Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Monday 30 January, 2012

ഭൂഖണ്ടങ്ങള്‍ താണ്ടി ഒരു നെഞ്ചിന് നേരേ.....


ന്നം പിഴക്കാത്ത ഒരു കൈത്തോക്ക്. അതായിരുന്നു പ്രശ്നം. ഗാന്ധിജിയെ കൊല്ലാന്‍ തീരുമാനിച്ച നാഥുറാം വിനായക ഗോഡ്സെയും കൂട്ടരെയും ഒരുപാട് കുഴക്കിയ കടമ്പ അതായിരുന്നു.

ഗാന്ധിവധത്തിലെ സൂത്രധാരന്മാര്‍ നാരായണ്‍ ആപ്തെ, സവര്‍ക്കര്‍, നാഥുറാം ഗോഡ്സെ,
അനിയന്‍ ഗോപാല്‍ ഗോഡ്സെ, വിഷ്ണു കാര്‍ക്കറെ, ശങ്കര്‍ കിസ്തിയ, മദന്‍ലാല്‍ പഹ്വ,
ദിഗംബര്‍ ബാഡ്ജെ, എന്നിവരായിരുന്നു.

1948 ജനുവരി 30ന് മുന്‍പ് പലതവണ ഗാന്ധിജിയെ വധിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എല്ലാ തവണയും ഒരേ ഗ്രൂപ്പായിരുന്നില്ല ഗാന്ധിജിയെ ഉന്നം വച്ചിരുന്നത്. ആദ്യത്തെ മൂന്നു തവണയും മഹാരാഷ്ട്രയിലായിരുന്നു മഹാത്മജിയുടെ എതിരാളികള്‍ തക്കം പാര്‍ത്തിരുന്നത്.

1934 ജൂലൈയില്‍ പൂനയ്ക്കടുത്ത് തൊട്ടുകൂടായ്മക്കെതിരെ പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന വേളയിലാണ് ഗാന്ധിജിയെ അവര്‍ അവര്‍ ഉന്നം വച്ചത്. 1944 സെപ്തംബറില്‍ സേവാഗ്രാമത്തില്‍ വച്ച് രണ്ടാമത്. മൂന്നാമത്തെ തവണ വീണ്ടും പൂനയില്‍,ഗാന്ധിജി യാത്ര ചെയ്തിരുന്ന തീവണ്ടി പാളം തെറ്റിക്കാന്‍ ശ്രമം നടന്നു,1946 സെപ്തംബറില്‍. നാലാം തവണ 1948 ജനുവരി 20ന് ബിര്‍ലാമന്ദിരത്തില്‍ പ്രാര്‍ത്ഥനാസമയത്താണ് ഗാന്ധിജിയുടെ ജീവനു നേരേ അവര്‍ ഭീഷണി ഉയര്‍ത്തിയത്.

1948 ജനുവരി 19ന് ഗോഡ്സേയും സംഘവും ബിര്‍ളാമന്ദിരത്തിനടുത്ത് ഗോള്‍ മര്‍ക്കറ്റിന് സമീപം
ഹോട്ടല്‍ മറിനയിലെ റൂം നമ്പര്‍ 106ല്‍ ഒത്തുകൂടി. മഹാത്മാവിനെ വധിക്കാനുള്ള പദ്ധതികള്‍
ആസൂത്രണം ചെയ്തു. പക്ഷെ അത്തവണയും അവരുടെ പദ്ധതി പാളിപ്പോയി. അദ്ദേഹത്തിന്റെ വിലപ്പെട്ട
ജീവന് പത്ത് ദിവസം കൂടി ആയുസ്സ് നീട്ടിക്കിട്ടി.

ജനുവരി 30ന് ഗാന്ധിജി വധിക്കപ്പെട്ടിരുന്നില്ലങ്കിലോ, ചരിത്രം മറ്റൊന്നാകുമായിരുന്നു. ഫെബ്രുവരി 3ന്
അദ്ദേഹം പാകിസ്താനിലേക്ക്പോകുമായിരുന്നു. ഒരു സമാധാന യാത്ര. അത് തടയുന്നതിന് കൂടിയാ‍ണ്
ഗാന്ധിജി അടിയന്തിരമായി കൊല്ലപ്പെടണമെന്ന് അവര്‍ ആഗ്രഹിച്ചത്. ( പാകിസ്താനിലേക്കു തിരിച്ചുചെല്ലുന്ന
സിക്കുകാരെയും ഹിന്ദുക്കളെയും ഗാന്ധിജി നയിക്കണമെന്നും 50മൈല്‍ നീളമുള്ള അ സമാധാന ഘോഷയാത്ര കാണാന്‍ ലക്ഷ്ക്കണക്കിന് പാകിസ്താനികള്‍ ആഗ്രഹിച്ചിട്ടുണ്ടെന്നും പാകിസ്താനില്‍ നിന്നു വന്ന
ഒരു സന്ദര്‍ശകന്‍ ഗാന്ധിജിയോടു പറഞ്ഞിരുന്നു.)

അതെ ഉന്നം പിഴക്കാത്ത തോക്ക് കിട്ടാന്‍ വൈകി. ഇനി ജനുവരി 30നും വധം നടന്നിരുന്നില്ലങ്കിലൊ?
ഫെബ്രുവരി 3ന് കാല്‍നടയായി അദ്ദേഹം പാകിസ്താനിലെത്തുമായിരുന്നു. നമുക്കൊരു രക്തസാക്ഷിദിനം ഉണ്ടാകുമായിരുന്നില്ല. ഇനി അതിനുമുന്‍പേയുള്ള അവരുടെ പദ്ധതികള്‍ വിജയിച്ചിരുന്നെങ്കിലോ? നമ്മുടെ രക്തസാക്ഷിദിനം മറ്റേതെങ്കിലും ദിവസമാകുമായിരുന്നു.

പാകിസ്താനില്‍നിന്നും എല്ലാം ഇട്ടെറിഞ്ഞോടിയ മദന്‍ലാല്‍ പഹ്വ എന്ന 20കാരന്‍ ഗ്വാളിയോറിലെ
ഹോമിയോ ഡോക്ടറായ ദത്തത്രേയ ചച്ചുറെയുടെ അടുത്തെത്തി. അയാള്‍ പ്രതികാരദാഹിയാ‍യിരുന്നു.
അയാള്‍ അഭയാര്‍ഥികളായ മുസ്ലിങ്ങള്‍ക്കു നേരേ ഒരുപാട് അക്രമങ്ങള്‍ നടത്തി. ഒടുവില്‍ ആര്‍.എസ്.എസ്.
നേതാവായ വിഷ്ണു കാര്‍ക്കറെയുമായി ഒന്നിച്ചു.
ഈ സമയം നാരായണ്‍ ആപ്തെയും നാഥുറാം ഗോഡ്സേയും പൂനയില്‍ ഗാന്ധിജിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ആപ്തെയാണ് സന്യാസിവേഷം ധരിച്ച് ആയുധക്കച്ചവടക്കാരനായ ദിഗംബര്‍ ബാഡ്ജെയുമായി ബന്ധം സ്ഥാപിക്കുന്നത്. (മുന്‍പ് മുഹമ്മദാലി ജിന്നയെ സ്വിറ്റ്സര്‍ലണ്ടില്‍ വച്ചു കൊല്ലാന്‍ പ്ലാനിട്ടപ്പോള്‍ ആപ്തെ ബാഡ്ജെയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അന്നു ജിന്ന യാത്ര റദ്ദാക്കിയതിനാല്‍ രക്ഷപെടുകയായിരുന്നു.) 1948 ജനുവരി 1ന് കാര്‍ക്കറെയും പഹ്വയും സംഭരിച്ചിരുന്ന ആയുധക്കൂമ്പാരം പോലീസ് കണ്ടെത്തിയതിനാല്‍ പൂനയിലേക്കു രക്ഷപ്പെട്ടു.

അവര്‍ പൂനയില്‍ ഗോഡ്സെയുടെയും ആപ്തെയുടെയുമൊപ്പം ചേര്‍ന്നു. ഗാന്ധിജി ജനുവരി 13ന്
ദല്‍ഹിയില്‍ ഉപവാസം തുടങ്ങി. അന്നവര്‍ ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിച്ചു. അവര്‍ ദല്‍ഹിയിലെത്തി.
ജനുവരി 18ന് ഗാന്ധിജി ഉപവാസം പിന്‍വലിച്ചു. 19ന് അദ്ദേഹം മൌനാചരണം നടത്തുന്ന
ബിര്‍ലാമന്ദിരത്തിനു പിന്നിലെ കാട്ടില്‍ ഗൂഡാലോചനാ സംഘം ആയുധപരിശീലനം നടത്തി.

20ന് പ്രാര്‍ത്ഥനായോഗത്തില്‍ വച്ച് ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിച്ചു.
അതിനു മുന്‍പ് 1947 ആഗസ്ത് 15ന് തന്നെ അദ്ദേഹത്തെ കൊല്ലാന്‍ പദ്ധതിയിട്ടെങ്കിലും തോക്ക്
കിട്ടാന്‍ വൈകുമെന്ന് ബാഡ്ജെ പറഞ്ഞു.അങ്ങനെയാണ് അവര്‍ ലക്ഷ്യം നീട്ടിവച്ചത്. ദല്‍ഹിയിലെക്കു
പുറപ്പെടുമ്പോള്‍ ഗ്ഗോപാല്‍ ഗോഡ്സേയുടെ കൈയില്‍ 200 രൂപ കൊടുത്തു വാങ്ങിയ ഒരു തോക്കുണ്ടായിരുന്നു. അതു പരീക്ഷിച്ഛു നോക്കിയപ്പോള്‍ പുക പോലും വന്നില്ല. ദിഗംബര്‍ ബാഡ്ജെ കൊണ്ടുവന്ന തോക്കു പൊട്ടി. പക്ഷെ, ആദ്യ വെടിയുണ്ട പാതിവഴിയില്‍ വീണു.വീണ്ടും പൊട്ടിയപ്പോള്‍ ഉന്നം പിഴച്ചു. അങ്ങനെ അതു പാളി.

ഗാന്ധിജി പ്രാര്‍ത്ഥിക്കുമ്പോള്‍ പിന്നിലെ മുറിയില്‍ നിന്ന് ഗോപാല്‍ ഗോഡ്സേ വെടിവയ്ക്കും.
പഹ്വയും കാര്‍ക്കറെയും ബോംബെറിയും. അതായിരുന്നു പദ്ധതി. മന്ദിരത്തിലെ സേവകന് കൈക്കൂലി കൊടുത്ത് അകത്തു കയറി. പക്ഷെ ആപ്തെയുടെ ആസൂത്രണം പാളി. മുറിയുടെ ജനലിന് തറയില്‍ നിന്നുള്ള ഉയരം കൂടുതലായതിനാല്‍ വെടിപൊട്ടിക്കാന്‍ കഴിഞ്ഞില്ല.ഒടുവില്‍ പഹ്വയുടെ ബോംബു മാത്രം പൊട്ടി. അയാളെ പോലിസ് പിടികൂടി. ബാഡ്ജെ സ്ഥലംവിട്ടു. ആപ്തെയും ഗോഡ്സെമാരും കാ‍റില്‍ കയറിപ്പാഞ്ഞു.


28ന് വീണ്ടും ദല്‍ഹിയിലെത്തിയ ആപ്തെയും ഗോഡ്സെയും നേരേ ഗ്വാളിയോറിലെക്കു പോയി.
ദത്താത്രയ ചര്‍ച്ചുറെ തോക്കു സംഘടിപ്പിച്ചു. ഒരു ഓട്ടോമാറ്റിക് 9mm ബറേറ്റ പിസ്റ്റല്‍. സീരിയല്‍ നമ്പര്‍ 606824. ഉന്നം പിഴക്കാത്ത ഒന്നാംതരം നിര്‍മ്മിതി. പക്ഷെ ബിര്‍ളമന്ദിരത്തിലെത്തുന്നതിന് മുന്‍പ് അത് ലോകത്തിന്റെ പകുതി ഭാഗം യാത്ര ചെയ്തു കഴിഞ്ഞിരുന്നു. 1934ല്‍ ഇറ്റലിയിലണ് ഈ കൈത്തോക്ക് നിര്‍മ്മിച്ചത്. മുസ്സോളിനിയുടെ സൈന്യം അബിസീനിയയിലേക്ക് പോയപ്പോള്‍
ഒരു സൈനികന്‍ അത് കൈയില്‍ കരുതി.

നാലാംഗ്വാളിയോര്‍ ഇന്‍ഫന്ററി റെജിമെന്റിലെ ഒരു ഉദ്യോഗസ്ഥന്‍ യുദ്ധവിജയത്തിന്റെ പ്രതീകമായി
അത് പിടിച്ചെടുത്തു.(അബിസീനിയയില്‍ ഇറ്റലിക്കാരെ തോല്‍പ്പിച്ച സംഘമാണ് ഗ്വാളിയോര്‍ ഇന്‍ഫന്ററി)ഈ തോക്ക് ഗ്വാളിയോറിലെത്തിയത് ആ ബറ്റാലിയനിലെ കമാന്‍ഡിംഗ് ഓഫീസ്സര്‍ കേബ്ബല്‍ വി.വി.ജോഷി വഴിയാണെന്ന് ഒരു ശ്രുതി അന്നു പ്രചരിച്ചിരുന്നു.

. ഒടുവില്‍ ആ തോക്ക് ജഗദീഷ് പ്രസാദ് ഗോയലിന്റെ കൈകളിലെത്തി.
അയാളത് ദന്തവതെ എന്നയാള്‍ക്ക് നല്‍കി. അയാളുടെ കൈയില്‍ നിന്നാണ് ചര്‍ച്ചുറെ വഴി അത് ഗോഡ്സെയുടെ
കൈയിലെത്തുന്നത്.

1948 ജനുവരി 30ന് വൈകിട്ട് 5 മണി കഴിഞ്ഞു. ഗാന്ധിജിയുടെ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് നേരമായി
അദ്ദേഹം അപ്പോള്‍ സര്‍ദാര്‍ വല്ലഭായി പട്ടേലുമായി ചര്‍ച്ചയിലായിരുന്നു. തന്റെ ജീവിതത്തിലെ
അവസാന കൂടിക്കാഴ്ച. നെഹ്രുവുമായുള്ള പ്രശ്നം പറഞ്ഞു തീര്‍ക്കുകയായിരുന്നു.(അന്ത്യനിമിഷത്തിന്
തൊട്ടുമുന്‍പും കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു അദ്ദേഹം.)
പത്തു മിനിറ്റുകൂടി കഴിഞ്ഞപ്പോള്‍ മനു വച്ചിനു നേര്‍ക്ക് മുദ്ര കാണിച്ച് സമയം വൈകി എന്നറിയിച്ചു.
അദ്ദേഹം പട്ടേലിനോടു പറഞ്ഞു. നിങ്ങള്‍ എന്നെ സ്വതന്ത്രനാക്കണം. എനിക്ക് ദൈവയോഗത്തിനു പോകാന്‍
നേരമായി.( ഹൊ! എന്ത് അറംപറ്റിയ വാക്കുകള്‍!)

സമയം വൈകിയതിനല്‍ ബിര്‍ലാമന്ദിരത്തിനു കുറുകെകൂടി പ്രാര്‍ത്ഥനാമന്ദിരത്തിലേക്ക് നടന്നു.
പ്രാര്‍ത്ഥനയ്ക്ക് ഒരു നിമിഷം വൈകുന്നതുപോലും അദ്ദേഹത്തിനിഷ്ടമല്ല.മനുവിനോടദ്ദേഹം പറഞ്ഞു.
ആരാണൊ വൈകുന്നത് അവന്‍ ശിക്ഷിക്കപ്പെടും.(those who are late should be punished)

പ്രാര്‍ത്ഥനാവേളയില്‍ വെടിവയ്ക്കാന്‍ തയ്യാറായി ഗോഡ്സേ മന്ദിരത്തിലുണ്ടായിരുന്നു.
ഗാന്ധിജി മറ്റാരുടെയും സഹായമില്ലാതെ പടികല്‍ കയറി വന്നു. ജനങ്ങള്‍ ഇരുവശത്തെക്കും ഒഴിഞ്ഞ്
വഴികൊടുത്തു. ജനങ്ങള്‍ ബാപ്പുജി, ബാപ്പുജി എന്നു മന്ത്രിക്കുന്നുണ്ടായിരുന്നു. ഗോഡ്സെ ഒരു നിമിഷം
ഗാന്ധിജിയോടുല്ല ആരാധനയില്‍ പെട്ടുപോയി.പിന്നയാള്‍ മാറി ചിന്തിച്ചു. ഇതാണവസരം. ഇതുമാത്രമാണവസരം.
അയാളുടെ ഒരു കൈ പോക്കറ്റിലായിരുന്നു.

ഗാന്ധിജി അടുത്തെത്തിയപ്പോള്‍ കക്കിവേഷമണിഞ ഒരു ചെറുപ്പക്കാരന്‍ ബാപ്പുവിന്റെ അടുത്തേക്ക്
നടന്നടുക്കുന്നത് മനു കണ്ടു.അപ്പോഴെക്കും നാഥുറാം കൈതോക്കെടുത്ത് ഇരു കൈതലങ്ങളിലുമായി
ഒളിപ്പിച്ചു പിടിച്ചു. ഗാന്ധിജിയുടെ അനുയായി ആയി പൊതുജീവിതം തുടങ്ങിയ ആളാണ് നാഥുറാം.
മഹാത്മജി രാജ്യത്തിനു വേണ്ടി ചെയ്ത സേവനങ്ങളുടെ പേരില്‍ ഒന്നു കുനിഞ്ഞു വന്ദിക്കാന്‍ അയാള്‍
തീരുമാനിച്ചു. നാഥുറാം ഗാന്ധിജിയുടെ അരയോളം കുനിഞ്ഞു.

നേരം വൈകിയതിനാല്‍ മനു അയാളെ തടയാന്‍ ശ്രമിച്ചു. പെട്ടെന്ന് ഇടത്തെ കൈ കൊണ്ട് അയാള്‍
മനുവിനെ തള്ളി. ഒന്നരയടി അകലത്തില്‍ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്ന് 79 വര്‍ഷം പഴക്കമുള്ള
ദുര്‍ബ്ബലമായനെഞ്ചിലെക്ക്മൂന്നുതവണ നിറയൊഴിച്ചു. തറയില്‍ വീണ ഗാന്ധിജിയുടെ നോട്ടുബുക്കും
കോളാമ്പിയും തേടുകയായിരുന്ന മനു അതു കണ്ടു. കൈകൂപ്പി പ്രാര്‍ത്ഥനാവേദിയിലേക്ക് ഒരു ചുവടുകൂടിവച്ചിട്ട്
തളരുന്ന ബാപ്പു. തൂവെള്ള ഖാദിയില്‍ ചിതറിയ രക്തച്ചുവപ്പും അവള്‍ കണ്ടു. പിന്നെ ഹേ റാം എന്ന മന്ത്രം.
നിറയൊഴിച്ചവനോട് എന്നമട്ടില്‍ അദ്ദേഹം കൈ അപ്പോഴും കൂപ്പിപ്പിടിച്ചിരുന്നു.

രക്തത്തില്‍ കുതിര്‍ന്ന ഖാദിയുടെ മടക്കുകളിലൂടെ പുറത്തു കണ്ട മഹാത്മാവിന്റെ ഇംഗര്‍സോള്‍ വാച്ചില്‍
അപ്പോള്‍‍ സമയം 5.17 ആയിരുന്നു.

Reference:
1.Exiled At Home- Ashis Nandy.
2.The Gandhi Murder Trial- Tapan Ghose.
3. Last Glimpses of Bapu.- Manu Ben.
4.ഗാന്ധിസാഹിത്യ സംഗ്രഹം.
5. ഹേ റാം-മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍.
6. രാഷ്ട്രപിതാവ്- കെ.പി.കേശവമേനോന്‍.
7. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍- ലാരി കോളിന്‍സ്, ഡൊമിനിക് ലാപിയര്‍.
8. വേട്ടക്കാരനും വിരുന്നുകാരനും- ആനന്ദ്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗി

(ഇന്ന് രക്തസാക്ഷി ദിനം. ഓര്‍മ്മ പുതുക്കാന്‍ ഒരു പഴയ ലേഖനം ഒന്നുകൂടി പോസ്റ്റു ചെയ്യുന്നു. )

17 comments:

നാമൂസ് said...

നേരത്തെ അറിവുള്ളതെങ്കിലും 'ചില ചോദ്യങ്ങള്‍' ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു. !അതിനുത്തരം കണ്ടെത്തുമ്പോള്‍ നാം

Prabhan Krishnan said...

ശ്വാസമടക്കി വായിച്ചു തീർത്തു..!
നല്ല വിവരണം.
അവസരോചിതമായ പോസ്റ്റിംഗ്.
മഹാത്മാവിന് പ്രണാമം..!!

ആശംസകളോടെ..പുലരി

MOIDEEN ANGADIMUGAR said...

മഹാത്മാവിന് പ്രണാമം..!

റോസാപ്പൂക്കള്‍ said...

പ്രണാമം.

Kalavallabhan said...

സമയോചിതമായ ഒരു പോസ്റ്റ്‌.
എവിടെയാണ്‌ ?
ഇവിടൊക്കെ ഉണ്ടോ ?
പുതുവത്സരാശം സകൾ

priyag said...

ഭൂഖണ്ടങ്ങള്‍ താണ്ടി ഒരു നെഞ്ചിന് നേരേ ഉന്നം പിഴക്കാത്ത ഒരു കൈത്തോക്ക്....

TPShukooR said...

രാജ്യത്തിന്‍റെ അഖണ്ഡതയുടെ നെഞ്ചാത്തെക്ക് പൊട്ടിച്ച ആ വെടിശബ്ദം ഇന്നും മുഴങ്ങുകയാണ്.

മഹാത്മാവിന്റെ വധത്തെക്കുറിച്ച് ഇത്ര വിശദമായ കുറിപ്പ് വായിക്കുന്നത് ഇതാദ്യം.

മുകിൽ said...

മുമ്പു വായിച്ചിരുന്നു ഈ പോസ്റ്റ്. എങ്കിലും വീണ്ടും വായിച്ചു.

Muralee Mukundan , ബിലാത്തിപട്ടണം said...

ആ മഹാത്മാവിന്റെ രക്തസാക്ഷി ദിനത്തിന് വീണ്ടുമൊരു പുനർവായനക്കായി ഈ നല്ല ലേഖനം സമർപ്പിച്ചത് നന്നായി കേട്ടൊ മാഷേ

ഭാനു കളരിക്കല്‍ said...

തോക്കിന്റെ വിവരണത്തെക്കാള്‍ എന്തുകൊണ്ട് മഹാത്മജി ഹിന്ദുത്വ വാദികള്‍ക്ക് കൊന്നു കളയാന്‍ മാത്രം വിരുദ്ധനായി, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഹിന്ദുത്വ വാദികളുടെ പങ്കെന്തായിരുന്നു, എന്നൊക്കെയുള്ള പഠനം കൂടുതല്‍ ഉപകാര പ്രദമാകുമായിരുന്നു. ചരിത്രം വായിക്കുന്നത് നാളെയെ നിര്‍ണ്ണയിക്കാന്‍ വേണ്ടി ആയിരിക്കണം. പുതിയ വെല്ലുവിളികളെ നേരിടാനുള്ള ആയുധമാകണം ചരിത്ര പാഠങ്ങള്‍. അല്ലെങ്കില്‍ അത് കെട്ടു കഥകളോ പ്രേതകഥകളോ പോലെ നേരമ്പോക്കായി മാറും.

ശ്രീനാഥന്‍ said...

ലേഖനം, മറക്കാൻ പാടില്ല ചിലതെന്ന് ഓർമിപ്പിക്കുന്നു, നന്ദി.

Echmukutty said...

നേരത്തെ വായിച്ചിട്ടുണ്ട്. എങ്കിലും....

Sidheek Thozhiyoor said...

തീര്‍ച്ചയായും ആരും മറക്കരുതാത്ത ചില നഗ്ന യാഥാര്‍ത്യങ്ങള്‍.

വി.എ || V.A said...

...ആ വലിയ ലോകമാകുന്ന ആത്മാവിന് എന്റെ ആദരാഞ്ജലികൾ..... ഇവിടെയെത്താൻ വൈകിപ്പോയി, ക്ഷമ ചോദിക്കുന്നു. എല്ലാ വർഷവും ഓർമ്മ പുതുക്കാൻ ഈ ‘രക്തസാക്ഷിദിന’ത്തിൽ പോസ്റ്റ് ചെയ്യുന്നതുതന്നെയാണ് നമ്മുടെ കർത്തവ്യം. താങ്കൾക്ക് നന്ദി....

Joy Varghese said...

തോക്കിന്റെ കഥ സിനിമ യ്ക്ക് ചേരുന്നുണ്ട്

സീത* said...

വരാൻ വൈകി മാഷേ...ന്നാലും ഒറ്റ ശ്വാസത്തിൽ വായിച്ചു തീർത്തു...ഒരു തോക്കിന്റെ യാത്ര...ഹൊ ഭീകരം തന്നെ..മനസ്സിലെവിടെയോ ഹേ റം എന്ന സ്വരം...ആ കൂപ്പുകൈകൾ...കാണാത്ത കാഴ്ചയെങ്കിലും വാക്കുകൾ വരച്ചിട്ട ചിത്രം ശക്തം..

Admin said...

മഹാത്മാവിന് പ്രണാമം..