Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Monday 26 April, 2010

പ്രണയം ഒരു തീസിസ്.

ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച്
അലഞ്ഞന്വേഷിക്കുന്ന കാലത്താണ്
അവള്‍ എന്നോട്
ആകസ്മികമായി
പ്രണയത്തിനൊരു നിര്‍വചനം ചോദിച്ചത്.
അന്വേഷണം പിന്നാവഴിക്കായി.

നിര്‍വചനത്തിനു പകരം
എനിക്ക് കുറെ ഉപമകള്‍ കിട്ടി
ഒബ്ജക്ടീവ് കോറിലേഷന്‍,
സാധാരണീകരണം തുടങ്ങിയ
കിഴക്കുപടിഞ്ഞാറന്‍ തിയറികള്‍
ഉപയോഗിച്ച് പതം വരുത്തി
നിര്‍മ്മമനായി
(നമ്മള്‍ തോറ്റുകൊടുക്കാന്‍ പാടില്ലല്ലോ)
ഞാന്‍ അവളോട് സംവദിച്ചു.
“പ്രണയം ഒരു റോസാപുഷ്പമാണ്
നീണ്ടുനില്‍ക്കാത്ത പൂക്കാലത്ത്
വിടര്‍ന്ന് കൊഴിയുന്നത്’
ആവര്‍ത്തനത്തിലൂടെ പൂക്കാലം
അതിജീവിക്കുമെന്നവള്‍
(അവള്‍ക്ക് തര്‍ക്കശാസ്ത്രത്തിലാണല്ലോ
മാസ്റ്റര്‍ ഡിഗ്രി)
ഓ, എന്റെ റോസാലക്സംബര്‍ഗ്ഗേ!
‘പ്രണയം ഒരു പുസ്തകമാണ്
പഴകി നിറം മങ്ങുന്ന നിര്‍മ്മിതി’
തുന്നല്‍ ഇളകി ഔട്ട് ഓഫ് പ്രിന്റ് ആയാലും
പുന:പ്രസിദ്ധീകരിക്കാമെന്ന് മറുയുക്തി.
കെ.പി.നിര്‍മ്മല്‍ കുമാറിന് അവളുടെ വക സ്തുതി*
‘പ്രണയം ഒരു കിനാവാണ്
ഞെട്ടിയുണരുമ്പോള്‍ പൊലിഞ്ഞു പോകുന്നത്’
കിനാവുകാണാന്‍ പിന്നെയും
ജീവിതം ബാക്കി എന്നവള്‍
ഓ.എന്‍.വിയെ കൂട്ടുപിടിച്ചു.
ആ കാല്പനികനെക്കൊണ്ടു ഞാന്‍ തോറ്റു.**
‘പ്രണയം ഒരു മഞ്ഞുകാലമാണ്
വേനലില്‍ നീരാവിയാവുന്നത്’
ഉരുകുന്നതെല്ലാം മഞ്ഞായും മഴയായും
മടങ്ങി വരുമെന്നവള്‍ ഭൂമിശാസ്ത്രം പറഞ്ഞു.
ഓ യാസുനാരി കവാബത്തയെ
അവളും വായിച്ചു.***
തപ്പിത്തടഞ്ഞ് ഒന്നുരണ്ടുപമകള്‍ കൂടി
എടുത്തുപയറ്റി.
‘പ്രണയം ഒരിടവഴി, വേഗം കാടുമൂടും‘’
കാടുവെട്ടാമല്ലെങ്കില്‍ പുതുവഴി തേടാമെന്നവള്‍.
ഈ കുടുംബശ്രീ കണ്ടുപിടിച്ചവനെ ഞാന്‍........
‘പ്രണയം ഒരിടിമിന്നല്‍,
ഒരു നിമിഷത്തെ പ്രകാശവര്‍ഷം’
മഴയുടെ വന്യത എനിക്കേറെ പ്രിയമെന്നവള്‍
മിന്നല്‍ രക്ഷാചാലകം തുലയട്ടെ.
ഒടുവില്‍ ഉപമയില്‍ കീഴടങ്ങി
ഞാന്‍ തത്വത്തില്‍ കയറിപ്പറ്റി.
പ്രണയിക്കുന്നതിനേക്കാള്‍ നല്ലത്
ഈച്ചയടിക്കുന്നതാണെന്ന്
പണ്ടാരാണ്ടെങ്ങോ പറഞ്ഞി....
അവളെന്റെ വാപൊത്തി,
രോഷാകുലയായി,‘ നിര്‍ത്തൂ
പ്രണയമില്ലെങ്കിലും വേണ്ടില്ല
ചെടിക്കുന്ന ഉപമകളും വരണ്ട തത്വങ്ങളും
നിരത്തരുതേ....
കുറച്ചുകൂടി കാലികമായവ
ജീവിതഗന്ധമുള്ള
അനുഭവതീക്ഷ്ണമായത്
ഒന്നുമില്ലേ കീശയില്‍?’
ആ ചോദ്യമാണെന്നെ
(ഒരു പോസ്റ്റുമോഡേണാക്കിയത്
ജീവിതം പറയുന്ന കവിയാക്കിയത്)
ഒരു പോസ്റ്റുഡോക്ടറല്‍ ഫെലോ ആക്കിയത്
അന്വേഷണത്തില്‍ കിട്ടിയ പൂക്കള്‍
അവള്‍ക്ക് സമ്മാനിച്ചു.
അവളത് മുടിയില്‍ചൂടി.
ജീവിതപുസ്തകങ്ങള്‍ അടിവരയിട്ട്
അവള്‍ എനിക്ക് നല്‍കി
ഞാനതെന്റെ തീസിസില്‍ അടിക്കുറിപ്പാക്കി.
പിന്നെപ്പിന്നെ
മഞ്ഞിലും മഴയിലും വേനലിലും
കാറ്റിലും കടല്‍ക്കരയിലും
ഇടവഴിയിലും പുസ്തകപ്പുരയിലും
ഞങ്ങള്‍ കണ്ണില്‍ക്കണ്ണില്‍ നോക്കിയിരുന്നു.
മഞ്ഞുകാലത്ത് ഞങ്ങള്‍ ദേശാടനത്തിലായിരുന്നു.
വേനലില്‍ ഞങ്ങള്‍ പുഴയില്‍ മുങ്ങിക്കിടന്നു.

ലോകത്തിലെ ഉപമകളെല്ലാം കൊഴിഞ്ഞാലും ****
ജീവിതത്തിന്റെ വിത്തുകള്‍ മുളപ്പിക്കാന്‍
ഞങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന്
ഉപസംഹാരം.
********************
* കെ.പി.നിര്‍മ്മല്‍കുമാര്‍ ജലം എന്ന കഥാസമാഹാരം
തിരുത്തിയെഴുതിയിട്ടുണ്ട്.
** സ്വപ്നങ്ങള്‍ കാണാനുള്ള നമ്മുടെ കണ്ണുകള്‍
കാലം കവര്‍ന്നില്ലിതേവരെ എന്നു ഒ.എന്‍.വി
***കവാബത്തയുടെ ഹിമഭൂമി എന്ന നോവല്‍
എം.ടി.യുടെ മഞ്ഞ് ഇതിന്റെ അനുകരണമാണെന്ന്
ഒരു ആരോപണമുണ്ടായിരുന്നു.
**** മേതില്‍ രാധാകൃഷ്ണന്റെ എന്റെ രാഷ്ട്രീയം എന്ന
കവിത(ഭൂമിയെയും മരണത്തെയും കുറിച്ച്)


പ്രണയം ഒരു തീസിസ്

50 comments:

ശ്രീ said...

പ്രണയത്തെ ഉപമിച്ചിരിയ്ക്കുന്നതെല്ലാം ഇഷ്ടപ്പെട്ടു :)

സ്മിത മീനാക്ഷി said...

ഗവേഷണം ഇനിയും തുടരാം, ഉപസംഹാരത്തിനു മാറ്റം വന്നില്ലെങ്കിലും കൂടുതല്‍ ഉപമകള്‍ കണ്ടുപിടിക്കാം. നന്നായിരിക്കുന്നു ഈ തീസിസ്.

Raghu G said...

സുരേഷേട്ടോ,
കിടിലനായിട്ടുണ്ട്.
:)

Irshad said...

1) “പ്രണയം വെറും മൂന്നക്ഷരം
മരണം മഹത്തരം“

2) `നിന്നെ ഞാന്‍ കാണുമ്പോള്‍ ഞാനാണു കാഴ്‌ച, നിന്നെ ഞാന്‍ ഓര്‍ക്കുമ്പോള്‍ നീയാണു സ്‌മരണ'

3) “പ്രണയമങ്കുരിച്ച ഹൃദയം
പ്രഹരമേറ്റ പവനു തുല്യം
അത് അരളി പൂത്ത പൂവനം പോല്‍
ആരുമതിരിടാത്ത സ്വപ്ന വനിക“

ഇരിക്കട്ടെ ഈ വിശേഷണങ്ങള്‍ കൂടി. പണ്ടു ഈ വിഷയത്തില്‍ തീസിസെഴുതാന്‍ ശേഖരിച്ച ചിലതില്‍ മനസ്സില്‍ തറഞ്ഞു പോയവയിവ.

Anonymous said...

പ്രണയമെന്നത് ഒരിക്കലും വിട്ടുപോകാത്ത ഒരു വികാരം തന്നെ ..... പ്രണയത്തിന്റെ ഓർമ്മകൾക്ക് ഒരായുസ്സിനേക്കാൾ ദൈർഘ്യം ഉണ്ടാകില്ലെ......... ആശംസകൾ..

Anil cheleri kumaran said...

‘പ്രണയം ഒരിടവഴി, വേഗം കാടുമൂടും‘
കാടുവെട്ടാമല്ലെങ്കില്‍ പുതുവഴി തേടാമെന്നവള്‍.
ഈ കുടുംബശ്രീ കണ്ടുപിടിച്ചവനെ ഞാന്‍........

:)

രാജേഷ്‌ ചിത്തിര said...

ജീവിതം പറഞ്ഞു തുടങ്ങുമ്പോള്‍
പ്രണയത്തിന്റെ ഉപമകള്‍ വഴിമാറിതുടങ്ങും.
ഉപമകള്‍ ജീവിതത്തില്‍ നിന്നു തന്നെ
തുടങ്ങിയെങ്കില്‍ ...
തിരുത്തിയെഴുത്തുകളുടെ വരുതിയില്‍ നിന്നും
ജീവിതത്തിന്‍റെ വറളിയേക്ക് പ്രണയസഞ്ചാരം
നന്നായി ...

Aarsha Abhilash said...

ഉപമകള്‍ക്കും നിര്‍വചനങ്ങള്‍ക്കും അപ്പുറമുള്ള പ്രണയത്തിനെ ഒരു തീസിസ് ആക്കിയ സുരേഷ് സര്‍നു അഭിനന്ദനങ്ങള്‍

Manoraj said...

പ്രണയം പറഞ്ഞാൽ തീരാത്തത്. പിന്നെ ഇവിടെ പറഞ്ഞ പല കാര്യങ്ങളിലെയും അറിവില്ലായ്മ കൊണ്ട് കൂടുതൽ കമന്റുന്നില്ല..

K G Suraj said...

അനുഭവം = ചിന്ത + ചിരി

മുകിൽ said...

ഈ വരികളങ്ങനെ നീളട്ടെ.. സത്ത കുറച്ചുകൂടെ പുറത്തെടുക്കാമായിരുന്നു എന്നു തോന്നി..

ഒരു യാത്രികന്‍ said...

പരന്ന വായനയും ആഴത്തിലുള്ള ചിന്തയും എന്നും സുരേഷിന്റെ സൃഷ്ടികളെ ഒരു നല്ല വായനാനുഭവമാക്കി മാറുന്നു.......സസ്നേഹം

Vayady said...

"അവളെ" എനിക്ക് നന്നേ ബോധിച്ചു!. ഒരാള്‍ക്കെങ്കിലും കൂടെ തര്‍ക്കിച്ചു നില്‍ക്കാനായല്ലോ? :)
നല്ല കവിത.. അഭിനന്ദനം കൂടെ നന്ദിയും.

Jishad Cronic said...

സുരേഷേട്ടോ,
നന്നായിരിക്കുന്നു ഈ തീസിസ്.

Anonymous said...

പ്രിയ സുരേഷ്,
തത്വശാസ്ത്രത്തിനു പുറത്താണു് പ്രണയം എന്നു പറയാൻ ഉപയോഗിച്ച രീതി എനിക്കിഷ്ടപ്പെട്ടു. അറിവ് ഒരു കവിയെ എന്തുമാത്രം സഹായിക്കുമെന്നും ഞാൻ മനസ്സിലാക്കുന്നു

പട്ടേപ്പാടം റാംജി said...

പ്രണയത്തെക്കുറിച്ച് രണ്ടു വാക്ക്‌ വേണമെങ്കില്‍ എഴുതാന്‍ എനിക്ക് പറ്റിയേക്കാം. പക്ഷെ കവിതയെ ക്കുറിച്ച് അറിയുന്നവര്‍ എഴുതട്ടെ. ഞാനെല്ലാം വായിക്കാനെത്തും.
ഭാവുകങ്ങള്‍ മാഷെ.

Anees Hassan said...

പ്രണയം പാതിവഴിയില്‍ ഉപേക്ഷിച്ചവരോട് എന്ത് പറയുന്നു?

Ranjith chemmad / ചെമ്മാടൻ said...

"മഞ്ഞുകാലത്ത് ഞങ്ങള്‍ ദേശാടനത്തിലായിരുന്നു.
വേനലില്‍ ഞങ്ങള്‍ പുഴയില്‍ മുങ്ങിക്കിടന്നു"
പ്രണയത്തിന്‌ ഈ രണ്ട് വരിക്കവിത തന്നെ ധാരാളം!!

പ്രണയത്തിനും കവിതയ്ക്കും അപ്പുറത്തേയ്ക്ക് അഗാധമായിരിക്കുന്നു
ഈ അതിവിശാലമായ തീസിസ്!

perooran said...

‘പ്രണയം ഒരു പുസ്തകമാണ്
പഴകി നിറം മങ്ങുന്ന നിര്‍മ്മിതി

Neena Sabarish said...

തീസിസ് അസാധ്യം !!!....ഓപ്പണ്‍ ഡിഫന്‍സില്ലാതെത്തന്നെ തന്നിരിക്കുന്നു ഡോക്ടറേറ്റ്....തലക്കെട്ടിന് പോസ്റ്റല്‍ഡോക്ടറേറ്റ്.....

ഗീത said...

അവസാനം മനസ്സിലായല്ലോ ഉപമകളിലോ നിര്‍വചനങ്ങളിലോ ഒന്നും കാര്യമില്ലെന്ന്.

ഇത്രയും ഉപമകള്‍ കണ്ടുപിടിച്ച സ്ഥിതിക്ക് ഇനി ഒന്നു കൂടി - പ്രണയം സുനാമി പോലെയാണ്. അപ്രതീക്ഷിതമായി ആഞ്ഞടിക്കും. വേണ്ടതിനേയും വേണ്ടാത്തതിനേയും ഒക്കെ വാരിക്കവര്‍ന്നു കൊണ്ടുപോകും. കൊണ്ടുപൊയ്ക്കഴിഞ്ഞാണ് മനസ്സിലാക്കുന്നത് ഇതൊന്നും തന്നെ ആവശ്യമില്ലാത്തതായിരുന്നെന്ന്. ജീവിതകാലയളവില്‍ പിന്നൊരിക്കല്‍ കൂടി ആ പ്രണയത്തിരമാല ആഞ്ഞടിക്കുവാനുള്ള സാദ്ധ്യത വളരെ വളരെ അപൂര്‍വ്വം.

മിടുക്കിയായ കൂട്ടുകാരി ഈ ഉപമക്ക് എന്താണ് മറുകുറി തരുക ആവോ?

ഈ തീസിസ് അംഗീകരിച്ച് ഡോക്ടറേറ്റിന് ശുപാര്‍ശ ചെയ്യുന്നു.

(റെഫി: ReffY) said...

പ്രിയ മാഷേ,
വായനക്കാരനെ ഇന്ചിന്ചായി കൊല്ലാന്‍ തന്നെ തീരുമാനിച്ചു അല്ലെ? കവാബാത്ത, മഞ്ഞു, മേതില്‍.. ഈ മാശേക്കൊണ്ട് ജീവിക്കാന്‍ വയ്യാതായി.
(എന്തിനാ മാഷേ, ഈ പാതിരാത്രിയില്‍ പ്രണയത്തെക്കുറിച്ച് ഓര്‍മ്മപ്പെടുതിയത്?)

എന്റെ ബ്ലോഗില്‍ പുതിയൊരു പംക്തി തുടങ്ങി. ബ്ലോഗ്‌ പരിചയം. ആദ്യം ഞാന്‍ മാഷെ കൊണ്ടിടും അതില്‍. എന്താ?

Radhika Nair said...

ഗവേഷണം നന്നായിരിക്കുന്നു :)

AnaamikA said...

"എനിക്ക് കുറെ ഉപമകള്‍ കിട്ടി
ഒബ്ജക്ടീവ് കോറിലേഷന്‍,
സാധാരണീകരണം തുടങ്ങിയ
കിഴക്കുപടിഞ്ഞാറന്‍ തിയറികള്‍
ഉപയോഗിച്ച് പതം വരുത്തി
നിര്‍മ്മമനായി--T.S.Eliot ഇത് കണ്ടു ഞെട്ടിപ്പോയേനെ..:)

"'പ്രണയം ഒരു റോസാപുഷ്പമാണ്
നീണ്ടുനില്‍ക്കാത്ത പൂക്കാലത്ത്
വിടര്‍ന്ന് കൊഴിയുന്നത്’

‘പ്രണയം ഒരു പുസ്തകമാണ്
പഴകി നിറം മങ്ങുന്ന നിര്‍മ്മിതി’
‘പ്രണയം ഒരു കിനാവാണ്
ഞെട്ടിയുണരുമ്പോള്‍ പൊലിഞ്ഞു പോകുന്നത്’
പ്രണയം ഒരു മഞ്ഞുകാലമാണ്
വേനലില്‍ നീരാവിയാവുന്നത്’
‘പ്രണയം ഒരിടവഴി, വേഗം കാടുമൂടും‘
പ്രണയം ഒരിടിമിന്നല്‍,
ഒരു നിമിഷത്തെ പ്രകാശവര്‍ഷം'
പ്രണയിക്കുന്നതിനേക്കാള്‍ നല്ലത്
ഈച്ചയടിക്കുന്നതാണെന്ന്....."

-ചെടിക്കുന്ന ഉപമകളും വരണ്ട തത്വങ്ങളും തന്നെ!പ്രണയത്തെ കൊന്നു!നീണ്ടു നില്‍ക്കുന്ന പൂക്കാലത്ത് വിടര്‍ന്നു കൊഴിയാത്ത റോസാ പുഷ്പം ആയും ,പഴകി നിറം മങ്ങാത്ത നിര്‍മ്മിതി ആയും ,ഞെട്ടി ഉണരുമ്പോള്‍ പൊലിഞ്ഞു പോകാത്ത കിനാവായും,വേനലില്‍ നീരാവിയാകാത്ത മഞ്ഞുകാലമായും, കാട് മൂടാത്ത ഇടവഴിയായും, ഒരായുസ്സ് മുഴുവനും ജ്വലിക്കുന്ന മിന്നല്‍ ആയും പ്രണയം കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ഇതൊരടിയല്ലേ മാഷെ ?:)
എങ്ങനെ രോഷാകുലയാകാതിരിക്കും?!എങ്കിലും ഇഷ്ടപ്പെട്ടു.

AnaamikA said...

"പിന്നെപ്പിന്നെ
മഞ്ഞിലും മഴയിലും വേനലിലും
കാറ്റിലും കടല്‍ക്കരയിലും
ഇടവഴിയിലും പുസ്തകപ്പുരയിലും
ഞങ്ങള്‍ കണ്ണില്‍ക്കണ്ണില്‍ നോക്കിയിരുന്നു"-
ഹോ.! ഇപ്പോഴാ ആശ്വാസമായത്.:)

പാവപ്പെട്ടവൻ said...

പ്രണയത്തെ കുറിച്ച് മാത്രമാണ് നമുക്ക് വാചാലമായി സംസാരിക്കാന്‍ കഴിയുന്നത്‌ എന്നാണു എന്‍റെ അഭിപ്രായം ...പ്രണയ ശരിക്കും സമരമാണ് വിപ്ലവമാണ്

Wash'Allan JK | വഷളന്‍ ജേക്കെ said...

ഒരിക്കലും മടുക്കാത്ത മതി വരാത്ത അനുഭൂതി. പക്ഷെ, പ്രണയം മനസ്സിലാക്കാന്‍ പാടാണല്ലോ മാഷേ?
ഒടുവില്‍ ചെയ്തത് പോലെ നിര്‍വചിക്കാന്‍ ശ്രമിക്കാതെ ചുമ്മാ പ്രണയിച്ചാല്‍ ‍ പോരെ?

Rare Rose said...

കൊള്ളാം ഈ പ്രണയ തീസിസ്.പനിനീര്‍പ്പൂ പോലെ വശ്യമനോഹരം,ഇടിമിന്നല്‍ പോലെ കണ്ണഞ്ചിപ്പിക്കുന്നത്,മഞ്ഞുകാലം പോലെ ആര്‍ദ്രമായത്..എങ്കിലും എളുപ്പം ഒളി മങ്ങി,പിഞ്ഞിക്കീറി,നരച്ചു പോവുന്നതത്രേ പ്രണയമെന്നുള്ള എഴുത്തുകാരന്റെ ഉപമകളെയൊക്കെ തടുത്തു നിര്‍ത്തി കണ്ണില്‍ക്കണ്ണില്‍ നോക്കി പ്രണയത്തിന്റെ വിസ്തൃതമാം ലോകത്തിലെ മഞ്ഞും,വെയിലും കാട്ടിക്കൊടുത്തവള്‍ക്കിരിക്കട്ടെ ഒരു കൈയ്യടി.:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഉപമകളിലാണ് പ്രണയം..

നന്ദന said...

ഇത് വായിക്കാൻ വരുന്നതിന്റെ മുമ്പേ അറിയാമായിരുന്നു ഒത്തിരി കവികളുടെ അഭിപ്രായങ്ങൽ ഉണ്ടായിരിക്കുമെന്ന്, അതാണെല്ലോ സുരേഷിന്റെ രീതിശസ്ത്രം.
പ്രണയം എനിക്കൊരു കൊടുമുടികയറാനുള്ള ആവേശമായിരുന്നു/ശക്തിയായിരുന്നു, പക്ഷെ ഇന്നെനിക്ക് പ്രണയമൊരു നോവാണ്. ഒരിക്കലും ഉണങ്ങാത്ത ആയത്തിലുള്ള മുറിവാണ്.

mukthaRionism said...

'ആ ചോദ്യമാണെന്നെ
ഒരു പോസ്റ്റുമോഡേണാക്കിയത്
ജീവിതം പറയുന്ന കവിയാക്കിയത്...'

(അതെ,നമ്മള്‍ തോറ്റുകൊടുക്കാന്‍ പാടില്ലല്ലോ)


കവിത..
കവിത..
കവിത..
പ്രണയം...

പ്രണയം
ഉപമകള്‍ക്കും തത്ത്വങ്ങള്‍ക്കുമപ്പുറത്ത്..

'ഓ, എന്റെ റോസാലക്സംബര്‍ഗ്ഗേ!'
എന്താണീ 'റോസാലക്സംബര്‍ഗ്ഗേ'

നല്ലെഴുത്ത്..
ഭാവുകങ്ങള്‍....

sm sadique said...

ഒരു തീസിസില് അവസാനിക്കുന്നതല്ല ഈ പ്രണയം . " മങ്ങി നിറം കെട്ട സ്വപ്നങ്ങള്‍ നിന്റെ സ്നേഹമാം ശക്തിയില്‍ തളിര്‍ക്കുന്നു പടരുന്നു എന്‍ ജീവിതത്തില്‍ " ഇതൊരു പ്രണയകാലത്തില്‍ കുറിച്ചിട്ട വരികള്‍ .

എറക്കാടൻ / Erakkadan said...

ആ കള്ള താടി കണ്ടപ്പഴേ ഞാൻ വിചാരിച്ചു എവിടെയോ ഒരു പ്രണയം ഉണ്ടെന്ന്

വരയും വരിയും : സിബു നൂറനാട് said...

‘പ്രണയം ഒരു പുസ്തകമാണ്
പഴകി നിറം മങ്ങുന്ന നിര്‍മ്മിതി’
തുന്നല്‍ ഇളകി ഔട്ട് ഓഫ് പ്രിന്റ് ആയാലും
പുന:പ്രസിദ്ധീകരിക്കാമെന്ന് മറുയുക്തി


അഭിനവ പ്രണയത്തില്‍ പുന:പ്രസിദ്ധീകരണം പ്രയാസമാകുന്നതിലപ്പുറം സാധ്യമാകാതെ തന്നെ പോകുന്നു..ശരിയല്ലേ..??!!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയ വിശകലനങ്ങൾ നന്നായിട്ടുണ്ട്...
പ്രണയം ഒരു തേങ്ങാക്കുല എന്നും പറയും ചിലർ..കേട്ടൊഭായി

പ്രണയിച്ചുയമ്മ അടുക്കള ; രാഷ്ട്രീയമച്ഛന്‍ ;
പണത്തെ സ്നേഹിച്ചുയമ്മാവര്‍; ബന്ധുക്കള്‍ സ്വത്തിലും ....

പ്രണയിച്ചീക്കളി കൂട്ടുകാരി കളികള്‍ മാത്രം !
പ്രാണനായി സിനിമപെങ്ങള്‍ക്ക് ; ചേട്ടന്‍ ക്രിക്കറ്റില്‍ ,
പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
പണിക്കാരിക്കുപോലുമീയിഷ്ടം,ശേഷം കൂലിയില്‍ ..!

പ്രണയമെന്‍കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
പ്രണയിച്ച കൂട്ടുകാരിക്കെള്‍ക്കെല്ലാം;കൂട്ടുകാര്‍ക്കോ,
പണം ഞാന്‍ കൊടുക്കുമ്പോള്‍ ,ആ ബിയറിനായി ബാറില്‍ .
പെണ്‍വീട്ടുകാര്‍ക്കിഷ്ടമോ തറവാട്ടു മഹിമകള്‍ .....

പെണ്ണിവൾ ഭാര്യ ,സ്നേഹിച്ചു ക്ലബ്ബുമാഡംബരവും;
പ്രണയം മകള്‍ക്കുചാറ്റിങ്ങിലും,മൊബൈല്‍ഫോണിലും ;
പ്രണയിച്ചതു മകൻ , കമ്പ്യൂട്ടര്‍ കളികള്‍ മാത്രം...
പ്രണയം തേടിഞാന്‍ അലയുന്നു കാലമിത്രയും ....!

ജോയ്‌ പാലക്കല്‍ - Joy Palakkal said...

പഠിച്ച പാഠങ്ങളിലും,പറന്നകന്ന ജീവിതത്തിലും,പ്രണയമെന്തെന്നറിയാതെ..
പ്രണയിച്ചുതന്നെ പ്രണയമെന്തെന്നറിയാമെന്നായി ഞാന്‍...
അപ്പോള്‍ അവള്‍ പറഞ്ഞു പോയി പ്രണയം പഠിച്ചീട്ടുവരാന്‍..
നാടായ നാടെല്ലാം ചുറ്റി...കാടായ പുസ്തകക്കാടെല്ലാം ചുറ്റി... പ്രണയം പഠിച്ചുചെന്നപ്പോള്‍ അവള്‍ മറ്റൊരു പ്രണയത്തിലായിരുന്നു!!
.......................................
പ്രണയം ഒരു തിസീസ്‌ മനോഹരമയിരിക്കുന്നു..
ഹൃദയം നിറഞ്ഞ അഭിനന്ദനത്തിന്റെ റോസാപുഷ്പ്പങ്ങള്‍!!

ഭാനു കളരിക്കല്‍ said...

ഒറ്റവായനകൊണ്ടുമാത്രം മാഷ്ടെ കവിതകളെ വിലയിരുത്താനാവില്ല. ഈ കവിതകള്‍ ഒരു കൊളാഷ്‌ പോലെ വിവിധ തലങ്ങളില്‍ നമ്മുടെ ചിന്തകളെ പരത്തിയടിക്കുന്നു.

Umesh Pilicode said...

aasamsakal

Anonymous said...

മികവുറ്റ വരികള്‍ ...പലതും പഠിപ്പികുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വരികള്‍ ....ഈ വരികള്‍ക്ക് നന്ദി ..ആശംസകള്‍ .....

എന്‍റെ പ്രണയം ഇതാ ഇവിടെ.....

http://aadhillasdiary.blogspot.com/2009/07/blog-post_29.html

ഇ.എ.സജിം തട്ടത്തുമല said...

എന്റെ ബ്ലോഗക്കാട്ടിൽ വന്നുപെട്ട് അന്ധാളിച്ച മാഷേ,

ആ കമന്റു വഴി ഇവിടെ എത്താൻ കഴിഞ്ഞതിൽ സന്തോഷം. രണ്ടുവർഷം മുമ്പ് ബ്ലോഗെന്ന ഈ മാധ്യമം കണ്ട അന്ധാളിപ്പിൽ നിന്നുണ്ടായ ഭ്രാന്തുകളിൽ ഒരംശം മാത്രമേ സത്യത്തിൽ താങ്കൾ കണ്ടുള്ളൂ. വിശ്വമാനവികം 1 എന്നതാണെന്റെ പ്രധാന ബ്ലോഗ്. പക്ഷെ പ്രധാ‍ന എഴുത്തൊക്കെ വ്യാജ പേരിൽ വേറെ ബ്ലോഗിലാ.

ഞാൻ സ്കൂൾ മാഷല്ല. സ്കൂൾ മാഷിന്റെ മോനാ.വെറുമൊരു ട്യൂഷൻ മാഷാ ! പത്തിരുപതു കൊല്ലമായി സമീപ പ്രദേശത്തെ കിട്ടികൾക്കും രക്ഷകർത്താക്കൾക്കും നാട്ടാർക്കും, സ്കൂളിനും കോളേജിനും ഒക്കെ വെല്ലുവിളിയായി ജീവിക്കുന്നതു പോലെ അഭിനയിച്ചുപോരുന്നു.

അല്പം സാമൂഹ്യ പ്രവർത്തനങ്ങളും അഭിനയിക്കുന്നുണ്ട്.അതിന്റേതായ കഷടനഷ്ടങ്ങളുമായി കഴിയുന്നു.താങ്കൾ അഭ്യർത്ഥിച്ചപോലെ ഇതങ്ങനെ ലളിതമാകുന്ന ഒന്നല്ല. സംഗതി സീരിയസാ!

സാറിന്റെ ബ്ലോഗും എഴുത്തുകളും ഓടിച്ചു നോക്കി. തൽക്കാ‍ലം കിടിലം എന്നു മാത്രം പറയുന്നു. ഇനി ഇടയ്ക്കിടെ വന്നു മുട്ടും. പക്ഷെ ഇതുപോലെ ചപ്ലാച്ചിയടിക്കില്ല. പേടിക്കേണ്ട.

Mohamed Salahudheen said...

പ്രണയത്തിന്റെ രാഷ്ട്രീയം നന്നായി. വീണ്ടും വരണം. നന്ദി

Mohamed Salahudheen said...

പ്രണയത്തിന്റെ രാഷ്ട്രീയം നന്നായി. വീണ്ടും വരണം. നന്ദി

Sapna Anu B.George said...

ഇവിടെ കണ്ടതിലും, പരിചയപ്പെട്ടതിലും വായിച്ചതിലും സന്തൊഷം

lekshmi. lachu said...

പ്രണയത്തെക്കുറിച്ച് എത്ര പറഞ്ഞാലും,എത്ര ഉപമിചാലും തീരില്ല്യ..
ഇവിടെ പറഞ്ഞു പോയവരെല്ലാം അതൊക്കെ തന്നെയാ പറഞ്ഞെ..ഇനി അതില്‍ കൂടുതല്‍
ഞാന്‍ എന്ത് പറയാനാ മാഷെ,എങ്കിലും...പ്രണയം മനോഹരം..

Unknown said...

ഏതോ പകല്‍ കിനാവില്‍ വാരി പുണര്‍ന്ന കറുത്ത നിഴല്‍ രൂപമായിരുന്നു എനിക്ക് പ്രണയം

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പ്രണയതർക്കത്തിനൊടുവിൽ പ്രണയലഹരിയിലമർന്നല്ലോ.. ആർക്കുമൊഴിഞ്ഞുനിൽക്കാനാവില്ല മാഷേ... തത്വശാസ്ത്രവും ഉപമകളുമെല്ലം തോറ്റുതുന്നം പാടും...

Sidheek Thozhiyoor said...

ലോകത്തിലെ ഉപമകളെല്ലാം കൊഴിഞ്ഞാലും ****
ജീവിതത്തിന്റെ വിത്തുകള്‍ മുളപ്പിക്കാന്‍
ഞങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും...
അത് വേണം മാഷെ , വിത്തുകള്‍ മുളച്ചുകൊണ്ടേയിരുന്നില്ലെന്കില്‍ വറുതികള്‍ നമ്മെ വേട്ടയാടും, പിന്നെ ആകുലതകളും വ്യകുലതകള്മായി ഈ ജന്മം...

(കൊലുസ്) said...

പ്രണയം..!

Aarsha Abhilash said...

ഇഷ്ടമായ ബിംബങ്ങള്‍ക്ക് നന്ദി, ഇഷ്ടമാകാതവയ്ക്ക് വളരെ വളരെ നന്ദി :) ഇനിയും വരുക

ജോയ്‌ പാലക്കല്‍ - Joy Palakkal said...
This comment has been removed by the author.