- എന്‍.ബി.സുരേഷ്
- ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്റെ ഓര്‍മ്മയില്‍ കാടുണ്ട്. മലയാളം അദ്ധ്യാപകന്.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള് (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്റെ ശ്വാസകോശം. സൗഹൃദം എന്റെ വിശപ്പ്. യാത്രകള്‍ എന്റെ സ്വപ്നം.
ജീവിതത്തിനു നേരേ ഒരു ചൂണ്ടുവിരൽ
ബാഗും മാറത്തടക്കിപ്പിടിച്ച് സ്കൂൾമുറ്റത്തെ മാഞ്ചുവട്ടിൽ നിൽക്കുകയായിരുന്നു മീര. മുറ്റത്താകെ പഴുത്ത മാവിലകളും കണ്ണിമാങ്ങകളും ചിതറിവീണു കിടക്കുന്നുണ്ട്.ചുറ്റുവട്ടത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. സാധാരണഗതിയിൽ കുട്ടികൾ പൊയ്ക്കഴിഞ്ഞാൽ തുറന്നുകിടക്കുന്ന ക്ലാസ്മുറികളും മുറ്റവുമെല്ലാം തെരുവുനായ്ക്കൾ കയ്യടക്കും. ഇന്നവറ്റയെയും കാണാനില്ല.
അവൾ, മീരമാത്രം, ഒറ്റയ്ക്ക് മാഞ്ചുവട്ടിൽ.
ഒരു കാറ്റുവീശിയാൽ മഴ താഴെ വീഴും എന്നു തോന്നി. ഇരുട്ടുവീണുതുടങ്ങിയിരുന്നു. ഇടിയും മിന്നലുമുണ്ട്.വിജനമായ സ്കൂൾകെട്ടിടങ്ങൾ ഏതോ രഹസ്യങ്ങൾ കരുതിവച്ചിരിക്കുന്ന പുരാതനമായ കോട്ടകൾ പോലെ. ദൂരെ കോടമഞ്ഞിറങ്ങി വരുന്ന പേടിപ്പിക്കുന്ന മലനിരകൾ.
സ്കൂളിൽ നിന്നും വൈകിപ്പോകുന്നവരുടെയും പ്യൂൺ ശങ്കരേട്ടനെക്കാൾ നേരത്തെ എത്തുന്നവരുടെയും സൌകര്യം നോക്കി പൂട്ടാതെയിട്ടിരിക്കുന്ന രണ്ടാമത്തെ ഗേറ്റിലൂടെ ബൈക്കോടിച്ചാണ് ഞാൻ അകത്ത് കടന്നത്.എന്നെ കണ്ടതും മീരയുടെ മുഖത്തെ സ്ഥായിഭാവമായ വേവലാതി പെരുകി. അവൾ ഈ സമയത്ത് എന്നെ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇനി മറ്റാരെയെങ്കിലും? ഹേയ്. പെട്ടന്ന് വന്ന മഴയല്ലേ, കുടയെടുത്തിട്ടുണ്ടാവില്ല.
അവളുടെ അടുത്തേയ്ക്ക് ചെന്നു. അവൾ ബാഗ് ഒന്നുകൂടി ചേർത്തുപിടിച്ച് അങ്കലാപ്പോടെ തലകുനിച്ച് നിന്നു. എന്റെ ചോദ്യത്തിന് ഒരു പക്ഷേ അവളുടെ കയിൽ ശരിയായ ഒരു ഉത്തരമുണ്ടാവില്ല.
‘എന്താ മീരാ, ഈ നേരത്ത്? വീട്ടിൽ പോണില്ലേ?‘
‘അത് പിന്നെ മാഷേ, ട്യൂഷൻ കഴിഞ്ഞപ്പോൾ നേരം വൈകി. അപ്പോഴേയ്ക്കും മഴേം വന്നു.‘
‘എന്നിട്ട് കൂട്ടുകാരെവിടെ?‘
‘ഗ്രീഷ്മേം റജീനേം ഇന്നു വന്നില്ല.’
രണ്ടു കിലോമീറ്ററിലധികം നടന്നിട്ടു വേണം മീരയ്ക്ക് വീട്ടിലെത്താൻ. മഴവീണുകഴിഞ്ഞ ഈ സന്ധ്യയിൽ അവളൊറ്റയ്ക്ക്...
മീര മറുചോദ്യം ചോദിച്ചു. “മാഷെന്താ മടങ്ങിപ്പോന്നത്?”
അവളുടെ ചോദ്യം കേട്ടപ്പോഴാണ് വന്നകാര്യത്തെക്കുറിച്ച് ഞാൻ ഓർമ്മിച്ചത്.
“സെൽഫോൺ മറന്നുവച്ചു. അതെടുക്കണം.”
സ്റ്റാഫ്റൂം പൂട്ടി താക്കോൽ വാതിൽപടിയിൽ തന്നെ വയ്ക്കലാണ് പതിവ്. അതും മുൻപ് പറഞ്ഞ സൌകര്യങ്ങളുടെ കൂട്ടത്തിൽ പെടും. വാതിൽ തുറന്ന് അകത്തുകയറി മേശയ്ക്കുള്ളിൽനിന്നും ഫോൺ എടുത്ത് തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് മൂലയ്ക്ക് ചാരി വച്ചിരിക്കുന്ന കുട കണ്ടത്. അതും കൈയിൽ എടുത്തു. വാതിൽ പൂട്ടി താക്കോൽ വാതിൽപടിയിൽ വച്ച് മീരയ്ക്കടുത്തേയ്ക്ക് നടന്നു. കുട അവളെ ഏൽപ്പിച്ചു.
“വേഗം വിട്ടോ, വൈകിക്കണ്ട. മഴയെക്കരുതി നീ ഇവിടെ കയറി നിന്നത് വലിയ മണ്ടത്തരമായി.”
ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. അവൾ വഴിയിലിറങ്ങുന്നതുവരെ കാക്കണോ? വേണ്ട. രാത്രി പതിനൊന്നിനാണ് ട്രയിൻ. വീട്ടിൽ ചെന്നിട്ട് കുറച്ച് ജോലിയുണ്ട്. അത് മാത്രമല്ല. മീര മുതിർന്ന കുട്ടിയാണ്. ഈ നേരത്ത്, ഈ മഴയത്ത് അവൾ സ്കൂളിൽനിന്നിറങ്ങി പോകുന്നതിന്റെ പിന്നാലെ ഞാൻ ഇറങ്ങുന്നതുകണ്ടാൽ, അതുമതി നാളെ മതിലിൽ പോസ്റ്റർ പതിയാൻ. ഉദ്ദേശ്യശുദ്ധിക്കോ സ്നേഹത്തിനോ നന്മക്കോ തീരെ മൂല്യമില്ലാത്ത കാലത്ത് അതൊരു ബാദ്ധ്യത മാത്രമല്ല ചിലപ്പോഴൊക്കെ അപകടവുമാണ്.
“മാഷ് അടുത്താഴ്ച മുഴോനും ലീവാന്നല്ലേ പറഞ്ഞത്.?”
“ഉം. ഒരു ദൂരയാത്രയുണ്ട്.”
ഗേറ്റിനു പുറത്തെത്തിയപ്പോഴേയ്ക്കും ശക്തമായ ഒരു മിന്നലിനൊപ്പം മഴ പതിച്ചു.നനയാൻ തന്നെ തീരുമാനിച്ചു. മനസ്സിൽ യാത്ര മാത്രമായിരുന്നു. കുറേക്കാലം ചെലവഴിച്ച നഗരത്തിൽ പഴയ സുഹൃത്തുക്കളോടൊപ്പം കുറച്ചുദിവസങ്ങൾ.
വേണമെങ്കിൽ മീരയെ വീട്ടിൽ ആക്കാമായിരുന്നു. സമയം ഒരു പ്രശ്നമല്ലായിരുന്നു. അവളെ ഒറ്റയ്ക്ക് അവിടെ വിട്ടുപോന്നത് ശരിയായോ? ഒരു അരുതായ്മ ചെളിവെള്ളം പോലെ ഉള്ളിൽ നിറഞ്ഞുപൊന്തി. സത്യത്തിൽ നാട്ടുകാരെയാണോ പേടി. അതോ തന്നെതന്നെയോ? ഘോരമായ ആ വിജനതയിൽ അവളെ ഒറ്റയ്ക്ക് വിട്ടുപോരുമ്പോൾ ലോകത്തിലെ ഏറ്റവും കൊള്ളരുതാത്തവനായില്ലേ താൻ.? അതും മീരയുടെ ജീവിതത്തെ സ്നേഹത്തോടും അനുതാപത്തോടും തിരിച്ചറിഞ്ഞവൻ എന്ന് അഹങ്കരിക്കുന്ന ഞാൻ. മുനകൂർത്ത സൂചികൾപോലെ മഴത്തുള്ളികൾ മുഖത്ത് പതിക്കവെ മനസ്സ് കുറ്റബോധത്തിന്റെ വേനലിൽ നെൽവയലുകൾ പോലെ വിണ്ടുകീറിക്കൊണ്ടിരുന്നു.
പിറ്റേന്ന് രാത്രിയിലാണ് സേവ്യർസാറിന്റെ ഫോൺ വരുന്നത്.
അപ്പോൾ ഞങ്ങൾ നാലഞ്ച് കൂട്ടുകാർ വയനാട്ടിലെ പുതൂർവയലിലെ ഗിരിജന്റെ വീട്ടിലായിരുന്നു. ടെറസ്സിൽ പുല്ലും ഓലയും ഈറയും മുളയുമൊക്കെ ഉപയോഗിച്ച് ഒരു ഹട്ട് അവൻ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങളെപ്പോലെ വല്ലപ്പോഴും വന്ന് ‘അഴിഞ്ഞാടുന്ന’ സുഹൃത്തുക്കൾക്ക് വേണ്ടിയുള്ള സങ്കേതം. ഈ പ്രപഞ്ചത്തിൽനിന്നുതന്നെ കുറേനേരം വിട്ടുനിൽക്കാനുള്ള കൂടാരത്തിന് ഞങ്ങൾ ‘ഫ്രഞ്ചു ഗയാന’ എന്നാണ് പേരിട്ടിരിക്കുന്നത്. ഞങ്ങളെയൊക്കെ ഭൂമിയുമായി ബന്ധമില്ലാത്ത ഭ്രമണപഥത്തിലെത്തിക്കുന്നത് ഇവിടെ നിന്നാണല്ലോ.
ഫോൺ വരുമ്പോൾ ഞങ്ങൾ കൌണ്ട് ഡൌൺ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. സേവ്യറിന്റെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ട് .ആ വിറയൽ ചെവിയിൽ ചേർത്തുപിടിച്ച എന്റെ ഫോണിലേക്കും പടർന്നു.
“മാഷേ, നിങ്ങളുടെ ക്ലാസ്സിലെ മീര ആത്മഹത്യ ചെയ്തു.”
വെടിമരുന്നു നിറച്ചുപൊട്ടിച്ച പാറ ചിതറും പോലെ ഒരു സ്ഫോടനം തലച്ചോറിലുണ്ടായി. ചോരയെ തള്ളിമാറ്റി രക്തക്കുഴലുകളിലൂടെ നാനാഭാഗത്തുനിന്നും കൊടുങ്കാറ്റ് പാഞ്ഞുവന്ന് ഹൃദയത്തെ ഒരു ബലൂൺ കണക്കെ വീർപ്പിച്ചുപൊട്ടിക്കുമെന്ന് ഞാൻ ഭയന്നു.
“സേവ്യർ സാർ?”
“കൂടെ ആ തലതെറിച്ചവനുമുണ്ടായിരുന്നു, ഷഹനാസ്. വല്ലാത്ത മരണമായിപ്പോയി മാഷേ. അവൻ കഴുത്തിൽ കോമ്പസ് കുത്തിയിറക്കി. അവൾ രണ്ടു കൈയിലെയും ഞരമ്പറുത്തു.”
ചെളിയിൽ പുതഞ്ഞുപോയ കാല് വലിച്ചൂരിയെടുക്കുമ്പോലെ വരണ്ടുപോയ നാവിനെ ബദ്ധപ്പെട്ടുയർത്തി.
“എവിടെ, എവിടെവച്ച്?”
“ഒൻപത് എയുടെ ക്ലാസ്മുറിയിൽ. ഇന്നലെ വൈകിട്ടെപ്പോഴോ ആണ് സംഭവം. തകർത്തുപെയ്യുന്ന മഴയല്ലായിരുന്നോ. ഇന്ന് രണ്ടാം ശനിയായതിനാൽ സ്കൂൾ തുറന്നുമില്ലല്ലോ . വൈകിട്ടാണ് കണ്ടത്. ഒക്കെ ഒരുജാതിയാ മാഷേ. നമ്മളെ കബളിപ്പിച്ചിട്ട് അവനും അവളും കടുത്ത പ്രണയത്തിലായിരുന്നു. വീട്ടുകാരും നാട്ടുകാരുമറിഞ്ഞപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ ചെയ്തതാണെന്നാ നാട്ടിലൊക്കെ സംസാരം. കഷ്ടം സ്കൂളിനും ചീത്തപ്പേരായി.”
സേവ്യർസാർ പിന്നീട് പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. ടെലിലെൻസു പിടിപ്പിച്ച ഗണ്ണിൽ നിന്നും അനേകം ബുള്ളറ്റുകൾ വന്ന് ശരീരത്തിലാകെ തറച്ചുകയറും പോലെ തോന്നി. എന്തോ പന്തികേടു തോന്നിയ ഗിരിജൻ ഓടിവന്നു.
“എന്താടാ, എന്തുപറ്റി.?”
“പോണം”
“ഈ നട്ടപ്പാതിരയ്ക്കോ?”
“ഉം..”
സുഹൃത്തുക്കളെ വിട്ട് ഓഫീസ് ജീപ്പെടുത്ത് എന്നെയും കയറ്റി അവൻ ചുരമിറങ്ങി. എല്ലുമരവിപ്പിക്കുന്ന മഞ്ഞുവീഴുന്ന ആ നേരത്തും തീക്കുണ്ഡത്തിനരുകിൽ ഇരിക്കുന്ന മെഴുകുപ്രതിമ പോലെ ഞാൻ വിയർത്തൊഴുകി.
മീരയുടേത് ഒരു ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ എനിക്കാവില്ല.കഴിഞ്ഞ കുറേ മാസങ്ങളിൽ അവളെ ചുറ്റിപ്പറ്റി അരങ്ങേറിയ കാര്യങ്ങളാണ് എന്റെ വിശ്വാസങ്ങൾക്ക് സാക്ഷ്യം.
മഴവീണ ആ സന്ധ്യയിൽ അവൾ മരണത്തെ കാത്തുനിൽക്കുകയായിരുന്നെന്നോ? എങ്കിൽ തനിക്ക് അവളെ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ? ഓഹ്,. അവൾക്ക് മരിക്കാൻ വേണ്ടുന്നതിലധികം കാരണങ്ങൾ ഉണ്ടെന്നിരിക്കെ ആർക്കെങ്കിലും തടയാൻ കഴിയുമോ?
ആരോ കഴുത്തിൽ കുരുക്കിട്ടു മുറുക്കുന്നപോലെ എനിക്ക് ശ്വാസം മുട്ടി.
‘എങ്കിലും മീരാ, ഓരോ നിമിഷത്തിലും നിന്നെ വേട്ടപ്പട്ടിയെപ്പോലെ പിൻതുടർന്ന് ആക്രമിച്ചവന്റെ കൂട്ടുവേണമായിരുന്നോ നിനക്ക് മരിക്കാൻ. കൊഞ്ഞനം കുത്തിയ ജീവിതത്തിനു നേരേ കാർക്കിച്ചു തുപ്പിയ നിന്റെ ധൈര്യം ഇത്ര ബലമില്ലാത്തതായിരുന്നോ?‘
മീര എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ ആ വെള്ളിയാഴ്ചദിവസം പൊടുന്നനെ ഓർമ്മയിലേക്ക് വന്നു.
ഉച്ചയൂണും കഴിഞ്ഞ് ടീച്ചേഴ്സെല്ലാം അവനവന്റെ സീറ്റിൽ മയക്കത്തിലാണ്. ഞാൻ ഒരു വാരികയിലെ കഥയിലൂടെ എങ്ങോട്ടോ പോവുകയായിരുന്നു.അപ്പോഴാണ് ജനലോരത്ത് മീര വന്നുനിന്നത്. ഞാൻ വരാന്തയിലേക്കിറങ്ങിച്ചെന്നു. നാലായി മടക്കിയ ഒരു കടലാസ് അവൾ എന്റെ നേരെ നീട്ടി.
“എനിക്ക് കിട്ടിയ പ്രേമലേഖനമാണ് മാഷേ.പത്ത് ബിയിലെ ഷഹനാസാണ് എഴുത്തുകാരൻ. എനിക്കിഷ്ടപ്പെട്ടില്ല മാഷേ. അപ്പടി അക്ഷരത്തെറ്റും സ്ഥിരം വാഗ്ദാനങ്ങളും.അവന് സാഹിത്യോം അറീല്ല, ജീവിതോം അറീല്ല.”
എനിക്ക് അത്ഭുതവും ചിരിയും ഒന്നിച്ചുവന്നു.
“എനിക്ക് കിട്ടിയ ആദ്യത്തെ പ്രണയലേഖനം തന്നെ നിരാശപ്പെടുത്തി മാഷേ. ഈ ആൺകുട്ടികളൊക്കെ കാലത്തിനനുസരിച്ച് എന്നാ മാഷേ മാറുന്നത്? എനിക്കവനെ ഒരുപാട് കാലമായി അറിയാം. എന്റെ വീടിന്റെ തൊട്ടടുത്താ അവന്റെ വീട്. ഒത്തിരിയായി അവൻ എന്റെ പിന്നാലെ നടക്കുന്നു. എനിക്കിഷ്ടമില്ല. അവനെയല്ല, ഈ പ്രേമത്തെ.”
കാര്യങ്ങളിങ്ങനെ ചങ്കൂറ്റത്തോടെ പറയുമ്പോഴും അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
“എന്നെ ആരും സ്നേഹിക്കുന്നത് എനിക്കിഷ്ടമല്ല മാഷേ, ആരും.”
“മീരാ...?”
“എന്റച്ഛൻ അമ്മയെ സ്നേഹിച്ചാ കല്യാണം കഴിച്ചത്. എനിക്കൊരുപിടി ചോറു വാരിത്തരുന്നതിനു മുൻപ് മറ്റൊരു സ്ത്രീയോട് ഇഷ്ടം തോന്നി അച്ഛൻ എന്നെയും അമ്മയെയും ഉപേക്ഷിച്ചു.കണ്ണീർ വറ്റിയപ്പോൾ സ്ഥിരമായി തേടിവരാറുള്ള ഒരാളോടൊപ്പം അമ്മയും പോയി. അല്ല എത്ര നാൾ അവർ പിടിച്ചുനിൽക്കും ?.അമ്മ പോവുമ്പോൾ ഞാൻ സ്ക്കൂളിൽ പോയിത്തുടങ്ങിയിരുന്നില്ല മാഷേ.”
അവൾ എന്നെ അറിയിക്കാത്ത വിധത്തിൽ കണ്ണീർ തുടച്ചു. ഒരു ഏങ്ങൽ തൊണ്ടയിൽ കുരുങ്ങിപ്പിടഞ്ഞതിനെ അവൾ വിഴുങ്ങി.
“അമ്മ പക്ഷേ എന്നോട് കരുണ കാണിച്ചു. ഓടയിലോ കുപ്പത്തൊട്ടിയിലോ എറിഞ്ഞില്ല. മുത്തശ്ശനെ ഏല്പിച്ചു. ഇടയ്ക്കൊക്കെ കാണാനും വരും.” അവൾ ഒന്നു നിർത്തി. “കാരുണ്യം ചിലർക്കൊക്കെ ഭാരമാണ് മാഷേ. അത് ബുദ്ധന്റെ വകയായാലും പെറ്റമ്മയുടെ വകയായാലും.”
അതും പറഞ്ഞ് അവൾ എന്റ്റെ മുഖത്തേയ്ക്ക് നോക്കി. അന്തംവിട്ടുള്ള എന്റെ നില്പ് കണ്ട് അവൾക്ക് ചിരി വന്നു. എന്റെ കൈയിൽ പിടിച്ചുകൊണ്ടവൾ പറഞ്ഞു. “ എന്നെ ശല്യപ്പെടുത്തരുതെന്ന് ഒന്ന് പറയണേ മാഷേ.” അതും പറഞ്ഞ് പടിക്കെട്ടുകളിറങ്ങി തിരിഞ്ഞുനോക്കാതെ അവൾ പോയി.
‘ദൈവമേ പതിനാല് വയസ്സ് മാത്രം പ്രായമുള്ള ഇവളെ എനിക്ക് മനസ്സിലാകുന്നില്ലല്ലോ. തീ കത്തുന്ന ജീവിതത്തിന്റെ പെരുവഴിയിലൂടെ കാക്കക്കാലിന്റെ തണലുപോലുമില്ലാതെ നടന്നുവരുന്നവരുടെ മുൻപിൽ നാം ചിലപ്പോൾ തീരെ ചെറുതായിപ്പോവും. അവരെത്ര ചെറുതായാലും.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി ടിക്കറ്റെടുത്തതും കമ്പാർട്ട്മെന്റ് തേടിപ്പിടിച്ചതുമെല്ലാം ഗിരിജനാണ്. വണ്ടിയിലേക്ക് കയറുന്നതിനുമുൻപ് ബാഗിന്റെ സൈഡുറയിലേക്ക് അവൻ ഒരു കുപ്പി നിക്ഷേപിച്ചു.
“ഈ രാത്രിയിൽ നിനക്കിതാവശ്യമായി വരും.”
കാലുകുത്താൻ ഇടമില്ലാതിരുന്ന കമ്പാർട്ട്മെന്റിന്റെ പടിവാതിൽക്കൽ കാലു പുറത്തേയ്ക്ക് നീട്ടി ഇരുന്നു. ചുറ്റിലും ഭാണ്ഡങ്ങളിൽ തലചായ്ച്ച് ഏതോ നാടോടിക്കൂട്ടം.ഇടയ്ക്ക് അവരിലൊരു കുട്ടി ഉണർന്ന് വയറിൽ പൊത്തിപ്പിടിച്ച് നിലവിളിച്ചു. ആ കരച്ചിലിന്റെ ഭാഷ വിശപ്പിന്റേതാണെന്നു തോന്നി.
മാനാഭിമാനങ്ങൾക്കും ആർത്തികൾക്കും പകിട്ടുകൾക്കും പിന്നാലെ പായുന്ന ഒരു മദ്ധ്യവർഗ്ഗ മൂരാച്ചി ഉള്ളിൽ കിടന്ന് മുരളുമ്പോഴും എവിടെയോ തെറ്റുപറ്റിയെന്ന ഖേദത്തിന്റെ മുറിവിൽ നിന്നും ചോര ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു. ‘ആരുമറിയാതെ സങ്കടങ്ങളുടെ അഗ്നിപർവ്വതം എന്റെയുള്ളിൽ പുകയുന്നതു കണ്ടിട്ടും കാണാത്തഭാവത്തിൽ ഒരു ഒട്ടകപക്ഷിയെപ്പോലെ മാഷ്......’
മീരയുടെ നിറഞ്ഞ കണ്ണുകൾ മുന്നിൽ വന്നു നിന്നു തേങ്ങുന്ന പോലെ.
അനുതപിക്കുന്നതിനു പകരം പരിഹസിക്കുകയും അഭയം നൽകുന്നതിനു പകരം ആട്ടിയോടിക്കുകയും ചെയ്തവരോടുള്ള പ്രതികാരമാണോ ഈ ആത്മഹത്യ?
അതൊരു കൊലപാതകമാണെങ്കിലോ?
എങ്കിൽ ഞാൻ?
മഴ നനഞ്ഞുകൊണ്ട് ആദ്യമായി എന്റെ ക്ലാസ്സിലേക്ക് അവൾ കയറി വന്നത് ഓർമ്മവരുന്നു.
“കുട്ടിയുടെ കുടയെവിടെ?”
“എനിക്ക് കുടയില്ല മാഷേ.” തലകുനിച്ചുകൊണ്ട് അവൾ പതിയെ പറഞ്ഞു.
മീര സുന്ദരിയായിരുന്നു. അതാണോ അവൾക്ക് ശാപമായത്? അതോ അവളുടെ ജന്മം തന്നെയോ? മറ്റു കുട്ടികളെ പോലെ തന്റെ ഭംഗിയെ താലോലിക്കാനോ ആകർഷകമാക്കാനോ അവൾ ശ്രമിച്ചില്ല. ചോദിച്ചാൽ പോലും വർത്തമാനം തീരെ കുറവ്. കൂട്ടുകാർ അധികമില്ല. മറ്റു കുട്ടികൾ അവളെ ഒഴിവാക്കൂകയായിരുന്നോ.? എപ്പോഴും എന്തിനോടും ഒരുതരം നിർമ്മമത. അകാലത്തിൽ പക്വമതിയായപോലെ. ആ ഭാവം അവളുടെ ഒരു പ്രതിരോധമായിരുന്നില്ലേ?
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി ക്ലാസ്സിൽ ചർച്ചചെയ്യവേ മീര ജീവിതത്തിലെ ഒറ്റപ്പെടലിനെക്കുറിച്ച് വാചാലയായി.
“ശരിയാ മാഷേ, ചിലരെ ജീവിതം കരുതിക്കൂട്ടി ഒറ്റപ്പെടുത്തിക്കളയും.യാതൊരു പഴുതും നൽകാതെ. തീരെ ആഗ്രഹിക്കുന്നില്ലങ്കിൽ കൂടി. ചിലർക്കത് നഷ്ടം മൂലം ഉണ്ടാകുന്നതാണെങ്കിൽ ഗതികെട്ട ചിലരെ ആരെല്ലാമോ ചേർന്ന് വെറുത്ത് പുറന്തള്ളുകയാണ്.”
“എന്താ നിനക്ക് അങ്ങനെ തോന്നാൻ കാരണം.?”
“അങ്ങനെ തോന്നിപ്പോവാ മാഷേ. സ്വാർത്ഥത മൂലം അവനവനുവേണ്ടി ജീവിക്കുന്നവരല്ലേ അധികവും. അവരുടെ എല്ലാ തെരഞ്ഞെടുപ്പും സ്വന്തം സുഖത്തിനുവേണ്ടി മാത്രം. ഭാര്യയും ഭർത്താവും മക്കളും കൂട്ടുകാരും എല്ലാം. പക്ഷേ മറ്റുള്ളവർക്ക് ആവശ്യമില്ലാത്തതിനാൽ അവനവനുവേണ്ടി ജീവിക്കേണ്ടി വരുന്നത് വല്ലാത്ത ഒരു ട്രാജഡിയാ, ഇല്ലേ മാഷേ?”
ഞാൻ ഒന്നും പറഞ്ഞില്ല. ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
ഒന്നാം ടേം പരീക്ഷ കഴിഞ്ഞ് പ്രൊഫൈൽ ഒപ്പിടാൻ മീരയുടെ രക്ഷകർത്താവ് മാത്രം വന്നില്ല. എനിക്ക് വല്ലാതെ ദേഷ്യം തോന്നി. അന്നൊന്നും എനിക്ക് മീരയെ മനസ്സിലായിരുന്നില്ല. ഒടുവിൽ അവളുടെ മുത്തശ്ശൻ വന്നു. കാവിമുണ്ടുടുത്ത് രണ്ടാംമൂണ്ട് തോളത്തിട്ട് ആകെ നരച്ച ഒരു വൃദ്ധൻ.
“ അവൾ പാവമാ സാറെ, ഇന്റെ കുട്ടിക്ക് ആരുമില്ല. അമ്മാവന്മാരുടെ തണലിലാ അവൾ. ആട്ടും തുപ്പും കേട്ട് അവൾ മടുത്തു. അവൾക്ക് എഴുതണമെന്നോ വായിക്കണമെന്നോ ഒക്കെയുണ്ട്. പക്ഷേ ആ വീട്ടിൽ....“ അദ്ദേഹം രണ്ടാം മുണ്ടുകൊണ്ട് കണ്ണുതുടച്ചു.
സ്കൂൾ കലോത്സവത്തിൽ രചനാമത്സരങ്ങളിൽ എല്ലാം മീരയ്ക്കായിരുന്നു ഒന്നാം സ്ഥാനം. പക്ഷേ സബ്ജില്ലാതലത്തിൽ മത്സരിക്കാൻ അവൾ വിസമ്മതിച്ചു.
“അതൊന്നും നടക്കില്ല മാഷേ. എനിക്കതിലൊന്നും താല്പര്യമില്ല. വിശക്കുന്നവന്റെ മുന്നിൽ ദൈവം അപ്പത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടട്ടെ. അല്ല മാഷല്ലേ ഇതൊക്കെ പറഞ്ഞിട്ടുള്ളത്? “തെല്ലിട അവൾ നിർത്തി.“ഞാനതിനൊക്കെ പോയാൽ വീട്ടീന്ന് പുറത്താക്കും മാഷേ. എന്തിനാ വെറുതെ...”
എനിക്ക് വീണ്ടും മീരയുടെ മുൻപിൽ ഉത്തരം മുട്ടി.
പി.റ്റി. മാഷായ ജേക്കബ് ചെറിയാനാണ് പറഞ്ഞത്.
“ആ കുട്ടീടെ കാര്യം വല്യ കഷ്ടാ. വീട്ടിൽ തല്ലും കുത്തുവാക്കുകളും മാത്രമല്ല പലപ്പോഴും പട്ടിണിയുമാ.അതൊക്കെ ആ തള്ളേടേം തന്തേടേം തരവഴികൊണ്ടാ. തള്ളേടെ നടപടിദോഷം കൊണ്ടാ അയാൽ ഇട്ടെറിഞ്ഞുപോയതെന്ന് നാട്ടിൽ ഒരു പറച്ചിലുണ്ട്. ഇപ്പോഴും അവരുടെ പോക്കത്ര ശരിയല്ല, തള്ളേടെ കൊണവതിയാരം കൊണ്ട് ഈ പാവം കുട്ടിയ്ക്ക് വഴിനടക്കാൻ പറ്റില്ല. ഇടയ്ക്ക് തള്ള അവളെ കൂട്ടിക്കൊണ്ടുപോയിരുന്നു. രാത്രിയിൽ വന്ന ആരോ ഇവളെ കയറിപ്പിടിച്ചെന്നും പറയുന്നുണ്ട്.”
‘ജീവിതമെന്ന ഭാരം’ എന്ന പേരിൽ അവൾ മത്സരത്തിനെഴുതിയ കഥയുടെ തുടക്കം ഞാനോർത്തു.
“വയസ്സറിയിച്ച പെൺമക്കൾക്ക് ഭർത്താവു വാഴാത്ത ഒരമ്മയുള്ളതും ഭാര്യയെ കൂട്ടിക്കൊടുക്കുന്ന ഒരു രണ്ടാനച്ഛനുള്ളതും ഒട്ടും നന്നല്ല.”
വണ്ടി പൊടുന്നനെ നിന്നു. സ്റ്റേഷനല്ല. വല്ല ക്രോസിംഗും ആകും. ആരോ പറയുന്നത് കേട്ടു. “പട്ടാമ്പിക്കടുത്ത് ട്രാക്കിലെന്തോ പ്രശ്നം. ഇപ്പോഴൊന്നും പോക്കു നടക്കുമെന്നു തോന്നുന്നില്ല.”
ട്രാക്കിനോട് ചേർന്ന് നീണ്ടുപരന്നു കിടക്കുന്ന നെൽവയൽ. അതിനു താഴെ മെലിഞ്ഞൊഴുകുന്ന നിള. നോക്കെത്താത്ത ദൂരത്തോളം നിലാവുവീണു കിടക്കുന്ന മണൽപരപ്പ്.എനിക്കൊന്നു കിടക്കണമെന്നു തോന്നി. ബാഗെടുത്തു തോളിൽ തൂക്കി കമ്പാർട്ട്മെന്റിൽ നിന്നിറങ്ങി. വയലും കടന്ന് മൺതിട്ടിൽ നിന്നും മണൽപരപ്പിലേക്ക് ചാടി.
ഗിരിജൻ ബാഗിലിട്ട കുപ്പി ഭദ്രമായുണ്ട്. അത് പുറത്തെടുത്തു. പകുതി ഒഴിഞ്ഞതാണ്. പുഴയിൽ മുക്കി മദ്യം ഡയല്യൂട്ട് ചെയ്തു. വല്ലാത്ത ദാഹവും മരവിപ്പും. ഒറ്റയടിക്ക് കുടിച്ചുതീർത്ത് കുപ്പി പുഴയുടെ ഒഴുക്കിലേക്കെറിഞ്ഞു. ബാഗ് തലയണയാക്കി വെള്ളത്തിലേക്ക് കാലുകൾ നീട്ടിൽ മണലിൽ മലർന്നുകിടന്നു. പുഴയുടെ കുളിർമ്മ തലച്ചോറിലേക്ക് പ്രവഹിച്ചു.
അകലെ തീവണ്ടി നെടുനീളത്തിൽ കിടക്കുന്നു. ഒറ്റമുറിവീടുകളുടെ ഒരു നിര പോലെ.
കണ്ണടച്ചപ്പോൾ മനസ്സ് കൂടുവിട്ട് ഓർമ്മകളിലേക്ക് പറന്നുപോയി.
ഷഹനാസ് പ്രണയലേഖനം കൊടുത്ത അന്നുമുതലാണ് മീരയുടെ ജീവിതം കൂടുതൽ സങ്കീർണ്ണമായത്. ഞാനാദ്യം അവനെക്കുറിച്ച് തിരക്കി. അവന്റെ വീടിനടുത്തുള്ള അശോകൻ സാർ പറഞ്ഞു.
“അതൊരു പുലിവാല് കേസാ മാഷേ. അവന്റെ അമ്മ ജില്ലാ പഞ്ചായത്തംഗം. അവന്റെ വീട് ഒരു പെണ്ണരശ്ശു നാടാ. അവൻ മാത്രമല്ല വേറേ മൂന്നെണ്ണം കൂടി ഒപ്പമുണ്ട്. ‘ഫോർ ദ പീപ്പിൾ’ എന്നാ അവന്മാരുടെ വിളിപ്പേര്. അവൻ എന്തു ചെയ്താലും അവന്റെ വീട്ടുകാർ ന്യായീകരിക്കും. അവന്റെ പേരിൽ പോലീസ് കേസ് വരെയുണ്ട്. കാമദേവനാണെന്നാ അവന്റെ വിചാരം. നാട്ടിലെ സി.ഡി.പാലസ് കേന്ദ്രീകരിച്ചാ അവന്മാരുടെ വിളയാട്ടം.” ഇത്തിരി രഹസ്യമായി സാർ ഇത്ര കൂടി കൂട്ടിച്ചേർത്തു. “ ക്ലാസ്സിൽ പിടിച്ചുനിൽക്കണമെങ്കിൽ അവന്മാരുടെ പ്രീതി വേണമെന്നുള്ളതുകൊണ്ട് നമ്മുടെ ചില ടീച്ചേഴ്സ് എന്തിനും സപ്പോർട്ടുമായുണ്ട്.”
വൈകാതെ അത് മനസ്സിലായി. ഒരു തിങ്കളാഴ്ച ക്ലാസ്സിൽ ചെല്ലുമ്പോൾ കുട്ടികൾ ക്ലാസ്സിനു പുറത്ത് കൂട്ടം കൂടി നിൽക്കുന്നു. ക്ലാസ്സിൽ മീര ഒറ്റയ്ക്ക്. ഡെസ്കിൽ തലകുനിച്ച് കിടന്നു തേങ്ങുകയാണവൾ. ഏതോ പുരാതനദേവതയ്ക്ക് ബലിനൽകാൻ വിധിക്കപ്പെട്ട ബലിമൃഗത്തെപ്പോലെ അവൾ. ജനലോരത്ത് ആൺകുട്ടികൾ അടക്കം പറഞ്ഞു ചിരിക്കുന്നു.
ഭിത്തികളിലും ബോർഡിലും ഡെസ്കിലുമെല്ലാം പലനിറത്തിലുള്ള ചോക്കു കൊണ്ട് എഴുതിവച്ചിരിക്കുന്നു.
‘ഷഹനാസ് വിത് മീര’
ഞാൻ നേരേ ഓഫീസിലെത്തി. കേട്ടപാടെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള സീനിയർ ടീച്ചർ എഴുതിയതെല്ലാം മായ്ച്ചുകളയാൻ ഏർപ്പാടു ചെയ്തു. മീരയെയല്ല ഷഹനാസിനെ രക്ഷിക്കാൻ. ടീച്ചറുടെ തൊട്ടയലത്താണ് അവൻ. എന്നിട്ട് ഒരു ഉപദേശവും. “ സാറിതിലിടപെടണ്ട. അവളൊരു നാറ്റക്കേസാ. ആ ചെറുക്കന്റെ പിന്നാലെ അവൾ കൂടിയിരിക്കുകയാ. നല്ല വീട്ടിലെ പയ്യനല്ലേ. വല വീശിപ്പിടിച്ചാൽ കയ്ക്ക്വോ?. അതെങ്ങനാ തള്ള വേലി ചാട്യാ മോള് മതില് ചാടില്ലേ.”
“ടീച്ചർ ഒരു സ്ത്രീയല്ലേ, ഒരു പെൺകുട്ടിയോട് കുറച്ചുകൂടിയൊക്കെ അനുതാപം കാണിക്കാം.” ഉള്ളിലുണ്ടായ കലക്കം ആ വാകുകളിലൊതുക്കി ഇറങ്ങി നടന്നു.
അവൾക്ക് അവളുടെ വീട്ടിൽ നിന്നും അതിനു കിട്ടിയ സമ്മാനം വയറു നിറച്ചു പട്ടിണിയും ശരീരം അടിച്ചു തിണർപ്പിച്ച സ്നേഹവുമായിരുന്നു.
കൃസ്തുമസ്സ് ആഘോഷത്തിന്റെ മറവിലാണ് അടുത്ത വേട്ട നടന്നത്. സാന്താക്ലോസ്സിന്റെ വേഷം സ്വന്തം നിലയിൽ കെട്ടിവന്ന ഷഹനാസ് സ്റ്റേജിന്റെ പിന്നിൽ വച്ച് മീരയെ ബലമായി ചുംബിച്ചു. ആ ചെറ്റത്തരത്തെ തമാശയെന്ന് എല്ലാവരും മുദ്രകുത്തി അവനെ വെറുതെവിട്ടു. പക്ഷേ ഫോർ ദ പീപ്പിൾ അതിലും മുൻപോട്ട് പോയി. കഞ്ഞിപ്പുരയിൽ നിന്നെടുത്ത കരിക്കട്ടകൾ കൊണ്ട് അവർ സ്കൂളിന്റെ മഞ്ഞഭിത്തികളിൽ വീരഗാഥകൾ എഴുതി.
‘ഷഹനാസ് മീരയെ ചുംബിച്ചു. അവളുടെ ചുണ്ടുകൾക്ക് മുന്തിരിച്ചാറിന്റെ മധുരം.’
വഴങ്ങാത്ത മൃഗത്തെ ഓടിച്ചിട്ട് വേട്ടയാടി പിടിക്കുന്ന രീതിയായിരുന്നു അവരുടേത്. ഒടുവിൽ സഹികെട്ട് അവനെ സ്റ്റാഫ്റൂമിൽ വരുത്തി. ചൂരൽ പ്രയോഗം നടത്തുന്നതിനു പകരം അവന്റെ കഴുത്തിനു കുത്തിപ്പിടിക്കാനാണ് അപ്പോൾ തോന്നിയത്.
“ചെറ്റത്തരം കാണിച്ചാൽ കൊന്നുകളയും നായിന്റെ മോനെ..”
ബാക്കിയുള്ളവരെല്ലാം ചേർന്ന് ഇടപെട്ടു. അവനൊരു കൂസലുമില്ല. ഷർട്ടിന്റെ ചുളിവുകൾ നേരെയാക്കി വരാന്തയിലേക്കിറങ്ങി നിന്നവൻ വിളിച്ചു ചോദിച്ചു.
“ സാറിനെന്താ ഇത്ര ദണ്ഡം? അവളെ നോട്ടമുണ്ടേൽ അതു പറ സാറേ, എന്റെ മെക്കിട്ട് കയറാതെ.”
വല്ലാണ്ട് ചെറുതായിപ്പോയി. അവൻ ഒരു ഹീറോയെപ്പോലെ നടന്നുനീങ്ങി.
അശോകൻ സാർ അടുത്തുവന്ന് ചോദിച്ചു.
“ സാറിനിതെന്തിന്റെ കേടാ. എന്തിനാ ഈ പൊല്ലാപ്പിലൊക്കെ തലയിടുന്നത്?കഴിഞ്ഞ വർഷം അവന്മാരെ ക്ലാസ്സിൽ നിന്നും ഇറക്കിവിട്ട മോഹൻദാസ് സാറിനോട് അവന്മാരും ചില ടീച്ചേഴ്സും കൂടി ചെയ്തത് സാറിനറിയില്ലല്ലോ. മോഹൻദാസ് കമ്പ്യൂട്ടർ ലാബിൽ വച്ച് പെൺകുട്ടികളോട് മോശമായി പെരുമാറുന്നതായി കള്ളപ്പരാതി അയച്ചു. അന്വേഷണമായി. ഒടുവിൽ സാറ് ട്രാൻസ്ഫർ വാങ്ങിപ്പോയി.
വല്ലാത്ത ഒരു ഞെട്ടലുണ്ടാക്കിക്കൊണ്ട് ട്രയിന്റെ ചൂളംവിളി മുഴങ്ങി. വണ്ടി നീങ്ങാൻ തുടങ്ങുന്നു. എത്ര ഞെരിച്ചോടിയാലും അതിലിനി കയറിപ്പറ്റാൻ കഴിയില്ല. ഇന്ന് ഈ രാത്രിയിൽ ഈ പുഴയുടെ നടൂവിൽ ഒറ്റയ്ക്ക്....
വണ്ടി നീങ്ങിക്കഴിഞ്ഞപ്പോൾ പുഴയ്ക്ക് കുറുകെ വെള്ളത്തിലൂടെ ഒരാൾ എന്റെ നേരേ നടന്നടുക്കുന്നു. റം തലയ്ക്ക് പിടിച്ചിട്ട് തോന്നുന്നതാവും.
കണ്ണുതിരുമ്മി നോക്കി. അല്ല ആരോ വരുന്നുണ്ട്.
ഒരു പെൺകുട്ടി വന്ന് മണലിൽ എനിക്കടുത്തിരുന്നു.
മീര..
ഞാൻ മിഴിച്ചിരുന്നുപോയി.
“എന്താ മാഷേ അന്തം വിട്ടു നോക്കുന്നത്.?”
മീരാ... നീ...?
അവൾ എന്റെ മുഖത്തുനിന്നും കണ്ണുകളെടുത്ത് അകലേയ്ക്ക് നോക്കി. നേർത്ത ഒരു നിശ്വാസത്തോടെ, ഒട്ടും തിടുക്കമില്ലാതെ അവൾ പറഞ്ഞു.
“ എനിക്ക് മാഷോട് പറയണമെന്ന് തോന്നി. എന്നിട്ട് നരകത്തിലോ സ്വർഗ്ഗത്തിലോ പോകാം. ഞാൻ കൊന്നു മാഷേ. അവനെ, ദേ ഈ കൈകൾ കൊണ്ട്. പിന്നെ എന്നെയും. എല്ലാവരും കരുതുന്ന പോലെ ഞാൻ അവനോടൊപ്പം ആത്മഹത്യ ചെയ്തതൊന്നുമല്ല, മാഷ്ടെ മീര അങ്ങനെ ചെയ്യുമെന്ന് മാഷ്ക്ക് തോന്നുന്നുണ്ടോ?”
അവനെന്നെ ചതിച്ചതാ. പലരും അതിനു കൂട്ടും നിന്നു. അന്ന് മാഷ് എന്നെ സ്കൂളിൽ വച്ച് കണ്ടില്ല്ലേ. ഞാൻ അവനെ കാത്തുനിന്നതാ. എന്റെ ഒരുപാട് മോശം ഫോട്ടോസ് അവന്റെ കൈയിൽ ഉണ്ടെന്നും സന്ധ്യക്ക് കാത്തുനിന്നാൽ തരാമെന്നും പറഞ്ഞു. അങ്ങനെ ചെയ്തില്ലങ്കിൽ എല്ലാം പരസ്യമാക്കുമെന്നും പറഞ്ഞു. അതാ ഞാൻ കാത്തുനിന്നത്. ഒരുപക്ഷേ മാഷോട് എല്ലാം പറഞ്ഞിരുന്നെങ്കിൽ. .? അതൊക്കെ പോട്ടെ , ഇനി ഓർത്തിട്ടു കാര്യമില്ലല്ലോ.
അന്ന് മാഷ് പൊയ്ക്കിഴിഞ്ഞപ്പോൾ അവനെത്തി. കൂടെ കൂട്ടുകാരും. എന്നെ ആരും കാണാതിരിക്കാൻ വേണ്ടി ഞാൻ നമ്മുടെ ക്ലാസ്സിൽ കയറി ഇരിക്കുകയായിരുന്നു. അവൻ വന്നയുടനെ മൊബൈൽ എടൂത്തു ചിത്രങ്ങൾ കാട്ടിത്തന്നു. ഒക്കെ തട്ടിപ്പു ചിത്രങ്ങൾ ആയിരുന്നു മാഷെ. എന്റെ തലവെട്ടി ഏതോ ശരീരങ്ങളിൽ ചേർത്ത് വച്ചത്.
അവൻ മൊബൈൽ എന്റെ മുന്നിൽ വച്ചു. എന്നിട്ട് ഒരു അഭാസച്ചിരി ചിരിച്ചു. ആർത്തുചിരിക്കാൻ കൂടെ കൂട്ടുകാരും. “ ഞാൻ പറയുന്നപോലെ അനുസരിച്ചാൽ ചിത്രങ്ങൾ മാത്രമല്ല മൊബൈൽ തന്നെ നീ എടുത്തോ”
ഞാൻ പോകാനായി എണീറ്റു മാഷേ. അവൻ എന്റെ കൈയിൽ കയറിപ്പിടിച്ചു. ഞാൻ കുതറി. ഞാൻ തറയിൽ മറിഞ്ഞുവീണു. ബാഗിൽ നിന്നും പുസ്തകങ്ങളും ഇൻസ്ട്രമെന്റ് ബോക്സും ചിതറിത്തെറിച്ചു. അവനെന്നെ ബലമായി ഉമ്മവച്ചു. എന്റെ യൂണിഫോം വലിച്ചുകീറാൻ നോക്കി. ഇൻസ്ട്രമെന്റ് ബോക്സിൽ നിന്നും തെറിച്ചു വീണ കോമ്പസ്സ് എന്റെ കൈയിൽ കിട്ടി. പിന്നൊന്നുമാലോചിച്ചില്ല മാഷേ. അവന്റെ കഴുത്തിൽ ഞാനത് കുത്തിയിറക്കി. അവന്റെയും കൂട്ടൂകാരുടെയൂം നിലവിളി ഇടിമിന്നലിന്റെ നടുവിലും ഞാൻ വ്യക്തമായി കേട്ടു മാഷേ.
‘ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ പായുന്നതാണ് ജീവിതം’ എന്ന് മാഷ് എപ്പോഴും പറയാറില്ലേ? ഞാൻ രണ്ടിന്റെയും ഇടയിലൂടല്ല രണ്ടിലൂടെയും കടന്നുപോയി മാഷേ. പെൻസിൽ കൂർപ്പിക്കാൻ ബോക്സിൽ കരുതിയ പഴയ ബ്ലേഡ് എടുത്ത് ഒരുപാട് പണിപ്പെട്ട് ഞാൻ എന്റെ ഞരമ്പ് ഒരു ദാക്ഷിണ്യവുമില്ലാതെ അറുത്തുകളഞ്ഞു .”
മുഖത്ത് ചോര ചീറ്റിത്തെറിച്ചപോലെ ഞാൻ തലകുടഞ്ഞുകൊണ്ട് കണ്ണുകൾ അടച്ചു.
“ഇത്രനാളും കൊണ്ടുനടന്ന ജീവിതത്തിന്റെ ഭാരം ഞരമ്പുകളിലൂടെ ഒഴുകി ഇല്ലാതാവുന്നത് ഞാനറിഞ്ഞു. എന്റെ ജീവിതത്തിൽ പേടിയില്ലാതെ ആസ്വദിച്ച ഒരേയൊരൂ മുഹൂർത്തം അതായിരുന്നു മഷേ. ജീവൻ പോകുന്നതിനു മുൻപ് ഞാൻ അവന്റെ മുഖത്തേയ്ക്ക് കാറിത്തുപ്പി.എന്റെ മരണത്തെപ്പോലും ലോകം അവഹേളിക്കും. അതിനുള്ള പരിഹാരമായിരുന്നു മാഷേ അത്.”
അവൾ ഒട്ടും ഭാരമില്ലാതെ ഒരു ചിരി എനിക്ക് സമ്മാനിച്ചു. ഞാനോ ശ്വാസമെടുക്കാൻ കഴിയാതെ വീർപ്പുമുട്ടി.....
“ മാഷ് എന്നോട് മാപ്പാക്കണം. എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് പറയണം, അവരുടെ ക്ലാസ്സ് പാപപങ്കിലമാക്കിയതിന് അവരുടെ ആരുമല്ലാതിരുന്ന ഈ കൂട്ടുകാരി മാപ്പുചോദിച്ചെന്ന്. അവരെന്നെ സ്നേഹിച്ചില്ലങ്കിലും ഞാൻ അവരെ സ്നേഹിച്ചിരുന്നൂന്ന് മാഷ് പറയണം.”
ഞാൻ പറയാൻ തുടങ്ങുന്നത് കേൾക്കാൻ നിൽക്കാതെ മീര എഴുന്നേറ്റു നടന്നു. എപ്പോഴത്തെയും പോലെ തിരിഞ്ഞുനോക്കാതെ.
എന്റെയുള്ളിൽ നിന്നും ചോരയും പിത്തജലവും പറ്റിപ്പിടിച്ച ഒരു നിലവിളി പുഴയിലേക്ക് തെറിച്ചുവീണു.
അത് പതിയെ അവൾ നടന്നുപോയ ദിക്കിലേക്ക് ഒഴുകാൻ തുടങ്ങി.
***************************************
(സ്ത്രീ പീഡനം പ്രമേയമായി എഴുതപ്പെട്ട മലയാളത്തിലെ ചെറുകഥകൾ എഡിറ്റ് ചെയ്തപ്പോൾ അതിൽ ഞാൻ എഴുതിച്ചേർത്ത കഥയാണിത്. പുസ്തകം. കൊത്തിമുറിച്ച ശില്പങ്ങൾ.(55കഥകൾ)അമ്പലപ്പുഴ സംഭവം നടക്കുന്നതിനും മുൻപ് എഴുതിയ കഥയാണിത്)

108 comments:
((((( O ))))) എന്റെ വക
തുടക്കം ഒരോർമ്മക്കുറിപ്പു പോലെ തോന്നി.
പിന്നങ്ങോട്ട് കഥയിലേക്ക് കയറിയപ്പോ പേടി തോന്നി.
കഥയിലെ മീര അത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല. കുറച്ചു കൂടി തന്റേടമുള്ള , സമൂഹത്തെ ഫേസ് ചെയ്യാൻ കഴിവുള്ളവളായി ജീവിക്കണമായിരുന്നു.
"ജീവൻ പോകുന്നതിനു മുൻപ് ഞാൻ അവന്റെ മുഖത്തേയ്ക്ക് കാറിത്തുപ്പി"
ഇത്രയും മതിയായിരുന്നു.
കഥ വളരെ ഇഷ്ടമായി.
A touching one rally keep writing
ഇതൊരു കഥ മാത്രം ആകട്ടെ എന്ന് കരുതുന്നു!
വല്ലാത്തൊരു ഫീലിംഗ്സോട് കൂടി വിവരിച്ചിരിക്കുന്നു മാഷെ, ഒരുപാട് ഇഷ്ട്ടായി അവതരണം
ഇത്തരം കഥകളെല്ലാം കാണുമ്പോൾ നാടിനേക്കാൾ ഭേദം ഇവീടെയാണെന്നു തോന്നുന്നു മാഷെ....
ഇവീടെ പീഡനങ്ങളില്ല..!
കഥയിൽ പലശീലങ്ങളുള്ള ഗുരു ശിഷ്യ മാരെ കാണാനും കഴിഞ്ഞൂ.
ഈ നല്ല കഥക്ക് നീട്ടം മാത്രം ഇത്തിരി കൂടിയോ എന്നുള്ള സംശയം മത്രം...കേട്ടൊ മാഷെ
മീര അങ്ങനെ ആത്മഹത്യ ചെയ്യരുതായിരുന്നു. പീഡനത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന കഥാപാത്രമാകണമായിരുന്നു. കഥയിലെ പല സന്ദര്‍ഭങ്ങളും വിവരിച്ചിരിക്കുന്നത് നന്നായിട്ടുണ്ട്.
ഓ.ടോ. ഇപ്പോള്‍ നെറ്റ് നോക്കലും എഴുതലും ഒന്നും നടക്കുന്നില്ല. വല്ലപ്പോഴും ഒന്ന് എത്തിനോക്കുന്നു എന്നു മാത്രം. :)
ഒരുപാട് ഇഷ്ട്ടായി മാഷേ അവതരണം.
കഥയായിരിക്കട്ടേ എന്നാണെന്റെ ആഗ്രഹം, പക്ഷേ, സുരേഷേ, അല്ലെന്ന് നമ്മൾ മാഷ്മാർക്ക് അറിയാമല്ലോ.
mmeraye kollandayirunnu........
നല്ല കഥ.
നന്നായി പറഞ്ഞു.
നമ്മള് കേള്‍ക്കുന്ന,
വായിക്കുന്ന,
നമ്മളെ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കുന്ന
എല്ലാ കഥകള്‍ക്കും നമുക്കു വിശ്വസിക്കാനാവത്ത
ഒരു വശം ഉണ്ടല്ലോ...
പരുത്തിവീരന് സിനിമയ്ക്കു ശേഷം വള്രെ
കുത്തി നോവിച്ച ഒരു കഥാവസാനം തന്നെ.
“സ്വാർത്ഥത മൂലം അവനവനുവേണ്ടി ജീവിക്കുന്നവരല്ലേ അധികവും. അവരുടെ എല്ലാ തെരഞ്ഞെടുപ്പും സ്വന്തം സുഖത്തിനുവേണ്ടി മാത്രം. ഭാര്യയും ഭർത്താവും മക്കളും കൂട്ടുകാരും എല്ലാം. പക്ഷേ മറ്റുള്ളവർക്ക് ആവശ്യമില്ലാത്തതിനാൽ അവനവനുവേണ്ടി ജീവിക്കേണ്ടി വരുന്നത് വല്ലാത്ത ഒരു ട്രാജഡിയാ“
അല്‍പ്പം നീളം കൂടിയെങ്കിലും ഒഴുക്കോടെ ഒറ്റയിരുപ്പില്‍ വായിച്ചു. എഴുത്തു മനോഹരം.
good
> തീ കത്തുന്ന ജീവിതത്തിന്റെ പെരുവഴിയിലൂടെ കാക്കക്കാലിന്റെ തണലുപോലുമില്ലാതെ നടന്നുവരുന്നവരുടെ മുൻപിൽ നാം ചിലപ്പോൾ തീരെ ചെറുതായിപ്പോവും. അവരെത്ര ചെറുതായാലും. <
നല്ല കഥ,
(അതു വെറും കഥയായിരിക്കട്ടെ.)
മീര മനസ്സില്‍ ഒരു പൊള്ളലായ് ബാക്കിയാവുന്നു!
വായിച്ചു തുടങ്ങുന്നതിനു മുന്‍പ് ഇതൊന്നു നിരൂപിക്കണം എന്ന് വിചാരിച്ചതാ..പക്ഷെ എനിക്കൊന്നും പറയാനില്ല
സ്വയം ഒരു കഥാപാത്രമാകുമ്പോള്‍ സാര്‍വ്വലൌകികത കുറയില്ലേ. എന്നോടു ഒരാള്‍ അങ്ങിനെ ചോദിച്ചിരുന്നു ഒരിക്കല്‍. ശരിയാണെന്നു തോന്നി.
വിഷയത്തിനു അവസാനം കൊടുത്ത ട്വിസ്റ്റ് നന്നായി. ആത്മഹത്യയില്‍നിന്നു കൊലപാതകത്തിലേക്കുള്ള ചുവടുവപ്പ്.
:-)
ഇത് കഥയല്ല!ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത
ഒരു ചീന്ത് .ചില പിടച്ചിലുകള്‍ പച്ചയായി
മുന്നില്‍ പത്തിവിരുത്തി നൃ്ത്തമാടുന്നല്ലോ...
കഥയായി എഴുതിയതാണെങ്കിലും നടക്കുന്നത് ഇതൊക്കെ തന്നെ. ഹൃദയത്തില്‍ തട്ടുന്ന വിധത്തില്‍ എഴുതി.
ചിട്ടയായി എഴുതിയിരിക്കുന്നു.
ആശംസകള്‍.
ആദ്യമായി മുഖസ്തുതിയില്ലാത്ത അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.
ഒരു കഥയിലൂടെ പലകഥകള്‍ പറയുവാന്‍ എല്ലാവര്ക്കും കഴിയില്ല. അതിന്' അസാധാരണ സിദ്ധി തന്നെ വേണം .അതു താങ്കളുടെ എഴുത്തില്‍ പ്രകടമാണ്'.ഒരു നോവല്‍ വായിച്ച പ്രതീതി എന്നില്‍ ഉളവാക്കി.
സന്ദര്‍ഭോചിതമായ ഉപമാലങ്കാരങ്ങളും പ്രയോഗങ്ങളും എഴുത്തിന്റെ നിലവാരത്തെ ഉന്നതമാക്കി. പക്ഷേ കഥയില്‍ ചോദ്യമില്ലെങ്കിലും കഥാകാരനോട് ചോദിക്കാമല്ലോ.
നിളാതീരത്തെ മണല്പരപ്പില് മാഷുടെ കിടപ്പും വണ്ടി നഷ്ടപ്പെടുന്നതും മരിച്ചു പോയ മീര വന്നതും അവള് മാഷുമായി സംസാരിച്ചതും അതു തന്നെ പിന്നീട് സത്യമായി ഭവിക്കുന്നതുമെല്ലാം മനോഹരമായ കഥാവീണയുടെ തന്ത്രികളില്‍ നിന്നുമടര്‍ന്നു വീണ അപസ്വരങ്ങളായി ഈയുള്ളവനു തോന്നി. ഒരു പക്ഷേ വിലയിരുത്താനുള്ള കഴിവു കുറവായിരിക്കാം .എന്നാലും മാഷൊന്നു നോക്കണേ...
നെരിപ്പോടായ് ഹൃദയത്തിൽ തറച്ചു മീര...
കനിവില്ലാ ലോകത്തിൽ ബന്ധുത്വം
വെടിഞ്ഞവൾ.
നല്ലതുപോലെ എഴുതി..എല്ലാവിധ മംഗളങ്ങളും.
എന്റെ നെഞ്ചിന്‍കൂട് തകര്തല്ലോ മാഷേ! ഈയടുത്തോന്നും ഇത്രേം നല്ല കഥ/നീണ്ട കഥ വായിച്ചിട്ടില്ല. ശരിക്കും ഉള്ളില്‍ തട്ടി. ചുമ്മാ ഒരു കല്ലിവല്ലി പരഞ്ഞുപോകാന് വന്നതാ. പക്ഷെ മാഷെന്നെ ഇരുത്തിക്കളഞ്ഞു!
ആശംസകള്‍...
കണ്ണു നിറച്ചല്ലോ മാഷേ. മീരയെ പോലെ നമ്മളറിയാത്തവര്‍ എത്രയോ പേര് കാണും...
മനോഹരം...
പിടിച്ചിരുത്തിയ കഥ..
മീര മനസ്സില്‍ തന്നെ തങ്ങുന്നു...
അമ്പലപ്പുഴ സ്കൂളിലെ സംഭവമാണ് വായന തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ വന്നത്. കഥ നന്നായി പറഞ്ഞു. പക്ഷെ എനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. മീരയെന്ന കുട്ടിയെയും മാഷേയും ആദ്യം വായനക്കാരൻ പരിചയപ്പെടുമ്പോൾ മാഷ് പറയുന്ന സമൂഹത്തോടുള്ള പേടിയും അല്ലെങ്കിൽ സ്വയം പേടിയും എല്ലാം വായനക്കാരന് സ്വാഭാവികമായി തന്നെ തോന്നും. പക്ഷെ, പിന്നീട് ഫ്ലാഷ് ബാക്കായി അവളുടെ മരണശേഷം ഓർമ്മകളിലൂടെ മാഷ് പറയുന്നത് കേട്ടാൽ ഒരിക്കലും മാഷ് അവിടെ ആ കുട്ടിയെ തനിച്ചാക്കി പോകും എന്ന് വിചാരിക്കാൻ കഴിയില്ല. അപ്പോൾ അത് കഥ മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടിയുള്ള ഏച്ചുകെട്ടായി തോന്നുന്നു. കാരണം പരസ്യമായി പോലും ഷഹനാസിനെ ചെറ്റത്തരം കാട്ടിയാൽ കൊന്നുകളയും നായിന്റെ മോനെ എന്ന് വിളിച്ച മാഷ്.. അവളുടെ ജിവിതകഥ മുഴുവൻ അറിയാവുന്ന മാഷ്.. ഒരിക്കലും അങ്ങിനെ ഒരു അവസ്ഥയിൽ തനിച്ചാക്കും എന്ന് വിചാരിക്കാൻ കഴിയില്ല. ഇനി കഥ മുന്നോട്ട് കൊണ്ടുപോകാൻ അത് വേണം എന്ന വാദം ആണെങ്കിൽ ആദ്യ ഭാഗത്തെ കണ്ടുമുട്ടലും അല്പം കൂടെ ലോജിക്കായ എന്തെങ്കിലും റീസണും കാട്ടാമായിരുന്നു. സമയം ഒന്നും അവളെ വീട്ടിലാക്കുന്നതിൽ പ്രശ്നമല്ല എന്ന് മാഷിന്റെ വാക്കുകൾ തന്നെ പറയുമ്പോൽ.
പക്ഷെ, കഥയല്ലേ എന്ന് ചോദിക്കുമ്പോൾ ശരിയാണ്. പ്രമേയം വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. ചെറിയ അക്ഷരതെറ്റുകൾ ചിലയിടങ്ങളിൽ കണ്ടു. തിരുത്തുമല്ലോ. ഒപ്പം ഷഹനാസ് എന്ന പേര്? അത് പൊതുവെ പെൺകുട്ടികൾക്കിടുന്ന പേരല്ലേ എന്നൊരു സംശയവും.
കഥ ഇന്നലെ വായിച്ചു വല്ലാത്ത ഒരു ഉള്‍കിടിലത്തോടെയാണ് വായന തീര്‍ത്തത്. അഭിപ്രായം പറയാന്‍ ഗൂഗിള്‍ സമ്മതിച്ചില്ല.
മീര മനസ്സില്‍ വല്ലാതെ തട്ടിയ ഒരു കഥാപാത്രം തന്നെ. ഒരു ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കാതെ പൊരുതി നില്ക്കുന്ന തന്റേടമുള്ള ഒരു മീരയാവണെ എന്ന് ആഗ്രഹിച്ചത് എന്റെ തെറ്റ്.
കഥയാവുമ്പോള്‍ വായനക്കാരനെ ത്രസിപ്പിക്കുന്നതിലാണ് കഥാകാരന്റെ വിജയം. ഈ കഥയില്‍ അതിനു കഴിഞ്ഞിരിക്കുന്നു.. അഭിനന്ദനങ്ങള്‍
ഒരു സംഭവവിവരണം പോലെ കഥ ഇഷ്ടപ്പെട്ടു. എഴുത്ത് വളരെ ആകര്ഷനീയമായിരിക്കുന്നു. ഇത്രയും നീദ്ദനമായിരുന്നോ എന്ന സംശയവും ഇല്ലാതില്ല.
ബൂലോകത്തേക്ക് വിടുമ്പോള്‍ ഇത് രണ്ടു ഭാഗം ആക്കി പോസ്ടുന്നതായിരുന്നു ഉചിതം എന്ന് തോന്നി.
ഞാന്‍ ഇന്നലെ ഇത് വന്നു നോക്കിയിട്ട് പിന്നെ വായിക്കാം എന്ന് കരുതി തിരിച്ച് പോയതാണ്.
അവസാനഭാഗം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. പക്ഷെ അവിടെയും വിവരണം കൂടുതലായി അനുഭവപ്പെട്ടു.
ഷഹനാസില്‍ നിന്നും മീരക്ക് ആദ്യമായി കിട്ടുന്ന പ്രണയലെഖനത്തെക്കുറിച്ച് മാഷോട് പറയുന്ന രംഗം എന്തോ എനിക്ക് ഒരു....
മാഷുടെ ദൂരയാത്രയെക്കുറിച്ചും അവ്യക്തത തോന്നി.
നല്ല കഥയില്‍ പുതുമ അനുഭവപ്പെട്ടു.
ഭാവുകങ്ങള്‍...
സുരേഷേട്ടാ,
പ്രമേയം ഇഷ്ടമായി. മനസ്സിൽ സ്പർശിക്കുന്ന ഒരു നൊമ്പരം.
ഇനിയും കഥകളെഴുതണം. കവിതയോടൊപ്പം കഥയും വരട്ടെ :)
അവതരണത്തിൽ കുറച്ചു് അപാകതകൾ തോന്നി - നീളം കൂടുതൽ, മീരയുടെ പെരുമാറ്റത്തിലുള്ള അസ്വാഭാവികത, എല്ലാം അറിയുന്ന മാഷു് അവളെ ഒറ്റക്കാക്കി പോകുന്നതു് (സമയമുണ്ടായിട്ടു് കൂടി).. സാരമില്ല. കഥയല്ലേ?
മീര പറഞ്ഞ ചില വാചകങ്ങളും അസ്വാഭാവികമായി തോന്നി. മനഃകരുത്തുള്ള ഒരു കുട്ടി ജീവിതത്തെ കുറച്ചുകൂടി ധൈര്യത്തോടെ നേരിടും എന്ന പ്രതീക്ഷയുണ്ടായിരുന്നു.
കത്തുന്ന ജീവിതത്തിന്റെ പെരുവഴിയിലൂടെ കാക്കക്കാലിന്റെ തണലുപോലുമില്ലാതെ നടന്നുവരുന്നവരുടെ മുൻപിൽ നാം ചിലപ്പോൾ തീരെ ചെറുതായിപ്പോവും. അവരെത്ര ചെറുതായാലും.....ഇത്ര മനോഹരമായി ആറ്റിക്കുറുക്കാനറിയാവുന്ന മാഷ്ക്ക്....ഇക്കഥ highly concentrated ആക്കിമാറ്റാമായിരുന്നു വായിക്കുന്നവന്റെ നെഞ്ച് പൊള്ളിഉരുകിയേനേ...നല്ല അവതരണം പക്ഷേ അവനെക്കൊന്ന് കൊലവിളിച്ച് അന്തസ്സായി ഗോതമ്പുണ്ടതിന്നു ജയിലില്‍ ജീവിക്കുന്ന മീരയോടാണെനിക്കു താല്‍പര്യമെന്നതു വ്യക്തിപരം....
സുരേഷ്, ഇതിലെ പ്രമേയം ജീവിതഗന്ധിയാണ്. വാക്കുകള്‍ക്ക് ശക്തിയുമുണ്ട്. പക്ഷ,
വിഷയത്തിലോ അവതരണത്തിലോ പുതുമയില്ല. കഥയിലുടനീളം കല്ലുകടി അനുഭവപ്പെടുന്നത് ഇതിലെ നായികയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് കൊണ്ടാണ്. തുടക്കവും തുടര്‍ച്ചയും കൊള്ളാം. ഒടുക്കം പാളിപ്പോയി. ആദ്യ ഭാഗത്ത് നായികയുടെ ഭാഷണങ്ങള്‍ ധീരമാണ്. അങ്ങനെയൊരാള്‍ സ്വയം മരിക്കുമോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നതു അത് കൊണ്ടാണ്!
ഇതൊരു കഥ മാത്രം ആകട്ടെ എന്ന് കരുതുന്നു!
ഒരുപാട് ഇഷ്ട്ടായി
ഇനിയും കഥകളെഴുതണം. കവിതയോടൊപ്പം കഥയും വരട്ടെ
നന്നായിരിക്കുന്നു, സുരേഷ്. തുടക്കത്തില്‍ അല്പം തട്ടിത്തടയുന്നതു പോലെ തോന്നിയെങ്കിലും, പിന്നെ നല്ല ഒഴുക്കായിരുന്നു. അഭിനന്ദനങ്ങള്‍.
ഉള്ളില്‍ ഒരു നീറ്റലോടെയാണ് വായിച്ചവസാനിപ്പിച്ചത്..ഇത്രയും ധീരമായ മീര മരിക്കണ്ടായിരുന്നു...
സുരേഷ് മാഷേ ( അല്ല അളിയാ )
എല്ലാവരും എല്ലാ പോസ്റ്റിലും പോയി പറയാറുണ്ട് കിടിലം , നല്ല എഴുത്ത് എന്നൊക്കെ .... ആ വാക്കുകള്‍ ഒന്നും ഞാന്‍ ഇവിടെ ഉപയോഗിക്കുന്നില്ല .
ഈ പോസ്റ്റ് വായിച്ചതിനു ശേഷം ഞാന്‍ ഡ്യൂട്ടി ക്ക് പോയി . അവിടെയെല്ലാം നിങ്ങളുടെ കഥാ നായിക മീരയും ആ വില്ലന്‍ ചെറുക്കനും ആ മാഷും എന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു .... വായിച്ചതിനു ശേഷവും കഥയും കഥാ പാത്രങ്ങളും വായന ക്കാരന്റെ മനസ്സില്‍ നില്ക്കുംപോഴല്ലേ കഥാ കാരന് വിജയിക്കുന്നത് . ഈ അടുത്ത കാലത്ത് വായിച്ചതില്‍ നിലവാരമുള്ള ഒരു പോസ്റ്റ് അത് ഇതാണ്.
ആശാന് നന്നായി വായിക്കുന്ന ഒരാളാണ് എന്ന് എഴുത്തിന്റെ നിലവാരം വ്യക്തമാക്കുന്നുണ്ട് .
വയനാട്ടില്‍ നിന്ന് കോടമഞ്ഞിനെ വകഞ്ഞു മാറ്റി ജീപ്പില്‍ ചുരമിറങ്ങിയതും , നിളാനദിയുടെ കുളിരേറ്റു കിടന്നതും ഒക്കെ ഞാന്‍ ഇവിടെയിരുന്നു അനുഭവിച്ചു .
“വയസ്സറിയിച്ച പെൺമക്കൾക്ക് ഭർത്താവു വാഴാത്ത ഒരമ്മയുള്ളതും ഭാര്യയെ കൂട്ടിക്കൊടുക്കുന്ന ഒരു രണ്ടാനച്ഛനുള്ളതും ഒട്ടും നന്നല്ല.
ഇതൊക്കെ കഥയെ ശക്തമാക്കിയ വരികള്‍ ആണ് .
എന്തിനേറെ പറയുന്നു . വായിച്ചു , ജോലിക്ക് പോയിട്ട് വന്നതിനു ശേഷവും ഇത്രയും ആവേശത്തില്‍ കമന്റ് ചെയ്യുന്നത് തന്നെ നിങ്ങളിലെ കഥാകാരന്റെ വിജയമല്ലേ ???
വായിച്ചു തീര്‍ന്നപ്പോഴേക്കും കണ്ണുനീര് നിറഞ്ഞു കാഴ്ച അവ്യക്തമായിരുന്നു!
പലരും പറഞ്ഞു മീരയെ കൊല്ലേണ്ടായിരുന്നു എന്ന്,അവള് ധൈര്യം കാണിക്കണമായിരുന്നു എന്ന്.. പക്ഷെ, ആരും തുണയില്ലാത്ത മീരക്ക് വേറെ എന്താണൊരു വഴി? മനുഷ്യര്‍ നിസ്സഹായരായിപ്പോകുന്ന ചില സന്ദര്‍ഭങ്ങളില്‍ അറിയാതെ ആത്മഹത്യയിലേക്ക് നടന്നു പോകും.... പ്രത്യേകിച്ചും മീരയെപ്പോലെയുള്ള ജീവിത സാഹചര്യത്തിലെ ഒരു ടീനേജ് പെണ്‍കുട്ടി.
എന്റെ വേദന,അവളെക്കുറിച്ചറിയാമായിരുന്ന മാഷ്, അവളെ രക്ഷിക്കാനായി ഒന്നും ചെയ്തില്ലല്ലോ എന്നാണ്.
ഞെട്ടലോടെ വായിച്ചു തീര്‍ത്തു.ഒരു കഥയാണെന്നറിയാമെങ്കിലും..
വളരെ നന്നായിരിക്കുന്നു, വേദനിപ്പിക്കുന്ന കഥ...
vallathe vedhanippikkunnu..ee katha
vallathe vedhanippikkunnu..ee katha
vallathe vedhanippikkunnu..ee katha
സുരേഷ്
ശരിക്കും അമ്പലപ്പുഴയില്‍ നടന്നതും
ഇതേപോലെ യൊ ക്കെയാണ് .
സമുഹത്തില്‍ ഇങ്ങനെയുള്ള ഒരുപാടു
കേസ്സ് ഉണ്ട് .പാവം ചില കുട്ടികള്‍
വലയില്‍ വിഴും . പിന്നെ പൊങ്ങാന്‍
പറ്റത്തില്ല . അപ്പോള്‍ പിന്നെ അനന്തര
ഫ ലം വാണിഭം ആണ് .
എന്ത് ചെയ്യാന്‍ പറ്റും ? നോക്കു കുത്തികളായി
നമുക്ക് ഇരിക്കാം .
നല്ല കഥ
മാഷിന്റെ കഥ അസ്സലയെന്നു മാത്രമല്ല കേരളത്തില്‍ കാലിക പ്രാധാന്യം ഉള്ള വിഷയം കൂടി ആണ്. മാഷിന്റെ കഥയെ കുറിച്ച് അഭിപ്രായം പറയാനുള്ളത്ര ജ്ഞാനം എനിക്കില്ല. പക്ഷെ അതിനു വായനക്കാര്‍ നല്കിയ കംമെന്റ്കള്‍ എന്നെ വളരെ സന്തോഷിപ്പിച്ചു.. പെന്കുടികള് കു തന്റേടം വേണമെന്ന് അതെഴുതിയ എല്ലാവരും ആഗ്രഹിക്കുന്നു. കുറച്ചു കാലം മുന്‍പ് വരെ ഇത്തിരി ധൈര്യ മുള്ള പെണ്‍കുട്ടികളെ 'മരം കേറികള്' എന്ന സ്ഥാനപേര് കൊടുത്തിരുന്നു. ഇപ്പോള്‍ നാട്ടില്‍ ആ സ്ഥിതിക്ക് മാറ്റം വന്നല്ലോ.. മീരക്ക് കുറച്ചു കൂടി ധൈര്യം ആവാമായിരുന്നു. തീയില്‍ കുരുത്തത് വെയിലത്ത് വാടരുതല്ലോ..
swayam aayudhamayaval. vedanippichchu mashe.
കഥ ഇഷ്ടമായി..നീളം അല്പം കൂടി.എങ്കിലും ഒറ്റഇരിപ്പിന് മുഴുവന്‍ വായിച്ചു.
കഥ ഇഷ്ടമായി..നീളം അല്പം കൂടി.എങ്കിലും ഒറ്റഇരിപ്പിന് മുഴുവന്‍ വായിച്ചു.
അമ്മേ!നൊമ്പരപ്പെടുത്തുന്ന ഒരു അനുഭവമായി.തികച്ചും ഹൃദയസ്പര്‍ശി!അവസാനശ്വാസം
വരെയും അഭിമാനം കാത്തുസൂക്ഷിക്കാന്‍ ആര്‍ജ്ജവം കാണിക്കുന്ന നായിക ഹൃദയത്തോട്
ചേര്‍ന്ന് നില്ക്കുന്നു. സാമൂഹിക കെട്ടുപാടുകളില്‍ ഉഴറി പ്രതികരിക്കാനാകാതെ ധാര്‍മിക
രോഷം ഉള്ളില്‍ ഒതുക്കുന്ന മാഷിന്റെ കഥാപാത്രത്തിനു മിഴിവ് പോരെന്നു തോന്നുന്നു.എന്റെ
ഒരു തോന്നല്‍ ആണ് !
അമ്മേ!നൊമ്പരപ്പെടുത്തുന്ന ഒരു അനുഭവമായി.തികച്ചും ഹൃദയസ്പര്‍ശി!അവസാനശ്വാസം
വരെയും അഭിമാനം കാത്തുസൂക്ഷിക്കാന്‍ ആര്‍ജ്ജവം കാണിക്കുന്ന നായിക ഹൃദയത്തോട്
ചേര്‍ന്ന് നില്ക്കുന്നു. സാമൂഹിക കെട്ടുപാടുകളില്‍ ഉഴറി പ്രതികരിക്കാനാകാതെ ധാര്‍മിക
രോഷം ഉള്ളില്‍ ഒതുക്കുന്ന മാഷിന്റെ കഥാപാത്രത്തിനു മിഴിവ് പോരെന്നു തോന്നുന്നു.എന്റെ
ഒരു തോന്നല്‍ ആണ് !
അമ്മേ!നൊമ്പരപ്പെടുത്തുന്ന ഒരു അനുഭവമായി.തികച്ചും ഹൃദയസ്പര്‍ശി!അവസാനശ്വാസം
വരെയും അഭിമാനം കാത്തുസൂക്ഷിക്കാന്‍ ആര്‍ജ്ജവം കാണിക്കുന്ന നായിക ഹൃദയത്തോട്
ചേര്‍ന്ന് നില്ക്കുന്നു. സാമൂഹിക കെട്ടുപാടുകളില്‍ ഉഴറി പ്രതികരിക്കാനാകാതെ ധാര്‍മിക
രോഷം ഉള്ളില്‍ ഒതുക്കുന്ന മാഷിന്റെ കഥാപാത്രത്തിനു മിഴിവ് പോരെന്നു തോന്നുന്നു.എന്റെ
ഒരു തോന്നല്‍ ആണ് !
അമ്മേ!നൊമ്പരപ്പെടുത്തുന്ന ഒരു അനുഭവമായി.തികച്ചും ഹൃദയസ്പര്‍ശി!അവസാനശ്വാസം
വരെയും അഭിമാനം കാത്തുസൂക്ഷിക്കാന്‍ ആര്‍ജ്ജവം കാണിക്കുന്ന നായിക ഹൃദയത്തോട്
ചേര്‍ന്ന് നില്ക്കുന്നു. സാമൂഹിക കെട്ടുപാടുകളില്‍ ഉഴറി പ്രതികരിക്കാനാകാതെ ധാര്‍മിക
രോഷം ഉള്ളില്‍ ഒതുക്കുന്ന മാഷിന്റെ കഥാപാത്രത്തിനു മിഴിവ് പോരെന്നു തോന്നുന്നു.എന്റെ
ഒരു തോന്നല്‍ ആണ് !
കത്തുന്ന ജീവിതത്തിന്റെ പെരുവഴിയിലൂടെ കാക്കക്കാലിന്റെ തണലുപോലുമില്ലാതെ നടന്നുവരുന്നവരുടെ മുൻപിൽ നാം ചിലപ്പോൾ തീരെ ചെറുതായിപ്പോവും.
കഥ ഇഷ്ടമായി
പ്രമേയപരമായ പുതുമയില്ല..
ഏതോ പത്ര വാർത്ത ഒരു കഥയാക്കിയതു പോലെ..
സംഭാഷണങ്ങൾക്ക് സ്വാഭാവികതയില്ലാതെ പോയി.. സംസാരിക്കുമ്പോൾ സാഹിത്യ ഭാഷ വരാതെ സൂക്ഷികൂ..
സ്ഥിരം പ്യൂൺ പേരു ‘ശങ്കരേട്ടൻ’ വായിച്ചു ചിരിച്ചു പോയി..
ഹെഡ് കോൺസ്റ്റബിൾ ‘കുട്ടൻ പിള്ള’ എന്നു പറയുന്നതു പോലെ!
ഇനിയും എഴുതൂ..
പെണ്കുട്ടികള്ക്കിന്ന് എവിടേയും സുരക്ഷിതത്വമില്ല. പുതിയ സാങ്കേതികവിദ്യകള്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യാനുള്ള ഉപാധികള്‍ നല്കുന്നു കാമകിങ്കരന്മാര്ക്ക്. അവരുടെ ചതിക്കുഴികളില്‍ ജീവിതം ഹോമിക്കുന്ന നിഷ്ങ്കളങ്ക കൗമാരങ്ങള്‍ക്ക് എന്റെ ബാഷ്പാഞ്ജലി.
പ്രിയ സുരേഷ്
താങ്കളുടെ കഥ , അല്ല സമൂഹത്തിനെ നേരയുള്ള ഈ കണ്ണാടി വളരെ അധികം ഇഷ്ടമായി,
എഴുത്തും മനോഹരം , കഥയോടൊപ്പം നമ്മളും സഞ്ചരിയ്കുമ്പോള്‍ , സാഹചര്യങ്ങള്‍ നമ്മളെയും ആ ലോകത്തേയ്ക് കൂട്ടുന്നു ,
സ്കൂള്‍ പരിസരവും , ഫ്രഞ്ച് ഗയാനയും, ഇഴയുന്ന തീവണ്ടിയും , ഒഴുകുന്ന പുഴയും , പിന്നെ മീരയും , മീരയുടെ അസ്തിത്വവും എല്ലാം ഒരനുഭവമായി മാഷേ ....
എന്തെ പുതിയ കഥകള്‍ ഒന്നും എഴുതാത്തെ ?
യാഥാര്‍ത്ഥ്യമാവുന്ന കഥകള്‍..... വളരെ നന്നായി എഴുതി...
“എന്നെ ആരും സ്നേഹിക്കുന്നത് എനിക്കിഷ്ടമല്ല മാഷേ, ആരും.”
തോമസ്സ് ഹാര്‍ഡിയുടെ ടെസ്സിനെപോലൊരു ശോകനായിക!!!
നന്നായിരിയ്ക്കുന്നു...നിറഞ്ഞുപെയ്യുന്ന ജീവിതമഴ!!!!
ആശംസകളോടെ.
കഥ ഗംഭീരമായി.ഞാൻ ശെരിക്കും ആസ്വദിച്ചു.ഒരു സംഭവത്തിൽ നിന്നും മറ്റൊന്നിലേക്കുള്ള ഗതിമാറ്റം എല്ലാം നന്നായിട്ടുണ്ട്. പ്രത്യേകിച്ചും മണൽ പരപ്പിലേക്ക് മീര വരുന്നതും മറ്റും.
കഥ വായിച്ചു തരക്കേടില്ല...നല്ലതു വരട്ടെ..ഇനിയും എഴുതുക.
vedhanippichu!
നന്നായി പറഞ്ഞ കഥ
ഇത്തിരി സങ്കടായി
പത്താം ക്ലാസിലെ പിള്ളേര്ക്കിടയില് ആണെന്ന ഫീലിഗ് തീരെ വരുന്നില്ലാ
ഇത്ര ചെറിയ പിള്ളെരില് ഇത്ര വലിയ മാറ്റര്‍ എനിക്കിഷ്ട്ടായില്ലാ
എന്തോ ഒരു ഭാരം മനസ്സില്‍ നിറഞ്ഞ പോലെ
കുറച്ചു വൈകി. പിടിച്ചിരുത്തി വായിപ്പിച്ചു.
ഹോമിക്കപ്പെടുന്ന കൌമാരങ്ങള്‍ക്ക് ശാപമുക്തി ഉണ്ടാകട്ടെ, ഇനിയും മീരകള് ഉണ്ടാകാതിരിക്കട്ടെ എന്നു വിശ്വസിച്ചോട്ടെ?
"മാഷേ, Hats Off"
അത്ര ഭംഗിയായി പറഞ്ഞിരിക്കുന്നു.
അവസാനം നെടുവീര്‍പ്പും..ഒരു മരവിപ്പും.
മാഷാവ്വാന്നുള്ളത് ഒരു അനുഗ്രഹമാണല്ലെ.............. അതോ...........എന്തായാലും ഒരുപാട്.........അല്ലെങ്കില്‍ ഒരുപാടുപേരുടെ അനുഭവങ്ങളിലൂടെ അതിന്റെ തീപ്പൊരി ചവിട്ടി അതിന്റെയൊക്കെ ഒരു ഭാഗമായി ഇങ്ങിനെ കടന്നുപോവാന്പറ്റുമല്ലൊ. അച്ഛനെ ഞാന്‍ കണ്ടിട്ടുണ്ട് . എവിടെ ചെന്നാലും ആരെങ്കിലുമൊക്കെകാണും മാഷേന്നു വിളിച്ച് സ്നേഹം കാട്ടാന്‍.
കഥ ഇഷ്ടമായി. എല്ലായിടത്തുമുണ്ട് , എന്നാലും നാട്ടില്‍ വിദ്യാഭ്യാസപരമായി എത്ര ഉയര്‍ന്ന നിലവാരമുള്ളവരായാലും സ്ത്രീകളോടുള്ള (സ്ത്രീകള്‍ക്കുപോലും) സമീപനം വളരെ മോശമാണെന്നു ഞങ്ങള്‍ പുറത്തുള്ളവര്‍ക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.
“ഈ നേരത്ത്, ഈ മഴയത്ത് അവൾ സ്കൂളിൽനിന്നിറങ്ങി പോകുന്നതിന്റെ പിന്നാലെ ഞാൻ ഇറങ്ങുന്നതുകണ്ടാൽ, അതുമതി നാളെ മതിലിൽ പോസ്റ്റർ പതിയാൻ. ഉദ്ദേശ്യശുദ്ധിക്കോ സ്നേഹത്തിനോ നന്മക്കോ തീരെ മൂല്യമില്ലാത്ത കാലത്ത് അതൊരു ബാദ്ധ്യത മാത്രമല്ല ചിലപ്പോഴൊക്കെ അപകടവുമാണ്.“
- മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത് ‘വയ്യാവേലി’ ആകുമെന്ന് കരുതുന്ന മലായാളി മനസ്സിന്റെ കാപട്യത്തിന്റെ നേര്‍ചിത്രമാണിത്!
ഒരു അധ്യാപകമന്സ്സിന്റെ വ്യഥകള്‍, ഒരു പച്ചമനുഷ്യന്റെ നോവുകള്‍ ഒക്കെ നന്നായി ഈ കഥയില്‍; ഒരല്പം നീണ്ടുപോയെങ്കിലും.
മാനാഭിമാനങ്ങൾക്കും ആർത്തികൾക്കും പകിട്ടുകൾക്കും പിന്നാലെ പായുന്ന ഒരു മദ്ധ്യവർഗ്ഗ മൂരാച്ചി ഉള്ളിൽ കിടന്ന് മുരളുമ്പോഴും എവിടെയോ തെറ്റുപറ്റിയെന്ന ഖേദത്തിന്റെ മുറിവിൽ നിന്നും ചോര ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു..
ഈ വരികള്‍ വളരെ ഇഷ്ടപ്പെട്ടു. മീര ഒരു മഹാമേരു പോലെ തലയെടുപ്പോടെ നില്ക്കുന്നു വായനക്ക് ശേഷവും..
കനലൊടുങ്ങാത്തൊരു തീപ്പൊരിയാണ് മീര. അപരന്റെ അടിച്ചുവാരലുകള്ക്കിടയില് പെട്ടുപോയ ഉണങ്ങിത്തീര്‍ന്ന ഒരു ഒലീവുചില്ല! അര്‍ത്ഥരഹിതമായ ജീവിതത്തിന്റെ അടുപ്പില്‍ അമരാന്‍ വിധിക്കപ്പെട്ട അവളുടെ, മൃദുല ധമനികളില്‍ നിന്നൊഴുകിയ ചുടു നിണം എഴുത്തുകാരന്റെ തൂലികത്തുമ്പിലേക്കും കുത്തിയൊഴുകിയിരിക്കുന്നു.
..
മീര ഒരു കനലായി നെഞ്ചിനുള്ളില്‍ എരിയുന്നു മാഷേ .
നന്നായി .......
എത്തിനോട്ടത്തിന്റെ ഇക്കിളിപ്പെടലില് ആനന്ദം കണ്ടെത്തുന്ന കപടസദാചാരവാദികളുടെ നേര്‍ചിത്രത്തിലൂടെ തുടങ്ങി കാമാഭ്രാന്തന്മാരുടെ പ്രണയക്കെണിയുടെ തുറന്നു കാട്ടലിലൂടെയുള്ള കഥപറച്ചില്‍ നന്നായി മാഷേ.
ethi poi!
ethi!
kollam...
...
...............
മനസിൽ അറിയാതെ ഒരു വിങ്ങലുയർന്നു. ഒരു കഥയെന്ന് കരുതി സമാധാനിക്കാൻ ശ്രമിച്ചു.പരാജയപ്പെട്ടു. :(
ഗംഭീരമായെഴുതി.
ശരിക്കും ഉള്ളിൽ തട്ടി.
അഭിനന്ദനങ്ങൾ!
പോസ്റ്റ് നേരത്തേ വായിച്ചു ..ചിലത് വായിക്കുമ്പോള്‍ ഒന്നും എഴുതുവാനും വരില്ല..വായിച്ചു മനസ് വേദനിച്ചു എന്നും പറയുന്നു .
Dear Suresh,
Good Evening!
A touching story.Well narrated.
When Meera is picturised as bold through the dialogues,why she has to have such an end?
How can she be left behind in late evening?
Meera could have been a role model to the hundreds of girls who are becoming the scapegoats.A beautiful thread woven in a delicate thread.But a very good attempt.
The reader gets upset and disturbed after reading this post but a spark is not lighted how to react and protest.
Wishing you a rainy Karkidakam,
Sasneham,
Anu
manasu aardramakkiya post...... aashamsakal...
(കഥയുടെ നീളം കണ്ടു ഒരിക്കല്‍ പേടിച്ചോടിയതാ മാഷേ ക്ഷമിക്കണം.ഇപ്പൊ വീണ്ടും വന്നു )
കണ്ണുകളെ ഈറനണിയിക്കുന്ന കഥ.ഒരു ചലച്ചിത്രം പോലെ മുന്നില്‍ കഥാപാത്രങ്ങള്‍ വന്നു മറയുന്നു.
കവിതയെക്കാളും കഥ തന്നെയാണ് മാഷിനും വായനക്കാര്‍ക്കും നല്ലത് എന്നാണു എന്റെ പക്ഷം. ഒന്ന് കൂടി ചുരുക്കി എഴുതിയാല്‍ തന്നെ രചയിതാവ് ഉദേശിക്കുന്നത് മുഴുവന്‍ വായനക്കാരിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയുമായിരുന്നു.
കൊലപാതക രഹസ്യം, മാഷിനു മീര ഒരു കത്തയച്ചു പരസ്യപ്പെടുതിയിരുന്നെങ്കില് 'അസ്വാഭാവികത' ഒഴിവാക്കാമായിരുന്നു.
വളരെ നന്നായിട്ടുണ്ട് മാഷേ ...
നല്ലൊരു വായനാനുഭവം.
കണ്ടും കേട്ടും അറിഞ്ഞ പല ചുറ്റുപാടുകളും പകര്ത്തിവായിച്ചപോലെ.
@കലാവല്ലഭൻ: ആദ്യ കമന്റിനു നന്ദി. ആത്മഹത്യ ഒരു പരാജയമാണോ? അല്ലങ്കിൽ മീര ജീവിതം അതിജീവിക്കാൻ തീരുമാനിച്ചാൽ സമൂഹം അവളെ ഇനി എങ്ങനെ വേട്ടയാടണം എന്നു തീരുമാനിക്കില്ലേ. അവളുടെ ആത്മഹത്യയുടെ സമയം കുറച്ചുകൂടി നീട്ടാം എന്നല്ലേ ഉള്ളൂ.ചിലപ്പോൾ മരണം ഒരു പ്രതിരോധമോ പ്രതിഷേധമോ ആണെങ്കിലോ?
ജപ്പാൻ കാരുടെ ഹരാകിരി പോലെ.
@ജമാൽ, വായനയ്ക്കും വരവിനും നന്ദി.
@ ഒഴാക്കൻ ഇതൊരു കഥമാത്രമല്ല അതാണ് എന്റെയും പ്രാണസങ്കടം.
@ ബിലാത്തി മുരളിയേട്ടാ, സ്ത്രീകൾക്ക് സ്വതന്ത്രമായി ജീവിക്കാൻ പറ്റുന്ന നാട്ടിൽ ജീവിക്കുന്നത് ഒരു ഭാഗ്യമാണ്. കഥ മുൻപ് എഴുതിയതാ പിന്നെ എഡിറ്റ് ചെയ്യണ്ട എന്നു തീരുമാനിച്ചു. പറയേണ്ടത് പറയണ്ടേ.
@ ഗീത ആത്മഹത്യയ്ടെ കാര്യം ഞാൻ പറഞ്ഞല്ലോ.
ചിലപ്പോൾ ആത്മഹത്യ ജീവിതത്തെക്കാൾ ശക്തമായ ഒരു പ്രതിഷേധ സമരമല്ലേ. മീരയെപ്പോലെ സമൂഹം മുഴുവൻ വേട്ടയാടുന്ന ഒരു കുട്ടി ഇനി ജീവിച്ചിരിക്കുന്നതെന്തിന് എന്ന് ചിന്തിച്ചാൽ അതിനെ തടയാൻ കരുത്തുള്ള ഏത് ശക്തിയാണ് ഇവിടെയുള്ളത്?
@ ജിഷാദ്, പേരൂരാൻ, ശ്രീനാഥൻ മാഷേ, നല്ല വാക്കുകൾക്ക് നന്ദി. മാഷ് പറഞ്ഞപോലെ നമ്മൾ മാഷന്മാർക്ക് അറിയാമല്ലോ ഇതിലും ഇതിലപ്പുറവും കലാലയങ്ങളിൽ നടക്കുമെന്ന്. കഥക്കപ്പുറം ജീവിതം കടന്നുപോകുന്ന എത്രയെത്ര സന്ദർഭങ്ങൾ.
@ രാജേഷ്, ജീവിതത്തിലെ ചില അവസാനങ്ങൾ കഥയെക്കാൾ വിലാപമുണ്ടാക്കുന്നതാണല്ലോ. അപ്പോൾ കഥയ്ക്കും മനസ്സുകളെ കിടിലം കൊള്ളിക്കാൻ കഴിയണ്ടേ. നിങ്ങളെ കഥയുടെ അവസാനം വേദനിപ്പിച്ചെങ്കിൽ എന്റെ വേദന നിങ്ങൾ പങ്കിട്ടു എന്നാണർഥം.
@ പഥികൻ, ഹരിതം, മുക്താർ, നന്ദി ഉള്ളിൽ സൂക്ഷിക്കുന്നു.മുക്താർ മീര മറ്റൊരു പേരിൽ പൊള്ളലായി എന്റെ ഉള്ളിൽ ഉണ്ട്.
ഏറക്കാടൻ നിരൂപിക്കൂ കഥയെയും ജീവിതത്തെയും.
@ സുനിൽ കഥയിൽ എഴുത്തുകാരന്റെ സത്ത കടന്നുവന്നാൽ എങ്ങനെ സാർവ്വലൌകികത കുറയുക? ഞാൻ ഈ ലോകത്തിലും ലോകം എന്റെ ഉള്ളിലും ഉള്ള കാലത്തോളം അതങ്ങനെയല്ലേ വരൂ. അല്ലങ്കിൽ അവനവൻ കടന്നു വരാത്ത ഏത് കലാരൂപമാണ് ലോകത്തുള്ളത്?അതിന്റെ അളവിലല്ലേ ഏറ്റക്കുറച്ചിലുള്ളൂ. അന്യവൽക്കരണം ഏത് പരിധി വരെയാണ് ശരിയാകുന്നത് എന്ന് ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ലല്ലോ.
കഥ പറയുമ്പോൾ നിർമ്മമത നല്ലത് എന്ന് ഞാനും സമമതിക്കുന്നു.
@ നുറുങ്ങേ, ശരിയാ ഇത് കഥയ്ക്കപ്പുറം എന്റെ മനസ്സിൽ ഉണ്ടാക്കിയ ചില പിടച്ചിലിന്റെ ബാക്കി പത്രമാണ്.
@ സുകന്യ, കഥ മനസ്സിൽ തട്ടിയെങ്കിൽ ആ മനസ്സ് ഞാൻ അറിയുന്നു.
@ ശശിധരൻ നന്ദി. കഥയിലെങ്കിലും നമ്മൾ ചിട്ട കാത്തുസൂക്ഷിക്കണം അല്ലേ?
@ അബ്ദുക്കാ, അത് കഥയിൽ ഉപയോഗിച്ച ഒരു റ്റെക്നിക് മാത്രമാണ്. സത്യം മീര തന്നെ വന്നു മാഷോട് (വായനക്കാരോടും) പറയുന്നതല്ലേ നല്ലത്?അതിനെ ഒരു ഫാന്റസി കൊണ്ടു വന്നു എന്നേയുള്ളൂ. അതിൽ അസ്വാഭാവികത ഉണ്ടോ? പിന്നെ അവ്യവസ്ഥിതമായ അഒരു മനോനിലയിൽ ട്രയിൻ മാത്രമല്ല എല്ലാം നമ്മെ വിട്ടു പോവില്ലേ.
കഥ എന്നല്ല കല എല്ലാം ആദി മദ്ധ്യാന്ത പൊരുത്തത്തോടെ പറയണം എന്ന വാശിയൊക്കെ നാം എന്നേ ഉപേക്ഷിച്ചില്ലേ.
പുനത്തിലിന്റെ മരുന്ന് എന്ന നോവലിൽ മരിച്ചുപോയ കഥാപാത്രം തന്നെ കാത്തിരിക്കുന്ന സ്ത്രീയുമായി പ്രണയം പങ്കിടുന്ന രംഗമുണ്ട്.
ഒരു വാദത്തിനു പറഞ്ഞതല്ല, ഇതൊരു രീതി അത്രയേ ഉള്ളൂ.
മൻസൂർ, കണ്ണൂരാൻ, ഉമേഷ്, ശ്രീ,ജുനൈത്, നല്ല മനസ്സിനു നന്ദി. കഥയിലെ കണ്ണീർ കാണാൻ നിങ്ങൾക്ക് കഴിഞ്ഞല്ലോ. കഥയുടെ വലുപ്പമല്ല നിങ്ങളുടെ വലുപ്പം തന്നെ അത്.
@ മനോ,നമ്മൾ മലയാളികളുടെ ഹിപ്പോക്രസിയെക്കുറിച്ച് ഞാൻ പറഞ്ഞു തരണോ. വാക്കും പ്രവൃത്തിയും രണ്ടല്ലേ. പിന്നെ എത്ര നല്ല മനുഷ്യരുടെയും ജീവിഥത്തെ ആരോപണങ്ങൾ കൊണ്ട് നേരിടുന്ന സമൂഹത്തിൽ ഒരു ശരശരി മനുഷ്യൻ എന്തു ചെയ്യും? സ്കൂൾ അന്തരീക്ഷമ്മൊക്കെ മാറിക്കഴിഞ്ഞു. അവിടെ മാഷും കുട്ടിയുമൊക്കെ പോയി, വെറും ആണും പെണ്ണും എന്ന നിലയിലേക്ക് കാര്യങ്ങൾ താഴ്ന്നു കഴിഞ്ഞു.
യുക്തികൊണ്ട് ജീവിതത്തെയ്യെന്ന പോലെ കഥയെയും അളക്കാമോ. വായനയുടെ ആഴത്തിനു നന്ദി പറയുന്നില്ല.
@ ഹംസ, ആത്മഹത്യയെക്കുറിച്ച് ഞാൻ പറഞ്ഞു കഴിഞ്ഞു. ജീവിതത്തിൽ മരണം ഒരു ഭീരുത്വമാണോ? തന്റേടം എന്നാൽ തന്റേതായ ഇടമാണ് അതില്ലാത്തവർക്ക് മരണമല്ലേ അത്.
യൂക്കിയോ മിഷിമയുടെ ‘ഉടവാളും കഠാരയും‘ എന്ന കഥ അടുത്തിടെ വായിച്ചു. ഒരു ഭാര്യം ഭർത്താവും ഹരാകിരി ചെയ്യുന്ന രംഗം വിവരിക്കുന്ന കഥയാണ്. അസാധാരണ കഥ. ഒരുപക്ഷെ നമുക്ക് ചോദിക്കാം , എന്തിനു ആത്മഹത്യ എന്ന്.
ആൽബേർ കമ്യു പറഞ്ഞിട്ടുണ്ട്, ഈ നൂറ്റണ്ടിലെ ഏറ്റവും വലിയ ദാർശനിക പ്രശ്നം ആത്മഹത്യയാണെന്ന്.അതൊരു ഭീരുത്വപ്രകടനമായി എനിക്ക് തോന്നുന്നില്ല, മരിക്കേണ്ട സന്ദർഭങ്ങളിലെല്ലാം നാണംകെട്ടു ജീവിതത്തെ വലിച്ചുനീട്ടുന്ന നമ്മളെപ്പോലുള്ളവരുടെ വ്യാഖ്യാനങ്ങൾ വേറെ തരത്തിൽ വരും അത്രയേ ഉള്ളൂ. കഥയിലെങ്കിലും ധൈര്യം കാട്ടണം എന്ന് തോന്നി.
@ റാംജി, സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുറ്റെ ബുദ്ധിപരമായ നിലവാരത്തെക്കുറിച്ച് ഉള്ള സംശയത്തിൽ നിന്നാണ് ചോദ്യം വന്നത്. നമ്മെ അമ്പരപ്പിക്കുന്ന ജീവിതവും വാക്കുകളും കൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ എത്രയോ പെൺകുട്ടികളെ ഞാൻ കണ്ടിരിക്കുന്നു. പിന്നെ കഥ രണ്ടു ഭാഗമായി എഴുതുന്നതിനെപ്പറ്റി, അപ്പോഴും വായനക്കാർ ഇതിനെക്കാൾ സമയം ചെലവിടണ്ടേ? ഒന്നാം ഭാഗം വായിക്കുന്ന വായനക്കാർ രണ്ടാം ഭാഗം വായിക്കുമോ.
പിന്നെ കഥയെ രണ്ടായി വെട്ടിമുറിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല.
എൻ.എസ്. മാധവൻ പണ്ടേ പറഞ്ഞിട്ടുണ്ട്, ആർക്കും സമയമില്ല, അതിനാൽ ഒരു സീരിയൽ കണ്ടു തീർക്കുന്ന സമയം കൊണ്ടു വായിക്കാവുന്ന കഥയെഴുതുന്നതാണു നല്ലത് എന്ന്(24 മിനിട്ട്)
കുറച്ചുകൂടി സീരിയസ്സ് ആയി കാര്യങ്ങളെ കാണാൻ നമ്മുടെ ബ്ലോഗർമാർ ശ്രമിക്കേണ്ടതുണ്ട്. വായന ഒരിക്കലും അലസമല്ലല്ലോ.
ഇനി എങ്ങനെ നമ്മൾ വലിയ നോവലുകൾ, ആത്മകഥകൾ, തത്വശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, ചരിത്രഗ്രന്ഥങ്ങൾ വായിക്കും? എല്ലാം ഗുളികരൂപത്തിൽ വേണമെന്നായാൽ. റാംജി പറഞ്ഞത് ബ്ലോഗുലകത്തിലെ ഒരു സത്യം മാത്രം. നന്ദിയുണ്ട്.
@ ചിതൽ, ഞാൻ മുൻപ് പറഞ്ഞ മറുപടികളിൽ ഉത്തരമുണ്ട് എന്നു തോന്നുന്നു. പിന്നെ അസ്വാഭാവികത, 14 വയസ്സുള്ള കുട്ടികൾ ഇങ്ങനെയൊന്നും കാര്യങ്ങൾ പറയില്ല, അല്ലങ്കിൽ പറഞ്ഞുകൂടാ എന്ന നമ്മുടെ തോന്നലിൽ നിന്നാണു ഇത്തരം വിചാരങ്ങൾ, അത് ഒരു പൊതു സമൂഹത്തിന്റെ മനസ്സ് തന്നെയാണ്. ഞാൻ കണ്ടിട്ടുണ്ട്, കാണുന്നുണ്ട് ഇതിനെക്കാൾ ആഴത്തിൽ ആലോചിക്കുന്ന ജീവിതത്തെ നോക്കുന്ന കുട്ടികളെ.
വായനയ്ക്കും സ്നേഹത്തിനും നന്ദി ഉള്ളിൽ കരുതട്ടെ.
@നീനാ, ജയിലുകളിൽ നമ്മുടെ പെൺകുട്ടികളുടെ ജീവിതം സുരക്ഷിതമാണെന്നാണോ വിചാരിക്കുന്നത്.14 വയസ്സുള്ള നമ്മുടെ നാട്ടിലെ ഒരു പെൺകുട്ടി ജുവനൈൽ ഹോമിലെത്തിയാൽ തിരിച്ചെങ്ങനെ മടങ്ങും. വന്നാൽ അവളെ നമ്മുടെ സമൂഹം എങ്ങനെ സ്വീകരിക്കും. ആരാണവളെ കാത്തിരിക്കുന്നത്?
പാവങ്ങൾ(ഹ്യൂഗൊ) എന്ന നോവലിലെ ജീൻ വാൽ ജീനിന്റെ അനുഭവത്തിൽ നിന്ന് എന്തെങ്കിലും മാറ്റം നമ്മുടെ സമൂഹത്തിനുണ്ടായിട്ടുണ്ടോ?
എന്നാലും നമുക്ക് ചെയ്യാൻ പറ്റാത്തത് മറ്റുള്ളവർ ചെയ്യുമ്പോൾ ഉണ്ടാവുന്ന ഒരു സ്വസ്ഥതയാണ് ആഗ്രഹിക്കുന്നത് അല്ലേ? ഞാൻ കഥയെ ന്യായീകരിച്ചതല്ല കേട്ടോ. ജീവിതത്തെപ്പറ്റി പറഞ്ഞതാ.എന്തായാലും മീരമാരെക്കുറിച്ച് ഒരു കരുതൽ ഉണ്ടല്ലോ നല്ലത്.
@ ഒ.എം.ആർ. മുൻപ് എഴുതിയ മറുപടികളിൽ തൃപ്തനാണെന്ന് കരുതട്ടെ. അവതരണത്തിൽ ഒരു പുതുമ വരുത്താനൊന്നും ഞാൻ മുതിർന്നില്ല , ജീവിതം എങ്ങനെ ഉൾക്കൊള്ളിക്കാം എന്നേ ആലോചിച്ചുള്ളൂ.പിന്നെ ആത്മഹത്യയിലേക്ക് നാം സമൂഹജീവികൾ ആളുകളെ തള്ളിവിടുകയല്ലേ ചെയ്യുന്നത്?
@ ഷൈജു ഇതൊരു കഥ മാത്രമല്ല ജീവിതത്തിൽ ഞാൻ നേരിട്ട അഒരു മുഹൂർത്തംകൂടിയാണ്. അത് പിന്നെ ഒരു പോസ്റ്റ് ആക്കുന്നുണ്ട്.
@മുകിൽ വായനയ്ക്ക് ഒരു സലാം.
@ സിദ്ധിഖ് തൊഴിയൂർ, ഉള്ളിലെ നീറ്റൽ ഞാൻ അറിയുന്നു. എന്തെന്നാൽ അതെന്റെ ഉള്ളിലുമുണ്ടല്ലോ.
@ പ്രദീപളിയാ, ഞാൻ ഇത്രയൊന്നും പ്രതീക്ഷിച്ഛില്ല. അത് എന്റെ കഴിവാണെന്നു തോന്നുന്നില്ല, മീരയുടെ ജീവിതത്തിന്റെ ഭാരം കൊണ്ടാവാം. എന്നാലും ഉള്ളിൽ കഥ കയറി എന്നറിഞ്ഞതിൽ സന്തോഷം,ഇനിയുമെഴുതാൻ നിന്റെ വാക്കുകൾ പ്രചോദനമാകും തീർച്ച.
@കുഞ്ഞൂസ്, ജീവിതത്തിൽ മനുഷ്യൻ, നിസ്സഹായനായി പോകുന്ന എത്രയോ സന്ദർഭങ്ങൾ.സ്നേഹിക്കുന്നവരുടെ ദുരന്തം കണ്ണുനിറഞ്ഞു കണ്ടു നിൽക്കേണ്ടി വരുന്ന എത്രയോ തീക്കനൽ മുഹൂർത്തങ്ങൾ. എന്റെ ജീവിതത്തിലൂടെ എനിക്കൊന്നും ചെയ്യാൻ കഴിയാതെ, കണ്ണീരോടെ, പ്രാക്കോടെ കടന്നുപോയ എത്രയോ പേർ.
@മേയ്ഫ്ലെവർ,
@സ്മിത
@ ദ മാൻ
@ഭാനു
@ ലച്ചു
മീരയുടെ ജീവിതവും കണ്ണീരും കണ്ടെടുത്ത് സ്വന്തം ഹൃദയത്തിൽ ചേർത്ത് വച്ചതിന് നന്ദി.
@ കുസുമം വാക്കുകളിലും അഭിപ്രായങ്ങളിം എങ്കിലും നമുക്ക് ധാർമ്മിക രോഷം പ്രകടിപ്പിക്കാൻ പറ്റുന്നുണ്ടല്ലോ. സ്ത്രീ ആണല്ലോ നമ്മുടെ ലോകത്ത് ഏറ്റവും നല്ല വാണിഭചരക്കുകൾ. വില കൊടുക്കാതെ തട്ടിയെടുക്കാവുന്നത്.
@ സിന്തു, മീര സ്വന്തം ജീവിതത്തിന്റെ മുകളിൽ നടപ്പാക്കിയത് ഭീരുത്വമാണോ? അവൾ തീയിൽ കുരുത്തതിനാലല്ലേ അങ്ങനെ ചെയ്യാൻ കഴിഞ്ഞത്?
@ ചിത്രാംഗദേ, ഈ കഥയിലെ മാഷ് കേരളത്തിൽ ജീവിക്കുന്ന ഒരു മദ്ധ്യവർഗ്ഗ മൂരാച്ചി അല്ലേ. ഉള്ളിലെ മനുഷ്യസ്നേഹവും കാരുണ്യവുമൊക്കെ സ്വന്തം ജീവിതത്തിനു ഭീഷണിയാകുമെന്ന് തോന്നിയാൽ തല മണ്ണിലൊളിപ്പിക്കുന്ന ഒട്ടകപ്പക്ഷി.? പിന്നെ മിക്കപ്പോഴും പഴി കേൾക്കേണ്ടി വരുമ്മെന്ന ഭീതിയും. നന്മകൾ പ്രകടിപ്പിക്കാൻ പറ്റുന്ന ഒരു ലോകമല്ലാതെ ആയിക്കഴിഞ്ഞിരിക്ക്കുന്നു.
@ പാവപ്പെട്ടവൻ, നല്ല വാക്കുകൾ സ്വീകരിക്കുന്നു.
@ സാബു, ഏതോ പത്രവാർത്തയല്ല ഞാൻ കണ്ടുനിന്ന, കണ്ടുമാത്രം നിന്ന ഒരു ജീവിതമാണ് കഥയാക്കിയത്. അമ്പലപ്പുഴ സംഭവമാണ് താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ സോറി ഞാൻ അതിനും എത്രയോ മുൻപ് കഥ എഴുതിക്കഴിഞ്ഞിരുന്നു. പിന്നെ കഥയിൽ സംഭാഷണഭാഷ മാത്രമേ പാടുള്ളൂ എന്ന് വാശി പിടിക്കണോ? അങ്ങനെയല്ലാതെയ്യും കഥ പാടില്ലെ. ഇങ്ങനെയും ആളുകൾ വർത്തമാനം പറയുന്നു എന്ന് കരുതിയാൽ മതി. പിന്നെ സാബു നമ്മുടെ എല്ലാ പ്യൂണ്മാർക്കും അറ്റൻഡർമാർക്കും,ഒക്കെ ഇപ്പോഴും പേരുകൾ പഴയതു തന്നെ. അവരുടെ ജീവിതത്തിനും മാറ്റമില്ല.കഥ നന്നായി വായിച്ചതിനും ആഴമുള്ള വാക്കുകൾക്കും നന്ദി.
@വായാടീ ,ദുർബ്ബലമായതിനെ ആക്രമിച്ചു കീഴ്പ്പെടുത്തുന്ന സമ്പ്രദായം നാം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ.ബലവാൻ ദുർബ്ബലനെ ആക്രമിക്കരുത് എന്നത് നമ്മുടെ യുദ്ധനിയമമാണെങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കും നേരേ നാം ഇപ്പോഴും ആ നിയമം ലംഘിക്കുന്നുണ്ടല്ലോ.
@റീഡേഴ്സ്, എന്റെ ജീവിതത്തിന്റെ ഒരു കാലം ഈ കഥയിലുണ്ട്. അതിനാൽ അതിങ്ങനെയായി. പിന്നെ കഥയെഴുത്ത് മടി ഒന്നു കുടഞ്ഞു കളയണമെന്നുണ്ട്. പക്ഷേ നടക്കുന്നില്ല.
@ തലയമ്പലത്ത്, വാക്കുകൾ സത്യമാണ്.
@ ജോയിച്ചായാ ഞാൻ ഇപ്പോൾ ഓർക്കുന്നു ടെസ്സിനെ, പക്ഷേ എഴുതുമ്പോൾ ഓർത്തില്ല. ഡിഗ്രിക്ക് ടെസ്സ് പഠിക്കാനുണ്ടായിരുന്നു. നല്ല താരതമ്യം.നന്ദി.
@യൂസഫ്പാ, കഥയെ ആഴത്തിൽ നോക്കിയല്ലോ. താങ്കൾ പറഞ്ഞതൊന്നും മന:പൂർവ്വം വരുത്തിയതല്ല, വന്നുപോയതാണ്.
@ ഷെരീഫിക്കാ, ഞാൻ അത്രപോലും കരുതുന്നില്ല. തരക്കേടില്ല എന്നത് തന്നെ നല്ല വാക്കാണ്.
@ഹേമാംബികാ, നന്ദി. ഞാൻ മന:പൂർവ്വം വേദനിപ്പിച്ചതല്ല. ഞാൻ വേദനിച്ചതു കൊണ്ടാണു നിങ്ങൾ വായനക്കാരും വേദനിച്ചത്.
@കൂതറേ ഞാൻ മുൻപ് പലർക്കും പറഞ്ഞ മറുപടിയിൽ നിനക്കുള്ളതുമുണ്ട്, അല്ലേ?
@ അക്ഷരം, വഷളൻ ജേക്കേ, സിബു നൂറനാട്,
ഞാൻ എന്താ പറയുക, കഥയെ സ്നേഹിച്ചതിന് എന്റെ വക ഒരു സലാം.
@പ്രയാൺ, ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് മാഷായത് നല്ല തീരുമാനമാണെന്ന്. പക്ഷേ മിക്കപ്പോഴും തോന്നും ഇതൊരു നട്ടെല്ലില്ലാത്ത പണിയാണെന്ന്. എങ്കിലും....
@ അനിൽ.സി.പി. ശറിയാണ്, എത്ര കാപട്യം ഉള്ളിൽ സൂക്ഷിക്കുന്നവരാണ് നമ്മൾ, ഈ പറയുന്ന ഞാൻ ആവും അതിൽ ഏറ്റവും മുമ്പൻ. ജീവിതം കാണുമ്പോൾ കണ്ണടച്ചു പാലുകുടിക്കുന്നവർ.
@ കുമാരൻ; മീര അനുഭവിച്ച ജീവിതം ആണവളെ തലയെടുപ്പോടെ നിൽക്കാൻ പ്രാപ്തയാക്കുന്നത്. നമ്മൾ ആകട്ടെ എല്ലായിടവും തലകുനിച്ച് നട്ടെല്ലു വളച്ച് നിൽക്കുന്നു.
@ റഫീഖ്, മീരയുടെ ജീവിതത്തിലൂടെ, ഹൃദയത്തിലൂടെയാണ് നിങ്ങൾ കയറിയിറങ്ങിപ്പോയത്.നിങ്ങൾ കഥയെ ചുരുക്കിയെടുത്ത് ഒരു വാചകത്തിലാക്കി, കമന്റിട്ടു. നന്ദി.
@ കഥയില്ലാത്തവളെ: നെഞ്ചിൽ കനൽ സൂക്ഷിക്കുന്നവർക്ക് വേണ്ടിയാണ് ഞാൻ ഈ കഥ പറഞ്ഞത്.
@ശ്രദ്ധേയൻ: എന്നാണ് നമ്മുടെ സ്ത്രീകൾക്ക്, പെൺകുട്ടികൾക്ക് മാനാഭിമാനത്തോടെ നമ്മുടെ സമൂഹത്തിൽ ജീവിക്കാൻ കഴിയുക.?
@ നീറ്റ്മാൻ വായിച്ചു വട്ടുപിടിച്ചോ, ആന കയറിയ കരിമ്പിൻകാട് പോലെ കംന്റിട്ട് അർമ്മാതിച്ചു അല്ലേ.
@ ബഷീർ,
@ജയൻ ഭായ് നന്ദി അല്ലാതെ എന്താ പറയുക. അതു തന്നെ ഇരിക്കട്ടെ വീണ്ടും വീണ്ടും.
@ സിയ: വീണ്ടും വരാനും ഒന്നു രണ്ടു പറഞ്ഞ്ജിട്ടു പോകാനും തോന്നിയ മനസ്സിനു നന്ദി.
@ അനുപമ: നേരത്തെ പറഞ്ഞ മറുപടികളിൽ അനുപമയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഉണ്ടെന്ന് വിശ്വസിക്കട്ടെ?
@ നന്ദി വൃതാസുരൻ,
@ നന്ദി ചന്ദ്രകാന്തം.
@ നന്ദി ജയരാജ് മാഷേ.
@ ഇസ്മയിൽ, പേടിപ്പിച്ചത് മന:പൂർവ്വമല്ല.
പിന്നെ മീര കത്തയയ്ക്കുന്നതൊക്കെ നേരിട്ട് പറയുന്നതിന്റെ ഒരു ഇഫ്ഫക്റ്റ് കിട്ടുമോ.ഒന്നു ലൈവ് ആക്കണമെന്നേ കരുതിയുള്ളൂ.
good narration..touching!
kathaye kurich abhiprayam parayunnilla. evideyo ingane oru sambhavam entho ente manassil ullath kondavanam ith kathayay thonnila. sathyaml. athond thanne onnum parayan kazhiyillallo. yatharht jeevitham nammal allallo theerumanikkunnath. athre ik parayanullu
"തീ കത്തുന്ന ജീവിതത്തിന്റെ പെരുവഴിയിലൂടെ കാക്കക്കാലിന്റെ തണലുപോലുമില്ലാതെ നടന്നുവരുന്നവരുടെ മുൻപിൽ നാം ചിലപ്പോൾ തീരെ ചെറുതായിപ്പോവും. അവരെത്ര ചെറുതായാലും"
ശരിയാണ് ..പലപ്പോഴും ഇങ്ങിനെ തന്നെ തോന്നിയിട്ടുണ്ട് മാഷെ ....ചെറുപ്പവും വലുപ്പവും അല്ല ,മറിച്ച് ജീവിതം അതിലെ അനുഭവങ്ങള്‍ ആണ് നമ്മെ ചെറുതും വലുതും ആകുന്നതു ..
"പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി ക്ലാസ്സിൽ ചർച്ചചെയ്യവേ മീര ജീവിതത്തിലെ ഒറ്റപ്പെടലിനെക്കുറിച്ച് വാചാലയായി"..പലപ്പോഴും ജീവിതത്തില്‍ ചെറുപ്പത്തില്‍ ,ക്ലാസ് മുറിയില്‍ ഞാനും ഒരു മീര യായിട്ടുണ്ട് ..പലരും പലതിനെ കുറിച്ചും വചാലമാകുമ്പോഴും ,ഞാന്‍ കാരണമിലാത്ത ഒറ്റപെടലുകളെ ജീവിതത്തില്‍ കണ്ടു മുട്ടിയിട്ടുണ്ട് പലപ്പോഴും ,മിക്ക നേരങ്ങളിലും....അതൊരു വല്ലാത്തൊരു അവസ്ഥയാണ് ..പക്ഷെ സ്വയം ഒറ്റപെടുകയും ,മറ്റുള്ളവര്‍ ഒറ്റ പെടുത്തുകയും ചെയ്യുമ്പോള്‍ അതില്‍ വത്യാസമുണ്ട് താനും ...
“ശരിയാ മാഷേ, ചിലരെ ജീവിതം കരുതിക്കൂട്ടി ഒറ്റപ്പെടുത്തിക്കളയും.യാതൊരു പഴുതും നൽകാതെ. തീരെ ആഗ്രഹിക്കുന്നില്ലങ്കിൽ കൂടി. ചിലർക്കത് നഷ്ടം മൂലം ഉണ്ടാകുന്നതാണെങ്കിൽ ഗതികെട്ട ചിലരെ ആരെല്ലാമോ ചേർന്ന് വെറുത്ത് പുറന്തള്ളുകയാണ്.”
ഇതാണ് സത്യം ...
എന്തായാലും ഒരു വലിയ അനുഭവം ആണ് താങ്കള്‍ പങ്കു വച്ചത് ...ഒത്തിരി നൊമ്പരങ്ങളും തിരിച്ചറിവുകളും നല്കി ഈ കഥ എനിക്ക് ...മീര മനസ്സില്‍ ഇനി ഒത്തിരി നാള് കാണും ..എന്റെ ഒരു കൂട്ടുകാരിയുടെയും പേര് ഇത് തന്നെ എന്നതും വേറെ ഒരു കാര്യം ...
കഥയ്ക്ക് ഒരു മുറുക്കക്കുറവുള്ളതു പോലെ..കൂതറയുടെയും മനോരാജിന്റെയും അഭിപ്രായങ്ങള്‍ എനിയ്ക്കുമുണ്ട്.
എന്നിരുന്നാലും കാലികപ്രസക്തമായ വിഷയം. ക്രാഫ്റ്റും മോശമില്ല.
അമ്മോ.. നൂറാമത്തെ കമന്റിടാനുള്ള ഭാഗ്യമുണ്ടായല്ലോ. കഥ ക്ഷമയോടെ വായിച്ചു. സന്കടായി. എന്തിനാ മീരയെ മരിക്കാന്‍ വിട്ടത്?
അതോണ്ടാ സങ്കടം.
ഞാനിതാ വീണ്ടും നൂറ്റിഒന്നാമനായി
ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്. ശരിക്കും വിഷമിപ്പിച്ചു കളഞ്ഞു.നല്ല കഥ; ആശംസകൾ!
അനിലൻ മഷേ, അനീസ്,കൊലുസ്,നന്ദി.
ബിജുകുമാർ,മനോരാജിന്റെയും കൂതറയുടെയും അഭിപ്രായങ്ങൾക്ക് ഞാൻ മറുപടി എഴുതിയിട്ടുണ്ട്.ആദില പറഞ്ഞതെല്ലാം ഞാൻ ഹൃദയത്തിൽ സ്വീകരിക്കുന്നു.
ബിനീഷ്, ജീവിതത്തോളം എന്തായാലും കഥ വലുതാവില്ലല്ലോ. രാമൊഴീ, നന്ദി.
അനിലൻ മഷേ, അനീസ്,കൊലുസ്,നന്ദി.
ബിജുകുമാർ,മനോരാജിന്റെയും കൂതറയുടെയും അഭിപ്രായങ്ങൾക്ക് ഞാൻ മറുപടി എഴുതിയിട്ടുണ്ട്.ആദില പറഞ്ഞതെല്ലാം ഞാൻ ഹൃദയത്തിൽ സ്വീകരിക്കുന്നു.
ബിനീഷ്, ജീവിതത്തോളം എന്തായാലും കഥ വലുതാവില്ലല്ലോ. രാമൊഴീ, നന്ദി.
manasil evideyo oru koluthal.. nannayi mashe.... pakshe, ithoru kadha maathramaayirikkatte ennaagrahichu pokunnu.....
ഇച്ചിരി നീളം കൂടിപ്പോയെങ്കിലും വായനയിൽ അതു ഒട്ടും അനുഭവപ്പെട്ടില്ല. മീരയിൽകൂടി ഒരുപാട് മുഖങ്ങൾ മിന്നിമറഞ്ഞു. എവിടെയായാലും പെൺകുട്ടികൾ സുരക്ഷിതരല്ലാന്നോർക്കുമ്പോൾ ഒരു നൊമ്പരം…
അങ്ങിനെ താങ്കളുടെ കഥയിലേക്കും ഞാൻ എത്തി..കഥയുടെ വലുപ്പക്കൂടുതലിനെ കുറിച്ച് എല്ലാരും പരാതി പറയുന്നതെന്താണെന്ന് മനസ്സിലാവുന്നില്ല..കഥാകാരനു പറയാനുള്ളതെല്ലാം പറയേണ്ടെ?..വായന കഴിഞ്ഞിട്ടും കഥാപാത്രങ്ങളങ്ങിനെ മനസ്സിൽ തങ്ങി നില്ക്കുന്നു..
Dear Suresh Sir,
Ithoru anubhava kathha alle? Nalla Parichayam pole... Enthaayaalum nannayirkkunnu... Kathha aanenkilum... Anubhavamaanenkilum...
ഒരുപാട് ആഴങ്ങളും ചുഴികളും വരികള്‍ക്കിടയില്‍ കണ്ടു ,ഇതൊരു കഥ മാത്രമായിരിക്കട്ടെ എന്നാശിച്ചു പോകുന്നു മനം.