- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
സെനിബ് നീയെന്റെ ഹൃദയമായിരുന്നു.
ഹൃദയങ്ങളെ കീറിമുറിച്ചുകൊണ്ടാണ് സിറില്‍ റാഡ്ക്ലിഫിന്റെ പെന്‍സില്‍ രേഖ ഇന്ത്യയുടെ നടുവിലൂടെ കടന്നുപോയത്. ആ മുറിവില്‍നിന്നും വാര്‍ന്നൊഴുകിയ ചോരയുടെ ഒഴുക്കും മണവും ഇപ്പോഴും അടങ്ങിയിട്ടില്ല. ഇന്ത്യാവിഭജനത്തെ തുടര്‍ന്നുണ്ടായ കുടിയേറ്റം ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥിപ്രവാഹങ്ങളെ സൃഷ്ടിച്ചു.
ശ്വാസമടക്കിപ്പിടിച്ചുകൊണ്ടു മണിക്കൂറില്‍ ഇരുന്നൂറ് മൈല്‍ വേഗത്തില്‍ 15മിനുട്ട് പറന്നിട്ടും മറ്റേയറ്റം കാണാന്‍ കഴിയാത്തത്ര നീണ്ട നിരയുള്ള പ്രവാഹം. വിഭജനത്തെ തുടര്‍ന്ന് ഏറ്റവും പൈശാചികമായ രംഗങ്ങള്‍ അരങ്ങേറിയത് പഞ്ചാബിലാണ്. വര്‍ഗ്ഗീയ കലാപങ്ങള്‍, തീവണ്ടിക്കൊള്ളകള്‍, സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, ബലാല്‍ക്കാരം. പതിനായിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും പഞ്ചാബില്‍ മാത്രം ബലാല്‍ക്കാരം ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരും ഉള്‍പ്പെടും.
വിഭജനം രണ്ടു രാജ്യങ്ങളിലെയും മന്‍ഷ്യരെ എങ്ങനെ മുറിവേല്‍പ്പിച്ചു എന്നറിയാന്‍ ബൂട്ടാസിംഗിന്റെയും സെനിബിന്റെയും തന്‍വീറിന്റെയും കഥ കേള്‍ക്കണം.
പഞ്ചാബില്‍ അരങ്ങേറുന്ന ബലാല്‍ക്കാരങ്ങള്‍ക്ക് തടയിടാന്‍ സിക്കുകാരുടെ പത്താമത്തെ ഗുരു മുസ്ലീം സ്ത്രീകളുമായുള്ള ശാരീരിക ബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പക്ഷെ പോകപ്പോകെ അതാരും ചെവിക്കൊണ്ടില്ല. ബലാല്‍ക്കാരവും തട്ടിക്കൊണ്ടുപോയി വില്‍ക്കലും നിത്യസംഭവമായി. അത്തരത്തിലൊരു സന്ദര്‍ഭത്തിലാണ് ബൂട്ടാസിംഗിന് സെനിബിനെ കിട്ടുന്നത്.
മൌണ്ടുബാറ്റന്റെ സൈന്യത്തില്‍ ചേര്‍ന്നു ബര്‍മ്മാ യുദ്ധത്തില്‍ പങ്കെടുത്ത ആളാണ് ബൂട്ടാസിംഗ്. വയസ്സ് അമ്പത്തഞ്ച്. സെപ്റ്റംബറിലെ ഒരു സായാഹ്നത്തില്‍ തന്റെ ഗോതമ്പുവയലില്‍ നില്‍ക്കവേ അയാല്‍ ഒരു പെണ്‍കുട്ടിയുടെ നിലവിളി കേട്ടു. അല്പനേരത്തിനകം ആ പെണ്‍കുട്ടി ഓടി അയാളുടെ മുന്നിലെത്തി. കൈകൂപ്പി എന്നെ രക്ഷിക്കൂ എന്നു യാചിച്ചു.പിന്നാലെ ഒരു സിക്കുകാരന്‍ പാഞ്ഞെത്തി. അഭയാര്‍ത്ഥികളുടെ കൂട്ടത്തില്‍നിന്നും അയാള്‍ തട്ടിയെടുത്തതാണവളെ. അയാളുടെ പിടിയില്‍നിന്നും ഓടിരക്ഷപെടുമ്പോഴാണ് അവള്‍ ബൂട്ടാസിംഗിന്റെ മുന്നിലെത്തിയത്.
പൊതുവേ അന്തര്‍മുഖനും ലജ്ജാശീലനുമായിരുന്നു സിംഗ്. അയാള്‍ അവിവാഹിതനുമായിരുന്നു. തന്റെ ഏകാന്തത്യ്ക്ക് കൂട്ടായി ദൈവം അയച്ചതാവാം ഇവളെ എന്നയാള്‍ കരുതി.
“നിനക്ക് എത്ര പണമാണ് വേണ്ടത്, ഇവളെ എനിക്കു വിട്ടുതരാന്‍ ? “
“ആയിരത്തി അഞ്ഞൂറ്. സിക്കുകാരന്‍ വിലപേശി.
ഒന്നു തര്‍ക്കിക്കുകപോലും ചെയ്യാതെ അയാള്‍ പണം നല്‍കി.
അവള്‍ സെനിബ്. പതിനേഴു വയസ്സു മാത്രമുള്ള പെണ്‍കുട്ടി. രാജസ്ഥാനിലെ ഒരു കര്‍ഷകന്റെ മകളാണ്.
സെനിബ് ബൂട്ടസിംഗിനു പുത്രിയായി, കാമുകിയായി. തന്റെയുള്ളില്‍ നിറഞ്ഞുകവിഞ്ഞുനിന്ന സ്നേഹം മുഴുവന്‍ അയാള്‍ അവള്‍ക്കു നല്‍കി. അവള്‍ക്കാകട്ടെ അത് അമ്പരപ്പിക്കുന്ന ഒരു അനുഭവമായിരുന്നു. പലായനത്തിനിടെ പീഡനങ്ങള്‍ക്കും ബലാല്‍ക്കാരത്തിനും ഇരയായ അവള്‍ കഴിയുന്നത്ര സ്നേഹവും പരിചരണവും അയാള്‍ക്കു നല്‍കി.
ആ ശരല്‍ക്കാലത്ത് ബൂട്ടാസിംഗ് സിക്കുമതാചാരപ്രകാരം സെനിബിനെ വിവാഹം ചെയ്തു. വിലകൊടുത്തു വാങ്ങിയ പതിനേഴുകാരിയെ ഒരു അടിമയാക്കാതെ സ്വന്തം ഗൃഹനാഥയാക്കി.
ഒരു വര്‍ഷത്തിനുള്ളില്‍ സെനിബ് ഒരു പെണ്‍കുട്ടിക്കു ജന്മം നല്‍കി. ഗ്രന്ഥസാഹിബ് എടുത്തു പകുത്തുനോക്കി അയാള്‍ മകള്‍ക്ക് പേരിട്ടു. തന്‍വീര്‍. ആകാശത്തിലെ അത്ഭുതം, അതാണ് ആ വാക്കിന്റെ അര്‍ത്ഥം.
പത്തു വര്‍ഷങ്ങള്‍ക്കുശേഷം ബൂട്ടസിംഗിന്റെ അനന്തരവന്മാര്‍ അയാളെ ഒറ്റുകൊടുത്തു. സ്വത്തവകാശം നഷ്ടമായതാണ് അവരെ പ്രകോപിപ്പിച്ചത്. പലായനകാലത്ത് തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ ശ്രമിക്കുന്ന അധികാരികള്‍ സെനിബിനെ പിടിചുകൊണ്ടുപോയി ഒരു ക്യമ്പിലാക്കി. ബൂട്ടാസിംഗിന്റെയോ സെനിബിന്റെയൊ മകളുടെയോ നിലവിളികള്‍ അവര്‍ ചെവിക്കൊണ്ടില്ല. പാകിസ്ഥാനിലുള്ള സെനിബിന്റെ ബന്ധുക്കളെ തേടിപ്പിടിക്കാനായ് അധികാരികളുടെ ശ്രമം.
തന്റെ ജീവിതവും ആത്മാവും നഷ്ടമായ ബൂട്ടാസിംഗ് നിലവിളിച്ചുകൊണ്ട് ദല്‍ഹിയിലെത്തി. ഒരു സിക്കുകാരന് ചെയ്യാന്‍ കഴിയുന്നതിലേറ്റവും കടുത്ത കാര്യം ചെയ്തു. ഒരു മുസ്ലീം പള്ളിയില്‍ വച്ച് മുടിമുറിച്ച് മതം മാറി. ജമീല്‍ അഹമ്മദ് എന്ന പേര് സ്വീകരിച്ചു. പാകിസ്ഥാന്‍ ഹൈക്കമ്മീഷണറുടെ ഓഫീസ്സില്‍ പോയി. തനിക്കും മകള്‍ക്കും മറ്റാരുമില്ല, ഭാര്യയെ തിരിച്ചു നല്‍കണമെന്നു യാചിച്ചു. പക്ഷെ ഫലമൊന്നുമുണ്ടായില്ല. തട്ടിക്കൊണ്ടുപോയ സ്ത്രീകളുടെ കൈമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇരു രാജ്യങ്ങളും കരാറിലേര്‍പ്പെട്ടിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരാണെങ്കില് പോലും വേര്‍പെടുത്തി സ്വന്തം കുടുംബങ്ങളിലേക്കയയ്ക്കണം.
ആറുമാസം ബൂട്ടാസിംഗ് തടങ്കല്‍ക്യാമ്പില്‍ ചെന്ന് ഭാര്യയെ കണ്ടുപോന്നു. ഓരോതവണയും അവര്‍ പരസ്പരം തേങ്ങി. മകള്‍ അവര്‍ക്കിടയില്‍ ഒന്നുമറിയാതെ മിഴിച്ചു നിന്നു. ഒടുവില്‍ അധികാരികള്‍ സെനിബിന്റെ കുടുംബത്തെ കണ്ടെത്തി. അവസ്സാനമായി സെനിബിനെ മാറോടുചേര്‍ത്തു ചുംബിച്ചു അയാള്‍ അവളെ യാത്രയാക്കി. സെനിബ് മകളെ കണ്ണീരും സ്നേഹവുംകൊണ്ടു പൊതിഞ്ഞു.
ഒരിക്കലും മറക്കുകയില്ലന്നും, എത്രയും വേഗം അയാളുടെയും മകളുടെയും അരികിലേക്കെത്തുമെന്നും കണ്ണീരോടെ പറഞ്ഞു അങ്ങു ദൂരെ മറയുംവരെ തിരിഞ്ഞുനോക്കി അവള്‍ യാത്രയായി. ജീവിതത്തില്‍ അയാള്‍ വീണ്ടും ഒന്നുമറിയാത്ത മകളോടൊപ്പം തനിച്ചായി.
മകളോടൊപ്പം പാകിസ്ഥാനിലേക്ക് പോകാന്‍ ബൂട്ടാസിംഗ് ആവതും ശ്രമിച്ചു. നടന്നില്ല.ഒടുവില്‍ മകളുടെ പേര് സുല്‍ത്താന എന്നാക്കി. നിയമവിരുദ്ധമായി അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തി. മകളെ ലാഹോറിലാക്കി. അന്വേഷിച്ചുപിടിച്ച് സെനിബിന്റെ ഗ്രാമത്തിലെത്തി. സെനിബ് ഗ്രാമത്തിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടുകാര്‍ മച്ചുനനുമായി അവളുടെ വിവാഹം നടത്തിയിരുന്നു.‘ എന്റെ ഭാര്യയെ തിരിച്ചുതരൂ, എന്റെ മകളുടെ അമ്മയെ അവള്‍ക്ക് നല്‍കൂ, ‘അയാള്‍ കേണു. പക്ഷെ സെനിബിന്റെ വീട്ടുകാര്‍ അയാളെ മര്‍ദ്ദിച്ചു. അതിര്‍ത്തികടന്ന കുറ്റത്തിന് പോലിസിലേല്‍പ്പിച്ചു.
വിചാരണയ്ക്കായ് കോടതിയില്‍ ചെന്നപ്പോള്‍ ബൂട്ടാസിംഗ് തന്റെ അവസ്ഥ ജഡ്ജിയോടു പറഞ്ഞു. ഭാര്യയെ കാണാന്‍ അവസരം നല്‍കണമെന്നപേക്ഷിച്ചു, തന്റെയും മകളുടെയുമൊപ്പം ഇന്ത്യയിലേക്കു വരുമോ എന്നു ചോദിക്കാന്‍ അനുവദിക്കണമെന്ന് യാചിച്ചു. ജഡ്ജിക്കു ദയ തോന്നി. ഒരാഴ്ചക്കുള്ളില്‍ കോടതിമുറിയില്‍ സെനിബും ബൂട്ടാസിംഗും പരസ്പരം കണ്ടു. ഈ സംഭവം പത്രങ്ങള്‍ വഴി രാജ്യത്താകെ പരന്നതിനാല്‍ കോടതിമുറി ജനസമുദ്രമായി മാറിയിരുന്നു.
കോപാകുലരായ ബന്ധുക്കളോടൊപ്പം സെനിബ് കോടതിമുറിയിലെത്തി.
‘ ഇയാളെ നിങ്ങള്‍ അറിയുമോ?‘ ജഡ്ജ് ചോദിച്ചു.
‘അറിയും. എന്റെ ആദ്യഭര്‍ത്താവാണ്. അതെന്റെ മകളാണ്.‘
‘ഇയാളോടൊപ്പം ഇന്ത്യയിലേക്കു പോകാന്‍ നിങ്ങളാഗ്രഹിക്കുന്നോ? ‘
സെനിബ് ചുറ്റും നോക്കി. കണ്ണീര്‍ നനച്ചു കളഞ്ഞ മിഴികളോടെ ബൂട്ടാസിംഗിനെയും മകളെയും നോക്കി. അവള്‍ തളര്‍ന്നു. അപേക്ഷാഭാവത്തില്‍ ബൂട്ടാസിംഗ് സെനിബിനെയും നോക്കി. പക്ഷെ അയാള്‍ക്കനുകൂലമായ ഏതുത്തരത്തെയും വിലക്കുന്ന മട്ടില്‍ ബന്ധുക്കള്‍ നിലയുറപ്പിച്ചിരുന്നു.
ഭൂമിയിലെക്കു താണുപോയിരുന്നെങ്കില്‍ എന്നു സെനിബിനു തോന്നി.
ഒടുവില്‍ അവള്‍ പറഞ്ഞു.. “ഇല്ല”
ബൂട്ടാസിംഗിന്റെ കണ്ണുകളില്‍ ഇരുട്ടു കയറി. പിന്നീടയാള്‍ പറഞ്ഞു. “ എനിക്ക് നിന്റെ മകളെ നഷ്ടപ്പെടുത്തുവാന്‍ വയ്യ സെനിബ്, അവളെ ഞാന്‍ നിനക്ക് വിട്ടുതരുന്നു. “ കീശയില്‍നിന്നും കുറേ ചെക്കുകളെടുത്ത് അയാള്‍ അവള്‍ക്ക് നേരേ നീട്ടി. മകളേയും. അയാള്‍ കൂട്ടിച്ചേര്‍ത്തു.” എന്റെ ജീവിതം ദാ ഇവിടെ തീര്‍ന്നു. ‘
കോടതി വീണ്ടും സെനിബിനോടു ചോദിച്ചു. ‘മകളെ സ്വീകരിക്കാന്‍ തയ്യാറുണ്ടോ?’
കോടതിമുറിയില്‍ വിഷാദം നിറഞ്ഞ മൌനം തളംകെട്ടി. ഹൃദയം പൊട്ടിചിതറുന്ന വേദനയുമായ് സെനിബ് നിന്നു. അവളുടെ ബന്ധുക്കള്‍ വിലക്കി.’ സിക്കുരക്തം കൊണ്ടു ഞങ്ങളുടെ ജീവിതം മലിനപ്പെടുതാന്‍ ഞങ്ങള്‍ ഒരുക്കമല്ല. നീ മകളെ സ്വീകരിച്ചാല്‍ പിന്നെ രണ്ടും ജീവിച്ചിരിക്കില്ല.’
നിലവിളിച്ചുകൊണ്ടു സെനിബ് കോടതിയോടു പറഞ്ഞു. ‘ ഇല്ല, എനിക്കെന്റെ മകളെ വേണ്ട.’
ബൂട്ടാസിംഗ് ഒന്നും പറഞ്ഞില്ല. മകളുടെ കൈയും പിടിച്ചു കോടതിമുറിയില്‍ നിന്നിറങ്ങി. മകള്‍ തന്നെ തള്ളിപ്പറഞ്ഞ അമ്മയെ നിഷ്കളങ്കതയോടെ നോക്കി. ഹൃദയം ചീന്തിയ വേദനയോടെ സെനിബും.
ബൂട്ടാസിംഗ് അന്നുരാത്രി മുഴുവനും മുസ്ലീംവിശുദ്ധനായ ദത്താഗംഗ്ബക്ഷിന്റെ ശവകുടീരത്തില്‍ കരഞ്ഞും പ്രാര്‍ത്ഥിച്ചും ഉറങ്ങാതിരുന്നു. പിറ്റേന്നു രാവിലെ കമ്പോളത്തിലേക്കു പോയി. മകള്‍ക്ക് കുപ്പായവും സ്വര്‍ണ്ണത്തൊങ്ങലുകള്‍ തുന്നിപ്പിടിപ്പിച്ച പാദുകങ്ങളും വാങ്ങി. പിന്നീട് വൃദ്ധനായ അഛനും പത്തുവയസ്സുകാരിയായ മകളും കൈകള്‍ ചേര്‍ത്തുപിടിച്ച് ഷാഹ്ദരാ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു.
തീവണ്ടി വരാന്‍ കാത്തുനില്‍ക്കുമ്പോള്‍ ബൂട്ടസിംഗ് മകളോടു പറഞ്ഞു.’ തന്‍വീര്‍ എനിക്കും നിനക്കും അമ്മയെ ഇനി ഒരിക്കലും കാണാന്‍ കഴിയില്ല. അല്ലെ.അവള്‍ അഛന്റെ ശരീരത്തോട് ചേര്‍ന്നുനിന്ന് തലയുയര്‍ത്തി അയാളുടെ മുഖത്തേക്കു നോക്കി. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കണ്ണീര്‍ക്കണങ്ങള്‍ മകളുടെ നെറുകയില്‍ പതിച്ചു.
തീവണ്ടി ചൂളംകുത്തി വന്നപ്പോള്‍ ബൂട്ടാസിംഗ് വാത്സല്യത്തോടെ മകളുടെ കൈപിടിച്ചു. ചേര്‍ത്തുനിര്‍ത്തി അവളുടെ നെറുകയില്‍ ഉമ്മ വച്ചു. വണ്ടി അടുത്തെത്തിയപ്പോള്‍ പൊടുന്നനെ തന്‍വീര്‍ പാളത്തിലേക്കു തെറിച്ചുവീണു. ബൂട്ടാസിംഗും തീവണ്‍ടിക്കു മുന്നിലേക്കു ചാടി. തന്റെ നിലവിളി ചൂളംവിളിയുടെ ഒച്ചയില്‍ ഇല്ലാതാകുന്നത് തന്‍വീര്‍ അറിഞ്ഞു.
ബൂട്ടസിംഗ് തല്‍ക്ഷണം മരിച്ചു. എന്തത്ഭുതമാണ് നടന്നതെന്നറിയില്ല. ഒരു പരിക്കുമില്ലാതെ തന്‍വീര്‍ (ആകാശത്തിലെ അത്ഭുതം) രക്ഷപെട്ടു. ചിതറിത്തെറിച്ചുപോയ അഛന്റെ മുന്‍പില്‍ കുമ്പിട്ടിരുന്നവള്‍ തേങ്ങിക്കരഞ്ഞു. അവള്‍ അപരിചിതമായ ഈ ലോകത്തില്‍ തീര്‍ത്തും ഒറ്റ.
ബൂട്ടാസിംഗിന്റെ ശരീരത്തില്‍നിന്നും തന്നെ ഉപേക്ഷിച്ച സെനിബിനുള്ള കത്ത് കണ്ടെടുത്തു. അവസാനത്തെ കുറിപ്പ്.
‘പ്രിയ സെനിബ്, നീ ആള്‍ക്കൂട്ടത്തിന്റെ ശബ്ദമാണ് ചെവിക്കൊണ്ടത്. അതൊരിക്കലും ആത്മാര്‍ത്ഥമല്ല. നിന്നൊടൊത്തു ജീവിക്കാനാണ് എനിക്കിപ്പോഴും ആഗ്രഹം. എന്റെ അവസാനത്തെ ആഗ്രഹം. ഒരപേക്ഷ, നീ എന്നെ നിന്റെ ഗ്രാമത്തില്‍ അടക്കണം. വല്ലപ്പോഴുമെങ്കിലും എന്റെ കുഴിമാടത്തില്‍ ഒരു പൂവുമായ് നീവരണം.എന്റെയൊപ്പം നമ്മുടെ മകളും വരുന്നു.’
ബൂട്ടസിംഗിന്റെ ആത്മഹത്യ പാകിസ്ഥാനില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. അയാളുടെ ശവസംസ്കാരം ദേശീയ ശ്രദ്ധ നേടിയ ഒന്നായി. 1957ഫെബ്രുവരി 22ന് ബൂട്ടാസിംഗിന്റെ ആഗ്രഹപ്രകാരം അയാളെ സെനിബിന്റെ ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍ ബന്ധുക്കളും രണ്ടാം ഭര്‍ത്താവും അനുവദിച്ചില്ല. ആ ശവമഞ്ചം ഗ്രാമത്തില്‍ കടക്കുന്നതിനെ അവര്‍ എതിര്‍ത്തു. അപ്പൊഴും തന്‍വീര്‍ കണ്ണീരൊഴുക്കി അഛനൊപ്പമുണ്ടായിരുന്നു.
ഇതൊരു കലാപത്തിന് കാരണമാകുമെന്നു ഭയന്ന ,അധികാരികള്‍ ബൂട്ടാസിംഗിനോടും മകളോടും അനുകമ്പ പ്രകടിപ്പിച്ചു പിന്തുടര്‍ന്ന ആയിരക്കണക്കിനാളുകളെയും ലാഹോറിലേക്കു മടക്കി വിളിച്ചു. അവിടെ എപ്പോഴും പൂത്തു നില്‍ക്കുന്ന ഒരു മലയുടെ താഴ്വാരത്തില്‍ ബൂട്ടാസിംഗിനെ അടക്കം ചെയ്തു.
ബൂട്ടാസിംഗിന് കിട്ടിയ ബഹുമതിയില്‍ രോഷാകുലരായ സെനിബിന്റെ ബന്ധുക്കള്‍ അയാളൂടെ ശവകുടീരം വികൃതമാക്കാന്‍ ആളയച്ചു. ഇത് ജനങ്ങള്‍ക്ക് കോപമുണ്ടാക്കി. അവര്‍ മറ്റൊരു മലയുടെ താഴ്വാരത്തില്‍ ബൂട്ടാസിംഗിനെ അടക്കം ചെയ്തു. പൂമരങ്ങള്‍ നട്ടുവളര്‍ത്തി അയാള്‍ക്ക് തണല്‍ നല്‍കി. അതു കാത്തുസൂക്ഷിക്കാന്‍ നൂറുകണക്കിനാളുകള്‍ കാവല്‍ നിന്നു.
തന്‍വീറിനെ ലാഹോറിലെ ഒരു കുടുംബം ദത്തെടുത്തു. വളര്‍ത്തി വലുതാക്കി. ഒരു എഞ്ചിനീയറെ കണ്ടെത്തി കല്യാണം നടത്തി. അവള്‍ പിന്നീട് ഭര്‍ത്താവിനോടും മൂന്ന് കുട്ടികളോടുമൊപ്പം ലിബിയയില്‍ താമസമാക്കി.
(അവലംബം: സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍- ലാരി കോളിന്‍സ്, ഡൊമിനിക് ലാപ്പിയര്‍)

40 comments:
എന്താ മാഷേ പറയുക...
പണ്ട് സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇന്ത്യയെയും പാക്കിസ്ഥാനേയും വിഭജിച്ച കാലത്ത് ഇതു പോലെയും അതിലും മോശമായതുമായ ഒരുപാടനുഭവങ്ങള്‍ നേരിടേണ്ടി വന്നവരെ പറ്റി കുറേ വായിച്ചിട്ടുണ്ട്.
പലപ്പോഴുമങ്ങനെയാണ്...നഷ്ടപ്പെടലിന്റെ വേദന മരണത്തിലേക്ക് രക്ഷപ്പെടാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു....പക്ഷേ നഷ്ടനൊമ്പര മാസ്വദിച്ച് ശിഷ്ടകാലം ജീവിച്ചുതീര്‍ക്കുന്നതാണ് ധീരത....അങ്ങനെ നോക്കുമ്പോള്‍ പ്രകൃതിയോടു പോരാടിജീവിക്കുന്ന ,ഒരിക്കലും ആത്മഹത്യ ചെയ്യാത്ത മൃഗങ്ങളാകുമോ നമ്മള്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ മാന്യതയര്‍ഹിക്കുന്നത്?????
‘പ്രിയ സെനിബ്, നീ ആള്‍ക്കൂട്ടത്തിന്റെ ശബ്ദമാണ് ചെവിക്കൊണ്ടത്. അതൊരിക്കലും ആത്മാര്‍ത്ഥമല്ല. നിന്നൊടൊത്തു ജീവിക്കാനാണ് എനിക്കിപ്പോഴും ആഗ്രഹം. എന്റെ അവസാനത്തെ ആഗ്രഹം. ഒരപേക്ഷ, നീ എന്നെ നിന്റെ ഗ്രാമത്തില്‍ അടക്കണം. വല്ലപ്പോഴുമെങ്കിലും എന്റെ കുഴിമാടത്തില്‍ ഒരു പൂവുമായ് നീവരണം.എന്റെയൊപ്പം നമ്മുടെ മ്കളുമുണ്ട്.’
ഒന്നും പറയാനില്ല.. സത്യത്തിൽ ഇന്ത്യക്ക് , അല്ല ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിൽ ഏറ്റവും അധികം ദുഖിച്ചത് നമ്മുടെ മഹാത്മാവായിരിക്കും.. ഒരിക്കൽ ഞാൻ ഒന്ന് ശ്രമിച്ചു അദ്ദേഹത്തെ കൊണ്ട് സംസാരിപ്പിക്കാൻ .. അപ്പോൾ എന്റെ മനസ്സിൽ തോന്നിയത്. ആദ്യകാല രചനായാണ്. .അക്ഷര തെറ്റുകൾ ഒത്തിരി കാണും..
http://manorajkr.blogspot.com/2009/09/blog-post_27.html
അതെ, എന്താണ് പറയേണ്ടതെന്നറിയില്ല. ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളിലെ അനുഭവങ്ങള്‍ പോലെ... വിഭജനത്തിന്റെ പേരില്‍ ആരും കാണാതെ പോയ ഒരുപാട് കണ്ണീരിന്റെയും നൊമ്പരതിന്റെയും ആത്മാഹുതിയുടെയും കണക്കുകളില്‍ ഇതും...
നന്നായി ഈ ശ്രമം.. തുടര്‍ന്നും എഴുതൂ..
ഹൃദയത്തെ നോവിക്കുന ഒരു കഥ..ചിലപ്പോഴെല്ലാം ചില നഷ്ടങ്ങളില്‍
നിന്നും മോചനം ലഭിക്കാന്‍
മരണത്തെ വരിക്കേണ്ടി വരുന്നു.
എല്ലാം മറക്കാന്‍ ഒരു പക്ഷെ ജീവിച്ചിരിക്കുമ്പോള്‍
ചെറിയ മനസ്സിന് കഴിഞ്ഞെന്നു വരില്ല്യ.
വളരെ ഇഷ്ടമായി..
നന്നായി പറഞ്ഞിരിക്കുന്നു, ഇഷ്ട്ടായി കൂടെ ഇത്തിരി സങ്കടവും
ആശാനെ , അഹങ്കാരമാണ് എന്ന് തോന്നരുത് , വായിച്ചിട്ടുണ്ട് ഈ പുസ്തകം . ഈ കഥയും വായിച്ചിട്ടുണ്ട് . ജീവിതത്തില്‍ " തരിച്ചിരുന്നു" പോയ ചില നിമിഷങ്ങളാണ് ആ പുസ്തകം തന്നത് . അത്രയ്ക്ക് "വലിയ" ഒരു പുസ്തകം . ആ അനുഭവം വീണ്ടും ഓര്‍മപ്പെടുത്തിയതിന് നന്ദി പറയുന്നില്ല . കാരണം അതിലെ പലതും ഓര്‍ക്കാന്‍ കൂടി എനിക്കിഷ്ടമില്ല .
പിന്നെ ഒരു തിരുത്ത് മണിക്കൂറില്‍ ഇരുപതു കിലോമീറ്റര്‍ വേഗത്തില്‍ ആണോ ആ വിമാനം പറയുന്നത് ? അഞ്ഞൂറ് കിലോമീറ്റര്‍ വഗത്തില്‍ എന്നാണു എന്റെ ഓര്‍മ . എന്തായാലും കഥയാണല്ലോ പ്രധാനം .
വീണ്ടും വരാം . ആശംസകള്‍ .
ശ്രീ, നീനാ,മനോ, സുമേഷ്, ലച്ചു,ഹാഷിം, പ്രദീപ്. എന്റെ ഒരു വേദനയാണീ കഥ. അത് ഏറ്റെടുത്തതില്‍ സന്തോഷം. പ്രദീപ്, മനോ, പറഞ്ഞ തിരുത്തലുകള്‍ വരുത്തിയിരിക്കുന്നു.
വിലകൊടുത്തു വാങ്ങിയ പതിനേഴുകാരിയെ ഒരു അടിമയാക്കാതെ സ്വന്തം ഗൃഹനാഥയാക്കി.
ചരിത്രം തിരിഞ്ഞ ദിശാസന്ധികളില്‍ പൊലിഞ്ഞ ജീവിതങ്ങള്‍ എത്ര ....ക്രൂരതയാല്‍ ജീവന്‍ വെടിഞ്ഞവര്‍ എത്ര ....വേര്‍പെടലുകളില്‍ സ്വബോധം നഷ്ടപ്പെട്ടവര്‍ എത്ര പെണ്ണായതുകൊണ്ട് പിച്ചിക്കീറപ്പെട്ടവര്‍ അങ്ങനെ തീരാത്ത കണക്കുകള്‍ ...ആശംസകള്‍
മനസ്സിനെ വല്ലാതെ പൊള്ളിക്കുന്ന കഥ ...
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍" വായിച്ചിട്ടുണ്ട്. ഒരു നിമിഷം ആ ഓര്‍മ്മകള്‍ മനസ്സില്‍ കലംബിയെത്തി.....സസ്നേഹം
Touching
കഥ ചരിത്രമാകുന്നു..
ചരിത്രം കഥയാവുന്നു..
നല്ല വിവരണം..
വലിയൊരു നോവല്‍ വായിച്ച അനുഭവം..
എഴുത്ത് പക്ഷേ,
ആനുകാലികങ്ങളില്‍ നോവലുകളോടെപ്പം കൊടുക്കുന്ന
'കഥയിതു വരെ' പോലെ..
കുറഞ്ഞ വാക്കുകളിള്‍... ഒതുക്കിപ്പറഞ്ഞിരിക്കുന്നു..
മുക്താര്‍ ഇത് യഥര്‍റ്ത്ഥത്തില്‍ ഒരു കഥയല്ല. ഒരു ചരിത്രമാണ്. പിന്നെ ബ്ലൊഗില്‍ catagorise ചെയ്യാന്‍ വേണ്ടി കഥ എന്നു കൊടുത്തെന്നെയുള്ളു. പറഞ്ഞത് ശരിയാ. ഒരു വലിയ നോവലിനുള്ള തീം ആണിത്. അങ്ങനെ വികസിപ്പിച്ചാലൊ...? സുകുമാരെട്ടാ,യാത്രികാ,കഥയെ,പാവപ്പെട്ടവനെ,നന്ദി.
aarum ariyaatha ottanavadhi sambhavangal........... othiri nannaayimashe......... aashamsakal.....
nanniyirikkunnnu... Pakshe.. Kadha Eluppam Paranju Theerkkan Sramichirikkunnu...
heart breaking story
ഹ്രദയ സ്പ്ര്ശിയായ ഒരു നല്ല കഥ...
ആശംസകള്‍ .....
ഹൃദയ സ്പര്‍ശിയായ ഒരു കഥ. അല്ല ജീവിതം. " ഒരു ജാതിയും ഒരു മതവും" ....
ജീവിതം കഥകളേക്കാള്‍ എത്രയും വിചിത്രവും സങ്കടകരവുമാണല്ലേ.ആള്‍ക്കൂട്ടത്തിന്റെ ശബ്ദത്തിനൊപ്പം നില്‍ക്കാതെ സ്വന്തം തീരുമാനം കൈക്കൊള്ളാന്‍ സെനിബിനു സാധിച്ചിരുന്നെങ്കിലെന്നു വെറുതേ ആഗ്രഹിച്ചു പോയി..:(
സത്യത്തിന്റെ നീറുന്ന കാഴ്ച്ചകളാണല്ലൊ മുഴുവൻ...
വളരെ ശക്തമായഭാഷയോടുകൂടി വിവർത്തനം ചെയ്തിരിക്കുന്നൂ..കേട്ടൊ ഭായി
വളരെ ഹൃദയ സ്പർശിയായ വിവരണം.
ഇതിൽ നിന്നെന്താ മനസ്സിലാക്കേണ്ടതു് ? സ്നേഹത്തിനു് അതിർവരമ്പുകളില്ല, വേലികളും
വേലിക്കെട്ടുകളും സങ്കുചിതമായ മനസ്സിന്റെ വികലമായ സൃഷ്ടികൾ മാത്രമാണെന്നു്...! ഇതു്
സമൂഹം തിരിച്ചറിയണം അതിനു് നമ്മുടെ നിയമങ്ങൾ മാറണം അല്ല, മാറ്റണം...
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഇതുവരെയും വായിക്കാൻ കഴിയാതെ പോയ പുസ്തകങ്ങളിൽ ഒന്നാണു്. അതിന്റെ സങ്കടം ഇപ്പോഴുമുണ്ട്.
മുറിഞ്ഞു പോയത് രാജ്യം മാത്രമല്ല ഓരോരുത്തരുടെ ഹൃദയം കൂടിയാണെന്നു് ഈ പുസ്തകം പറയുന്നതായി എനിക്കു തോന്നുന്നു.
ഈ സംക്ഷിപ്ത രൂപം വായിച്ചപ്പോൾ, സുഹൃത്തെ പിളർന്നു പോയത് എന്റെ ഹൃദയം തന്നെയാണു്.
ഈ കഥ സിനിമയായി ഞാന്‍ കണ്ടിട്ടുണ്ട്. സിനിമയില്‍ കഥ ശുഭപര്യവസാനിയാണ്. സിനിമയേക്കാളും നന്നായി മാഷടെ എഴുത്ത്.
കൊള്ളാം ആശംസകള്‍....
വിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...
വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !
വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനു വല്ലാത്ത ഒരു പിരിമുറുക്കം...നന്നായി അവതരിപ്പിച്ചിരിക്കുന്നു...
വളരെ ഹൃദയ സ്പർശിയായ വിവരണം.
വിഷു ആശംസകള്‍...
ഇങ്ങനെ എത്ര മനുഷ്യർ. ഇവരൊക്കെ മരിച്ച് ജീവിച്ച നമ്മുടെ നാട്, നമ്മൾ നേടിയ സ്വാതന്ത്ര്യം........ ഉത്തരേന്ത്യയുടെ വഴികളിൽ കണ്ണീരും രക്തവും കൊണ്ട് നീറുന്ന അഗ്നി ഇപ്പോഴും ആളിപ്പടരാൻ നിമിഷാർദ്ധം പോലും ആവശ്യമില്ല.
നമ്മൾ അതിർത്തികൾ വെട്ടി മുറിച്ചുണ്ടാക്കിയത് രണ്ട് രാജ്യങ്ങളെ ആയിരുന്നില്ല, ഒരിയ്ക്കലും ഉണങ്ങാത്ത മുറിവുകൾ പേറുവാൻ വിധിയ്ക്കപ്പെട്ട നിസ്സഹായരെയായിരുന്നു.
നാവു നഷട്പ്പെട്ട സ്തീകള്‍ എന്നു എക്കാലവും എവിടെയും .അന്നു ഇന്നും വലിയ മാറ്റം ഒന്നും ഞാന്‍ കാണുന്നില്ല സുരേഷ്.
ഇതു വായിച്ചപ്പോള്‍ വല്ലാതെ വേദനിച്ചു മനസ്സ്.
ആശംസകള്‍ .........
എന്താ പറയാ….. തൊണ്ടയിലെ വെള്ളം വറ്റി എന്നൊക്കെ പറയില്ലെ…!! ഒരു ചരിത്രം ഇതു പോലെ എത്ര എത്ര നൊമ്പരപ്പെടുത്തുന്ന ചരിത്രങ്ങള്‍..!!
നല്ല മുറുക്കത്തില്‍ നന്നായി പറഞ്ഞിരിക്കുന്നു. വായിക്കുന്നവനെ കൂട്ടിച്ചേര്‍ക്കാന്‍ പാകത്തില്‍ വേദനയുടെ നൂല്‍ നന്നായി ഇഴ ചേര്‍ന്നിരിക്കുന്നു. ആശംസകള്‍.
കുറച്ചു നാളുകളായി ഈ പുസ്തകം എന്‍റെ കൈയില്‍ ഇരിക്കുന്നു...
വായിച്ചു തുടങ്ങാന്‍ ഈ ബ്ലോഗ് ഒരു പ്രചോദനമാണ്.
പ്രിയ സുരേഷ്, ഈ പോസ്റ്റ് ഞാന്‍ ഇപ്പോഴാണ് വായിച്ചത്. വായിച്ചില്ലെങ്കില്‍ വലിയൊരു നഷ്ടമാകുമായിരുന്നു. മനസ്സില്‍ വല്ലാത്ത ഒരു തേങ്ങലും ഭാരവും തോന്നി. സഹിക്കാന്‍ പറ്റാത്തവിധം അതിശക്തമായി എഴുതിയിരിക്കുന്നു. മതങ്ങള്‍ മനുഷ്യനെ ഇങ്ങനെയും ഭ്രാന്തരാക്കുമോ?
സുരേഷ്,
ഈ പോസ്റ്റ് ഞാന്‍ ഇതിനു മുന്‍പേ ഇവിടെ വന്ന് വായിച്ചിരുന്നു. തിരക്കു കാരണം ഒന്നും പറയാതെ പോയതാണ്. കവിതയും, അതുപോലെതന്നെ ഗദ്യവും നല്ല ശക്തമായ ഭാഷയില്‍, വായനക്കാരെ പിടിച്ചിരുത്തും വിധം എഴുതാന്‍ സുരേഷിന് സാധിക്കുന്നുണ്ട്. അതു കൊണ്ടാണ് ഞാന്‍ സുരേഷിനെ "ബഹുമുഖ പ്രതിഭ" എന്ന് വിശേഷിപ്പിച്ചത്.
ഈ കഥ വായിച്ചു തീര്‍ന്നപ്പോള്‍ ഞാനാകെ ചിന്താകുഴപ്പത്തിലായി. ആരുടെ നേര്‍ക്കാണ് ഞാന്‍ വിരല്‍ ചൂണ്ടേണ്ടത്? ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?..
സെനിബിന് കോടതിയിന്‍ വെച്ച് "എനിക്കെന്റെ ഭര്‍ത്താവിനേയും, മകളേയും മതിയെന്ന് പറയാമായിരുന്നില്ലേ?, എന്നിട്ടവരോടൊന്നിച്ച് പോകാമായിരുന്നില്ലേ?" എന്ന് വെറുതെ ആശിച്ചുപോയി...
ഇനിയും എഴുതൂ.. വായിക്കാനായി ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നുണ്ട്...
അതുകൊണ്ട് മൗനവ്രതത്തെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. :)
കഥ എന്നൊരു ലേബല്‍ ??
..
ഹൃദ്യം
അതിലേറെ
വേദനയും..
..
മാഷെ, നല്ലൊഴുക്കുള്ള എഴുത്ത്.
കാലിക ആശങ്കകള്‍ ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്നു.
ആശംസകള്‍
ഇത് കഥയോ അതോ സത്യമോ?
മനോഹരമായ കഥയുടെ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
അത്രയ്ക്ക് തീവ്രമായി പറഞ്ഞിരിക്കുന്നു.
ചരിത്രങ്ങള്‍ ഇങ്ങിനെ പറഞ്ഞാല്‍ മനസിലാക്കാനും, ഉള്‍ കൊള്ളാനും പറ്റും എന്നു തോന്നുന്നു.