്തിലേക്കു നോക്ക്. അവിടെ ഭുമിക്കും സൂര്യനുമിടയിലായി ഒരു വലിയ മരം കാറ്റില്‍പ്പെട്ട് കിഴക്കോട്ടും പടിഞ്ഞാറോട്ടും നീങ്ങുന്ന്നുണ്ട്.
പുല്‍ച്ചെടി മുകളിലേക്കു നോക്കി. അവിടെ ഒരു വലിയ മരത്തെ കണ്ടു. അത്ഭുതപ്പെട്ടു തന്റെ ഹൃദയത്തോടു മന്ത്രിച്ചു. “ എന്നെക്കാള്‍ വലിയ ഒരു പുല്‍ച്ചെടിയാണല്ലോ അവിടെ. എങ്ങനെയാണ് ഞാന്‍ അതിനെ നോക്കിക്കാണുന്നത്?”
പിന്നീട് പുല്‍ച്ചെടി നിശബ്ദയായി.
പരിഭാഷ: എന്‍.ബി. സുരേഷ്.
ഭൂഖണ്ടങ്ങള്‍ താണ്ടി ഒരു നെഞ്ചിന് നേരേ......
ഗാന്ധിവധത്തിലെ സൂത്രധാരന്മാര്‍ നാരായണ്‍ ആപ്തെ, സവര്‍ക്കര്‍, നാഥുറാം ഗോഡ്സെ,
അനിയന്‍ ഗോപാല്‍ ഗോഡ്സെ, വിഷ്ണു കാര്‍ക്കറെ, ശങ്കര്‍ കിസ്തിയ, മദന്‍ലാല്‍ പഹ്വ,
ദിഗംബര്‍ ബാ

1948 ജനുവരി 30ന് മുന്‍പ് പലതവണ ഗാന്ധിജിയെ വധിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എല്ലാ തവണയും ഒരേ ഗ്രൂപ്പായിരുന്നില്ല ഗാന്ധിജിയെ ഉന്നം വച്ചിരുന്നത്. ആദ്യത്തെ മൂന്നു തവണയും മഹാരാഷ്ട്രയിലായിരുന്നു മഹാത്മജിയുടെ എതിരാളികള്‍ തക്കം പാര്‍ത്തിരുന്നത്.
1934 ജൂലൈയില്‍ പൂനയ്ക്കടുത്ത് തൊട്ടുകൂടായ്മക്കെതിരെ പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന വേളയിലാണ് ഗാന്ധിജിയെ അവര്‍ അവര്‍ ഉന്നം വച്ചത്. 1944 സെപ്തംബറില്‍ സേവാഗ്രാമത്തില്‍ വച്ച് രണ്ടാമത്. മൂന്നാമത്തെ തവണ വീണ്ടും പൂനയില്‍,ഗാന്ധിജി യാത്ര ചെയ്തിരുന്ന തീവണ്ടി പാളം തെറ്റിക്കാന്‍ ശ്രമം നടന്നു,1946 സെപ്തംബറില്‍. നാലാം തവണ 1948 ജനുവരി 20ന് ബിര്‍ലാമന്ദിരത്തില്‍ പ്രാര്‍ത്ഥനാസമയത്താണ് ഗാന്ധിജിയുടെ ജീവനു നേരേ അവര്‍ ഭീഷണി ഉയര്‍ത്തിയത്.
1948 ജനുവരി 19ന് ഗോഡ്സേയും സംഘവും ബിര്‍ളാമന്ദിരത്തിനടുത്ത് ഗോള്‍ മര്‍ക്കറ്റിന് സമീപം
ഹോട്ടല്‍ മറിനയിലെ റൂം നമ്പര്‍ 106ല്‍ ഒത്തുകൂടി. മഹാത്മാവിനെ വധിക്കാനുള്ള പദ്ധതികള്‍
ആസൂത്രണം ചെയ്തു. പക്ഷെ അത്തവണയും അവരുടെ പദ്ധതി പാളിപ്പോയി. അദ്ദേഹത്തിന്റെ വിലപ്പെട്ട
ജീവന് പത്ത് ദിവസം കൂടി ആയുസ്സ് നീട്ടിക്കിട്ടി.
ജനുവരി 30ന് ഗാന്ധിജി വധിക്കപ്പെട്ടിരുന്നില്ലങ്കിലോ, ചരിത്രം മറ്റൊന്നാകുമായിരുന്നു. ഫെബ്രുവരി 3ന്
അദ്ദേഹം പാകിസ്താനി

ഗാന്ധിജി അടിയന്തിരമായി കൊല്ലപ്പെടണമെന്ന് അവര്‍ ആഗ്രഹിച്ചത്. ( പാകിസ്താനിലേക്കു തിരിച്ചുചെല്ലുന്ന
സിക്കുകാരെയും ഹിന്ദുക്കളെയും ഗാന്ധിജി നയിക്കണമെന്നും 50മൈല്‍ നീളമുള്ള അ സമാധാന ഘോഷയാത്ര കാണാന്‍ ലക്ഷ്ക്കണക്കിന് പാകിസ്താനികള്‍ ആഗ്രഹിച്ചിട്ടുണ്ടെന്നും പാകിസ്താനില്‍ നിന്നു വന്ന
ഒരു സന്ദര്‍ശകന്‍ ഗാന്ധിജിയോടു പറഞ്ഞിരുന്നു.)
അതെ ഉന്നം പിഴക്കാത്ത തോക്ക് കിട്ടാന്‍ വൈകി. ഇനി ജനുവരി 30നും വധം നടന്നിരുന്നില്ലങ്കിലൊ?
ഫെബ്രുവരി 3ന് കാല്‍നടയായി അദ്ദേഹം പാകിസ്താനിലെത്തുമായിരുന്നു. നമുക്കൊരു രക്തസാക്ഷിദിനം ഉണ്ടാകുമായിരുന്നില്ല. ഇനി അതിനുമുന്‍പേയുള്ള അവരുടെ പദ്ധതികള്‍ വിജയിച്ചിരുന്നെങ്കിലോ? നമ്മുടെ രക്തസാക്ഷിദിനം മറ്റേതെങ്കിലും ദിവസമാകുമായിരുന്നു.
പാകിസ്താനില്‍നിന്നും എല്ലാം ഇട്ടെറിഞ്ഞോടിയ മദന്‍ലാല്‍ പഹ്വ എന്ന 20കാരന്‍ ഗ്വാളിയോറിലെ
ഹോമിയോ ഡോക്ടറായ ദത്തത്രേയ ചച്ചുറെയുടെ അടുത്തെത്തി. അയാള്‍ പ്രതികാരദാഹിയായിരുന്നു.
അയാള്‍ അഭയാര്‍ഥി

നേതാവായ വിഷ്ണു കാര്‍ക്കറെയുമായി ഒന്നിച്ചു.
ഈ സമയം നാരായണ്‍ ആപ്തെയും നാഥുറാം ഗോഡ്സേയും പൂനയില്‍ ഗാന്ധിജിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ആപ്തെയാണ് സന്യാസിവേഷം ധരിച്ച് ആയുധക്കച്ചവടക്കാരനായ ദിഗംബര്‍ ബാഡ്ജെയുമായി ബന്ധം സ്ഥാപിക്കുന്നത്. (മുന്‍പ് മുഹമ്മദാലി ജിന്നയെ സ്വിറ്റ്സര്‍ലണ്ടില്‍ വച്ചു കൊല്ലാന്‍ പ്ലാനിട്ടപ്പോള്‍ ആപ്തെ ബാഡ്ജെയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അന്നു ജിന്ന യാത്ര റദ്ദാക്കിയതിനാല്‍ രക്ഷപെടുകയായിരുന്നു.) 1948 ജനുവരി 1ന് കാര്‍ക്കറെയും പഹ്വയും സംഭരിച്ചിരുന്ന ആയുധക്കൂമ്പാരം പോലീസ് കണ്ടെത്തിയതിനാല്‍ പൂനയിലേക്കു രക്ഷപ്പെട്ടു.
അവര്‍ പൂനയില്‍ ഗോഡ്സെയുടെയും ആപ്തെയുടെയുമൊപ്പം ചേര്‍ന്നു. ഗാന്ധിജി ജനുവരി 13ന്
ദല്‍ഹിയില്‍ ഉപവാസം തുടങ്ങി. അന്നവര്‍ ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിച്ചു. അവര്‍ ദല്‍ഹിയിലെത്തി.
ജനുവരി 18ന് ഗാന്ധിജി ഉപവാസം പിന്‍വലിച്ചു. 19ന് അദ്ദേഹം മൌനാചരണം നടത്തുന്ന
ബിര്‍ലാമന്ദിരത്തിനു പിന്നിലെ കാട്ടില്‍ ഗൂഡാലോചനാ സംഘം ആയുധപരിശീലനം നടത്തി.
20ന് പ്രാര്‍ത്ഥനായോഗത്തില്‍ വച്ച് ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിച്ചു.
അതിനു മുന്‍പ് 1947 ആഗസ്ത് 15ന് തന്നെ അദ്ദേഹത്തെ കൊല്ലാന്‍ പദ്ധതിയിട്ടെങ്കിലും തോക്ക്
കിട്ടാന്‍ വൈകുമെന്ന് ബാഡ്ജെ പറഞ്ഞു.അങ്ങനെയാണ് അവര്‍ ലക്ഷ്യം നീട്ടിവച്ചത്. ദല്‍ഹിയിലെക്കു
പുറപ്പെടുമ്പോള്‍ ഗ്ഗോപാല്‍ ഗോഡ്സേയുടെ കൈയില്‍ 200 രൂപ കൊടുത്തു വാങ്ങിയ ഒരു തോക്കുണ്ടായിരുന്നു. അതു പരീക്ഷിച്ഛു നോക്കിയപ്പോള്‍ പുക പോലും വന്നില്ല. ദിഗംബര്‍ ബാഡ്ജെ കൊണ്ടുവന്ന തോക്കു പൊട്ടി. പക്ഷെ, ആദ്യ വെടിയുണ്ട പാതിവഴിയില്‍ വീണു.വീണ്ടും പൊട്ടിയപ്പോള്‍ ഉന്നം പിഴച്ചു. അങ്ങനെ അതു പാളി.
ഗാന്ധിജി പ്രാര്‍ത്ഥിക്കുമ്പോള്‍ പിന്നിലെ മുറിയില്‍ നിന്ന് ഗോപാല്‍ ഗോഡ്സേ വെടിവയ്ക്കും.
പഹ്വയും കാര്‍ക്കറെയും ബോംബെറിയും. അതായിരുന്നു പദ്ധതി. മന്ദിരത്തിലെ സേവകന് കൈക്കൂലി കൊടുത്ത് അകത്തു കയറി. പക്ഷെ ആപ്തെയുടെ ആസൂത്രണം പാളി. മുറിയുടെ ജനലിന് തറയില്‍ നിന്നുള്ള ഉയരം കൂടുതലായതിനാല്‍ വെടിപൊട്ടിക്കാന്‍ കഴിഞ്ഞില്ല.ഒടുവില്‍ പഹ്വയുടെ ബോംബു മാത്രം പൊട്ടി. അയാളെ പോലിസ് പിടികൂടി. ബാഡ്ജെ സ്ഥലംവിട്ടു. ആപ്തെയും ഗോഡ്സെമാരും കാറില്‍ കയറിപ്പാഞ്ഞു.
28ന് വീണ്ടും ദല്‍ഹിയിലെത്തിയ ആപ്തെയും ഗോഡ്സെയും നേരേ ഗ്വാളിയോറിലെക്കു പോയി.
ദത്താത്രയ ചര്‍ച്ചുറെ തോക്കു സംഘടിപ്പിച്ചു. ഒരു ഓട്ടോമാറ്റിക് 9mm ബറേറ്റ പിസ്റ്റല്‍. സീരിയല്‍ നമ്പര്‍ 606824. ഉന്നം പിഴക്കാത്ത ഒന്നാംതരം നിര്‍മ്മിതി. പക്ഷെ ബിര്‍ളമന്ദിരത്തിലെത്തുന്നതിന് മുന്‍പ് അത് ലോകത്തിന്റെ പകുതി ഭാഗം യാത്ര ചെയ്തു കഴിഞ്ഞിരുന്നു. 1934ല്‍ ഇറ്റലിയിലണ് ഈ കൈത്തോക്ക് നിര്‍മ്മിച്ചത്. മുസ്സോളിനിയുടെ സൈന്യം അബിസീനിയയിലേക്ക് പോയപ്പോള്‍
ഒരു സൈനികന്‍ അത് കൈയില്‍ കരുതി.
നാലാംഗ്വാളിയോര്‍ ഇന്‍ഫന്ററി റെജിമെന്റിലെ ഒരു ഉദ്യോഗസ്ഥന്‍ യുദ്ധവിജയത്തിന്റെ പ്രതീകമായി
അത് പിടിച്ചെടുത്തു.(അബിസീനിയയില്‍ ഇറ്റലിക്കാരെ തോല്‍പ്പിച്ച സംഘമാണ് ഗ്വാളിയോര്‍ ഇന്‍ഫന്ററി)ഈ തോക്ക് ഗ്വാളിയോറിലെത്തിയത് ആ ബറ്റാലിയനിലെ കമാന്‍ഡിംഗ് ഓഫീസ്സര്‍ കേബ്ബല്‍ വി.വി.ജോഷി വഴിയാണെന്ന് ഒരു ശ്രുതി അന്നു പ്രചരിച്ചിരുന്നു.
. ഒടുവില്‍ ആ തോക്ക് ജഗദീഷ് പ്രസാദ് ഗോയലിന്റെ കൈകളിലെത്തി.
അയാളത് ദന്തവതെ എന്നയാള്‍ക്ക് നല്‍കി. അയാളുടെ കൈയില്‍ നിന്നാണ് ചര്‍ച്ചുറെ വഴി അത് ഗോഡ്സെയുടെ
കൈയിലെത്തുന്നത്.
1948 ജനുവരി 30ന് വൈകിട്ട് 5 മണി കഴിഞ്ഞു. ഗാന്ധിജിയുടെ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് നേരമായി
അദ്ദേഹം അപ്പോള്‍ സര്‍ദാര്‍ വല്ലഭായി പട്ടേലുമായി ചര്‍ച്ചയിലായിരുന്നു. തന്റെ ജീവിതത്തിലെ
അവസാന കൂടിക്കാഴ്ച. നെഹ്രുവുമായുള്ള പ്രശ്നം പറഞ്ഞു തീര്‍ക്കുകയായിരുന്നു.(അന്ത്യനിമിഷത്തിന്
തൊട്ടുമുന്‍പും കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു അദ്ദേഹം.)
പത്തു മിനിറ്റുകൂടി കഴിഞ്ഞപ്പോള്‍ മനു വച്ചിനു നേര്‍ക്ക് മുദ്ര കാണിച്ച് സമയം വൈകി എന്നറിയിച്ചു.
അദ്ദേഹം പട്ടേലിനോടു പറഞ്ഞു. നിങ്ങള്‍ എന്നെ സ്വതന്ത്രനാക്കണം. എനിക്ക് ദൈവയോഗത്തിനു പോകാന്‍
നേരമായി.( ഹൊ! എന്ത് അറംപറ്റിയ വാക്കുകള്‍!)
സമയം വൈകിയതിനല്‍ ബിര്‍ലാമന്ദിരത്തിനു കുറുകെകൂടി പ്രാര്‍ത്ഥനാമന്ദിരത്തിലേക്ക് നടന്നു.
പ്രാര്‍ത്ഥനയ്ക്ക് ഒരു നിമിഷം വൈകുന്നതുപോലും അദ്ദേഹത്തിനിഷ്ടമല്ല.മനുവിനോടദ്ദേഹം പറഞ്ഞു.
ആരാണൊ വൈകുന്നത് അവന്‍ ശിക്ഷിക്കപ്പെടും.(those who are late should be punished)
പ്രാര്‍ത്ഥനാവേളയില്‍ വെടിവയ്ക്കാന്‍ തയ്യാറായി ഗോഡ്സേ മന്ദിരത്തിലുണ്ടായിരുന്നു.
ഗാന്ധിജി മറ്റാരുടെയും സഹായമില്ലാതെ പടികല്‍ കയറി വന്നു. ജനങ്ങള്‍ ഇരുവശത്തെക്കും ഒഴിഞ്ഞ്
വഴികൊടുത്തു. ജനങ്ങള്‍ ബാപ്പുജി, ബാപ്പുജി എന്നു മന്ത്രിക്കുന്നുണ്ടായിരുന്നു. ഗോഡ്സെ ഒരു നിമിഷം
ഗാന്ധിജിയോടുല്ല ആരാധനയില്‍ പെട്ടുപോയി.പിന്നയാള്‍ മാറി ചിന്തിച്ചു. ഇതാണവസരം. ഇതുമാത്രമാണവസരം.
അയാളുടെ ഒരു കൈ പോക്കറ്റിലായിരുന്നു.
ഗാന്ധിജി അടുത്തെത്തിയപ്പോള്‍ കക്കിവേഷമണിഞ ഒരു ചെറുപ്പക്കാരന്‍ ബാപ്പുവിന്റെ അടുത്തേക്ക്
നടന്നടുക്കുന്നത് മനു കണ്ടു.അപ്പോഴെക്കും നാഥുറാം കൈതോക്കെടുത്ത് ഇരു കൈതലങ്ങളിലുമായി
ഒളിപ്പിച്ചു പിടിച്ചു. ഗാന്ധിജിയുടെ അനുയായി ആയി പൊതുജീവിതം തുടങ്ങിയ ആളാണ് നാഥുറാം.
മഹാത്മജി രാജ്യത്തിനു വേണ്ടി ചെയ്ത സേവനങ്ങളുടെ പേരില്‍ ഒന്നു കുനിഞ്ഞു വന്ദിക്കാന്‍ അയാള്‍
തീരുമാനിച്ചു. നാഥുറാം ഗാന്ധിജിയുടെ അരയോളം കുനിഞ്ഞു.
നേരം വൈകിയതിനാല്‍ മനു അയാളെ തടയാന്‍ ശ്രമിച്ചു. പെട്ടെന്ന് ഇടത്തെ കൈ കൊണ്ട് അയാള്‍
മനുവിനെ തള്ളി. ഒന്നരയടി അകലത്തില്‍ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്ന് 79 വര്‍ഷം പഴക്കമുള്ള
ദുര്‍ബ്ബല


കോളാമ്പിയും തേടുകയായിരുന്ന മനു അതു കണ്ടു. കൈകൂപ്പി പ്രാര്‍ത്ഥനാവേദിയിലേക്ക് ഒരു ചുവടുകൂടിവച്ചിട്ട്
തളരുന്ന ബാപ്പു. തൂവെള്ള ഖാദിയില്‍ ചിതറിയ രക്തച്ചുവപ്പും അവള്‍ കണ്ടു. പിന്നെ ഹേ റാം എന്ന മന്ത്രം.
നിറയൊഴിച്ചവനോട് എന്നമട്ടില്‍ അദ്ദേഹം കൈ അപ്പോഴും കൂപ്പിപ്പിടിച്ചിരുന്നു.
രക്തത്തില്‍ കുതിര്‍ന്ന ഖാദിയുടെ മടക്കുകളിലൂടെ പുറത്തു കണ്ട മഹാത്മാവിന്റെ ഇംഗര്‍സോള്‍ വാച്ചില്‍
അപ്പോള്‍ സമയം 5.17 ആയിരുന്നു.
Reference:
1.Exiled At Home- Ashis Nandy.
2.The Gandhi Murder Trial- Tapan Ghose.
3. Last Glimpses of Bapu.- Manu Ben.
4.ഗാന്ധിസാഹിത്യ സംഗ്രഹം.
5. ഹേ റാം-മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍.
6. രാഷ്ട്രപിതാവ്- കെ.പി.കേശവമേനോന്‍.
7. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍- ലാരി കോളിന്‍സ്, ഡൊമിനിക് ലാപിയര്‍.
8. വേട്ടക്കാരനും വിരുന്നുകാരനും- ആനന്ദ്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍
സെനിബ് നീയെന്റെ ഹൃദയമായിരുന്നു.
ഹൃദയങ്ങളെ കീറിമുറിച്ചുകൊണ്ടാണ് സിറില്‍ റാഡ്ക്ലിഫിന്റെ പെന്‍സില്‍ രേഖ ഇന്ത്യയുടെ നടുവിലൂടെ കടന്നുപോയത്. ആ മുറിവില്‍നിന്നും വാര്‍ന്നൊഴുകിയ ചോരയുടെ ഒഴുക്കും മണവും ഇപ്പോഴും അടങ്ങിയിട്ടില്ല. ഇന്ത്യാവിഭജനത്തെ തുടര്‍ന്നുണ്ടായ കുടിയേറ്റം ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥിപ്രവാഹങ്ങളെ സൃഷ്ടിച്ചു.
ശ്വാസമടക്കിപ്പിടിച്ചുകൊണ്ടു മണിക്കൂറില്‍ ഇരുന്നൂറ് മൈല്‍ വേഗത്തില്‍ 15മിനുട്ട് പറന്നിട്ടും മറ്റേയറ്റം കാണാന്‍ കഴിയാത്തത്ര നീണ്ട നിരയുള്ള പ്രവാഹം. വിഭജനത്തെ തുടര്‍ന്ന് ഏറ്റവും പൈശാചികമായ രംഗങ്ങള്‍ അരങ്ങേറിയത് പഞ്ചാബിലാണ്. വര്‍ഗ്ഗീയ കലാപങ്ങള്‍, തീവണ്ടിക്കൊള്ളകള്‍, സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, ബലാല്‍ക്കാരം. പതിനായിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും പഞ്ചാബില്‍ മാത്രം ബലാല്‍ക്കാരം ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരും ഉള്‍പ്പെടും.
വിഭജനം രണ്ടു രാജ്യങ്ങളിലെയും മന്‍ഷ്യരെ എങ്ങനെ മുറിവേല്‍പ്പിച്ചു എന്നറിയാന്‍ ബൂട്ടാസിംഗിന്റെയും സെനിബിന്റെയും തന്‍വീറിന്റെയും കഥ കേള്‍ക്കണം.
പഞ്ചാബില്‍ അരങ്ങേറുന്ന ബലാല്‍ക്കാരങ്ങള്‍ക്ക് തടയിടാന്‍ സിക്കുകാരുടെ പത്താമത്തെ ഗുരു മുസ്ലീം സ്ത്രീകളുമായുള്ള ശാരീരിക ബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പക്ഷെ പോകപ്പോകെ അതാരും ചെവിക്കൊണ്ടില്ല. ബലാല്‍ക്കാരവും തട്ടിക്കൊണ്ടുപോയി വില്‍ക്കലും നിത്യസംഭവമായി. അത്തരത്തിലൊരു സന്ദര്‍ഭത്തിലാണ് ബൂട്ടാസിംഗിന് സെനിബിനെ കിട്ടുന്നത്.
മൌണ്ടുബാറ്റന്റെ സൈന്യത്തില്‍ ചേര്‍ന്നു ബര്‍മ്മാ യുദ്ധത്തില്‍ പങ്കെടുത്ത ആളാണ് ബൂട്ടാസിംഗ്. വയസ്സ് അമ്പത്തഞ്ച്. സെപ്റ്റംബറിലെ ഒരു സായാഹ്നത്തില്‍ തന്റെ ഗോതമ്പുവയലില്‍ നില്‍ക്കവേ അയാല്‍ ഒരു പെണ്‍കുട്ടിയുടെ നിലവിളി കേട്ടു. അല്പനേരത്തിനകം ആ പെണ്‍കുട്ടി ഓടി അയാളുടെ മുന്നിലെത്തി. കൈകൂപ്പി എന്നെ രക്ഷിക്കൂ എന്നു യാചിച്ചു.പിന്നാലെ ഒരു സിക്കുകാരന്‍ പാഞ്ഞെത്തി. അഭയാര്‍ത്ഥികളുടെ കൂട്ടത്തില്‍നിന്നും അയാള്‍ തട്ടിയെടുത്തതാണവളെ. അയാളുടെ പിടിയില്‍നിന്നും ഓടിരക്ഷപെടുമ്പോഴാണ് അവള്‍ ബൂട്ടാസിംഗിന്റെ മുന്നിലെത്തിയത്.
പൊതുവേ അന്തര്‍മുഖനും ലജ്ജാശീലനുമായിരുന്നു സിംഗ്. അയാള്‍ അവിവാഹിതനുമായിരുന്നു. തന്റെ ഏകാന്തത്യ്ക്ക് കൂട്ടായി ദൈവം അയച്ചതാവാം ഇവളെ എന്നയാള്‍ കരുതി.
“നിനക്ക് എത്ര പണമാണ് വേണ്ടത്, ഇവളെ എനിക്കു വിട്ടുതരാന്‍ ? “
“ആയിരത്തി അഞ്ഞൂറ്. സിക്കുകാരന്‍ വിലപേശി.
ഒന്നു തര്‍ക്കിക്കുകപോലും ചെയ്യാതെ അയാള്‍ പണം നല്‍കി.
അവള്‍ സെനിബ്. പതിനേഴു വയസ്സു മാത്രമുള്ള പെണ്‍കുട്ടി. രാജസ്ഥാനിലെ ഒരു കര്‍ഷകന്റെ മകളാണ്.
സെനിബ് ബൂട്ടസിംഗിനു പുത്രിയായി, കാമുകിയായി. തന്റെയുള്ളില്‍ നിറഞ്ഞുകവിഞ്ഞുനിന്ന സ്നേഹം മുഴുവന്‍ അയാള്‍ അവള്‍ക്കു നല്‍കി. അവള്‍ക്കാകട്ടെ അത് അമ്പരപ്പിക്കുന്ന ഒരു അനുഭവമായിരുന്നു. പലായനത്തിനിടെ പീഡനങ്ങള്‍ക്കും ബലാല്‍ക്കാരത്തിനും ഇരയായ അവള്‍ കഴിയുന്നത്ര സ്നേഹവും പരിചരണവും അയാള്‍ക്കു നല്‍കി.
ആ ശരല്‍ക്കാലത്ത് ബൂട്ടാസിംഗ് സിക്കുമതാചാരപ്രകാരം സെനിബിനെ വിവാഹം ചെയ്തു. വിലകൊടുത്തു വാങ്ങിയ പതിനേഴുകാരിയെ ഒരു അടിമയാക്കാതെ സ്വന്തം ഗൃഹനാഥയാക്കി.
ഒരു വര്‍ഷത്തിനുള്ളില്‍ സെനിബ് ഒരു പെണ്‍കുട്ടിക്കു ജന്മം നല്‍കി. ഗ്രന്ഥസാഹിബ് എടുത്തു പകുത്തുനോക്കി അയാള്‍ മകള്‍ക്ക് പേരിട്ടു. തന്‍വീര്‍. ആകാശത്തിലെ അത്ഭുതം, അതാണ് ആ വാക്കിന്റെ അര്‍ത്ഥം.
പത്തു വര്‍ഷങ്ങള്‍ക്കുശേഷം ബൂട്ടസിംഗിന്റെ അനന്തരവന്മാര്‍ അയാളെ ഒറ്റുകൊടുത്തു. സ്വത്തവകാശം നഷ്ടമായതാണ് അവരെ പ്രകോപിപ്പിച്ചത്. പലായനകാലത്ത് തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ ശ്രമിക്കുന്ന അധികാരികള്‍ സെനിബിനെ പിടിചുകൊണ്ടുപോയി ഒരു ക്യമ്പിലാക്കി. ബൂട്ടാസിംഗിന്റെയോ സെനിബിന്റെയൊ മകളുടെയോ നിലവിളികള്‍ അവര്‍ ചെവിക്കൊണ്ടില്ല. പാകിസ്ഥാനിലുള്ള സെനിബിന്റെ ബന്ധുക്കളെ തേടിപ്പിടിക്കാനായ് അധികാരികളുടെ ശ്രമം.
തന്റെ ജീവിതവും ആത്മാവും നഷ്ടമായ ബൂട്ടാസിംഗ് നിലവിളിച്ചുകൊണ്ട് ദല്‍ഹിയിലെത്തി. ഒരു സിക്കുകാരന് ചെയ്യാന്‍ കഴിയുന്നതിലേറ്റവും കടുത്ത കാര്യം ചെയ്തു. ഒരു മുസ്ലീം പള്ളിയില്‍ വച്ച് മുടിമുറിച്ച് മതം മാറി. ജമീല്‍ അഹമ്മദ് എന്ന പേര് സ്വീകരിച്ചു. പാകിസ്ഥാന്‍ ഹൈക്കമ്മീഷണറുടെ ഓഫീസ്സില്‍ പോയി. തനിക്കും മകള്‍ക്കും മറ്റാരുമില്ല, ഭാര്യയെ തിരിച്ചു നല്‍കണമെന്നു യാചിച്ചു. പക്ഷെ ഫലമൊന്നുമുണ്ടായില്ല. തട്ടിക്കൊണ്ടുപോയ സ്ത്രീകളുടെ കൈമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇരു രാജ്യങ്ങളും കരാറിലേര്‍പ്പെട്ടിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരാണെങ്കില് പോലും വേര്‍പെടുത്തി സ്വന്തം കുടുംബങ്ങളിലേക്കയയ്ക്കണം.
ആറുമാസം ബൂട്ടാസിംഗ് തടങ്കല്‍ക്യാമ്പില്‍ ചെന്ന് ഭാര്യയെ കണ്ടുപോന്നു. ഓരോതവണയും അവര്‍ പരസ്പരം തേങ്ങി. മകള്‍ അവര്‍ക്കിടയില്‍ ഒന്നുമറിയാതെ മിഴിച്ചു നിന്നു. ഒടുവില്‍ അധികാരികള്‍ സെനിബിന്റെ കുടുംബത്തെ കണ്ടെത്തി. അവസ്സാനമായി സെനിബിനെ മാറോടുചേര്‍ത്തു ചുംബിച്ചു അയാള്‍ അവളെ യാത്രയാക്കി. സെനിബ് മകളെ കണ്ണീരും സ്നേഹവുംകൊണ്ടു പൊതിഞ്ഞു.
ഒരിക്കലും മറക്കുകയില്ലന്നും, എത്രയും വേഗം അയാളുടെയും മകളുടെയും അരികിലേക്കെത്തുമെന്നും കണ്ണീരോടെ പറഞ്ഞു അങ്ങു ദൂരെ മറയുംവരെ തിരിഞ്ഞുനോക്കി അവള്‍ യാത്രയായി. ജീവിതത്തില്‍ അയാള്‍ വീണ്ടും ഒന്നുമറിയാത്ത മകളോടൊപ്പം തനിച്ചായി.
മകളോടൊപ്പം പാകിസ്ഥാനിലേക്ക് പോകാന്‍ ബൂട്ടാസിംഗ് ആവതും ശ്രമിച്ചു. നടന്നില്ല.ഒടുവില്‍ മകളുടെ പേര് സുല്‍ത്താന എന്നാക്കി. നിയമവിരുദ്ധമായി അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തി. മകളെ ലാഹോറിലാക്കി. അന്വേഷിച്ചുപിടിച്ച് സെനിബിന്റെ ഗ്രാമത്തിലെത്തി. സെനിബ് ഗ്രാമത്തിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടുകാര്‍ മച്ചുനനുമായി അവളുടെ വിവാഹം നടത്തിയിരുന്നു.‘ എന്റെ ഭാര്യയെ തിരിച്ചുതരൂ, എന്റെ മകളുടെ അമ്മയെ അവള്‍ക്ക് നല്‍കൂ, ‘അയാള്‍ കേണു. പക്ഷെ സെനിബിന്റെ വീട്ടുകാര്‍ അയാളെ മര്‍ദ്ദിച്ചു. അതിര്‍ത്തികടന്ന കുറ്റത്തിന് പോലിസിലേല്‍പ്പിച്ചു.
വിചാരണയ്ക്കായ് കോടതിയില്‍ ചെന്നപ്പോള്‍ ബൂട്ടാസിംഗ് തന്റെ അവസ്ഥ ജഡ്ജിയോടു പറഞ്ഞു. ഭാര്യയെ കാണാന്‍ അവസരം നല്‍കണമെന്നപേക്ഷിച്ചു, തന്റെയും മകളുടെയുമൊപ്പം ഇന്ത്യയിലേക്കു വരുമോ എന്നു ചോദിക്കാന്‍ അനുവദിക്കണമെന്ന് യാചിച്ചു. ജഡ്ജിക്കു ദയ തോന്നി. ഒരാഴ്ചക്കുള്ളില്‍ കോടതിമുറിയില്‍ സെനിബും ബൂട്ടാസിംഗും പരസ്പരം കണ്ടു. ഈ സംഭവം പത്രങ്ങള്‍ വഴി രാജ്യത്താകെ പരന്നതിനാല്‍ കോടതിമുറി ജനസമുദ്രമായി മാറിയിരുന്നു.
കോപാകുലരായ ബന്ധുക്കളോടൊപ്പം സെനിബ് കോടതിമുറിയിലെത്തി.
‘ ഇയാളെ നിങ്ങള്‍ അറിയുമോ?‘ ജഡ്ജ് ചോദിച്ചു.
‘അറിയും. എന്റെ ആദ്യഭര്‍ത്താവാണ്. അതെന്റെ മകളാണ്.‘
‘ഇയാളോടൊപ്പം ഇന്ത്യയിലേക്കു പോകാന്‍ നിങ്ങളാഗ്രഹിക്കുന്നോ? ‘
സെനിബ് ചുറ്റും നോക്കി. കണ്ണീര്‍ നനച്ചു കളഞ്ഞ മിഴികളോടെ ബൂട്ടാസിംഗിനെയും മകളെയും നോക്കി. അവള്‍ തളര്‍ന്നു. അപേക്ഷാഭാവത്തില്‍ ബൂട്ടാസിംഗ് സെനിബിനെയും നോക്കി. പക്ഷെ അയാള്‍ക്കനുകൂലമായ ഏതുത്തരത്തെയും വിലക്കുന്ന മട്ടില്‍ ബന്ധുക്കള്‍ നിലയുറപ്പിച്ചിരുന്നു.
ഭൂമിയിലെക്കു താണുപോയിരുന്നെങ്കില്‍ എന്നു സെനിബിനു തോന്നി.
ഒടുവില്‍ അവള്‍ പറഞ്ഞു.. “ഇല്ല”
ബൂട്ടാസിംഗിന്റെ കണ്ണുകളില്‍ ഇരുട്ടു കയറി. പിന്നീടയാള്‍ പറഞ്ഞു. “ എനിക്ക് നിന്റെ മകളെ നഷ്ടപ്പെടുത്തുവാന്‍ വയ്യ സെനിബ്, അവളെ ഞാന്‍ നിനക്ക് വിട്ടുതരുന്നു. “ കീശയില്‍നിന്നും കുറേ ചെക്കുകളെടുത്ത് അയാള്‍ അവള്‍ക്ക് നേരേ നീട്ടി. മകളേയും. അയാള്‍ കൂട്ടിച്ചേര്‍ത്തു.” എന്റെ ജീവിതം ദാ ഇവിടെ തീര്‍ന്നു. ‘
കോടതി വീണ്ടും സെനിബിനോടു ചോദിച്ചു. ‘മകളെ സ്വീകരിക്കാന്‍ തയ്യാറുണ്ടോ?’
കോടതിമുറിയില്‍ വിഷാദം നിറഞ്ഞ മൌനം തളംകെട്ടി. ഹൃദയം പൊട്ടിചിതറുന്ന വേദനയുമായ് സെനിബ് നിന്നു. അവളുടെ ബന്ധുക്കള്‍ വിലക്കി.’ സിക്കുരക്തം കൊണ്ടു ഞങ്ങളുടെ ജീവിതം മലിനപ്പെടുതാന്‍ ഞങ്ങള്‍ ഒരുക്കമല്ല. നീ മകളെ സ്വീകരിച്ചാല്‍ പിന്നെ രണ്ടും ജീവിച്ചിരിക്കില്ല.’
നിലവിളിച്ചുകൊണ്ടു സെനിബ് കോടതിയോടു പറഞ്ഞു. ‘ ഇല്ല, എനിക്കെന്റെ മകളെ വേണ്ട.’
ബൂട്ടാസിംഗ് ഒന്നും പറഞ്ഞില്ല. മകളുടെ കൈയും പിടിച്ചു കോടതിമുറിയില്‍ നിന്നിറങ്ങി. മകള്‍ തന്നെ തള്ളിപ്പറഞ്ഞ അമ്മയെ നിഷ്കളങ്കതയോടെ നോക്കി. ഹൃദയം ചീന്തിയ വേദനയോടെ സെനിബും.
ബൂട്ടാസിംഗ് അന്നുരാത്രി മുഴുവനും മുസ്ലീംവിശുദ്ധനായ ദത്താഗംഗ്ബക്ഷിന്റെ ശവകുടീരത്തില്‍ കരഞ്ഞും പ്രാര്‍ത്ഥിച്ചും ഉറങ്ങാതിരുന്നു. പിറ്റേന്നു രാവിലെ കമ്പോളത്തിലേക്കു പോയി. മകള്‍ക്ക് കുപ്പായവും സ്വര്‍ണ്ണത്തൊങ്ങലുകള്‍ തുന്നിപ്പിടിപ്പിച്ച പാദുകങ്ങളും വാങ്ങി. പിന്നീട് വൃദ്ധനായ അഛനും പത്തുവയസ്സുകാരിയായ മകളും കൈകള്‍ ചേര്‍ത്തുപിടിച്ച് ഷാഹ്ദരാ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു.
തീവണ്ടി വരാന്‍ കാത്തുനില്‍ക്കുമ്പോള്‍ ബൂട്ടസിംഗ് മകളോടു പറഞ്ഞു.’ തന്‍വീര്‍ എനിക്കും നിനക്കും അമ്മയെ ഇനി ഒരിക്കലും കാണാന്‍ കഴിയില്ല. അല്ലെ.അവള്‍ അഛന്റെ ശരീരത്തോട് ചേര്‍ന്നുനിന്ന് തലയുയര്‍ത്തി അയാളുടെ മുഖത്തേക്കു നോക്കി. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കണ്ണീര്‍ക്കണങ്ങള്‍ മകളുടെ നെറുകയില്‍ പതിച്ചു.
തീവണ്ടി ചൂളംകുത്തി വന്നപ്പോള്‍ ബൂട്ടാസിംഗ് വാത്സല്യത്തോടെ മകളുടെ കൈപിടിച്ചു. ചേര്‍ത്തുനിര്‍ത്തി അവളുടെ നെറുകയില്‍ ഉമ്മ വച്ചു. വണ്ടി അടുത്തെത്തിയപ്പോള്‍ പൊടുന്നനെ തന്‍വീര്‍ പാളത്തിലേക്കു തെറിച്ചുവീണു. ബൂട്ടാസിംഗും തീവണ്‍ടിക്കു മുന്നിലേക്കു ചാടി. തന്റെ നിലവിളി ചൂളംവിളിയുടെ ഒച്ചയില്‍ ഇല്ലാതാകുന്നത് തന്‍വീര്‍ അറിഞ്ഞു.
ബൂട്ടസിംഗ് തല്‍ക്ഷണം മരിച്ചു. എന്തത്ഭുതമാണ് നടന്നതെന്നറിയില്ല. ഒരു പരിക്കുമില്ലാതെ തന്‍വീര്‍ (ആകാശത്തിലെ അത്ഭുതം) രക്ഷപെട്ടു. ചിതറിത്തെറിച്ചുപോയ അഛന്റെ മുന്‍പില്‍ കുമ്പിട്ടിരുന്നവള്‍ തേങ്ങിക്കരഞ്ഞു. അവള്‍ അപരിചിതമായ ഈ ലോകത്തില്‍ തീര്‍ത്തും ഒറ്റ.
ബൂട്ടാസിംഗിന്റെ ശരീരത്തില്‍നിന്നും തന്നെ ഉപേക്ഷിച്ച സെനിബിനുള്ള കത്ത് കണ്ടെടുത്തു. അവസാനത്തെ കുറിപ്പ്.
‘പ്രിയ സെനിബ്, നീ ആള്‍ക്കൂട്ടത്തിന്റെ ശബ്ദമാണ് ചെവിക്കൊണ്ടത്. അതൊരിക്കലും ആത്മാര്‍ത്ഥമല്ല. നിന്നൊടൊത്തു ജീവിക്കാനാണ് എനിക്കിപ്പോഴും ആഗ്രഹം. എന്റെ അവസാനത്തെ ആഗ്രഹം. ഒരപേക്ഷ, നീ എന്നെ നിന്റെ ഗ്രാമത്തില്‍ അടക്കണം. വല്ലപ്പോഴുമെങ്കിലും എന്റെ കുഴിമാടത്തില്‍ ഒരു പൂവുമായ് നീവരണം.എന്റെയൊപ്പം നമ്മുടെ മകളും വരുന്നു.’
ബൂട്ടസിംഗിന്റെ ആത്മഹത്യ പാകിസ്ഥാനില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. അയാളുടെ ശവസംസ്കാരം ദേശീയ ശ്രദ്ധ നേടിയ ഒന്നായി. 1957ഫെബ്രുവരി 22ന് ബൂട്ടാസിംഗിന്റെ ആഗ്രഹപ്രകാരം അയാളെ സെനിബിന്റെ ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍ ബന്ധുക്കളും രണ്ടാം ഭര്‍ത്താവും അനുവദിച്ചില്ല. ആ ശവമഞ്ചം ഗ്രാമത്തില്‍ കടക്കുന്നതിനെ അവര്‍ എതിര്‍ത്തു. അപ്പൊഴും തന്‍വീര്‍ കണ്ണീരൊഴുക്കി അഛനൊപ്പമുണ്ടായിരുന്നു.
ഇതൊരു കലാപത്തിന് കാരണമാകുമെന്നു ഭയന്ന ,അധികാരികള്‍ ബൂട്ടാസിംഗിനോടും മകളോടും അനുകമ്പ പ്രകടിപ്പിച്ചു പിന്തുടര്‍ന്ന ആയിരക്കണക്കിനാളുകളെയും ലാഹോറിലേക്കു മടക്കി വിളിച്ചു. അവിടെ എപ്പോഴും പൂത്തു നില്‍ക്കുന്ന ഒരു മലയുടെ താഴ്വാരത്തില്‍ ബൂട്ടാസിംഗിനെ അടക്കം ചെയ്തു.
ബൂട്ടാസിംഗിന് കിട്ടിയ ബഹുമതിയില്‍ രോഷാകുലരായ സെനിബിന്റെ ബന്ധുക്കള്‍ അയാളൂടെ ശവകുടീരം വികൃതമാക്കാന്‍ ആളയച്ചു. ഇത് ജനങ്ങള്‍ക്ക് കോപമുണ്ടാക്കി. അവര്‍ മറ്റൊരു മലയുടെ താഴ്വാരത്തില്‍ ബൂട്ടാസിംഗിനെ അടക്കം ചെയ്തു. പൂമരങ്ങള്‍ നട്ടുവളര്‍ത്തി അയാള്‍ക്ക് തണല്‍ നല്‍കി. അതു കാത്തുസൂക്ഷിക്കാന്‍ നൂറുകണക്കിനാളുകള്‍ കാവല്‍ നിന്നു.
തന്‍വീറിനെ ലാഹോറിലെ ഒരു കുടുംബം ദത്തെടുത്തു. വളര്‍ത്തി വലുതാക്കി. ഒരു എഞ്ചിനീയറെ കണ്ടെത്തി കല്യാണം നടത്തി. അവള്‍ പിന്നീട് ഭര്‍ത്താവിനോടും മൂന്ന് കുട്ടികളോടുമൊപ്പം ലിബിയയില്‍ താമസമാക്കി.
(അവലംബം: സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍- ലാരി കോളിന്‍സ്, ഡൊമിനിക് ലാപ്പിയര്‍)
പറയാന്‍ മറന്നത്
കരുതിവച്ചിട്ടുണ്ട് നിനക്കായ്
ഒരു വാക്കു ഞാന്‍.
എത്രയോ കാലമായ്.
ഇതുവരെ പറഞ്ഞതൊക്കെയും
ആ വാക്കിന്റെ മുഖവുര.
നിന്റെ കണ്ണില്‍ക്കൂടി കണ്ട
ലോകത്തിന്റെ ഭംഗിയിലുരഞ്ഞ്
അതിന്റെ പരുക്കന്‍ വക്കുകള്‍
മൃദുലമായിട്ടുണ്ട്.
ഇത്രനാളും ഞാനും നീയും
ഒപ്പം നടന്ന പൊള്ളുന്ന വഴിയില്‍ വീണ്
വാക്കിന്റെ ഉള്ളുപൊള്ളിയിട്ടുണ്ട്.
നിന്നോടു പറയാത്ത പ്രിയവാക്കല്ല
നിന്നോടു പറയാത്ത മുനവാക്കല്ല
എന്റെയും നിന്റെയും
സങ്കടങ്ങളുടെ ചായംകൊണ്ട്
ഞാനതിന്റെ മുഖം മിനുക്കിയിട്ടുണ്ട്.
അലര്‍ച്ചകളുടെയും ഘോഷങ്ങളുടെയും
ഇടയില്‍നിന്നും ഞാനതിനെ
രക്ഷപെടുത്തിവച്ചിട്ടുണ്ട്.
പറഞ്ഞില്ല ഞാനിതുവരേയ്ക്കും
പറയേണ്ടതായിരുന്നു,
പറഞ്ഞുപോകുമായിരുന്നു.
എത്രയാളുകള്‍ ഉച്ചരിച്ചിട്ടുണ്ടാകാം
നിന്നോടിത്.
പക്ഷേ എന്റെ വാക്ക് ഉച്ചിഷ്ടമല്ല.
ചില കാല്പനിക മുഹൂര്‍ത്തങ്ങളില്‍:
(നിലാവിന്റെ കടല്‍ക്കരയില്‍
നീലാകാശത്തിന്റെ ചുവട്ടില്‍
വനതടാകത്തിനരുകിലെ വള്ളിക്കുടിലില്‍
മാമ്പൂ മണക്കുന്ന ഇടവഴികളില്‍
ഇല പൊഴിയുന്ന ശിശിരത്തില്‍
നാമൊന്നിച്ചൊഴുകിയ നദിയുടെ മാറില്‍
അങ്ങനെയങ്ങനെ എവിടെയൊക്കെയോ വച്ച്)
ഞാനിത് നിന്നോട് പറഞ്ഞുപോയേനെ.
ചില ഏകാന്തനേരങ്ങളില്‍
കാറ്റിനോടോ കടലിനോടൊ
മഴമേഘത്തോടോ മൌനത്തോടോ
പറഞ്ഞുപോയിട്ടുണ്ട് ഞാന്‍.
വിശ്വസ്തരാണവര്‍
രഹസ്യം പറഞ്ഞില്ല നിന്നോടിതുവരെ.
ചില അകാല്പനിക നേരങ്ങളിലും:
(കണ്ണീരും കിനാവും ഒലിച്ചൊഴുകിയപ്പോള്‍
മതിലുകള്‍ മനുഷ്യരെ മറച്ചപ്പോള്‍
സഹോദരന്റെ ചോര ചവുട്ടിനടന്നപ്പോള്‍
അങ്ങനെയങ്ങനെ എപ്പോഴൊക്കെയോ)
നിലവിളിച്ചു പറയാനാഞ്ഞിട്ടുണ്ട്
നിന്നോടീ വാക്കു ഞാന്‍.
സമയമായില്ല സമയമായില്ല
എന്നു വാക്കെന്നെ പിന്നെയും വിലക്കി.
ഇപ്പോഴാണ് കാലം
നിന്റെ കണ്ണുകളിലേക്കു നോക്കി
എന്നെ കണ്ടത്ഭുതപ്പെട്ടു പറയണം.
നില്‍ക്കൂ; നീ പറയാന്‍ തുടങ്ങുന്നു.
“നിന്റെ വാക്കിന്റെ
ഭാരമെനിക്കു താങ്ങുവാന്‍ വയ്യ
നീ കരുതിയ കാലമെനിക്കു
സഹിക്കുവാന്‍ വയ്യ
അതിന്റെ പരുപരുത്ത ചരിത്രമെനിക്ക്
ഏറ്റെടുക്കാന്‍ വയ്യ.
ഒരോ നിമിഷവും ഞാന്‍ പേടിച്ചു.
നീ പറയുമെന്നോര്‍ത്ത്.
ഇല്ലില്ല എല്ലാം ശാന്തം.
നിന്നിലെ എനിക്കും
എന്നിലെ നിനക്കും വിട.
നീ വാക്കിന്റെ മൂര്‍ച്ച കൂട്ടുക
ആവോളം സങ്കടം നിറയ്ക്കുക
കൂടുതല്‍ ഏകാന്തമാക്കുക
വരുമൊരാള്‍ കരുത്തുറ്റ നെഞ്ചുമായ്
നിന്റെ വാക്കിന്റെ മുനയേറ്റുവാങ്ങാന്‍.
ഇപ്പോള്‍ ഞാന്‍ പോകട്ടെ.
കോറസ്സ്:
നീയോ പറഞ്ഞത്, ഞാനോ പറഞ്ഞത്
വിട, നീയായിരിക്കാം
അല്ല ഞാനായിരിക്കാം.
(കെ.ജി.ശങ്കരപ്പിള്ളയുടെ അന്യാധീനം,
ഡി. വിനയചന്ദ്രന്റെ മഴയുടെ കലണ്ടര്‍ എന്നീ കവിതകളോട് കടപ്പാട്.)
നിര്‍വചനം
ഒരു മെഴുതിരി .
യാതനകളുടെ കടല്‍ക്കാറ്റില്‍
ഒരു ഉപ്പുതൂണ്.
മൌനത്തിന്‍റെ വിരലുകളാല്‍
മുറിവേറ്റ ഒരു നീചഹൃദയം.
ഏകാന്തതയുടെ ഒഴുക്കെടുത്ത
ഒരു തീരവൃക്ഷം.
ഓര്‍മ്മയുടെ വാലന്‍പുഴുക്കള്‍ക്ക്
പൊടിഞ്ഞ ഒരു പുസ്തകം.
പ്രണയം പാടുമ്പോള്‍
നിലാവിനാല്‍ കൊത്തേറ്റ ശില്പം.
വാക്കിന്‍റെ പെരുവഴിയില്‍
വലിച്ചെറിഞ്ഞ നിഘണ്ടു.
സമരമുഖങ്ങളില്‍
പിന്നില്‍ വെട്ടേറ്റ പോരാളി .
സ്നേഹത്തിന്‍റെ ശ്രാദ്ധമുണ്ട
ശപ്തസഞ്ചാരി.
വിരുന്നുകാര്‍ക്കൊന്നും
വിളമ്പിവയ്ക്കാത്ത അത്താഴം
ഭംഗിവാക്കിന്‍റെ ചൂണ്ടക്കൊളുത്തില്‍
കോര്‍ത്തിട്ട നാടവിര.
ഉപേക്ഷിച്ചതോ
തിരസ്കരിക്കപ്പെട്ടതോ
ജീവിതം.
ഇനിയും നോര്‍മലാവാനുണ്ട്,
ഇനിയും.
ജന്മത്തിന്‍റെ ഉപമകള്‍.
യാത്രകളെല്ലാം അസ്തമിക്കുന്നു.
വരണ്ടുണങ്ങാത്ത ഒറ്റക്കാറ്റും ഇനി വീശാനില്ല.
മഴ പെയ്യുന്ന ഒരുച്ചയില്‍ നിഴലില്ലാതെ വന്ന്
വെയിലുപൊള്ളുന്ന ഒരുച്ചയില്‍
നിഴലുമാത്രം കൂട്ടിനായ്
തിരിച്ചുപോകുന്നു ഞാന്‍.
ജന്മത്തിന്‍റെ കപ്പല്‍ച്ഛെദത്തിലെ
ഏകാന്തനാവികന്‍.
ഈ ഇടത്താവളത്തില്‍ എനിക്ക്
ഋതുക്കളുടെ ഉടയാടകള്‍ കിട്ടി.
കാണാത്ത ഭൂഖണ്ഡങ്ങള്‍ പോലെ
സ്വന്തം നെഞ്ചില്‍ നാം ഒളിച്ചിരിക്കുന്നു.
ഒരു തോണിപ്പാട്ടില്ലാതെ പുഴയും
തുഴയില്ലാതെ തോണിയും ഒഴുകിതീരുന്നു.
അനാഥജന്മത്തിന്‍റെ ഉപമകള്‍ എന്തെല്ലാം?
പൊക്കിള്‍കൊടികൊഴിഞ്ഞ ഒരു കുട്ടി.
കൂടില്ലാത്ത ഒരു പറവ.
ഒഴുക്കില്ലാത്ത ഒരു പുഴ.
പച്ചയൊഴിഞ്ഞ ഒരു വനം.
തടവുകാരന്‍ അകത്തും പുറത്തും
ഓര്‍മ്മകളുടെ ഇരയാണ്.
കാടെരിയുന്നതും കനവുരുകുന്നതും
ഒരേ ഗന്ധത്തിലാണ്.
കാറ്റും മഴയും കടലിലെന്നപോലെ
കരുണയും കലാപവും ഒരേ മനസ്സില്‍.
രാപ്പകലുകള്‍ പോലെ
പ്രണയവും പ്രളയവും.
സായംസന്ധ്യപോലെ
ജനിമൃതികള്‍ക്കിടയില്‍ ഹൃദയസ്പന്ദനം.
പച്ചിലയും പഴുത്തിലയും പോലെ
ചിരിയും കരച്ചിലും പിറന്നൊടുങ്ങുന്നു.
എനിക്കും നിങ്ങള്‍ക്കുമിടയില്‍
ഒരു പച്ചപ്പുണ്ട്.
നരകത്തിനും സ്വര്‍ഗത്തിനുമിടയില്‍
ഭൂമിയെന്നപോലെ.
കൂട്ടരേ,
നിലാവെരിയുന്ന ഒരു പകലും
സൂര്യന്‍ തണുക്കുന്ന ഒരു രാത്രിയും
കിനാവുകണ്ട് ഞാന്‍ പോകുന്നു.
മഴപൊഴിയുന്ന ഒരു മനസ്സും
കനലെരിയുന്ന ഒരു കണ്ണും
തോരാതെ തീരാതെ പോകുന്നു.
ജന്മത്തിന്‍റെ ഉപമകള്‍.
എങ്കിലും അവസാനിക്കുന്നില്ല.