Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

Friday, 9 April, 2010

പറയാന്‍ മറന്നത്

കരുതിവച്ചിട്ടുണ്ട് നിനക്കായ്

ഒരു വാക്കു ഞാന്‍.

എത്രയോ കാലമായ്.

ഇതുവരെ പറഞ്ഞതൊക്കെയും

ആ വാക്കിന്റെ മുഖവുര.

നിന്റെ കണ്ണില്‍ക്കൂടി കണ്ട

ലോകത്തിന്റെ ഭംഗിയിലുരഞ്ഞ്

അതിന്റെ പരുക്കന്‍ വക്കുകള്‍

മൃദുലമായിട്ടുണ്ട്.

ഇത്രനാളും ഞാനും നീയും

ഒപ്പം നടന്ന പൊള്ളുന്ന വഴിയില്‍ വീണ്

വാക്കിന്റെ ഉള്ളുപൊള്ളിയിട്ടുണ്ട്.

നിന്നോടു പറയാത്ത പ്രിയവാക്കല്ല

നിന്നോടു പറയാത്ത മുനവാക്കല്ല

എന്റെയും നിന്റെയും

സങ്കടങ്ങളുടെ ചായംകൊണ്ട്

ഞാനതിന്റെ മുഖം മിനുക്കിയിട്ടുണ്ട്.

അലര്‍ച്ചകളുടെയും ഘോഷങ്ങളുടെയും

ഇടയില്‍നിന്നും ഞാനതിനെ

രക്ഷപെടുത്തിവച്ചിട്ടുണ്ട്.

പറഞ്ഞില്ല ഞാനിതുവരേയ്ക്കും

പറയേണ്ടതായിരുന്നു,

പറഞ്ഞുപോകുമായിരുന്നു.

എത്രയാളുകള്‍ ഉച്ചരിച്ചിട്ടുണ്ടാകാം

നിന്നോടിത്.

പക്ഷേ എന്റെ വാക്ക് ഉച്ചിഷ്ടമല്ല.

ചില കാല്പനിക മുഹൂര്‍ത്തങ്ങളില്‍:

(നിലാവിന്റെ കടല്‍ക്കരയില്‍

നീലാകാശത്തിന്റെ ചുവട്ടില്‍

വനതടാകത്തിനരുകിലെ വള്ളിക്കുടിലില്‍

മാമ്പൂ മണക്കുന്ന ഇടവഴികളില്‍

ഇല പൊഴിയുന്ന ശിശിരത്തില്‍

നാമൊന്നിച്ചൊഴുകിയ നദിയുടെ മാറില്‍

അങ്ങനെയങ്ങനെ എവിടെയൊക്കെയോ വച്ച്)

ഞാനിത് നിന്നോട് പറഞ്ഞുപോയേനെ.

ചില ഏകാന്തനേരങ്ങളില്‍

കാറ്റിനോടോ കടലിനോടൊ

മഴമേഘത്തോടോ മൌനത്തോടോ

പറഞ്ഞുപോയിട്ടുണ്ട് ഞാന്‍.

വിശ്വസ്തരാണവര്‍

രഹസ്യം പറഞ്ഞില്ല നിന്നോടിതുവരെ.

ചില അകാല്പനിക നേരങ്ങളിലും:

(കണ്ണീരും കിനാവും ഒലിച്ചൊഴുകിയപ്പോള്‍

മതിലുകള്‍ മനുഷ്യരെ മറച്ചപ്പോള്‍

സഹോദരന്റെ ചോര ചവുട്ടിനടന്നപ്പോള്‍

അങ്ങനെയങ്ങനെ എപ്പോഴൊക്കെയോ)

നിലവിളിച്ചു പറയാനാഞ്ഞിട്ടുണ്ട്

നിന്നോടീ വാക്കു ഞാന്‍.

സമയമായില്ല സമയമായില്ല

എന്നു വാക്കെന്നെ പിന്നെയും വിലക്കി.

ഇപ്പോഴാണ് കാലം

നിന്റെ കണ്ണുകളിലേക്കു നോക്കി

എന്നെ കണ്ടത്ഭുതപ്പെട്ടു പറയണം.

നില്‍ക്കൂ; നീ പറയാന്‍ തുടങ്ങുന്നു.

“നിന്റെ വാക്കിന്റെ

ഭാരമെനിക്കു താങ്ങുവാന്‍ വയ്യ

നീ കരുതിയ കാലമെനിക്കു

സഹിക്കുവാന്‍ വയ്യ

അതിന്റെ പരുപരുത്ത ചരിത്രമെനിക്ക്

ഏറ്റെടുക്കാന്‍ വയ്യ.

ഒരോ നിമിഷവും ഞാന്‍ പേടിച്ചു.

നീ പറയുമെന്നോര്‍ത്ത്.

ഇല്ലില്ല എല്ലാം ശാന്തം.

നിന്നിലെ എനിക്കും

എന്നിലെ നിനക്കും വിട.

നീ വാക്കിന്റെ മൂര്‍ച്ച കൂട്ടുക

ആവോളം സങ്കടം നിറയ്ക്കുക

കൂടുതല്‍ ഏകാന്തമാക്കുക

വരുമൊരാള്‍ കരുത്തുറ്റ നെഞ്ചുമായ്

നിന്റെ വാക്കിന്റെ മുനയേറ്റുവാങ്ങാന്‍.

ഇപ്പോള്‍ ഞാന്‍ പോകട്ടെ.

കോറസ്സ്:

നീയോ പറഞ്ഞത്, ഞാനോ പറഞ്ഞത്

വിട, നീയായിരിക്കാം

അല്ല ഞാനായിരിക്കാം.

(കെ.ജി.ശങ്കരപ്പിള്ളയുടെ അന്യാധീനം,

ഡി. വിനയചന്ദ്രന്റെ മഴയുടെ കലണ്ടര്‍ എന്നീ കവിതകളോട് കടപ്പാട്.)

27 comments:

Vayady said...

ആത്മാവുള്ള കവിത! അതുകൊണ്ടുതന്നെ ഇതിന്‌ ജീവന്റെ തുടിപ്പ്!!!

പട്ടേപ്പാടം റാംജി said...

"സമയമായില്ല സമയമായില്ല
എന്നു വാക്കെന്നെ പിന്നെയും വിലക്കി."

സമയമായപ്പോള്‍ പറഞ്ഞത്‌ മറ്റൊന്ന്....
നന്നായി മാഷെ.

Vayady said...

“നിന്റെ വാക്കിന്റെ
ഭാരമെനിക്കു താങ്ങുവാന്‍ വയ്യ
നീ കരുതിയ കാലമെനിക്കു
സഹിക്കുവാന്‍ വയ്യ
അതിന്റെ പരുപരുത്ത ചരിത്രമെനിക്ക്
ഏറ്റെടുക്കാന്‍ വയ്യ.
ഒരോ നിമിഷവും ഞാന്‍ പേടിച്ചു.
നീ പറയുമെന്നോര്‍ത്ത്."

മനോഹരമായ വരികള്‍!!

Anonymous said...

vayichu.......

n.b.suresh said...

വായാടിക്കും റാംജിക്കും ഇരിക്കട്ടെ ഒരു പിടി തൂവലുകള്‍

n.b.suresh said...

മൈത്രെയി ആദ്യമായി വന്നപ്പൊള്‍ ഒന്നും തനില്ലെന്നു വേണ്ട. ഇരിക്കട്ടെ നന്ദിയുടെ ഒരു സ്നേഹത്തൂവല്‍.

വഷളന്‍ (Vashalan) said...

കിടിലം. കൂടുതല്‍ പറയാന്‍ എന്റെ വാക്കുകള്‍ക്ക് ശക്തി പോര.

SHAIJU :: ഷൈജു said...

theerchayayum parayan marannu poya oru prenayathe ormippikkunnu
ororutharudeyum ullil urangikidakkunna parayathe poya prenayangal

nunachi sundari said...

വായിച്ചപ്പോള്‍ ഒരു പാട്ട് ഓര്‍മ വന്നു;
"പറയാതിനി വയ്യ..
പറയാനും വയ്യ.."
പക്ഷെ ഞാന്‍ പറയും-മനോഹരം !

പ്രദീപ്‌ said...

ചില ഏകാന്തനേരങ്ങളില്‍

കാറ്റിനോടോ കടലിനോടൊ

മഴമേഘത്തോടോ മൌനത്തോടോ

പറഞ്ഞുപോയിട്ടുണ്ട് ഞാന്‍.

വിശ്വസ്തരാണവര്‍

രഹസ്യം പറഞ്ഞില്ല നിന്നോടിതുവരെ.
എന്തൊക്കെയോ എന്നെ ഓര്‍മപ്പെടുത്തുന്നു .

നീ വാക്കിന്റെ മൂര്‍ച്ച കൂട്ടുക

ആവോളം സങ്കടം നിറയ്ക്കുക

കൂടുതല്‍ ഏകാന്തമാക്കുക

വരുമൊരാള്‍ കരുത്തുറ്റ നെഞ്ചുമായ്

നിന്റെ വാക്കിന്റെ മുനയേറ്റുവാങ്ങാന്‍.

ഇപ്പോള്‍ ഞാന്‍ പോകട്ടെ.

വരുമൊരാള്‍ അല്ല , ഞാന്‍ വരും എന്നായിരുന്നെങ്കിലോ ? അതല്ലേ കൂടുതല്‍ ചേര്‍ച്ച . കവിത എനിക്ക് വഴങ്ങില്ല , എങ്കിലും ഒരു മണ്ടന്‍ അഭിപ്രായം .........

പാവപ്പെട്ടവന്‍ said...

ലതിമായ വാക്കുകളില്‍ കവിത അതിന്‍റെ മാനംതേടുന്നു....മനോഹരം ആശംസകള്‍

ശ്രീ said...

പറഞ്ഞതാരായാലും
പറയേണ്ടിയിരുന്നില്ല...

നന്നായിരിയ്ക്കുന്നു മാഷേ. വളരെ ഇഷ്ടപ്പെട്ടു.

"വരുമൊരാള്‍ കരുത്തുറ്റ നെഞ്ചുമായ്
നിന്റെ വാക്കിന്റെ മുനയേറ്റുവാങ്ങാന്‍..."

ഇനിയും വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടി വയ്ക്കുക... ആശംസകള്‍!

Kalavallabhan said...

"കാറ്റിനോടോ കടലിനോടൊ
മഴമേഘത്തോടോ മൌനത്തോടോ
പറഞ്ഞുപോയിട്ടുണ്ട് ഞാന്‍.
വിശ്വസ്തരാണവര്‍
രഹസ്യം, പറഞ്ഞില്ല നിന്നോടിതുവരെ."

ഇഷ്ടമായി.

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

'നീയോ പറഞ്ഞത്, ഞാനോ പറഞ്ഞത്
വിട, നീയായിരിക്കാം
അല്ല ഞാനായിരിക്കാം.'
കോറാസ്സുകാരില്‍ ഞാനും കൂടുന്നു..

നല്ല എഴുത്ത്...

ഒരു യാത്രികന്‍ said...

എവിടെയോക്കെയോ തൊട്ടുതലോടിയതുപോലെ...മൃദുവാവാത്ത വാക്കിന്റെ വക്കുകള്‍ എവിടെയൊക്കെയോ തട്ടിമുറിഞ്ഞു........സസ്നേഹം

സ്മിത മീനാക്ഷി said...

വാക്കിന്റെ യാദൃച്ഛികത തേടി വന്നതാണു, പറയാതിരിക്കുമ്പോള്‍, ആ വാക്കിനെന്തു മുഴക്കം...

lekshmi said...

നിന്റെ വാക്കിന്റെ
ഭാരമെനിക്കു താങ്ങുവാന്‍ വയ്യ
നീ കരുതിയ കാലമെനിക്കു
സഹിക്കുവാന്‍ വയ്യ
അതിന്റെ പരുപരുത്ത ചരിത്രമെനിക്ക്
ഏറ്റെടുക്കാന്‍ വയ്യ.
ഒരോ നിമിഷവും ഞാന്‍ പേടിച്ചു.
നീ പറയുമെന്നോര്‍ത്ത്."
പറയാതെ വയ്യ....മനോഹരം

തൂലിക said...

നിന്റെ കണ്ണില്‍ക്കൂടി കണ്ട

ലോകത്തിന്റെ ഭംഗിയിലുരഞ്ഞ്

അതിന്റെ പരുക്കന്‍ വക്കുകള്‍

മൃദുലമായിട്ടുണ്ട്.

ഇത്രനാളും ഞാനും നീയും

ഒപ്പം നടന്ന പൊള്ളുന്ന വഴിയില്‍ വീണ്

വാക്കിന്റെ ഉള്ളുപൊള്ളിയിട്ടുണ്ട്.

നിന്നോടു പറയാത്ത പ്രിയവാക്കല്ല

നിന്നോടു പറയാത്ത മുനവാക്കല്ല

എന്റെയും നിന്റെയും

സങ്കടങ്ങളുടെ ചായംകൊണ്ട്

ഞാനതിന്റെ മുഖം മിനുക്കിയിട്ടുണ്ട്.
നല്ല കവിത ....ആത്മാവുള്ള വരികള്‍ ...........

നന്ദന said...

ഈ കവിത ഞാൻ വായിച്ചിട്ടില്ല, പക്ഷെ കംന്റുകൾ മുഴുവനും വായിച്ചു. കവിതയിലെ വരികൾ എല്ലാവരുംകൂടി മുഴുവനായും കോപ്പിചെയ്തിട്ടുണ്ടല്ലോ? പിന്നെന്തിന് കവിത വായിക്കണം. കവിത ഉഗ്രൻ

Anonymous said...

നന്ദനയുടെ കമന്റ് എന്നെ വീണ്ടും ഇവിടെ എത്തിച്ചു. ഞാന്‍ പലപ്പോഴും ചിന്തിക്കുകയും ഒരു പോസ്റ്റ് ഇടണമെന്നു കരുതുകയും ചെയ്ത വിഷയം......കമന്റാന്‍ ഏറ്റവും എളുപ്പമുള്ള വഴി....പോസ്സ്റ്റ് ഭാഗം തന്നെ കോപ്പി....പെയ്സ്റ്റ്. ആരെയും കുറ്റപ്പെടുത്തിയതല്ല കേട്ടോ. ഞാന്‍ വിചാരിച്ച കാര്യം മറ്റൊരാള്‍ പറഞ്ഞതുകൊണ്ട് ഇത്രയും പറഞ്ഞുവെന്നു മാത്രം.

kathayillaaththaval said...

നന്നായിട്ടുണ്ട് കവിത ...
ആശംസകളും അഭിനന്ദനങ്ങളും ..

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

ആരൊടൊ പറഞ്ഞിട്ടുണ്ടാവണം....
അതൊ...പറഞ്ഞെന്ന തോന്നലൊ...

നന്നായി ....

ഇതു പോലെയല്ലെങ്കിലും ഒന്നിവിടെയുണ്ട്...

http://chaithram-new.blogspot.com/2009/12/blog-post_11.html

ബിലാത്തിപട്ടണം / Bilatthipattanam said...

കവിതയിലുള്ള ഈ കേമത്വത്തെ വാഴ്ത്തിക്കൊള്ളുന്നൂ

ഭാനു കളരിക്കല്‍ said...

മഷേ, ഞാന്‍ എന്തു തേടി നടന്നോ, അതു ലഭിച്ചു.

നിയ ജിഷാദ് said...

കൊള്ളാം ആശംസകള്‍....

Anonymous said...

നല്ല കവിത ഇതാണു കവിത വളരെ ഇഷ്ട്ടമായി ...
ആശംസകൾ

സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) said...

'നീയോ പറഞ്ഞത്, ഞാനോ പറഞ്ഞത്
വിട, നീയായിരിക്കാം
അല്ല ഞാനായിരിക്കാം.'

നല്ല വരികള്‍ സുരേഷ് സര്‍..
thankis for de comments in my blog. ഇനിയും വരുമല്ലോ :)